Tuesday, October 28, 2008

ഓലപ്പമ്പരം തരുന്ന പാഠങ്ങള്‍

ഓലപ്പമ്പരം തരുന്ന പാഠങ്ങള്‍

ഓല കൊണ്ടുണ്ടാക്കിയ പമ്പരം ഈര്‍ക്കിലിയില്‍ കുത്തി ചെമ്മണ്‍ പാതയിലൂടെ ഓടുന്ന നിഷയെ നമുക്ക് ചിലപ്പോള്‍ ഇന്ന് കാണാന്‍ കഴിയില്ലായിരിക്കും. എങ്കിലും അവളെപ്പോലെ മനസ്സില്‍ കൌതുകമുള്ള ഓരോ കുട്ടിയും ഉണ്ടാക്കാന്‍ കൊതിക്കുന്ന ഒന്നാണ് ഓലപ്പമ്പരം. ഓലപ്പമ്പരം പിടിച്ച് വെറുതേ നിന്നാല്‍ അത് കറങ്ങില്ല. ഓടണം, എന്നാലേ കറങ്ങൂ. അല്ലെങ്കില്‍ നല്ല കാറ്റത്ത് കാറ്റിനെതിരേ പിടിച്ചാലും മതി.

നിഷ ഓലപ്പമ്പരമുണ്ടാക്കി കളിക്കുമ്പോള്‍ അവളുടെ വീട്ടുകാര്‍ കളിയാക്കിയേക്കാം , വെറുതേ സമയം കളയുകയാണെന്ന് പറഞ്ഞ്.
പക്ഷേ എത്രയോ രാജ്യങ്ങള്‍ നിഷയുടെ പമ്പരത്തെ അനുകരിക്കുന്നുണ്ട് എന്നറിയാമോ?. ഏക്കറു കണക്കിന് സ്ഥലങ്ങളിലാണ് അവര്‍ ഇത്തരം നിരവധി പമ്പരങ്ങള്‍ പിടിപ്പിച്ചിട്ടുള്ളത്. പക്ഷേ ഒരു വ്യത്യാസമുണ്ട്. വലിപ്പത്തില്‍, ഓരോ പമ്പരത്തിനും ഏതാണ്ട് ഒരു പത്തുനില കെട്ടിടത്തിന്‍റെ ഉയരം വരും എന്നു മാത്രം. കാറ്റാടിപ്പാടങ്ങള്‍ എന്നാണ് ഇത്തരം സ്ഥലങ്ങള്‍ അറിയപ്പെടുക. കാറ്റിന്‍റെ ശക്തിയുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാനാണ് ഈ പരിപാടി. കാറ്റത്ത് ഈ യന്ത്രങ്ങളിലെ പങ്കകള്‍ കറങ്ങും. ഈ കറക്കത്തെ ഡൈനോമകള്‍ ഉപയോഗിച്ച് വൈദ്യുതിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. നല്ല കാറ്റ് എല്ലാ സമയത്തും ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കുക. ഭൂമിയോട് ചേര്‍ന്നയിടങ്ങളില്‍ കാറ്റിന്‍റെ അളവ് കുറവായിരിക്കും. എന്നാല്‍ ഉയരം കൂടും തോറും മരങ്ങളും കരയും മറ്റും ഉണ്ടാക്കുന്ന തടസ്സങ്ങള്‍ ഇല്ലാത്തതിനാല്‍ കാറ്റ് നല്ല ശക്തിയില്‍ തന്നെ വീശും. കാറ്റ് ഒരേ പോലെ സ്ഥിരമായി ലഭിക്കണമെങ്കില്‍ നല്ല ഉയരത്തിലായിരിക്കണം പങ്കകള്‍ നില്‍ക്കേണ്ടത്. അതു കൊണ്ട് ഉയരം കൂട്ടാനായി വലിയ തൂണുകള്‍ സ്ഥാപിച്ച് അതിന്‍റെ മുകളിലാണ് പങ്കകള്‍ പിടിപ്പിക്കുക. നിഷയുടെ ഓലപ്പമ്പരത്തിന് 4 ഇതളുകളാണ് ഉള്ളത്. എന്നാല്‍ വൈദ്യുതി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പങ്കകള്‍ കൂടുതലും 3 ഇതള്‍ മാത്രമുള്ളതാണ്.
ഇരുപത് മീറ്ററില്‍ കൂടുതല്‍ ഉയരമുണ്ടായിരിക്കും പങ്കകള്‍ പിടിപ്പിച്ച തൂണുകള്‍ക്ക്. പക്ഷേ ഇപ്പോള്‍ നിലവിലുള്ള ഏറ്റവും വലിയ കാറ്റാടിക്ക് 200 മീറ്റിലധികം ഉയരമുണ്ട്. തൂണിനു തന്നെ 160 മീറ്റര്‍ ഉയരം. ബാക്കി പങ്കക്കും. പങ്കയുടെ ഒരു ഇതളിനു തന്നെ 45 മീറ്റര്‍ നീളമുണ്ടത്രേ. ജര്‍മ്മനിയിലെ ലാസ്സോ (Laasow) എന്ന സ്ഥലത്താണ് ഇത് നില്‍ക്കുന്നത്. ലോകത്ത് ഉണ്ടാക്കുന്ന മൊത്തം വൈദ്യുതിയുടെ ഒരു ശതമാനം മാത്രമാണ് ഇപ്പോള്‍ കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിച്ച് എടുക്കുന്നത്. ഡെന്‍മാര്‍ക്കിന്‍റെ 19% വൈദ്യുതിയും പക്ഷേ ഇത്തരത്തില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ആകെ ഉണ്ടാക്കുന്ന വൈദ്യുതിയുടെ കാര്യത്തില്‍ ജര്‍മ്മനിയാണ് മുന്നില്‍. ഇന്ത്യയും മോശമല്ലാട്ടോ, അമേരിക്കയും സ്പെയിനും കഴിഞ്ഞാല്‍ നാലാം സ്ഥാനം നമുക്കു തന്നെ. 8000MW വൈദ്യുതിയോളം നമുക്ക് തരുന്നത് കാറ്റാണ് . അതിന്‍റെ മൂന്നിലൊന്നും തമിഴ്നാട്ടിലാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ 1000MW ലധികം സ്ഥാപിതശേഷിയുള്ള കേരളം വെറും 2MW വൈദ്യുതി മാത്രമാണ് ഇത്തരത്തില്‍ ഉണ്ടാക്കുന്നത്.

കാറ്റിന്‍റെ ഊര്‍ജ്ജം പങ്കകള്‍ ഉപയോഗിച്ച് എടുക്കാന്‍ തുടങ്ങിയത് അടുത്തെങ്ങുമല്ല ഏതാണ്ട് 2200 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഇത്തരം സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. പേര്‍ഷ്യയില്‍ ധാന്യം കുത്തുന്ന മില്ലുകളില്‍ ഇത്തരം കാറ്റാടികള്‍ ഉപയോഗിച്ചിരുന്നു.പക്ഷേ വൈദ്യുതി ഉണ്ടാക്കാനല്ല ഉപയോഗിച്ചത് എന്നു മാത്രം. കൂടുതല്‍ പ്രായോഗികമായ കാറ്റാടികള്‍ നിലവില്‍ വന്നത് ഏഴാം നൂറ്റാണ്ടില്‍ അഫ്ഗാനിസ്ഥാനില്‍ ആണ്. ആധുനിക കാലഘട്ടത്തില്‍ ഏററവും നന്നായി കാറ്റിനോട് കൂട്ട് കൂടിയത് ഡന്‍മാര്‍ക്കാണ്. ഇന്നും അവര്‍തന്നെയാണ് മികച്ചരീതിയില്‍ കാറ്റിനെ പ്രയോജനപ്പെടുത്തുന്നവര്‍.

വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന മറ്റ് മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് നിരവധി ഗുണങ്ങളുണ്ട് കാറ്റാടിയന്ത്രങ്ങള്‍ക്ക്. പരിസ്ഥിതി മലിനീകരണം കുറവാണ് എന്നതാണ് ഏറ്റവും വലിയ ഗുണം. ഇന്ധനങ്ങള്‍ കത്തിക്കേണ്ട എന്നതിനാല്‍ ഒരു തരത്തിലുമുള്ള അന്തരീക്ഷ മലിനീകരണവും ഇതുണ്ടാക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകും എന്ന് പറഞ്ഞ് കാറ്റാടി യന്ത്രങ്ങളെ എതിര്‍ക്കുന്നവരും ഉണ്ട്. എന്നാല്‍ ഭൂമിയുടെ ഏകദേശം 10% സ്ഥലത്തും കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചാലേ അതിന് സാധ്യതയുള്ളൂ എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇങ്ങിനെയൊക്കെ ആണെങ്കിലും കാറ്റാടികള്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പക്ഷികളെയാണ് കാറ്റാടി യന്ത്രങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. വേഗത്തില്‍ കറങ്ങുന്ന പങ്കയില്‍ തട്ടി നിരവധി പക്ഷികള്‍ എല്ലാ വര്‍ഷവും മരണമടയാറുണ്ട്.കാറ്റാടിയന്ത്രങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയില്‍ ഏകദേശം 75000 ത്തോളം പക്ഷികള്‍ ഇങ്ങനെ മരണപ്പെടാറുണ്ട്. എന്നാല്‍ ഏതാണ്ട് അഞ്ചുകോടി പക്ഷികള്‍ അവിടെ എല്ലാ വര്‍ഷവും കാറില്‍ വന്നിടിച്ച് മരണമടയുന്നുണ്ടത്രേ!

ദോഷങ്ങളേക്കാള്‍ ഗുണങ്ങള്‍ തന്നെയാണ് കാറ്റാടിയന്ത്രങ്ങള്‍ക്ക് ഉള്ളത്. പരിസ്ഥിതിക്ക് ഇണങ്ങിയ ഊര്‍ജ്ജ സ്രോതസ്സ് എന്ന നിലയില്‍ ഹരിത ഊര്‍ജ്ജം എന്ന വിഭാഗത്തിലാണ് കാറ്റില്‍ നിന്നും ഉള്ള ഊര്‍ജ്ജത്തിന്‍റെ സ്ഥാനം.നിഷയെപ്പോലെ ഓലപ്പമ്പരമുണ്ടാക്കി കളിച്ചു നോക്കൂ. കറങ്ങുന്ന ആ പമ്പരം ചിലപ്പോള്‍ നാളെയുടെ ഊര്‍ജ്ജമായി മാറിയേക്കാം.

5 comments:

അനില്‍@ബ്ലോഗ് said...

അടുത്തിടെ ഉടുമ്പന്‍ചോലക്കു പോയപ്പോഴാണ് കാറ്റാടി യന്ത്രം അടുത്തു കാണാന്‍ സാധിച്ചത്. അമ്പരന്നു പോയി, എന്തോരു ഭീകര സാധനം ! പക്ഷെ വളരെ പതുക്കെയാണ് കറങ്ങുന്നത്.

lakshmy said...

nice info.

[ഓല കൊണ്ടുണ്ടാക്കുന്ന, ഓടുമ്പോൾ കാറ്റിൽ കറങ്ങുന്ന ആ കളിവസ്തുവിനെ ഞങ്ങൾ ‘കാറ്റാടി’ എന്നാ പറയുന്നെ. പമ്പരം എന്നത് മറ്റൊരു കളിഉപകരണമല്ലേ]

ടോട്ടോചാന്‍ (edukeralam) said...

അനില്‍, കാറ്റാടിയന്ത്രം ഞാനും നേരിട്ട് കണ്ടിട്ടില്ല. പിന്നെ ഇപ്പോല്‍ എല്ലാം ഇന്‍റര്‍നെറ്റുതന്നെ ആശ്രയം.. കറക്കം പതുക്കെ മതി. കറങ്ങുന്ന വേഗത കൂടിയാല്‍ അതിനെ പതുക്കെയാക്കാനുള്ള ബ്റേക്കിംങ്ങ് സംവിധാനങ്ങള്‍ എല്ലാം അതിലുണ്ട്. വേഗത കൂടിയാല്‍ കത്തിപ്പോകാനുള്ള സാധ്യതയുണ്ട്.

ലക്ഷ്മി,
കാറ്റാടി എന്നും പറയാറുണ്ട്.(ലക്ഷ്മിയുടെ സ്ഥലം ഏതാണ്? അവിടെ പണ്ടുമുതലേ അങ്ങിനെയായിരിക്കും പറയുന്നത്) പക്ഷേ ഞാന്‍ എന്‍റെ ചെറുപ്പത്തില്‍ കേട്ടിരിക്കുന്നത് ഓലപ്പമ്പരം എന്നു തന്നെയാണ്. പര്യായപദങ്ങളല്ലേ സാരമില്ലെന്നേ....

നന്ദി....

Science Uncle - സയന്‍സ് അങ്കിള്‍ said...

ഞാൻ പമ്പരമെന്നും കാറ്റാടിയെന്നും കേട്ടിട്ടുണ്ട്. നല്ല വിവരണം. തുടർന്നുമെഴുതൂ..

ടോട്ടോചാന്‍ (edukeralam) said...

സയന്‍സ് അങ്കിള്‍, നന്ദി.. ഇനിയും എഴുതാം..്.