Tuesday, August 26, 2008

ഒരു കുട്ടിയെ സര്‍പ്പം കൊത്തുന്ന കാഴ്ച സത്യമോ മിഥ്യയോ?

മതത്തിന്‍റെ പേരിലെ മറ്റൊരു കിരാതത്വം എന്ന പേരില്‍ യുറ്റ്യൂബില്‍ വന്ന ഒരു വീഡിയോ ആണിത്. എന്തിന്‍റെ പേരിലായാലും ഇത് ക്രൂരതയാണ്. എന്താണ് ഇതിന്‍റെ സത്യാവസ്ഥ എന്നറിയാവുന്നവര്‍ അറിയിക്കുക.


Saturday, August 23, 2008

വൃശ്ചികം വരുത്തുന്ന കുഴപ്പങ്ങള്‍

വൃശ്ചികം നക്ഷത്രഗണത്തെക്കുറിച്ച് ആകാശക്കാഴ്ചകള്‍ എന്ന ബ്ളോഗില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇനി വൃശ്ചികത്തിന് (തേള്‍) ഇഷ്ടപ്പെടാത്തതു കൊണ്ടാണോ (ജ്യോതിഷത്തിന്‍റെ ഓരോരോ കുഴപ്പങ്ങളേ, വിവരസാങ്കേതിക വിദ്യയെപ്പോലും ആക്രമിക്കുന്നു!!!)എന്നറിയില്ല. അഗ്രഗേറ്ററില്‍ കാണിക്കുന്നില്ല. ഈ മാസം നക്ഷത്ര നിരീക്ഷകര്‍ക്ക് കണ്ടെത്താന്‍ ഏറ്റവും എളുപ്പമുള്ള നക്ഷത്രഗണമാണിത്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
http://www.mystarwatching.blogspot.com

Tuesday, August 19, 2008

മറന്നു പോയ ചന്ദ്രഗ്രഹണം വീണ്ടും കണ്ടപ്പോള്‍..


കാണാന്‍ കഴിയാതെ പോയ ചന്ദ്രഗ്രഹണം


ഇക്കഴിഞ്ഞ 16 ന് ചന്ദ്രഗ്രഹണം അരങ്ങേറിയിരുന്നു. വളരെ അപൂര്‍വ്വമായ ഒരു കാഴ്ചയൊന്നുമല്ല ചന്ദ്രഗ്രഹണം. എന്നാലും ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ പതിക്കുമ്പോള്‍ കാണുന്ന കാഴ്ച രസകരം തന്നെ. ചന്ദ്രഗ്രഹണം ഉണ്ടെന്ന കാര്യം സത്യത്തില്‍ മറന്നു പോയിരുന്നു. അല്ലായിരുന്നെങ്കില്‍ ഈ പോസ്റ്റ് നേരത്തേ ഇടാമായിരുന്നു. എന്തായാലും കേരളത്തില്‍ അന്ന് മഴയായതിനാല്‍ ഈ കാഴ്ച നേരിട്ട് കാണാന്‍ കഴിയുമായിരുന്നില്ല. പക്ഷേ നമ്മുടെ സാങ്കേതിക വിദ്യകള്‍ വളര്‍ന്നു കഴിഞ്ഞു. ചന്ദ്രഗ്രഹണം നമുക്ക് ചിത്രീകരിക്കാം, സ്റ്റെല്ലേറിയം എന്ന സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്. ആ കാഴ്ചകള്‍ നിങ്ങള്‍ക്കായിക്കൂടി പങ്കു വയ്ക്കുന്നു.

(ഗ്രഹണം ആരംഭിക്കുന്നു)
1.10 AM( ഭൂമിയുടെ നിഴല്‍ പതിച്ചു തുടങ്ങുന്നു )
1.23 AM( പകുതി ഭാഗവും നിഴലില്‍ )
1.56 AM( പരമാവധി ഗ്രഹണം )
2.34 AM( നിഴലില്‍ നിന്നും പുറത്തേക്ക് )
2.59 AM( പകുതിയിലധികം പുറത്തു കടന്നു )
3.26 AM( ഗ്രഹണം അവസാനഘട്ടത്തിലേക്ക് )
3.43 AM( ഗ്രഹണം പൂര്‍ത്തിയാകുന്നു.. )
4.12 AM(ചിത്രങ്ങളില്‍ അമര്‍ത്തിയാല്‍ വലുതായിക്കാണാം. മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ ആര്‍ക്കു വേണമെങ്കിലും തികച്ചും സൌജന്യമായും സ്വതന്ത്രമായും ഉപയോഗിക്കാവുന്നതാണ്.)Friday, August 15, 2008

പ്ളാസ്റ്റിക്ക് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വേണ്ട

സ്വാതന്ത്ര്യം ഹനിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍.

ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 61 വര്‍ഷം തികയുന്നു. ബ്രിട്ടീഷുകാരുടെ അടിമത്വത്തില്‍ നിന്നുള്ള മോചനം. ആ സ്വാതന്ത്ര്യത്തിനു വേണ്ടി ഒറ്റ മനസ്സായി പ്രയത്നിച്ച ജനത. അവരുടെ ആത്മവിശ്വാസമായിരുന്നു ഭാരതം എന്ന ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ പിറവി.
നാം ഇന്നും അതാഘോഷിക്കുന്നു. സന്തോഷം പങ്കിടുന്നു. ത്രിവര്‍ണ്ണ പതാകകള്‍ രാജ്യത്തെ മുഴുവന്‍ അലങ്കരിക്കുന്നു.

പക്ഷേ മനസ്സിന് ഒട്ടേറെ സന്തോഷം നല്‍കുന്ന ഈ ആഘോഷങ്ങള്‍ പിന്നീട് നമുക്കാപത്താകരുത്. നാം നേടിയ സ്വാതന്ത്ര്യം വിവേകരഹിതമായ ആഘോഷങ്ങള്‍ കൊണ്ട് ഇല്ലാതാവരുത്. നാടെങ്ങും ദേശീയ പതാകകളും തോരണങ്ങളും ലഭിക്കും. പണ്ടെല്ലാം തുണിയില്‍ നിര്‍മ്മിച്ച തോരണങ്ങളും പതാകകളും നാട്ടിലെല്ലാം ഉയര്‍ന്നു നിന്നിരുന്നു. അവയെ അടുത്ത വര്‍ഷത്തേക്കായി സൂക്ഷിക്കാനും ആര്‍ക്കും മടിയുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി നാം ഉപയോഗിക്കുന്ന പതാകകളും തോരണങ്ങളും എല്ലാം പ്ളാസ്റ്റിക്ക് നിര്‍മ്മിതമാണ്. പോളിത്തീന്‍ നിര്‍മ്മിതമായ ഇത്തരം പതാകകള്‍ നാടെങ്ങും നിറയുന്നു, നാം സന്തോഷിക്കുന്നു. പക്ഷേ അവ വരുത്തി വയ്ക്കുന്ന വിപത്തുകള്‍, പരിസ്ഥിതിയില്‍ അവയേല്‍പ്പിക്കുന്ന ആഘാതങ്ങള്‍, ഇവയൊന്നും നമ്മുടെ ചിന്തയിലില്ല. പതാകകള്‍ ഇന്നൊരു ബിസിനസ്സാണ്. ലക്ഷങ്ങള്‍ മറിയുന്ന ബിസിനസ്സ്. പ്ളാസ്റ്റിക്ക് പതാകകള്‍ നിര്‍മ്മാണമാരംഭിക്കുന്നത് ജനുവരിയോടെയാണത്രേ. പലയാളുകള്‍ കൈമറിഞ്ഞ് ആഗസ്റ്റ് ആദ്യവാരം കഴിയുമ്പോഴേക്കും അവ വിപണിയിലെത്തുന്നു. തുണിയോ കടലാസോ കൊണ്ട് ഒരു പതാകയോ തോരണമോ ഉണ്ടാക്കാന്‍ മിനക്കെടാതെ നാം അത് മേടിച്ചു കൂട്ടുന്നു. ആഘോഷങ്ങള്‍ക്ക് ശേഷം ആ ത്രിവര്‍ണ്ണ പതാകകള്‍ വഴിയിലുപേക്ഷിക്കുന്നു.
സ്വാതന്ത്ര്യം എന്നത് ബ്രിട്ടീഷുകാരില്‍ നിന്നുമുള്ള മോചനം മാത്രമല്ല, ശുദ്ധവായു ലഭിക്കാനും മലിനീകരണമില്ലാത്ത പരിതസ്ഥിതികളില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളുടേയും സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കേണ്ട കടമ നമുക്കോരോരുത്തര്‍ക്കുമുണ്ട്. ഈ ഭൂമിയെ അടുത്ത തലമുറക്കായി ജീവിക്കുവാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തി കൈമാറുവാനുള്ള കടമ നാം നിര്‍വ്വഹിക്കണം.

അതേ നാം നമ്മുടെ സ്വാതന്ത്ര്യത്തെ, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ, ഭാവി തലമുറയുടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കരുത്. ഗാന്ധിജി വിദേശവസ്ത്രങ്ങള്‍ ബഹിഷ്കരിച്ചത് സ്വാതന്ത്ര്യത്തിന്‍റെ വില മനസ്സിലാക്കിയ വലിയൊരു ആശയത്തിന്‍റെ പുറത്തായിരുന്നു. പ്ളാസ്റ്റിക്ക് പതാകകള്‍ സൃഷ്ടിക്കുന്നത് വീണ്ടും ഒരു ബഹിഷ്കരണ സമരത്തിന് ആവശ്യകതയാണ്. വരും തലമുറകളുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ വേണ്ടിയുള്ള മറ്റൊരു ഗാന്ധിയന്‍ സമരമാര്‍ഗ്ഗം. അതിനായി നമുക്കുപേക്ഷിക്കാം പ്ളാസ്റ്റിക്ക് പതാകകളുടേയും തോരണങ്ങളുടേയും ആഘോഷങ്ങള്‍. പകരം നമുക്ക് തിരിച്ചെത്തിക്കാം കടലാസുകളുടേയും തുണിയുടേയും ആഘോഷങ്ങള്‍. പ്രതീക്ഷക്ക് വകയുണ്ട്. കാരണം ആ കാഴ്ചകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ വര്‍ഷം തുണിയും കടലാസും തോരണങ്ങളും പതാകകളുമായി തിരിച്ചെത്തിയിരിക്കുന്നു. പക്ഷേ ഭൂരിഭാഗവും ഇപ്പോഴും പ്ളാസ്റ്റിക്കുകള്‍ തന്നെ.

അടുത്ത വര്‍ഷങ്ങളില്‍ നമുക്കുയര്‍ത്തണം സ്വാതന്ത്ര്യത്തിന്‍റെ പതാകകള്‍. കാരണം "മറ്റുള്ളവരുടെ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കലാണ് നമുക്ക് നല്‍കാനാവുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യദിന സന്ദേശം".

Thursday, August 7, 2008

തമോഗര്‍ത്തങ്ങളും ദൈവവും മനുഷ്യരെ പേടിപ്പിക്കുന്നു

തമോഗര്‍ത്തങ്ങളെ പേടിക്കേണ്ട..

തമോഗര്‍ത്തങ്ങള്‍ അഥവാ ബ്ളാക്ക് ഹോളുകള്‍ ശാസ്ത്രലോകത്തുമാത്രമല്ല, ശാസ്ത്രകല്പിതകഥകളിലും സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ്. എല്ലാത്തിനേയും വിഴുങ്ങുന്ന ഭീകരതയായാണ് അതിനെ എല്ലാ കഥകളിലും ചിത്രീകരിച്ചിരുന്നത്. European Center for Nuclear Research (CERN) ല്‍ നിര്‍മ്മിക്കപ്പെടുന്ന Large Hadron Collider (LHC) എന്ന കണികാത്വരിത്രം (
Particle Accelerator) ഈയടുത്തകാലത്ത് സജീവചര്‍ച്ചാവിഷയമായത് തമോഗര്‍ത്തവുമായി ബന്ധപ്പെടുത്തിയായിരുന്നു. ചാര്‍ജുള്ള കണങ്ങളായ പ്രോട്ടോണുകളേയും മറ്റും ത്വരണത്തിന്( Acceleration ) വിധേയമാക്കി ഉന്നത ഊര്‍ജ്ജമുള്ള കണികകളെ സൃഷ്ടിക്കാന്‍ കഴിവുള്ള ത്വരിത്രമാണ് LHC. ഇത്തരം ഊര്‍ജ്ജകണങ്ങള്‍ സൂഷ്മമായ തമോദ്വാരങ്ങളെ (BlackHoles) സൃഷ്ടിക്കും എന്ന അഭിപ്രായമായിരുന്നു ചര്‍ച്ചാവിഷയമായത്. ചെറിയ ഈ തമോദ്വാരങ്ങള്‍ ചുറ്റുമുള്ള ദ്രവ്യത്തെ ആകര്‍ഷിക്കുകയും തമോദ്വാരം പതിയെ വലുതായി വരികയും ഭൂമിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാവുകയും ചെയ്യും എന്നായിരുന്നു വാദം. ശാസ്ത്രകല്പിത കഥകള്‍ രചിക്കുന്നവര്‍ക്ക് തങ്ങളുടെ പുതിയ സൃഷ്ടികള്‍ക്ക് കൊഴുപ്പേകാന്‍ ഇത് ധാരാളം മതിയായിരുന്നു.

ഈ വാദങ്ങളുടെ പിന്‍ബലത്തിലാണ് ഹവായിലെ കോടതിയില്‍ രണ്ടു പേര്‍ ചേര്‍ന്ന് ഒരു ഹര്‍ജ്ജി കൊടുത്തിരുന്നു. ഭൂനിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന LHC യുടെ പണി നിര്‍ത്തിവയ്ക്കണം എന്നതായിരുന്നു ആവശ്യം!! വാദം കോടതി സ്വീകരിച്ചതോടെ LHC യുടെ സുരക്ഷ ബോധ്യപ്പെടുത്തേണ്ട ചുമതല ശാസ്ത്രജ്ഞര്‍ക്കായി. ഇതില്‍ ശാസ്ത്രലോകത്തിന് ആശ്വാസമായ കണ്ടെത്തല്‍ നടത്തിയത് സ്റ്റീവ് ഗിഡ്ഡിംഗ്സ് എന്ന വ്യക്തിയായിരുന്നു. സാന്‍റാ ബാര്‍ബറയിലുള്ള കാലിഫോര്‍ണ്ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറാണ് ഗിഡ്ഡിംഗ്സ്. സേണിലെ(CERN) മൈക്കലാന്‍ജലോ മംഗാനയുമായിച്ചേര്‍ന്ന് നടത്തിയ പഠനങ്ങള്‍ ശാസ്ത്രലോകത്തിന് അനുകൂലമായ വിധിയെഴുത്താണ് നടത്തിയത്. പഠനഫലം രസകരമായിരുന്നു. അതിസൂഷ്മ തമോഗര്‍ത്തങ്ങള്‍ വേണമെങ്കില്‍ സൃഷ്ടിക്കപ്പെടാം, എന്നാല്‍ അവയുടെ ജീവിതകാലം ശാസ്ത്രലോകത്തിന് ചിന്തിക്കാന്‍ കഴിയുന്നതിനേക്കാള്‍ കുറഞ്ഞ സമയത്തേക്കാണ്. ("about a nano-nano-nano second" എന്നാണ് ഗിഡ്ഡിംഗ്സ് ഇതിനെക്കുറിച്ച് പറഞ്ഞത്.) ഈ സമയത്തിനുള്ളില്‍ തമോഗര്‍ത്തത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ സമര്‍ത്ഥിച്ചു. ഈ സമയത്തിനുള്ളില്‍ തമോഗര്‍ത്ത വികിരണം എന്ന പ്രതിഭാസത്തിലൂടെ തമോഗര്‍ത്തം ബാഷ്പീകരിച്ച് പോകും. ( ബ്ളാക്ക് ഹോള്‍ റേഡിയേഷന്‍ എന്ന ഈ പ്രതിഭാസത്തെക്കുറിച്ച് സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞപ്പോഴുള്ള വിവാദങ്ങള്‍ ഓര്‍ത്തു നോക്കുക.)

ഈ കണികാത്വരിത്രം (Particle Accelerator) ഇന്നു മുതല്‍ ശാസ്ത്രലോകത്തേക്ക് പരീക്ഷണങ്ങളുടെ പെരുമഴയുമായി ഇറങ്ങുകയാണ്. ശാസ്ത്രലോകം കാത്തിരിക്കുകയാണ് നിരവധി നിഗമനങ്ങളുടെ പരീക്ഷണത്തെളിവിനായി. സമയത്തിന്‍റെ തുടക്കത്തിലേക്ക് പ്രോട്ടോണുകള്‍ നാളെ മുതല്‍ അന്വേഷണമാരംഭിക്കും. നിരവധി ലക്ഷ്യങ്ങളാണ് ഈ അന്തര്‍ദേശീയ ഉപകരണത്തിന് നേടിത്തരുവാനുള്ളത്.

ഫ്രാന്‍സിനും സിസ്വര്‍ലണ്ടിനും ഇടയില്‍ ജനീവക്കടുത്തായി ഭൂമിക്കടിയില്‍ ഏതാണ്ട് 100 മീറ്ററോളം ആഴത്തിലായാണ് ലോകത്തെ ഏറ്റവും വലിയ ഈ കണികാത്വരിത്രം സ്ഥാപിച്ചിരിക്കുന്നത്. 27 കിലോമീറ്റര്‍ ആണ് LHC യുടെ ചുറ്റളവ്. 3.8 മീറ്റര്‍ വ്യാസമുള്ള തുരങ്കമാണ് ഭൂമിക്കടിയില്‍ ഉള്ളത്. ഇതില്‍ ചെറിയ രണ്ട് കുഴലുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രോട്ടോണുകള്‍ സഞ്ചരിക്കുന്നത് ഈ കുഴലിലൂടെയായിരിക്കും. എതിര്‍ ദിശകളിലാണ് സഞ്ചാരം എന്നു മാത്രം. പ്രോട്ടോണുകളുടെ പാത നിയന്ത്രിക്കാനായി 1200 ലധികം ശക്തിയേറിയ വൈദ്യുത കാന്തങ്ങള്‍ (Electro Magnet) ഉപയോഗിക്കുന്നുണ്ട്. പ്രോട്ടോണുകളെ ലക്ഷ്യസ്ഥാനത്ത് ഫോക്കസ് ചെയ്യിക്കാനായി 400 ഓളം മറ്റ് കാന്തങ്ങളും ഉപയോഗിക്കുന്നുണ്ട്. 1600 ഓളം അതിചാലക കാന്തങ്ങളാണ് (Super Conducting Magnets ) ആകെ ഉപയോഗിച്ചിരിക്കുന്നത്. 27 ടണ്ണിലധികം ഭാരമുള്ളവയാണ് ഈ കാന്തങ്ങള്‍ എന്നതാണ് അത്ഭുതപ്പടുത്തുന്ന കാര്യം. അതിചാലക കാന്തങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വളരെയധികം താഴ്ന്ന താപനില ആവശ്യമുണ്ട്. ഏതാണ്ട് 100 ടണ്ണോളം ദ്രാവക ഹീലിയമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ദ്രാവക ഹീലിയം സംഭരണി ഉള്ളതും ഇവിടെത്തന്നെയാണ്.

പ്രധാന ത്വരിത്രമായ എല്‍.എച്ച്.സി. യെക്കൂടാതെ നിരവധി ചെറിയ ത്വരിത്രങ്ങളും ഇവിടെയുണ്ട്. പ്രോട്ടോണിനെ നേരിട്ട് പ്രധാന ത്വരിത്രത്തിലേക്ക് കടത്തിവിടുന്നതിനു മുന്‍പ് ഈ ത്വരിത്രങ്ങളില്‍ കൂടിയെല്ലാം കടത്തിവിടും. രേഖീയ ത്വരിത്രമായ (linear accelerator ) ലിനാക് -2 ല്‍ വച്ച് ആണ് പ്രോട്ടോണ്‍ യാത്ര തുടങ്ങുന്നത്. ഉള്ളില്‍ നിക്ഷേപിക്കപ്പെടുന്ന ഊര്‍ജ്ജം കുറഞ്ഞ പ്രോട്ടോണുകള്‍ വൈദ്യുതമണ്ഡലത്തിന്‍റെ സാന്നിദ്ധ്യത്തില്‍ പതിയേ വേഗമാര്‍ജ്ജിക്കുകയും ഊര്‍ജ്ജം നേടി വരുകയും ചെയ്യും. ഇതില്‍ നിന്നും പുറത്തു വരുന്ന 50MeV ഊര്‍ജ്ജമുള്ള പ്രോട്ടോണിനെ "പ്രോട്ടോണ്‍ സിങ്ക്റോട്രോണ്‍ ബൂസ്റ്റര്‍ " (PSC) എന്ന ത്വരിത്രത്തിലേക്കാണ് കടന്നു ചെല്ലുന്നത്. 1.4GeV ഊര്‍ജ്ജം ഇവിടെ നിന്നും നേടി പ്രോട്ടോണ്‍ സിങ്ക്രോട്രോണിലേക്കും (PS) തുടര്‍ന്നു കിട്ടുന്ന 26GeV ഊര്‍ജ്ജവുമായി സൂപ്പര്‍ പ്രോട്ടോണ്‍ സിങ്ക്രോട്രോണിലേക്കുമാണ് പ്രോട്ടോണ്‍ സഞ്ചരിക്കുന്നത്. ഇവിടെ നിന്നും ലഭിക്കുന്ന 450GeV ഊര്‍ജ്ജവുമായാണ് LHC യിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്. കാന്തികമണ്ഡലത്തിന്‍റെയും വൈദ്യുതമണ്ഡലത്തിന്‍റയും സാന്നിദ്ധ്യത്തില്‍ കൂടുതല്‍ ഊര്‍ജ്ജം നേടിയ ഈ പ്രോട്ടോണുകള്‍ക്ക് ഒരു സെക്കന്‍റു കൊണ്ട് 10000 തവണയിലധികം LHC യെ ചുറ്റിവരാന്‍ സാധിക്കും ഈ 27 കിലോമീറ്റര്‍ പാതയിലൂടെ പലതവണ കറങ്ങിയെത്തുന്നതോടെ അത്യധികം ഊര്‍ജ്ജമുള്ള കണമായി പ്രോട്ടോണ്‍ മാറും. പ്രകാശത്തിന്‍റെ വേഗതയോടടുത്ത വേഗങ്ങളില്‍ സഞ്ചരിക്കാന്‍ വരെ പ്രോട്ടോണുകള്‍ക്ക് കഴിയും എന്നാണ് പ്രതീക്ഷ. ഈ ഊര്‍ജ്ജ പ്രോട്ടോണ്‍ വന്നിടിക്കുന്ന വസ്തുക്കളുടെ ഘടന പൂര്‍ണ്ണമായും മാറ്റപ്പെടും. ചുറ്റലുകള്‍ക്ക് ശേഷം 7TeV ഊര്‍ജ്ജമാണ് കണത്തിന് ലഭിക്കുന്നത്. ഇരു വശത്തുനിന്നും പ്രോട്ടോണുകള്‍ ത്വരിപ്പിക്കാം എന്നതിനാല്‍ പ്രോട്ടോണുകള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ പുറത്തുവരുന്നത് 14TeV ഊര്‍ജ്ജമാണ്. ഈയം അയോണുകളേയും (Lead Ion) ത്വരിപ്പിക്കാന്‍ എല്‍.എച്ച്.സി ക്ക് ആകും. 1150TeV ഊര്‍ജ്ജം വരെ ഇതിന് ലഭിക്കും. എന്നാല്‍ ഇത്തരം അയോണുകളില്‍ നിരവധി പ്രോട്ടോണുകള്‍ ഉള്ളതിനാല്‍ ഒരു പ്രോട്ടോണിന് ലഭിക്കുന്ന ഊര്‍ജ്ജം 2.76 TeV മാത്രമായിരിക്കും.

പ്രോട്ടോണുകള്‍ ലോകമെമ്പാടുമുള്ള മാധ്യമ ലേഖകര്‍ക്കായി ഇന്ന് കറങ്ങാന്‍ തുടങ്ങും. ഇപ്പോള്‍ ഒരു വശത്തേക്ക് മാത്രമാണ് പ്രോട്ടോണുകളുടെ സഞ്ചാരം. ഇരു വശത്തേക്കും പ്രോട്ടോണുകള്‍ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയില്‍ എല്‍.എച്ച്.സി. യെ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ഏതാണ്ട് പൂര്‍ണ്ണമായ രീതിയില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ കഴിയും എന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പ്രപഞ്ചപരിണാമത്തിലെ ആദ്യ നിമിഷങ്ങളുടെ ഒരു ചെറിയ മാതൃക പുനസൃഷ്ടിക്കാനുള്ള ശ്രമമാണ് അതിനുശേഷമുള്ള പരീക്ഷണങ്ങള്‍. പ്രകാശത്തിനോടടുത്ത വേഗതകളില്‍ എതിര്‍ദിശകളില്‍ സഞ്ചരിക്കുന്ന പ്രോട്ടോണുകളെ തമ്മില്‍ ഇടിപ്പിക്കാനാണ് ശ്രമം. കൂട്ടിയിടി മൂലമുണ്ടാകുന്ന ഉന്നത ഊര്‍ജ്ജം, അവിടെ സൃഷ്ടിക്കപ്പെടുന്ന കണങ്ങള്‍ ഇതെല്ലാം പഠനവിഷയമാണ്. മഹാഏകീകൃത സിദ്ധാന്തം (grand unified theory) പരിശോധിക്കാനും അതിന്‍റെ ലക്ഷ്യത്തിലേക്കായി കൂടുതല്‍ സംഭാവനകള്‍ ചെയ്യാനും എല്‍.എച്ച്.സി ക്ക് കഴിയും എന്നാണ് പ്രതീക്ഷ. ഇതിന്‍റെ പ്രധാന ലക്ഷ്യവും ഇതു തന്നെയാണ്. സ്റ്റാന്‍ഡേര്‍ഡ് മാതൃക എന്ന സൂഷ്മകണങ്ങളെക്കുറിച്ചുള്ള സിദ്ധാന്തം പരിശോധിക്കപ്പെടും. ഇതില്‍ പറഞ്ഞിരിക്കുന്ന ഹിഗ്സ് ബോസോണിന്‍റെ പ്രത്യേകതകള്‍ തെളിയിക്കാനുള്ള അവസരമാണിത്. ക്വാര്‍ക്കുകള്‍ എന്ന അതി സൂഷ്മകണങ്ങളുടെ ദ്രവ്യമാനം കൂടുതല്‍ സൂഷ്മതയോടെ അളക്കല്‍, സൂപ്പര്‍ സ്ട്രിങ്ങ് തിയറിയുടെ സാധുത പരിശോധിക്കല്‍, ഇരുണ്ട ദ്രവ്യത്തിന്‍റെയും ഇരുണ്ട ഊര്‍ജ്ജത്തിന്‍റെയും പ്രത്യേകതകള്‍ തുടങ്ങി ഗുരുത്വാകര്‍ഷണം പ്രപഞ്ചത്തിലെ മറ്റ് അടിസ്ഥാന ബലങ്ങളേക്കാല്‍ വളരെയധികം ദുര്‍ബലമാകാനുള്ള കാരണം വരെ കണ്ടെത്താന്‍ എല്‍.എച്ച്.സി യില്‍ ഇനി നടക്കുന്ന പരീക്ഷണങ്ങള്‍ക്ക് സാധിക്കും.


'ദൈവത്തിന്‍റെ കണങ്ങള്‍' എന്ന് ശാസ്ത്രജ്ഞര്‍ പേരിട്ടുവിളിക്കുന്ന ഹിഗ്സ് ബോസോണിന്‍റെ അസ്ഥിത്വം തെളിയിക്കാനുള്ള അവസരമാണ് ശാസ്ത്രജ്ഞര്‍ക്ക് വീണുകിട്ടുന്നത്. സൈന്ധാന്തികമായി തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരീക്ഷണശാലയില്‍ ഇതു വരെ ഈ കണം പിടി കൊടുത്തിട്ടില്ല. ഉന്നത ഊര്‍ജ്ജമുള്ള അവസ്ഥകളില്‍ മാത്രമേ ഇത്തരം ഒരു കണത്തിന് നിലനില്‍ക്കാനാകൂ. വളരെ നിമിഷമാത്രമായ ആയുസ്സുള്ള ഈ കണത്തിന് ഇനി പിടി തരാതെ നടക്കാന്‍ കഴിയില്ല. ദൈവത്തേയും മനുഷ്യര്‍ കീഴടക്കാന്‍ പോകുന്നു എന്ന് സാരം.

NB: ലേഖനം പൂര്‍ണ്ണമല്ല. തിരുത്തലുകള്‍ പിന്നീട് നടത്തുന്നതാണ്.

കൊല്ലരുതേ ഞങ്ങളെ.....

കൊല്ലരുതേ ഞങ്ങളെ.....

ജീവനും ലക്ഷ്മി ദേവിയും അന്‍വര്‍ റഷീദും വിലപിക്കുകയാണ് വീണ്ടും. തങ്ങളെക്കുറിച്ച് പഠിപ്പിക്കരുത് എന്നാവശ്യപ്പെട്ട് കേരളത്തെ ഭ്രാന്താലയമാക്കിയപ്പോള്‍ അവര്‍ അമ്പരന്നു. തങ്ങളെ ക്കുറിച്ചുള്ള പാഠം മാറ്റം വരുത്തുമെന്ന പ്രഖ്യാപനം തങ്ങളെ സൃഷ്ടിച്ചവരില്‍ നിന്നും ഉണ്ടായപ്പോള്‍ അവര്‍ തേങ്ങിക്കരഞ്ഞു. അപ്പോഴും അവര്‍ക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു. അവര്‍ ഉള്‍പ്പെട്ട പാഠം പഠിപ്പിച്ചില്ലെങ്കിലും അതവിടെ കിടക്കുമല്ലോ എന്ന ആശ്വാസം.

പക്ഷേ ഇപ്പോള്‍ ആ ആശ്വാസവും അവസാനിക്കുകയാണ്. പുതിയ പാഠം പ്രത്യേക കടലാസില്‍ അച്ചടിച്ചുകൊടുക്കുന്നുണ്ട്. അത് പുസ്തകത്തില്‍ പഴയ പാഠത്തിന് മുകളില്‍ ഒട്ടിച്ചു വയ്കണമെന്നാണ് പുതിയ നിര്‍ദ്ദേശം...

അതെ മാസം ൨൫ മുതല്‍ അന്‍വര്‍ റഷീദിന്‍റെയും ലക്ഷ്മി ദേവിയുടേയും ജീവന്‍റെയും മുകളിലൂടെ വിശ്വാസസ്വാതന്ത്ര്യം എന്ന താളുകള്‍ മാത്രം ഇനി കാണാന്‍ കഴിയൂ. പഴയ പാഠം ഇനി ഒരു കുട്ടിയും വായിക്കരുത്. അവരെക്കുറിച്ച് ഇനിയാരും അറിയരുത്.....

പക്ഷേ അവരെ കേരളത്തിലെ ജനത നെഞ്ചിലേറ്റിക്കഴിഞ്ഞു. കുട്ടികള്‍ പല ആവര്‍ത്തി വായിച്ചു കഴിഞ്ഞു. ബ്ളോഗുകളിലും വിവിധ മനുഷ്യത്വം മരിക്കാത്ത ഹൃദയങ്ങളിലുമായി അവര്‍ ഇനിയും ജീവിക്കും.
മരണമില്ലാത്ത മതമില്ലാത്ത മനുഷ്യരായ ലക്ഷ്മിദേവിയും അന്‍വര്‍ റഷീദും പിന്നെ എല്ലാവരുടേയും പ്രിയപ്പെട്ട ജീവനുമായി.....

Tuesday, August 5, 2008

സഡാക്കോ സസാക്കിയും ആയിരം കൊക്കുകളും


സഡാക്കോ സസാക്കിയും ആയിരം കൊക്കുകളുംആഗസ്റ്റ് ആറ്, അന്ന് സഡാക്കോ സസാക്കിക്ക് പ്രായം രണ്ടു വയസ്സ്. ഹിരോഷിമയില്‍ നിന്നും അല്പം അകലെയായിരുന്നു അവള്‍. ഹിരോഷിമയുടെആകാശത്ത് ബോംബര്‍ വിമാനങ്ങള്‍ പറന്നു നടക്കുന്നത് കൌതുകത്തോടെ നിഷ്കളങ്കതയോടെ ആ കൊച്ചു മിടുക്കി നോക്കി നിന്നു. ലക്ഷക്കണക്കിന് മനുഷ്യര്‍ കത്തിക്കരിഞ്ഞെങ്കിലും സഡാക്കോ സസാക്കിയോട് തീ ജ്വാലകള്‍ പോലും കരുണ കാണിച്ചു.

കാലം കടന്നു പോയി നിഷ്കളങ്കതയുടെ ബാല്യമെന്തെന്ന് അന്ന് ജപ്പാനിലെ കുട്ടികളാരും അറിഞ്ഞിരിക്കില്ല. റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ പിന്നെയും എത്രയോ പേരെ കൊന്നൊടുക്കി. ആറ്റം ബോംബിന്‍റെ തീജ്വാലകള്‍ കരുണ കാണിച്ച ആ ബാലികയോട് പക്ഷേ കാലം കരുണ കാണിച്ചില്ല. രക്താര്‍ബുദത്തിന്‍റെ രൂപത്തില്‍ അവളെ റേഡിയോ വികിരണങ്ങള്‍ ആക്രമിച്ചു. ആശുപത്രിക്കിടക്കയില്‍ വച്ചും അവള്‍ ആശ കൈവെടിഞ്ഞില്ല. തന്ന സന്ദര്‍ശിക്കാനെത്തിയ ആത്മസുഹൃത്ത് ചിസുക്കോ ഹമാമോട്ടോ ഒരു കടലാസു കൊണ്ട് അവളെ ഒരു കൊക്കുണ്ടാക്കി കാണിച്ചു. വെള്ളക്കൊക്കുകള്‍ ജപ്പാന്‍കാര്‍ക്ക് ഐശ്വര്യത്തിന്‍റെ പ്രതീകമായിരുന്നു. ആ ഐശ്വര്യത്തെ വിളിച്ചു വരുത്താനായി ആശുപത്രിക്കിടക്കയിലിരുന്ന് അവള്‍കടലാസുകൊക്കുകളെ ഉണ്ടാക്കാന്‍ ആരം ഭിച്ചു. ആയിരം കൊക്കുകളെ ഉണ്ടാക്കിയാല്‍ അനുഗ്രഹിക്കപ്പെടും എന്ന വിശ്വാസം ആ പിഞ്ചുമനസ്സിനെ ആവേശം കൊള്ളിച്ചു.

ആശുപത്രിയില്‍ കഴിച്ചു കൂട്ടിയ സമയം മുഴുവന്‍ അവള്‍ കൊക്കുകളെ നിര്‍മ്മിച്ചു കൊണ്ടേയിരുന്നു. കടലാസ് വളരെ എളുപ്പം കിട്ടുമായിരുന്നില്ല. മരുന്നു പൊതിയുന്ന കടലാസുകള്‍ക്കായി അവള്‍ അയല്‍ മുറികളില്‍ കയറിയിറങ്ങി. ചിസുക്കോയും സ്കൂളില്‍ നിന്ന് കടലാസുകള്‍ നല്‍കി അവളെ സഹായിച്ചു. സമയം കടന്നുപോകു തോറും ആരോഗ്യനില വഷളായിക്കൊണ്ടിരുന്നവെങ്കിലും ഒരു രക്താര്‍ബുദത്തിനും തന്നെ കീഴ്പെടുത്താനാവില്ല എന്ന ആത്മവിശ്വാസമായിരുന്നു അവളില്‍ നിറഞ്ഞു നിന്നത്. പക്ഷേ ആയിരം കൊക്കുകള്‍ എന്ന പ്രതീക്ഷ തികയ്ക്കാന്‍ പോലും Little Boy യുടെ വികിരണങ്ങള്‍ അവളെ അനുവദിച്ചില്ല. 644 കൊക്കുകളെ പൂര്‍ത്തിയാക്കി 1955 ഒക്റ്റോബര്‍ 25 ന് ലോകജനതക്കായി തന്‍റെ പ്രതീക്ഷകള്‍ കൈമാറിക്കൊണ്ട് അവള്‍ കടന്നു പോയി. ആത്മസുഹൃത്ത് ചിസുക്കോ ഹമാമോട്ടോ അവള്‍ക്ക് വേണ്ടി 1000 കൊക്കുകളെ പൂര്‍ത്തിയാക്കി. പ്രിയപ്പെട്ട ആ കൊക്കുകള്‍ക്കൊന്നിച്ചാണ് അവളെ അടക്കം ചെയ്തത്.

പക്ഷേ അവള്‍ അറിഞ്ഞിരിക്കില്ല, തന്‍റെ പ്രതീക്ഷ നിലനിര്‍ത്താന്‍ ലോകജനത മുഴുവന്‍ കാത്തിരിക്കുകയാണ് എന്നത്. അവളുടെ മരണശേഷം ചിസുക്കോയും സ്കൂളിലെ സുഹൃത്തുക്കളും ചേര്‍ന്ന് അനേകം കത്തുകളെഴുതി. തങ്ങളുടെ പ്രിയസുഹൃത്തിന്‍റെയും ആണവവികിരണമേറ്റ് അകന്നുപോയ ആയിരക്കണക്കിന് കുട്ടികള്‍ക്കായും സ്മാരകം നിര്‍മ്മിക്കാന്‍. ആ കുരുന്നുകളുടെ കത്തുകള്‍ക്ക് ഏത് ആറ്റം ബോംബുകളേയും ഉരുക്കിക്കളയാനുള്ള കഴിവുണ്ടായിരുന്നു. ജപ്പാനിലെ സ്കൂള്‍ കുട്ടികള്‍ സ്മാരകം നിര്‍മ്മിക്കാനുള്ള പണത്തിനായി ഏക മനസ്സോടെ പ്രചരണ പരിപാടികള്‍ നടത്തി. 1958 മേയ് 5 ന് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കുട്ടികളുണ്ടാക്കിയ ആയിരക്കണക്കിന് കടലാസു കൊക്കുകളുടെ സാന്നിദ്ധ്യത്തില്‍ ഹിരോഷിമയിലെ സമാധാന സ്മരണിക ഉദ്യാനത്തില്‍ ഒരു വലിയ പ്രതിമ സ്ഥാപിക്കപ്പെട്ടു.ആ സ്മാരകത്തിന്‍റെ മുകളില്‍ സഡാക്കോ സസാക്കി കടലാസു കൊക്കിനെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട് ഇന്നും.

സഡാക്കോ സസാക്കി എന്ന പന്ത്രണ്ട് വയസ്സുകാരി ലോകത്തെ മനുഷ്യത്വമുള്ള മനസ്സുകളില്‍ ഇന്നും വേദനയായി അവശേഷിക്കുന്നു. എല്ലാ വര്‍ഷവും ആഗസ്റ്റ് ആറിന് ഒരു കോടിയിലധികം കടലാസു കൊക്കുകള്‍ ഹിരോഷിമയിലെ സമാധാന സന്ദേശ ഉദ്യാനത്തിലെത്തും, ലോകത്തെ മനുഷ്യത്വമുള്ള മനസ്സുകള്‍ നിലനില്‍ക്കുന്നു എന്നതിന്‍റെ പ്രതീകമായി. സഡാക്കോ സസാക്കി എന്ന പന്ത്രണ്ടു വയസ്സുകാരിയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ലോകത്തെ കുട്ടികള്‍ പരിശ്രമിക്കുകയാണിന്നും. ഹിരോഷിമയെന്ന ദുരന്ത ഭൂമിയില്‍ സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളായി എത്തുന്ന കടലാസു കൊക്കുകള്‍ക്കു പുറകില്‍ സസാക്കിയുടെ നിലവിളിയുണ്ട്.. വേദനയുണ്ട്.. പക്ഷേ അപ്പോഴും അവള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.


Saturday, August 2, 2008

നക്ഷത്ര നിരീക്ഷണം നക്ഷത്രമാപ്പുകള്‍

ആകാശം ഒരു അത്ഭുതക്കാഴ്ചയാണ്. എന്നും മനുഷ്യന്‍റെ അന്വേഷണങ്ങള്‍ക്ക് ആകാശക്കാഴ്ചകള്‍ നല്‍കിയ പ്രേരണകള്‍ ചെറുതല്ല.... നക്ഷത്രങ്ങളുടെ കഥകള്‍ക്കും നിരീക്ഷണങ്ങളുടെ പുതിയ തുടക്കങ്ങള്‍ക്കുമായി ആകാശക്കാഴ്ചകള്‍ എന്ന പുതിയ ബ്ളോഗ്. സൂര്യഗ്രഹണം കണ്ടതിന്‍റെ ആവേശത്തില്‍ ഒരു തുടക്കം.

കണ്ടു നോക്കുക.. www.mystarwatching.blogspot.com

Friday, August 1, 2008

സൂര്യഗ്രഹണം കാണാത്തവര്‍ക്കും കണ്ടവര്‍ക്കുമായി ഒരനുഭവം

സൂര്യഗ്രഹണം കണ്ടവര്‍ക്കും കാണാത്തവര്‍ക്കുമായി ചില അനുഭവങ്ങള്‍..

കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. സൂര്യന്‍റെ വളരെക്കുറച്ചു ഭാഗം മാത്രമാണ് മൂടപ്പെട്ടത്. പൂര്‍ണ്ണ സൂര്യഗ്രഹണം ചൈനയില്‍ ദൃശ്യമായിരുന്നു. ഒളിമ്പിക്സിനൊപ്പം ആവേശത്തോടെയാണ് അവര്‍ അതിനെ വരവേറ്റത്.


ഞങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും മഴക്കാറും ക്യാമറയുടെ പരിമിതിയും നല്ല ദൃശ്യങ്ങള്‍ തന്നില്ല. പഴയ ഫ്ളോപ്പിയുടെ മാഗ്നറ്റിക്ക് ഫിലിം ആണ് ഫില്‍ട്ടര്‍ ആയി ഉപയോഗിച്ചത്. മൊബൈല്‍ ശ്രമം പരാജയപ്പെട്ടെങ്കിലും ഫ്ളോപ്പി ഫിലിം ഉപയോഗിച്ച് നിര്‍മ്മിച്ച കണ്ണടയിലൂടെ സൂര്യഗ്രഹണം നേരിട്ട് കാണുവാന്‍ കഴിഞ്ഞു. മഴമേഘങ്ങള്‍ പലപ്പോഴും കാഴ്ചമറച്ചെങ്കിലും അപൂര്‍വ്വമായ കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നു.

ഗ്രഹണം കാണാന്‍ ഉപയോഗിച്ച കണ്ണട
നേരിട്ടു കാണാന്‍ കഴിയാത്തവര്‍ക്കായി സ്റ്റെല്ലേറിയം എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ദൃശ്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. ഇതേ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ചൈനയില്‍ നടന്ന പൂര്‍ണ്ണസൂര്യഗ്രഹണവും പണ്ടു നടന്ന ഗ്രഹണങ്ങളും ഇനി നടക്കാന്‍ പോകുന്ന ഗ്രഹണങ്ങളും ചിത്രീകരിക്കാവുന്നതാണ്. സ്ഥലവും സമയവും മാത്രം നല്‍കിയാല്‍ മതി.

കേരളത്തിലെ സൂര്യഗ്രഹണം ഇപ്രകാരമായിരുന്നു.

സമയം 4.53 PM


സമയം 5.00 PMസമയം 5.11 PM


സമയം 5.20 PM


സമയം 5.27 PM


സമയം 5.35 PM


സമയം 5.43 PM


സമയം 5.51 PM


സമയം 5.58 PM


സമയം 6.01 PM


സമയം 6.03 PMസമയം 6.06 PM


മൊബൈല്‍ ഫോണില്‍ എടുത്ത ഒരു ദൃശ്യം താഴെ
(ചിത്രം സൂം ചെയ്ത് എടുത്തതിനാല്‍ ഗ്രഹണദൃശ്യം വ്യക്തമായിട്ടില്ല.)


എല്ലാവരുടേയും അനുഭവങ്ങള്‍ ‌അറിയിക്കുക.