Friday, July 18, 2008

മതമില്ലാത്ത ജീവന്‍റെ ജീവനെടുത്ത ജീവനില്ലാത്ത മതങ്ങള്‍

മതമില്ലാത്ത ജീവന്‍റെ ജീവനെടുത്ത ജീവനില്ലാത്ത മതങ്ങള്‍

മതമില്ലാത്ത ജീവന്‍ ഓര്‍മ്മയായി.
കേരളത്തില്‍ സജീവമായ ചര്‍ച്ചാവിഷയമാവുകയും കേരളജനതയുടെ ചിന്തകള്‍ വിദ്യാഭ്യാസത്തിലേക്കും മതനിരപേക്ഷതയിലേക്കും എല്ലാം തിരിച്ചുവിട്ട ഏഴാം ക്ളാസിലെ സാമൂഹ്യപാഠം "മതമില്ലാത്ത ജീവന്‍" ഓര്‍മ്മയായി മാറി. കേരളജനതമുഴുവന്‍ ഒത്തു ചേര്‍ന്നു സ്വീകരിച്ച പാഠത്തെ ജീവനില്ലാത്ത മതങ്ങളുടെ പ്രേരണക്ക് വഴങ്ങി കേരളസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തിരുത്തിയെഴുതി. ഓരോ കേരളീയരുടേയും സുഹൃത്തുക്കളായി മാറിയ ജീവനും അന്‍വര്‍ റഷീദും ലക്ഷ്മീദേവിയും ഇനി ചരിത്രത്തിന്‍റെ ഭാഗം.


കപടമായിപ്പോയി ഈ തിരുത്തിയെഴുത്ത്.
  • 'വിശ്വാസ സ്വാതന്ത്ര്യം' എന്നാക്കി തലക്കെട്ട് മാറ്റുന്നു.
  • അന്‍വര്‍ റഷീദ്, ലക്ഷ്മിദേവി, ജീവന്‍ എന്നീ പേരുകള്‍ ഇനി ഉണ്ടാവില്ല. അച്ഛനും അമ്മയും കുട്ടിയും മാത്രം.!!
  • കുട്ടി വലുതാകുമ്പോള്‍ മതമില്ലാതെയും ജീവിക്കാം എന്ന ഭാഗം ഒഴിവാക്കുമത്രേ.
  • ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണെന്ന് ഭരണഘടനയില്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന ജവഹര്‍ലാല്‍നെഹ്റുവിന്റെ വാക്യം പുതിയതായി ഉള്‍പ്പെടുത്തും പഴയ വാക്യങ്ങള്‍ അപ്പോള്‍ ഒഴിവാക്കും.
  • പുതിയതായി ചേര്‍ക്കുന്നത് ശ്രീനാരായണ ഗുരുവിന്‍റെ വാക്യമാണ്.
  • മനുഷ്യന് ഏതുമതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്യ്രമുണ്ടെന്ന് വ്യക്തമാക്കുന്ന ഭരണഘടനയുടെ ഭാഗം കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുത്തും

ഒരു വ്യക്തിയും മതമില്ലാതെ വളരാന്‍ പാടില്ല എന്നതായിരിക്കും അപ്പോള്‍ പുതിയ പാഠത്തിന്‍റെ സന്ദേശം?
ഒന്നു നോക്കൂ, 'മതമില്ലെന്ന ചേര്‍ത്തോളൂ' എന്ന് പറയാന്‍ പാടില്ല. അതൊഴിവാക്കി.
ശ്രീനാരായണ ഗുരുവിന്‍റെ വാക്യങ്ങള്‍, അതും മതമില്ലാതെ ജീവിക്കാം എന്ന് പറയുന്നില്ല.
മനുഷ്യന് ഏതുമതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്യ്രമുണ്ടെന്ന് വ്യക്തമാക്കുന്ന ഭരണഘടനയുടെ ഭാഗം കൂട്ടിച്ചേര്‍ക്കുന്നു.
പത്രവാര്‍ത്തയില്‍ പറഞ്ഞ പോലെ ആണെങ്കില്‍ അവിടെയും മതമില്ലാതെ ജീവിക്കാം എന്ന ഭാഗം പറയുന്നില്ല.
ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഏതു മതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ടെന്നാണ് ശരിക്കും കൂട്ടിച്ചേര്‍ക്കേണ്ടത്. അതങ്ങിനെ ആവുമോ എന്നത് കണ്ടറിയണം.
ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കുന്ന കോടിക്കണക്കിനാളുകള്‍ ഭാരതത്തിലുണ്ട്. ഇവരെയൊന്നും എന്തുകൊണ്ട് പരിചയപ്പെടുത്തുന്നില്ല?
സഹോദന്‍ അയ്യപ്പന്‍റെ വാക്കുകള്‍ എന്തു കൊണ്ട് ഉള്‍പ്പെടുത്തുന്നില്ല?
മതമില്ലാത്ത ജീവന്‍ എന്ന തലക്കെട്ടിന് എന്താണ് കുഴപ്പം? ജീവന് മതമുണ്ടോ?
ജനനശേഷം രക്ഷിതാക്കള്‍ ആരോപിക്കുന്നതല്ലേ മതം?
കൃസ്ത്യാനിക്കും ഹിന്ദുവിനും ഇസ്ലാമിനും പാഴ്സിക്കും സിക്കിനും മറ്റുമേ മതമുള്ളൂ. അല്ലാതെ ഒരിക്കലും മനുഷ്യനോ ജീവനോ മതമില്ല. അതു തിരിച്ചറിയാന്‍ കാപട്യക്കാര്‍ ഒരിക്കലും ശ്രമിക്കില്ല എന്നറിയാം.
ഒരു കാര്യം കൂടി ബോധ്യമായി മതമില്ലാതെ ജീവിക്കാം എന്ന് കുട്ടികള്‍ അറിഞ്ഞാല്‍ തകര്‍ന്നു തരിപ്പണമാകുന്നതാണ് എല്ലാ മതങ്ങളും.

സര്‍ക്കാരും സമിതിയും ചെയ്തത് തികച്ചും കാപട്യമാണ്.
ഇത് മതനിരപേക്ഷതയല്ല മതപ്രീണനമാണ്.
കിഴക്കുനോക്കിയന്ത്രം ഈ ദിനത്തെ മതകാപട്യദിനമായി പ്രഖ്യാപിക്കുന്നു.

8 comments:

സി. കെ. ബാബു said...

കേരളത്തിലെ സാമൂഹികാവസ്ഥകള്‍ അറിയുന്ന ആര്‍ക്കെങ്കിലും മത-രാഷ്ട്രീയ-നേതാക്കളില്‍ നിന്നു് ഇതൊക്കെയല്ലാതെ മറ്റെന്തെങ്കിലും പ്രതീക്ഷിക്കാന്‍ കഴിയുമെന്നു് തോന്നുന്നില്ല.

ഈ 'ജീവന്‍' എന്നാല്‍ എന്നതാ സാധനം എന്ന പോസ്റ്റില്‍ ഇത്തരം ഒരു സംശയം ഞാന്‍ പ്രകടിപ്പിച്ചിരുന്നു.

“ജനങ്ങളുടെ പൊതുനന്മക്കായി government ഏറ്റെടുത്ത പല ചുവടുകള്‍ക്കും പൂര്‍ണ്ണപിന്‍തുണ പ്രഖ്യാപിച്ച ജനങ്ങളെ വിഡ്ഢികളാക്കിയ നിലപാടുകള്‍ വരെ അധികാരിതലങ്ങളില്‍ നിന്നുണ്ടായിട്ടുണ്ടു് എന്നതു് മറച്ചുപിടിക്കാനാവില്ല. ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍, ഇപ്പോഴും, ഭാവിയിലും ഭരണം 'പിന്‍വലിയല്‍ നയം' കാഴ്ചവയ്ക്കുമെന്നു് ജനങ്ങള്‍ സംശയിച്ചാല്‍ അതില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.”

പൊതുസമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റം വരാതെ കേരളത്തിന്റെ സ്ഥിതി മാറുകയില്ല. സമൂഹത്തില്‍ നിന്നു് തന്നെയല്ലേ നേതാക്കളും‍ വരുന്നതു്?

ചാണക്യന്‍ said...

‘മതകാപട്യദിനം‘
ആചരിക്കാന്‍ ഞാനും ചേരുന്നു...

വി. കെ ആദര്‍ശ് said...

രാഷ്ട്രീയ കാപട്യദിനം ആണു ആചരിക്കേണ്ടത്.

പാര്‍ത്ഥന്‍ said...

'മതപ്രീണനദിനം' നമുക്കു കൊണ്ടാടാം. മതങ്ങളുടെ വോട്ടിനുവേണ്ടി സര്‍ക്കാര്‍ ആദര്‍ശത്തെ വളച്ചൊടിക്കുന്നത്‌ തുടര്‍ന്നുകൊണ്ടിരിക്കുന്നു. 15% മതാടിസ്ഥാനത്തിലുള്ള വോട്ട്‌ കിട്ടിയില്ലെങ്കില്‍ ഇന്ത്യാമഹാരാജ്യത്തിന്‌ ഒന്നും സംഭവിക്കില്ല എന്ന തിരിച്ചറിവ്‌ എന്നാണ്‌ നമ്മുടെ രാഷ്ട്രീയത്തിനുണ്ടാവുക.

Arun said...

അടിച്ചേല്‍പ്പിക്കപ്പെടുകയാണു 'സ്വന്തം മതം'..
ഈ വിവാദം പുതിയ ചിന്തകള്‍ക്ക് വഴിയൊരുക്കട്ടെ...

Vivara Vicharam said...

മത നേതാക്കളുടെ ഭീതിയാണ് അവരെക്കൊണ്ട് പാഠ ഭാഗം മാറ്റിക്കാനുള്ള സമരത്തിന് പ്റേരിപ്പിക്കുന്നത്. പണ്ട് മനുഷ്യന്‍ വിവരം കുറവായിരുന്ന കാലത്ത് അതായത് ഭയം കൂടുതലായരുന്ന കാലത്ത് മതം അതിന്‍റെ തനത് ശക്തിയിലും കഴിവിലും ജനങ്ങളെ സ്വാധീനിക്കാനും അവരില്‍ വിശ്വാസം ജനിപ്പിക്കാനും കഴിഞ്ഞിരുന്നു.

ഇന്ന് സ്ഥിതി മാറി വരുന്നു. മനുഷ്യന് കൂടുതല്‍ വിവരം വെച്ചു, പേടി കുറഞ്ഞു. കത്തനാരന്മാരും പൂജാരിമാരും സന്യാസിമാരും മൊല്ലാക്കമാരും പറയുന്നതപ്പടി കേള്‍ക്കാന്‍ അവരിന്ന് തയ്യാറല്ല. അതുകൊണ്ടാണ് ഇന്ന് മത നേതാക്കള്‍ രാഷ്ട്റീയത്തെ അനുകരിക്കുന്നതും രാഷ്ട്റീയത്തിലിറങ്ങുന്നതും രാഷ്ടറീയക്കാരെ ആശ്റയിക്കുന്നതും സ്വാഭാവികമായി അവരെ പ്റീണിപ്പിക്കാന്‍ തയ്യാറല്ലാത്തവരെ എതിര്‍ക്കുന്നതും. സമൂഹത്തിന് മേല്‍ മതത്തിന്‍റ പിടി വളരെ കുറഞ്ഞിരിക്കുന്നു. മതത്തിന്‍റ നില പരുങ്ങലിലായതിന്‍റ ലക്ഷണമാണിത്. 59 ല്‍ വിമോചന സമരത്തിന് പള്ളിവക സ്കൂളില്‍ നിന്ന് സമരക്കാരോടൊപ്പം പോകാതിരുന്നതിന് പ്റതികാരം ചെയ്യാന്‍ പള്ളിക്ക് കഴിയുമായിരുന്നു. വിശ്വാസികളന്ന് പള്ളി പറയുന്നത് കേട്ട് ഞങ്ങളുടെ വീടിന് രാത്റിയില്‍ കല്ലെറിയുമായിരുന്നു. അങ്ങിനെ നാട് വിട്ടു പോകേണ്ടി വന്നു. ഇന്ന് പള്ളിക്ക് ആ കഴിവില്ലാതായി.

പിന്നെ കൂടിതലാളുകള്‍ മതത്തിന് പുറകെ പോകുന്ന പ്റവണത കാണുന്നത് മതം പ്റകടനപരമായതിന്‍റ ലക്ഷണം മാത്റമാണ്.

ak said...

മതകാപട്യദിനമായി പ്രഖ്യാപിക്കുന്നു.
സബാഷ്!!!

ak said...

പാഠപുസ്തകം മാടാണോ?
7-)0 ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഹിന്ദു വര്‍ഗ്ഗിയത ഒളിഞ്ഞിരിക്കുന്നത് അധികമാരും ശ്രദ്ധിച്ചില്ല . മുസ്ലീമും ഹിന്ദുവും വിവാഹം കഴിച്ചപ്പോള്‍ ഉണ്ടായ കുട്ടിക്ക് ഇട്ടിരിക്കുന്നത് ഹിന്ദു പേര്‍. “ജീവന്‍”. ആത്മാവിന്റെ പ്രതിബിംബമാണു ജീവന്‍ എന്ന് സ്മൃതി. ഇതെങ്ങനെ സമ്മതിക്കും? ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അത് പാഠപുസ്തകത്തില്‍ കടന്ന് കൂടിയതെങ്ങനെ ? കുറഞ്ഞപക്ഷം ‘ബാബു’ എന്നായിരുന്നു ആ പേരെങ്കില്‍ മത നിരപേക്ഷത നിലനിര്‍ത്തി എന്ന് ഉറപ്പാക്കാമായിരുന്നു. ഇവിടെ എന്തോ അട്ടിമറി നടന്നിട്ടുണ്ട്. ഉടന്‍ ഗവണ്മെന്റ് ഒരു കമ്മിറ്റിയെ നിയമിച്ചു.പാഠപുസ്തകത്തിലെ ഹൈന്ദവ അജന്‍ഡ കണ്ടെത്തി. ഇനി ജീവന്‍ എന്ന പേരുണ്ടാവില്ല. തലക്കെട്ട് പരിഷ്കരിച്ചു. തന്തയ്ക്കും തള്ളയ്ക്കും പേരില്ല. പിന്നെ മോനൊരു പേരുവേണോ? ജീവന്‍ എന്ന പേരില്‍ ലിംഗപരമായ വേര്‍തിരിവുണ്ടെന്ന് ഇതിനിടയില്‍ ഫെമിനിസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. മിശ്രവിവാഹിതര്‍ക്കെന്തേ പെണ്‍ കുട്ടികള്‍ ഉണ്ടാവില്ലെ എന്നാണവരുടെ ചോദ്യം. ജീവന്‍ എന്നതിനു പകരം ജീവി എന്നാക്കണം എന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.
http://aksharakkashayam.blogspot.com/