Wednesday, October 29, 2008

സ്വകാര്യബസ്സുകള്‍ ബഹിഷ്കരിക്കുക

കേരളം വീണ്ടുമൊരു ബസ്സ് സമരത്തിലേക്ക്. മുട്ടിന് മുട്ടിന് പ്രഖ്യാപിതമായും മിന്നലായും പണിമുടക്കിക്കൊണ്ടിരിക്കുന്ന പ്രൈവറ്റ് ബസ്സ് മുതലാളികള്‍ വീണ്ടും ഒരു പണിമുടക്കിലേക്ക്. ആവശ്യാനുസരണം ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു നല്‍കിയ ജനങ്ങള്‍ക്കെതിരെ അടുത്ത ഇരുട്ടടി. ഇപ്പോള്‍ അവരുടെ ആവശ്യം ദേശസാല്‍കൃത ബസ്സ് റൂട്ടുകളില്‍ ബസ്സോടിക്കണം എന്നത്. കെ.എസ്.ആര്‍.ടി.സി യെ എങ്ങിനെയും തകര്‍ക്കുക എന്നതാണ് എല്ലാ സ്വകാര്യബസ്സ് മുതലാളികളുടേയും ചിന്ത. അതിനായി കിട്ടുന്ന ഒരവസരവും അവര്‍ നഷ്ടപ്പെടുത്തുകയില്ല. അതാണ് ഈ ബസ്സ് സമരത്തിന്‍റെ ലക്ഷ്യവും. കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ ഒരു തിരിച്ചുവരവിന്‍റെ പാതയിലാണ്. ബസ്സുകളുടെ എണ്ണം കൂടുന്നു, ജീവനക്കാര്‍ യാത്രക്കാരോട് കൂടുതല്‍ അടുക്കുന്നു, കൂടുതല്‍ റൂട്ടുകളില്‍ ബസ്സുകള്‍ ഓടുന്നു. ഇതൊക്കെ സഹിക്കാന്‍ ഏത് കച്ചവടക്കാര്‍ക്ക് കഴിയും. സ്വകാര്യബസ്സുകള്‍ ജനങ്ങള്‍ക്ക് നല്കുന്ന സൌകര്യങ്ങള്‍ ആരും മറക്കുന്നില്ല. പക്ഷേ എത്രയൊക്കെ പറഞ്ഞാലും അവര്‍ കച്ചവടക്കാരാണ്. ജനങ്ങളോടുള്ള അവരുടെ പ്രതിബദ്ധതക്ക് തീര്‍ച്ചയായും അതിരുണ്ട്. അതിന്‍റെ പ്രതിഫലനമാണ് രാത്രി ട്രിപ്പുകളും, ആളുകള്‍ കുറഞ്ഞ ട്രിപ്പുകളും പല പേരുകളില്‍ മുടങ്ങുന്നത്. യാത്രക്കാരോടുള്ള പെരുമാറ്റ രീതികളോ? അതിനെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം.

കെ.എസ്.ആര്‍.ടി.സി യാണ് പല ഗ്രാമപ്രദേശങ്ങളിലേക്കുമുള്ള അവസാനട്രിപ്പുകള്‍ നടത്തുന്നത്. സ്വകാര്യബസ്സുകള്‍ ട്രിപ്പുകള്‍ മുടക്കുന്ന ദിവസമാണ് പലപ്പോഴും ചിലവുകാശെങ്കിലും തിരിച്ചു കിട്ടുന്നത്. ഇത്രയും നഷ്ടം സഹിച്ചും കെ.എസ്.ആര്‍.ടി.സി ട്രിപ്പുകള്‍ നടത്തുന്നത് അത് ജനങ്ങളുടെ വാഹനമായതിനാലാണ്. ജനങ്ങളുടെ നിയന്ത്രണത്തിന്‍ കീഴില്‍ നടക്കുന്ന സ്ഥാപനമായതിനാല്‍ ജനങ്ങളുടെ ക്ഷേമം പരിഗണിച്ചു കൊണ്ടു മാത്രമേ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. ഈ തലം മനസ്സിലാക്കാത്ത ജനങ്ങളും ജീവനക്കാരുമാണ് നമ്മുടെ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
ദേശസാല്‍കൃത റൂട്ടുകളില്‍ യാതൊരു കാരണവശാലും സ്വകാര്യബസ്സുകളെ അനുവദിക്കരുത്. നിലവിലിരിക്കുന്ന ഏറ്റവും മികച്ച പൊതു ഗതാഗത സംവിധാനത്തിന്‍റെ തകര്‍ച്ചയായിരിക്കും സ്വകാര്യബസ്സുകളെ അഴിഞ്ഞാടാന്‍ അനുവദിച്ചാല്‍ നടക്കുക. പൊതു ഗതാഗതസംവിധാനത്തിന്‍റെ തണലിലാണ് ഇവിടത്തെ സ്വകാര്യബസ്സുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു എങ്കില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് തടസ്സങ്ങള്‍ കൂടാതെ നടത്താനുള്ള കടമയും അവര്‍ക്കുണ്ട്. പലപ്പോഴും ബസ്സ് കാത്ത് നിന്ന് മടുക്കുമ്പോഴാണ് മിന്നല്‍ പണിമുടക്കിന്‍റെ കാര്യം ജനങ്ങളറിയുക. അവിടെ അവസാനം ആശ്രയം കെ.എസ്.ആര്‍.ടി.സി യും.
ഇതിനെതിരേ ജനങ്ങള്‍ ഇനിയും പ്രതികരിക്കാതിരിക്കുന്നത് സ്വന്തം യാത്രാസൌകര്യത്തെ ഇല്ലാതാക്കലായിരിക്കും.

ജനങ്ങള്‍ മാത്രമാണ് സമരം ചെയ്യാത്ത ഒരേയൊരു വര്‍ഗ്ഗം. ജനാധിപത്യം ശരിയായ രീതിയില്‍ നടപ്പാകണമെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ക്കെതിരേ ജനങ്ങള്‍ തന്നെ പ്രതികരിച്ചേ തീരൂ. അടിസ്ഥാനമില്ലാത്ത ആവശ്യങ്ങള്‍ക്കായ സമരം നടത്തുന്ന സ്വകാര്യബസ്സുകളെ ബഹിഷ്കരിക്കാനുള്ള തന്‍റേടം ജനങ്ങള്‍ കാണിക്കണം. എല്ലാ റൂട്ടുകളിലും കെ.എസ്.ആര്‍.ടി.സി ട്രിപ്പുനടത്തണം എന്നാവശ്യപ്പെട്ട് നമുക്ക് വേണമെങ്കില്‍ സമരം ചെയ്യാം. കാരണം കെ.എസ്.ആര്‍.ടി.സി നമ്മുടേതാണ്. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസ്സുകളും സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി കാത്തു നിന്ന് കയറുക. സ്വകാര്യബസ്സുകളെ ബഹിഷ്കരിക്കുക. കാരണം പൊതു മേഖലയെ സംരക്ഷിക്കേണ്ടത് ഇനി ജനങ്ങളുടെ ആവശ്യമാണ്. ഒന്നുകില്‍ സ്വകാര്യബസ്സുകള്‍ ബഹിഷ്കരിച്ച് ശക്തമായ മറുപടി അവര്‍ക്ക് നല്‍കുക. അല്ലെങ്കില്‍ വര്‍ഷത്തില്‍ അന്‍പതോ അറുപതോ ദിവസം പണിമുടക്കിയ ബസ്സ് കാത്തുനിന്ന് സമയം കളയുക.

9 comments:

വിദുരര്‍ said...

കെ.എസ്‌.ആര്‍.ടി.സി.യാണോ പ്രൈവറ്റാണോ എന്നതിനേക്കാളേറെ എന്തു കൊണ്ടു കേരളീയനിത്രക്കധികം ബസ്‌ ചാര്‍ജ്ജ്‌ കൊടുക്കേണ്ടിവരുന്നു എന്നുകൂടി ചര്‍ച്ച ചെയ്യാമോ. തമിഴ്‌നാട്‌, കര്‍ണ്ണാടക, കേരളം ബസ്‌ യാത്രകൂലി ഒന്നു താരതമ്യം ചെയ്‌തു നോക്കൂ. ഒരു പക്ഷെ, അതിനും പ്രധാന കാരണം പൊതു ഉടമയിലുള്ള ബസ്‌ സര്‍വ്വീസ്‌ തന്നെയാവാം.

Arun said...

സ്വകാര്യബസുകളില്‍ യാത്റ ചെയ്യാന്‍ താല്‍പ്പര്യമുണ്ടായിട്ടല്ല,പലപ്പോഴും വേറെ മാര്‍ഗ്ഗമില്ലാത്തത്തു കൊണ്ടാണ് (മോശം പെരുമാറ്റം സഹിച്ചും) സാധാരണക്കാര്‍ അതിനു തയ്യാറാവുന്നത്.കാശുള്ളവര്‍ക്ക് സ്വന്തം വാഹനത്തില്‍ സഞ്ചരിക്കാമല്ലോ.കെ.എസ്‌.ആര്‍.ടി.സി.ഓര്‍ഡിനറി ബസുകള്‍ താരതമ്യേന കുറവുമാണ് കണ്ടിട്ടുള്ളത്.

Anoop Thomas said...

എല്ലാ ആവശ്യങ്ങളും ന്യായമാണെന്ന് ഞാന്‍ പറയുന്നില്ല .... എന്നാല്‍ ചില മറു വശങ്ങള്‍ കൂടി ഉണ്ട്...

സ്വകാര്യബസ്സ് മുതലാളികള്‍ (കച്ചവടക്കാര്‍ ) -- ഈ പ്രയോഗം തന്നെ തെറ്റാണു... ഇവരില്‍ മുതലാളിമാര്‍ ഉണ്ടാകാം ..... യഥാര്‍ത്ഥത്തില്‍ അവര്‍ ബസ്സ് ഉടമകള്‍ ആണ്.. അതായത് സ്വന്തം കിടപ്പാടം ബാങ്കില്‍ പണയം വച്ചു ലോണ്‍ എടുത്തു കൊണ്ടു ബസ്സ് മേടിച്ചവര്‍ . തൊഴില്‍ ഉടമകള്‍ കൂടി ആണവര്‍ .നല്ലൊരു വിഭാഗം ഉടമകളും ഈ വിഭാഗത്തില്‍ പെടുന്നു.... അവരെ ആശ്രയിച്ചു ഒരുപാടു ജീവിതങ്ങള്‍ നിലനില്‍ക്കുന്നുണ്ട് ... ബസ്സ് ജീവനക്കാര്‍ ഉണ്ട്.. അവരുടെ കുടുംബങ്ങള്‍ ഉണ്ട് ... വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ അവരുടെ കുടുംബങ്ങള്‍ ... സ്പെയര്‍ പാര്‍ട്സ് കച്ചവടക്കാര്‍ ... അവരുടെ കുടുംബങ്ങള്‍ ... ടയര്‍ തൊഴിലാളികള്‍ ..അവരുടെ കുടുംബങ്ങള്‍ .. ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ .... ടാക്സ് , മറ്റു പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യുന്നവര്‍ , ടിക്കറ്റ് അച്ചടിക്കുന്നവര്‍ അതായത് പ്രസ് തൊഴിലാളികള്‍ , ബസ്സ് ബോഡി നിര്‍മാണ മേഖല, അവിടത്തെ തൊഴിലാളികള്‍ , പെയിന്റിംഗ്, ഗ്രീസ് അടിക്കുന്നവര്‍ , വാഹനം സര്‍വീസ് ചെയ്യുന്നവര്‍ , ഈ നിര ഒരിടത്തും അവസാനിക്കുന്നില്ല , അതായത് ഇവരുടെ എണ്ണം എന്ന് പറയുന്നതു കേരളത്തിലെ ജനസംഖ്യയുടെ നല്ലൊരു ശതമാനം വരുന്ന തൊഴിലാളി വര്‍ഗ്ഗത്തില്‍ എത്രത്തോളം വരുമെന്ന് പ്രത്യേകം ചിന്തിക്കേണ്ട കാര്യമില്ലല്ലോ . കെ.എസ്.ആര്‍ .ടി. സി യെക്കൊണ്ട് ഇവരുടെ തൊഴില്‍ ഉറപ്പു വരുത്താന്‍ കഴിയുമോ ....
ഒരിക്കലുമില്ല

പിന്നെ കെ.എസ്.ആര്‍ .ടി. സി ജനങ്ങളുടെ നിയന്ത്രണത്തിന്‍ കീഴില്‍ നടക്കുന്ന സ്ഥാപനമായതിനാല്‍ എന്ന് പറയുന്നു . എനിക്ക് തോന്നുന്നില്ല . അവിടെ ഇരിക്കുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ബിസിനസ്സുകാര്‍ എന്ന് തന്നെ ഞാന്‍ വിളിക്കും .... അല്ല എന്ന് ഇവിടെ ആരും പറയില്ല .. മാറി മാറി വരുന്ന സര്‍ക്കാര്‍ പുതിയ ബസ്സുകള്‍ ഇറക്കുന്നു നല്ല കാര്യം ... അതിന്റെ പിറകില്‍ നടക്കുന്ന ബിസിനെസ്സ് ആരെങ്കിലും അറിയുന്നുണ്ടോ..?...


പുതിയതായ് ഇറക്കിയ ബസ്സുകളുടെ ബോഡി അന്യ സംസ്ഥാനത്ത് കൊണ്ടു പോയി നിര്മിച്ചതില്‍ എത്ര രൂപയുടെ അഴിമതി നടന്നു എന്ന് ആരെങ്ങിലും തിരക്കിയോ ... ഇവിടെ വര്‍ക്ക് ഷോപ്പുകള്‍ ഇല്ലാതായിട്ടണോ.. ഇവിടത്തെ എത്ര തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടു.. അതാരും കണ്ടില്ലല്ലോ ?

കെ.എസ്.ആര്‍ .ടി. സി ജനങ്ങളുടെ ക്ഷേമം പരിഗണിച്ചു കൊണ്ടു മാത്രമേ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ എന്നും പറയുന്നു. അങ്ങനെ ഒരു ചരിത്രം ഉണ്ടായിട്ടുണ്ടോ ?. അങ്ങനെ അവര്‍ പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ കെ.എസ്.ആര്‍ .ടി എന്നേ ലാഭത്തില്‍ ആയേനെ ...

കേരളത്തിലെ മൊത്തം ജനതയുടെ യാത്ര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവിടത്തെ വെറും അയ്യായിരത്തില്‍ താഴെ മാത്രം എണ്ണം വരുന്ന കെ.എസ്.ആര്‍ .ടി. സി യെ കൊണ്ടു പറ്റുമോ?

പിന്നെ ഇപ്പോളത്തെ സമരം ദേശ സാല്‍ക്രിത റൂട്ടുകളില്‍ പുതിയതായ് ഓടാന്‍ വേണ്ടിയല്ല എന്നെനിക്കു തോന്നുന്നു.. പല സാധാരണ റൂട്ട് കളെയും ദേശ സാല്‍ക്കരിക്കുന്നതിനെയും അതിലൂടെ ഓടുന്ന സ്വകാര്യ ബസുകളെ നിരോധിക്കുവനുമുള്ള തീരുമാനങ്ങളെയും ആണ് എന്നെനിക്കുന്നു .................. അതിലും മേലാളന്മാര്‍ക്ക് ഒരുപാടു ബിസിനെസ്സ് സാധ്യതകള്‍ ഞാന്‍ കാണുന്നു..

ഞാന്‍ said...

ടോട്ടോച്ചാന്‍ പറഞ്ഞതിന്റെ താഴെ ഒരൊപ്പ് കൂടി. ഇവരെ ബസ്സ് മുതലാളിമാര്‍ എന്ന് പറയുന്നതിനേക്കാള്‍, ബൂര്‍ഷ്വാകള്‍ എന്ന് പറയുന്നതായിരിക്കും ശരി. ഗതാഗതം, ആരോഗ്യം, ഊര്‍ജ്ജം‌, വിദ്യാഭ്യാസം മുതലായ മേഖലകള്‍ ഒരിക്കലും സ്വകാര്യവല്‍ക്കരിക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഇവിടെ ചെന്നൈയില്‍ നാലര രൂപ കൊടുത്താല്‍ ലോകം ചുറ്റാം, കേരളത്തിലോ? കേരളത്തിലെ ബസ്സ് റൂട്ടുകള്‍ പടിപടിയായി ദേശസാല്‍ക്കരിക്കണം, സര്‍ക്കാരിന് ഈ റൂട്ടുകളില്‍ വരുമാനം കിട്ടുന്നതനുസരിച്ച് ദേശസാല്‍ക്കരണത്തിന്റെ വേഗതയും കൂട്ടണം. മാത്രവുമല്ല, സര്‍ക്കാര്‍ വണ്ടികളില്‍ സ്വകാര്യ ബസ്സുകളേക്കാള്‍ കുറഞ്ഞ നിരക്കുകള്‍ ആയിരിക്കണം ഈടാക്കേണ്ടത്.

സ്വകാര്യ ബസ്സുകള്‍ ബഹിഷ്കരിക്കുക... കേരള ജനതയെ രക്ഷിക്കുക...

മന്ത്രീ said...

സര്‍ക്കാര്‍ വണ്ടികള്‍ : സ്വകാര്യ വണ്ടികള്‍ = 6:10 എന്ന അനുപാതത്തില്‍ എല്ലാ റൂട്ടിലും ഓടിക്കണം. സര്‍ക്കാരിനു ഡ്രൈവര്‍മാരായി നാട്ടുകാര്‍ വോളന്‍ററി സേവനം ചെയ്തു കൊടുക്കണം.

വണ്ടിക്കൂലി സ്വകാര്യ ബസുകാരുടെ ഇഷ്ടത്തിനു കൂട്ടിക്കോ എന്ന് പെട്റോള്‍ പമ്പുകാര്‍ക്കു കൊടുത്തതു പോലെ അനുവാദം കൊടുക്കുക. ദിന വരുമാനത്തിന്‍റെ 20 ശതമാനം ടാക്സ് നിര്‍ബന്ധമായി ദിനേന അടപ്പിക്കുക.

പക്ഷേ, ഓരോ റൂട്ടിലും ഏറ്റവും കുറഞ്ഞ സ്വകാര്യ നിരക്കിലും 25 ശതമ്മാനം കുറഞ്ഞ കൂലിയേ സര്‍ക്കാര്‍ വണ്ടി മേടിക്കാവൂ.

ഇതൊക്കെ ഒരു ഏകീകൃത കമ്പ്യൂട്ടര്‍ വഴി നടത്താം.

അപ്പോള്‍ കാണാം കളി

അനില്‍@ബ്ലോഗ് said...

ടോട്ടോചാന്‍,
ഉയര്‍ത്താനും കേള്‍ക്കാനും സുഖമുള്ള മുദ്രാവാക്യം തന്നെ.
പ്രായോഗികതയാണ് പ്രശ്നം.
ഏതു മേഖലയെടുത്താലും അതിന്റെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റാനായി സര്‍ക്കാര്‍ സംവിധാനത്തിനു കഴിയുകയില്ല. സ്വകാര്യമേഖലയില്ലാത്ത ആരോഗ്യ രംഗം സങ്കല്‍പ്പിച്ചു നോക്കൂ.
എന്നുവച്ചു സ്വകാര്യ സംരഭങ്ങള്‍ക്ക് കൊള്ള നടത്താനുള്ള അനുവാദം കൊടുക്കണം എന്നല്ല, മറിച്ചു ഒരു സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തുന്ന തരത്തിലുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം എന്നു മാത്രം.

തെക്കന്‍ കേരളത്തില്‍, നാഷണല്‍ ഹൈവേയില്‍ എല്ലാ റൂട്ടുകളും സര്‍ക്കാര്‍ ബസ്സുകളാണ്. എതൊരു ബുദ്ധിമുട്ടാണവിടെ, പാരല്ലല്‍ സര്‍വ്വീസുകാര്‍ ഇഷ്ടം പോലെ സമ്പാതിക്കുന്നുണ്ടവിടെ. എന്നാല്‍ വടക്കന്‍ കേരളത്തിലാവട്ടെ സ്വകാര്യബസുകള്‍ ധാരാളമുള്ളതിനാല്‍ യാത്ര ഒരു പ്രശ്നമല്ല.

താങ്കളുടെ ആഹ്വാനം നടപ്പാക്കാന്‍ ബുദ്ധിമുട്ടാണ്, പ്രായോഗികമായി.

വികടശിരോമണി said...

പകൽക്കൊള്ളയാണ് കേരളത്തിലെ സ്വകാര്യബസ്സുടമകൾ നടത്തുന്നത്.തൊഴിലാളികൾക്ക് അർഹമായ വേതനം ലഭിക്കുന്നതിനൊന്നും ആരും എതിരല്ല.പക്ഷേ ഇവിടെ നടക്കുന്നത് എന്താണ്?അഹങ്കാരം മൂത്ത സ്വകാര്യബസ്സുടമകൾ അവർക്കിഷ്ടമുള്ളപ്പോഴൊക്കെ സമരം നടത്തുന്നു.വടക്കൻ കേരളത്തിൽ ആവശ്യത്തിന് കെ.എസ്.ആർ.ടി.സി.സർവ്വീസ് ഇല്ല.ഇനി അഥവാ ഉണ്ടെങ്കിലും അതിൽ കയറുന്ന സ്വഭാവം നാട്ടുകാർക്കുമില്ല.കുഷ്യൻ‌സീറ്റിൽ ‘നഞ്ചിനുള്ളിൽ നീയാണ്’ എന്നുകേട്ട് യാത്രചെയ്താലേ വടക്കൻ മലയാളിക്ക് സുഖമുള്ളൂ.
കുട്ടികൾ സ്വകാര്യബസ്സിൽ കയറിയാൽ ചാതുർവണ്യം നമുക്ക് നേരിട്ടുകാണാം.നികൃഷ്ടജീവികളോടെന്ന പോലെയാണ് സ്വകാര്യബസ്സ്ജീവനക്കാർ സി.ടി.കൊടുക്കുന്ന കുട്ടികളോട് പെരുമാറുന്നത്.

ടോട്ടോചാന്‍ (edukeralam) said...

അഭിപ്രായങ്ങള്‍ അറിയിച്ച വിദുരര്‍ക്കും അരുണിനും അനൂപ് തോമസിനും ഞാനും മന്ത്രിക്കും അനിലിനും വികടശിരോമണിക്കും നന്ദി.

ഇവിടെ രണ്ടു തരത്തിലുള്ള അഭിപ്രായമാണ് വന്നത്.
വിദുരര്‍ മറ്റൊരു വീക്ഷണവും പ്രകടിപ്പിച്ചു. അരുണ്‍ പറഞ്ഞത് ശ്രദ്ധിക്കുക. പലപ്പോഴും മറ്റു മാര്‍ഗ്ഗമില്ലാതാവുമ്പോഴാണ് സ്വകാര്യബസ്സുകളെ ആശ്രയിക്കുക. തെക്കന്‍ കേരളത്തിലേക്ക് ആ പ്രയോഗം ശരിയാണു താനും. വടക്കന്‍ കേരളത്തിന്‍റെ കാര്യത്തില്‍ അത്രയങ്ങ് പോര. അവിടെ വികടശിരോമണി പറഞ്ഞതാണ് നടപ്പിലാവുന്നത്. സര്‍ക്കാര്‍ സംവിധാനത്തേക്കാളേറെ അവര്‍ അംഗീകരിക്കുന്നത് സ്വകാര്യസംവിധാനത്തെയാണ്. സര്‍ക്കാര്‍ സംവിധാനത്തിന് വിലകല്പിക്കുന്ന നിരവധി പേര്‍ അവിടെയും ഉണ്ട്. എങ്കിലും എന്‍റെ അനുഭവത്തില്‍ നേരേ തിരിച്ചാണ് കൂടുതലും.

അനൂപിന്‍റെ വികാരം മനസ്സിലാക്കുന്നു. പക്ഷേ സ്വകാര്യബസ്സ് മൂലം നിരവധി ആളുകള്‍ക്ക് ജോലി ലഭിക്കുന്നു എന്നത് ശരി തന്നെ. എന്നാല്‍ അത്രയും തന്നെ ജോലി സാധ്യത കെ.എസ്.ആര്‍.ടി.സി നേരിട്ട് നല്‍കുന്നുണ്ട്.
നാം നേരിട്ട് കാണുമ്പോള്‍ രണ്ടു പേര്‍ മാത്രമാണ് ജോലിക്കാര്‍. എന്നാല്‍ ഓഫീസ് ജീവനക്കാര്‍, വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ എന്നിവര്‍ ഇവിടെയും ഉണ്ട്. അവരുടെ കണക്കുവച്ചു തന്നെ 12 പേരോളം ഒരു ബസ്സ് കൊണ്ട് ജീവിക്കുന്നുണ്ട്. പിന്നെ അയ്യായിരത്തോളം ബസ്സൊന്നും അല്ല കെ.എസ്.ആര്‍.ടി.സി ക്ക് ഉള്ളത്.

മറ്റൊരു കാര്യം ഒരു സ്വകാര്യബസ്സിനും കെ.എസ്.ആര്‍.ടി.സി നല്‍കുന്ന യാത്രാസുരക്ഷിതത്വവും സുഖകരമായ യാത്രയും നല്‍കാന്‍ കഴിയില്ല. കെ.എസ്.ആര്‍.ടി.സി കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി ഒരു പുതിയ ജനകീയ പാതയിലാണ്. അത് ജീവനക്കാരുടെ പെരുമാറ്റം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കെ.എസ്.ആര്‍.ടി.സി പൊതു സ്വത്ത് ആണെന്നു മനസ്സിലാക്കുക. എന്നാല്‍ സ്വകാര്യസ്വത്താണ് സ്വകാര്യബസ്സുകള്‍. ലാഭം എന്നതില്‍ കവിഞ്ഞ ഒരു ചിന്തയും ഭൂരിഭാഗം പേര്‍ക്കും അവിടെ ഉണ്ടാവാന്‍ വഴിയില്ല.
ജോലിക്ക് സ്ഥിരതയില്ല എന്നത് ജീവനക്കാര്‍ക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കുറച്ചല്ല.

ഗതാഗതം, ആരോഗ്യം, ഊര്‍ജ്ജം‌, വിദ്യാഭ്യാസം മുതലായ മേഖലകള്‍ ഒരിക്കലും സ്വകാര്യവല്‍ക്കരിക്കരുത് ഞാന്‍, താങ്കളുടെ അഭിപ്രായം തന്നെയാണ് എന്‍റേതും...

മന്ത്രീ താങ്കള്‍ പറഞ്ഞകാര്യം സര്‍ക്കാര്‍ വാഹനങ്ങള്‍ സ്വകാര്യബസ്സുകളേക്കാള്‍ നിരക്ക് കുറച്ചു വാങ്ങുക എന്നത് തീര്‍ച്ചയായും ശരിയായ കാര്യം. പക്ഷേ അത് നടപ്പിലാക്കണം എന്നു പറഞ്ഞ് സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്താന്‍ നമുക്ക് കഴിയണം.

അനില്‍ പ്രായോഗികമായ നിര്‍ദ്ദേശം തന്നെയാണത്. ഒരു പരിധി വരെ.
സ്വകാര്യബസ്സുകള്‍ക്ക് അനാവശ്യമായി പണിമുടക്കാമെങ്കില്‍ ജനങ്ങള്‍ക്കും ഇടക്ക് ബസ്സില്‍ കയറാതെ പണിമുടക്കാം. എനിക്ക് ചെയ്യാന്‍ കഴിയുന്നുണ്ട്. ഞാനിപ്പോള്‍ നിവൃത്തിയുണ്ടെങ്കില്‍ സ്വകാര്യബസ്സുകളില്‍ കയറാറില്ല. കെ.എസ്.ആര്‍.ടി.സി ഉള്ള സ്ഥലങ്ങളില്‍ സ്വകാര്യബസ്സുകള്‍ ബഹിഷ്കരിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.

ഏതു മേഖലയെടുത്താലും അതിന്റെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റാനായി സര്‍ക്കാര്‍ സംവിധാനത്തിനു കഴിയുകയില്ല. സ്വകാര്യമേഖലയില്ലാത്ത ആരോഗ്യ രംഗം സങ്കല്‍പ്പിച്ചു നോക്കൂ.

ഈ അഭിപ്രായത്തോട് യോജിക്കാന്‍ വയ്യ. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ സ്വകാര്യസംരംഭകരെ അനുവദിക്കരുത്. സ്വകാര്യമേഖലയില്ലാത്ത ആരോഗ്യരംഗം സങ്കല്‍പ്പിക്കാന്‍ പ്രശ്നമൊന്നുമില്ല. സ്വകാര്യമേഖല തള്ളിക്കയറുന്നതു കൊണ്ടാണ് സര്‍ക്കാര്‍ ചികിത്സാസംവിധാനങ്ങള്‍ വളരാത്തത്. അത് കൂടി ഓര്‍ക്കുക. പിന്നെ മറ്റ് മേഖലകളില്‍ സ്വകാര്യപങ്കാളിത്തം ആകുന്നതില്‍ തടസ്സമില്ല. പക്ഷേ ഏത് മേഖല ആണെങ്കിലും പൊതുജനനിയന്ത്രണം കൂടിയേ തീരൂ..

Sujith Bhakthan T R said...

Very good blog. pls hav a look here on ksrtc's un official blog

www.ksrtcblog.com