Saturday, May 31, 2008

ദൈവത്തെ അറിയാന്‍ എന്ന ബ്ളോഗിനുള്ള മറുപടി...

മറന്നു പോയ വഴികള്‍
ദൈവത്തെ അറിയാന്‍ എന്ന ബ്ളോഗിനുള്ള മറുപടി...


http://kapatanmar.blogspot.com/2008/05/blog-post_1024.htmlപ്രിയ സുഹൃത്തേ...,
മനുഷ്യന്‍റെ ഇന്ദ്രിയങ്ങളുടെ പരിമിതി നമുക്കറിയാം..
എന്നാല്‍ പരിമിതമായ ഈ കഴിവിനെ മറികടക്കുന്ന ഒന്ന് പരിണാമം നമുക്ക് നല്‍കിയിട്ടുണ്ട്.
അതാണ് ബുദ്ധി എന്നു പറയുന്നത്.
ഈ ബുദ്ധി പ്രയോജനപ്പെടുത്തി മനുഷ്യന്‍ നിര്‍മ്മിച്ച ഉപകരണങ്ങളിലൂടെ അവള്‍ എല്ലാ കാഴ്ചകളും കണ്ടുകൊണ്ടിരിക്കുന്നു. വൈദ്യുത കാന്തിക തരംഗത്തിലെ എല്ലാ തരംഗദൈര്‍ഘ്യങ്ങളും അവളുടെ കൈപ്പിടിയില്‍ ഒതുങ്ങിക്കഴിഞ്ഞു....
ശബ്ദത്തിന്‍റെ കാര്യവും ഇതു തന്നെ...

ഈഥര്‍ എന്നൊരു സര്‍വ്വവ്യാപിയായ മാധ്യമം ശാസ്ത്രലോകത്ത് ഒരു കാലത്ത് സജീവ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഒരു പരീക്ഷണത്തിനും ഈഥറിനെ കണ്ടെത്താനും ആയില്ല. കാരണം മറ്റൊന്നുമായിരുന്നില്ല. അങ്ങിനെയൊരു മാധ്യമമേ ഇല്ല എന്നതായിരുന്നു !
ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ തെറ്റാണെങ്കില്‍ തിരുത്താന്‍ തയ്യാറാവും...

മതവും വിശ്വാസവും അങ്ങിനെയല്ല. ഞാന്‍ പിടിച്ച മുയലിന് മൂന്നു കൊന്പു വേണം എന്ന് ശാഠ്യം പിടിച്ചു കൊണ്ടിരിക്കും !

എന്തെല്ലാം പരീക്ഷണങ്ങള്‍ നടത്തിയാലും ഈഥറിന്‍റെ സാന്നിദ്ധ്യം തെളിയിക്കാന്‍ സാധ്യമല്ല. അതു തന്നെയാണ് സുഹൃത്തേ ദൈവത്തിന്‍റെ കാര്യത്തിലും...

വിശ്വസിച്ചോളൂ.. പക്ഷേ ആ പാപത്തില്‍ ശാസ്ത്രത്തിന് ഒരു പങ്കുമില്ല...!!!

Thursday, May 29, 2008

ഫീനിക്സിന്‍റെ ശരീരശാസ്ത്രം--- മറ്റ് ഉപകരണങ്ങള്‍

കൈക്കണ്ണ്...Robotic Arm Camera (RAC)

റോബോട്ടിന്‍റെ കൈയ്യില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയാണിത്.
ചൊവ്വാ ഉപരിതലത്തിന്‍റെ വര്‍ണ്ണചിത്രങ്ങള്‍ നല്‍കാന്‍ ഈ ക്യാമറ ഉപകരിക്കും.
കുഴിച്ചെടുക്കുന്ന മണ്ണും ജലവും മഞ്ഞിന്‍റെയുമെല്ലാം ചിത്രങ്ങളും ഇതിലൂടെ ലഭിക്കും.

ത്രിമാനക്കണ്ണ്....
SSI(Surface Sterioscopic Imager)

ഫീനിക്സിന്‍റെ കണ്ണായി പ്രവര്‍ത്തിക്കുന്നത് SSI(Surface Sterioscopic Imager) എന്ന ഉപകരണമാണ്. ത്രിമാനചിത്രങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തിന്‍റെ ഉയര്‍ച്ചതാഴ്ച്ചകള്‍ തിരിച്ചറിയാന്‍ ത്രിമാനചിത്രങ്ങള്‍ സഹായിക്കും.
അന്തരീക്ഷത്തിലെ പൊടിയുടെ അള വ് അറിയാനും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക വേണ്ട വിവരങ്ങള്‍ ശേഖരിക്കാനും ഇതേ ക്യാമറ തന്നെ ഉപയോഗിക്കുന്നു.

ടേഗ.... Thermal and Evolved Gas Analyzer (TEGA)

ഫീനിക്സിന്‍റെ നാക്കും മൂക്കുമെല്ലാം ടേഗ എന്ന ഉപകരണമാണ്. ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓവനും മാസ് സ്പെക്ട്രോമീറ്റര്‍ എന്ന ഉപകരണവും കൂട്ടിയിണക്കിയ ഒന്നാണിത്. ചൊവ്വയിലെ മണ്ണും ജലവും എല്ലാം വിശകലനം നടത്തുന്നത് ടേഗയാണ്. ചെറിയ എട്ട് ഓവനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മണ്ണും മഞ്ഞുമെല്ലാം വളരെ ചെറിയ അളവില്‍ ഓവനില്‍ വച്ച് ചൂടാക്കുന്നു. ഇതില്‍ നിന്നും പുറത്തുവരുന്ന വാതകങ്ങള്‍ മാസ് സ്പെക്ട്രോമീറ്ററ്‍ ഉപയോഗിച്ച് പരിശോധിക്കുന്നു. മണ്ണിന്‍റെയും മഞ്ഞിന്‍റെയും രാസഘടനയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളാണ് ഇതില്‍ നിന്നും ലഭിക്കുക.

മെക്ക... Microscopy, Electrochemistry, and Conductivity Analyzer(MECA)

മറ്റൊരു പരീക്ഷണനിലയമാണിത്. ഒരു രാസ പരീക്ഷണശാല,വിവിധ തരം സൂഷ്മദര്‍ശിനികള്‍,താപ വൈദ്യുത ചാലകത അളക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയാണ് പരീക്ഷണ നിലയത്തിലെ ഉപകരണങ്ങള്‍. ചൊവ്വയിലെ മണ്ണിനെ അല്പം ജലവുമായി കൂട്ടിക്കലര്‍ത്തി അതിന്‍റെ അമ്ളത്വം,ക്ഷാരത്വം,ഘടന തുടങ്ങിയവയെക്കുറിച്ച് പഠിക്കാന്‍ മെക്കക്ക് കഴിയും.സൂഷ്മദര്‍ശിനിയിലൂടെയുള്ള പഠനങ്ങളിലൂടെ അതിന്‍റെ ഉത്ഭവത്തെക്കുറിച്ചും പദാര്‍ത്ഥഘടനയെക്കുറിച്ചും നമുക്ക് അറിവ് ലഭിക്കും.

മാര്‍ഡി...Mars Descent Imager (MARDI)

പേടകത്തിന്‍റെ താഴോട്ടുള്ള ഇറക്കത്തില്‍ പ്രധാന പങ്കുവഹിച്ച ഒരു ഉപകരണമാണിത്.
ചൊവ്വയില്‍ എത്തിച്ചേരുന്നതിന് 5മൈല്‍ ഉയരത്തില്‍ വച്ച് മാര്‍ഡി പ്രവര്‍ത്തനം ആരംഭിച്ചു. ഇറങ്ങുന്ന സ്ഥലത്തിന്‍റെ നിരവധി ചിത്രങ്ങള്‍ മാര്‍ഡി ഈ സമയത്ത് എടുക്കുകയുണ്ടായി.അവസാന നിമിഷം ഇറങ്ങേണ്ട സ്ഥലത്തിന് എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ഈ ചിത്രങ്ങള്‍ ഫീനിക്സിനെ സഹായിക്കും


കാലാവസ്ഥാ കേന്ദ്രം Meteorological Station (MET)

ഫീനിക്സിന്‍റെ കാലാവസ്ഥാ നിരീക്ഷണ നിലയമാണിത്. എല്ലാ സമയത്തേയും കാലാവസ്ഥ ഇതിന്‍റെ നിരീക്ഷണത്തിലായിരിക്കും. താപനില, മര്‍ദ്ദം എന്നിവ അളക്കാനുള്ള ഉപകരണങ്ങള്‍ക്കു പുറമേ Light Detection and Ranging (LIDAR) instrument ഉം പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിക്കാന്‍ MET നെ സഹായിക്കുന്നു.

Wednesday, May 28, 2008

മകരവിളക്കും തന്ത്രിയും പിന്നെ മന്ത്രിയും....!

അങ്ങിനെ അവസാനം അതും നടന്നു. ശബരിമലതട്ടിപ്പുകാര്‍ യുക്തിവാദികള്‍ക്കുമുന്നില്‍ സാഷ്ടാഗം വീണു. മകരവിളക്ക് എന്നത് മനുഷ്യര്‍ തന്നെ കത്തിക്കുന്നതാണ് എന്ന് ദേവസ്വം അംഗങ്ങളും മന്ത്രിയും തന്ത്രിയും എല്ലാം സമ്മതിച്ചു.രണ്ടു ദിവസം കൊണ്ടാണ് എല്ലാവരുടേയും ഈ ഏറ്റു പറച്ചില്‍.

നിരവധി വര്‍ഷങ്ങളായി തുറന്നു പറയാതിരുന്ന ഇക്കാര്യം എങ്ങിനെ പുതിയൊരു സുപ്രഭാതത്തില്‍ പുറത്തു വന്നു..?

അതാണ് വീണേടം വിഷ്ണുലോകം എന്നു പറയുന്നത്.

മകരജ്യോതി കത്തിക്കുന്നിടത്ത് പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുക്തിവാദിസംഘം ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിരുന്നു.
ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ വിധി യുക്തിവാദികള്‍ക്ക് അനുകൂലമായിരിക്കും എന്ന് വ്യക്തമായപ്പോഴാണ് പുതിയ ഏറ്റു പറച്ചിലുകളുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. അടുത്ത മകരവിളക്കിന് ടി.വി. ചാനലുകാരുമായ് പോലീസ് സംരക്ഷയില്‍ ചെന്ന് മകരവിളക്ക് മനുഷ്യര്‍ തന്നെ കത്തിക്കുന്നതാണ് എന്ന് തെളിയുന്പോള്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുവാനുള്ള ഒരു ആസൂത്രിത ശ്രമം മാത്രമാണ് വിവിധ വിശ്വാസ കോണുകളില്‍ നിന്നുള്ള ഈ ഏറ്റു പറച്ചില്‍.മകരവിളക്കും മകരജ്യോതിയും രണ്ടും രണ്ടാണത്രേ... മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണെന്നും മകരജ്യോതി നക്ഷത്രമാണെന്നും ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നു.

ഇപ്പോള്‍ കപടവാദികളുടെ ചോദ്യം ഇതാണ്.. "വെറും വിശ്വാസത്തിന്‍റെ ഭാഗമായ ഈ ആരതിയുഴിയലിനെ എന്തിനാണ് ചോദ്യം ചെയ്യുന്നത് എന്ന്?.." !

Tuesday, May 27, 2008

ഫീനിക്സിന്‍റെ ശരീരശാസ്ത്രം....യന്ത്റക്കൈ...

ഫീനിക്സിന്‍റെ യന്ത്റക്കൈ...(റോബോട്ടിക് കൈ Robotic Arm)

ജീവന്‍റെ അന്വേഷണങ്ങള്‍ തേടി മണ്ണില്‍ കളിച്ചു തുടങ്ങുകയാണ് ഫീനിക്സ് ... തന്‍റെ യന്ത്രക്കൈ പ്രയോജനപ്പെടുത്തിയാണ് പര്യവേഷണങ്ങള്‍.
മണ്ണില്‍ കുഴിക്കാനും പാറ തുരക്കാനും മണ്ണിനടിയില്‍ ഒളിച്ചുകിടക്കുന്ന ഐസില്‍ പരതാനും എല്ലാം ഫീനിക്സിന് തന്‍റെ ഈ ഒറ്റക്കൈ മതി. മണ്ണിന്‍റെ രാസഘടയും ഭൌമഘടനയും(ചൊവ്വാഘടന!) എല്ലാം പരിശോധിക്കാന്‍ റോബോട്ടിക് കൈ ഫീനിക്സിനെ സഹായിക്കുന്നു. നാലു തരത്തില്‍ ചലിക്കാന്‍ റോബോട്ടിക് കൈക്ക് സാധിക്കും.

  1. മുകളിലേക്കും താഴേക്കും
  2. ഇരു വശങ്ങളിലേക്കും
  3. മുന്‍പോട്ടും പുറകോട്ടും
  4. പിന്നെ നിന്ന നില്‍പ്പില്‍ തന്നെ കൈ 360 ഡിഗ്രി തിരിക്കാനും...

2.35 മീറ്റര്‍ നീളമുണ്ട് റോബോട്ടിക് കൈക്ക്. ഏതാണ്ട് പകുതിക്ക് വച്ച് ഒരു മടക്കും റോബോട്ടിക് കൈക്കുണ്ട്. മനുഷ്യരുടെ കൈ അതേ പതി അനുകരിച്ചിരിക്കുകയാണ് ഈ മടക്കുകള്‍.
മനുഷ്യരുടെ കൈക്കില്ലാത്ത ഒരു പ്രത്യേകത കൂടി ഈ കൈക്കുണ്ട്. ഒരു കണ്ണു കൂടിയുണ്ട് ഈ കൈയ്യില്‍. Robotic Arm Camera (RAC) എന്നു പേരുള്ള ഈ ക്യാമറ കൈയ്യുടെ ഏതാണ്ട് അറ്റത്തായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. Surface Stereo Imager (SSI) എന്ന പ്രധാന ക്യാമറക്ക് പുറമെയാണ് ഈ കൈക്കണ്ണ്. ഏതാണ്ട് 50cm (0.5 മീറ്റര്‍) ആഴത്തില്‍ തുരന്ന് പഠനം നടത്താന്‍ റോബോട്ടിക് കൈക്ക് കഴിയും. ഇത്രയും താഴെ ഐസ് കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. നമുക്കും പ്രതീക്ഷിക്കാം അല്ലേ?.

Monday, May 26, 2008

ഒരു ഫീനിക്സ് സ്വപ്നം..

ചൊവ്വയുടെ സ്വപ്നങ്ങളിലേക്ക് മറ്റൊരു എത്തിനോട്ടത്തിന് നാം വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നു. ഭൂമിക്ക് പുറത്ത് ജീവനെ തേടിയുള്ള യാത്ര തുടങ്ങിയിട്ട് നാളേറെയായി.മനുഷ്യപുരോഗതിയുടെ ചരിത്രത്തോളം പഴക്കമുണ്ട് ഈ അന്വേഷണങ്ങള്‍ക്ക്. സ്പിരിട്ടും ഓപ്പര്‍ച്യുണിറ്റിയും തന്ന ശുഭാപ്തിവിശ്വാസം ബഹിരാകാശ ഏജന്‍സിയായ നാസയെ ഫീനിക്സ് എന്ന പുതിയ ഉദ്യമത്തിലേക്ക് എത്തിക്കുകയായിരുന്നു.

2008 മേയ് 25 ന് (4:53:44 p.m. Pacific Time) ഫീനിക്സ് എന്ന അന്വേഷണ വാഹനം ചൊവ്വയുടെ ഉത്തരധ്രുവ്വത്തില്‍ സുരക്ഷിതമായി ഇറങ്ങി. അടുത്ത 3 മാസക്കാലം ഫീനിക്സ് ചൊവ്വയില്‍ ജലത്തിനും ജീവനും വേണ്ടിയുള്ള അന്വേഷണത്തിലായിരിക്കും. ഫീനിക്സ് ചൊവ്വയിലിറങ്ങി 15 മിനിട്ടുകള്‍ക്ക് ശേഷമാണ് ആദ്യ റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്തിയത്. ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം കാരണമാണ് ഈ സമയ വ്യത്യാസം.