Monday, June 30, 2008

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന പ്രാര്‍ത്ഥനകള്‍(?)

"പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തന്മാരെപ്പോലെ ആകരുത്. മനുഷ്യര്‍ കാണത്തക്കവിധം സുനഗോഗുകളിലും തെരുവുമൂലകളിലും നിന്ന് പ്രാര്‍ത്ഥിക്കാനാണ് അവര്‍ക്കിഷ്ടം. സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു. അവര്‍ക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു. മറിച്ച് , നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ ഉള്ളറയില്‍ കയറി വാതിലടച്ച്, അവിടെ അദൃശ്യനായി വസിക്കുന്ന നിന്‍റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക.രഹസ്യമായി കാണുന്ന നിന്‍റെ പിതാവ് നിനക്ക് പ്രതിഫലം തരും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ അര്‍ത്ഥമില്ലാത്ത ധാരാളം വാക്കുകള്‍ ഉരുവിടരുത്. അതിഭാഷണം കൊണ്ട് തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്ന് അവന്‍ കരുതുന്നു "
(മത്തായി ൬:5-6,7)
ഇതേ ആശയങ്ങള്‍ തന്നെ ഗീതയിലും ഖുര്‍-ആനിലും ഉണ്ട് .

പക്ഷേ......

ഇതെല്ലാം ആരു കേള്‍ക്കാന്‍ ? ശബ്ദമലിനീകരണം ഉണ്ടാക്കുന്ന പ്രാര്‍ത്ഥനകള്‍ ... കൂട്ടത്തോടെ അതും വലിയ ലൌഡ് സ്പീക്കറുകളും കോളാമ്പികളും വച്ച്...
പ്രാര്‍ത്ഥന ഇപ്പോള്‍ പ്രാര്‍ത്ഥനയല്ല..
മറിച്ച് മറ്റെന്തെക്കയോ പ്രചരിപ്പിക്കാനുള്ള ഉപാധി മാത്രം..
മതം എന്നത് സ്വന്തം ആവശ്യാനുസരണം ഉപയോഗിക്കാന്‍ അവര്‍ ശീലിച്ചിരിക്കുന്നു.

എല്ലാം ഒറ്റ വാചകത്തില്‍ ചുരുക്കാം

"സ്വന്തം വിശ്വാസം തനിക്കെതിരേ തിരിയുന്നവരേക്കും അതിലെ തെറ്റ് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയില്ല.
അതിനു മുന്‍പേ അത് തിരിച്ചറിയുന്നവര്‍ കപടവിശ്വാസികളായി മുദ്രകുത്തപ്പെടുന്നു... "

ഇനി നിങ്ങള്‍ക്കും പറയാം നിങ്ങളുടെ വിശ്വാസങ്ങളിലെ തെറ്റ് ആരാണ് തിരിച്ചറിയേണ്ടത്?..

Friday, June 27, 2008

ആരെയാണ് ചികിത്സിക്കേണ്ടത്?

"ചികിത്സ കിട്ടേണ്ടത് ആവശ്യമുള്ള സമയത്താണ്. അല്ലാതെ പണത്തിന്‍റെ സമയത്തല്ല."

നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇന്നത്തെ ചികിത്സാരംഗം. ആതുരസേവനരംഗം എന്ന പേരിന് ഇവിടത്തെ കച്ചവട സ്ഥാപനങ്ങള്‍ അര്‍ഹരാണോ?
ഭൂരിഭാഗം സ്വകാര്യആശുപത്രികളും കച്ചവടത്തിനപ്പുറത്തേക്ക് ചികിത്സയെ കണക്കാക്കുന്നില്ല എന്നതാണ് സത്യം.
അപകടങ്ങളിലും മറ്റും പെടുന്നവരെ ചികിത്സിക്കുന്നത് പണം നോക്കിട്ടാവരുത്.
അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് പ്രഥമശുശ്രൂഷ മാത്രമാണ് ലഭിക്കുക.
എന്നാല്‍ അതിന് ശേഷം ശസ്ത്രക്രിയ പോലുള്ള ആവശ്യങ്ങള്‍ നേരിട്ടാല്‍ ബന്ധുക്കള്‍ എത്തി പണം ലഭിച്ചതിനു ശേഷം മാത്രമാണ് ആശുപത്രി അധികൃതര്‍ അതിനൊരുങ്ങുന്നത്.
അതു വരെ രോഗിയുടെ കാര്യം...?
ശസ്ത്രക്രിയ അടിയന്തര ആവശ്യമാണെങ്കിലും പണത്തിനാണ് അധികൃതര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. രോഗിയുടെ ജീവനുമായി പണത്തിനു വേണ്ടി പകിട കളിക്കുകയാണ് നമ്മുടെ ഭൂരിഭാഗം ആശുപത്രികളും.
രോഗിയുടെ നിലയറിഞ്ഞ് ഓടിയെത്തുന്ന ബന്ധുക്കളുടെ പ്രധാന ജോലി പണമുണ്ടാക്കാനായി ഓടി നടക്കലാണ്. പണവുമായി എത്തുന്നതു വരെ വേദനയും സഹിച്ച് രോഗി casuality ല്‍ കിടക്കുക തന്നെ.
പണം എത്തുന്നതിനു മുന്‍പ് ശുപാര്‍ശയുമായി ഓടിയെത്താന്‍ ആളുണ്ടെങ്കില്‍ ചിലപ്പോള്‍ രോഗി രക്ഷപ്പെട്ടേക്കാം.
എക്സ് റേ, സ്കാനിംഗ് തുടങ്ങിയ ഒന്നും അതിനു മുന്‍പ് നടത്തില്ല എന്ന അവസ്ഥയാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്.


നമ്മുടെ മുന്‍പില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്.
൧. എന്തിനാണ് ആശുപത്രികള്‍?
൨. അവശ്യമായ ചികിത്സ അടിയന്തരമായി എന്തു കൊണ്ട് നടത്തുന്നില്ല? പണം പിന്നീട് ഈടാക്കിയാല്‍ പോരേ?
൩. ഇതിന്‍റെ നിയമവശങ്ങള്‍ ആര്‍ക്കാണ് അനുകൂലം?


ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നമുക്ക് മറ്റൊരു വഴി സ്വീകരിച്ചുകൂടേ..?

ജനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ കാര്യങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം.
സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുക എന്നതാണ് ചെയ്യേണ്ടത്. സ്വകാര്യ ആശുപത്രികളില്‍ ഉള്ള സൌകര്യങ്ങള്‍ എല്ലാം തന്നെ സര്‍ക്കാര്‍ ആശുപത്രികളിലും കൊണ്ടു വരണം.
എല്ലാത്തരം ആധുനിക ഉപകരണങ്ങളും താലൂക്കുകള്‍ തോറും എങ്കിലും ഏര്‍പ്പെടുത്തുക.
ആംബുലന്‍സ് സൌകര്യങ്ങള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഏര്‍പ്പെടുത്തുക.
24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പു വരുത്തുക.

സ്വപ്നം കണാന്‍ ആര്‍ക്കും പറ്റും.
പ്രാവര്‍ത്തികമാക്കാനാണ് ബുദ്ധിമുട്ട്. അറിയാം.
പക്ഷേ പല രാജ്യങ്ങളും ഈ സ്വപ്നം പ്രാവര്‍ത്തിമാക്കിയിട്ടുണ്ട്.
എങ്ങനെ ?
നമ്മുടെ രാജ്യത്തെ നികുതി സമ്പ്രദായം കാര്യക്ഷമമാക്കിയാല്‍ ഇതും ഇതിനപ്പുറവും നമുക്ക് സാധിക്കാവുന്നതേ ഉള്ളൂ.
വരുമാനത്തിന്‍റെ 30 ശതമാനമെങ്കിലും നികുതിയായി സര്‍ക്കാരിന് ഈടാക്കാവുന്നതാണ്.
മാസം നിശ്ചിത തുകയില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ നിന്നും മാത്രം ഈ നികുതി ഈടാക്കിയാല്‍ പോലും ഇക്കാര്യം നടപ്പാക്കാവുന്നതേ ഉള്ളൂ.
ജനങ്ങള്‍ക്ക് പണം ചിലവാക്കേണ്ടി വരുന്ന പ്രധാന മേഖലയാണ് ആരോഗ്യം. ആരോഗ്യം എന്നത് ഒരു വ്യക്തിയുടെ മാത്രം അവകാശമല്ല. മറിച്ച് ഏല്ലാ വ്യക്തികളും ആരോഗ്യത്തോടെ ഇരിക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യമാണ്.
പലപ്പോഴും കുടുംബങ്ങള്‍ സാമ്പത്തികമായി തകരുന്നത് ഇത്തരം ആശുപത്രി ആവശ്യങ്ങള്‍ വരുമ്പോഴാണ്.
ഒരാള്‍ക്ക് സംഭവിക്കുന്ന അപകടം ഒരു കുടുംബത്തിന്‍റെ മുഴുവന്‍ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നത് സാധാരണം മാത്രമാണ്.
ഇത്തരം ആവശ്യങ്ങള്‍ വന്നുപെടാതിരുന്നാല്‍ സാധാരണ പൌരര്‍ക്ക് തങ്ങളുടെ വരുമാനത്തിനനുസരിച്ച് ചിലവിനെ ക്രമീകരിക്കാനും സാധിക്കും.
ഒരു സമൂഹത്തിന്‍റെ മുഴുവന്‍ സുരക്ഷിത ബോധമാണ് ചികിത്സ മുഴുവന്‍ സര്‍ക്കാര്‍(അതായത് സമൂഹം തന്നെ) ഏറ്റെടുത്താല്‍ നടക്കുന്നത്.
അപകടങ്ങളും രോഗങ്ങളും സമൂഹത്തെ നിലനില്‍പ്പിനെ ബാധിക്കാതിരിക്കാന്‍ ഇത്തരം ഒരു സംവിധാനം ആവശ്യമാണ്.

നികുതി തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്കായി ഈടാക്കേണ്ടത്. അതിന്‍റെ കാര്യക്ഷമമായ ഉപയോഗം സമൂഹത്തിന്‍റെ തന്നെ നിരീക്ഷണത്തില്‍ ഉത്തരവാദിത്വത്തില്‍ നടക്കേണ്ടതാണ്.

ഇനി പറയൂ ആരെയാണ് ചികിത്സിക്കേണ്ടത്?
സോഫ്റ്റവെയര്‍ വിപ്ളവം എങ്ങിനെയായിരിക്കണം?

സോഫ്റ്റവെയര്‍ വിപ്ളവം എങ്ങിനെയായിരിക്കണം?

സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രചരണത്തിനായി നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും?
വെറും ഉപയോഗംമാത്രം മതിയോ? വിന്‍ഡോസില്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഗ്നു ലിനക്സില്‍ ചെയ്യാന്‍ കഴിയുമോ?
കുറച്ച് സോഫ്റ്റ്വെയറുകള്‍ പരിമിതമാണ് എന്നു പറഞ്ഞ് നാം മാറി നില്‍ക്കണോ?

ഇത്തരം നിരവധി ചോദ്യങ്ങളാണ് നമുക്കു മുന്‍പില്‍ വരുന്നത്.

മൂന്നു തരത്തിലുള്ള സോഫ്റ്റ് വെയര്‍ ഉപയോക്താക്കളാണ് ഇന്നുള്ളത്.

൧. എല്ലാത്തിനും വിന്‍ഡോസ് /പ്രൊപ്പറൈറ്ററി സോഫ്റ്റ്വെയര്‍ ഉപയോഗിക്കിച്ച് എല്ലാം ചെയ്തു എന്ന് അഭിമാനിക്കുകയും സ്വാതന്തര്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്നവര്‍

൨. എല്ലാ പ്രവര്‍ത്തികള്‍ക്കും ലിനക്സ് ഉപയോഗിക്കുന്നവര്‍. സമയം അല്പം കൂടുതല്‍ പോയാലും വേണ്ടില്ല സ്വാതന്ത്ര്യം തന്നെയാണ് വലുത് എന്നു കരുതുന്നവരാണിവര്‍

൩. സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ച് 2 വിഭാഗവും മാറിമാറി ഉപയോഗിക്കുന്നവര്‍. ഇടക്കിടക്ക് മാത്രം സ്വാതന്ത്ര്യം മതി എന്നു കരുതുന്നവരാണിവര്‍


നാം എവിടെ നില്‍ക്കണം? ആരുടെ കൂടെ നില്‍ക്കണം?
ചിന്തിക്കുന്നതിനു മുന്‍പ് ഇതു കൂടി വായിക്കൂ..

കേരളത്തില്‍ എത്രയോ ഡി.ടി.പി. സ്ഥാപനങ്ങള്‍ ഉണ്ട്. അവിടെയെല്ലാം ഉപയോഗിക്കുന്നത് പേജ്മേക്കര്‍ ആയിരിക്കാം.
എത്ര രൂപ എല്ലാവരും കൂടി അതിനായി ചിലവഴിക്കേണ്ടി വരും?
ഒന്നു കണക്കാക്കിനോക്കുക.
ഈ പണത്തിന്‍റെ ഒരു ചെറിയ ഭാഗം ചിലവഴിച്ചാല്‍ സോഫ്റ്റ്വെയര്‍ വിദഗ്ദരെക്കൊണ്ട് സ്കൈറബസ് എന്ന സോഫ്റ്റ്വെയറിനെ പേജ്മേക്കറിനൊപ്പമോ അതിനേക്കാളുനമേറെയോ മികച്ചതാക്കാന്‍ പറ്റും
എന്തു കൊണ്ട് നാം അങ്ങിനെ ചിന്തിക്കുന്നില്ല?
പേജ്മേക്കറില്‍ ഇല്ലാത്ത എത്രയോ സൌകര്യങ്ങള്‍ അധികമായി നമുക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കും.
പേജ്മേക്കര്‍ അല്ലെങ്കില്‍ പുതിയതായി വരുന്ന ഇന്‍ഡിസൈന്‍ എന്ന സോഫ്റ്റ്വെയറുകള്‍ പ്രൊഫഷണല്‍ ആണ് എന്നാണ് മിക്കവരുടേയും വാദം.

എന്താണ് നമ്മുടെ ആവശ്യം?
നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സോഫ്റ്റ്വെയര്‍ രൂപപ്പെടുത്തി തരാന്‍ അവര്‍ തയ്യാറാവുമോ?
എന്നാല്‍ നാം ആവശ്യപ്പെടുന്ന തരത്തില്‍ സ്കൈറബസ്സിനെ മാറ്റാന്‍ വിദഗ്ദര്‍ക്ക് സാധിക്കും
മലയാളവും മറ്റ് ഭാഷകളും കൂടുതല്‍ നന്നായി ഗ്നു/ലിനക്സിലാകും പ്രവര്‍ത്തിക്കുന്നത്.
നമുക്കിഷ്ടമുള്ള ഫോണ്ടുകളും മറ്റും നമുക്ക് രൂപപ്പെടുത്താനും സാധിക്കും.
കേരളത്തില്‍ പേജ്മേക്കര്‍ കാശു കൊടുത്ത് വാങ്ങുന്ന എല്ലാ DTP ഉപഭോക്താക്കളും സഹായിക്കാന്‍ തയ്യാറായാല്‍
ലോകത്തെ മറ്റേത് പ്രോപ്പറൈറ്ററി സോഫ്റ്റ്വെയറിനേയും വെല്ലുന്ന തരത്തില്‍ DTP സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കാന്‍ കേരളത്തിലെ സോഫ്റ്റ്വെയര്‍ വിദഗ്ദര്‍ക്കാവും
ലോകമെമ്പാടുമുള്ള സോഫ്റ്റ്വെയര്‍ വിദഗ്ദരും ഈ പ്രൊജക്റ്റില്‍ പങ്കാളികളാവുകയും ചെയ്യും

ഇതേ നിലപാടാണ് മറ്റ് സോഫ്റ്റ്വെയറുകളുടെ കാര്യത്തിലും നാം സ്വീകരിക്കേണ്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്.
പ്രൊഫഷണല്‍ ഓഡിയോ സ്റ്റുഡിയോകളില്‍ നിലവില്‍ ഉപയോഗിക്കുന്നത് ഒഡിഷന്‍ എന്ന സോഫ്റ്റ്വെയര്‍ ആണ്.
ലിനക്സില്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി ഒഡാസിറ്റി എന്ന സോഫ്റ്റ്വെയറും. ഒഡാസിറ്റി എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ ഇപ്പോള്‍ പ്രാപ്തമല്ല എന്നത് സത്യം തന്നെ.
എന്നാല്‍ പേജ്മേക്കറിന്‍റെ കാര്യത്തില്‍ കാണിച്ച അതേ നിലപാട് ഇവിടെയും എടുത്താലോ?
നിലവില്‍ ഒഡിഷനായി ചിലവഴിക്കേണ്ട തുകയുടെ വളരെക്കുറച്ചു മാത്രം മതിയാകും !!
ഇന്ത്യയില്‍ തന്നെ ഒഡീഷന്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഉണ്ട്. അവരെ ഒരുമിപ്പിക്കാനും പുതിയൊരു മാറ്റത്തിനായി പ്രവര്‍ത്തിക്കാനും സജ്ജരാക്കുകയാണ് വേണ്ടത്.

അതു തന്നെയായിരിക്കും യഥാര്‍ത്ഥ സോഫ്റ്റവെയര്‍ വിപ്ളവം.

Thursday, June 26, 2008

മലയാളം ചാറ്റ് ഗൂഗിളില്‍

ഗൂഗിളില്‍ മലയാളം ചാറ്റിന് പുതിയ പരിപാടി.
ആരാണ് ഇത് ചെയ്തത് എന്നറിയില്ല.
എന്താാലും ഞാനും ചെയ്ത് നോക്കി.
കൊള്ളാം..
പക്ഷേ ഇപ്പോള്‍ ഒരു സംശയം
നമ്മള്‍ ചാറ്റ് ചെയ്യുന്നതെല്ലാം മറ്റാരോ അറിയ്ല്ലേ എന്ന്...
ആരാണാവോ പുതിയ പരിപാടിയുടെ പുറകില്‍?

വിശേഷങ്ങള്‍ ഈ വിലാസത്തില്‍ കാണാം...
http://cheruvaka.blogspot.com/2008/06/blog-post_25.html

സിബുവിന്‍ടെ ബ്ളോഗില്‍ നിന്നുമാണ് ഈ സൂത്രം കിട്ടിയത്.
എന്തായാലും കൊള്ളാം പരിപാടി...

സ്വകാര്യത എത്രമാത്രം ഈ പരിപാടി കാത്തു സൂക്ഷിക്കും എന്ന കണ്ടറിയാം !!

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ പങ്കു വയ്ക്കുമല്ലോ.
സിബുവിന്‍ടെ ബ്ളോഗില്‍ തന്നെ ചര്‍ച്ച തുടരാം....

Tuesday, June 24, 2008

ഏഴാം ക്ളാസ് പാഠപുസ്തകം കണ്ടതും കേട്ടതും

കിഴക്കുനോക്കിയന്ത്രത്തിന് ചില സംശയങ്ങളും ചിന്തകളും...


൧. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാം എന്നു പറയുന്നതാണോ കൃസ്റ്റ്യന്‍ കുട്ടികള്‍ കൃസ്റ്റ്യന്‍ സ്കൂളുകളില്‍ മാത്രം പഠിക്കണം എന്ന് ആഹ്വാനം ചെയ്യുന്നതാണോ മതനിരപേക്ഷത?

൨. സ്വന്തം സ്കൂളുകളില്‍ ഞങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ പഠിപ്പിക്കും എന്ന് പറഞ്ഞ് പുതിയ അദ്ധ്യാപന പരിശീലനം..
സര്‍ക്കാര്‍ ശമ്പളമാണ് വാങ്ങുന്നതെങ്കിലും നിയമിച്ചത് മാനേജരായിപ്പോയില്ലേ... മാനേജര്‍ പറയുന്നതേ ഇനി പഠിപ്പിക്കാവൂ.
പാഠപുസ്തകങ്ങള്‍ ഒഴിവാക്കി ഇനി ബൈബിളും ഖുറാനും ഗീതയും പഠിപ്പിക്കുമായിരിക്കും...൩. ഏഴാം ക്ളാസിലെ പാഠപുസ്തകം വായിച്ച സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും ഒന്നും അസ്വഭാവികമായി ഒന്നും തോന്നിയില്ല.
ഏഷ്യാനെറ്റുകാരുടെ കണ്ടതും കേട്ടതും സത്യം പറഞ്ഞു.
കുട്ടികളുടെ മാനസികനിലവാരത്തിന്‍റെ ഏഴ് അയലത്ത് നില്‍ക്കാന്‍ പാഠപുസ്തകത്തെ എതിര്‍ക്കുന്നവര്‍ക്ക് കഴിഞ്ഞില്ല.
കുട്ടികള്‍ കാണുകയും കേള്‍ക്കുകയും മാത്രമല്ല, ചിന്തിക്കുകയും പറയുകയും ചെയ്തു. അവര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാലേ ഇനി വിവാദം നിലക്കൂ എന്നു തോന്നുന്നു.൪. വിമോചനസമരത്തിലൂടെ 10000 കോടി രൂപ കൈക്കൂലി വാങ്ങാന്‍ അവകാശം നേടിയെടുത്തവര്‍ ഏഴാം ക്ളാസിലൂടെ വീണ്ടും ഒരുമിക്കുന്നു.
അവരോട് ഒരു അഭ്യര്‍ത്ഥന ഇപ്പോഴെങ്കിലും
നിങ്ങള്‍ ഏഴാം ക്ളാസ് പാസ്സാവണം കേട്ടോ!!


൫. കോണ്‍ഗ്രസ്സുകാര്‍ മികച്ച ഒരു ദേശീയ പാര്‍ട്ടിതന്നെ സംശയമില്ല.
പക്ഷേ കേരളത്തില്‍ അവരിപ്പോള്‍ സഭ തയ്യാറാക്കിയ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്.
പക്ഷേ അവര്‍ ഒരു കാര്യം ശ്രദ്ധിച്ചില്ല. ഈ കലക്കവെള്ളത്തില്‍ മീനില്ല എന്ന്!!

Friday, June 20, 2008

പാട്ടുപെട്ടി... വിന്‍ഡോസിലും ലിനക്സിലും...

പാട്ടുപെട്ടി... വിന്‍ഡോസിലും ലിനക്സിലും...

ഒരു കൌതുകത്തിന് ചെയ്തു എന്ന് മാത്രം.

എന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് 98% വും ലിനക്സില്‍ ആണ്.(
ഫെഡോറ 8).
ലിനക്സില്‍ നിന്നും
വൈന്‍ ( ലിനക്സില്‍ നിന്ന് വിന്‍ഡോസ് സോഫ്റ്റ്വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാം)ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം വിന്‍ആംപ് (Winamp) പ്രവര്‍ത്തിപ്പിച്ച് നോക്കിയതാണ്. അപ്പോഴാണ് ഒരു കൌതുകം തോന്നിയത് ലിനക്സിലെ പാട്ടു പെട്ടി ആയ

എക്സ്. എം എം. എസ് (XMMS) കൂടി എടുത്തു നോക്കാമെന്ന്.
രണ്ടും ഒരുമിച്ച് പാടുകയും ചെയ്തു.
ഒരു താരതമ്യത്തിന് അടുത്തു നിര്‍ത്തി ഫോട്ടോ എടുക്കുകയും(ScreenPrint) ചെയ്തു.
പിന്നെ ജിംപില്‍ (Photoshop പ്പിനു പകരം ഉള്ള ലിനക്സ് സോഫ്റ്റ്വെയര്‍) ഇട്ട് ഒന്നു പെരുമാറി ഇത്തരത്തില്‍ ആക്കി...

ഒരു കാര്യം ഉറപ്പ് വിന്‍ഡോസില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ എളുപ്പമായി ലിനക്സില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും..

എല്ലാവര്‍ക്കും ഒരു തോന്നലുണ്ട് വിന്‍ഡോസില്‍ കിട്ടുന്ന എല്ലാ സോഫ്റ്റ്വെയറിനും പകരം ലിനക്സില്‍ സോഫ്റ്റവെയറുകള്‍ ഇല്ല എന്ന്.
അത് ഒന്നു തിരുത്താന്‍ കൂടി ഈ അവസരം വിനിയോഗിക്കുന്നു.
ഈ ലിങ്ക് ഒന്നു നോക്കണേ....
ലിനക്സ് X വിന്‍ഡോസ്

വിന്‍ഡോസില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളുടെ ബദലുകളാണ് ഈ സൈറ്റ് നിറയെ..
തീര്‍ച്ചയായും ലിനക്സിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ആശ്വാസം തോന്നാനെങ്കിലും ഇത് ഉപകരിക്കും..
എന്തു പറയുന്നു..?
ലിനക്സിലേക്കു മാറുന്നോ?

Thursday, June 19, 2008

അനാഥരെ സനാഥരാക്കാനുള്ള തന്‍റേടമെങ്കിലും കാണിക്കൂ...

ഇന്നലത്തെ മാതൃഭൂമിയിലെ വാര്‍ത്ത നോക്കൂ..

കൂടുതല്‍ മക്കള്‍ക്ക്‌ ജന്മം നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കത്തോലിക്ക മെത്രാന്‍ സമിതി തയ്യാറാക്കുന്ന കര്‍മപദ്ധതിക്ക്‌ പ്രാഥമിക രൂപരേഖയായി.


കൊള്ളാം.. ഭൂമിയുടെ സന്തുലനാവസ്ഥ അല്ലെങ്കില്‍ തന്നെ പ്രശ്നമായിക്കൊണ്ടിരിക്കുകയായിരുന്നു.
ഇപ്പോഴിതാ കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കണമെന്ന ആഹ്വാനവും.
ഭാരതത്തിന്‍റെ ജനസംഖ്യാനിയന്ത്രണ നയങ്ങള്‍ക്ക് എതിരാണ് ഈ ആഹ്വാനം.


ഇതൊരു നിസ്സാര കാര്യമല്ല.
ലോക ജനസംഖ്യ ഇപ്പോള്‍ ൬674,746,215 ആണ്.
667 കോടി..!!
നമ്മുടെ ഭൂമി ഇത് താങ്ങില്ല ..

ഇതില്‍ 114 കോടി ഭാരതത്തിലും..!!
ലോകത്തെ ആറു പേരില്‍ ഒരാള്‍ ഇന്ത്യാക്കാരി/ഇന്ത്യാക്കാരന്‍ ആണെന്ന് ചുരുക്കം!!
ഭാരതത്തേക്കാള്‍ 3 ഇരട്ടി വലിപ്പമുള്ള അമേരിക്കയിലെ ജനസംഖ്യ 30 കോടി മാത്രമാണെന്ന് ഓര്‍ത്താല്‍ നന്ന്.
(കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ സന്ദര്‍ശിക്കുക)
(െഞട്ടിപ്പിക്കുന്ന വിവരങ്ങള്‍ക്കായി ഇതും നോക്കാം)
(ഇതും..)


"നാം ഒന്ന് നമുക്കൊന്ന് അതാണ് ഇനി വേണ്ടത്."

അല്ലെങ്കില്‍ നാം ഒന്ന് നമുക്ക് കുട്ടികള്‍ വേണ്ട എന്നെങ്കിലും തീരുമാനിക്കേണ്ടിയിരിക്കുന്നു.

എത്രയോ കുട്ടികള്‍ അനാഥാലയങ്ങളില്‍ വളരുന്നു.
അവരില്‍ ഒരാളെ വീതം ദത്തെടുക്കൂ...
കഴിവുള്ളവരോട് അങ്ങിനെ ചെയ്യാന്‍ പറയൂ...
കുഞ്ഞാടുകളോട് അങ്ങിനെയാണ് ആഹ്വാനം ചെയ്തിരുന്നതെങ്കില്‍ എത്ര ഭേദം..!
എന്നാല്‍ ഇതിപ്പോള്‍ ഭൂമിയെ നശിപ്പിക്കാന്‍ തന്നെ ഇറങ്ങിയ പോലെ ആയി....
അനാഥരെ സനാഥരാക്കാനുള്ള തന്‍റേടമെങ്കിലും കാണിക്കൂ...


Wednesday, June 18, 2008

കൈക്കൂലി വാങ്ങാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി...?

എയ്ഡഡ് കോളജ് നിയമന നിരോധനം പിന്‍വലിച്ചു..
എയിഡഡ് കോളേജ് മാനേജ്മെന്‍റുകള്‍ക്ക് ചാകര....

പുതിയ മന്ത്രി സഭാ തീരുമാനം ഉന്നതാധികാര സമിതിയുടെ തീരുമാനപ്രകാരം 642 തസ്തികകളില്‍, കോടതി വിധിപ്രകാരം നിയമനം നടത്തിയ 200 തസ്തിക ഒഴികെയുള്ളതില്‍, നിയമനം നടത്തും എന്നാണ് പുതിയ തീരുമാനം 442 തസ്തികകള്‍ !

അപ്പോള്‍ എത്ര ഒഴിവുകള്‍? കൃത്യമായ കണക്ക് സര്‍ക്കാര്‍ പുറത്തു വിടണം
ഹയര്‍സെക്കന്‍ററി സ്കൂള്‍ അദ്ധ്യാപകനിയമനത്തിനു പോലും 14 ലക്ഷത്തിലധികം കോഴ വാങ്ങുന്ന മാനേജ്മെന്‍റുകള്‍ കോളേജ് അദ്ധ്യാപകനിയമനത്തിന് എത്ര വാങ്ങും?
20ഓ 25ഓ ഇനി അതില്‍ കൂടുതലോ?
കോളേജുകളില്‍ അദ്ധ്യാപകര്‍ വേണ്ടെന്നൊന്നും ആരും പറയുന്നില്ല. പക്ഷേ നിയമനങ്ങള്‍ ഇനിയെങ്കിലും മാനേജ്മെന്‍റില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുക്കണം.
പി.എസ്.സി. വഴി സര്‍ക്കാര്‍ നിയമനം നടത്തട്ടെ..

1000 കോടി രൂപയില്‍ കുറയാത്ത കൈക്കൂലിക്കുള്ള സാധ്യതയാണ് എയിഡഡ് കോളേജുകള്‍ക്ക് തുറന്നു കിട്ടിയിരിക്കുന്നത്.
ഒരു കേരള പൌരനുമേല്‍ 333 രൂപയുടെ അഴിമതിയുടെ കറപുരളാന്‍ പോകുന്നു...
ഇവര്‍ക്കുള്ള ശന്പളവും ജനങ്ങള്‍ തന്നെയല്ലേ കൊടുക്കേണ്ടത്?
മാനേജര്‍ കൈക്കൂലിവാങ്ങി നിയമിക്കുന്നവര്‍ക്ക് ശന്പളം കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാവുക..!!
നാം കൊടുക്കുന്ന നികുതിയാണ് ഈ ശന്പളമായി മാറേണ്ടത്.
എന്നിട്ടും നാമിതു സഹിക്കണോ?
ജനം ഇനിയും വൈകരുത്..
ആരും പ്രതികരിക്കുന്നില്ലാത്തതാണ് നമ്മുടെ പ്രശ്നം. ഏതു സര്‍ക്കാരും ജനങ്ങളുടെ കൂടെയേ നില്‍ക്കൂ..
പക്ഷേ ജനങ്ങള്‍ പ്രതികരിക്കുന്നവരായിരിക്കണം..

Friday, June 13, 2008

എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം

എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം


1956 മുതല്‍ തുടരുന്ന അഴിമതിയാണ് എയിഡഡ് സ്കൂള്‍ നിയമനം. ഇതു വരെ ഈ സാമൂഹിക തിന്‍മയെ പറിച്ചെറിയാന്‍ നമുക്കാര്‍ക്കും കഴിഞ്ഞിട്ടില്ല.
എത്രയോ സര്‍ക്കാരുകള്‍ വന്നു പോയി. നിയമനങ്ങള്‍ പി. എസ് . സി. ക്ക് വിടാന്‍ ശ്രമിച്ച ഒരു സര്‍ക്കാരിനെ വിമോചനസമരമെന്ന ഉമ്മാക്കി കാണിച്ച് താഴത്തിടുകയും ചെയ്തു.
സര്‍ക്കാര്‍ ശമ്പളവും മാനേജര്‍ നിയമനവും.!!
എത്ര കാലം ഇനിയും ഈ അഴിമതി തുടരും?

ഇന്നത്തെ അവസ്ഥയെ നമുക്കൊന്ന് വിലയിരുത്തി നോക്കാം.

കേരളത്തിലെ സ്കൂളുകളെ നമുക്ക് 4 ആയി തരം തിരിക്കാം

  1. സ്കൂളുകള്‍
  2. എയിഡഡ് സ്കൂളുകള്‍
  3. അംഗീകാരമുള്ള അണ്‍-എയിഡഡ് സ്കൂളുകള്‍
  4. അംഗീകാരമില്ലാത്ത അണ്‍-എയിഡഡ് സ്കൂളുകള്‍

1.സര്‍ക്കാര്‍ സ്കൂളുകള്‍

സര്‍ക്കാര്‍ സ്കൂളുകളില്‍ സര്‍ക്കാരുകള്‍ തന്നെയാണ് എല്ലാ സഹായങ്ങളും ചെയ്യുന്നത്.
അദ്ധ്യാപക-അനദ്ധ്യാപക നിയമനം, ശമ്പളം , സ്കൂള്‍ നവീകരണം, പഠനരീതികള്‍ തുടങ്ങി എല്ലാം നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനാണ്.
പി.എസ്.സി വഴി ഏതൊരു പൌരനും യാതൊരു പണവും ചിലവഴിക്കാതെ ഇവിടെ നിയമനം ലഭിക്കും.
ഏതൊരു പൌരനും ഈ സ്കൂളുകളില്‍ ഇടപെടാനുള്ള അവകാശങ്ങളും ഉണ്ട്.
എല്ലാ കുട്ടികള്‍ക്കും ഭരണഘടന നല്‍കുന്ന സൌജന്യവിദ്യാഭ്യാസവും ലഭിക്കും

2.എയിഡഡ് സ്കൂളുകള്‍

എയ്ഡഡ് സ്കൂളുകളില്‍ നിയമനത്തിന് സര്‍ക്കാരിന് അധികാരമില്ല. അത് മാനേജര്‍ നടത്തും
കെട്ടിടങ്ങള്‍ നിര്‍മ്മിക്കേണ്ട ചുമതലയും മനേജര്‍ക്കാണ്.
സര്‍ക്കാര്‍ ഇവിടെ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപക-അനദ്ധ്യാപകര്‍ക്കും ശംന്പളം നല്‍കും. അതും സര്‍ക്കാര്‍ നിരക്കില്‍ പെന്‍ഷനും മറ്റ് എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പടെ.
എല്ലാ വര്‍ഷവും സ്കൂള്‍ നവീകരണത്തിനായി ഗ്രാന്‍റുകളും അനുവദിക്കും.
കൂടാതെ SSA വഴിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും കക്കൂസുകള്‍ നിര്‍മ്മിക്കാനും ലാബ് ഉപകരണങ്ങള്‍ വാങ്ങാനും മറ്റും നിരവധി സഹായങ്ങളും ലഭിക്കും.
എല്ലാ കുട്ടികള്‍ക്കും ഭരണഘടന നല്‍കുന്ന സൌജന്യവിദ്യാഭ്യാസം നല്‍കണം എന്നതു മാത്രമാണ് സര്‍ക്കാര്‍ മേല്‍പറഞ്ഞ സഹായങ്ങള്‍ക്കായി ആവശ്യപ്പെടുന്നത്.

3.അംഗീകാരമുള്ള അണ്‍-എയിഡഡ് സ്കൂളുകള്‍

അംഗീകാരമുള്ള അണ്‍-എയിഡഡ് സ്കൂളുകള്‍
ഈ പരിധിയില്‍ വരുന്ന സ്കൂളുകളില്‍ ഒരു തരത്തിലുള്ള അധികാരങ്ങളും സര്‍ക്കാരിന് ഇല്ല എന്നു തന്നെ പറയാം
സ്കൂള്‍ നിയമനങ്ങളും ശമ്പളവും എല്ലാം മാനേജര്‍ തന്നെ കൊടുക്കണം. കെട്ടിടനിര്‍മ്മാണങ്ങളും മറ്റും മാനേജര്‍ തന്നെ നടത്തണം.
എന്നാല്‍ സ്കൂളിലെ കുട്ടികളില്‍ നിന്നും ഫീസ് പിരിക്കാനുള്ള അവകാശം മാനേജര്‍ക്കുണ്ട്.
എന്തിന് മലയാളം പറഞ്ഞാല്‍ മൊട്ടയടിക്കാനുള്ള അവകാശം വരെ മാനേജര്‍ക്കുണ്ട്.
കാശു കൊടുത്താല്‍ ഭരണഘടന അനുവദിച്ച സൌജന്യവിദ്യാഭ്യാസം നമുക്കിവിടെ കിട്ടും!!

4.അംഗീകാരമില്ലാത്ത അണ്‍-എയിഡഡ് സ്കൂളുകള്‍

അംഗീകാരമില്ലാത്ത അണ്‍-എയിഡഡ് സ്കൂളുകള്‍
അംഗീകാരം കിട്ടും എന്ന പ്രതീക്ഷയില്‍ ചില 'പാവം' കച്ചവടക്കാര്‍ തുടങ്ങുന്ന സ്കൂളുകളാണിത്.
അവിടെ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും വീണ്ടും മറ്റേതെങ്കിലും അംഗീകൃത സ്കൂളില്‍ ഒന്നാം ക്ളാസ് മുതല്‍ പഠിച്ചു തുടങ്ങേണ്ടി വരും എന്നു മാത്രം.


നമുക്ക് ഇവിടെ എയിഡഡ് വിദ്യാലയങ്ങള്‍ (സ്കൂളുകളും കോളേജുകളും ഉള്‍പ്പടെ) മാത്രം ചര്‍ച്ചക്കെടുക്കാം
മാനേജര്‍ നിയമനം നടത്തുകയും സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയും ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്ന ഏക പ്രസ്ഥാനമാണിത്
നമ്മുടെ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നവരുടെ എണ്ണം 3.5 ലക്ഷം മാത്രമേ ഉള്ളൂ എന്നാണ് ഒരു കണക്ക്.(പരിശോധിക്കേണ്ടി വരും കൃത്യമായി അറിയാവുന്നവര്‍ പറയുക.)
ഇതില്‍ 1.85 ലക്ഷത്തോളം പേര്‍ അദ്ധ്യാപകരാണ്.

എയിഡഡ് അദ്ധ്യാപകര്‍ 1.25 ലക്ഷത്തോളം പേര്‍ വരും.(മറ്റ് എയിഡഡ് ജീവനക്കാരെ ഉള്‍പ്പെടുത്തിയിട്ടില്ല.)
സര്‍ക്കാര്‍ അദ്ധ്യാപകര്‍ 0.6 ലക്ഷം മാത്രമാണ്.


മറ്റ് എയിഡഡ് ജീവനക്കാരും ഉള്‍പ്പടെ 1.3 ലക്ഷത്തോളമാണ് മാനേജര്‍ നിയമിച്ച് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നവരുടെ എണ്ണം.
പെന്‍ഷന്‍ മേടിക്കുന്നവരുടെ എണ്ണം കൂടി കണക്കാക്കിയാല്‍ ഈ സംഖ്യ അതി ഭീമമായി തന്നെ ഉയരും.

സര്‍ക്കാര്‍ കണക്കനുസരിച്ച് തന്നെ (പെന്‍ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും) ഒരു മാസം 200 കോടിയിലധികം രൂപയാണ് ഇവര്‍ക്കായി ചിലവഴിക്കുന്നത്.
വെറും 3 കോടി മാത്രം ജനങ്ങളുള്ള കേരളത്തില്‍ ഒരാളില്‍ നിന്നും നികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന 67 രൂപ ചിലവഴിക്കുന്നത്
മാനേജര്‍ നിയമിച്ചവര്‍ക്ക് ശമ്പളം കൊടുക്കാനാണ്.

ഒരു കുടുംബം 335 രൂപയോളം ഇവര്‍ക്കായി ചിലവഴിക്കേണ്ടി വരുന്നു.!!!


നിയമനം എന്ന പച്ചയായ അഴിമതി.

സര്‍ക്കാര്‍ ശമ്പളം നല്‍കും എന്നതു കൊണ്ടു തന്നെ കടുത്ത അഴിമതിയാണ് ഇവിടെ നടമാടുന്നത്.
നിയമനം നടത്തേണ്ട അധികാരം മാനേജര്‍(മാനേജ്മെന്‍റ്) കൈയ്യടക്കി വച്ചിരിക്കുകയാണിവിടെ. ഇന്‍റര്‍വ്യൂവില്‍ പങ്കടുക്കാന്‍ വരുന്ന ആരേയും സ്വന്തം ഇഷ്ടപ്രകാരം മാനേജര്‍ക്ക് നിയമിക്കാം.
സാധാരണ ഗതിയില്‍ ഒരു L.P സ്കൂള്‍ നിയമനത്തിനു പോലും മേടിക്കുന്ന കൈക്കൂലി 5 ലക്ഷത്തോളമാണ്.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മേടിക്കുന്നത് 14 ലക്ഷത്തോളവും !!
അപ്പോള്‍ കോളേജു തലത്തിലെ കൈക്കൂലിയെക്കുറിച്ച് പറയേണ്ടതില്ലല്ലോ!.
ഇത്രയും പണം കൊടുത്ത് ജോലി മേടിക്കാന്‍ ആളുണ്ടാകുമോ എന്ന് സംശയിക്കേണ്ട. തീര്‍ച്ചയായും ഉണ്ട്. സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും എല്ലാമായി ജീവിക്കാം. പി.എസ്.സി വഴി കിട്ടുന്നതിനേക്കാള്‍ എളുപ്പവും. അതു കൊണ്ടു തന്നെ സ്കൂളിലെ ഒരു ശിപായി ജോലിക്കു പോലും മേടിക്കുന്ന കൈക്കൂലി 2 ലക്ഷത്തിന് മുകളിലാണ്..


ഒരു നിയമനത്തിന് 7 ലക്ഷം എന്ന് ശരാശരി കണക്കാക്കാം. അങ്ങിനെ നോക്കിയാല്‍
1.25 ലക്ഷം പേരെ നിയമിക്കുന്പോള്‍ നടക്കുന്ന അഴിമതിയുടെ കണക്കെത്രയാവും?

87500000000രൂപ മാത്രം!!! വെറും 8750 കോടി രൂപ മാത്രം!!!!
കൈക്കൂലിയായി 8750കോടി രൂപ മാത്രം!!!!


കേരളത്തിലെ ജനസംഖ്യയോ 3 കോടിയും !

അപ്പോള്‍ ഓരോ പൌരനും മേല്‍ 2900 രൂപയുടെ അഴിമതിയുടെ കറ...


കൃത്യമായ കണക്കുകള്‍ നമുക്ക് കണ്ടെത്തണം.. അത് കാണിക്കുന്നത് അതി ഭീമമായ അഴിമതിയുടെ കഥയായിരിക്കും..
ആരു ആ കണക്കുകള്‍ പുറത്തു കൊണ്ടു വരാത്തതെന്ത് എന്നതാണ് അതിശയം...!

മേല്‍പറഞ്ഞതെല്ലാം ഊഹങ്ങള്‍ മാത്രമാണ്. കൈക്കൂലി വാങ്ങുന്നു എന്നാരും പറയില്ല. കൊടുത്തവരും പറയില്ല.
പക്ഷേ ഒരു സൌഹൃദ സംഭാഷണത്തില്‍ ഏതൊരു എയിഡഡ് അദ്ധ്യാപകരോടും ചോദിച്ചോളൂ അവര്‍ പറയും ഉത്തരം...
ഇത്തരം അന്വേഷണങ്ങളിലൂടെ കിട്ടിയ വിവരങ്ങള്‍ വച്ചാണ് കണക്കുകള്‍ ഉണ്ടാക്കിയത്..ഒരു മാനേജ്മെന്‍റും തങ്ങള്‍ നിയമനത്തിന് കോഴ വാങ്ങുന്നു എന്ന് പറയില്ല.
കോഴ വാങ്ങുന്നില്ല എന്നാണെങ്കില്‍ പിന്നെ നിയമനം പി.എസ്.സി ക്ക് പോയാല്‍ എതിര്‍ക്കുന്നതെന്തിന്?
നിയമനം ഒരു ബാധ്യതയല്ലേ അവിടെ...
അപ്പോള്‍ എന്താണ് കാര്യം?...
സാമ്പത്തികത്തിനപ്പുറത്ത് മറ്റൊരു കാര്യവുമില്ല എന്നതു തന്നെയാണ് സത്യം..


മറുവാദം...

ഇതിനെല്ലാം മറുപടിയായി മാനേജ്മെന്റുകള്‍ പറയുന്ന ഒരു കാര്യമുണ്ട്. കെട്ടിടങ്ങളും മറ്റും വയ്ക്കാന്‍ ആരു പണം തരും എന്ന്?
കേരളത്തിലെ എയിഡഡ് സ്കൂളുകള്‍ എങ്ങിനെയാണ് നിര്‍മ്മിച്ചത്? ഒന്നു ചിന്തിച്ചു നോക്കൂ..
കേരളത്തിലെ ജനങ്ങള്‍ സ്കൂളുകള്‍ നിര്‍മ്മിക്കാനായി നല്‍കിയ സംഭാവനകള്‍ക്ക് ആരും കണക്കു പറയുന്നില്ല.
പിടിയരിയായും തേങ്ങയായും ഒരു നേരത്തെ ആഹാരമായും എല്ലാം ജനങ്ങള്‍ നല്‍കിയ സംഭാവനകള്‍ മതങ്ങളുടെയും ജാതികളുടെയും വ്യക്തികളുടെയും സ്കൂളുകളായി മാറിയത് എല്ലാവരും മറന്നു പോയോ?
പഴയ ആള്‍ക്കാരോട് ചോദിച്ചു നോക്കൂ അവര്‍ക്കാര്‍ക്കും ഇതിനെ നിഷേധിക്കാന്‍ ആവില്ല.
പള്ളിക്കൂടം തുടങ്ങാനായി ആവേശത്തോടെ സഹായങ്ങള്‍ നല്‍കിയത് അവരുടെയെല്ലാം മനസ്സിലുണ്ടാവും...
സ്കൂള്‍ ആരുടെയാണെന്നോ അതിനു പുറകില്‍ ആരാണെന്നോ ഒന്നും വിദ്യാഭ്യാസം നേടാന്‍ വെമ്പല്‍ കൊണ്ട ആ തലമുറ അന്വേഷിച്ചില്ല.
അതാണ് ഇന്നത്തെ എയിഡഡ് സ്കൂളുകള്‍!!
ഇന്നും ഇത് തുടരുന്നില്ലേ? സ്കൂള്‍ പുനര്‍നിര്‍മ്മാണ / കെട്ടിടനിര്‍മ്മാണ സംഭാവനാ കൂപ്പണായും മറ്റും...
നിയമനം പി.എസ്.സി ക്ക് വിടൂ.. എന്നാല്‍ സര്‍ക്കാര്‍ വഹിക്കും കെട്ടിടനിര്‍മ്മാണവും മറ്റും..

വീണ്ടും ചില അദ്ധ്യാപക കാര്യങ്ങള്‍.....

ഒരേ നിരക്കില്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ അദ്ധ്യാപകരും എയിഡഡ് അദ്ധ്യാപകരും തമ്മില്‍ പല വിവേചനങ്ങളും ഉണ്ട്..

1.സര്‍ക്കാര്‍ ജീവനക്കാരുടെ എല്ലാ നിയമങ്ങളും സര്‍ക്കാര്‍ അദ്ധ്യാപകര്‍ അനുസരിച്ചേ തീരൂ... എന്നാല്‍ എയിഡഡ് ജീവനക്കാര്‍ക്ക് ഇതൊന്നും ബാധകമല്ല.
ഉദാ: സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്ക് ജനപ്രതിനിധികളായി മത്സരിക്കാന്‍ അനുമതിയില്ല. എന്നാല്‍ എയിഡഡ് ജീവനക്കാര്‍ക്ക് ഏതു തിരഞ്ഞെടുപ്പിലും മത്സരിക്കാം...


2.എയിഡഡ് അദ്ധ്യാപകര്‍ക്ക് സ്കൂളില്‍ കുട്ടികള്‍ കുറഞ്ഞ് ഡിവിഷന്‍ പോയാല്‍ പിന്നെ ജോലി ചെയ്യാന്‍ പറ്റില്ല എന്നാണ് വയ്പ്. എന്നാല്‍ സമരം നടത്തി അവര്‍ മറ്റൊരു ആനുകൂല്യവും വാങ്ങിയെടുത്തു.
പ്രൊട്ടക്ഷന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ നിയമം അനുസരിച്ച് സ്വന്തം സ്കൂളില്‍ ഡിവിഷന്‍ പോയാല്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയി ജോലിചെയ്യാം. ശമ്പളവും മേടിക്കാം.
ഫലമോ സര്‍ക്കാര്‍ സ്കൂളില്‍ പി.എസ്.സി വഴി അര്‍ഹരായ ഒരാള്‍ക്ക് കിട്ടേണ്ട ജോലി നഷ്ടപ്പെടുന്നു.!!!
ഇങ്ങനെ അര്‍ഹമായ ജോലി നഷ്ടപ്പെട്ട പതിനായിരങ്ങളുണ്ട് കേരളത്തില്‍...


3.ജില്ലാ വിദ്യാഭ്യാസ ഓഫീസറെ (DEO) തിരഞ്ഞെടുക്കുന്നത് ഇതു വരെ സര്‍ക്കാര്‍ അദ്ധ്യാപകരില്‍ നിന്നും വകുപ്പു തല പരീക്ഷകള്‍ വഴി ആയിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ തവണ അതിലും മാറ്റം വരുത്തി. വകുപ്പു തല പരീക്ഷ എയിഡഡ് അദ്ധ്യാപകര്‍ക്കും എഴുതാം എന്ന്. വകുപ്പുതല തിരഞ്ഞെടുപ്പില്‍ ഡി.ഇ.ഒ മാരായി തിരഞ്ഞെടുക്കപ്പെട്ടത് 6 പേര്‍ ആയിരുന്നു. അതില്‍ 3 പേര്‍ എയിഡഡ് അദ്ധ്യാപകര്‍ ആണ് എന്നാണ് കേട്ടറിവ്( നിജസ്ഥിതി പരിശോധിക്കേണ്ടി വരും). മാനേജര്‍ നിയമിച്ചവര്‍ വകുപ്പുതല പരീക്ഷ എഴുതി സര്‍ക്കാര്‍ നിയമനം നേടിയപ്പോള്‍ നഷ്ടം സംഭവിച്ചത് പി.എസ്.സി വഴി പഠിച്ച് നിയമനം നേടിയവര്‍ക്കു തന്നെ.


4.സര്‍ക്കാര്‍ ജോലി നേടിയവര്‍ക്ക് പിന്നീട് അതേ തസ്തികയില്‍ ജോലിക്കു വേണ്ടി പരീക്ഷയെഴുതാന്‍ അനുവാദമില്ല.(ജില്ല മാറാനായി ഇങ്ങനെ ഒരവസരം കിട്ടിയാല്‍ എന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട് കേരളത്തില്‍ .) എന്നാല്‍ എയിഡഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പി.എസ്.സി വഴി വിളിക്കുന്ന ഏത് പരീക്ഷയെഴുതുന്നതിനും തടസ്സമില്ല.അങ്ങിനെ ജോലി നേടുന്നവര്‍ക്ക് മുന്‍പ് എയിഡഡ് മേഖലയില്‍ ജോലി ചെയ്തിരുന്ന സര്‍വ്വീസും ലഭിക്കും!!!


വിവേചനങ്ങളുടെ നിര ഇനിയും നീളും...." കൈക്കൂലികൊടുത്ത് കുട്ടികളെ പഠിപ്പിക്കേണ്ട ഗതികേടിലാണ് നമ്മുടെ നാട്ടിലെ അദ്ധ്യാപകരാവാന്‍ കൊതിക്കുന്ന പതിനായിരങ്ങള്‍..
നിലവിലുള്ള ഒന്നേകാല്‍ ലക്ഷം എയിഡഡ് അദ്ധ്യാപകര്‍ കോഴ കൊടുത്ത് നിയമനം വാങ്ങിച്ചവരാണെങ്കില്‍ നാം ഞെട്ടേണ്ടിയിരിക്കുന്നു.
കാരണം ഒന്നേകാല്‍ ലക്ഷം കൈക്കൂലിക്കാരാണ് നമ്മുടെ ഭൂരിഭാഗം കുട്ടികളേയും പഠിപ്പിക്കുന്നത്!! കോഴ കൊടുത്ത് നിയമനം നേടേണ്ടി വരുന്ന ഗതികേട് ജീവിതകാലം മുഴുവന്‍ ഈ അദ്ധ്യാപകരെ വേട്ടയാടുകയും ചെയ്യുംഈ വേദനയോടെ വേണം നമ്മുടെ കുട്ടികളെ അവര്‍ക്ക് മൂല്യങ്ങള്‍ പഠിപ്പിക്കാന്‍!! "

അദ്ധ്യാപകരുടെ ഈ വേദന നാം ഇനിയും കണ്ടില്ലെന്ന് നടിക്കണോ?
അദ്ധ്യാപകനിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുക മാത്രമാണ് ഇതിന് ഏക പ്രതിവിധി.
ഇനിയും നമ്മള്‍ എന്തിന് മടിച്ചുനില്‍ക്കണം?
സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നത് ?..
വെറും പതിനായിരത്തില്‍ താഴെ വരുന്ന മാനേജര്‍മാരൊഴിച്ച് ബാക്കി 3 കോടി ജനങ്ങളും ഇക്കാര്യത്തില്‍ സര്‍ക്കാരിനോടൊപ്പമുണ്ടാകും എന്നാണ് എന്‍റെ വിശ്വാസം....
3 കോടി ജനങ്ങളാണോ വെറും പതിനായിരം മാനേജര്‍മാരാണോ സര്‍ക്കാരിന് വലുത് ?
സര്‍ക്കാര്‍ തീരുമാനിക്കട്ടെ...
അല്ലെങ്കില്‍ ഒരിക്കല്‍ ജനം തീരുമാനിക്കും....

Thursday, June 12, 2008

പാഠപുസ്തകവിവാദത്തിനു പുറകിലെ കാരണമെന്ത്?

വിപ്ലവം വില്‍ക്കേണ്ടത്‌ ക്ലാസ്‌ മുറികളിലോ !
എന്ന പോസ്റ്റിനുള്ള മറുപടി...
http://catholicismindia.blogspot.com/2008/05/blog-post_17.html

"മതവിശ്വാസം വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പിന്‍വലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
ശാസ്ത്രീയമായ വീക്ഷണവും സാമൂഹികബോധവും ഇല്ലാതാക്കാനേ മതപഠനം ഉപകരിക്കൂ.
അത്തരം പാഠങ്ങള്‍ ഒരു കാരണവശാലും കുട്ടികള്‍ പഠിക്കുവാന്‍ പാടുള്ളതല്ല.
കൃഷ്ണനെക്കുറിച്ചും നബിയെക്കുറിച്ചും കൃസ്തുവിനെക്കുറിച്ചും മറ്റും പരാമര്‍ശമുള്ള പാഠങ്ങള്‍ പോലും പിന്‍വലിക്കേണ്ടതാണ്.
സര്‍ക്കാര്‍ പണം ഉപയോഗിച്ച് അതൊന്നും പഠിപ്പിക്കരുത്.അതെല്ലാം വ്യക്തിപരമായിമാത്രം മറ്റു വല്ല പുസ്തകങ്ങളില്‍ നിന്നും വായിച്ചാല്‍ മാത്രം മതി."

ഇങ്ങനെയൊന്നും ആരു പറയാത്തതായിരിക്കും
ഇപ്പോളുള്ള വിവാദങ്ങള്‍ക്ക് കാരണം...

നമ്മുടെ ഒരു പാഠപുസ്തകത്തിലും മതനിഷേധമില്ല.
പിന്നെ എന്തിനാണ് ഇത്തരം ഒരു വിവാദം..
മതമില്ലാത്തവരായി വളരുന്നത് തെറ്റാകുന്നതെങ്ങിനെ?
അങ്ങിനെയാണെങ്കില്‍ മതമുള്ളവരായി വളരുന്നതും തെറ്റു തന്നെ.

മതവിദ്വേഷം കൂടാതെ പ്രകൃതി ദുരന്തങ്ങള്‍ വരുന്പോള്‍ ഒന്നിച്ച് നില്‍ക്കണം എന്നു പറയുന്നതില്‍ എന്തു തെറ്റാണ് ഉള്ളത്?
അതോ,
കൃസ്ത്യാനികള്‍ കൃസ്ത്യാനികളേയും ഹിന്ദുക്കള്‍ ഹിന്ദുക്കളേയും ഇസ്ലാമുകാര്‍ ഇസ്ലാമുകളെ മാത്രമേ രക്ഷപെടുത്താവൂ എന്നാണോ കുട്ടികള്‍ പഠിക്കേണ്ടത്?
ഈ പാഠപുസ്തകങ്ങളെ എതിര്‍ക്കുന്നവര്‍ പറയുന്നത് അങ്ങിനെ തന്നെയാണ്...കുട്ടികള്‍ സമൂഹത്തെക്കുറിച്ച് അറിയട്ടെ
പ്രതികരിണശേഷിയുള്ളവരായി വളരട്ടെ
മതങ്ങളെക്കുറിച്ചും മതമില്ലാത്തവരെക്കുറിച്ചും അവര്‍ പഠിക്കട്ടെ..
ഈശ്വരവിശ്വാസത്തെക്കുറിച്ചും നിരീശ്വരവാദത്തെക്കുറിച്ചും അവര്‍ പഠിക്കട്ടെ..

സ്വയം ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും കഴിവുളളവരായി അവര്‍ വളരട്ടെ..

പിന്നെ എന്തിനാണ് പാഠപുസ്തകങ്ങളെ എതിര്‍ക്കുന്നത്?

നിരീശ്വരവാദത്തിന്‍റെ ഒരു കണിക പോലും ഈ പുസ്തകങ്ങളില്‍ കണ്ടെത്താനാവുന്നില്ല.

പ്രായപൂര്‍ത്തിയാകുന്പോള്‍ മതം സ്വയം തിരഞ്ഞെടുത്തോട്ടെ എന്ന് ഒരു കഥാപാത്രം പറഞ്ഞാല്‍ നശിച്ചുപോകുന്നതാണ് മതം!!
ഇപ്പോഴത്തെ മതവിശ്വാസികളുടെ ഈ വിവാദങ്ങള്‍ കാണുന്പോള്‍ അങ്ങിനെയാണ് തോന്നുക.

Monday, June 9, 2008

ഏതു മതക്കാരെയാണ് പ്രകൃതി ദുരന്തങ്ങള്‍ കൂടുതലായി ബാധിക്കുക?

ഏതു മതക്കാരെയാണ് പ്രകൃതി ദുരന്തങ്ങള്‍ കൂടുതലായി ബാധിക്കുക?

വിവാദമാണിപ്പോള്‍ ഈ ചോദ്യം.
പരിഷ്കരിച്ച പാഠപുസ്തകത്തിലെ ചോദ്യമാണിത്.
എന്താണ് ചോദ്യം എന്നത് മനസ്സിലാക്കാത്തവരോ മനസ്സിലായില്ല എന്ന് നടിക്കുന്നവരോ ആണ് ഈ വിവാദത്തിനു പുറകില്‍.
സ്വാഭാവികമായും എല്ലാവരും(ചുരുങ്ങിയത് കുട്ടികളെങ്കിലും) പറയുന്ന ഉത്തരം എന്താണ്?
എല്ലാവരേയും ഒരേ പോലെയായിരിക്കും ബാധിക്കുക എന്ന്.
ഏത് ദുരന്തങ്ങളും സമൂഹത്തെ പൊതുവിലാണ് ബാധിക്കുക. അത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്പോള്‍ മതവികാരമല്ല മനുഷ്യത്വമാണ് ഉണരേണ്ടത് എന്ന്
ഈ ചോദ്യത്തിന് ഉത്തരം കണ്ടത്തുന്ന കുട്ടിയെ പിന്നീട് പഠിപ്പിക്കേണ്ടതില്ല.
അവള്‍ അത് ജീവിതകാലം മുഴുവന്‍ മറക്കാതെയുമിരിക്കും.
മറ്റ് മനുഷ്യരോട് എങ്ങിനെ പെരുമാറണം എന്നതാണ് ഏതൊരു പൌരനും ജീവിതത്തില്‍ പഠിക്കേണ്ട ആദ്യപാഠം.
മതത്തിന്‍റേയും ജാതിയുടേയും പേരില്‍ തമ്മില്‍ വെട്ടിക്കീറുന്ന ജനത ഇനിയെങ്ങിലും ഉണ്ടാവാതിരിക്കട്ടെ എന്ന് ചിന്തിക്കുന്ന മനുഷ്യസ്നേഹികളാണ് ഇത്തരം ഒരു ശൈലിയിലുള്ള ഒരു ചോദ്യം കുട്ടികള്‍ക്കു മുന്‍പിലേക്ക് എറിഞ്ഞുകൊടുത്തത്.

ദുരന്തങ്ങള്‍ക്കു മുന്‍പില്‍ പതറാതെ മതഭേദമന്യേ ഒരുമിച്ചു നില്‍ക്കുന്ന ഒരു ജനത സൃഷ്ടിക്കപ്പെടുന്നതിനോട് ആര്‍ക്കാണെതിര്‍പ്പ്?
ഈ ചോദ്യം മതവിദ്വേഷം വളര്‍ത്തുന്നതെങ്ങിനെ ?
ഈ ചോദ്യം മതങ്ങള്‍ക്ക് എതിരെയാകുന്നതെങ്ങിനെ?
എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

അപ്പോള്‍ മറ്റെന്തോ ആണ് വിവാദമുണ്ടാക്കുന്നതിനു പിന്നിലെ വികാരം.
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കുട്ടികള്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ അവര്‍ നേടുന്ന മതനിരപേക്ഷമൂല്യങ്ങള്‍ ആരെയാണ് പേടിപ്പിക്കുന്നത്?
മനുഷ്യത്വം തുളുന്പുന്ന പുതിയ മൂല്യങ്ങള്‍ കുട്ടികള്‍ നേടരുത് എന്ന് വാശി പിടിക്കുന്നവരുടെ ലക്ഷ്യമെന്താണ്?
മാനുഷികതയില്ലാത്ത പ്രവര്‍ത്തനങ്ങളോട് പ്രതികരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു സമൂഹം വളര്‍ന്നു വരുന്നത് ആരെയോ പേടിപ്പിക്കുന്നു.
വിമര്‍ശനാത്മക ബോധനശാസ്ത്രം ചെയ്യുന്നത് ഈ പ്രതികരണശേഷിയും വിമര്‍ശനാത്മകതയും ഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ്.
തങ്ങള്‍ പറയുന്നത് അന്ധമായി വിശ്വസിക്കുന്ന ഒരു സമൂഹം ഇല്ലാതാകുന്നത് ആര്‍ക്കാണ് പ്രശ്നമാകുന്നത്?


എതിര്‍ക്കുന്നവര്‍ പേടിക്കുന്നത് ചോദ്യത്തെയല്ല! ഉത്തരത്തെയുമല്ല!! മറിച്ച് ഉത്തരം കണ്ടെത്തുന്പോള്‍ കുട്ടികള്‍ നേടുന്ന മൂല്യങ്ങളെയാണ്.


ഇനി പറയൂ.. കുട്ടി എന്ത് ഉത്തരം കൊടുക്കണം?

Wednesday, June 4, 2008

ഹര്‍ത്താല്‍ ആശംസകളോടെ ഒരു പരിസ്ഥിതി ദിനം...

അങ്ങിനെ ഒരു പരിസ്ഥിതി ദിനത്തിലെങ്കിലും കേരളത്തില്‍ നിന്നുള്ള മലിനീകരണം കുറയട്ടെ...

കേരളത്തില്‍ ആദ്യമായിട്ടായിരിക്കും പരിസ്ഥിതിദിനത്തില്‍ ഒരു ഹര്‍ത്താല്‍.. അതും ബി.ജെ.പി. യും ഇടതുപക്ഷവും കൂടി ഒരുമിച്ച്.
എന്തായാലും ഒരു കാര്യം നടന്നു കിട്ടി. നാളെ ഒരു കാര്‍ബണ്‍ കുറവുള്ള ദിനം . പരിസ്ഥിതി സംഘടനയുടെ ആഹ്വാനവും അതു തന്നെ.
"കാര്‍ബണ്‍ കുറവുള്ള ഒരു സന്പദ് വ്യവസ്ഥക്കായി ശീലങ്ങള്‍ മാറ്റുക" (Kick The Habit Towards a Low Carbon Economy)എന്നത്.
എന്തായാലും അത് കേരളം അക്ഷരം പ്രതി നടപ്പാക്കി. ഇത്രയും നല്ല ഒരു തീരുമാനം ഒരിക്കല്‍ ചൈന എടുത്തിരുന്നു. നിരത്തുകളില്‍ അവര്‍ കാറുകളില്ലാത്ത ഒരു ദിനം നടപ്പാക്കി.
(Car-Less Day). ഇപ്പോഴിതാ നമ്മളും ആ പാതയില്‍...
പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെങ്കിലും പരിസ്ഥിതി ദിനം ആചരിക്കാന്‍ ഒരു അവധിയായി മാറി.
എന്തായാലും നമുക്ക് പരിസ്ഥിതി ദിനം ആചരിക്കാം... കാര്‍ബണ്‍ കുറവുള്ള ഒരു സന്പദ് വ്യവസ്ഥക്കായി...
"എല്ലാവര്‍ക്കും പരിസ്ഥിതി ദിനാശംസകള്‍.."

Tuesday, June 3, 2008

ഞങ്ങള്‍ക്ക് കളിക്കാന്‍ സമയം തരൂ......

ഞാന്‍ തിരുവനന്തപുരം ജില്ലയിലെ ഒരു സി.ബി.എസ്സ്.ഇ സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്.ഞങ്ങളുടെ സ്കൂളില്‍ അഞ്ചാം ക്ളാസ് മുതല്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാണ്. അതു കൊണ്ട് കളിക്കാന്‍ സമയം കിട്ടാറില്ല. ശനിയാഴ്ചകളിലുള്ള ക്ളാസുകള്‍ ഒഴിവാക്കാന്‍ വേണ്ടപ്പെട്ടവര്‍ നടപടി സ്വീകരിക്കുമോ?

ഒരു വിദ്യാര്‍ത്ഥി,
തിരുവനന്തപുരം....


ഇന്നത്തെ (June 3 2008)കേരള കൌമുദി പത്രത്തില്‍ വന്ന കത്താണിത്.

അഞ്ചാം ക്ളാസില്‍ പഠിക്കുന്ന ഒരു പത്തുവയസ്സുകാരി/രന്‍ പഠിക്കേണ്ടത് എന്താണ്?.
അവര്‍ ഏതു രീതിയിലാണ് പഠിക്കേണ്ടത്..?
ഇപ്പോള്‍ ഇതൊന്നും തീരുമാനിക്കേണ്ടത് വിദ്യാഭ്യാസ ഗവേഷകരൊന്നും അല്ല.
മറിച്ച് കച്ചവടക്കാരാണ്.
അതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ കത്ത്..
24 മണിക്കൂറും പാഠപുസ്തകങ്ങളില്‍ തളച്ചിടുന്ന സ്കൂള്‍ തുടങ്ങിയാല്‍ അവിടെയായിരിക്കും ഇന്നത്തെ രക്ഷകര്‍ത്താക്കള്‍ കുട്ടികളെ ചേര്‍ക്കുക.
എന്താണ് പഠനമെന്നും അറിവെന്നും മനസ്സിലാക്കാതെ ഈ രക്ഷിതാക്കള്‍ കാട്ടിക്കൂട്ടുന്ന സ്വാര്‍ത്ഥതക്ക് ഇരയാവുന്നത് ഈ പാവം കുട്ടികളും...

ഇതിനൊക്കെ എതിരെ പ്രതികരിക്കാന്‍ ആര്‍ക്കാണ് സമയം?
സര്‍ക്കാര്‍ ഈ കത്തിനെതിരേ ഏതു തരത്തിലാണാവോ പ്രതികരിക്കുക?
എല്ലാം നമുക്ക് കാത്തിരുന്നു കാണാം.....
ഇത് വായിക്കുന്നവരെങ്കിലും പ്രതികരിക്കും എന്നു കരുതുന്നു....

Monday, June 2, 2008

പൂന്പാറ്റകള്‍... സമൂഹ നിര്‍മ്മിതിയിലേക്ക്.........

പൂന്പാറ്റകള്‍... അവര്‍....
സമൂഹ നിര്‍മ്മിതിയിലേക്ക് കടക്കുകയാണ്.
നിറയെ സ്വപ്നങ്ങളുമായി അറിവിന്‍റെ ആദ്യാക്ഷരം തേടി അവര്‍ ഇറങ്ങുകയാണ്...
അവര്‍ അറിവ് നിര്‍മ്മിക്കട്ടെ...
സമൂഹത്തിനായി പുതിയ ആശയങ്ങള്‍ നിര്‍മ്മിക്കട്ടെ...
മാതൃഭാഷയുടെ മാധുര്യം അനുഭവിച്ചറിയട്ടെ.....

അവരുടെ സ്വപ്നങ്ങളെ നമുക്ക് തല്ലിക്കെടുത്താതിരിക്കാം...
അവരെ കൂട്ടിലടച്ച് വളര്‍ത്താതിരിക്കാം....
അവര്‍ അടുത്തറിയട്ടെ പ്രകൃതിയെ.....
അവര്‍ അടുത്തറിയട്ടെ സമൂഹത്തെ.....
ആ കൊച്ചു പൌരരുടെ വാക്കുകള്‍ക്കായി നമുക്ക് കാതോര്‍ക്കാം...

അവരുടെ സ്വപ്നങ്ങളിലൂടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വളരട്ടെ....
കൈക്കൂലി കൊടുക്കാത്ത അധ്യാപകര്‍ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കട്ടെ...

മലയാളം വേണ്ടാത്ത...
കേരളത്തെ വേണ്ടാത്ത...
വിദ്യാഭ്യാസം കച്ചവടമാക്കുന്ന....
അധ്യാപകരെ കൈക്കൂലിക്കാരാക്കുന്ന.....
കുഞ്ഞുങ്ങളുടെ മനസ്സില്‍ വിഷം കുത്തിവയ്ക്കുന്ന.....
കുഞ്ഞുങ്ങളെ കൂട്ടിലടച്ച് വളര്‍ത്തുന്ന......
വര്‍ഗ്ഗീയ വാദികളെ സൃഷ്ടിക്കുന്ന......
ഗുണ്ടകളെ സൃഷ്ടിക്കുന്ന.......
രോഗികളെ കൊന്ന് പണമുണ്ടാക്കുന്ന ആതുരകൊലയാളികളെ സൃഷ്ടിക്കുന്ന....
കപടവിദ്യാഭ്യാസം നമുക്ക് വേണ്ട......


നമുക്കതിനെതിരേ അണി ചേരാം.....
നമ്മുടെ കുട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കട്ടെ.......