Saturday, September 27, 2008

20% മൈലേജ് കൂടുതല്‍ വേണോ വൈദ്യുതക്ഷേത്രം ഉപയോഗിക്കൂ..

ഇലക്ട്രിക്ക് ഉപകരണം 20% മൈലേജ് കൂട്ടുന്നു

ഇന്ധനത്തെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ നമുക്ക് എത്ര പേര്‍ക്കറിയാം. എത്ര വാഹനനിര്‍മ്മാതാക്കള്‍ക്കറിയാം? എന്തായാലും വാഹനനിര്‍മ്മാതാക്കള്‍ നിരവധി ആധുനിക രീതികള്‍ മൈലേജ് കൂട്ടാനായി ഉപയോഗിച്ചിട്ടുണ്ട് . ഫിലാഡെല്‍ഫിയായിലെ ടെംപിള്‍ സര്‍വ്വകലാശാലയിലെ ഭൌതികശാസ്ത്രവിഭാഗം പുതിയൊരു സാങ്കേതിക വിദ്യയുമായി രംഗത്ത് വന്നിരിക്കുന്നു. വൈദ്യുതക്ഷേത്രം ഉപയോഗിച്ച് ഇന്ധനകാര്യക്ഷമതയില്‍ 20% വര്‍ദ്ധനവ് വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞിതായാണ് റിപ്പോറ്‍ട്ട്

വൈദ്യുതചാര്‍ജ്ജുള്ള ഒരു കുഴലാണ് ഉപകരണത്തിന്‍റെ പ്രധാന ഭാഗം. എന്‍ജിനിലേക്ക് ഇന്ധനം ചീറ്റുന്ന കുഴലിനടുത്താണ് ഇത് സ്ഥാപിക്കുക. വാഹനത്തിലെ ബാറ്ററിയില്‍ നിന്നുമുള്ള വൈദ്യുതി ഉപയോഗിച്ച് ഈ കുഴലില്‍ വൈദ്യുതക്ഷേത്രം സൃഷ്ടിക്കുന്നു. ഈ വൈദ്യുതക്ഷേത്രം കടന്നു പോകുന്ന ഇന്ധനത്തിന്‍റെ വിസ്കോസിറ്റിയെ (ശ്യാനത) കുറക്കുമത്രേ. തന്മൂലം വളരെ കുറച്ച് അളവില്‍ മാത്രം ഇന്ധനം ദഹന അറയിലേക്ക് കടത്തിവിടാന്‍ കഴിയും. ഈ വളരെ ചെറിയ ഇന്ധത്തുള്ളികള്‍ പൂര്‍ണ്ണമായും കത്തിത്തീരാനും എളുപ്പമാണ്. നിലവിലുള്ള ഫ്യൂവല്‍ ഇന്‍ജെക്റ്ററുകളേക്കാള്‍ കാര്യക്ഷമത ഇതിനുണ്ടാകും എന്നാണ് ടെംപിള്‍ യൂണിവേഴ്സിറ്റിക്കാരുടെ അവകാശവാദം.

ഡീസല്‍ ഉപയോഗിച്ച് ഓടുന്ന മെഴ്സിഡസ് - ബെന്‍സ് വാഹനത്തില്‍ ആറു മാസക്കാലം അവര്‍ പരീക്ഷണങ്ങള്‍ നടത്തി. ഒരു ഗാലണ്‍ ഇന്ധനത്തിന് 32 മൈല്‍ കിട്ടിയിരുന്നിടത്ത് പുതിയ രീതി ഉപയോഗിച്ചപ്പോള്‍ 38 മൈല്‍ ഓടാന്‍ കഴിഞ്ഞു. എന്തായാലും ടെംപിള്‍ യൂണിവേഴ്സിറ്റി ഈ കണ്ടെത്തലിന് പേറ്റന്‍റ് എടുക്കാനുള്ള ശ്രമത്തിലാണ്.

വൈദ്യുതക്ഷേത്രം ശ്യാനതയെ കുറക്കുന്നതെങ്ങിനെ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടില്ല. വൈദ്യുത ക്ഷേത്രവും ശ്യാനതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ആ കണ്ടെത്തലിനെ ഇത്തരം ഒരു കാര്യത്തിനായി ഉപയോഗിക്കുമ്പോഴാണ് ശാസ്ത്രം അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ക്ക് ജന്മം നല്കുന്നത്.


വിവരങ്ങള്‍ക്ക കടപ്പാട്
http://www.temple.edu/newsroom/2008_2009/09/stories/taofueldevice.htm

Wednesday, September 24, 2008

99% മാര്‍ക്ക് , ബുദ്ധി ഉണ്ട് , തത്തമ്മ പൂച്ച ഇല്ല , പ്രവേശനം ഇേല്ല ഇല്ല

എന്‍ട്രന്‍സും പ്ലസ്റ്റു മാര്‍ക്കും വൈരുദ്ധ്യങ്ങളുടെ ലോകം...ഇന്നത്തെ (24-09-08) കേരള കൌമുദി വാര്‍ത്ത നോക്കൂ, പ്ളസ്റ്റു പരീക്ഷക്ക് 99.33% മാര്‍ക്ക് വാങ്ങിയ ആരതിക്ക് എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് 32986!!
രാജേഷിന് പ്്ലസ്റ്റുവിന് മാര്‍ക്ക് 99% എന്‍ട്രന്‍സ് പരീക്ഷയില്‍ റാങ്ക് 17814!!
എന്‍ട്രന്‍സ് എന്ന കടമ്പ, അതൊരു ഭീഷണിയാണിപ്പോള്‍ പല നല്ല കുട്ടികള്‍ക്കും. എന്‍ട്രന്‍സ് പരീക്ഷ പരിഷ്കരിക്കണം എന്നത് എത്രയോ കാലമായുള്ള ആവശ്യമാണ്. പക്ഷേ ഇന്നും സാമ്പ്രദായിക രീതിയിലുള്ള എന്‍ട്രന്‍സ് പരീക്ഷ കേരളത്തിന്‍ തുടരുകയും ചെയ്യുന്നു. കോച്ചിംഗ് എന്ന കടമ്പ കടക്കുന്നവര്‍ക്കു മാത്രമേ എന്‍ട്രന്‍സ് കടക്കാനാകൂ എന്നതാണ് ഇന്നത്തെ പ്രശ്നം. സുപ്രീം കോടതി അഭിപ്രായത്തിന്‍റെ സാഹചര്യത്തില്‍ കേരളകൊമുദി ഉയര്‍ത്തിയ ഈ പ്രശ്നം ഒരു ഒറ്റപ്പെട്ട സംഭവം അല്ല. ആര്‍ക്കും വളരെ എളുപ്പം തിരിച്ചറിയാവുന്ന ഒരു സാധാരണ സംഭവം മാത്രം. വളരെക്കുറഞ്ഞ സമയം കൊണ്ട് വളരെയധികം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതേണ്ടി വരുന്ന കുട്ടിക്ക് ആ വിഷയത്തെക്കുറിച്ചുള്ള അറിവും ബുദ്ധിയും എന്നത് ആവശ്യമില്ലാത്ത ഒന്നായി മാറുന്നു.
എന്‍ട്രന്‍സ് പരീക്ഷയിലൂടെ കഴിവുള്ളവരെയാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. എന്നാല്‍ പ്രവേശനം ലഭിക്കുന്നത് സാമ്പത്തിക കഴിവുള്ളവര്‍ക്ക് മാത്രവും.
പരിഹാരമാര്‍ഗ്ഗം എന്താണ് ?

ചില ആശയങ്ങള്‍ നോക്കാം
1. എന്‍ട്രന്‍സ് പരീക്ഷയുടെ സമയം ഇരട്ടിയോ അതിലധികമോ ആയി വര്‍ദ്ധിപ്പിക്കുക
സമയം കൂടുമ്പോള്‍ 99% മാര്‍ക്ക് യോഗ്യതപരീക്ഷക്ക് ലഭിച്ച ഒരാള്‍ക്ക് വളരെ എളുപ്പം ഉത്തരം കണ്ടെത്താന്‍ കഴിയും. നിലവില്‍ ചോദ്യത്തെ ശരിയായ രീതിയില്‍ സമീപിക്കാനുള്ള സമയം ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. ആവശ്യത്തിന് സമയം ലഭിക്കുമ്പോള്‍ എന്‍ട്രന്‍സ്് പരിശീലന കേന്ദ്രങ്ങളില്‍ പോകാത്തവര്‍ക്കും കഴിവുണ്ടെങ്കില്‍ മികച്ച നേട്ടം കൈവരിക്കാനാകും.


2. പ്രവേശനപരീക്ഷയുടെ മാര്‍ക്കിനോടൊപ്പം യോഗ്യതാ പരീക്ഷയില്‍ ലഭിച്ച സ്കോറുകള്‍ കൂടി പരിഗണിക്കണം.
പ്ലസ്റ്റുവിന് മാര്‍ക്ക് ലഭിച്ചിട്ടും അത് പരിഗണിക്കപ്പെടുന്നില്ല എന്ന പ്രശ്നം പരിഹരിക്കാന്‍ ഇതു കൊണ്ട് സാധിക്കും. രണ്ടു വര്‍ഷത്തെ പഠനത്തിന്‍റെ ആകെത്തുകയാണ് പരീക്ഷയുടെ സ്കോര്‍. അത് പരിഗണിക്കപ്പെടുക തന്നെ വേണം.3. ‍ പ്രവേശനപരീക്ഷക്ക് വരുന്ന ചോദ്യങ്ങളില്‍ പുതിയ പാഠ്യപദ്ധതിയുടെ രീതികള്‍ കൂടി ഉള്‍പ്പെടുത്തണം

പുതിയ പാഠ്യപദ്ധതിയിലെ ആധുനിക പഠന രീതികള്‍ ഉള്‍ക്കൊണ്ടു കൊണ്ട് വളര്‍ന്നു വരുന്ന ഒരു തലമുറക്ക് അതിന്‍റെ പ്രയോഗത്തിനുള്ള സാധ്യത നിഷേധിക്കുവാന്‍ പാടുള്ളതല്ല.

ഈ മൂന്ന് കാര്യങ്ങള്‍ നടത്തിയാല്‍ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും എന്നു തന്നെയാണ് കിഴക്കുനോക്കിയന്ത്രത്തിന്‍റെ അഭിപ്രായം.

Tuesday, September 9, 2008

പതിനെട്ടുതരം ജലം കൊണ്ട് കാപ്പികുടിക്കാം, പിന്നെ കുളിക്കാം..

പതിനെട്ടുതവണ കുളിക്കാം എന്നു പറയുന്ന പരസ്യം നമുക്കറിയാം. പക്ഷേ അതിനേക്കാള്‍ രസകരമാണ് പതിനെട്ടുതരം ജലം കൊണ്ടുണ്ടാക്കിയ കാപ്പികുടിക്കാന്‍. സംശയമുണ്ടെങ്കില്‍ താഴെ..

HTO,DTO,HDO.... പിന്നെ H2O യും

ഏതെങ്കിലും സംഘടനകളുടെ ചുരുക്കെഴുത്താണ് എന്നു തോന്നിയോ? എങ്കില്‍ തെറ്റി. എന്തായാലും H2O നെ മനസ്സിലായിക്കാണും. രസതന്ത്രക്കാരുടെ ഭാഷയിലെ ജലം തന്നെ. HTO,DTO,HDO തുടങ്ങിയവരും H2O ന്‍റെ കൂട്ടുകാരായ വിവിധതരം ജലങ്ങള്‍ തന്നെ!

അല്പം കണ്‍ഫ്യൂഷന്‍ തോന്നിയവര്‍ക്കായി ഒരല്പം കെമിസ്റ്റ്രി. ഹൈഡ്രജന്‍റെ മൂന്ന് ഐസോട്ടോപ്പുകള്‍ - ഹൈഡ്രജന്‍ ( 1H1),ഡ്യൂട്ടീരിയം (1H2 ), ട്രീഷ്യം (1H3) എന്നിവയാണ്. ന്യൂക്ളിയസ്സിലെ ന്യൂട്രോണുകളുടെ എണ്ണത്തില്‍ ചെറിയ വ്യതിയാനം. അത്ര മാത്രം. ഇതു പോലെ ജീവവായുവിലെ പ്രധാന ഘടകമായ ഓക്സിജനും ഉണ്ട് മൂന്ന് ഐസോട്ടോപ്പുകള്‍. ഓക്സിജന്‍ - 16 (O16), ഓക്സിജന്‍ - 17 (O17), ഓക്സിജന്‍ - 18 (O18) എന്നിവര്‍.
രസതന്ത്രമനുസരിച്ച് രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ചേര്‍ന്നാല്‍ ജലമായി. ഐസോട്ടോപ്പാണോ അല്ലയോ എന്നതൊന്നും ജലമുണ്ടാകാന്‍ ഒരു തടസ്സമേയല്ല. ഡ്യൂട്ടീരിയം വാതകവും (ഹൈഡ്രജന്‍ 2) ഓക്സിജനും ഒരുമിച്ച് കത്തിയാലും ജലമുണ്ടാകും. ഭൌതിക സ്വഭാവങ്ങളില്‍ ചില ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടാകും എന്നു മാത്രം.ഘനജലം എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഈ D2O ഇല്ലാതെ പ്രവര്‍ത്തിക്കുക എന്നത് ന്യൂക്ളിയര്‍ റിയാക്ടറുകള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യമല്ല.

D2O പോലെ ട്രീഷ്യവും ഓക്സിജനും ചേര്‍ന്നാലും ജലമുണ്ടാകും. പേര് T2O. മാത്രമോ, ഒരു ഓക്സിജനും ഒരു ഹൈഡ്രജനും ഒരു ഡ്യുട്ടീരിയവും കൂടിച്ചേര്‍ന്നാലോ, HDO എന്ന പുതിയ തരം ജലമായി. ഇങ്ങനെ H2O,D2O,T2O,HDO,HTO,DTO എന്നിങ്ങനെ ആറു തരം ജലം. ഇപ്പോഴും നമ്മള്‍ ഓക്സിജന്‍റെ ഐസോട്ടോപ്പുകളെ പരിഗണിച്ചിട്ടില്ല. അവരെക്കൂടി പരിഗണിച്ചാലോ, H2O16, H2O17, H2O18,D2O16,D2O17,........ എന്നിങ്ങനെ നമുക്ക് കിട്ടുന്നത് 18 തരം ജലം?!!!
ഓരോ ജലവും ഭൊതികസ്വഭാവങ്ങളുടെ കാര്യത്തില്‍ വ്യത്യാസപ്പെട്ടിരിക്കും. സാന്ദ്രത, തിളനില, ഉറയല്‍ നില, താപധാരിത തുടങ്ങിയ കാര്യങ്ങളിലെല്ലാം ഈ വ്യതിയാനം കാണാം. നമുക്കറിയാവുന്ന H2O 0°C ല്‍ ഐസാകുമ്പോള്‍ D2O എന്ന ഘനജലം 3.82°C ല്‍ തന്നെ ഐസായി മാറും. H2O 100°C ല്‍ തിളക്കുമ്പോള്‍ D2O വിന് തിളക്കാന്‍ 101.4°C വേണം. ന്യൂട്രോണുകളുടെ എണ്ണത്തില്‍ വ്യതിയാനമുള്ളതിനാല്‍ ആറ്റോമിക ഭാരവും സാന്ദ്രതയുമെല്ലാം D20 ന് H2O നെ അപേക്ഷിച്ച് കൂടുതലായിരിക്കും. H2O നേക്കാള്‍ 10% സാന്ദ്രത കൂടുതലാണ് D2O ന് . ന്യൂട്രോണുകളുടെ എണ്ണത്തില്‍ ഏറ്റവും കുറവ് നമ്മുടെ പ്രിയപ്പെട്ട H2O(സാധാരണ ജലം) ന് ആണ്. ന്യൂട്രോണുകള്‍ ഏറ്റവും കൂടുതല്‍ T2O18 ന് ആണ്. അതു കൊണ്ടുതന്നെ ഏറ്റവും ഘനത്വം കൂടിയ ജലവും T2O18 തന്നെ. അത്ഭുതങ്ങള്‍ തീര്‍ന്നില്ല. ഐസ് ജലത്തില്‍ പൊന്തിക്കിടക്കും എന്നാണ് സാമാന്യധാരണ. എന്നാല്‍ D2O ഐസ് H20 ജലത്തില്‍ താഴ്ന്നു പോകും!!
ഹൈഡ്രജന്‍റെയും ഓക്സിജന്‍റെയും ഭൂരിഭാഗം ഐസോട്ടോപ്പുകളും പ്രകൃത്യാ തന്നെ ഉള്ളതിനാല്‍ 18 തരം ജലവും പണ്ടു മുതലേ കാണപ്പെടുന്നുണ്ട്. H2O ഒഴിച്ച് ബാക്കിയെല്ലാം നാമമാത്രമാണ് എന്നു മാത്രം. ശാസ്ത്രജ്ഞര്‍ പരീക്ഷണശാലകളില്‍ ഓരോ ജലത്തേയും സ്വതന്ത്രമായിത്തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. നിര്‍മ്മിക്കുക മാത്രമല്ല നിരവധി ഉപയോഗങ്ങളും അവര്‍ കണ്ടെത്തിക്കഴിഞ്ഞു. D2O ന്‍റെ പ്രധാന ഉപയോഗം ന്യൂക്ളിയര്‍ റിയാക്ടറുകളിലാണ്. അതിവേഗത്തില്‍ പാഞ്ഞുവരുന്ന ന്യൂട്രോണുകളുടെ വേഗത കുറക്കുന്ന മോഡറേറ്റര്‍ ആയി ആണ് ഈ ഘനജലം പ്രയോജനപ്പെടുത്തുന്നത്. വൈദ്യശാസ്ത്രരംഗത്ത് ഉപാപചയപ്രവര്‍ത്തനങ്ങളുടെ പഠനത്തിനായി H2O18 പ്രയോജനപ്പെടുത്തുന്നു. ജലത്തിന്‍റെ സാധ്യതകള്‍ ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ് എന്ന് സാരം.

സാധാരണ രീതിയില്‍ ഐസോടോപ്പുകള്‍ അടങ്ങിയ സംയുക്തങ്ങള്‍ രാസപരമായ വലിയ വ്യതിയാനങ്ങള്‍ കാണിക്കുന്നില്ല. എന്നാല്‍ ഹൈഡ്രജന്‍റെ കാര്യത്തില്‍ സംഗതികള്‍ ആകെ മാറി മറിയും. അതു കൊണ്ടുതന്നെ മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഓരോ ജലവും എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ ശാസ്ത്രജ്ഞര്‍ക്ക് കൌടുകമുണ്ടായതില്‍ അത്ഭുതമില്ല. ഘനജലത്തില്‍ മത്സ്യങ്ങളെ വളര്‍ത്തിയും മനുഷ്യരെ D2O കുടിപ്പിച്ചുമെല്ലാം അവര്‍ പരീക്ഷണങ്ങള്‍ നടത്തി. ഘനജലം ഹാനികരമാണ് എന്നതായിരുന്നു പരീക്ഷണഫലം.കോശവിഭജനം തടയപ്പെടുന്നതടക്കമുള്ള നിരവധി പ്രത്യേകതകള്‍ അവര്‍ രേഖപ്പെടുത്തുകയുണ്ടായി. തുടര്‍ച്ചയായി രണ്ടാഴ്ചക്കാലം ഘനജലം മാത്രം കുടിച്ചാല്‍ മനുഷ്യനും മരണത്തോട് മല്ലിടേണ്ടിവരും എന്നതാണ് സത്യം. ഏതൊരാളും കുടിക്കുന്ന ജലത്തില്‍ 9 തരം ജലം അടങ്ങിയിട്ടുണ്ടാകും. ട്രീഷ്യം പ്രകൃതിയില്‍ സുലഭമല്ലാത്തതിനാലും വേഗം വിഘടിച്ചു പോകാന്‍ സാധ്യതയുള്ളതിനാലും DTO, HTO, T2O തുടങ്ങിയവ പ്രകൃതിയില്‍ ഏറെ കാണാറില്ല. അവയുടെ സാന്നിദ്ധ്യം പലപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നതിനേക്കാള്‍ കുറവാണ്. എന്നരുന്നാലും 18 തരം ജലം കാണപ്പെടുന്നതില്‍ തടസ്സമൊന്നുമില്ല.
ഇനി ഒരു കാപ്പിയാകാം. പക്ഷേ ഓരോ കപ്പ് കാപ്പി കുടിക്കുമ്പോഴും ഒന്നോര്‍ക്കുക. ഒരു പക്ഷേ 18 തരം ജലം ചേര്‍ത്തുള്ള കാപ്പിയാകാം നമ്മുടെ കയ്യിലിരിക്കുന്നത്.Tuesday, September 2, 2008

സൌരയാത്രകളുടെ കാലം വരുന്നു ....


സൌരയാത്രകളുടെ കാലം വരുന്നു....


പര്യവേഷണങ്ങള്‍ കൂടുതല്‍ ആവേശമായത് സമുദ്രയാത്രകളുടെ കാലത്താണ്. ആ സമുദ്രയാത്രകള്‍ നേടിത്തന്ന അറിവുകള്‍ നമ്മുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചിരുന്നു. ഇപ്പോഴിതാ സമുദ്രയാത്രകള്‍ വിട്ട് സൌരയാത്രകളിലേക്ക് . ഗ്രഹാന്തരയാത്രകള്‍ നടത്താന്‍ സൂര്യന്‍റെ പ്രകാശത്തെ പ്രയോജനപ്പെടുത്താന്‍ പോകുന്നു. നാസയണ് ഈ ഉദ്യമവുമായി ആദ്യം മുന്നോട്ട് പോയത്. കഴിഞ്ഞ ആഗസ്റ്റ് 3 ന് ആദ്യ ശ്രമം തന്നെ പരാജയപ്പെട്ടെങ്കിലും അവര്‍ മുന്നോട്ടു തന്നെയാണ്. നാനോ സെയില്‍-ഡി. എന്ന പേരുള്ള ആകാശക്കപ്പല്‍ റോക്കറ്റിന് സംഭവിച്ച തകരാര്‍ കാരണമാണ് പരാജയപ്പെട്ടത്. പക്ഷേ ശാസ്ത്രലോകം പ്രതീക്ഷയില്‍ തന്നെയാണ്. പ്ളാനറ്ററി സൊസേറ്റിയും ഇതേ ആവശ്യം നിറവേറ്റാനുള്ള തയ്യാറെടുപ്പില്‍ മുന്നേറുന്നു. കോസ്മോസ് - 2 എന്ന പേടകത്തിന്‍റെ യാത്ര എന്നാണ് എന്നതു മാത്രം അവര്‍ പുറത്തു വിട്ടിട്ടില്ല.

(നാനോ സെയില്‍-ഡി എന്ന സൌരപ്പായ)

സൂര്യന്‍റെ പ്രകാശം നല്‍കുന്ന മര്‍ദ്ദത്തില്‍ ആകാശയാത്രകള്‍ നിയന്ത്രിക്കുക എന്ന സ്വപ്നമാണ് പൂവണിയാന്‍ പോകുന്നത്. വളരെക്കാലം മുന്‍പു തന്നെ സൂര്യപ്രകാശത്തിന്‍റെ മര്‍ദ്ദത്തെക്കുറിച്ച് ശ്രദ്ധിച്ചിരുന്നു. വാല്‍നക്ഷത്രങ്ങളുടെ വാല്‍ എല്ലായ്പ്പോഴും സൂര്യനില്‍ നിന്നും എതിര്‍ വശത്തേക്കാണെന്നത് ജോഹനാസ് കെപ്ളറും മറ്റും നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെ വാല്‍ ഒരു വശത്തേക്ക് നീളുവാനുള്ള കാരണം സൌരക്കാറ്റുമായി ബന്ധപ്പെട്ടതായിരുന്നു. പ്രകാശം ഒരു വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്ന സമയത്ത് അത് വസ്തുവില്‍ വളരെ ചെറിയ ഒരു മര്‍ദ്ദം പ്രയോഗിക്കുന്നുണ്ട് എന്ന് ജയിംസ് ക്ളാര്‍ക്ക് മാക്സ് വെല്‍ കണ്ടെത്തിയതായിരുന്നു വഴിത്തിരിവ്. ഇതോടെ സൌരയാത്രകള്‍ക്ക് സൂര്യപ്രകാശത്തിന്‍റെ മര്‍ദ്ദം ഉപയോഗിക്കാം എന്ന സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചു. 1960 ല്‍ എക്കോ-1 എന്ന പേടകം ഇത് തെളിയിക്കുകയും ചെയ്തു. 1974 ല്‍ വഴിതെറ്റി നീങ്ങിയ മാരിനര്‍ -10 എന്ന ബുധ പര്യവേഷണ പേടകം സോളാര്‍ പാനലുകള്‍ ചരിച്ചുവച്ച് സൂര്യപ്രകാശത്തിന്‍റെ മര്‍ദ്ദം ഉപയോഗിച്ച് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു. കാറ്റിനെ പ്രയോജനപ്പെടുത്തുന്ന പായക്കപ്പല്‍ പോലെ സോളാര്‍ പാനലുകള്‍ വിടര്‍ത്തിയ മാരിനര്‍ 10 ശാസ്ത്രജ്ഞര്‍ക്ക് ആഹ്ളാദം പകര്‍ന്നു കൊണ്ട് ആദ്യ സൌരയാത്രനടത്തിയ പര്യവേഷണ പേടകമായി മാറി.

ഇന്ത്യയും ഇക്കാര്യത്തില്‍ ഒരു ചെറിയ കാര്യം ചെയ്തിട്ടുണ്ട്. INSAT 2A,INSAT 3A എന്നീ സാറ്റ്ലൈറ്റുകളില്‍ ഒരു സൌരപായ പിടിപ്പിക്കുകയുണ്ടായി. ഒരു വശത്ത് പിടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലുകളില്‍ സൂര്യപ്രകാശം ഏല്‍പ്പിക്കുന്ന ബലം തുലനം ചെയ്യാനായിരുന്നു ഒരു സൌരപായ അതിന്‍റെ എതിര്‍വശത്ത് പിടിപ്പിച്ചത്. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പാളിയാണ് സൌരപായയായി ഉപയോഗിക്കുന്നത്. കനം വളരെക്കുറഞ്ഞ നിറയെ സൂഷ്മസുഷിരങ്ങളുള്ള അലൂമിനിയം സൌരപായ. സുഷിരങ്ങളുടെ വലിപ്പം പ്രകാശത്തിന്‍റെ തരംഗദൈര്‍ഘ്യത്തേക്കാളും കുറവാണ്. ഇതിലും നല്ല പാളികള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.