കേരളത്തിലെ മന്ത്രിമാരും ഭരണകക്ഷി എം.എല്‍.എ മാരും കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ ഒരു സമരം നടത്തി. അതു കണ്ട് ഹാലിളകിയ പ്രതിപക്ഷം ഇങ്ങ് കേരളത്തിലും ബദല്‍ സമരം നടത്തി. കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണന ആയിരുന്നു വിഷയം. അരിവിഹിതം വെട്ടിക്കുറച്ചതാണ് ഏറ്റവും വലിയ സമരാവശ്യം. ഇപ്പോഴിതാ ഭരണ പ്രതിപക്ഷഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി കേന്ദ്രത്തിനെതിരേ തിരിഞ്ഞിരിക്കുന്നു. ശരത് പവാര്‍ ആണ് അവരുടെ മുഖ്യ ശത്രു. കേരളത്തിനുള്ള അരിവിഹിതം വെട്ടിക്കുറച്ചതില്‍ ശരത് പവാറിനാകട്ടെ തെല്ലും കുറ്റബോധവുമില്ല. അതും പോരാഞ്ഞിട്ട് ഇപ്പോള്‍ ഇനിയും അരിവിഹിതം കുറയ്ക്കണം എന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം. കേരളത്തിലെ ജനപ്രതിനിധികള്‍ക്ക് ഇതെല്ലാം സഹിക്കുമോ? കേരളത്തില്‍ നിന്നുള്ള രണ്ട് കോണ്‍ഗ്രസ്സ് കേന്ദ്രമന്ത്രിമാര്‍ക്കും ഇതൊന്നും സഹിക്കാന്‍ കഴിയില്ല. അവരും ഇപ്പോള്‍ ശരതിനെതിരേ തിരിഞ്ഞു.
ഒറ്റനോട്ടത്തില്‍ തോന്നാം ശരത്പവാര്‍ ചെയ്തതില്‍ തെറ്റില്ലേ എന്ന്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഇങ്ങിനെയൊരടി പണ്ടേ കിട്ടേണ്ടതായിരുന്നു. അത് ഇപ്പോഴെങ്കിലും വന്നു എന്നതില്‍ സന്തോഷം. കേന്ദ്രം ഇപ്പോള്‍ തരുന്ന അരി പോലും കേരളത്തിന്‍റെ ആവശ്യങ്ങള്‍ക്ക് അധികമായിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. എന്നിട്ടെന്തേ ഇങ്ങിനെ ഒരു ഗതികേടിലേക്ക് നാം വന്നു? ഭൂപരിഷ്കരണം നടത്തിയപ്പോള്‍ കൃഷിഭൂമിയെല്ലാം കര്‍ഷകര്‍ക്ക് കിട്ടി എന്നായിരുന്നു നാം ധരിച്ചത്. കേരളം ഭക്ഷ്യസുരക്ഷിതത്വത്തിലാണ് എന്നൊരു അഹങ്കാരവും നമുക്കുണ്ടായിരുന്നു. പക്ഷേ ഇപ്പോഴോ? നെല്‍ക്കതിര്‍ ഐശ്വര്യത്തിന്‍റെ പ്രതീകമായി കണ്ടിരുന്ന മലയാളി. കൃഷി എന്ന സംസ്കാരത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ജ്യോതിശാസ്ത്രത്തിനു പോലും കഴിഞ്ഞിരുന്നില്ല. മകം പിറന്ന മങ്കയും പൂരം പിറന്ന പുരുഷനുമെല്ലാം കൃഷിയൊടുള്ള ആഭിമുഖ്യമായിരുന്ന കാണിച്ചിരുന്നത്.
ആ കൃഷിയെ നാം മറന്നു കഴിഞ്ഞു. കേരളത്തിന്‍റെ മനോഹാരിതയായിരുന്ന നെല്‍പ്പാടങ്ങള്‍ ഇപ്പോള്‍ അപൂര്‍വ്വക്കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിന്‍റെ അരി മാത്രമായിരുന്നില്ല ഈ പാടങ്ങള്‍. അതോടൊപ്പം ജലസംഭരണികളും ജോലി സുരക്ഷിതത്വവും ഒക്കെയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടാണ് കേരളം ഇത്രയധികം അരിക്ഷാമം നേരിട്ടത്. ഈ കാലയളവില്‍ നികത്തെപ്പെട്ട നെല്‍പ്പാടങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അവയുടെ സ്ഥാനത്ത് വന്ന കോണ്‍ക്രീറ്റ് പാടങ്ങള്‍ നമുക്ക് വെള്ളവും ഭക്ഷണം തരില്ല എന്നാരും ഓര്‍ത്തില്ല. ഓര്‍ത്തവരെയെല്ലാം കരിങ്കാലികളെന്നും വികസനവിരോധികളെന്നും വിളിച്ചു. എന്തിനേറെ കമ്യൂണിസ്റ്റുകാര്‍ എന്നു വരെ അവരെ വിളിച്ചു കളഞ്ഞു. പക്ഷേ ആ വിളി തെറ്റാണെന്ന് പതിയേ ജനങ്ങള്‍ക്ക് ബോധ്യമായി. കക്ഷിരാഷ്ട്രീയ ഭേദമന്യേ പാടങ്ങള്‍ നികത്താന്‍ ഭൂ മാഫിയക്ക് രാഷ്ട്രീയക്കാരും അധികാരവര്‍ഗ്ഗവും കൂട്ടു നിന്നു. ഭൂ പരിഷ്കരണത്തിലൂടെ കൃഷിഭൂമി കര്‍ഷകര്‍ക്ക് നല്‍കിയ കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലും അവരുടെ അനുവാദത്തോടെ രായ്ക്കുരാമാനം ഏക്കറുകള്‍ കണക്കിന് പാടങ്ങള്‍ നികത്തപ്പെട്ടു. പത്തുവര്‍ഷത്തിന് മുന്‍പുള്ള കൃഷി ചെയ്തിരുന്ന പാടശേഖരങ്ങളുടെ അഞ്ചിലൊന്നില്‍ മാത്രമേ ഇന്ന് കൃഷി നടക്കുന്നുള്ളൂ എന്നാണ് അനൌദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൃഷിഭൂമയിലെ കൃഷി കൊണ്ടുള്ള അരിയുടെ അളവിന് അനുസൃതമായി ശരത് ഇപ്പോള്‍ തരുന്ന അരി തന്നെ ധാരാളമാണ്. നികത്തപ്പെട്ട ഇപ്പോള്‍ കോണ്‍ക്രീറ്റ് പാടങ്ങളായിമാറിയ ലക്ഷക്കണക്കിന് ഹെക്ടര്‍ പാടങ്ങളില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇപ്പോഴും കൃഷിചെയ്യുന്നുണ്ടാവും!!
ഇത്രയും ക്രൂരത ഭൂമിയോടും കൃഷിയോടും ചെയ്തശേഷം മറ്റുള്ളവരുടെ അരിയില്‍ കയ്യിട്ടുവാരാനുള്ള കേരളത്തിലെ രാഷ്ട്രീയക്കാരുടെ മോഹത്തെ എന്തു പറഞ്ഞ് വിളിക്കണം. ഒന്നാം ഭൂ പരിഷ്കരണവും വെട്ടിനിരത്തലും കൃഷിക്കു വേണ്ടി രക്തസാക്ഷികളെപ്പോലും സൃഷ്ടിച്ച് ഇനി രണ്ടാം ഭൂപരിഷ്കരണം എന്ന് മുറവിളികൂട്ടുന്ന ഭരണപക്ഷക്കാര്‍ക്ക് കഴിയുമോ ഭൂമാഫിയാക്കാരുടെ കയ്യില്‍ നിന്നും കൃഷിഭൂമി തിരിച്ചെടുക്കാന്‍ ?. അതിനുവേണ്ടി ഭരണപക്ഷക്കാരെ സഹായിക്കാന്‍ അഹിംസ, സ്വയംപര്യാപ്തത, കൃഷി എന്നതെല്ലാം സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന ഗാന്ധിജിയുടെ അനുയായികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രതിപക്ഷക്കാര്‍ തയ്യാറാകുമോ? കൃഷി നേരിട്ട ഈ അപചയത്തിന്‍റെ ഉത്തരവാദിത്വം കേരളത്തിലെ ജനങ്ങള്‍ മൊത്തം ഏറ്റെടുത്തേ തീരൂ. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും കേരളത്തിലുണ്ടായ കാലത്ത് കേരളത്തില്‍ കൃഷിയുണ്ടായിരുന്നു. രാഷ്ട്രീയത്തിന് അപചയം നേരിട്ടതോടെ ഈ സംരക്ഷണം നമുക്ക് നഷ്ടപ്പെട്ടു. മെച്ചപ്പെട്ട രാഷ്ട്രീയം മാത്രമാണ് ഇതിനുള്ള പ്രതിവിധി.
അരിവിഹിതം വെട്ടിക്കുറച്ച ശരതിന്‍റെ നടപടി തികച്ചും ഔചിത്യപൂര്‍ണ്ണമാണെന്നേ പറയാന്‍ കഴിയൂ. അദ്ദേഹം ഒരു പ്രകൃതിസ്നേഹിയാണ്. അതു കൊണ്ടുതന്നെയാണ് പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിച്ചിരുന്ന ഒരു സംസ്ഥാനത്തിന്‍റ പ്രകൃതി വിരുദ്ധമായ നയങ്ങള്‍ക്കെതിരേ കേരളത്തെ ഒരു പാഠം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചതും.
7 comments:
ഹ ഹ ... ഇവിടത്തെ റബ്ഭര്‍ തോട്ടങ്ങളും വെട്ടി നെല്ല് കൃഷിചെയ്യണം എന്നു കൂടി പറയേണ്ടതായിരുന്നു. പക്ഷെ പാടം നികത്തല്‍ നിയമം ഇപ്പോഴും കട്ടപ്പുറത്തു തന്നെ .
താങ്കൾ പറഞ്ഞ പലതിനോടും യോജിക്കുന്നു.
ഞങ്ങളുടെ നാട്ടിൽ പണ്ട് കൃഷിയിറക്കിയിരുന്ന പാടങ്ങൾ ഏറെക്കുറെ നികത്തിക്കഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്നവയിൽ ഭൂരിഭാഗത്തിലും കവുങ്ങ് നട്ട് പിടിപ്പിച്ചിരിക്കുന്നു. ബാക്കി നിലത്ത് കൃഷിചെയ്യാൻ ആളെയും കിട്ടുന്നില്ല.
എന്നുകരുതി നാട്ടുകാരുടെ വിശപ്പിനുണ്ടോ വല്ല കുറവും!!! :) അതുകൊണ്ട് വിശപ്പടക്കാൻ കേന്ദ്രവിഹിതത്തെയും അന്യസംസ്ഥാനങ്ങളെയുമൊക്കെ ഒരുളുപ്പുമില്ലാതെ ആശ്രയിക്കുക. :)
This post is being listed please categorize this post
www.keralainside.net
പൂര്‍ണ്ണമായും യോജിക്കുന്നു!
അരി വിഹിതം വെട്ടികുറച്ചത് കുറച്ച് കടന്ന കൈ ആയിപ്പോയി. കേരളത്തിലെ അനേക ലക്ഷം വരുന്ന ആളുകള്‍ ഗള്ഫ് നാടുകളിലും മറ്റും പോയി കോടികണക്കിനു അയക്കുന്ന വിദേശനാണ്യത്തെ ശരത് പവാര്‍ മറന്നു. അവരല്ലാം ഇവിടെയിരുന്ന് നെല്ല് വിളയിച്ചാല്‍ പവാറിന് സമാധാനമാകുമോ?
ടോട്ടോചാന്‍,
തത്വത്തില്‍ നല്ല തലക്കെട്ട്.
പക്ഷെ നമ്മള്‍ എവിടെ കൊണ്ടിട്ട് നെല്ലുല്‍പ്പാദിപ്പിക്കും? നികത്തുന്നത് പോകട്ടെ, തരിശിട്ടിരിക്കുന്ന സ്ഥലങ്ങള്‍ ഇപ്പോഴും ധാരാളമുണ്ട് നാട്ടില്‍.
അതും പോകട്ടെ, ആരു പാടത്തിറങ്ങും?
കൂടുതല്‍ സങ്കീര്‍ണ്ണ വിഷയമായിരിക്കുന്നതിനാല്‍ അതു വിടുന്നു.
പിന്നെ സ്ഥല ലഭ്യത.
ഒരു വീട്ടില്‍ മൂന്നു മക്കള്‍ ഉണ്ടായാല്‍, ആ പറമ്പില്‍ നാലുവീടാവും. അതു വീതം വച്ചു വീണ്ടും ചെരു കണ്ടങ്ങള്‍ .ഇങ്ങന്നെ തൂണ്ടം തുണ്ടമായ ഭൂമി വച്ചു എങ്ങിനെ കൃഷി ചെയ്യും?
പിന്നെ പരസ്പര സഹകരണം.
നാടന്‍ കൃഷിക്കാര്‍ തമ്മില്‍ നിലനില്‍ക്കേണ്ട ഒന്നാണ് പര്‍സ്പര സഹകരണം എന്നത്. ഒരാളുടെ കണ്ടത്തിലെ വിത, വെള്ളം തുറക്കല്‍ തുടങ്ങി ഓരോ ഘട്ടങ്ങളും പരസ്പര സഹകരണത്തോടെ മാത്രമേ സാദ്ധ്യമാവൂ. അവനവന്റെ കണ്ടം മതില്‍ കെട്ടി തിരിക്കുന്ന ഈ കാലത്ത് എങ്ങിനെ കൃഷി നടക്കും
പവാര്‍ അരി തന്നില്ലെങ്കില്‍ പട്ടിണി കിടക്കാം.
മജിക്,പോങ്ങുമ്മൂടന്‍, നിഷേധി, പ്രശാന്ത്, അനില്‍ നന്ദി.
കേന്ദ്രവിഹിതത്തെ ആശ്രയിച്ചേ ജീവിക്കാനാവൂ എന്ന നില വരുത്തിയത് നാം തന്നെയാണ്. ആ നില മറികടക്കാന്‍ ശ്രമിക്കാതെ എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്നത് ആശാസ്യമല്ല.
പോങ്ങുമൂടന്‍,
കവുങ്ങ് കൃഷി ചെയ്താല്‍ അത് നമുക്ക് തിന്നാന്‍ പറ്റില്ല. കവുങ്ങിന് പകരം തെങ്ങ് ആയിരുന്നെങ്കില്‍ എത്ര നന്നായേനേ
പ്രശാന്ത്, ഗള്‍ഫില്‍ പോകുന്നതു കൊണ്ട് പാടങ്ങള്‍ നികത്തണം എന്നു കരുതാന്‍ കഴിയുമോ? നമുക്ക് നികത്തിയ പാടത്തും കൃഷി ചെയ്യേണ്ടിവരുന്ന ഒരു കാലം അതി വദൂരമല്ല. പക്ഷേ പല പല കര്‍ഷകരിലായിക്കിടന്ന ഈ കൃഷി ഭൂമി മുഴുവന്‍ ഒന്നോ രണ്ടോ മാഫിയക്കാരിലേക്ക് എത്തിച്ചേര്‍ന്നതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും രാഷ്ട്രീയം മറന്ന സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല.
അനില്‍, തരിശിടുന്നതും നികത്തുന്നതും ശിക്ഷാര്‍ഹമാകണം. അത് നടപ്പിലാവുകയും വേണം. പാടം നികത്തുന്നത് നോക്കി നില്‍ക്കുന്ന രാഷ്ട്രീയക്കാരെ പാര്‍ട്ടികളില്‍ നിന്നും പുറത്താക്കാന്‍ നേതൃത്വം ചങ്കൂറ്റം കാണിക്കണം. അപ്പോഴേ ഇതെല്ലാം നടക്കൂ.
അനില്‍ പറഞ്ഞതെല്ലാം ശരി തന്നെ പക്ഷേ കൃഷി നടത്തിയേ മതിയാകൂ. അതിന് ആവശ്യമായ സാഹചര്യങ്ങളും നിയമങ്ങളും സര്‍ക്കാര്‍ നിര്‍മ്മിക്കണം. അല്ലെങ്കില്‍ ഇനിയൊരു നാള്‍ അരി തരാന്‍ കേന്ദ്രത്തിനു പോലും കഴിയാത്ത സ്ഥിതി വരും.
Post a Comment