Thursday, July 10, 2008

ജ്യോതിശാസ്ത്രവും സ്വതന്ത്ര സോഫ്റ്റ്വെയറും..

ജ്യോതിശാസ്ത്രവും സ്വതന്ത്ര സോഫ്റ്റ്വെയറും..

അനന്തമായതെന്തും മനുഷ്യനെപ്പോഴും കൌതുകമാണ് . പകലാകാശത്തേക്കാള്‍ അവളെ അത്ഭുതപ്പെടുത്തിയത് രാത്രിയിലെ ആകാശമായിരിക്കണം. സൂര്യനൊഴികെയുള്ള എല്ലാ ജ്യോതിര്‍ഗോളങ്ങളും വെറും കൌതുകത്തിനപ്പുറത്തേക്ക് സാംസ്കാരികമായ വളര്‍ച്ചയുടെ ഭാഗമായിത്തന്നെ മാറി. കൃഷിയും സഞ്ചാരവും സമയവും എല്ലാം അവള്‍ കാല്‍ക്കീഴിലാക്കിയത് ഈ ജ്യോതിര്‍ഗോളങ്ങള്‍ തന്ന അറിവിലൂടെയായിരുന്നു. ആ അറിവുകള്‍ വളര്‍ന്നുവന്നത് പങ്കുവയ്ക്കലുകളുടെ ഭാഗമായിട്ടാണ്.അറിവുകള്‍ സ്വന്തമാക്കി വയ്ക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല. കുത്തകയില്ലാതെ വളര്‍ന്നുവന്ന ആ അറിവുകള്‍ ഇടക്കെപ്പോഴോ മതങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ഭാഗമായിത്തീര്‍ന്നു.

ജ്യോതിര്‍ഗോളങ്ങളുടെ സ്വാതന്ത്ര്യം അവിടെ അവസാനിക്കുകയായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിന്‍റെ കനലുകള്‍ അതിനിടയിലും ഉറങ്ങിക്കിടന്നിരുന്നു. മനുഷ്യന്‍ അങ്ങിനെയാണ്. അറിവുകള്‍ ആത്യന്തികമായി ആരുടെയെങ്കിലും കുത്തകയാക്കി വയ്ക്കാന്‍ അവള്‍ അനുവദിക്കില്ല. ബ്രൂണോയും ഗലീലിയും തിരികൊളുത്തിയ പുതിയ സ്വാതന്ത്ര്യത്തിന്‍റെ വഴികള്‍ ന്യൂട്ടണും ഐന്‍സ്റ്റീനും ഏറ്റെടുത്തതോടെ അറിവിന്‍റെ കുത്തകക്ക് അവസാനം കുറിച്ചു എന്ന് എല്ലാവരും കരുതി.പിന്നീടുള്ള നാളുകള്‍ ജ്യോതിശാസ്ത്രം നല്‍കിയ സംഭാവനകള്‍ മനുഷ്യസമൂഹത്തിനു തന്നെ ആവേശം പകരുന്നതായിരുന്നു.നിരവധി സാങ്കേതിക വിദ്യകള്‍ക്കും ജ്യോതിശാസ്ത്രം കാരണമായി. വിവരസാങ്കേതിക വിദ്യയുടെ ആധുനികയുഗത്തിന് തുടക്കം കുറിച്ച കമ്പ്യൂട്ടറുകളുടെ വികാസത്തിന് ചാന്ദ്ര ദൌത്യങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ല.

എന്നാല്‍ വിവരങ്ങളുടെ സ്വാതന്ത്ര്യം വീണ്ടും ചങ്ങലകള്‍ക്കുള്ളിലാവുകയായിരുന്നു. സോഫ്റ്റ്വെയറ്‍ രംഗമായിരുന്നു ഇതിന് വഴി തെളിച്ചത്. പരിമിതമായ അവകാശങ്ങള്‍ക്കുള്ളില്‍ ജനതയെ തളച്ചിടാന്‍ സോഫ്റ്റ്വെയര്‍ രംഗത്തെ ആധുനിക കമ്പനികള്‍ക്ക് കഴിഞ്ഞു.എന്നാല്‍ ഇവിടെയും സ്വാതന്ത്ര്യത്തിന്‍റെ മേഖലകള്‍ സമാന്തരമായി വളരുന്നുണ്ടായിരുന്നു.
സ്വതന്ത്രവും തുറന്നസോഴ്സ് ഉള്ളതുമായ സോഫ്റ്റ്വെയര്‍ എന്ന ആശയം ലിനസ്സ് ടോവാള്‍ഡും റിച്ചാര്‍ഡ് സ്റ്റാള്‍മാനുമൊപ്പം ലോക ജനതയും ഉയര്‍ത്തിപ്പിടിച്ചതോടെ അറിവ് വീണ്ടും സമൂഹത്തിന്‍റെ സ്വന്തമായി മാറിക്കൊണ്ടിരിക്കുന്നു.

അറിവു നേടാനുള്ള ആധുനിക മനുഷ്യന്‍റെ ശ്രമങ്ങള്‍ക്ക് സോഫ്റ്റ്വെയര്‍ രംഗം നല്‍കിയ സഹായം കുറച്ചൊന്നുമല്ല. വിവരങ്ങളുടെ അപഗ്രഥനങ്ങള്‍ക്കു വേണ്ടിയുള്ള മനുഷ്യപ്രയത്നവും സമയവും ലാഭിക്കാന്‍ സോഫ്റ്റ്വെയറുകള്‍ സഹായകരമായി. സ്വാതന്ത്ര്യത്തിന്‍റെ വില നേരത്തേ മനസ്സിലാക്കിയ ശാസ്ത്രലോകം സോഫ്റ്റ്വെയര്‍ തിരഞ്ഞെടുക്കുമ്പോഴും നീതി പുലര്‍ത്താന്‍ മറന്നില്ല.
സ്വതന്ത്ര സോഫ്റ്റ്വെയറുകളും ശാസ്ത്രലോകവും ഒരുമിച്ച് മുന്നേറിയപ്പോള്‍ ജ്യോതിശാസ്ത്രവും മടി‌ച്ചു നിന്നില്ല. പഠിക്കുവാനും പഠിപ്പിക്കുവാനും ഗവേഷണങ്ങള്‍ നടത്താനും ജ്യോതിശാസ്ത്രം കൂടുതലും തിരഞ്ഞെടുത്തത് സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ തന്നെയാണ്.

അങ്ങിനെ ചിലതിന്‍റെ ലോകത്തിലൂടെ ഒരു ചെറിയ യാത്രയാവാം...
പഠിക്കുവാനും പഠിപ്പിക്കുവാനും.....

൧. സ്റ്റെല്ലേറിയം...

പ്ളാനറ്റോറിയങ്ങള്‍ നമ്മളില്‍ ജനിപ്പിക്കുന്നത് മിഥ്യായാഥാര്‍ത്ഥ്യത്തിന്‍റെ അലകളാണ്. സ്വന്തം കമ്പ്യൂട്ടറിനെ ഒരു പ്ളാനറ്റോറിയമായി മാറ്റാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയറാണ് സ്റ്റെല്ലേറിയം (Stellarium).
ഒരു പ്ളാനറ്റോറിയത്തിന്‍റെ പരിമിതിക്കപ്പുറത്തേക്കാണ് സ്റ്റെല്ലേറിയത്തിന്‍റെ സാധ്യതകള്‍.
ഏതൊരു ദിവസത്തേയും ഏതു സമയത്തേയും ആകാശം നമുക്കിതില്‍ കാണാം. അന്തരീക്ഷം നമുക്കിഷ്ടമുള്ള പോലെ മാറ്റി മറിക്കാനും സാധിക്കും.
നക്ഷത്ര നിരീക്ഷണത്തിന് ഇതിലും നല്ലൊരു സോഫ്റ്റ്വെയര്‍ നമുക്ക് ലഭ്യമല്ലെന്നു തന്നെ പറയാം. നക്ഷത്രഗണങ്ങളും അവയുടെ ആകൃതിയും അതിലെ ഓരോ നക്ഷത്രങ്ങളുടെ പേരും അവയുടെ തിളക്കവും അവയിലേക്കുള്ള ദൂരവും എല്ലാം നമുക്ക് പരിശോധിക്കാം. 600,000 ത്തിലധികം നക്ഷത്രങ്ങളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ കാറ്റലോഗാണ് സ്റ്റെല്ലേറിയത്തിന്‍റെ സവിശേഷത.
21 കോടി നക്ഷത്രങ്ങളടെ പ്രധാന വിവരങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു എന്നത് ആരെയും അമ്പരപ്പിക്കും.
ഓരോ ഗ്രഹങ്ങളെക്കുറിച്ചും ചിത്രങ്ങളടക്കമുള്ള വിശദവിവരങ്ങള്‍ സ്റ്റെല്ലേറിയം പങ്കുവയ്ക്കുന്നുണ്ട്.
സോഫ്റ്റ്വെയര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടെലസ്ക്കോപ്പുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. നാം ചൂണ്ടിക്കാണിക്കുന്ന ഭാഗത്തേക്ക് ടെലിസ്കോപ്പ് തിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്റ്റെല്ലേറിയം സ്വയം നല്‍കിക്കോളും.
മറ്റ് സവിശേഷതകള്‍ താഴെ പറയുന്നവയാണ്.
൧. മനോഹരമായ രൂപകല്പന
൨. പത്ത് വ്യത്യസ്ഥ സംസ്കാരങ്ങളിലെ നക്ഷത്രഗണങ്ങള്‍
൩. മെസിയര്‍ കാറ്റലോഗ് അനുസരിച്ച് നെബുലകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍
൪. സ്വന്തമായി ജ്യോതിശാസ്ത്ര ഷോകള്‍ നടത്താനുള്ള സംവിധാനം
൫. പ്ളാനറ്റോറിയം കൂടാരങ്ങള്‍ ഉണ്ടെങ്കില്‍ അതിനുള്ളില്‍ ആകാശം പ്രൊജക്റ്റ് ചെയ്യാനുള്ള സംവിധാനങ്ങള്‍
൬. ഇക്യുറ്റോറിയല്‍ അസിമത്തല്‍ ഗ്രിഡുകള്‍
൭. ഗ്രഹണങ്ങളുടെ സിമുലേഷനുകള്‍
൮. നക്ഷത്രങ്ങള്‍ മിന്നുന്നത് ക്രമീകരിക്കാനുള്ള സംവിധാനം
൯. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ചിത്രങ്ങളും സ്ക്രിപ്പറ്റുകളും ചേര്‍ക്കാനുള്ള സംവിധാനവും..
http://www.stellarium.org/ എന്ന സൈറ്റില്‍ നിന്നും സൌജന്യമായി ഈ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിശദവിവരങ്ങളും ഇവിടെ നിന്ന് ലഭിക്കും.

2. കെസ്റ്റാര്‍സ് (kstars)

സ്റ്റെല്ലേറിയം പോലെ ഉള്ള മറ്റൊരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ കെസ്റ്റാര്‍സ് . മിക്ക ലിനക്സ് പാക്കേജുകള്‍ക്കും ഒപ്പം ലഭിക്കുന്ന ലളിതമായ ഒരു സോഫ്റ്റ്വേര്‍ ആണിത്. വിദ്യാഭ്യാസ സംബന്ധമായ പ്രോഗ്രാമുകള്‍ക്കൊപ്പമാണ് ഇത് ലഭിക്കുക.
സ്റ്റെല്ലേറിയത്തിന്‍റെ അത്രയും പ്രത്യേകതകള്‍ ഇല്ലെങ്കിലും വളരെക്കുറഞ്ഞ പ്രൊസസ്സിംഗ് ശേഷിയുള്ള കമ്പ്യൂട്ടറുകളില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിവുള്ള സോഫ്റ്റവേര്‍ ആണിത്.
ഭൂമിയില്‍ നാം നില്‍ക്കുന്ന സ്ഥലവും സമയവും നല്‍കിയാല്‍ നല്ലൊരു നക്ഷത്രമാപ്പ് ഉണ്ടാക്കിത്തരും നമ്മുടെ ഈ പ്രോഗ്രാം.
ലളിതമായി ഉപയോഗിക്കാം എന്നതാണ് മറ്റൊരു സവിശേഷത. നിരവധി ടെലിസ്കോപ്പുകളുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇതിന് ശേഷിയുണ്ട്.
ഇന്‍റര്‍നെറ്റ് ലഭ്യമാണെങ്കില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ കൊണ്ട് പ്രോഗ്രാമിനെ കൂടുതല്‍ മികച്ചതാക്കാനും സാധിക്കും.

3. സെലസ്റ്റിയ

പ്ളാനറ്റോറിയം സോഫ്റ്റ്വെയറുകളില്‍ നിന്ന് വ്യത്യസ്ഥമായ ഒരു സോഫ്റ്റ്വെയര്‍ ആണ് സെലസ്റ്റിയ. പ്രപഞ്ചത്തിന്‍റെ ഒരു ചെറിയ പതിപ്പാണ് ഈ പ്രോഗ്രാം നമുക്കു മുന്‍പില്‍ തുറന്നു വയ്ക്കുന്നത്.
ഗ്രഹാന്തരയാത്രകളും ചാന്ദ്രപര്യവേഷണവുമെല്ലാം എല്ലാ ജനങ്ങള്‍ക്കും അനുഭവവേദ്യമാക്കിത്തരികയാണ് സെലസ്റ്റിയ. ഏത് ഗാലക്സികളിലേക്കും നക്ഷത്രങ്ങളിലേക്കും ഗ്രഹങ്ങളിലേക്കും ഉപഗ്രഹങ്ങളിലേക്കും വാല്‍നക്ഷത്രങ്ങളിലേക്കും എല്ലാം വിനോദ പഠനയാത്രകള്‍ നടത്താന്‍ ഒരു കംമ്പ്യൂട്ടര്‍ മാത്രം മതി എന്ന് ചുരുക്കം.
നമ്മള്‍ നടത്തിയ യത്രകള്‍ സുക്ഷിച്ചു വയ്ക്കാനും വേണമെങ്കില്‍ വീഡിയോ ഫയലുകള്‍ ആക്കി സൂക്ഷിക്കാനും സാധിക്കും.
http://www.celestiamotherlode.net/ എന്ന സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഫയലുകള്‍ ഉപയോഗിച്ചാല്‍ പ്രോഗ്രാമില്‍ നിരവധി സവിശേഷതകള്‍ കൂടി ഉള്‍പ്പെടുത്താനും സാധിക്കും.
കൃതൃമ ഉപഗ്രഹങ്ങള്‍, പര്യവേഷണ വാഹനങ്ങള്‍ തുടങ്ങിയവയും ഇത്തരത്തില്‍ ഉള്‍പ്പെടുത്താം.

ഇനിയും എത്രയോ സോഫ്റ്റ്വെയറുകള്‍ ...... പ്രോപ്പറേറ്ററി സോഫ്റ്റ്വെയറുകള്‍ ഈ മേഖലയില്‍ കുറവാണെന്നു തന്നെ പറയാം. കച്ചവടലക്ഷ്യങ്ങള്‍ക്കുപരിയായി അറിവിനെ കാണുന്നവരുടെ ലോകമാണ് ഇത്തരം സോഫ്റ്റ്വെറുകളുടെ ഉറവിടം.
ഇത്തരം ചില സോഫ്റ്റ്വെയറുകളുടെ ഒരു ലോകം http://www.openastro.com/ എന്ന ഈ സൈറ്റില്‍ കാണാം


ശാസ്ത്രലോകത്തിന് വിവരം ശേഖരിക്കുവാനും പഠിക്കുവാനും പഠിപ്പിക്കുവാനും എല്ലാം വിവരസാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുന്നുണ്ട്.
ശാസ്ത്രം കണ്ടെത്തുന്നതെല്ലാം സമൂഹത്തിന്‍റെയായതിനാല്‍ ശാസ്ത്രം ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളും സമൂഹത്തിന്‍റെ തന്നെയായിരിക്കണം.
സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ പ്രാധാന്യവും ഇതു തന്നെയാണ്.


1 comment:

ശിവ said...

ഈ വിവരങ്ങള്‍ ഉപയോഗപ്രദമാകുമെന്ന് ഞാന്‍ കരുതുന്നു....നന്ദി...

സസ്നേഹം,

ശിവ.