Wednesday, October 29, 2008

സ്വകാര്യബസ്സുകള്‍ ബഹിഷ്കരിക്കുക

കേരളം വീണ്ടുമൊരു ബസ്സ് സമരത്തിലേക്ക്. മുട്ടിന് മുട്ടിന് പ്രഖ്യാപിതമായും മിന്നലായും പണിമുടക്കിക്കൊണ്ടിരിക്കുന്ന പ്രൈവറ്റ് ബസ്സ് മുതലാളികള്‍ വീണ്ടും ഒരു പണിമുടക്കിലേക്ക്. ആവശ്യാനുസരണം ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു നല്‍കിയ ജനങ്ങള്‍ക്കെതിരെ അടുത്ത ഇരുട്ടടി. ഇപ്പോള്‍ അവരുടെ ആവശ്യം ദേശസാല്‍കൃത ബസ്സ് റൂട്ടുകളില്‍ ബസ്സോടിക്കണം എന്നത്. കെ.എസ്.ആര്‍.ടി.സി യെ എങ്ങിനെയും തകര്‍ക്കുക എന്നതാണ് എല്ലാ സ്വകാര്യബസ്സ് മുതലാളികളുടേയും ചിന്ത. അതിനായി കിട്ടുന്ന ഒരവസരവും അവര്‍ നഷ്ടപ്പെടുത്തുകയില്ല. അതാണ് ഈ ബസ്സ് സമരത്തിന്‍റെ ലക്ഷ്യവും. കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ ഒരു തിരിച്ചുവരവിന്‍റെ പാതയിലാണ്. ബസ്സുകളുടെ എണ്ണം കൂടുന്നു, ജീവനക്കാര്‍ യാത്രക്കാരോട് കൂടുതല്‍ അടുക്കുന്നു, കൂടുതല്‍ റൂട്ടുകളില്‍ ബസ്സുകള്‍ ഓടുന്നു. ഇതൊക്കെ സഹിക്കാന്‍ ഏത് കച്ചവടക്കാര്‍ക്ക് കഴിയും. സ്വകാര്യബസ്സുകള്‍ ജനങ്ങള്‍ക്ക് നല്കുന്ന സൌകര്യങ്ങള്‍ ആരും മറക്കുന്നില്ല. പക്ഷേ എത്രയൊക്കെ പറഞ്ഞാലും അവര്‍ കച്ചവടക്കാരാണ്. ജനങ്ങളോടുള്ള അവരുടെ പ്രതിബദ്ധതക്ക് തീര്‍ച്ചയായും അതിരുണ്ട്. അതിന്‍റെ പ്രതിഫലനമാണ് രാത്രി ട്രിപ്പുകളും, ആളുകള്‍ കുറഞ്ഞ ട്രിപ്പുകളും പല പേരുകളില്‍ മുടങ്ങുന്നത്. യാത്രക്കാരോടുള്ള പെരുമാറ്റ രീതികളോ? അതിനെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം.

കെ.എസ്.ആര്‍.ടി.സി യാണ് പല ഗ്രാമപ്രദേശങ്ങളിലേക്കുമുള്ള അവസാനട്രിപ്പുകള്‍ നടത്തുന്നത്. സ്വകാര്യബസ്സുകള്‍ ട്രിപ്പുകള്‍ മുടക്കുന്ന ദിവസമാണ് പലപ്പോഴും ചിലവുകാശെങ്കിലും തിരിച്ചു കിട്ടുന്നത്. ഇത്രയും നഷ്ടം സഹിച്ചും കെ.എസ്.ആര്‍.ടി.സി ട്രിപ്പുകള്‍ നടത്തുന്നത് അത് ജനങ്ങളുടെ വാഹനമായതിനാലാണ്. ജനങ്ങളുടെ നിയന്ത്രണത്തിന്‍ കീഴില്‍ നടക്കുന്ന സ്ഥാപനമായതിനാല്‍ ജനങ്ങളുടെ ക്ഷേമം പരിഗണിച്ചു കൊണ്ടു മാത്രമേ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. ഈ തലം മനസ്സിലാക്കാത്ത ജനങ്ങളും ജീവനക്കാരുമാണ് നമ്മുടെ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
ദേശസാല്‍കൃത റൂട്ടുകളില്‍ യാതൊരു കാരണവശാലും സ്വകാര്യബസ്സുകളെ അനുവദിക്കരുത്. നിലവിലിരിക്കുന്ന ഏറ്റവും മികച്ച പൊതു ഗതാഗത സംവിധാനത്തിന്‍റെ തകര്‍ച്ചയായിരിക്കും സ്വകാര്യബസ്സുകളെ അഴിഞ്ഞാടാന്‍ അനുവദിച്ചാല്‍ നടക്കുക. പൊതു ഗതാഗതസംവിധാനത്തിന്‍റെ തണലിലാണ് ഇവിടത്തെ സ്വകാര്യബസ്സുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു എങ്കില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് തടസ്സങ്ങള്‍ കൂടാതെ നടത്താനുള്ള കടമയും അവര്‍ക്കുണ്ട്. പലപ്പോഴും ബസ്സ് കാത്ത് നിന്ന് മടുക്കുമ്പോഴാണ് മിന്നല്‍ പണിമുടക്കിന്‍റെ കാര്യം ജനങ്ങളറിയുക. അവിടെ അവസാനം ആശ്രയം കെ.എസ്.ആര്‍.ടി.സി യും.
ഇതിനെതിരേ ജനങ്ങള്‍ ഇനിയും പ്രതികരിക്കാതിരിക്കുന്നത് സ്വന്തം യാത്രാസൌകര്യത്തെ ഇല്ലാതാക്കലായിരിക്കും.

ജനങ്ങള്‍ മാത്രമാണ് സമരം ചെയ്യാത്ത ഒരേയൊരു വര്‍ഗ്ഗം. ജനാധിപത്യം ശരിയായ രീതിയില്‍ നടപ്പാകണമെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ക്കെതിരേ ജനങ്ങള്‍ തന്നെ പ്രതികരിച്ചേ തീരൂ. അടിസ്ഥാനമില്ലാത്ത ആവശ്യങ്ങള്‍ക്കായ സമരം നടത്തുന്ന സ്വകാര്യബസ്സുകളെ ബഹിഷ്കരിക്കാനുള്ള തന്‍റേടം ജനങ്ങള്‍ കാണിക്കണം. എല്ലാ റൂട്ടുകളിലും കെ.എസ്.ആര്‍.ടി.സി ട്രിപ്പുനടത്തണം എന്നാവശ്യപ്പെട്ട് നമുക്ക് വേണമെങ്കില്‍ സമരം ചെയ്യാം. കാരണം കെ.എസ്.ആര്‍.ടി.സി നമ്മുടേതാണ്. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസ്സുകളും സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി കാത്തു നിന്ന് കയറുക. സ്വകാര്യബസ്സുകളെ ബഹിഷ്കരിക്കുക. കാരണം പൊതു മേഖലയെ സംരക്ഷിക്കേണ്ടത് ഇനി ജനങ്ങളുടെ ആവശ്യമാണ്. ഒന്നുകില്‍ സ്വകാര്യബസ്സുകള്‍ ബഹിഷ്കരിച്ച് ശക്തമായ മറുപടി അവര്‍ക്ക് നല്‍കുക. അല്ലെങ്കില്‍ വര്‍ഷത്തില്‍ അന്‍പതോ അറുപതോ ദിവസം പണിമുടക്കിയ ബസ്സ് കാത്തുനിന്ന് സമയം കളയുക.

Tuesday, October 28, 2008

ഓലപ്പമ്പരം തരുന്ന പാഠങ്ങള്‍

ഓലപ്പമ്പരം തരുന്ന പാഠങ്ങള്‍

ഓല കൊണ്ടുണ്ടാക്കിയ പമ്പരം ഈര്‍ക്കിലിയില്‍ കുത്തി ചെമ്മണ്‍ പാതയിലൂടെ ഓടുന്ന നിഷയെ നമുക്ക് ചിലപ്പോള്‍ ഇന്ന് കാണാന്‍ കഴിയില്ലായിരിക്കും. എങ്കിലും അവളെപ്പോലെ മനസ്സില്‍ കൌതുകമുള്ള ഓരോ കുട്ടിയും ഉണ്ടാക്കാന്‍ കൊതിക്കുന്ന ഒന്നാണ് ഓലപ്പമ്പരം. ഓലപ്പമ്പരം പിടിച്ച് വെറുതേ നിന്നാല്‍ അത് കറങ്ങില്ല. ഓടണം, എന്നാലേ കറങ്ങൂ. അല്ലെങ്കില്‍ നല്ല കാറ്റത്ത് കാറ്റിനെതിരേ പിടിച്ചാലും മതി.

നിഷ ഓലപ്പമ്പരമുണ്ടാക്കി കളിക്കുമ്പോള്‍ അവളുടെ വീട്ടുകാര്‍ കളിയാക്കിയേക്കാം , വെറുതേ സമയം കളയുകയാണെന്ന് പറഞ്ഞ്.
പക്ഷേ എത്രയോ രാജ്യങ്ങള്‍ നിഷയുടെ പമ്പരത്തെ അനുകരിക്കുന്നുണ്ട് എന്നറിയാമോ?. ഏക്കറു കണക്കിന് സ്ഥലങ്ങളിലാണ് അവര്‍ ഇത്തരം നിരവധി പമ്പരങ്ങള്‍ പിടിപ്പിച്ചിട്ടുള്ളത്. പക്ഷേ ഒരു വ്യത്യാസമുണ്ട്. വലിപ്പത്തില്‍, ഓരോ പമ്പരത്തിനും ഏതാണ്ട് ഒരു പത്തുനില കെട്ടിടത്തിന്‍റെ ഉയരം വരും എന്നു മാത്രം. കാറ്റാടിപ്പാടങ്ങള്‍ എന്നാണ് ഇത്തരം സ്ഥലങ്ങള്‍ അറിയപ്പെടുക. കാറ്റിന്‍റെ ശക്തിയുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാനാണ് ഈ പരിപാടി. കാറ്റത്ത് ഈ യന്ത്രങ്ങളിലെ പങ്കകള്‍ കറങ്ങും. ഈ കറക്കത്തെ ഡൈനോമകള്‍ ഉപയോഗിച്ച് വൈദ്യുതിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. നല്ല കാറ്റ് എല്ലാ സമയത്തും ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കുക. ഭൂമിയോട് ചേര്‍ന്നയിടങ്ങളില്‍ കാറ്റിന്‍റെ അളവ് കുറവായിരിക്കും. എന്നാല്‍ ഉയരം കൂടും തോറും മരങ്ങളും കരയും മറ്റും ഉണ്ടാക്കുന്ന തടസ്സങ്ങള്‍ ഇല്ലാത്തതിനാല്‍ കാറ്റ് നല്ല ശക്തിയില്‍ തന്നെ വീശും. കാറ്റ് ഒരേ പോലെ സ്ഥിരമായി ലഭിക്കണമെങ്കില്‍ നല്ല ഉയരത്തിലായിരിക്കണം പങ്കകള്‍ നില്‍ക്കേണ്ടത്. അതു കൊണ്ട് ഉയരം കൂട്ടാനായി വലിയ തൂണുകള്‍ സ്ഥാപിച്ച് അതിന്‍റെ മുകളിലാണ് പങ്കകള്‍ പിടിപ്പിക്കുക. നിഷയുടെ ഓലപ്പമ്പരത്തിന് 4 ഇതളുകളാണ് ഉള്ളത്. എന്നാല്‍ വൈദ്യുതി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പങ്കകള്‍ കൂടുതലും 3 ഇതള്‍ മാത്രമുള്ളതാണ്.
ഇരുപത് മീറ്ററില്‍ കൂടുതല്‍ ഉയരമുണ്ടായിരിക്കും പങ്കകള്‍ പിടിപ്പിച്ച തൂണുകള്‍ക്ക്. പക്ഷേ ഇപ്പോള്‍ നിലവിലുള്ള ഏറ്റവും വലിയ കാറ്റാടിക്ക് 200 മീറ്റിലധികം ഉയരമുണ്ട്. തൂണിനു തന്നെ 160 മീറ്റര്‍ ഉയരം. ബാക്കി പങ്കക്കും. പങ്കയുടെ ഒരു ഇതളിനു തന്നെ 45 മീറ്റര്‍ നീളമുണ്ടത്രേ. ജര്‍മ്മനിയിലെ ലാസ്സോ (Laasow) എന്ന സ്ഥലത്താണ് ഇത് നില്‍ക്കുന്നത്. ലോകത്ത് ഉണ്ടാക്കുന്ന മൊത്തം വൈദ്യുതിയുടെ ഒരു ശതമാനം മാത്രമാണ് ഇപ്പോള്‍ കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിച്ച് എടുക്കുന്നത്. ഡെന്‍മാര്‍ക്കിന്‍റെ 19% വൈദ്യുതിയും പക്ഷേ ഇത്തരത്തില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ആകെ ഉണ്ടാക്കുന്ന വൈദ്യുതിയുടെ കാര്യത്തില്‍ ജര്‍മ്മനിയാണ് മുന്നില്‍. ഇന്ത്യയും മോശമല്ലാട്ടോ, അമേരിക്കയും സ്പെയിനും കഴിഞ്ഞാല്‍ നാലാം സ്ഥാനം നമുക്കു തന്നെ. 8000MW വൈദ്യുതിയോളം നമുക്ക് തരുന്നത് കാറ്റാണ് . അതിന്‍റെ മൂന്നിലൊന്നും തമിഴ്നാട്ടിലാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ 1000MW ലധികം സ്ഥാപിതശേഷിയുള്ള കേരളം വെറും 2MW വൈദ്യുതി മാത്രമാണ് ഇത്തരത്തില്‍ ഉണ്ടാക്കുന്നത്.

കാറ്റിന്‍റെ ഊര്‍ജ്ജം പങ്കകള്‍ ഉപയോഗിച്ച് എടുക്കാന്‍ തുടങ്ങിയത് അടുത്തെങ്ങുമല്ല ഏതാണ്ട് 2200 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഇത്തരം സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. പേര്‍ഷ്യയില്‍ ധാന്യം കുത്തുന്ന മില്ലുകളില്‍ ഇത്തരം കാറ്റാടികള്‍ ഉപയോഗിച്ചിരുന്നു.പക്ഷേ വൈദ്യുതി ഉണ്ടാക്കാനല്ല ഉപയോഗിച്ചത് എന്നു മാത്രം. കൂടുതല്‍ പ്രായോഗികമായ കാറ്റാടികള്‍ നിലവില്‍ വന്നത് ഏഴാം നൂറ്റാണ്ടില്‍ അഫ്ഗാനിസ്ഥാനില്‍ ആണ്. ആധുനിക കാലഘട്ടത്തില്‍ ഏററവും നന്നായി കാറ്റിനോട് കൂട്ട് കൂടിയത് ഡന്‍മാര്‍ക്കാണ്. ഇന്നും അവര്‍തന്നെയാണ് മികച്ചരീതിയില്‍ കാറ്റിനെ പ്രയോജനപ്പെടുത്തുന്നവര്‍.

വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന മറ്റ് മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് നിരവധി ഗുണങ്ങളുണ്ട് കാറ്റാടിയന്ത്രങ്ങള്‍ക്ക്. പരിസ്ഥിതി മലിനീകരണം കുറവാണ് എന്നതാണ് ഏറ്റവും വലിയ ഗുണം. ഇന്ധനങ്ങള്‍ കത്തിക്കേണ്ട എന്നതിനാല്‍ ഒരു തരത്തിലുമുള്ള അന്തരീക്ഷ മലിനീകരണവും ഇതുണ്ടാക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകും എന്ന് പറഞ്ഞ് കാറ്റാടി യന്ത്രങ്ങളെ എതിര്‍ക്കുന്നവരും ഉണ്ട്. എന്നാല്‍ ഭൂമിയുടെ ഏകദേശം 10% സ്ഥലത്തും കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചാലേ അതിന് സാധ്യതയുള്ളൂ എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇങ്ങിനെയൊക്കെ ആണെങ്കിലും കാറ്റാടികള്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പക്ഷികളെയാണ് കാറ്റാടി യന്ത്രങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. വേഗത്തില്‍ കറങ്ങുന്ന പങ്കയില്‍ തട്ടി നിരവധി പക്ഷികള്‍ എല്ലാ വര്‍ഷവും മരണമടയാറുണ്ട്.കാറ്റാടിയന്ത്രങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയില്‍ ഏകദേശം 75000 ത്തോളം പക്ഷികള്‍ ഇങ്ങനെ മരണപ്പെടാറുണ്ട്. എന്നാല്‍ ഏതാണ്ട് അഞ്ചുകോടി പക്ഷികള്‍ അവിടെ എല്ലാ വര്‍ഷവും കാറില്‍ വന്നിടിച്ച് മരണമടയുന്നുണ്ടത്രേ!

ദോഷങ്ങളേക്കാള്‍ ഗുണങ്ങള്‍ തന്നെയാണ് കാറ്റാടിയന്ത്രങ്ങള്‍ക്ക് ഉള്ളത്. പരിസ്ഥിതിക്ക് ഇണങ്ങിയ ഊര്‍ജ്ജ സ്രോതസ്സ് എന്ന നിലയില്‍ ഹരിത ഊര്‍ജ്ജം എന്ന വിഭാഗത്തിലാണ് കാറ്റില്‍ നിന്നും ഉള്ള ഊര്‍ജ്ജത്തിന്‍റെ സ്ഥാനം.നിഷയെപ്പോലെ ഓലപ്പമ്പരമുണ്ടാക്കി കളിച്ചു നോക്കൂ. കറങ്ങുന്ന ആ പമ്പരം ചിലപ്പോള്‍ നാളെയുടെ ഊര്‍ജ്ജമായി മാറിയേക്കാം.

Thursday, October 23, 2008

ആയിഷ കണ്ട കാറ്റാടിയന്ത്രം

കാറ്റാടിയന്ത്രം

സ്കൂള്‍ വിട്ടു വന്ന ആയിഷ നേര ഓടിച്ചെന്നത് അടുക്കളയിലേക്കായിരുന്നു. അവിടെ അമ്മയും അച്ഛനും കൂടി വൈകിട്ടത്തേക്കുള്ള ആഹാരമുണ്ടാക്കുന്ന തിരക്കിലാണ്. വികസിച്ച കണ്ണുകളോടെ സന്തോഷത്തോടെ നില്‍ക്കുന്ന അവളെ നോക്കി അച്ഛന്‍ പറഞ്ഞു. "ഉം എന്തോ കോളൊത്തിട്ടുണ്ട്..". "ഇന്ന് ക്ളാസില്‍ ബാബു ഒരൂട്ടം ഉണ്ടാക്കിക്കൊണ്ടു വന്നു. വേഗം വന്നാല്‍ കാണിച്ചു തരാം. ഉടനെ തിരിച്ചവന് കോടുക്കാനുള്ളതാ" അവള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു. തിരക്കുണ്ടായിരുന്നെങ്കിലും അവളുടെ ആവേശം കണ്ടപ്പോള്‍ അമ്മയും അച്ഛനും ഒപ്പം കൂടി. തന്‍റെ ബാഗ് നിലത്തിട്ട് അവള്‍ അതില്‍ നിന്നും പ്ളാസ്റ്റിക്ക് കുപ്പികൊണ്ടുണ്ടാക്കിയ ഒരു പമ്പരം പുറത്തെടുത്തു. ഇതോടെ അവിടെ കളിച്ചു നടന്നിരുന്ന അനിയനും പതിയെ ചേച്ചിയുടെ സൂത്രം കാണാന്‍ കൂടെ കൂടി. പമ്പരം താഴെ വച്ച് അവള്‍ വീണ്ടും ബാഗിനകത്തേക്ക് കയ്യിട്ടു. പണ്ട് ടേപ്പ് റെക്കോര്‍ഡറുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വളരെ ചെറിയ ഒരു മോട്ടറും അതില്‍ പിടിപ്പിച്ചിരിക്കുന്ന ഒരു എല്‍. ഇ.ഡി യുമായിരുന്നു അവള്‍ പുറത്തെടുത്ത അടുത്ത ഇനം.

"അമ്മേ ആ ഫാനൊന്നു ഓണാക്കോ..." പമ്പരവും മോട്ടറും കയ്യിലെടുത്ത് അവള്‍ പറഞ്ഞു. പമ്പരത്തിന്‍റെ മധ്യത്തിലുള്ള ചെറിയ ദ്വാരത്തിലേക്ക് അവള്‍ മോട്ടറിന്‍റെ കറങ്ങുന്ന ഭാഗം ശ്രദ്ധാപൂര്‍വ്വം പിടിപ്പിച്ചു. മോട്ടറില്‍ പിടിച്ച് അവള്‍ പമ്പരം കറങ്ങിത്തുടങ്ങിയ ഫാനിനു നേരേ കാണിച്ചു. പമ്പരം പതിയെ കറങ്ങാന്‍ തുടങ്ങി. "ബള്‍ബിലോട്ട് നോക്കമ്മേ ബള്‍ബിലോട്ട്.." പതിയെ തെളിഞ്ഞു തുടങ്ങിയ എല്‍. ഇ.ഡി യി ലേക്ക് നോക്കിക്കൊണ്ട് അവള്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞു.
"ഇതു കൊള്ളാല്ലോ നല്ല സൂത്രം" അച്ഛന്‍ പറഞ്ഞു. "പല രാജ്യങ്ങളിലും കറണ്ടുണ്ടാക്കാന്‍ ഇതു പോലത്തെ വലിയ പമ്പരങ്ങള്‍ ഉപയോഗിക്കാറുണ്ടെത്രേ, ടീച്ചര്‍ പറഞ്ഞതാ. ഇതുണ്ടാക്കിയതിന് അവനെ അഭിനന്ദിക്കുകയും ചെയ്തു. നമുക്കും ഒരെണ്ണം ഉണ്ടാക്കി വീട്ടില്‍ പിടിപ്പിച്ചാലോ?" അവള്‍ ചോദിച്ചു. "അതിനിത്ര ചെറുതൊന്നും പോര, പിന്നെ നന്നായി കാറ്റ് കിട്ടണമെങ്കില്‍ നല്ല ഉയരത്തില്‍ പിടിപ്പിക്കുകയും വേണം." അമ്മയുടെ മറുപടി അത്രങ്ങോട്ട് ഇഷ്ടമായില്ലെങ്കിലും അവള്‍ പ്രതീക്ഷ കൈ വിട്ടില്ല. "വലിയ ഒരെണ്ണം സ്കൂളില്‍ പിടിപ്പിക്കാന്‍ ടീച്ചറോട് ഒന്നു പറഞ്ഞു നോക്കണം". "ശരി, ശരി എന്തായാലും ടീച്ചറോട് പറഞ്ഞു നോക്കൂ.." പൊട്ടിച്ചിരിച്ചു കൊണ്ട് അമ്മയും അച്ഛനും മറുപടി പറഞ്ഞു. "ഇതു തിരിച്ച് ബാബുവിനു കൊടുത്തിട്ട് ഞാനിപ്പം വരാം" കാറ്റാടിയന്ത്രം പൊതിഞ്ഞെടുത്ത് അവള്‍ പുറത്തേക്കോടി.
ചേച്ചിയുടെ സൂത്രപ്പണികളെല്ലാം കണ്ട് അന്തം വിട്ടു നിന്ന കുഞ്ഞനിയന്‍ മുകളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് അതു വരെ തോന്നാത്ത ഒരു കൌതുകത്തോടെ നോക്കിനിന്നു.

Wednesday, October 22, 2008

കിഴക്കുനോക്കിയന്ത്രം ഇനി SMS ആയും കിട്ടും

കിഴക്കുനോക്കിയന്ത്രത്തില്‍ പോസ്റ്റുകള്‍ ഇടുമ്പോള്‍ SMS ആയി ലഭിക്കുവാന്‍ ഗൂഗിള്‍ അവസരമൊരുക്കിയിരിക്കുന്നു.

ഇവിടെ രജിസ്റ്റര്‍ ചെയ്തു നോക്കൂ!!

നിങ്ങള്‍ക്ക് കിഴക്കുനോക്കിയന്ത്രം SMS ആയി കിട്ടിക്കൊണ്ടിരിക്കും....

ചാന്ദ്രയാന്‍ - 1 ആദ്യഘട്ടം വിജയകരം

ചന്ദ്രയാന്‍ -1 കുതിച്ചുയര്‍ന്നു. ഭാരതത്തിന്‍റെ ആദ്യ ചന്ദ്രദൌത്യമാണിത്. 1997 ല്‍ തുടങ്ങിയ ശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ ആദ്യ പടിയായിരുന്നു ഈ വിക്ഷേപണം. പി.എസ്.എല്‍.വി എന്ന വാഹനത്തിന്‍റെ മികവ് ഒരിക്കല്‍ കൂടി ലോകരാഷ്ട്രങ്ങള്‍ക്കു മുന്‍പില്‍ കാണിക്കാന്‍ ഒരു അവസരം കൂടിയായിരുന്നു . കൃത്യം 6 മണി 22 മിനിട്ട് 11 സെക്കന്‍റിനാണ് ചാന്ദ്രയാനുമായി പി.എസ്.എല്‍.വി സി-11 കുതിച്ചുയര്‍ന്ന്. 18 മിനിട്ട്് കൊണ്ട് താത്കാലികമായ 357KM ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്ന ചന്ദ്രയാന്‍ ഇപ്പോള്‍ ഭൂമിയുടെ ഉപഗ്രഹമാണ്. പതിനഞ്ചു ദിവസങ്ങള്‍ കൊണ്ട് ചാന്ദ്രയാന്‍ നമ്മുടെ ഉപഗ്രഹത്തിന്‍റെ ഉപഗ്രഹമായി മാറും. വിക്ഷേപണത്തിന് ആശങ്കയുണര്‍ത്തി മഴമേഘങ്ങള്‍ ഉണ്ടായിരുന്നു. മഴയല്ല വിക്ഷേപണത്തിന് തടസ്സമാകുന്നത്. മറിച്ച് മേഘങ്ങളില്‍ ഉള്ള വൈദ്യുത ചാര്‍ജ്ജ് ആണ്. ഇടിമിന്നല്‍ ഉണ്ടെങ്കില്‍ ആശങ്കയുണ്ടാകുന്നത് ഇതു കൊണ്ടാണ്. എന്നാല്‍ മേഘാവൃതമായ അന്തരീക്ഷമായിരുന്നുവെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായില്ല. സെക്കന്‍റില്‍ 9.84 km/s വേഗത കൈവരിച്ചിട്ടാണ് പി.എസ്.എല്‍.വി ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് തള്ളിവിട്ടത്. ഇത്രയും വേഗത പി.എസ്.എല്‍.വി ഇതു വരെ കൈവരിച്ചിട്ടില്ല എന്നും തോന്നുന്നു. പതിവില്‍ നിന്ന് വ്യത്യസ്ഥമായി 180 കിലോഗ്രാം ഭാരം കൂടി അധികം വഹിച്ചു കൊണ്ടുമാണ് പി.എസ്.എല്‍.വി പുറപ്പെട്ടത്. ചാന്ദ്രദൌത്യത്തിലെ ആദ്യപടി മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ദീര്‍ഘവൃത്താകാരമായ താത്കാലിക ഭ്രമണപഥത്തില്‍ നിന്നും ഇനി ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കേണ്ടതുണ്ട്. എല്ലാ ശാസ്ത്രജ്ഞര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ട് അതിനായി നമുക്ക് കാത്തിരിക്കാം.

Monday, October 20, 2008

ചന്ദ്രയാന്‍ സാമൂഹ്യപരമോ?

ചന്ദ്രയാന്‍ സാമൂഹ്യപരമോ?

ചന്ദ്രയാന്‍, നാം കാത്തിരുന്ന പര്യവേഷണത്തിന് 22 ന് തുടക്കമാകും. ചന്ദ്രയാന്‍ എന്ന പദ്ധതിയെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ചിലരെങ്കിലും അതിനെതിരേ ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. ഭാരതത്തെ പോലെയുള്ള ഒരു രാജ്യത്തിന്, നിരവധിയാളുകള്‍ ഇന്നും പട്ടിണിയില്‍ കഴിയുന്നയിടത്ത് ഇത്തരം ഒരു ദൌത്യത്തിന്‍റെ ഔചിത്യത്തെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. നിരവധി തവണ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ഇടമാണ് ചന്ദ്രനെന്നും ഇനിയും മറ്റൊരു പരീക്ഷണത്തിന് അര്‍ത്ഥമുണ്ടോ എന്നും മറ്റുമുള്ള വാദങ്ങള്‍ ഇവര്‍ ഉയര്‍ത്തുന്നു. വെറും രാഷ്ട്രീയപരമായ ആവശ്യം മാത്രമാണ് ചന്ദ്രയാന്‍ എന്ന വാദങ്ങള്‍ പോലും ഇവരില്‍ നിന്ന് കേള്‍ക്കുകയുണ്ടായി. ഈ വാദങ്ങള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ?

1959 ജനുവരി 2 ന് ലൂണ-1 വിക്ഷേപിച്ചു കൊണ്ട് റഷ്യ തുടക്കമിട്ട ചാന്ദ്രദൌത്യങ്ങള്‍ അമേരിക്കയും മറ്റു രാജ്യങ്ങളും ഏറ്റെടുത്തതോടെ ചന്ദ്രനെക്കുറിച്ചുള്ള പല ധാരണകളും നാം തിരുത്തിക്കുറിച്ചു. പന്ത്രണ്ടു പേരെ ചന്ദ്രനിലിറക്കാന്‍ സാധിച്ചതോടെ ചാന്ദ്ര ദൌത്യങ്ങള്‍ക്ക് അര്‍ദ്ധവിരാമമിടുകയായിരുന്നു. എഴുപതുകള്‍ക്ക് ശേഷം ചന്ദ്രനെക്കുറിച്ച് ചിന്തിക്കാന്‍ ആരും മിനക്കെട്ടില്ല. 1990 ല്‍ ഗലീലിയോ പര്യവേഷണ വാഹനം ചന്ദ്രന്‍റെ ഇതു വരെ കാണാത്ത ചില ഭാഗങ്ങളുടെ ചിത്രമെടുത്തതോടെയാണ് പുതിയ ഗവേഷണങ്ങള്‍ക്ക് തുടക്കമായത്. 1990 ല്‍ ജപ്പാന്‍ ഹൈറ്റണ്‍ ദൌത്യത്തിലൂടെ പുതിയ ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. പിന്നീട് പല ദൌത്യങ്ങളും പഠനങ്ങള്‍ നടത്തി. ഇന്നും ആ പഠനങ്ങള്‍ തുടരുന്നു. അതിന്‍റെ ഭാഗമാണ് ഇന്ത്യയുടെ ചന്ദ്രയാനും.

മുറ്റത്തെ മുല്ലക്ക് മണമില്ല എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് അതേ അവസ്ഥയാണ് ചന്ദ്രനും. ചന്ദ്രനെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങള്‍ വളരെ കുറവാണ് എന്നതു തന്നെയാണ് സത്യം. ഒരു വേള ചൊവ്വയെക്കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ പോലും നമ്മുടെ സ്വന്തം അമ്പിളി മാമനെക്കുറിച്ച് നമുക്കറിയില്ല. ചന്ദ്രയാന്‍ തരുന്നത് നാം ഇതു വരെ അറിഞ്ഞ കാര്യങ്ങളല്ല, മറിച്ച് പുതിയ പുതിയ വിവരങ്ങളാണ്. രണ്ടു വര്‍ഷത്തോളം ചന്ദ്രന്‍റെ ഉപഗ്രഹമായി പ്രവര്‍ത്തം പ്രതീക്ഷിക്കുന്ന ചന്ദ്രയാന്‍ നിരവധി പഠനങ്ങള്‍ നടത്തുന്നു ണ്ട്. ഉപരിതലഘടന, മണ്ണിന്‍റെ രാസ ഘടന, ജലത്തിന്‍റെ സാന്നിദ്ധ്യം, ഉയര്‍ന്ന റെസലൂഷ്യനിലുള്ള ഉപരിതല മാപ്പിംഗ് തുടങ്ങിയവയൊന്നും നമുക്കിന്നും അറിയില്ല. ഇതെല്ലാമാണ് ചന്ദ്രയാന്‍ നമുക്ക് തരാന്‍ പോകുന്ന വിവരങ്ങള്‍. രണ്ടു വര്‍ഷത്തോളം പ്രവര്‍ത്തനായുസ്സ് പറയുന്ന ചന്ദ്രയാന്‍ പക്ഷേ അതിനേക്കാളേറെക്കാലം പ്രവര്‍ത്തന നിരതമായിരിക്കും എന്നത് നമുക്ക് കൂടുതല്‍ പ്രതീക്ഷ തരുന്നു.
ചന്ദ്രയാന് രാഷ്ട്രീയ പരമായ താത്പര്യം ഇല്ല എന്നു പറയാനാകില്ല. കാരണം ഭാവിയിലെ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി ഒരു അടിസ്ഥാന നിലയം ചന്ദ്രനില്‍ പണിയാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിന്‍റെ ഭാഗഭാക്കാകാനുള്ള ശ്രമങ്ങളുടെ ആദ്യ പടി കൂടിയാണിത്. ചന്ദ്രനിലെ ഹീലിയം വലിയ ഒരു ഊര്‍ജ്ജ സ്രോതസ്സായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചന്ദ്രനില്‍ രാഷ്ട്രീയ അധിനിവേശവും എല്ലാ രാജ്യങ്ങളുടേയും ചിന്തയിലുണ്ട്.
എന്നാല്‍ ഇതിനേക്കാളൊക്കെ ഉപരിയാണ് ശാസ്ത്രഗവേഷണങ്ങളില്‍ സംഭവിക്കുന്ന കുതിച്ചു ചാട്ടം. വളര്‍ന്നു വരുന്ന ഒരു തലമുറക്ക് ആവേശം പകരാന്‍, ശാസ്ത്രത്തോട് താത്പര്യമുണ്ടാകാന്‍ ചന്ദ്രയാന്‍ തരുന്ന ഊര്‍ജ്ജം കുറച്ചൊന്നുമായിരിക്കില്ല. ശാസ്ത്രഗവേഷണ മേഖലകളില്‍ നിന്നും ദിനം പ്രതി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന തലമുറയെ തിരിച്ചു കൊണ്ടു വരാന്‍ ഇത്തരം പര്യവേഷണങ്ങള്‍ സഹായിക്കും എന്നതില്‍ സംശയമില്ല. 400ഓളം കോടി രൂപയാണ് ചന്ദ്രയാന്‍ -1 ന്‍റെ ചിലവ്. എന്നാല്‍ ഇത്തരം ഒരു ദൌത്യത്തെ സംബന്ധിച്ചിടത്തോളം ഇത് താരതമ്യേന ചെറിയ തുക തന്നെയാണ്. കേരളത്തില്‍ എയിഡഡ് സ്കൂള്‍ നിയമനത്തിന് വാങ്ങുന്ന കൈക്കൂലി പോലും ഇതിന്‍റെ എത്രയോ ഇരട്ടി വരും. പട്ടിണി മാറ്റാന്‍ കഴിയാത്തത് പണമില്ലാത്തതു കൊണ്ടാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഉള്ള പണത്തെ ശരിയായ രീതിയില്‍ വിന്യസിക്കാന്‍ സാധിച്ചാല്‍ പട്ടിണിയൊക്കെ എന്നേ മാറിയേനേ!! ഇതിന്‍റെ പേരില്‍ ചന്ദ്രയാനെ എതിര്‍ക്കുന്നവര്‍ സത്യം മറച്ചു പിടിക്കുന്നവരാണ് എന്ന് പറയാതെ വയ്യ.

Monday, October 13, 2008

പെട്രോള്‍ വില കുറയ്കണം എന്നാരും പറയാത്തതെന്താ?

പെട്രോള്‍ വില കുറയ്കണം എന്നാരും പറയാത്തതെന്താ?

പെട്രോളിയം വില ബാരലിന് 140$ ല്‍ കൂടുതലായ ഒരു സമയമുണ്ടായിരുന്നു നമുക്ക്. അന്ന് എന്തെല്ലാം പുകിലുകളായിരുന്നു പെട്രോളിയം കമ്പനികള്‍ കാണിച്ചു കൂട്ടിയിരുന്നത്. അങ്ങിനെ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുതിച്ചുയര്‍ന്നു. പെട്രോളിയം വില കുറക്കണം എന്നു പറഞ്ഞ് ഒരു സമരം പോലും ഉണ്ടായുമില്ല. പണ്ടൊക്കെ പെട്രോളിന് അന്‍പതു പൈസ കൂട്ടുമ്പോഴേക്കും സമരങ്ങളിലൂടെ നാം പ്രതികരിക്കുമായിരുന്നു. ഇപ്പോള്‍ അഞ്ചു രൂപ കൂട്ടിയാല്‍ പോലും ഒരു പ്രശ്നവുമില്ലാതെ അംഗീകരിക്കാന്‍ നാം ശീലമാക്കിയിരിക്കുന്നു. പെട്രോളിയം വില കൂടുന്നതിനനുസരിച്ച് മറ്റെല്ലാ മേഖലയിലും വില വര്‍ദ്ധിക്കുകയും ചെയ്യും. ബസ്സ് ചാര്‍ജ്ജ് കൂട്ടണമെന്നു പറഞ്ഞായിരിക്കും അതില്‍ പ്രധാന സമരം. തുടര്‍ന്ന് മറ്റ് വാഹനങ്ങളും. ഇപ്പോള്‍ പെട്രോളിയം വില ബാരലിന് 80$ താഴെയായി മാറിയിരിക്കുന്നു.
പെട്രോളിയത്തിന് ഈ വിലയായിരുന്നപ്പോള്‍ പെട്രോളിനും ഡീസലിനുമെല്ലാം എത്രയായിരുന്നു വില എന്നൊന്ന് ആലോചിച്ചു നോക്കൂ.

ഇപ്പോള്‍ കുറഞ്ഞ നിരക്കു വച്ച് പെട്രോള്‍, ഡീസല്‍ വിലകളില്‍ ൫0% എങ്ങിലും കുറവു വരേണ്ടതാണ്. സാമ്പത്തിക മാന്ദ്യം എല്ലാ മേഖലയിലും എന്ന പോലെ രുപയുടെ മൂല്യത്തിലും കുറവു വരുത്തി. ഡോളറിന്‍റെ വില ഏതാണ്ട് 50 രൂപ തന്നെയായി മാറി. അതു വച്ച് നോക്കിയാല്‍ പോലും 30% വിലക്കുറവെങ്കിലും ഉണ്ടാകേണ്ടതാണ്. അങ്ങിനെ വില കുറക്കാന്‍ ഒരു കമ്പനിയും തയ്യാറാവില്ല. എന്നാല്‍ എന്തിനും ഏതിനും സമരം ചെയ്യുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും അന്താരാഷ്ട്ര വിലക്കനുസരിച്ച് ഇന്ധനവില കുറക്കണം എന്നു പറഞ്ഞ് ഒരു സമരമോ എന്തിന് ഒരു പ്രസ്ഥാവന പോലും ഉണ്ടായില്ല. മുട്ടിന് മുട്ടിന് സമരം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബസ്സ് , മറ്റ് വാഹനക്കാരില്‍ നിന്നും ഇന്ധനവിലകുറക്കണം എന്ന ആവശ്യം ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ രാഷ്ട്രീയ സംഘടനകളില്‍ നിന്നും പ്രതീക്ഷിക്കുന്നത് അതല്ല. എന്തിനാണ് രാഷ്ട്രീയം? രാഷ്ട്രത്തെ സംബന്ധിച്ച ഏതു കാര്യങ്ങളിലും ആശയങ്ങള്‍ രൂപീകരിക്കുന്നതിനും തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതിലും രാഷ്ട്രീയ സംഘടനകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ അതിനൊന്നും മുതിരാതെ നടക്കുന്ന രാഷ്ട്രീയ സംഘടനകള്‍ മുഴുവന്‍ രാഷ്ട്രത്തിന്‍റെയും ജനങ്ങളുടെയും അധീനതയിലല്ല മറിച്ച് പണത്തിന്‍റെ അധീനതയിലാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ അവര്‍ ആവശ്യപ്പെടാതെ തന്നെ ചെയ്തു തരേണ്ട ഔന്നത്യമാണ് രാഷ്ട്രീയക്കാരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Monday, October 6, 2008

യന്ത്രം ധരിക്കൂ, അന്ധവിശ്വാസം അകറ്റൂ - അന്ധവിശ്വാസ നിരാകരണ യന്ത്രം !!

അന്ധവിശ്വാസം അകറ്റാന്‍ - അന്ധവിശ്വാസ നിരാകരണ യന്ത്രം ധര‌ിക്കൂ..

"ധനാകര്‍ഷണ യന്ത്രം ധരിക്കൂ ധനം നേടൂ" വഴിയരികില്‍ നിന്ന് ധനാകര്‍ഷണ യന്ത്രം വില്‍ക്കുന്ന കച്ചവടക്കാരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. വയറ്റിപ്പിഴപ്പിന് ധനാകര്‍ഷണയന്ത്രം വില്‍ക്കുന്ന ആ കച്ചവടക്കാര്‍ക്ക് അതൊരു ധനാകര്‍ഷണമാര്‍ഗ്ഗമായിരുന്നു എന്നത് സത്യം തന്നെ. അവര്‍ തരുന്ന യന്ത്രം (ചരടും മറ്റും ആണ് ഈ യന്ത്രം) ധരിച്ചാല്‍ ധനം താനേ വന്നു ചേരുമത്രേ!!. സാമാന്യബോധം നഷ്ടപ്പെട്ടവര്‍ ഒത്തിരിപ്പേര്‍ ഈ യന്ത്രം വാങ്ങി ധരിക്കുകയും ചെയ്യുമായിരുന്നു. "ഈ യന്ത്രം സ്വയം അങ്ങു ധരിച്ചാല്‍ പോരേ ധനികരാവാമല്ലോ, എന്തിന് ഈ കച്ചവടം നടത്തി പണം നേടണം?" എന്ന് കച്ചവടക്കാരോട് തിരിച്ചു ചോദിക്കാന്‍ മാത്രം സാമാന്യബോധമുള്ള ജനം ഉണ്ടായിരുന്നില്ല എന്നല്ല, അവര്‍ അവിടെ പോയിരുന്നില്ല എന്നു മാത്രം.
അങ്ങിനെ സുഖമായി നടന്നിരുന്ന ആ കച്ചവടങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ആധുനിക കാലഘട്ടം. കച്ചവടവും ആധുനികമാകണമല്ലോ, ടി.വി ചാനലുകളും പത്രമാധ്യമങ്ങളും വഴിയാണ് ഇപ്പോഴത്തെ കച്ചവടം. പത്തോ അന്‍പതോ പേരെ ഒരുമിച്ച് പറ്റിച്ചിരുന്നിടത്ത് ഇപ്പോള്‍ പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും പേരെ ഒരുമിച്ച് പറ്റിക്കാം. ആരും തിരിച്ച് ചോദിക്കാനും വരികയില്ല. ഒരു പ്രമുഖ ചാനലില്‍ ടെലി ഷോപ്പിംഗ് പരിപാടി കാണാനിടയായി. ആഹാ.. എല്ലാത്തിനും പരിഹാരം കാണാന്‍ രുദ്രാക്ഷം ധരിച്ചാല്‍ മതിയത്രേ!!. അതും എത്രയോ തരത്തിലുള്ള രുദ്രാക്ഷങ്ങള്‍. സ്വര്‍ണ്ണം കെട്ടിയതും വെള്ളി കെട്ടിയതും ഒന്നും കെട്ടാത്തതും മാലയാക്കിയതും എല്ലാം കിട്ടും. പക്ഷേ ഭാഗ്യം അങ്ങു വെറുതേ വന്നു ചേരുകയില്ല, ഒട്ടും കുറയാത്ത പണം നല്‍കണം!
പത്രങ്ങളില്‍ വരുന്നതോ അതിലും രസകരം. ധനാകര്‍ഷണയന്ത്രം, അറബിമാന്ത്രികം
( മതേതരത്വം നില നിര്‍ത്തുന്നതില്‍ ഇത്തരം പരസ്യങ്ങള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല!!), വശീകരണചരടുകള്‍, പിന്നെ വായില്‍ കൊള്ളാത്ത പല പേരുകളോടെ നിരവധി യന്ത്രങ്ങള്‍!!.
പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ എത്ര രൂപയാകും എന്നാലോചിട്ടുണ്ടോ? അതിനേക്കാളേറെ തിരിച്ചു കിട്ടിയാലേ പരസ്യം കൊടുക്കുന്നവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ. സാക്ഷരപ്രബുദ്ധ കേരളത്തില്‍ ഇതിന്‍റെ പുറകേ പോകാന്‍ ആളുണ്ടാവില്ല എന്നൊന്നും കരുതാന്‍ വയ്യ എന്നു ചുരുക്കം. കാരണം ഇത്തരം പരസ്യങ്ങള്‍ തുടര്‍ച്ചയായി വീണ്ടും വീണ്ടും വരികയാണ്. ഭാരതത്തിലെ നിയമമനുസരിച്ച് ഇത്തരം പരസ്യങ്ങള്‍ ശിക്ഷാര്‍ഹമാണ്.പക്ഷേ എന്തു പ്രയോജനം?

90% അന്ധവിശ്വാസങ്ങളും സ്വാര്‍ത്ഥതാത്പര്യങ്ങളുടെ സൃഷ്ടിയാണ്. ഇപ്പോള്‍ പണമാണ് അന്ധവിശ്വാസങ്ങളുടെ അടിസ്ഥാനം. കേരളത്തിലെ ജനങ്ങളെ പറ്റിക്കാന്‍ എളുപ്പമാണ് എന്നതാണോ ഇതിന്‍റെ അടിസ്ഥാനം? ഇനി ഒന്നു കൂടി കാണാനുണ്ട് അന്ധവിശ്വാസങ്ങള്‍ അകറ്റാന്‍ അന്ധവിശ്വാസനിരാകരണയന്ത്രം എന്നൊരു പരസ്യം. അതു കൂടി കണ്ടാല്‍ ഹാവൂ, സമാധാനമായി!!!കഴിഞ്ഞ പോസ്റ്റ് :താഴെ വീഴാതെ ഉപഗ്രഹം

Saturday, October 4, 2008

താഴെ വീഴാതെ ഉപഗ്രഹം സ്പുട്നിക്ക് പിന്നെ ബഹിരാകാശം, പര്യവേഷണങ്ങള്‍ , ലോക പുരോഗതി

ലോക ബഹിരാകാശ വാരം
(സ്പുട്നിക്ക് വിക്ഷേപണത്തിന്‍റെ ഓര്‍മ്മക്ക്..)


1957 ഒക്റ്റോബര്‍ 4 ലോകം കാത്തിരുന്ന കാഴ്ച. അവിശ്വസനീയമായിരുന്നു അത്. മനുഷ്യന്‍ ആകാശത്തേക്കുയര്‍ത്തിയ ഒരു വസ്തു താഴേക്ക് വീഴാതെ ഭൂമിയെ വലം വച്ചു കൊണ്ടിരിക്കുക! സ്പുട്നിക്ക് എന്ന ആ മനുഷ്യനിര്‍മ്മിത വസ്തു ലോകത്തിന്‍റെ മുഖച്ഛായ മാറ്റി മറിച്ചു. ബഹിരാകാശയുഗത്തിന്‍റെ തുടക്കമായിരുന്നു അത്. ശീതസമരത്തിന്‍റെ കാലത്ത് അമേരിക്കയെ കടത്തിവെട്ടി റഷ്യ കൈവരിച്ച ആ നേട്ടം തുടര്‍ന്നുണ്ടാക്കിയത് ഒരു മത്സരമായിരുന്നു. പിന്നീട് എത്രയോ വിക്ഷേപണങ്ങള്‍, പരീക്ഷണങ്ങള്‍, ഉപഗ്രഹങ്ങള്‍,വേഗതയേറിയ വാര്‍ത്താവിനിമയം, മനുഷ്യന്‍ ചന്ദ്രനില്‍ അതും ആറു തവണ, ബഹിരാകാശത്ത് താമസം, വന്‍ ബഹിരാകാശ നിലയങ്ങള്‍ , (ആകാശ വാഹനങ്ങള്‍)സ്പേസ് ഷട്ടിലുകള്‍ എല്ലാം ചേര്‍ന്ന് ലോകത്തിന്‍റെ ഗതിയില്‍ തന്നെ വന്‍ മാറ്റങ്ങളുണ്ടാക്കി. അത് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ഇന്നു മുതല്‍ ഒരാഴ്ച ലോകം ആ സ്മരണ പുതുക്കുകയാണ്. ലോക ബഹിരാകാശ വാരം. ബഹിരാകാശ മേഖയയെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കാന്‍ ഒരു ശ്രമം. ലോകഗ്രാമമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ നേട്ടം പൊതു ജീവിതത്തിന് എങ്ങിനെ പ്രയോജനപ്പെടുന്നു എന്ന് ജനങ്ങളെ അറിയിക്കാന്‍ ശ്രമിക്കുകയാണ് ശാസ്ത്രജ്ഞരും ശാസ്ത്രപ്രവര്‍ത്തകരും.

ഭൂമിക്ക് ചുറ്റും താഴെ വീഴാതെ ഉപഗ്രഹം കറങ്ങുന്നതിന്‍റെ പൊരുള്‍?

ഒരു കല്ലെടുത്ത് എറിഞ്ഞു നോക്കൂ, അല്പനേരം കൊണ്ട് ഒരു വളഞ്ഞ പാതയിലൂടെ അത് ഭൂമിയിലെത്തും അല്പം കൂടി വേഗതയിലെറിഞ്ഞാല്‍ കല്ല് കൂടുതല്‍ ദൂരം സഞ്ചരിക്കും. രസകരമായ ഒരു കാര്യം താഴെ വീഴുന്നു സമയത്തും കല്ലിന്‍റെ തിരശ്ചീനമായ വേഗതക്ക് മാറ്റം വരുന്നില്ല എന്നതാണ്. നല്ല വേഗതയില്‍ എറിയാന്‍ സാധിച്ചാല്‍ വേണമെങ്കില്‍ കിലോമീറ്ററുകളോളം കല്ലിന് സഞ്ചരിക്കാന്‍ സാധിക്കും. ഭൂമിയുടെ ആകൃതി ഗോളമാണെന്ന് നമുക്കെല്ലാം അറിയാം. അപ്പോള്‍ വളരെയധികം ദൂരേക്ക് എറിഞ്ഞ കല്ലിനൊപ്പം ഭൂമിക്കും അല്പം വളവുണ്ടാകും (ചിത്രം കാണുക).
പിന്നെയും വേഗം കൂട്ടിയെറിഞ്ഞാല്‍ ചിലപ്പോള്‍ കല്ല് അമേരിക്കയില്‍ പോയി വീണേക്കാം. പിന്നെയും ആവശ്യത്തിന് വേഗം നല്‍കിയാല്‍ , എറിഞ്ഞ ആളിന്‍റെ പുറകില്‍ തന്നെ എത്തിച്ചേരാനുള്ള സാധ്യതയും തള്ളിക്കളയണ്ട. ഇവിടെ ഒരു കാര്യം മറക്കരുത് കല്ലിന്‍റെ തിരശ്ചീന വേഗതക്ക് മാറ്റമൊന്നും വന്നിട്ടില്ല. അതായത് ശരിയായ വേഗത കല്ലിന് നല്‍കിയാല്‍ ഒരിക്കലും നിലക്കാതെ ഭൂമിക്ക് ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കും എന്നു സാരം. എറിഞ്ഞ കല്ലിനെ എല്ലായ്പോഴും ഭൂമി ആകര്‍ഷിച്ചു കൊണ്ടിരിക്കും. തന്മൂലം കല്ലിന്‍റെ പാതക്ക് വളവുണ്ടാവുകയും ചെയ്യും. എന്നാല്‍ കല്ലിന്‍റെ പാതയുടെ വളവും ഭൂമിയുടെ വളവും തുല്യമായാല്‍ പിന്നീട് ഒരിക്കലും ഭൂമിയില്‍ വീഴാന്‍ അതിന് കഴിയുകയില്ല. ആ കല്ല് ഒരു ഉപഗ്രഹമായി മാറിക്കഴിഞ്ഞു എന്നര്‍ത്ഥം. നിരന്തരം ഭൂമിയിലേക്ക് വീണു കൊണ്ടിരിക്കുന്ന ഒന്നാണ് ഈ ഉപഗ്രഹം!!

വളരെ എളുപ്പത്തില്‍ ഇങ്ങനെ പറയാനും കേള്‍ക്കുന്നവരെ ആവേശം കൊള്ളിക്കാനും എളുപ്പമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അന്തരീക്ഷത്തിന്‍റെ സാന്നിദ്ധ്യം ഘര്‍ഷണത്തിന് കാരണമാവുകയും തിരശ്ചീനവേഗതക്ക് കുറവുണ്ടാവുകയും ഭൂമിയില്‍ തിരിച്ചെത്തുകയും ചെയ്യും വളരെ ഉയര്‍ന്ന ഭ്രമണ പഥത്തില്‍ ആയാല്‍ വായുവിന്‍റെ സാന്നിദ്ധ്യം കുറയുന്നതു മൂലം ഈ പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാനാകും. റോക്കറ്റുകള്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ വളരെ ഉയര്‍ന്ന ഭ്രമണ പഥത്തില്‍ എത്തിച്ച ശേഷം തിരശ്ചീനമായി ഒരു വേഗത നല്‍കിയാണ് സാധാരണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. അല്പമാത്രമാണെങ്കിലും വായുവിന്‍റെ സാന്നിദ്ധ്യം മൂലം നഷ്ടപ്പെടുന്ന ഊര്‍ജ്ജം വീണ്ടെടുത്ത് പരിക്രമണ പഥം സ്ഥിരമായി നിര്‍ത്താന്‍ ഉപഗ്രഹങ്ങളില്‍ അല്പം ഇന്ധനം കൂടി കരുതാറുണ്ട്.

ചാന്ദ്രയാന്‍ പദ്ധതിയുടെ പരീക്ഷഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. ചന്ദ്രനെ വലം വച്ച് പഠനം നടത്താനുള്ള ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കപ്പെടുമ്പോള്‍ ഇന്ത്യയും പുതിയൊരു കാല്‍വയ്പ്പിലേക്കാണ്. അതിന്‍റെ വിജയം നല്‍കുന്ന ഊര്‍ജ്ജം അന്ധവിശ്വാസങ്ങള്‍ കൊണ്ട് കണ്ണു കാണാതായ ജനതക്ക് പുതിയൊരു കാഴ്ച നല്‍കാന്‍ സഹായിച്ചെങ്കില്‍..

Thursday, October 2, 2008

അഹിംസാ ദിനം സ്ഫോടന പ‌രമ്പരകള്‍

ലോക അഹിംസാ ദിനം

ഇന്ന് ലോക അഹിംസാ ദിനം ആചരിക്കുകയാണ് ലോകം. മറ്റുള്ളവരെ ഹിംസിക്കാതെ ജീവിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ഒരു ദിനം. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ ജന്മദിനം. അഹിംസ എന്ന സന്ദേശം എന്താണെന്ന് ലോകജനതക്ക് കാട്ടിക്കൊടുത്ത അദ്ദേഹത്തെ ലോകം
ആദരിക്കുകയാണ്.

പക്ഷേ അദ്ദേഹത്തിന്‍റെ നാട്ടില്‍ നടക്കുന്നതോ?

സ്ഫോടന പരമ്പരകള്‍ ഡല്‍ഹി, അഹമ്മദാബാദ്, ബാംഗ്ളൂര്‍, ഡല്‍ഹി ഇപ്പോള്‍ അഗര്‍ത്തലയിലും.
എത്രയോ നിരപരാധികള്‍ കൊല്ലപ്പെടുന്നു. എന്നിട്ടും നാം അഹിംസയെക്കുറിച്ച് പറയുന്നു, വാ തോരാതെ സംസാരിക്കുന്നു. ഭീകരര്‍ അഴിഞ്ഞാടുന്നു, സ്നേഹസന്ദേശമോതേണ്ട മതങ്ങളുടെ പേരില്‍ ചോരപ്പുഴയൊഴുക്കുന്നു. ഇതെല്ലാം എന്ന് അവസാനിക്കും? മതം ഭീകരതയുടെ പര്യായമായി മാറുന്നു. വിശ്വാസം മനുഷ്യരുടെ നന്മക്കായിട്ടല്ല, ഹിന്ദുക്കളുടേയും കൃസ്ത്യാനികളുടേയും ഇസ്ലാമുകളുടേയും സിക്കുകാരുടേയും ജൈനരുടേയും പാഴ്സികളുടേയും സംരക്ഷണത്തിനായി മാത്രം. പലപ്പോഴും അതു പോലുമില്ല.

മനുഷ്യത്വം ഇല്ലാതെ ഏതു മതമുണ്ടായിട്ടും വിശ്വാസമുണ്ടായിട്ടും എന്തു കാര്യം. അഹിംസ പറയാനുള്ളതല്ല. പ്രവര്‍ത്തിക്കാനുള്ളതാണ്. മനുഷ്യത്വമുള്ള നമുക്കോരോരുത്തര്‍ക്കും അങ്ങിനെയാവാന്‍ ശ്രമിക്കാം. പുതിയൊരു ലോകത്തിനായി.........