Thursday, October 23, 2008

ആയിഷ കണ്ട കാറ്റാടിയന്ത്രം

കാറ്റാടിയന്ത്രം

സ്കൂള്‍ വിട്ടു വന്ന ആയിഷ നേര ഓടിച്ചെന്നത് അടുക്കളയിലേക്കായിരുന്നു. അവിടെ അമ്മയും അച്ഛനും കൂടി വൈകിട്ടത്തേക്കുള്ള ആഹാരമുണ്ടാക്കുന്ന തിരക്കിലാണ്. വികസിച്ച കണ്ണുകളോടെ സന്തോഷത്തോടെ നില്‍ക്കുന്ന അവളെ നോക്കി അച്ഛന്‍ പറഞ്ഞു. "ഉം എന്തോ കോളൊത്തിട്ടുണ്ട്..". "ഇന്ന് ക്ളാസില്‍ ബാബു ഒരൂട്ടം ഉണ്ടാക്കിക്കൊണ്ടു വന്നു. വേഗം വന്നാല്‍ കാണിച്ചു തരാം. ഉടനെ തിരിച്ചവന് കോടുക്കാനുള്ളതാ" അവള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു. തിരക്കുണ്ടായിരുന്നെങ്കിലും അവളുടെ ആവേശം കണ്ടപ്പോള്‍ അമ്മയും അച്ഛനും ഒപ്പം കൂടി. തന്‍റെ ബാഗ് നിലത്തിട്ട് അവള്‍ അതില്‍ നിന്നും പ്ളാസ്റ്റിക്ക് കുപ്പികൊണ്ടുണ്ടാക്കിയ ഒരു പമ്പരം പുറത്തെടുത്തു. ഇതോടെ അവിടെ കളിച്ചു നടന്നിരുന്ന അനിയനും പതിയെ ചേച്ചിയുടെ സൂത്രം കാണാന്‍ കൂടെ കൂടി. പമ്പരം താഴെ വച്ച് അവള്‍ വീണ്ടും ബാഗിനകത്തേക്ക് കയ്യിട്ടു. പണ്ട് ടേപ്പ് റെക്കോര്‍ഡറുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വളരെ ചെറിയ ഒരു മോട്ടറും അതില്‍ പിടിപ്പിച്ചിരിക്കുന്ന ഒരു എല്‍. ഇ.ഡി യുമായിരുന്നു അവള്‍ പുറത്തെടുത്ത അടുത്ത ഇനം.

"അമ്മേ ആ ഫാനൊന്നു ഓണാക്കോ..." പമ്പരവും മോട്ടറും കയ്യിലെടുത്ത് അവള്‍ പറഞ്ഞു. പമ്പരത്തിന്‍റെ മധ്യത്തിലുള്ള ചെറിയ ദ്വാരത്തിലേക്ക് അവള്‍ മോട്ടറിന്‍റെ കറങ്ങുന്ന ഭാഗം ശ്രദ്ധാപൂര്‍വ്വം പിടിപ്പിച്ചു. മോട്ടറില്‍ പിടിച്ച് അവള്‍ പമ്പരം കറങ്ങിത്തുടങ്ങിയ ഫാനിനു നേരേ കാണിച്ചു. പമ്പരം പതിയെ കറങ്ങാന്‍ തുടങ്ങി. "ബള്‍ബിലോട്ട് നോക്കമ്മേ ബള്‍ബിലോട്ട്.." പതിയെ തെളിഞ്ഞു തുടങ്ങിയ എല്‍. ഇ.ഡി യി ലേക്ക് നോക്കിക്കൊണ്ട് അവള്‍ ആവേശത്തോടെ വിളിച്ചു പറഞ്ഞു.
"ഇതു കൊള്ളാല്ലോ നല്ല സൂത്രം" അച്ഛന്‍ പറഞ്ഞു. "പല രാജ്യങ്ങളിലും കറണ്ടുണ്ടാക്കാന്‍ ഇതു പോലത്തെ വലിയ പമ്പരങ്ങള്‍ ഉപയോഗിക്കാറുണ്ടെത്രേ, ടീച്ചര്‍ പറഞ്ഞതാ. ഇതുണ്ടാക്കിയതിന് അവനെ അഭിനന്ദിക്കുകയും ചെയ്തു. നമുക്കും ഒരെണ്ണം ഉണ്ടാക്കി വീട്ടില്‍ പിടിപ്പിച്ചാലോ?" അവള്‍ ചോദിച്ചു. "അതിനിത്ര ചെറുതൊന്നും പോര, പിന്നെ നന്നായി കാറ്റ് കിട്ടണമെങ്കില്‍ നല്ല ഉയരത്തില്‍ പിടിപ്പിക്കുകയും വേണം." അമ്മയുടെ മറുപടി അത്രങ്ങോട്ട് ഇഷ്ടമായില്ലെങ്കിലും അവള്‍ പ്രതീക്ഷ കൈ വിട്ടില്ല. "വലിയ ഒരെണ്ണം സ്കൂളില്‍ പിടിപ്പിക്കാന്‍ ടീച്ചറോട് ഒന്നു പറഞ്ഞു നോക്കണം". "ശരി, ശരി എന്തായാലും ടീച്ചറോട് പറഞ്ഞു നോക്കൂ.." പൊട്ടിച്ചിരിച്ചു കൊണ്ട് അമ്മയും അച്ഛനും മറുപടി പറഞ്ഞു. "ഇതു തിരിച്ച് ബാബുവിനു കൊടുത്തിട്ട് ഞാനിപ്പം വരാം" കാറ്റാടിയന്ത്രം പൊതിഞ്ഞെടുത്ത് അവള്‍ പുറത്തേക്കോടി.
ചേച്ചിയുടെ സൂത്രപ്പണികളെല്ലാം കണ്ട് അന്തം വിട്ടു നിന്ന കുഞ്ഞനിയന്‍ മുകളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് അതു വരെ തോന്നാത്ത ഒരു കൌതുകത്തോടെ നോക്കിനിന്നു.

7 comments:

അനില്‍@ബ്ലോഗ് said...

ടോടൊചന്‍,
ആയിഷ എന്റെ കുട്ടിക്കാലം ഓര്‍മപ്പെടുത്തുന്നു.

ഈ വിഷയം ഇപ്പോള്‍ കയ്യില്‍ കിട്ടിയത് നന്നായി. എനിക്കു ചില സംശയങ്ങള്‍ ഉണ്ട്.

കുറച്ചു നാള്‍ മുന്നേ വാര്‍ത്താ പ്രാധാന്യത്തോടെ കണ്ട ഒരു വിഷയമായിരുന്നു ഇത്. ട്രയിനിലും മറ്റും യാത്ര ചെയ്യുമ്പോള്‍ മോബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഈ സംവിധാനം ഉപയോഗിക്കാം എന്ന്. പ്രായോഗികമായി അതു ഫലപ്രദമാകുമോ?

dreamy eyes/അപരിചിത said...

:)
science തലത്തില്‍ നിന്നും ലളിതമായി, മനസ്സിലാകും വിധം ഉള്ള ഈ പോസ്റ്റ്‌ ശരിക്കും SUPERB!!
എനിക്കും ഓര്‍മ്മ വരുന്നു സ്കൂളില്‍ ചെയ്ത ഇതു പോലത്തെ ചെറിയ ഒരൊന്നും...ചെറുതാണെല്‍ പോലും അതു നമ്മള്‍ science exibition ഉം വയ്ക്കും...വല്യ കണ്ടുപിടുത്തം ഒന്നും ആകില്ല ...എന്നാലും ഒരു സന്തോഷത്തിനു
:)
nalla informative blog :)

കുമാരന്‍ said...

good

ധ്വനി | Dhwani said...

ഇതുപോലെ ഏതാണ്ടൊക്കെ പൊതിഞ്ഞുകെട്ടി ഒരു science exhibition പോയി വരുമ്പോഴാ 25 പൈസയ്ക്ക് ഞാന്‍ എന്റെ വെള്ളിയരഞ്ഞാണം കൂട്ടുകാരനു വിറ്റിട്ട് മിഠായി വാങ്ങിക്കാഴിച്ചത്!

ആയിഷയെ സൂക്ഷിയ്ക്കണം! :D

ടോട്ടോചാന്‍ (edukeralam) said...

അനില്‍,
കുട്ടിക്കാലത്ത് താങ്കളും ഒരു ആയിഷ ആയിരുന്നു അല്ലേ?

മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനും മറ്റും ഇത്തരം ഒരു സംവിധാനം ഉപയോഗിക്കാം എന്നു ഞാനും കേട്ടിരുന്നു. ട്രയിനിലും മറ്റും നല്ല കാറ്റ് കിട്ടുന്നുണ്ട്. അതിനാല്‍ താത്വികമായി പറ്റും. പക്ഷേ പ്രായോഗിക തലത്തില്‍ പല പ്രശ്നങ്ങളും നേരിടാം. പക്ഷേ അവയെ മറികടന്ന് ഒരെണ്ണം ഉണ്ടാക്കിയാല്‍ പറ്റും. സ്ഥിരമായ വോള്‍ട്ടേജ് കിട്ടാന്‍ സംവിധാനം ഉണ്ടായിരിക്കണം എങ്കില്‍ നടക്കും.

അപരിചിത, താങ്കള്‍ക്കുണ്ടായ പോലത്തെ സന്തോഷം തന്നെയാണ് എല്ലാ ശാസ്ത്രജ്ഞരുടേയും പിറവിക്ക് പ്രചോദനമാകുന്നത്. താങ്കളും ഒരു ആയിഷ ആയിരുന്നു എന്നറിയുന്നതില്‍ സന്തോഷം.

കുമാരന്‍, പ്രോത്സാഹനത്തിന് നന്ദി,

ധ്വനിയും അപ്പോള്‍ ഒരു ആയിഷ തന്നെ. ഇങ്ങിനെ ശാസ്ത്രപരീക്ഷണങ്ങളോട് താത്പര്യമുള്ളവരെ കാണുന്നതില്‍ സന്തോഷം.
എന്തായാലും ആയിഷയെ സൂക്ഷിക്കാം. വെള്ളിയരഞ്ഞാണം വിറ്റ് മിഠായി വാങ്ങാന്‍ ചിലപ്പോള്‍ ആയിഷയും ശ്രമിച്ചേക്കാം...

എല്ലാവര്‍ക്കും നന്ദി...

സുല്‍ |Sul said...

ടോട്ടോചാനേ,

അനില്‍ പറഞ്ഞതു തന്നെ. കുട്ടിക്കാലം ഓര്‍ത്തുപോയി. അന്ന് ബള്‍ബ് കത്തിക്കാന്‍ നോക്കിയിട്ട് നടക്കാതെ ഒരു സ്പീക്കറിലേക്ക് കണക്ഷണ്‍ കൊടുക്കുകയായിരുന്നു ചെയ്തത്. കര കര ശബ്ദം കേട്ട് കോള്‍മയിര്‍ കൊള്ളാന്‍ :)

-സുല്‍

ടോട്ടോചാന്‍ (edukeralam) said...

സുല്‍, ആ കരകര ശബ്ദത്തിന്‍റെ സംഗീതാത്മകത ഇന്നും താങ്കള്‍ മറന്നിട്ടില്ലല്ലോ.....
പരീക്ഷണങ്ങളുടെ ശക്തി അതാണ്....
നന്ദി...