Monday, November 3, 2008

20:20 സിനിമ അദൃശ്യരാവുന്നതാര്?

സിനിമ പ്രതിസന്ധിയിലാണെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പരസ്പരം പോരടിക്കുന്ന സിനിമാക്കാരേയും നാം കണ്ടു. ആദ്യം ടിവി വന്നപ്പോള്‍ സീരിയലാണ് സിനിമയുടെ ശത്രു എന്നായിരുന്നു പ്രചരണം. പിന്നെ വ്യാജസിഡികളായി മാറി. ഇപ്പോള്‍ സിനിമ എവിടെ റിലീസ് ചെയ്യണം എന്നതാണ് ചര്‍ച്ചാവിഷയം. ഇതിനിടക്ക് എത്രയോ സിനിമകള്‍ വന്നു പോയി. ചിലതെല്ലാം എട്ടു നിലയിലും പത്തു നിലയിലുമെല്ലാം പൊട്ടിയപ്പോള്‍ ചിലത് റെക്കോഡുകള്‍ തകര്‍ക്കുന്ന പ്രകടനങ്ങളുമായി. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. നല്ല സിനിമകള്‍ ഒന്നും പരാജയമടഞ്ഞിട്ടില്ല.

ഇപ്പോള്‍ സിനിമയെ രക്ഷിക്കാനെന്നോണം അമ്മയുടെ പേരില്‍ പുതിയ സിനിമ, 20:20 എത്രയോ പ്രചരണമാണതിന് നടത്തിയത്. ഇപ്പോള്‍ ഇതാ റിലീസിങ്ങ് വക്കിലും. ഇപ്പോള്‍ ഈ സിനിമയും വിവാദങ്ങളുടെ വക്കിലാണ്. സിനിമാ പോസ്റ്ററിനെ സംബന്ധിച്ചാണ് പുതിയ തര്‍ക്കം. മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍സ് കാര്‍ തമ്മില്‍ തെരുവിലടി കൂടുമോ എന്നതാണ് ചര്‍ച്ചാ വിഷയം. അവര്‍ തല്ലു കൂടട്ടെ നമുക്ക് ചുളുവില്‍ മറ്റൊരു സിനിമയും കൂടി കാണാം. നമുക്ക് മറ്റൊരു കാര്യം ചര്‍ച്ച ചെയ്യാം. താരസംഘടനയായ അമ്മയുടേതാണ് ഈ സിനിമ. കേരളത്തിലെ എല്ലാ സിനിമാതാരങ്ങളും ഒത്തുകൂടുമ്പോള്‍ നാം ഒട്ടേറെ പ്രതീക്ഷിക്കുന്നു. അതിലുപരിയായി സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സിനിമയയാകാന്‍ ജനങ്ങള്‍ ആഗ്രഹിച്ചാല്‍ അതില്‍ തെറ്റില്ല.


(ചിത്രത്തിന് കടപ്പാട് : http://www.forumkerala.com/malayalam-cinema/31093-20-20-curtain-raiser.html)


നമുക്ക് പോസ്റ്ററിലേക്ക് വരാം. അതില്‍ പലരും ഞെളിഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍ അദൃശ്യത അനുഭവപ്പെടുന്ന ഒരു കൂട്ടരുണ്ട്. സ്ത്രീകള്‍! ഒരു നടിയെപ്പോലും അതില്‍ കാണാനില്ല. നായികാ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ അപൂര്‍വ്വമാണ്. എന്നും പുരുഷന് അടിമയായി നില്‍ക്കുന്ന സ്ത്രീകളെ മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാനേ സിനിമക്ക് കഴിഞ്ഞിട്ടുളളൂ. എന്നാല്‍ സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ മലയാളികള്‍ക്ക് നൂറു നാവുമാണ്. താരസംഘടനയുടെ പേരില്‍ പോലും അതുണ്ട്, 'അമ്മ'. എന്തു പറ്റി നമ്മുടെ സിനിമക്ക് പോസ്റ്ററില്‍ പോലും ഒരു നടിയെക്കാണാന്‍ കഴിയാത്തവിധം അവര്‍ അദൃശ്യരായോ? മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോസ്റ്ററില്‍ എവിടെ നിര്‍ത്തണം എന്ന പേരില്‍ തമ്മിലടിക്കുന്ന ഫാന്‍സുകാരും അതിന് മറുപടി പറയുന്ന സിനിമക്കാരും എന്തു കൊണ്ട് ഈ അദൃശ്യതയെ കാണുന്നില്ല. മലയാളത്തില്‍ നല്ല നടിമാര്‍ ഇല്ലാതായോ? കഴിവുള്ളവര്‍ മലയാളസിനിമയില്‍ ഇല്ലേ?. ഈ അദൃശ്യത ഒരു വിവേചനമായിപ്പോലും തോന്നാത്ത അമ്മക്ക് ദേശീയ അവാര്‍ഡ് നേടിയ മീര ജാസ്മിന്‍ എന്ന ഒരു നടി ഈ സിനിമയിലഭിനയിക്കാന്‍ വിസമ്മതിച്ചു എന്ന പേരില്‍ കോലാഹലങ്ങളുണ്ടാക്കാന്‍ എന്തവകാശം?

കേരളത്തിലെ എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരും ഒന്നിച്ചാലും നടിമാര്‍ രണ്ടാം തരക്കാരാണ് എന്ന ചിന്താഗതിയില്‍ മാറ്റമുണ്ടാകില്ല എന്നത് വീണ്ടും തെളിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. സിനിമാ പ്രവര്‍ത്തകയായ നന്ദിതാ ദാസ് കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞ വാചകങ്ങള്‍ ഇതെല്ലാം കണ്ടിട്ടാകാം. "പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ അദൃശ്യത അത്ഭുതപ്പെടുത്തുന്നു" എന്ന വാചകത്തോട് പ്രതികരിച്ചു കൊണ്ട് നാം ഇനിയും സിനിമകള്‍ കാണും ആസ്വദിക്കും ഈ അദൃശ്യത നമ്മെ ഒന്നലട്ടുകപോലുമില്ല. കാരണം മാറിച്ചിന്തിക്കാന്‍ മലയാളികള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

19 comments:

ടോട്ടോചാന്‍ (edukeralam) said...

ഈ അദൃശ്യത ഒരു വിവേചനമായിപ്പോലും തോന്നാത്ത അമ്മക്ക് ദേശീയ അവാര്‍ഡ് നേടിയ മീര ജാസ്മിന്‍ എന്ന ഒരു നടി ഈ സിനിമയിലഭിനയിക്കാന്‍ വിസമ്മതിച്ചു എന്ന പേരില്‍ കോലാഹലങ്ങളുണ്ടാക്കാന്‍ എന്തവകാശം?

Anonymous said...

Cinema is being Outdated!
Or in a strict sense theoretically it has already been outdated!
every where in the media we see the "cinema industry" people thinking and fighting each other, crying out for the less profit they are recieveing.
Digital technology penetration has reached the threshold in kerala, and now all middle class house have atleast a cdplayer. THEY DONT WANT TO WASTE THEIR TIME GOING OUT! the capability of the system of cinema is superseded by Digital technologies.
It would be an ideal world, if the producers/actors("industry" people) stop crying to the government to stop the good of technology reaching the people for their own profit.!
The world will realize it today or tomorrow.. Cinema is gone!! or in an accurate manner, we will see the evolved version of cinema in the near future, Community created videos!

cinema is having these kinds of serious issue where i think gender inequality is inappropriate to talk about..I mean here we have these kinds of "HOT" topics to be discussed:)
Thanks
Shyam K

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അടികൂടാന്‍ ഒരവസരം നോക്കി നടക്കല്ലേ

അനില്‍@ബ്ലോഗ് said...

ഈ മൂന്നാം കിട സിനിമക്ക് വിമര്‍ശനം നടത്തുന്നോ , ടോട്ടോചന്‍?

മലയാളി പ്രേക്ഷകര്‍ അമേദ്യം കഴിച്ചു ജീവിക്കുന്നവരാണ് എന്ന ധാരണയില്‍ തട്ടിക്കൂട്ടുന്ന ഇമ്മാതിരി പടങ്ങളെ ആരു പരിഗണിക്കുന്നു.

ഒരു നടിയുടെ പെര്‍ഫോമന്‍സ് പറഞ്ഞുകേട്ടിരുന്നു, പക്ഷെ ചിത്രം പുറത്തുകാട്ടാന്‍ പറ്റാത്തതാവും പ്രശ്നം

ഭൂമിപുത്രി said...

ഇവിടെയൊന്നു നോക്കിക്കോളു
കുറച്ചുകാലം മുൻപ് വന്നതാൺ.ഇപ്പോളും പ്രസക്തം!

കിഷോര്‍:Kishor said...

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി എന്നിവരുടെ ആയകാലത്ത് അവരുടെ നായികമാരായിരുന്ന ഉര്‍വശി, ശോഭന, രേവതി എന്നിവരെ എന്തു കൊണ്ട് 20:20യില്‍ സഹകരിപ്പിച്ചില്ല?

ബിനോയ് said...

മലയാളസിനിമയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആകട്ടെ ഈ സിനിമ. എന്നിട്ടു നമുക്ക് ഒന്നു മുതല്‍ തുടങ്ങാം. നല്ല കഥകളും ജീവിതമെന്തെന്നറിഞ്ഞ തിരക്കഥാകൃത്തുക്കളും വരട്ടെ.

Arun said...

ഈ സിനിമയുടെ പോസ്റ്ററു തന്നെ ഫാന്‍സ് അസോസിയേഷനുകള്‍ എന്നു പറയപ്പെടുന്നവറ്‍ക്കുവറ്‍ക്കു വേണ്ടിയുള്ള കോമ്പ്റമൈസ് ആണ്.
സിനിമയിലും അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.

ടോട്ടോചാന്‍ (edukeralam) said...

ശ്യാം, താങ്കള്‍ പറഞ്ഞത് ശരി തന്നെ, വളരുന്ന സാങ്കേതികവിദ്യക്കനുസരിച്ച് ചുവടുവയ്ക്കാന്‍ കഴിവുള്ളവര്‍ക്കേ ഇവിടെ നിലനില്‍ക്കാനാവൂ. പക്ഷേ സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ തെറ്റായി നോക്കിക്കാണുന്നവരാണ് ഭൂരിഭാഗം സിനിമാക്കാരും..അത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ. പക്ഷേ ലിംഗസമത്വം എന്ന് മുട്ടിന് മുട്ടിന് പ്രസംഗിക്കുന്നവരും സ്ത്രീയെ രണ്ടാം തരക്കാരായിക്കാണുന്നതാണ് വിരോധാഭാസം. അതാണ് യഥാര്‍ത്ഥ അശ്ളീലവും.

പ്രിയ,
പ്രതികരണങ്ങളില്‍ നിന്ന് അടിയുണ്ടാകുന്നത് നല്ലതല്ലേ.. ശരിയായ തീരുമാനമെടുക്കാന്‍ ഇത്തരം അടികൂടലുകള്‍ സഹായിക്കും. പ്രിയക്കും അടി കൂടാന്‍ കൂടാം..

അനില്‍ സിനിമയെ അല്ല വിമര്‍ശിച്ചത്, മലയാളസിനിമയിലെ അതികായര്‍ എന്ന് വിശേഷിപ്പിക്കുന്ന എല്ലാ അഭിനേതാക്കളും ഒത്തു കൂടുന്ന സിനിമ. അതു പോലും ഇത്രക്ക് മോശമാകുമ്പോള്‍ സിനിമാരംഗം രക്ഷപ്പെടുന്നില്ല എന്ന് പറയുന്നവരുടെ കഥയില്ലായ്മയെക്കുറിച്ച് ഓര്‍ത്തു പോയി. ലിംഗവിവേചനം മലയാളിയുടെ അഭിമാനമായി മാറുന്നത് നാം എന്തിന് നോക്കിനില്‍ക്കണം. പ്രതികരിക്കാന്‍ കഴിയുമെങ്കില്‍ എന്തിന് വേണ്ടെന്നു വയ്ക്കണം... അത്രമാത്രം

ഭൂമിപുത്രി, തീര്‍ത്തും പ്രസക്തമായ വിഷയം തന്നെയാണ് അവിടെ അവതരിപ്പിച്ചിരിക്കുന്നത്. അത് ഇപ്പോളും പ്രസക്തിനഷ്ടപ്പെടാതെ നില്‍ക്കുന്നു എന്നാല്‍ ഇപ്പോഴും നമ്മള്‍ കിണറ്റിലെ തവളകള്‍ തന്നെയാണ് എന്നാണ്.

കിഷോര്‍, താങ്കള്‍ പറഞ്ഞതും ശരി തന്നെ. ഇവിടെയും പ്രശ്നം നടികളെ രണ്ടാം തരക്കാരായിക്കാണുന്ന മനോഭാവമാണ്..
ശോഭന,ഉര്‍വ്വശി,രേവതി തുടങ്ങിയ കഴിവുള്ള അഭിനേതാക്കള്‍ എന്തിന് ഈ ചിത്രത്തിലഭിനയിച്ച് തങ്ങളുടെ നിലവാരം ഇല്ലാതാക്കണം.

ബിനോയ് , പ്രതീക്ഷ കൊള്ളാം, പക്ഷേ ...
മലയാളസിനിമയല്ലേ, സൂപ്പര്‍ സ്റ്റാറുകള്‍ എന്ന പേരില്‍ വിളിക്കപ്പെടുന്നവരുടെ സ്ഥിരം അലവലാതി നമ്പറുകള്‍ കണ്ട് കയ്യടിക്കാന്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉള്ളിടത്തോളം കാലം ഇതിന് അന്ത്യമുണ്ടാവുകയില്ല.
ഇടക്കിടക്ക് ഒരു ശ്രീനിവാസനും, മീരയും മറ്റും വന്നു പോകുന്നതു കൊണ്ട് പ്രേക്ഷകര്‍ക്ക് വെള്ളം കുടിക്കാന്‍ കഴിയുന്നു എന്നു മാത്രം.

സിനിമയുടെ പോസ്റ്റര്‍ അതിനുവേണ്ടിത്തന്നെ ആണ്. ഫാന്‍സ് അസോസിയേഷനുകള്‍ പൂട്ടിപ്പോയാല്‍ മാത്രമേ സിനിമ ഇനി രക്ഷപ്പെടൂ...

നന്ദകുമാര്‍ said...

ഹഹ അമ്മയുടെ ഉദാത്ത സിനിമ...ഫൂഊഉഊഊ.

പോസ്റ്ററിന്റെ വലത്തേയറ്റത്തു ഒരു ചെക്കന്‍ നടന്നു വരുന്ന പടം വെച്ചിട്ടുണ്ട് അതെന്തിനാണാവോ? എന്താണതിനര്‍ത്ഥം?? മലയാളത്തില്‍ അഞ്ച് സൂപ്പര്‍ സ്റ്റാറുകളുണ്ടെന്നോ? അതോ പ്രൊഡൂസര്‍ ആയതുകൊണ്ടോ?

ഈ സിനിമ മലയാള സിനിമയുടെ ശവപ്പെട്ടിയിലെ ആദ്യത്തേതും അവസാനത്തേതുമായ ആണിയായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആശിച്ചുപോകുന്നു

Anonymous said...

ഇതിന്റെ സ്റ്റില്‍ ഫോട്ടോകള്‍ കാണാന്‍ നെറ്റില്‍ തപ്പി നോക്കിയപ്പോള്‍ ഈ ലിങ്ക് കിട്ടി.ഇവിടെ ഞെക്കുക

പുരുഷന്റെ വാലാട്ടി ആയിട്ടല്ലാതെ, ഞങ്ങള്‍ ഈ സിനിമയിലെ കഥാപാത്രമാണ് എന്ന് വിളിച്ചു പറയുന്ന ഒരു ഫോട്ടോ പോലും കാണാനില്ല. നടിമാരെ കുറിച്ചു അവരുടെ കാഴ്ചപ്പാട് എന്താണെന്ന് വിളിച്ചു പറയുന്നുണ്ട് ഓരോ ഫോട്ടോയും. എന്തു കൊണ്ടാണ് നടിമാര്‍ വിവാഹം കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തുന്നത് എന്നതിന് വ്യക്തമായ ഉത്തരം തരുന്ന പോസ്റ്ററുകള്‍!!
ഈ സിനിമയില്‍ അഭിനയിക്കാതെ മാറി നിന്ന മീര ജാസ്മിന് എന്റെ ഒരു സല്യൂട്ട്. കാരണം എന്തായാലും, വെല്‍ഡണ്‍് മീര..
മീരയെ ഇനി ബഹിഷ്കരിക്കുമത്രേ.. ബാക്കി പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല :(
-മുനീര്‍

ഭൂമിപുത്രി said...

ഇതിന്റെ പേരിൽ മീരയെ വിക്റ്റിമൈസ് ചെയ്താൽ,ഈ ചർച്ചയിലുരുത്തിരിഞ്ഞ വസ്തുതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഏതെങ്കിലും പത്രത്തിലെഴുതണേ ടോടോച്ചാൻ-നാലുപേർ ഈ വഴിയ്ക്കുമൊന്ന് ആലോചിയ്ക്കട്ടെ.

N.J ജോജൂ said...

20:20 സിനിമ ആദിമുതല്‍ അവസാനം ഒരു കച്ചവടസിനിമയായിരിയ്ക്കും. എന്തുകാരണങ്ങള്‍കൊണ്ടാണെങ്കിലും തലപ്പാവ്, ഗുല്‍മോഹര്‍ എന്നീ സാമൂഹികപ്രതിബന്ധതയുള്ള സിനിമകള്‍ക്ക് തിയേറ്റര്‍ കിട്ടാനുണ്ടായ ബുദ്ധിമുട്ട് രഹസ്യമൊന്നുമല്ലല്ലോ.

അവശകലാകാരന്മാരെ സഹായിക്കാനുള്ള ഫണ്ട് സ്വരൂപിയ്ക്കുവാന്‍ നിര്‍മ്മിച്ച 20:20 യില്‍ നിന്നും വിജയത്തില്‍ കുറഞ്ഞൊന്നും സംഘാടകരു പ്രതീക്ഷിയ്ക്കുന്നെന്നു കരുതാനാവില്ലല്ലോ. ഫാന്‍സുകാരെയും ഫാന്‍സില്ലാത്ത സിനിമാപ്രേമികളെയും യുവാക്കളെയും ഒക്കെ മുന്നില്‍ കണ്ടുകൊണ്ട് സൃഷ്ടിച്ച ഒരു സിനിമയില്‍ നിന്ന് സാമൂഹികപ്രതിബദ്ധതയോ ഉദാത്തമായ ഒരു കലാസൃഷ്ടിയോ പ്രതീക്ഷിയ്ക്കുന്നതു തന്നെ തെറ്റാണ്.

പിന്നെ അദൃശ്യരാവുന്ന സ്ത്രീകള്‍. സൂപ്പര്‍ സ്റ്റാറുകള്‍ എന്നു വിളിയ്ക്കപ്പെടുന്നവരില്‍ - ആ വിളിയുടെ പിന്നില്‍ എന്തുമായിക്കൊള്ളട്ടെ - ഒരു സ്ത്രീ പോലുമില്ലല്ലോ. പിന്നെ ഒരു സ്ത്രീയെ മാത്രമായി കാണിയ്ക്കാനും പറ്റില്ലല്ലോ.

സിനിമയില്‍ അഭിനയിച്ച എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു പരസ്യം കൊടുത്തതുകൊണ്ട് പ്രേഷകശ്രദ്ധ കിട്ടണമെന്നില്ലല്ലോ. കച്ചവടം ലക്ഷ്യമാവുമ്പോള്‍ അതിനു പറ്റിയ പോസ്റ്ററുകളാവും കൊടുക്കുക.

പോങ്ങുമ്മൂടന്‍ said...

നന്ദേട്ടാ സംശയിക്കേണ്ട. വലത്തേ അറ്റത്ത് വരുന്ന നിർമ്മാതാവുകൂറ്റിയായ ആ ‘മഴുവൻ ചെറുക്കൻ‘(?) സ്വയം സൂപ്പർ സ്റ്റാർ ആയി പ്രഖ്യാപിച്ച് കഴിഞ്ഞു. ടിവിയിൽ കാണിക്കുന്ന പരസ്യചിത്രത്തിൽ “ ആദ്യമായി 5 സൂപ്പർ സ്റ്റാറുകൾ ഒരു സ്ക്രീനിൽ ഒന്നിക്കുന്നു “ എന്നാണ് എഴുതി കാണിച്ചിരിക്കുന്നത്. :)
മാത്രവുമല്ല പത്രപ്പരസ്യത്തിൽ സംവിധായകൻ ജോഷിയുടെ പേരിനോളമോ അല്ലെങ്കിൽ കുറച്ചധികമോ വലിപ്പത്തിലാണ് ‘സൂപ്പർ സ്റ്റാർ ഗോപാലകൃഷ്ണന്റെ ‘ പേര് കൊടുത്തിരിക്കുന്നത്... :)

എനിക്കൊന്നേ പറയാനുള്ളു . മലയാള സിനിമയിലെ / തെന്നിന്ത്യൻ സിനിമയിലെ ആകെമാനം പുരുഷപ്രജകളുടേയും ‘ഭാരം താങ്ങുന്ന‘ നടികളിലൊന്നിന്റെ പ്രത്യേകിച്ച് നയൻതാര യുടെ ചിത്രവും കൂടി പോസ്റ്ററിൽ കാണിക്കാമായിരുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അയ്യോഒ ഇവിടെ അടിയുണ്ടാവുന്ന കാര്യമല്ല പറഞ്ഞത്. സിനിമാക്കാര്‍ ( അല്ലാത്തവര്‍ക്കും) അടിയുണ്ടാക്കാന്‍ ഒരവസരം നോക്കി നടക്കുകയാണല്ലോ, അവരിതും പിടിച്ച് കുറച്ചുകാലം അഭിഷേകങ്ങള്‍ നടത്തിക്കോളൂം എന്നാണ്.

ച്ടാ, ഇങ്ങനേം ഒണ്ടോ തെറ്റിദ്ധരിക്കല്‍

ടോട്ടോചാന്‍ (edukeralam) said...

നന്ദകുമാര്‍,
അവസാനത്തേതും ആദ്യത്തേതുമൊക്കെയായി ആണിയടിക്കാന്‍ . നടക്കുമോ?

മുനീര്‍, അതു തന്നെയാണ് ശരി, മീരാ ജാസ്മിന്‍ രക്ഷപ്പെട്ടു എന്നു തന്നെ കരുതാം..
ഭൂമിപുത്രി, മീര എന്ന നടിയെ ഇതിന്‍റെ പേരില്‍ ബലിയാടാക്കാന്‍ ആര്‍ക്കും കഴിയും എന്നു തോന്നുന്നില്ല (മലയാളത്തില്‍). മറ്റു ഭാഷക്കാര്‍ കാത്തുനില്‍ക്കുകയാണ് മീരക്കായി. എങ്കിലും നോക്കാം. പ്രതികരിക്കാന്‍ നമുക്ക് ബ്ളോഗുണ്ടല്ലോ..

ജോജു,
സിനിമ വിജയമാക്കാന്‍ വേണ്ടത് ശരിയായ സംവിധാനവും കഥയും ഒക്കെയാണ്. മണിച്ചിത്രത്താഴ്, ഭരതം, കഥ പറയുമ്പോള്‍ തുടങ്ങിയ സിനിമകള്‍ വിജയിച്ചത് എന്തു കൊണ്ട്?
സിനിമ കണ്ടിരുന്നാല്‍ ആര്‍ക്കും വിസതയുണ്ടാകില്ല എന്നതു തന്നെ.

അത്തരത്തില്‍ ഒരു കഥയും സംവിധാനവും സൃഷ്ടിക്കാന്‍ കേരളത്തിലെ എല്ലാ സിനിമാക്കാരും കൂടി വിചാരിച്ചിട്ടും നടക്കുന്നില്ല എന്നാണെങ്കില്‍ പിന്നെ എന്താണ് പറയേണ്ടത്?
സ്ത്രീകള്‍ അദൃശ്യരാവുന്നതിന്‍റെ കാരണം തന്നെയാണ് നമ്മളും അന്വേഷിക്കുന്നത്. കച്ചവടസിനിമയുടെ പോസ്റ്ററില്‍ സ്ത്രീകള്‍ ഇല്ലാതിരിക്കും എന്ന് കരുതാന്‍ വയ്യ.

പോങ്ങുമൂടന്‍,
നയന്‍ താരയെ ഒരു ഗാനത്തിനുവേണ്ടി മാത്രം വരുത്തുന്നത് പോലും കച്ചവട സാധ്യത മുന്നില്‍ കണ്ട് മാത്രമാണ് എന്നിട്ടും....

പ്രിയ,
ക്ഷമിക്കൂ. എന്തായാലും ഇപ്പോള്‍ തിരിച്ചറിഞ്ഞു.. സിനിമാക്കാര്‍ അവിടെ അടിയുണ്ടാക്കി ഇരിക്കട്ടെ.. അല്ലേ... :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നടിമാരെ പോസ്റ്ററില്‍ വെയ്ക്കാത്തത് നന്നായി. അഭിനേത്രി എന്നുപറയാന്‍ പറ്റുന്ന ഒറ്റെണ്ണം ഇല്ലല്ലോ .

ശോഭന, ആനി, മഞ്ജുവാര്യര്‍, മീര... പിന്നിങ്ങോട്ട് ആരാ ഉള്ളെ?

ഇതില്‍ അഭിനയിക്കാന്‍ വരാത്തതിന് മീരാ ജാസ്മിന് നന്ദി

പോങ്ങുമ്മൂടന്‍ said...

" നടിമാരെ പോസ്റ്ററില്‍ വെയ്ക്കാത്തത് നന്നായി. അഭിനേത്രി എന്നുപറയാന്‍ പറ്റുന്ന ഒറ്റെണ്ണം ഇല്ലല്ലോ . "

ഇങ്ങനെ കുറിച്ചതിൽ പ്രിയയോട് വിയോജിപ്പിണ്ട്. പ്രിയ പറയുന്നത് വായിച്ചാൽ തോന്നുമല്ലോ സിനിമയിൽ നടിമാരെ കൊണ്ടുവരുന്നത് അഭിനയിപ്പിക്കാനാണെന്ന്. :) ആ‍ാൾക്കാരേ തെറ്റിദ്ധരിപ്പിക്കരുത് പ്രിയ പ്രിയേ.. :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പോങ്ങുമ്മൂടാ ... :)