Tuesday, August 5, 2008

സഡാക്കോ സസാക്കിയും ആയിരം കൊക്കുകളും


സഡാക്കോ സസാക്കിയും ആയിരം കൊക്കുകളുംആഗസ്റ്റ് ആറ്, അന്ന് സഡാക്കോ സസാക്കിക്ക് പ്രായം രണ്ടു വയസ്സ്. ഹിരോഷിമയില്‍ നിന്നും അല്പം അകലെയായിരുന്നു അവള്‍. ഹിരോഷിമയുടെആകാശത്ത് ബോംബര്‍ വിമാനങ്ങള്‍ പറന്നു നടക്കുന്നത് കൌതുകത്തോടെ നിഷ്കളങ്കതയോടെ ആ കൊച്ചു മിടുക്കി നോക്കി നിന്നു. ലക്ഷക്കണക്കിന് മനുഷ്യര്‍ കത്തിക്കരിഞ്ഞെങ്കിലും സഡാക്കോ സസാക്കിയോട് തീ ജ്വാലകള്‍ പോലും കരുണ കാണിച്ചു.

കാലം കടന്നു പോയി നിഷ്കളങ്കതയുടെ ബാല്യമെന്തെന്ന് അന്ന് ജപ്പാനിലെ കുട്ടികളാരും അറിഞ്ഞിരിക്കില്ല. റേഡിയോ ആക്റ്റീവ് വികിരണങ്ങള്‍ പിന്നെയും എത്രയോ പേരെ കൊന്നൊടുക്കി. ആറ്റം ബോംബിന്‍റെ തീജ്വാലകള്‍ കരുണ കാണിച്ച ആ ബാലികയോട് പക്ഷേ കാലം കരുണ കാണിച്ചില്ല. രക്താര്‍ബുദത്തിന്‍റെ രൂപത്തില്‍ അവളെ റേഡിയോ വികിരണങ്ങള്‍ ആക്രമിച്ചു. ആശുപത്രിക്കിടക്കയില്‍ വച്ചും അവള്‍ ആശ കൈവെടിഞ്ഞില്ല. തന്ന സന്ദര്‍ശിക്കാനെത്തിയ ആത്മസുഹൃത്ത് ചിസുക്കോ ഹമാമോട്ടോ ഒരു കടലാസു കൊണ്ട് അവളെ ഒരു കൊക്കുണ്ടാക്കി കാണിച്ചു. വെള്ളക്കൊക്കുകള്‍ ജപ്പാന്‍കാര്‍ക്ക് ഐശ്വര്യത്തിന്‍റെ പ്രതീകമായിരുന്നു. ആ ഐശ്വര്യത്തെ വിളിച്ചു വരുത്താനായി ആശുപത്രിക്കിടക്കയിലിരുന്ന് അവള്‍കടലാസുകൊക്കുകളെ ഉണ്ടാക്കാന്‍ ആരം ഭിച്ചു. ആയിരം കൊക്കുകളെ ഉണ്ടാക്കിയാല്‍ അനുഗ്രഹിക്കപ്പെടും എന്ന വിശ്വാസം ആ പിഞ്ചുമനസ്സിനെ ആവേശം കൊള്ളിച്ചു.

ആശുപത്രിയില്‍ കഴിച്ചു കൂട്ടിയ സമയം മുഴുവന്‍ അവള്‍ കൊക്കുകളെ നിര്‍മ്മിച്ചു കൊണ്ടേയിരുന്നു. കടലാസ് വളരെ എളുപ്പം കിട്ടുമായിരുന്നില്ല. മരുന്നു പൊതിയുന്ന കടലാസുകള്‍ക്കായി അവള്‍ അയല്‍ മുറികളില്‍ കയറിയിറങ്ങി. ചിസുക്കോയും സ്കൂളില്‍ നിന്ന് കടലാസുകള്‍ നല്‍കി അവളെ സഹായിച്ചു. സമയം കടന്നുപോകു തോറും ആരോഗ്യനില വഷളായിക്കൊണ്ടിരുന്നവെങ്കിലും ഒരു രക്താര്‍ബുദത്തിനും തന്നെ കീഴ്പെടുത്താനാവില്ല എന്ന ആത്മവിശ്വാസമായിരുന്നു അവളില്‍ നിറഞ്ഞു നിന്നത്. പക്ഷേ ആയിരം കൊക്കുകള്‍ എന്ന പ്രതീക്ഷ തികയ്ക്കാന്‍ പോലും Little Boy യുടെ വികിരണങ്ങള്‍ അവളെ അനുവദിച്ചില്ല. 644 കൊക്കുകളെ പൂര്‍ത്തിയാക്കി 1955 ഒക്റ്റോബര്‍ 25 ന് ലോകജനതക്കായി തന്‍റെ പ്രതീക്ഷകള്‍ കൈമാറിക്കൊണ്ട് അവള്‍ കടന്നു പോയി. ആത്മസുഹൃത്ത് ചിസുക്കോ ഹമാമോട്ടോ അവള്‍ക്ക് വേണ്ടി 1000 കൊക്കുകളെ പൂര്‍ത്തിയാക്കി. പ്രിയപ്പെട്ട ആ കൊക്കുകള്‍ക്കൊന്നിച്ചാണ് അവളെ അടക്കം ചെയ്തത്.

പക്ഷേ അവള്‍ അറിഞ്ഞിരിക്കില്ല, തന്‍റെ പ്രതീക്ഷ നിലനിര്‍ത്താന്‍ ലോകജനത മുഴുവന്‍ കാത്തിരിക്കുകയാണ് എന്നത്. അവളുടെ മരണശേഷം ചിസുക്കോയും സ്കൂളിലെ സുഹൃത്തുക്കളും ചേര്‍ന്ന് അനേകം കത്തുകളെഴുതി. തങ്ങളുടെ പ്രിയസുഹൃത്തിന്‍റെയും ആണവവികിരണമേറ്റ് അകന്നുപോയ ആയിരക്കണക്കിന് കുട്ടികള്‍ക്കായും സ്മാരകം നിര്‍മ്മിക്കാന്‍. ആ കുരുന്നുകളുടെ കത്തുകള്‍ക്ക് ഏത് ആറ്റം ബോംബുകളേയും ഉരുക്കിക്കളയാനുള്ള കഴിവുണ്ടായിരുന്നു. ജപ്പാനിലെ സ്കൂള്‍ കുട്ടികള്‍ സ്മാരകം നിര്‍മ്മിക്കാനുള്ള പണത്തിനായി ഏക മനസ്സോടെ പ്രചരണ പരിപാടികള്‍ നടത്തി. 1958 മേയ് 5 ന് ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കുട്ടികളുണ്ടാക്കിയ ആയിരക്കണക്കിന് കടലാസു കൊക്കുകളുടെ സാന്നിദ്ധ്യത്തില്‍ ഹിരോഷിമയിലെ സമാധാന സ്മരണിക ഉദ്യാനത്തില്‍ ഒരു വലിയ പ്രതിമ സ്ഥാപിക്കപ്പെട്ടു.ആ സ്മാരകത്തിന്‍റെ മുകളില്‍ സഡാക്കോ സസാക്കി കടലാസു കൊക്കിനെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട് ഇന്നും.

സഡാക്കോ സസാക്കി എന്ന പന്ത്രണ്ട് വയസ്സുകാരി ലോകത്തെ മനുഷ്യത്വമുള്ള മനസ്സുകളില്‍ ഇന്നും വേദനയായി അവശേഷിക്കുന്നു. എല്ലാ വര്‍ഷവും ആഗസ്റ്റ് ആറിന് ഒരു കോടിയിലധികം കടലാസു കൊക്കുകള്‍ ഹിരോഷിമയിലെ സമാധാന സന്ദേശ ഉദ്യാനത്തിലെത്തും, ലോകത്തെ മനുഷ്യത്വമുള്ള മനസ്സുകള്‍ നിലനില്‍ക്കുന്നു എന്നതിന്‍റെ പ്രതീകമായി. സഡാക്കോ സസാക്കി എന്ന പന്ത്രണ്ടു വയസ്സുകാരിയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ലോകത്തെ കുട്ടികള്‍ പരിശ്രമിക്കുകയാണിന്നും. ഹിരോഷിമയെന്ന ദുരന്ത ഭൂമിയില്‍ സമാധാനത്തിന്‍റെ വെള്ളരിപ്രാവുകളായി എത്തുന്ന കടലാസു കൊക്കുകള്‍ക്കു പുറകില്‍ സസാക്കിയുടെ നിലവിളിയുണ്ട്.. വേദനയുണ്ട്.. പക്ഷേ അപ്പോഴും അവള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.


13 comments:

വിചാരം said...

മനസ്സുകൊണ്ടുണ്ടാക്കിയ ഒരായിരം കൊക്കുകള്‍ അര്‍പ്പിയ്ക്കുന്നു ആ കൊച്ചു പെങ്ങള്‍ക്കായ്.
ഒരുപക്ഷെ ഇന്നവള്‍ ഹൃദയവേദനയാല്‍ കരയുകയായിരിക്കും അവളെ, അവളുടെ ഉറ്റവരേയും ഉടയവരുടേയും ജീവനെടുത്തവരുമായുള്ള ചങ്ങാത്തം കണ്ടിട്ട്.

Joker said...

കണ്ണുനനയിച്ച കഥ...നന്ദി

N.J ജോജൂ said...

പതിനഞ്ചോ പതിനെട്ടോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശവാണിയുടെ രശ്മി എന്ന പരിപാടിയില്‍ ഒരു കഥാപ്രസംഗമായി കേട്ടതായിരുന്നൂ സഡാക്കോസസാക്കിയുടെ കഥ.

ബാബുരാജ് said...

ഓരോ തവണ വായിക്കുമ്പോഴും കരയിപ്പിക്കുന്ന കുട്ടി....
സഡാക്കോയുടെ ഓര്‍മ്മയ്ക്ക്‌ ഇത്തവണ നമുക്കും ഒരു കടലാസു കൊക്കിനെ ഉണ്ടാക്കാം. ഇങ്ങനെ..

രണ്‍ജിത്ത് [Ranjith.siji] said...

യുദ്ധങ്ങള്‍ സമ്മാനിക്കുന്ന കഷ്ടപ്പാടുകള്‍ എന്തെല്ലാം.
റ്റോമോ പള്ളിക്കൂടം എരിഞ്ഞടങ്ങിയ കഥ ഇവിടെ യുറീക്കയില്‍

Sarija N S said...

എല്ലാം കഥകള്‍ മാ‍ത്രമായി മാറുന്നു. ഭരണാധികാരികളുടെയൊന്നും മനസ്സീലേക്കെത്തുന്നില്ല :(

smitha adharsh said...

കരളലിയിപ്പിക്കുന്ന ഈ കഥ മുന്‍പ്‌ കേട്ടിട്ടുന്ടെന്കിലും..ഒരിക്കല്‍ കൂടി അറിയാന്‍ കഴിഞ്ഞതിനു നന്ദി...
നല്ല പോസ്റ്റ്

ടോട്ടോചാന്‍ (edukeralam) said...

വിചാരം, ശരി തന്നെയാണ് നമ്മെ കരയിപ്പിച്ചവര്‍ പിന്നീട് നമ്മുടെ സുഹൃത്തുക്കളായി മാറിയേക്കാം..
പക്ഷേ ആ സൌഹൃദം കണ്ടിട്ട് സന്തോഷിക്കുവാനേ അവള്‍ക്ക് കഴിയൂ..
കാരണം ബാല്യം അത്രക്ക് നിഷ്കളങ്കമാണ്...

ജോക്കര്‍,സ്മിത നന്ദി.. കണ്ണുനനയുമ്പോള്‍ നമുക്കും തീരുമാനങ്ങളെടുക്കാം ഇനിയൊരു യുദ്ധം വേണ്ട എന്ന്.

ജോജു, സഡാക്കോ സസാക്കി ലോകം മുഴുവന്‍ നിറഞ്ഞു നിന്ന ഒരു പ്രതീകമാണ് യുദ്ധങ്ങള്‍ക്കെതിരായ ഒരു പ്രതീകം. കഥകളും ഉപകഥകളും അനവധി.. സഡാക്കോ സസാക്കിയും ആയിരം കൊക്കുകളും എന്ന പേരില്‍ ഒരു പുസ്തകം തന്നയുണ്ട്. ആ പുസ്തമാണ് സസാക്കിയെ ജനമനസ്സുകളിലേക്ക് ഇത്രയധികം കടത്തിവിട്ടത്...

ബാബുരാജ് നന്നായി. ആരെങ്കിലും ഇത്തരം ഒരു ലിങ്കും കൊണ്ടു വരും എന്ന പ്രതീക്ഷ തെറ്റിയില്ല..

രണ്‍ജിത്ത് ലിങ്കിന് നന്ദി..

സരിജ,
താങ്കളുടെ നിഗമനം ഒരു പരിധി വരെ ശരിയാണ്. പക്ഷേ "സഡാക്കോ സസാക്കിയും ആയിരം കൊക്കുകളും" എന്ന പുസ്തകം പല ഭരണാധികാരികളുടേയും കണ്ണ് തുറപ്പിച്ചിട്ടുണ്ട്.
ഹിരോഷിമ ദിനത്തില്‍ സഡാക്കോ സസാക്കിയെ, ആവള്‍ നമ്മളിലേല്‍പ്പിച്ചു പോയ ഉത്തരവാദിത്വത്തെ നെഞ്ചിലേറ്റിയവരില്‍ അമേരിക്കയിലെ കുട്ടികള്‍ പോലും ഉണ്ട്. യുദ്ധത്തിനെതിരായ ഒരു വികാരമാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നത്. ഏറ്റവും വലിയ പ്രതിരോധമാണത്. എങ്കിലും സരിജ ആശങ്കപ്പെടുന്നതു പോലെ ഇനിയും കണ്ണു തുറക്കേണ്ടതുണ്ട് പല ഭരണാധികാരികളും...

എം.ടി.പി റഫീക്ക്‌ said...

അതേ... സഡാക്കോ സസാക്കി പ്രതീകമാണ്‌,,, പക്ഷേ പ്രതീകങ്ങള്‍ പ്രതീകങ്ങളായി മാത്രം അവശേഷിക്കുന്നു. അധികാരത്തിന്റെ തിമിരം പിടിച്ച കണ്ണുകള്‍ക്ക്‌ അത്‌ കാണാനാവുന്നില്ല... ആയുധക്കച്ചവടത്തിലൂടെ കോടികള്‍ കൊയ്യുന്നവര്‍ക്ക്‌ സഡാക്കോയുടെ നിലവിളി കേള്‍ക്കാനാവുന്നില്ല.... ലോകത്ത്‌ കോടികള്‍ പട്ടിണിയുടെ കരങ്ങളില്‍ പിടഞ്ഞു മരിക്കുമ്പോഴും പ്രതിരോധ ബജറ്റുകള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. എന്തിന്‌....? ആര്‍ക്കെന്തു നേട്ടം........ പക്ഷേ ശവപ്പെട്ടികളില്‍ പോലും കുമ്പകോണം നടത്തുന്നവരോടും പാര്‍ലമെന്റിനെ പോലും വിലക്കെടുക്കുന്നവരോടും ഇതൊക്കെ പറഞ്ഞിട്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടാവുമോ..... സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങും മുമ്പേ എരിഞ്ഞടങ്ങിയ ഷിന്‍ ഇച്ചിയുടെയും പ്രിയപ്പെട്ട സൈക്കിളിന്റെയും കഥ ഇവിടെ

സ്‌പന്ദനം said...

ഞാനും സഡാക്കോ സസാസിയുടെ കഥ കേട്ടതു കഥാപ്രസംഗത്തിലൂടെയാണ്‌. തന്നെ കാര്‍ന്നു തിന്നുന്ന 'രോഗ'ത്തെ തോല്‍പ്പിക്കാന്‍ അവള്‍ സംഭരിച്ച ആത്മവിശ്വാസത്തിനുമായില്ല. പൂര്‍ത്തിയാക്കാനാവാതെ പോയ ആ കടലാസുകൊക്കുകള്‍ക്കു പകരം നമുക്കു പൂര്‍ത്തിയാക്കാം സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സമാധാനത്തിന്റെ ലോകം. ഒരിക്കല്‍ കൂടി ഓര്‍മകളിലേക്ക്‌ വേദനയോടെ സഡാക്കോ കടന്നു വന്നു..നന്ദി..

മൂര്‍ത്തി said...

The lies of Hiroshima live on, props in the war crimes of the 20th century എന്ന ഒരു ലേഖനം ഇവിടെ

ടോട്ടോചാന്‍ (edukeralam) said...

എം.ടി.പി റഫീക്ക്‌ ,
അധികാരങ്ങള്‍ കയ്യിലേന്തിയിരിക്കുന്നവരുടെ കണ്ണ് തുറക്കുക തന്നെ ചെയ്യും. പക്ഷേ അതിനായി സമൂഹം പ്രവര്‍ത്തിക്കണം. ഷിന്‍ ഇച്ചിയുടേയും സൈക്കിളിന്‍റേയും കഥ നമുക്കു തരുന്നതും അതിനായുള്ള പ്രേരണകളാണ്..

സ്‌പന്ദനം said...
പൂര്‍ത്തിയാക്കാനാവാതെ പോയ ആ കടലാസുകൊക്കുകള്‍ക്കു പകരം നമുക്കു പൂര്‍ത്തിയാക്കാം സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സമാധാനത്തിന്റെ ലോകം. തീര്‍ച്ചയായും സുഹൃത്തേ നമുക്ക് പൂര്‍ത്തിയാക്കണം സമാധാനത്തിന്‍റെ ലോകം...

മൂര്‍ത്തി ലിങ്കിന് നന്ദി. ഇത്തരം പ്രതിരോധങ്ങള്‍ തന്നെയാണ് യുദ്ധങ്ങള്‍ക്കെതിരായ വികാരങ്ങള്‍ ഉണര്‍ത്തുവാന്‍ വേണ്ടത്.

പ്രതികരണമറിയിച്ച എല്ലാവര്‍ക്കും നന്ദി.

മണ്ട‍ന്‍ കുഞ്ച‌ു said...

യുദ്ധക്കൊതി പൂണ്ട‍്, ഈ ഭൂമിയെത്തന്നെ പലതവണ കൊന്നു കളയാന്‍ പാകത്തിന് ആയുധങ്ങള്‍ ശേഘരിച്ചുകൊണ്ട‍ിരിക്കുന്ന ലോകരാഷ്ട്രങ്ങള്‍ കാണാതെ പോകുന്ന ഈ കൊച്ചു വേദന.....

ഇതിനു മുന്നില്‍ നമുക്കു നമിക്കാം.....

"ചോര തുടിക്കും ചെറു കയ്യുകളേ...
പേറുകവന്നീ പന്തങ്ങള്‍...."