Wednesday, July 30, 2008

സൂര്യഗ്രഹണക്കാഴ്ചകള്‍ മുന്‍കൂറായി ഇതാ...

സൂര്യഗ്രഹണം ഉത്സവമാക്കൂ..


ഈ വരുന്ന ആഗസ്റ്റ് 1 കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണമാണ്. അപൂര്‍വ്വമായ ഈ കാഴ്ച ആസ്വദിക്കാതിരിക്കുന്നത് നമ്മുടെ വലിയ ഒരു നഷ്ടം തന്നെയാകും. സൂര്യഗ്രഹണത്തിന്‍റെ വിവിധ ദൃശ്യങ്ങളാണ് ഇവിടെ കൊടുക്കുന്നത്. സ്റ്റെല്ലേറിയം എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചെയ്ത ദൃശ്യങ്ങളാണിവ.


സൂര്യഗ്രഹണക്കാഴ്ചകള്‍..

(ദൃശ്യങ്ങളില്‍ ക്ളിക്ക് ചെയ്താല്‍ വലുതായിക്കാണാം.)

രാവിലെ ഏകദേശം 6 മണിയോടു കൂടി കേരളത്തില്‍ ചന്ദ്രനുദിക്കും...


ഏകദേശം 15 മിനിട്ടിനുള്ളില്‍ സൂര്യനും ഉദിക്കുന്നതായിരിക്കും. ചന്ദ്രനെ സൂര്യന് അല്പം മുകളിലായി അപ്പോള്‍ കാണാവുന്നതാണ്.
അല്പനേരം കൂടിക്കഴിയുമ്പോഴേക്കും സൂര്യപ്രകാശം കൂടുതലാകുന്നതിനാല്‍ ചന്ദ്രന്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങും.ഏകദേശം 9 മണിയോടുകൂടി ചന്ദ്രന്‍ സൂര്യന്‍റെ പ്രഭാമണ്ഡലത്തിന് അടുത്തെത്തും..
രണ്ടു മണിക്കുള്ള ഗ്രഹണക്കാഴ്ചകള്‍...അന്തരീക്ഷം ഇല്ലാതിരുന്നെങ്കില്‍ രണ്ടു മണിക്ക് ഗ്രഹണം കാണുന്നത് ഇപ്രകാരമായിരിക്കും.


ഗ്രഹണം തുടങ്ങാറാകുമ്പോള്‍ ഏകദേശം 4 മണി കഴിയും. ഏതാണ്ട് 5 മണിക്ക് പരമാവധി ഗ്രഹണം നടക്കും


അന്തരീക്ഷം ഇല്ലാതിരുന്നെങ്കില്‍ അഞ്ചു മണിക്ക് ഗ്രഹണം കാണുന്നത് ഇപ്രകാരമായിരിക്കും.


ഗ്രഹണം വെറും കണ്ണു കൊണ്ട് കാണരുത്. സൂര്യനെ നേരെ നോക്കുന്നത് എല്ലായ്പ്പോഴും കണ്ണിന് കേടുതന്നെയാണ്. അല്ലാതെ ഗ്രഹണം നടക്കുന്നതു കൊണ്ടല്ല നോക്കരുത് എന്ന് പറയുന്നത്.

ഗ്രഹണം കാണാന്‍ പല വഴികളുമുണ്ട്. X-ray ഫിലിമുകളില്‍ കൂടി നോക്കാവുന്നതാണ്. എന്നാല്‍ ഒരു X-ray ഫിലിം മാത്രമായാല്‍ അത് കുഴപ്പം സൃഷ്ടിച്ചേക്കാം. കുറെയധികം ഫിലിമുകള്‍ ഒന്നിനു പുറകില്‍ ഒന്നായി അടുക്കി ആദ്യം ഒരു 100Watt ബള്‍ബിലേക്ക് നോക്കുക. ബള്‍ബിന്‍റെ ഫിലമെന്‍റ് മാത്രം കാണുന്ന വരേക്കും ഫിലിമുകള്‍ ഒന്നിനു പുറകില്‍ ഒന്നായി ചേര്‍ക്കണം. ഇത്തരം ഒരു സംവിധാനത്തിലൂടെ ഒരു വിധം നന്നായി ഗ്രഹണം കാണാവുന്നതാണ്. (ഇതും തീര്‍ത്തും സുരക്ഷിതമല്ല. കറുത്ത X-ray ഫിലിം തന്നെ ഉപയോഗിക്കണം)

മറ്റൊരു വിദ്യ.

ഒരു കണ്ണാടി എടുക്കുക. അതേ വലിപ്പത്തില്‍ ഒരു കട്ടിക്കടലാസും മുറിച്ചെടുക്കണം. കട്ടിക്കടലാസിന്‍റെ നടുക്ക് 5mm വ്യാസം വരുന്ന ഒരു സുഷിരം ഇടണം. അത് കണ്ണാടിക്ക് മുന്‍പില്‍ ഒട്ടിക്കുക. സൂര്യപ്രകാശം കണ്ണാടിക്കു മുന്‍പിലുള്ള ചെറിയ സുഷിരത്തില്‍ നിന്നും പ്രതിഫലിപ്പിച്ച് ഒരു ഭിത്തിയില്‍ പതിപ്പിക്കുക. ഇത് സൂര്യന്‍റെ പ്രതിബിംബമാണ്. സൂര്യഗ്രഹണം മുഴുവന്‍ ഇതിലൂടെ കാണാവുന്നതാണ്.
ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണിത്.

മുന്നറിയിപ്പ്:
യാതൊരു കാരണവശാലും ബൈനോക്കുലര്‍, ടെലിസ്കോപ്പ് തുടങ്ങിയ ഉപകരണങ്ങളിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്.Monday, July 21, 2008

പ്രശാന്തിയുടെ സമുദ്രത്തില്‍ നിന്നും അശാന്തിയുടെ സമുദ്രത്തിലേക്ക്...


ആകാശക്കാഴ്ചയുടെ കൌതുകങ്ങളും അന്വേഷണത്വരയും 1969 ജൂലായ് 21 ന് മനുഷ്യനെഎത്തിച്ചത് അപൂര്‍വ്വമായ ഒരു നേട്ടത്തിലേക്കായിരുന്നു.
ഭൂമിക്ക് പുറത്തുള്ള മറ്റൊരു ഗോളത്തില്‍ ആദ്യമായി എത്തിപ്പെടുക! ലോകം മുഴുവന്‍അത്ഭുതത്തോടെ നേരിട്ടുകണ്ട കാഴ്ചക്ക് ഇന്ന് 39 വയ്യസ്സ്.


അന്ന് ചന്ദ്രനിലെ "പ്രശാന്തിയുടെ സമുദ്രത്തിലേക്ക്" നീല്‍ ആംസ്ട്രോങ്ങിനൊപ്പം ലോകജനതയും ശാസ്ത്രലോകവും കാലെടുത്തു വച്ചു... അതിനു ശേഷം 5 തവണ കൂടി മനുഷ്യര്‍ ചന്ദ്രനിലെത്തി. 600 കോടി ജനങ്ങളുടെയുംകോടാനുകോടി ജീവജാലങ്ങളുടേയും പ്രതിനിധിയായി 12 പേര്‍ ചന്ദ്രനിലിറങ്ങി.

 • അപ്പോളോ 11, 1969 July 21
 • അപ്പോളോ ൧൨, 1969 November 19
 • അപ്പോളോ ൧൪, 197 February
 • അപ്പോളോ ൧൫, 197 July 30
 • അപ്പോളോ ൧൬, 1972 April 20
 • അപ്പോളോ ൧൭, 1972 December 11

എന്നിങ്ങനെ ദൌത്യങ്ങള്‍ , ഓരോ തവണയും പേര്‍ വീതം ൧൨ പേര്‍ ചന്ദ്രനിലിറങ്ങിപര്യവേഷണങ്ങള്‍ നടത്തി.
ശാസ്ത്രത്തിന്‍റ കുതിപ്പിന് ത്വരണം നല്‍കിയ ചാന്ദ്രദൌത്യങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദിപറയാം....


ഇന്ത്യയും ജപ്പാവും ചൈനയും അമേരിക്കയും വീണ്ടുംചാന്ദ്രദൌത്യങ്ങള്‍ക്കൊരുങ്ങിക്കോണ്ടിരിക്കുന്നു.
ചൊവ്വയും മറ്റ് ഗ്രഹങ്ങളും മനുഷ്യരെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നു...

...... പക്ഷേ....
അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും മതതീവ്രവാദവുമെല്ലാം ജീവിതചര്യയാവുന്നു...
ശാസ്ത്ര നേട്ടങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനായി ഉപയോഗപ്പെടുത്തുന്നു...
പാഠപുസ്തകങ്ങള്‍ കത്തിക്കുന്നു....
അറിവ് പകര്‍ന്നു തരേണ്ട അദ്ധ്യാപകരെ ചവിട്ടിക്കൊല്ലുന്നു....

ശരിയാണ് നമ്മളും വളരുന്നു... ചന്ദ്രനിലേക്കല്ല, ചൊവ്വയിലേക്കല്ല... പാതാളത്തിലേക്ക്....
പ്രശാന്തിയുടെ സമുദ്രത്തില്‍ നിന്നും അശാന്തിയുടെ സമുദ്രത്തിലേക്ക്......

Friday, July 18, 2008

മതമില്ലാത്ത ജീവന്‍റെ ജീവനെടുത്ത ജീവനില്ലാത്ത മതങ്ങള്‍

മതമില്ലാത്ത ജീവന്‍റെ ജീവനെടുത്ത ജീവനില്ലാത്ത മതങ്ങള്‍

മതമില്ലാത്ത ജീവന്‍ ഓര്‍മ്മയായി.
കേരളത്തില്‍ സജീവമായ ചര്‍ച്ചാവിഷയമാവുകയും കേരളജനതയുടെ ചിന്തകള്‍ വിദ്യാഭ്യാസത്തിലേക്കും മതനിരപേക്ഷതയിലേക്കും എല്ലാം തിരിച്ചുവിട്ട ഏഴാം ക്ളാസിലെ സാമൂഹ്യപാഠം "മതമില്ലാത്ത ജീവന്‍" ഓര്‍മ്മയായി മാറി. കേരളജനതമുഴുവന്‍ ഒത്തു ചേര്‍ന്നു സ്വീകരിച്ച പാഠത്തെ ജീവനില്ലാത്ത മതങ്ങളുടെ പ്രേരണക്ക് വഴങ്ങി കേരളസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തിരുത്തിയെഴുതി. ഓരോ കേരളീയരുടേയും സുഹൃത്തുക്കളായി മാറിയ ജീവനും അന്‍വര്‍ റഷീദും ലക്ഷ്മീദേവിയും ഇനി ചരിത്രത്തിന്‍റെ ഭാഗം.


കപടമായിപ്പോയി ഈ തിരുത്തിയെഴുത്ത്.
 • 'വിശ്വാസ സ്വാതന്ത്ര്യം' എന്നാക്കി തലക്കെട്ട് മാറ്റുന്നു.
 • അന്‍വര്‍ റഷീദ്, ലക്ഷ്മിദേവി, ജീവന്‍ എന്നീ പേരുകള്‍ ഇനി ഉണ്ടാവില്ല. അച്ഛനും അമ്മയും കുട്ടിയും മാത്രം.!!
 • കുട്ടി വലുതാകുമ്പോള്‍ മതമില്ലാതെയും ജീവിക്കാം എന്ന ഭാഗം ഒഴിവാക്കുമത്രേ.
 • ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണെന്ന് ഭരണഘടനയില്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന ജവഹര്‍ലാല്‍നെഹ്റുവിന്റെ വാക്യം പുതിയതായി ഉള്‍പ്പെടുത്തും പഴയ വാക്യങ്ങള്‍ അപ്പോള്‍ ഒഴിവാക്കും.
 • പുതിയതായി ചേര്‍ക്കുന്നത് ശ്രീനാരായണ ഗുരുവിന്‍റെ വാക്യമാണ്.
 • മനുഷ്യന് ഏതുമതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്യ്രമുണ്ടെന്ന് വ്യക്തമാക്കുന്ന ഭരണഘടനയുടെ ഭാഗം കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുത്തും

ഒരു വ്യക്തിയും മതമില്ലാതെ വളരാന്‍ പാടില്ല എന്നതായിരിക്കും അപ്പോള്‍ പുതിയ പാഠത്തിന്‍റെ സന്ദേശം?
ഒന്നു നോക്കൂ, 'മതമില്ലെന്ന ചേര്‍ത്തോളൂ' എന്ന് പറയാന്‍ പാടില്ല. അതൊഴിവാക്കി.
ശ്രീനാരായണ ഗുരുവിന്‍റെ വാക്യങ്ങള്‍, അതും മതമില്ലാതെ ജീവിക്കാം എന്ന് പറയുന്നില്ല.
മനുഷ്യന് ഏതുമതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്യ്രമുണ്ടെന്ന് വ്യക്തമാക്കുന്ന ഭരണഘടനയുടെ ഭാഗം കൂട്ടിച്ചേര്‍ക്കുന്നു.
പത്രവാര്‍ത്തയില്‍ പറഞ്ഞ പോലെ ആണെങ്കില്‍ അവിടെയും മതമില്ലാതെ ജീവിക്കാം എന്ന ഭാഗം പറയുന്നില്ല.
ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഏതു മതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ടെന്നാണ് ശരിക്കും കൂട്ടിച്ചേര്‍ക്കേണ്ടത്. അതങ്ങിനെ ആവുമോ എന്നത് കണ്ടറിയണം.
ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കുന്ന കോടിക്കണക്കിനാളുകള്‍ ഭാരതത്തിലുണ്ട്. ഇവരെയൊന്നും എന്തുകൊണ്ട് പരിചയപ്പെടുത്തുന്നില്ല?
സഹോദന്‍ അയ്യപ്പന്‍റെ വാക്കുകള്‍ എന്തു കൊണ്ട് ഉള്‍പ്പെടുത്തുന്നില്ല?
മതമില്ലാത്ത ജീവന്‍ എന്ന തലക്കെട്ടിന് എന്താണ് കുഴപ്പം? ജീവന് മതമുണ്ടോ?
ജനനശേഷം രക്ഷിതാക്കള്‍ ആരോപിക്കുന്നതല്ലേ മതം?
കൃസ്ത്യാനിക്കും ഹിന്ദുവിനും ഇസ്ലാമിനും പാഴ്സിക്കും സിക്കിനും മറ്റുമേ മതമുള്ളൂ. അല്ലാതെ ഒരിക്കലും മനുഷ്യനോ ജീവനോ മതമില്ല. അതു തിരിച്ചറിയാന്‍ കാപട്യക്കാര്‍ ഒരിക്കലും ശ്രമിക്കില്ല എന്നറിയാം.
ഒരു കാര്യം കൂടി ബോധ്യമായി മതമില്ലാതെ ജീവിക്കാം എന്ന് കുട്ടികള്‍ അറിഞ്ഞാല്‍ തകര്‍ന്നു തരിപ്പണമാകുന്നതാണ് എല്ലാ മതങ്ങളും.

സര്‍ക്കാരും സമിതിയും ചെയ്തത് തികച്ചും കാപട്യമാണ്.
ഇത് മതനിരപേക്ഷതയല്ല മതപ്രീണനമാണ്.
കിഴക്കുനോക്കിയന്ത്രം ഈ ദിനത്തെ മതകാപട്യദിനമായി പ്രഖ്യാപിക്കുന്നു.

Thursday, July 17, 2008

ആണവക്കരാറും വിമര്‍ശനാത്മകബോധനശാസ്ത്രവും

അഗ്രഗേറ്റര്‍ പണിമുടക്കുന്നു.

ഇവിടെ ക്ളിക്കുക

http://kizhakkunokkiyandram.blogspot.com/2008/07/blog-post_5745.htmlഅഗ്രഗേറ്റര്‍ പ്രശ്നത്തിന് പരിഹാരം അറിയാവുന്നവര്‍ പറഞ്ഞു തരിക.
ഞാന്‍ രാവിലെ 9.50 ന് പോസ്റ്റിയതാണ്. വൈകിട്ടായിട്ടും അഗ്രഗേറ്റര്‍ കണ്ടെത്തിയില്ല.
‍വൈകിട്ട് പോസ്റ്റ് ഡിലീറ്റ് ചെയ്ത് വീണ്ടും ഇട്ടു നോക്കി. രക്ഷയില്ല.
ഇനി ഇതു കൂടി പരീക്ഷിക്കാം എന്നു വച്ചു.

ആണവക്കരാറും വിമര്‍ശനാത്മകബോധനശാസ്ത്രവും

ഇ മെയിലൂടെ പ്രചരിക്കുന്ന ഒരു മെയിലാണ് ചിത്രത്തില്‍ (ക്ളിക്കിയാല്‍ വലുതായിക്കാണാം). ആണവകരാറ്‍ സമൂഹത്തിന് നല്ലതാണോ ചീത്തയാണോ എന്നത് ഒരു കുട്ടിയുടേയും അപ്പൂപ്പന്‍റേയും ചര്‍ച്ചയിലൂടെ വികസിപ്പിച്ചെടുക്കുകയാണിതില്‍.

എഴുതിയ ആളുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്.
ഇത് ഒരു പാഠഭാഗമാ
യി പുസ്തകത്തില്‍ ഉണ്ടെന്ന് കരുതുക.

പുതിയ വിമര്‍ശനാത്മ
ക ബോധന ശാസ്തരത്തിലൂടെയാണ് നിഷയും കൂട്ടുകാരും ഇത് പഠിക്കുന്നതെങ്കില്‍ അവര്‍ എന്ത് നിഗമനത്തിലായിരിക്കും എത്തുക?

പാഠത്തില്‍ സ്വാഭാവികമായും ഇത്തരം ചില ചോദ്യങ്ങള്‍ കൂടി ഉണ്ടാകും.


1. ഉണ്ണിക്കുട്ടന്‍റെ ആശങ്കയെ അപ്പൂപ്പന്‍ സാധൂകരിച്ചത് നിങ്ങള്‍ ശരിവയ്കുന്നുണ്ടോ?
എന്തു കൊണ്ട്

2. ശാസ്ത്രത്തിന്‍റെ രീതിയും അപ്പൂപ്പന്‍റെ നിഗമനവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ?

3. ഉണ്ണിക്കുട്ടന്‍റെ ആശങ്കയെ നിങ്ങള്‍ എങ്ങിനെയായിരിക്കും പരിഹരിക്കുക?

4. ഇന്ത്യയുടെ ഊര്‍ജ്ജ ഉപഭോഗം എത്രയാണെന്നും അത് ഏതെല്ലാം രീതിയിലാണ് നാം നേടുന്നതെന്നും കണ്ടെത്തുക.

5. ബാബു എന്ന കുട്ടിയുടെ അഭിപ്രായം സൌരോര്‍ജ്ജമാണ് ആണവ ഊര്‍ജ്ജത്തേക്കാള്‍ നല്ലത് എന്നാണ്. നിങ്ങള്‍ ഈ അഭിപ്രായത്തെ ശരി വയ്ക്കുന്നുണ്ടോ?നമുക്ക് ഒന്നു ചിന്തിക്കാം, ആണവക്കരാറും പഠിക്കാം വിമര്‍ശനാത്മക ബോധനശാസ്തരവും പഠിക്കാം.....

കമന്‍റുക, നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എല്ലാം.....

Tuesday, July 15, 2008

മതമല്ല വോട്ട് ബാങ്ക്.

മതമല്ല വോട്ട് ബാങ്ക്.

കേരളത്തിലും ദേശീയതലത്തിലും മതവും രാഷ്ട്രീയവും ഒന്നായിത്തീരുകയാണ്.
മതത്തെ പ്രീണിപ്പിച്ച് അധികാരം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
മതമില്ലാതെ രാഷ്ട്രീയമില്ല എന്ന അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു.
ദേശീയ തലത്തിലും കേരളത്തിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ചും മതങ്ങള്‍ക്കും ജാതികള്‍ക്കും (അതോ അവരുടെ അധ്യക്ഷകര്‍ക്കോ?)
രാഷ്ട്രീയ തീരുമാനങ്ങളില്‍ സജീവമായി ഇടപെടാന്‍ കഴിയുന്നു. പല സുപ്രധാന തീരുമാനങ്ങളും മതങ്ങളുടെ ഇടപെടല്‍ കൊണ്ട് മാറ്റിമറിക്കപ്പെടുന്നു.
ഈയൊരു സാഹചര്യത്തില്‍ നാം ചിന്തിച്ചേ മതിയാകൂ. നമുക്കെവിടെയാണ് പിഴവ് പറ്റിയത്?

സത്യത്തില്‍ മതം ഒരു രാഷ്ട്രീയ ശക്തി ആണോ?

പറഞ്ഞു പറഞ്ഞ് നേടിയെടുത്ത(?) ഒരു അസത്യമല്ലേ ഇത്?
ഒന്നു ചിന്തിക്കൂ,
ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഒരു മതത്തേയും പ്രീണിപ്പിക്കുന്നില്ല എന്ന് വയ്ക്കുക, ആ പാര്‍ട്ടി ഇലക്ഷനില്‍ തോല്‍ക്കുമോ?
ഒരിക്കലുമില്ല!!
കേരളത്തിലെ സ്ഥിതി എടുത്ത് നോക്കൂ
എല്ലാ 5 വര്‍ഷവും കൂടുമ്പോള്‍ മാറി മാറി ഭരിക്കാന്‍ മാത്രമാണ് കേരള ജനത അവരെ അനുവദിച്ചിട്ടുള്ളൂ.
ഇനിയും വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ധൈര്യമായി മതത്തെ മാറ്റി നിര്‍ത്താം.
സര്‍ക്കാരുകള്‍ക്ക് ധൈര്യമായി തീരുമാനങ്ങളെടുക്കാം. ഒരു മതത്തിനും ഒന്നും ചെയ്യാന്‍ കഴിയുകയില്ല.

കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുന്നത് പുരോഹിതരുടെ മുന്നില്‍ വച്ച് പരസ്യമായല്ല എന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരിച്ചറിയണം.
എത്ര വലിയ മതമേധാവിയും വന്ന് ഇന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യരുത് എന്ന് പറഞ്ഞാല്‍ അതനുസരിക്കാന്‍ മാത്രം മണ്ടരല്ല കേരള ജനത.

റോട്ടിലിറങ്ങണമെന്നും പുസ്തകം കത്തിക്കണമെന്നുമൊക്കെ ആഹ്വാനം ചെയ്താല്‍ അതു ചെയ്യാന്‍ ചിലപ്പോള്‍ ആളെ കിട്ടിയേക്കാം.
എന്നാല്‍ രഹസ്യമായി ചെയ്യുന്ന ഒരു കാര്യമാണ​് വോട്ട്. അത് ഒരിക്കലും ഒരാള്‍ക്കും നിര്‍ബന്ധിക്കാനാവില്ല (ചുരുങ്ങിയത് കേരളത്തിലെങ്ങിലും).
അച്ചനോടും വെളിച്ചപ്പാടിനോടും മൊല്ലാക്കയോടും നുണ പറയാന്‍ ഒരു മടിയുമില്ലാത്ത ജനതയാണ് കേരളത്തിലുള്ളതെന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരിച്ചറിയണം.
വോട്ടിന് രാഷ്ട്രീയം മാത്രമേ കാരണമായിട്ടുള്ളൂ. ചുരുക്കം ചില സാഹചര്യങ്ങളില്‍ വ്യക്തിബന്ധങ്ങളും കാരണമായി വന്നേക്കാം.
എന്നാല്‍ ഒരിക്കലും മതം അതിനൊരു കാരണമല്ല.

രാഷ്ട്രീയക്കാരേ തിരിച്ചറിയൂ...

മതമല്ല വോട്ട് ബാങ്ക്.

മതമല്ല വോട്ട് ബാങ്ക്.

മതമല്ല വോട്ട് ബാങ്ക്.


Monday, July 14, 2008

പശ നിര്‍മിക്കുന്ന ബാക്‌റ്റീരിയകള്‍

പശ നിര്‍മിക്കുന്ന ബാക്‌റ്റീരിയകള്‍

..........................തൊട്ടുപുറകേയുള്ള കൊമ്പനില്‍ നിന്നും രക്ഷതേടാനുള്ള വഴിയാലോചിക്കുമ്പോഴാണ്‌ മണിക്കുട്ടി മന്ത്രവാദി തന്ന പശയെക്കുറിച്ചോര്‍ത്തത്. നീണ്ടുവന്ന തുമ്പിക്കെയ്യില്‍ പശ പുരട്ടിയതും മരത്തില്‍ ചാടിക്കയറിയതും ഒരുമിച്ചായിരുന്നു. നീണ്ടുവന്ന തുമ്പിക്കെ മരത്തില്‍ നിന്നും വിടുവിക്കാനാവാതെ അലറുന്ന കൊമ്പനെക്കണ്ടപ്പോഴാണ്‌ മണിക്കുട്ടന്‌ ആശ്വാസമായത്‌. ആ ആശ്വാസവുമായി ചാടിയിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ്‌ താനും ആ പശയില്‍......................

പണ്ടെവിടെയോ കേട്ടുമറന്ന നാടോടിക്കഥയിലെ നായകനും നായികയുമെല്ലാം പശ തന്നെ. കഥ കാര്യമാകുമോ എന്നതാണ്‌ പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്‌. ബ്ലൂമിംഗ്‌ടണ്‍ ഇന്‍ഡ്യാന യൂണിവേഴ്‌സിറ്റിയിലും ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലും നടന്ന പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌ ഇത്തരം ഒരു സാധ്യതയിലേക്കാണ്‌. നദികളിലും അരുവികളിലും ജലം കൊണ്ടുപോ
കുന്ന പെപ്പുകളിലുമെല്ലാം കാണപ്പെടുന്ന ഒരു പ്രതേ്യക തരം ബാക്‌ടീരിയകള്‍ ഉത്‌പാദിപ്പിക്കുന്ന പ്രോട്ടീനും പഞ്ചസാരയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച പശയാണത്ര. ഉരുളന്‍ കല്ലുകളിലും പെപ്പിന്റെ ഉള്ളിലുമെല്ലാം ഒട്ടിപ്പിടിച്ചിരിക്കാന്‍ സി.ക്രസന്‍റസ് (caulobactor crescentus) എന്ന ബാക്‌ടീരിയയെ സഹായിക്കുന്നത്‌ പ്രകൃതിദത്തമായ ഇൗ പശയാണ്‌.

ഗ്ളാസില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരു ബാക്‌ടീരിയയെ നീക്കം ചെയ്യാന്‍ പ്രയോഗിക്കേണ്ടിവന്നത്‌ ഒരു മൈക്രോ ന്യൂട്ടണ്‍ ബലമാണ്‌. ഏകദേശം 100 ഗ്രാമുള്ള ഒരു കല്ല്‌ ഉയര്‍ത്തുവാന്‍ 1 ന്യൂട്ടണ്‍ ബലം മതി. ഇതിന്റെ പത്തു
ലക്ഷത്തില്‍ ഒരംശം മാത്രമാണ്‌ സി. ക്രസന്‍റസ്‌ ബാക്‌ടീരിയയെ നീക്കം ചെയ്യാന്‍ വേണ്ടിവന്നത്‌. ഒരു മൈക്രോന്യൂട്ടണ്‍ എന്നത്‌ നിസ്സാരമായ ബലം തന്നെ. എന്നാല്‍ ബാക്‌ടീരിയ ഗ്ളാസില്‍ പറ്റിപ്പിടിച്ചിരിക്കുന്ന സ്ഥലത്തിന്റെ വിസ്‌തീര്‍ണ്ണം വളരെ കുറവാണ്‌. 1 മില്ലിമീറ്റര്‍ വീതിയും നീളവുമുള്ള സ്ഥലത്ത് മുഴുവന്‍ ഇൗ പശ തേച്ചാല്‍ ഏകദേശം 70 ന്യൂട്ടണ്‍ ബലം വേണ്ടിവരും അതിനെ വേര്‍പെടുത്താന്‍. ഒരു പക്ഷെ ഒരു ചതുരശ്ര ഇഞ്ചില്‍ 5 ടണ്‍ ഭാരം വരെ ഇൗ പശക്ക്‌ താങ്ങാന്‍ കഴിയുമത്ര. രണ്ടോ മൂന്നോ കാറുകള്‍ മേല്‌ക്കൂരയില്‍ തൂക്കിയിടാന്‍ ഒരിഞ്ച്‌ സ്ഥലത്ത് പശ തേച്ചാല്‍ മതി എന്നു സാരം. ഇന്ന്‌ കൃത്രിമമായി നിര്‍മ്മിക്കുന്ന ഏറ്റവും മികച്ച പശക്കു പോലും 1 ചതുരശ്ര മില്ലിമീറ്റര്‍ സ്ഥലത്ത് 28 ന്യൂട്ടണ്‍ ബലം മാത്രമേ താങ്ങുവാന്‍ കഴിയൂ. താത്വികമായി ബാക്‌ടീരിയയില്‍നിന്നും ഇൗ പശ നിര്‍മ്മിക്കാനും പല തരത്തിലുള്ള മെഡിക്കല്‍ എന്‍ജിനീയറിംഗ്‌ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും. നനവുള്ള പ്രതലങ്ങളിലും ഇവ ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതാണ്‌ ആകര്‍ഷകമായ മറ്റൊരു ഘടകം. സ്വാഭാവികമായ ജൈവജീര്‍ണ്ണനം സംഭവിക്കുന്നതിനാല്‍ ശസ്‌ത്രക്രിയകള്‍ക്ക്‌ ഉപയോഗിക്കുന്ന പശയാക്കിമാറ്റാനും സാധിച്ചേക്കാം. ഗവേഷണങ്ങള്‍ നടത്തിയ ബ്രൗണിന്റെയും ജെയ്‌ ടാങ്ങിന്‍റെയും പീറ്റര്‍ സാങ്ങിന്‍റെയും മറ്റും സ്വപ്‌നങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ ഇൗ ആശയങ്ങള്‍. എന്നാല്‍ ഇതിനെ പ്രാവര്‍ത്തികമാക്കാനുള്ള പരീക്ഷണങ്ങളുമായി അവര്‍ മുന്‍പോട്ടു തന്നെയാണ്‌

സി ക്രസന്‍റസ് എന്ന ഇൗ
ബാക്‌ടീരിയ തന്‍റെ ശരീരത്തിലെ വളരെ മെലിഞ്ഞ ഒരു ഭാഗം ഉപയോഗിച്ചാണ്‌ ജലമൊഴുകുന്ന പെപ്പുകളിലും അരുവികളിലെ പാറകളിലുമെല്ലാം പറ്റിപ്പിടിച്ചിരിക്കുന്നത്‌. ബാക്‌ടീരിയയുടെ വാല്‍ എന്നോ കൈ എന്നോ വിശേഷിപ്പിക്കാവുന്ന ഇൗ തണ്ടിന്‍റ അറ്റത്ത് പോളിസാക്കറൈഡ്‌ എന്നു വിളിക്കുന്ന പഞ്ചസാരത്തരികളുടെ നീണ്ട ശൃംഖല തന്നെ കാണാം. ഇൗ പഞ്ചസാര ശൃംഖലാ തന്മാത്രകള്‍ കനം കുറഞ്ഞ ഇൗ വാല്‍ അഗ്രത്തില്‍ ചിതറിക്കിടക്കുന്നു. ഇൗ പഞ്ചസാരത്തരികളായിരിക്കാം പശയിലെ മുഖ്യഘടകം എന്നാണ്‌ ഗവേഷകരുടെ അനുമാനം. ഇവരുടെ അഭിപ്രായമനുസരിച്ച് പറ്റിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്ന പ്രാട്ടീനുകളുമായി ദൃഢമായ ബന്ധത്തിലാണ്‌ പഞ്ചസാര തന്മാത്രകള്‍. എന്നാല്‍ ഇത്‌ ഇതേവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും പോളിസാക്കറൈഡുകള്‍ നല്ല പശിമയുള്ളവയാണ്‌ എന്ന കാര്യത്തില്‍ ശാസ്‌ത്രജ്ഞര്‍ക്ക് രണ്ടഭിപ്രായമില്ല. പശ വേര്‍തിരിക്കുന്നതിലെ പ്രധാന വെല്ലുവിളി വേര്‍തിരിക്കാനുപയോഗിക്കുന്ന എല്ലാ വസ്‌തുക്കളും ഇതില്‍ ഒട്ടിപ്പിടിക്കുന്നു എന്നതാണ്‌. ചില പ്രതേ്യക സങ്കേതങ്ങള്‍ ഉപയോഗിച്ച് ഗ്ളാസ്‌ ഉപരിതലത്തില്‍ പോളിസാക്കറൈഡുകള്‍ അടങ്ങിയ പ്രോട്ടീന്‍ പശയെ വേര്‍തിരിച്ചെടുക്കുവാന്‍ ഗവേഷകര്‍ക്ക്‌ സാധിച്ചു. ഗ്ളാസില്‍ പറ്റിപ്പിടിച്ച പശയെ കഴുകിക്കളയാന്‍ ശ്രമിച്ചെങ്കിലും ഗവേഷകര്‍ പശയുടെ മുന്നില്‍ കീഴടങ്ങി. ഗ്ളാസ്‌ കുഴലിന്‍റെ അറ്റത്ത്
ബാക്‌ടീരിയയെ പറ്റിപ്പിടിക്കാന്‍ അനുവദിച്ചുകൊണ്ടായരുന്നു പശയുടെ ബലം പരീക്ഷിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചത്. അതിസൂക്ഷ്‌മമായ അളവ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പശയടങ്ങിയ ബാക്‌ടീരിയാ ഭാഗത്തെ വേര്‍തിരിക്കാന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞു. കുഴലിന്‍റെ അറ്റത്തുനിന്ന്‌ പശയെ വലിച്ചുനീക്കാനുള്ള ശ്രമമായിരുന്നു പിന്നീട്‌. സൂക്ഷ്‌മമായ ഉപകരണങ്ങള്‍ ഉപയോഗിച്ച്അതിനു വേണ്ടിവന്ന ബലം അളന്നു. 14 തവണയോളം അളന്നതില്‍ 0.11 മെക്രാ ന്യൂട്ടണ്‍ മുതല്‍ 2.26 മെക്രാ ന്യൂട്ടണ്‍ ബലം വരെ ഒാരോ ശ്രമത്തിലും അവര്‍ക്ക്‌ പ്രയോഗിക്കേണ്ടി വന്നു..
സി ക്രസന്റസുകള്‍ പോഷകദാരിദ്ര്യം നേരിടുന്ന പരിതസ്ഥിതികളിലും വളരാന്‍ കെല്‍പുള്ളവയാണ്‌. പെപ്പുവെള്ളത്തില്‍ ഇവയെ ധാരാളമായി കാണാനുള്ള കാരണവും ഇതു തന്നെ. മനുഷ്യരിലും ഇവ കാണപ്പെടുന്നുണ്ട്‌ ഇവ ഉത്‌പാദിപ്പിക്കുന്ന ഇൗ പ്രോട്ടീനും പഞ്ചസാരത്തരികളും മനുഷ്യന്‌ ഒട്ടും തന്നെ ഹാനികരമല്ല. ശസ്‌ത്രക്രിയാരംഗത്ത് ഏറ്റവും അനുയോജ്യമായ പശയായി ഇതിനെ പ്രയോജനപ്പെടുത്താന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നതും ഇതു കൊണ്ടുതന്നെയാണ്‌.

എല്‍ ബാന്‍ ഫ്രോയിഡ് എന്ന എന്‍ജിനീയര്‍ ബലം കണക്കാക്കുവാന്‍ വേണ്ടി രൂപംനല്‌കിയ സങ്കീര്‍ണ്ണമായ ഗണിത സമവാക്യങ്ങളുടെ തണലിലാണ്‌ പീറ്റര്‍ സാങ്ങ്‌, ഗാംഗ്‌ളെ ലീ തുടങ്ങിയ ശാസ്‌ത്രജ്ഞര്‍ പരീക്ഷങ്ങള്‍ നടത്തിയതും നിരീക്ഷണ ഫലങ്ങള്‍ വിശകലനം ചെയ്‌തതും. നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒാഫ്‌ ജനറല്‍ മെഡിക്കല്‍ സയന്‍സ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണങ്ങള്‍.

ഇൗ മേഖലയിലുള്ള പഠനം ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. നിരവധി ജെവീക ഭൗതിക ശാസ്‌ത്രജ്ഞരും സാങ്കേതികരും ഇൗ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.ഒരു സൂപ്പര്‍ പശ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. ചിലതരം കക്കകളും ചിപ്പികളും കല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സ്രവിപ്പിക്കുന്ന ദ്രവങ്ങളെക്കുറിച്ച് തുടങ്ങിയ ഗവേഷണങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഇന്ന്‌ പുരോഗമിക്കുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം പശകളുടെ ഉത്‌പാദനം ലാഭകരമല്ല എന്നതാണ്‌ പല ഗവേഷണങ്ങളെയും പുറകോട്ടുവലിക്കുന്നഘടകം. ജനിതക-ജെവ സാങ്കേതികവിദ്യകളും നാനോടെക്‌നോളജിയുമെല്ലാം നാളെ ഇൗ മേഖലയെ ലാഭകരമാക്കി തീര്‍ത്തേക്കാം. ആനയെ തൂക്കിയിടാന്‍ കഴിയുന്ന പശ എന്ന പരസ്യം ഇനിയൊരുകാലത്ത്കേട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. ബാക്‌ടീരിയയെ തൊട്ടുകളിച്ചാല്‍.................. കാത്തിരുന്നുകാണാം.................കുറിപ്പ്: ശാസ്ത്രകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചതാണ് എന്‍റെ ഈ ലേഖനം.

Saturday, July 12, 2008

ഞായറാഴ്ച ചിന്തകളും ഗൂഗിള്‍ സൂത്രവും...

ഞായറാഴ്ച ചിന്തകളും ഗൂഗിള്‍ സൂത്രവും...


ആദ്യം ചില ചിന്തകള്‍........


മതമല്ല മനുഷ്യനാണ് വലുത്


ആദ്യം മനുഷ്യന്‍ ദൈവത്തെ സൃഷ്ടിച്ചു.. പിന്നീടാ ദൈവം മനുഷ്യനെ സൃഷ്ടിച്ചു...


സ്വന്തം വിശ്വാസം തനിക്കെതിരേ തിരിയുന്നവരേക്കും അതിലെ തെറ്റ് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയില്ല. അതിനു മുന്‍പേ അത് തിരിച്ചറിയുന്നവര്‍ കപടവിശ്വാസികളായി മുദ്രകുത്തപ്പെടുന്നു...ഇനിയൊരു ഗൂഗിള്‍ സൂത്രം...

http://www.google.com/transliterate/indic/Malayalam#

എന്ന സൈറ്റില്‍ ചെല്ലുക. ഗൂഗിള്‍ പരീക്ഷണശാലയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളം ട്രാന്‍സ്ലിറ്ററേഷന്‍ യന്ത്രമാണിത്.
മംഗ്ളീഷില്‍ ടൈപ്പിയാല്‍ അതെല്ലാം മലയാളത്തില്‍ ആക്കാന്‍ ഇതുപയോഗിക്കാം..
മലയാളം കീ ബോര്‍ഡ് വഴങ്ങാത്തവര്‍ക്ക് ഇത് ഉപകാരമായിരിക്കും.
ബ്ളോഗുകള്‍ മലയാളത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം blogspot.com ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്‍റെ എഡിറ്ററില്‍ തന്നെ ഇതിനുള്ള അവസരം ഉണ്ട്.
എന്നാല്‍ wordpress ബ്ളോഗുപയോഗിക്കുന്നവര്‍ക്കും ബ്ളോഗില്‍ കമന്‍റുകള്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം.
ഈ സേവനം ലഭ്യമാകണമെങ്കില്‍ ഓണ്‍ലൈനില്‍ ആയിരിക്കണം എന്ന പരിമിതി ഉണ്ട്.
എന്നാല്‍ സാധാരണ ഇത്തരത്തിലുള്ള മംഗ്ളീഷ് - മലയാളം സോഫ്റ്റ്വെയറുകളെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമമാണ് ഇത്. പൂര്‍ണ്ണമായ വേര്‍ഷന്‍ ഇതു വരെ പുറത്തിറക്കിയിട്ടില്ല.

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് കാരും വെറുതെയിരിക്കുന്നില്ല. ഓഫ്ലൈനില്‍
ഇതേ കാര്യത്തിനായുള്ള സുലേഖ എന്ന സോഫ്റ്റ്വെയര്‍ പണിപ്പുരയിലാണ്.
പൂര്‍ണ്ണമായും ഓപ്പണ്‍സോഴ്സില്‍ ചെയ്യുന്ന ഈ പ്രോജക്റ്റിന്‍റെ വിശദവിവരങ്ങള്‍ ഇവിടെ കാണാംFriday, July 11, 2008

ദീപികയുടെ വിഷചുംബനം

ദീപികയുടെ കപടപത്രപ്രവര്‍ത്തനം

എന്താണ് പത്രപ്രവര്‍ത്തനം എന്ന് അറിയാത്തവരുടെ ഏറ്റവും വലിയ ഉദാഹരണമായിപ്പോയി ദീപികയുടെ പത്രപ്രവര്‍ത്തനം.
അല്ലെങ്കില്‍ തോമസ് വര്‍ഗീസ്സിന്‍റെ ഈ വാര്‍ത്ത(?) പത്രത്തില്‍ വരില്ലായിരുന്നു.
( ദീപികയുടെ സൈറ്റില്‍ നിന്നും ഡീക്കന്‍ റോബിന്‍റെ ബ്ളോഗില്‍ നിന്നും ഇത് വായിക്കാം.)
ചിന്തിക്കുന്നത് പലരും പല വിധത്തിലാവാം. പക്ഷേ ഏത് എതിര്‍പ്പിനും ഒരു ന്യായീകരണം ഒക്കെ വേണം.
പക്ഷേ ഈ വാര്‍ത്തക്ക് എന്ത് ന്യായീകരണം കൊടുക്കും.

വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പത്രം എന്നവകാശപ്പെടുന്ന ദീപികയില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. ഇനി ഒന്നു ചെയ്യാം ദീപിക ബഹിഷ്കരിക്കുക എന്നത്.

കടുത്ത കപടസദാചാരവാദികള്‍ പോലും ചിന്തിക്കുക കൂടി ചെയ്യാത്ത ഒരു കാര്യം തോമസ്സ് വര്‍ഗ്ഗീസ് ചിന്തിച്ചുണ്ടാക്കി.
ഏഴാം ക്ളാസ് സാമൂഹ്യപാഠപുസ്തകവിവാദം എന്ന വിഷം സമൂഹത്തിലേക്ക് കുത്തിവച്ച ദീപികയിപ്പോള്‍ അടുത്ത വിഷവുമായി എത്തിയിരിക്കുകയാണ്.
പക്ഷേ ഇത് കുറേക്കൂടി കടുത്തു പോയി.
നമ്മുടെ കുട്ടികളുടെ മുന്നിലേക്കാണ് ഈ വിവാദങ്ങളെല്ലാം ഉണ്ടാക്കുന്നത് എന്ന ബോധ്യം ദീപികക്ക് ഉണ്ടാവേണ്ടിയിരിക്കുന്നു.
"മതമില്ലാത്ത ജീവന്‍" എന്ന വിവാദം പക്ഷേ കുട്ടികളെ കൂടുതല്‍ നന്നായി ചിന്തിപ്പിക്കുകയും പാഠത്തിന്‍റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കുകയും ചെയ്തു.
പക്ഷേ ഇനി ഇതും വിവാദമായാല്‍ അത് കുട്ടികളെ എങ്ങിനെയായിരിക്കും ബാധിക്കുക എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

തികച്ചും ആസൂത്രിതമായ രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത് എന്നു തോന്നുന്നു. അല്ലെങ്കില്‍ ഏഴാം ക്ളാസ് പാഠപുസ്തകങ്ങള്‍ എല്ലാം ഇങ്ങിനെ വിവാദമാകില്ലായിരുന്നു.
വിവാദത്തിന്‍റെ വിഷയത്തെക്കുറിച്ചല്ല മറിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്തിന് എന്നതാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം.

Thursday, July 10, 2008

ജ്യോതിശാസ്ത്രവും സ്വതന്ത്ര സോഫ്റ്റ്വെയറും..

ജ്യോതിശാസ്ത്രവും സ്വതന്ത്ര സോഫ്റ്റ്വെയറും..

അനന്തമായതെന്തും മനുഷ്യനെപ്പോഴും കൌതുകമാണ് . പകലാകാശത്തേക്കാള്‍ അവളെ അത്ഭുതപ്പെടുത്തിയത് രാത്രിയിലെ ആകാശമായിരിക്കണം. സൂര്യനൊഴികെയുള്ള എല്ലാ ജ്യോതിര്‍ഗോളങ്ങളും വെറും കൌതുകത്തിനപ്പുറത്തേക്ക് സാംസ്കാരികമായ വളര്‍ച്ചയുടെ ഭാഗമായിത്തന്നെ മാറി. കൃഷിയും സഞ്ചാരവും സമയവും എല്ലാം അവള്‍ കാല്‍ക്കീഴിലാക്കിയത് ഈ ജ്യോതിര്‍ഗോളങ്ങള്‍ തന്ന അറിവിലൂടെയായിരുന്നു. ആ അറിവുകള്‍ വളര്‍ന്നുവന്നത് പങ്കുവയ്ക്കലുകളുടെ ഭാഗമായിട്ടാണ്.അറിവുകള്‍ സ്വന്തമാക്കി വയ്ക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല. കുത്തകയില്ലാതെ വളര്‍ന്നുവന്ന ആ അറിവുകള്‍ ഇടക്കെപ്പോഴോ മതങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ഭാഗമായിത്തീര്‍ന്നു.

ജ്യോതിര്‍ഗോളങ്ങളുടെ സ്വാതന്ത്ര്യം അവിടെ അവസാനിക്കുകയായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിന്‍റെ കനലുകള്‍ അതിനിടയിലും ഉറങ്ങിക്കിടന്നിരുന്നു. മനുഷ്യന്‍ അങ്ങിനെയാണ്. അറിവുകള്‍ ആത്യന്തികമായി ആരുടെയെങ്കിലും കുത്തകയാക്കി വയ്ക്കാന്‍ അവള്‍ അനുവദിക്കില്ല. ബ്രൂണോയും ഗലീലിയും തിരികൊളുത്തിയ പുതിയ സ്വാതന്ത്ര്യത്തിന്‍റെ വഴികള്‍ ന്യൂട്ടണും ഐന്‍സ്റ്റീനും ഏറ്റെടുത്തതോടെ അറിവിന്‍റെ കുത്തകക്ക് അവസാനം കുറിച്ചു എന്ന് എല്ലാവരും കരുതി.പിന്നീടുള്ള നാളുകള്‍ ജ്യോതിശാസ്ത്രം നല്‍കിയ സംഭാവനകള്‍ മനുഷ്യസമൂഹത്തിനു തന്നെ ആവേശം പകരുന്നതായിരുന്നു.നിരവധി സാങ്കേതിക വിദ്യകള്‍ക്കും ജ്യോതിശാസ്ത്രം കാരണമായി. വിവരസാങ്കേതിക വിദ്യയുടെ ആധുനികയുഗത്തിന് തുടക്കം കുറിച്ച കമ്പ്യൂട്ടറുകളുടെ വികാസത്തിന് ചാന്ദ്ര ദൌത്യങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ല.

എന്നാല്‍ വിവരങ്ങളുടെ സ്വാതന്ത്ര്യം വീണ്ടും ചങ്ങലകള്‍ക്കുള്ളിലാവുകയായിരുന്നു. സോഫ്റ്റ്വെയറ്‍ രംഗമായിരുന്നു ഇതിന് വഴി തെളിച്ചത്. പരിമിതമായ അവകാശങ്ങള്‍ക്കുള്ളില്‍ ജനതയെ തളച്ചിടാന്‍ സോഫ്റ്റ്വെയര്‍ രംഗത്തെ ആധുനിക കമ്പനികള്‍ക്ക് കഴിഞ്ഞു.എന്നാല്‍ ഇവിടെയും സ്വാതന്ത്ര്യത്തിന്‍റെ മേഖലകള്‍ സമാന്തരമായി വളരുന്നുണ്ടായിരുന്നു.
സ്വതന്ത്രവും തുറന്നസോഴ്സ് ഉള്ളതുമായ സോഫ്റ്റ്വെയര്‍ എന്ന ആശയം ലിനസ്സ് ടോവാള്‍ഡും റിച്ചാര്‍ഡ് സ്റ്റാള്‍മാനുമൊപ്പം ലോക ജനതയും ഉയര്‍ത്തിപ്പിടിച്ചതോടെ അറിവ് വീണ്ടും സമൂഹത്തിന്‍റെ സ്വന്തമായി മാറിക്കൊണ്ടിരിക്കുന്നു.

അറിവു നേടാനുള്ള ആധുനിക മനുഷ്യന്‍റെ ശ്രമങ്ങള്‍ക്ക് സോഫ്റ്റ്വെയര്‍ രംഗം നല്‍കിയ സഹായം കുറച്ചൊന്നുമല്ല. വിവരങ്ങളുടെ അപഗ്രഥനങ്ങള്‍ക്കു വേണ്ടിയുള്ള മനുഷ്യപ്രയത്നവും സമയവും ലാഭിക്കാന്‍ സോഫ്റ്റ്വെയറുകള്‍ സഹായകരമായി. സ്വാതന്ത്ര്യത്തിന്‍റെ വില നേരത്തേ മനസ്സിലാക്കിയ ശാസ്ത്രലോകം സോഫ്റ്റ്വെയര്‍ തിരഞ്ഞെടുക്കുമ്പോഴും നീതി പുലര്‍ത്താന്‍ മറന്നില്ല.
സ്വതന്ത്ര സോഫ്റ്റ്വെയറുകളും ശാസ്ത്രലോകവും ഒരുമിച്ച് മുന്നേറിയപ്പോള്‍ ജ്യോതിശാസ്ത്രവും മടി‌ച്ചു നിന്നില്ല. പഠിക്കുവാനും പഠിപ്പിക്കുവാനും ഗവേഷണങ്ങള്‍ നടത്താനും ജ്യോതിശാസ്ത്രം കൂടുതലും തിരഞ്ഞെടുത്തത് സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ തന്നെയാണ്.

അങ്ങിനെ ചിലതിന്‍റെ ലോകത്തിലൂടെ ഒരു ചെറിയ യാത്രയാവാം...
പഠിക്കുവാനും പഠിപ്പിക്കുവാനും.....

൧. സ്റ്റെല്ലേറിയം...

പ്ളാനറ്റോറിയങ്ങള്‍ നമ്മളില്‍ ജനിപ്പിക്കുന്നത് മിഥ്യായാഥാര്‍ത്ഥ്യത്തിന്‍റെ അലകളാണ്. സ്വന്തം കമ്പ്യൂട്ടറിനെ ഒരു പ്ളാനറ്റോറിയമായി മാറ്റാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയറാണ് സ്റ്റെല്ലേറിയം (Stellarium).
ഒരു പ്ളാനറ്റോറിയത്തിന്‍റെ പരിമിതിക്കപ്പുറത്തേക്കാണ് സ്റ്റെല്ലേറിയത്തിന്‍റെ സാധ്യതകള്‍.
ഏതൊരു ദിവസത്തേയും ഏതു സമയത്തേയും ആകാശം നമുക്കിതില്‍ കാണാം. അന്തരീക്ഷം നമുക്കിഷ്ടമുള്ള പോലെ മാറ്റി മറിക്കാനും സാധിക്കും.
നക്ഷത്ര നിരീക്ഷണത്തിന് ഇതിലും നല്ലൊരു സോഫ്റ്റ്വെയര്‍ നമുക്ക് ലഭ്യമല്ലെന്നു തന്നെ പറയാം. നക്ഷത്രഗണങ്ങളും അവയുടെ ആകൃതിയും അതിലെ ഓരോ നക്ഷത്രങ്ങളുടെ പേരും അവയുടെ തിളക്കവും അവയിലേക്കുള്ള ദൂരവും എല്ലാം നമുക്ക് പരിശോധിക്കാം. 600,000 ത്തിലധികം നക്ഷത്രങ്ങളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ കാറ്റലോഗാണ് സ്റ്റെല്ലേറിയത്തിന്‍റെ സവിശേഷത.
21 കോടി നക്ഷത്രങ്ങളടെ പ്രധാന വിവരങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു എന്നത് ആരെയും അമ്പരപ്പിക്കും.
ഓരോ ഗ്രഹങ്ങളെക്കുറിച്ചും ചിത്രങ്ങളടക്കമുള്ള വിശദവിവരങ്ങള്‍ സ്റ്റെല്ലേറിയം പങ്കുവയ്ക്കുന്നുണ്ട്.
സോഫ്റ്റ്വെയര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടെലസ്ക്കോപ്പുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. നാം ചൂണ്ടിക്കാണിക്കുന്ന ഭാഗത്തേക്ക് ടെലിസ്കോപ്പ് തിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്റ്റെല്ലേറിയം സ്വയം നല്‍കിക്കോളും.
മറ്റ് സവിശേഷതകള്‍ താഴെ പറയുന്നവയാണ്.
൧. മനോഹരമായ രൂപകല്പന
൨. പത്ത് വ്യത്യസ്ഥ സംസ്കാരങ്ങളിലെ നക്ഷത്രഗണങ്ങള്‍
൩. മെസിയര്‍ കാറ്റലോഗ് അനുസരിച്ച് നെബുലകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍
൪. സ്വന്തമായി ജ്യോതിശാസ്ത്ര ഷോകള്‍ നടത്താനുള്ള സംവിധാനം
൫. പ്ളാനറ്റോറിയം കൂടാരങ്ങള്‍ ഉണ്ടെങ്കില്‍ അതിനുള്ളില്‍ ആകാശം പ്രൊജക്റ്റ് ചെയ്യാനുള്ള സംവിധാനങ്ങള്‍
൬. ഇക്യുറ്റോറിയല്‍ അസിമത്തല്‍ ഗ്രിഡുകള്‍
൭. ഗ്രഹണങ്ങളുടെ സിമുലേഷനുകള്‍
൮. നക്ഷത്രങ്ങള്‍ മിന്നുന്നത് ക്രമീകരിക്കാനുള്ള സംവിധാനം
൯. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ചിത്രങ്ങളും സ്ക്രിപ്പറ്റുകളും ചേര്‍ക്കാനുള്ള സംവിധാനവും..
http://www.stellarium.org/ എന്ന സൈറ്റില്‍ നിന്നും സൌജന്യമായി ഈ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിശദവിവരങ്ങളും ഇവിടെ നിന്ന് ലഭിക്കും.

2. കെസ്റ്റാര്‍സ് (kstars)

സ്റ്റെല്ലേറിയം പോലെ ഉള്ള മറ്റൊരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ കെസ്റ്റാര്‍സ് . മിക്ക ലിനക്സ് പാക്കേജുകള്‍ക്കും ഒപ്പം ലഭിക്കുന്ന ലളിതമായ ഒരു സോഫ്റ്റ്വേര്‍ ആണിത്. വിദ്യാഭ്യാസ സംബന്ധമായ പ്രോഗ്രാമുകള്‍ക്കൊപ്പമാണ് ഇത് ലഭിക്കുക.
സ്റ്റെല്ലേറിയത്തിന്‍റെ അത്രയും പ്രത്യേകതകള്‍ ഇല്ലെങ്കിലും വളരെക്കുറഞ്ഞ പ്രൊസസ്സിംഗ് ശേഷിയുള്ള കമ്പ്യൂട്ടറുകളില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിവുള്ള സോഫ്റ്റവേര്‍ ആണിത്.
ഭൂമിയില്‍ നാം നില്‍ക്കുന്ന സ്ഥലവും സമയവും നല്‍കിയാല്‍ നല്ലൊരു നക്ഷത്രമാപ്പ് ഉണ്ടാക്കിത്തരും നമ്മുടെ ഈ പ്രോഗ്രാം.
ലളിതമായി ഉപയോഗിക്കാം എന്നതാണ് മറ്റൊരു സവിശേഷത. നിരവധി ടെലിസ്കോപ്പുകളുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇതിന് ശേഷിയുണ്ട്.
ഇന്‍റര്‍നെറ്റ് ലഭ്യമാണെങ്കില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ കൊണ്ട് പ്രോഗ്രാമിനെ കൂടുതല്‍ മികച്ചതാക്കാനും സാധിക്കും.

3. സെലസ്റ്റിയ

പ്ളാനറ്റോറിയം സോഫ്റ്റ്വെയറുകളില്‍ നിന്ന് വ്യത്യസ്ഥമായ ഒരു സോഫ്റ്റ്വെയര്‍ ആണ് സെലസ്റ്റിയ. പ്രപഞ്ചത്തിന്‍റെ ഒരു ചെറിയ പതിപ്പാണ് ഈ പ്രോഗ്രാം നമുക്കു മുന്‍പില്‍ തുറന്നു വയ്ക്കുന്നത്.
ഗ്രഹാന്തരയാത്രകളും ചാന്ദ്രപര്യവേഷണവുമെല്ലാം എല്ലാ ജനങ്ങള്‍ക്കും അനുഭവവേദ്യമാക്കിത്തരികയാണ് സെലസ്റ്റിയ. ഏത് ഗാലക്സികളിലേക്കും നക്ഷത്രങ്ങളിലേക്കും ഗ്രഹങ്ങളിലേക്കും ഉപഗ്രഹങ്ങളിലേക്കും വാല്‍നക്ഷത്രങ്ങളിലേക്കും എല്ലാം വിനോദ പഠനയാത്രകള്‍ നടത്താന്‍ ഒരു കംമ്പ്യൂട്ടര്‍ മാത്രം മതി എന്ന് ചുരുക്കം.
നമ്മള്‍ നടത്തിയ യത്രകള്‍ സുക്ഷിച്ചു വയ്ക്കാനും വേണമെങ്കില്‍ വീഡിയോ ഫയലുകള്‍ ആക്കി സൂക്ഷിക്കാനും സാധിക്കും.
http://www.celestiamotherlode.net/ എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഫയലുകള്‍ ഉപയോഗിച്ചാല്‍ പ്രോഗ്രാമില്‍ നിരവധി സവിശേഷതകള്‍ കൂടി ഉള്‍പ്പെടുത്താനും സാധിക്കും.
കൃതൃമ ഉപഗ്രഹങ്ങള്‍, പര്യവേഷണ വാഹനങ്ങള്‍ തുടങ്ങിയവയും ഇത്തരത്തില്‍ ഉള്‍പ്പെടുത്താം.

ഇനിയും എത്രയോ സോഫ്റ്റ്വെയറുകള്‍ ...... പ്രോപ്പറേറ്ററി സോഫ്റ്റ്വെയറുകള്‍ ഈ മേഖലയില്‍ കുറവാണെന്നു തന്നെ പറയാം. കച്ചവടലക്ഷ്യങ്ങള്‍ക്കുപരിയായി അറിവിനെ കാണുന്നവരുടെ ലോകമാണ് ഇത്തരം സോഫ്റ്റ്വെറുകളുടെ ഉറവിടം.
ഇത്തരം ചില സോഫ്റ്റ്വെയറുകളുടെ ഒരു ലോകം http://www.openastro.com/ എന്ന ഈ സൈറ്റില്‍ കാണാം


ശാസ്ത്രലോകത്തിന് വിവരം ശേഖരിക്കുവാനും പഠിക്കുവാനും പഠിപ്പിക്കുവാനും എല്ലാം വിവരസാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുന്നുണ്ട്.
ശാസ്ത്രം കണ്ടെത്തുന്നതെല്ലാം സമൂഹത്തിന്‍റെയായതിനാല്‍ ശാസ്ത്രം ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളും സമൂഹത്തിന്‍റെ തന്നെയായിരിക്കണം.
സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ പ്രാധാന്യവും ഇതു തന്നെയാണ്.


പൊതു വിഷയങ്ങള്‍...

കിഴക്കുനോക്കിയന്ത്രത്തോട് പറയേണ്ട പൊതു വിഷയങ്ങളും അഭിപ്രായങ്ങളും നിങ്ങള്‍ക്കിവിടെ കമന്‍റായി പോസ്റ്റാം....

വിദ്യാഭ്യാസം, വിശ്വാസം, ശാസ്ത്രം, ആരോഗ്യം, ലിംഗനീതി, സാമൂഹ്യവിഷയങ്ങളും തുടങ്ങി എന്തും..

കിഴക്കുനോക്കിയന്ത്രത്തിന്‍റെ പോരായ്മകളും മാറ്റങ്ങളും എല്ലാം...

Wednesday, July 9, 2008

പ്രപഞ്ചവീക്ഷണം വീട്ടിലും സ്കൂളിലും...

പ്രപഞ്ചവീക്ഷണം വീട്ടിലും സ്കൂളിലും...


"പ്രപഞ്ചം ഉണ്ടായതെങ്ങിനെയെന്ന് വിശദീകരിക്കാമോ?"

ഡി.ഇ.ഒ ചോദിച്ച ചോദ്യത്തിന് കുട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു

"വീട്ടിലെ പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണ്,
പക്ഷേ സ്കൂളിലെ പ്രപഞ്ചം ഒരു പൊട്ടിത്തെറിയിലൂടെ ഉണ്ടായതാണ്..."

പണ്ടത്തെ ഒരു തമാശയാണിത്, പക്ഷേ നമ്മളെല്ലാം അങ്ങിനെ ആയിരുന്നില്ലേ?

യാതൊരു പ്രശ്നവുമില്ലാതെ ഒരേ സമയം പരസ്പര വിരുദ്ധമായ രണ്ട് ആശയങ്ങള്‍ കൊണ്ടു നടക്കുന്നവരാണ് വിശ്വാസികളില്‍ ഭൂരിഭാഗവും...
ഒന്ന് ശാസ്ത്രം പറഞ്ഞതും മറ്റൊന്ന് മതം പറഞ്ഞതും....

പഴയ മാര്‍ക്ക് വാങ്ങാന്‍ മാത്രമുള്ള വിദ്യാഭ്യാസരീതിയില്‍ ആരും ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യില്ലായിരുന്നു.
എന്നാല്‍ പരിഷ്കരിച്ച പഠനരീതി എത്തിയതോടെ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.
വിമര്‍ശനാത്മക ബോധനശാസ്ത്രം എന്ന ആധുനികരീതിയില്‍ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കാനും ചിന്തിക്കാനും മാത്രമല്ല സമൂഹത്തില്‍ ഇടപെടാനും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കും..


ഇനി പറയൂ മതനേതൃത്വം
പാഠ പുസ്തകങ്ങള്‍ കത്തിക്കുന്നതിലും
വിമര്‍ശനാത്മകബോധനശാസ്ത്രത്തെ എതിര്‍ക്കുന്നതിലും
പുതിയ പുസ്തകങ്ങള്‍ പഠിപ്പിക്കാതിരിക്കുന്നതിലും
എന്തെങ്കിലും തെറ്റുണ്ടോ?


Tuesday, July 8, 2008

അന്തരീക്ഷത്തില്‍ നില്‍ക്കുന്ന തവള

അന്തരീക്ഷത്തില്‍ നില്‍ക്കുന്ന തവള

എങ്ങും തൊടാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന തവളയെ കണ്ടാല്‍ ആര്‍ക്കാണ് അത്ഭുതം തോന്നാത്തത്.
മാജിക്കാണെന്നൊക്കെ നിങ്ങള്‍ പറഞ്ഞേക്കാം.
പക്ഷേ സംഗതി സത്യമാണ്.അതിശക്തമായ കാന്തികമണ്ഡലത്തില്‍ ഒരു തവളക്ക് (അത്തരത്തിലുള്ള മറ്റ് ചെറു ജീവികള്‍ക്കും) അന്തരീക്ഷത്തില്‍ പൊങ്ങിനില്‍ക്കാന്‍ സാധിക്കും. ജൈവവസ്തുക്കളുടെ കാന്തികസ്വഭാവത്തെക്കുറിച്ച് പഠിക്കുന്ന ചില ശാസ്ത്രജ്ഞരാണ് 'മാഗ്നറ്റിക്ക് ലെവിറ്റേഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിസ്മയക്കാഴ്ചക്ക് അവസരമൊരുക്കിയത്.

തവള ഡയാമാഗ്നറ്റിക്ക് ആണത്രേ! എന്താണീ ഡയാമാഗ്നറ്റിക്ക്?
കാന്തത്തെ ഏറെ ഇഷ്ടപ്പെടുന്ന വസ്തുക്കളാണ് ഇരുമ്പ്, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയവ.കാന്തവും ഇരുമ്പും അടുത്തു വച്ചാലത്തെ കഥ നമുക്കറിയാം.
ശക്തമായ പരസ്പരാകര്‍ഷണത്താല്‍ അവ അടുത്തു വരും. ശാസ്ത്രജ്ഞര്‍ ഇത്തരം വസ്തുക്കളെ ഫെറോ മാഗ്നറ്റിക്ക് വസ്തുക്കള്‍ എന്നാണ് വിളിക്കുക.

കാന്തത്തെ അലുമിനിയം ആകര്‍ഷിക്കുമോ? ഇല്ല എന്നായിരിക്കും സാമാന്യബോധത്തില്‍ നിന്നും കിട്ടുന്ന ഉത്തരം .എന്നാ, അലൂമിനിയത്തിനും ഓക്സിജനുമെല്ലാം കാന്തത്തിനോട് വളരെ ചെറിയ ഒരിഷ്ടമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കാന്തത്തോട് വളരെ ചെറിയ ആകര്‍ഷണം മാത്രം പുലര്‍ത്തുന്ന ഇത്തരം വസ്തുക്കളെ പാരാമാഗ്നറ്റിക്ക് ​എന്നാണ് വിളിക്കാറ്.

എന്നാല്‍ കാന്തത്തെ കാണുന്നതു തന്നെ അലര്‍ജിയുള്ള ഒരു കൂട്ടരുണ്ട്.
കാന്തവും കൊണ്ട് അടുത്തു ചെന്നാല്‍ അകന്നു പോകാന്‍ ശ്രമിക്കുന്ന പദാര്‍ത്ഥങ്ങള്‍!
ഡയാമാഗ്നറ്റിക്ക് എന്നു വിളിക്കുന്ന ഈ വിഭാഗത്തിലാണ് ജലവും നമ്മുടെ പാവം തവളയും എല്ലാം പെടുന്നത്. കാന്തത്താല്‍ വികര്‍ഷിക്കപ്പെടുന്ന ഈ സ്വഭാവം ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്നത് ബിസ്മത്തും ഗ്രാഫൈറ്റുമാണ്. സ്വര്‍ണ്ണവും മനുഷ്യശരീരവും മറ്റ് ജൈവികവസ്തുക്കളും എല്ലാം ഇക്കൂട്ടത്തില്‍ പെടും (ജൈവികവസ്തുക്കളില്‍ ഭൂരിഭാഗവും ജലമായതിനാലാണ് ഡയാമാഗ്നറ്റിക്ക് ആകുന്നത്). വളരെ നേരിയ വികര്‍ഷണമേ ഇവ പ്രകടിപ്പിക്കുന്നുള്ളൂ. എന്നിരുന്നാലും അതിശക്തമായ കാന്തികമണ്ഡലമുപയോഗിച്ച് ഇവയെ ഉയര്‍ത്തിനിര്‍ത്താന്‍ സാധിക്കും. അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന തവളയുടെ രഹസ്യവും ഇതു തന്നെ. അതിശക്തമായ ഒരു വൈദ്യുതകാന്തത്തിന് മുകളിലാണ് നമ്മുടെ ഡയാമാഗ്നറ്റിക്ക് തവള നില്‍ക്കുന്നത്!!

ഒരു വീഡിയോ ആകാം അല്ലേ..കുറിപ്പ്: ശാസ്ത്രകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചതാണ് എന്‍റെ ഈ ലേഖനം

Friday, July 4, 2008

വിവാഹപ്രായം 21 ആക്കണം.

വിവാഹപ്രായം 21 ആക്കണം.

ഭാരതത്തില്‍ ഇന്നുള്ള നിയമങ്ങള്‍ അനുസരിച്ച് വിവാഹപ്രായം പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടിക്ക് 21 ഉം ആണ്. തികഞ്ഞ ലിംഗവിവേചനമാണിത്. നിരവധി ആളുകള്‍ പലപ്പോഴായി ഇത് അനീതിയാണെന്നും വിവാഹപ്രായം ഏകീകരിക്കണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ സര്‍ക്കാരും ആ വഴിക്ക് ആലോചിച്ചു തുടങ്ങി. വിവാഹപ്രായം 18 ആക്കി മാറ്റണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പല കോണുകളില്‍ നിന്നായി എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. ആണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കുന്നത് പലര്‍ക്കും അത്ര ദഹിച്ചില്ല.

നിയമാനുസൃതമായി തന്നെ പ്രായപൂര്‍ത്തിയാകുന്ന പ്രായം 18 ആണ് എന്നിരിക്കേ വിവാഹപ്രായത്തിന്‍റെ കാര്യത്തില്‍ എന്തിനാണീ വിവേചനം?
ഏതു നിയമങ്ങളും കാലാകാലം പരിഷ്കരിക്കപ്പെടേണ്ടത് ആണ്.

സത്യത്തില്‍ വിവാഹപ്രായം കുറക്കുകയല്ല, കൂട്ടുകയാണ് വേണ്ടത്.
അതും ലിംഗ വിവേചനം ഒഴിവാക്കിക്കൊണ്ടു മാത്രമേ പാടുള്ളൂ.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തി ആണ്‍കുട്ടികളുടേതിന് തുല്യമാക്കുകയാണ് വേണ്ടത്.

ബ്രിട്ടീഷുകാരുടെ കാലത്ത് നിലവിലിരുന്ന നിയമമാണ് ഇന്നും നിലനില്‍ക്കുന്നത്. പുരുഷാധിപത്യം നിലനിര്‍ത്താനുള്ള ഒരു വഴിയായിട്ടു തന്നെ ഇതിനെ കണക്കാക്കേണ്ടിയിരിക്കുന്നു.
പണ്ടു കാലത്തെ പോലെയല്ല ഇന്ന് പെണ്‍കുട്ടികളുടെ അവസ്ഥ. അവര്‍ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലേക്കും എത്തിപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ നല്ല മാറ്റത്തിന് തുടര്‍ച്ചയും വേഗവും ഉണ്ടാവണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള അവസരമുണ്ടാവണം.

പഠനം പൂര്‍ത്തിയാക്കാനും ജോലി നേടാനും ൧൮ വയ്യസ്സ് എന്ന പ്രായം അവസരമൊരുക്കില്ല. എന്നാല്‍ എങ്ങിനെയെങ്കിലും 'ബാധ്യത'യൊഴിപ്പിക്കാന്‍ ശ്രമിക്കുന്ന രക്ഷിതാക്കള്‍ക്ക് മുന്‍പില്‍ ജോലിക്കോ പഠനത്തിനോ ഇന്നും പ്രാധാന്യമില്ല എന്നതാണ് സത്യം.

ബഹുഭൂരിപക്ഷം വരുന്ന രക്ഷിതാക്കളും പെണ്‍കുട്ടികളുടെ ഭാവി കാണുന്നത് വിവാഹത്തിലാണ്, ആണ്‍കുട്ടികളുടേത് പഠനത്തിലും ജോലിയിലും.
സമൂഹത്തിന്‍റെ ഈ രൂക്ഷമായ ലിംഗ വിവേചനം ഒരു പരിധിക്കപ്പുറം പെണ്‍കുട്ടികളെ ബാധിക്കാതിരിക്കാന്‍ വിവാഹപ്രായം ഉയര്‍ത്തുന്നതിലൂടെ സാധിക്കും.
അതു തന്നെയല്ല, ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യരാണെന്ന ബോധത്തിന് വിവാഹപ്രായത്തിലുള്ള സമത്വം ഒരു അവശ്യഘടകം തന്നെയാണ്.

സ്വാതന്ത്രത്തോടെ കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തില്‍ വിവാഹത്തിന്‍റെ കെട്ടുപാടുകള്‍ക്കുള്ളില്‍ ജീവിക്കേണ്ട അവസ്ഥയല്ല നമുക്ക് വേണ്ടത്. മറിച്ച് സ്വാതന്ത്രത്തോടെയും വിമര്‍ശനാത്മകമായും സമൂഹത്തെ മനസ്സിലാക്കാനും സ്വന്തം പാത നിര്‍ണ്ണയിക്കാനുമുള്ള അവസ്ഥയാണ്.

വിവാഹ പ്രായത്തിന്‍റെ കാര്യത്തില്‍ പോലും മതപരമായ വിവേചനം നടക്കുന്ന നാടാണ് നമ്മുടേത്.
ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രം പെണ്‍കുട്ടികളുടെ വിവാഹപ്രായം ൧൫ വയസ്സാണ്.
വിവാഹപ്രായം ഏകീകരിക്കുന്നതിന് മതപരമോ ഭാഷാപരമോ വര്‍ഗ്ഗപരമോ ആയ ഒരു ഘടകങ്ങളേയും പരിഗണിക്കരുത്.

ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വിവേചനമില്ലാതെ വിവാഹപ്രായം ൨൧ ആക്കുന്നത് സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും സമഗ്രവികസനത്തിന് കാരണമാകും എന്നതില്‍ സംശയമൊന്നുമില്ല.
കാരണം
സമത്വം തന്നെയാണ് വികസനത്തിന്‍റെ അടിസ്ഥാനം

Wednesday, July 2, 2008

പാഠപുസ്തകം ഒരു കവിത


അനില്‍ പനച്ചൂരാന്‍റെ ചോരവീണ മണ്ണില്‍... എന്ന കവിതയുടെ ഈണത്തോടും ശൈലിയോടും ഈ സാഹസത്തിന് കടപ്പാട്..
കവിതയെഴുതാനറിയാത്ത എന്നെയും ഇത്തരത്തില്‍ പ്രതികരിപ്പിക്കാന്‍ ഒരു ഏഴാം ക്ളാസ് പാഠപുസ്തകത്തിന് കഴിഞ്ഞു..


ജീവനുള്ള പുസ്തകം..


നന്മയുള്ള പുസ്തകം ഇത് ഏഴാം ക്ളാസ് പുസ്തകം

നന്മകള്‍ നശിച്ചോര്‍ ചേര്‍ന്ന് ചാരമാക്കി പുസ്തകം
അക്ഷരങ്ങള്‍ തേടിയലയും പൈതലുള്ളീ നാട്ടിലും
അക്ഷരവിരോധികള്‍ ചാരമാക്കി പുസ്തകം.

മതേതരത്വം വേണ്ട വേണ്ട എന്നുമോതിക്കൊണ്ടിവര്‍
കേരളത്തെയാക്കി വീണ്ടും ജാതി ഭ്രാന്താലയം
പുസ്തകം വായിച്ചിടാതെ നിങ്ങളോതും വാക്കുകള്‍
പോറലേല്‍ക്കും പൈതങ്ങള്‍ മറന്നിടില്ലെന്നോര്‍ക്കണം.

മതമില്ലാത്ത ജീവനേകും വിശാലമാമൊരാശയം
പേടിപ്പിച്ചിടുന്നതാരെയെന്നു നമ്മളറിയണം
മതങ്ങള്‍ തമ്മില്‍ പോരടിച്ചാല്‍ ലാഭമേറും ജനതയെ
തിരിച്ചറിഞ്ഞിടേണം നമ്മള്‍ നന്മയുള്ള കൂട്ടുകാര്‍


നന്മയെന്നൊരാശയം മരിക്കയില്ല ഭൂമിയില്‍
തിരിച്ചറിവു നേടും പൈതലുള്ള കാലം ഭൂമിയില്‍
ജീവനുള്ളീ പുസ്തകം മരിച്ചിടാതെ നോക്കണം
ഒത്തു ചേര്‍ന്നു സ്വീകരിക്കാം ...... ഈ ഏഴാം ക്ളാസ് പുസ്തകം