Tuesday, September 2, 2008

സൌരയാത്രകളുടെ കാലം വരുന്നു ....


സൌരയാത്രകളുടെ കാലം വരുന്നു....


പര്യവേഷണങ്ങള്‍ കൂടുതല്‍ ആവേശമായത് സമുദ്രയാത്രകളുടെ കാലത്താണ്. ആ സമുദ്രയാത്രകള്‍ നേടിത്തന്ന അറിവുകള്‍ നമ്മുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചിരുന്നു. ഇപ്പോഴിതാ സമുദ്രയാത്രകള്‍ വിട്ട് സൌരയാത്രകളിലേക്ക് . ഗ്രഹാന്തരയാത്രകള്‍ നടത്താന്‍ സൂര്യന്‍റെ പ്രകാശത്തെ പ്രയോജനപ്പെടുത്താന്‍ പോകുന്നു. നാസയണ് ഈ ഉദ്യമവുമായി ആദ്യം മുന്നോട്ട് പോയത്. കഴിഞ്ഞ ആഗസ്റ്റ് 3 ന് ആദ്യ ശ്രമം തന്നെ പരാജയപ്പെട്ടെങ്കിലും അവര്‍ മുന്നോട്ടു തന്നെയാണ്. നാനോ സെയില്‍-ഡി. എന്ന പേരുള്ള ആകാശക്കപ്പല്‍ റോക്കറ്റിന് സംഭവിച്ച തകരാര്‍ കാരണമാണ് പരാജയപ്പെട്ടത്. പക്ഷേ ശാസ്ത്രലോകം പ്രതീക്ഷയില്‍ തന്നെയാണ്. പ്ളാനറ്ററി സൊസേറ്റിയും ഇതേ ആവശ്യം നിറവേറ്റാനുള്ള തയ്യാറെടുപ്പില്‍ മുന്നേറുന്നു. കോസ്മോസ് - 2 എന്ന പേടകത്തിന്‍റെ യാത്ര എന്നാണ് എന്നതു മാത്രം അവര്‍ പുറത്തു വിട്ടിട്ടില്ല.

(നാനോ സെയില്‍-ഡി എന്ന സൌരപ്പായ)

സൂര്യന്‍റെ പ്രകാശം നല്‍കുന്ന മര്‍ദ്ദത്തില്‍ ആകാശയാത്രകള്‍ നിയന്ത്രിക്കുക എന്ന സ്വപ്നമാണ് പൂവണിയാന്‍ പോകുന്നത്. വളരെക്കാലം മുന്‍പു തന്നെ സൂര്യപ്രകാശത്തിന്‍റെ മര്‍ദ്ദത്തെക്കുറിച്ച് ശ്രദ്ധിച്ചിരുന്നു. വാല്‍നക്ഷത്രങ്ങളുടെ വാല്‍ എല്ലായ്പ്പോഴും സൂര്യനില്‍ നിന്നും എതിര്‍ വശത്തേക്കാണെന്നത് ജോഹനാസ് കെപ്ളറും മറ്റും നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെ വാല്‍ ഒരു വശത്തേക്ക് നീളുവാനുള്ള കാരണം സൌരക്കാറ്റുമായി ബന്ധപ്പെട്ടതായിരുന്നു. പ്രകാശം ഒരു വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്ന സമയത്ത് അത് വസ്തുവില്‍ വളരെ ചെറിയ ഒരു മര്‍ദ്ദം പ്രയോഗിക്കുന്നുണ്ട് എന്ന് ജയിംസ് ക്ളാര്‍ക്ക് മാക്സ് വെല്‍ കണ്ടെത്തിയതായിരുന്നു വഴിത്തിരിവ്. ഇതോടെ സൌരയാത്രകള്‍ക്ക് സൂര്യപ്രകാശത്തിന്‍റെ മര്‍ദ്ദം ഉപയോഗിക്കാം എന്ന സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചു. 1960 ല്‍ എക്കോ-1 എന്ന പേടകം ഇത് തെളിയിക്കുകയും ചെയ്തു. 1974 ല്‍ വഴിതെറ്റി നീങ്ങിയ മാരിനര്‍ -10 എന്ന ബുധ പര്യവേഷണ പേടകം സോളാര്‍ പാനലുകള്‍ ചരിച്ചുവച്ച് സൂര്യപ്രകാശത്തിന്‍റെ മര്‍ദ്ദം ഉപയോഗിച്ച് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു. കാറ്റിനെ പ്രയോജനപ്പെടുത്തുന്ന പായക്കപ്പല്‍ പോലെ സോളാര്‍ പാനലുകള്‍ വിടര്‍ത്തിയ മാരിനര്‍ 10 ശാസ്ത്രജ്ഞര്‍ക്ക് ആഹ്ളാദം പകര്‍ന്നു കൊണ്ട് ആദ്യ സൌരയാത്രനടത്തിയ പര്യവേഷണ പേടകമായി മാറി.

ഇന്ത്യയും ഇക്കാര്യത്തില്‍ ഒരു ചെറിയ കാര്യം ചെയ്തിട്ടുണ്ട്. INSAT 2A,INSAT 3A എന്നീ സാറ്റ്ലൈറ്റുകളില്‍ ഒരു സൌരപായ പിടിപ്പിക്കുകയുണ്ടായി. ഒരു വശത്ത് പിടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലുകളില്‍ സൂര്യപ്രകാശം ഏല്‍പ്പിക്കുന്ന ബലം തുലനം ചെയ്യാനായിരുന്നു ഒരു സൌരപായ അതിന്‍റെ എതിര്‍വശത്ത് പിടിപ്പിച്ചത്. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പാളിയാണ് സൌരപായയായി ഉപയോഗിക്കുന്നത്. കനം വളരെക്കുറഞ്ഞ നിറയെ സൂഷ്മസുഷിരങ്ങളുള്ള അലൂമിനിയം സൌരപായ. സുഷിരങ്ങളുടെ വലിപ്പം പ്രകാശത്തിന്‍റെ തരംഗദൈര്‍ഘ്യത്തേക്കാളും കുറവാണ്. ഇതിലും നല്ല പാളികള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.

4 comments:

ടോട്ടോചാന്‍ (edukeralam) said...

പെട്ടെന്ന് കണ്ടപ്പോള്‍ എഴുതിയതാണിത്. തെറ്റുകള്‍ ഉണ്ടാകാം. വിക്കിപീഡിയ ആണ് റഫറന്‍സ്.

വിചാരം said...

നല്ല വിഞ്ജാനപ്രദമായ നവനീതിന്റെ മറ്റൊരു പോസ്റ്റ് . പുതിയ അറിവുകള്‍ക്ക് നന്ദി.
:)

അനില്‍@ബ്ലോഗ് said...

ടൊട്ടൊച്ചാന്‍ ,
ദൃതി കൂടിയോ എന്നൊരു സംശയം.

അല്പം കൂടി വിശദീകരിക്കാമായിരുന്നു.സോളാര്‍ പ്രഷര്‍ എങ്ങിനെ എങ്ങിനെ ദിശക്കനുസൃതം ഉപയോഗപ്പെടുത്താം, സോളാര്‍ വിന്‍ഡ് എന്തുകോണ്ടു ബാധിക്കുന്നില്ല തുടങ്ങി ചില ചില്ലറ കൂട്ടിച്ചേര്‍ക്കലുകള്‍.

നല്ല പോസ്റ്റ്. ആശംസകള്‍

ടോട്ടോചാന്‍ (edukeralam) said...

അനില്‍, ശരിയാണ്. അല്പം തിടുക്കത്തില്‍ തന്നെ എഴുതിയതാണ്. നാസയില്‍ നിന്നും ലഭിച്ച സോളാര്‍ സെയില്‍ എന്ന സൂചന വച്ച് അന്വേഷിച്ചു നോക്കിയതാണ്. പെട്ടെന്ന് എഴുതി ഇടുകയും ചെയ്തു. മറ്റുള്ള കാര്യങ്ങള്‍ നോക്കാം.
സൌരക്കാറ്റല്ല ഇവിടത്തെ മര്‍ദ്ദത്തിന് കാരണം. ഫോട്ടോണുകള്‍ പ്രയോഗിക്കുന്ന മര്‍ദ്ദം തന്നെയാണ്. ഫോട്ടോണ്‍ ജെറ്റ് എന്ന സാങ്കേതികവിദ്യയിലൂടെ റോക്കറ്റുകള്‍ വരെ നിര്‍മ്മിക്കാം എന്ന് ത്വാത്വികര്‍ വാദിക്കുന്നുണ്ട്. പ്രായോഗികത എത്രത്തോളം ഉണ്ട് എന്നത് കാത്തിരുന്നു കാണാം.