Friday, November 14, 2008

അന്യഗ്രഹം ഒരു ഹബിള്‍ ചിത്രം

സൌരയൂഥത്തിനു പുറത്ത് ഗ്രഹങ്ങളെ തേടിയുള്ള യാത്ര മനുഷ്യന്‍ തുടങ്ങയിട്ട് നാളേറെയായി. സൌരയൂഥത്തിലെ എല്ലാ വസ്തുക്കളേയും കണ്ടെത്തുന്നതിനു മുന്‍പേ തന്നെ അതാരംഭിച്ചതാണ്. ഹബിള്‍ ടെലിസ്കോപ്പ് എന്ന ബഹിരാകാശത്തിലെ കണ്ണ് മനുഷ്യന് കാണിച്ചു തന്ന കാഴ്ചകള്‍ക്ക് കണക്കില്ല. ഇപ്പോഴിതാ മറ്റൊരു കാഴ്ചയുമായി ഹബിള്‍ വീണ്ടും. ദൃശ്യപ്രകാശത്തില്‍ ഒരു അന്യഗ്രഹത്തിന്‍റെ ചിത്രമെടുത്തു കൊണ്ടാണ് തന്‍റെ കണ്ണിന് ഇനിയും കാഴ്ചകള്‍ കാണാന്‍ ആയുസ്സ് അവശേഷിക്കുന്നു എന്ന് ഹബിള്‍ ഉറപ്പിച്ച് പറഞ്ഞത്.(പുതിയ അന്യഗ്രഹം ചിത്രകാരിയുടെ ഭാവനയില്‍)

കുഭം രാശിക്കടുത്തുള്ള തെക്കന്‍ മത്സ്യം എന്ന നക്ഷത്രഗണത്തിലാണ് ഇരുപത്തഞ്ച് പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെ ദൃശ്യപ്രകാശത്തില്‍ കണ്ടത്.വ്യാഴത്തേക്കാള്‍ മൂന്നിരട്ടി
വ്യാസമുണ്ടെന്ന് കണക്കാക്കിയിരിക്കുന്ന ഈ ഗ്രഹത്തിന്‍റെ പേര് ഫോമല്‍ഹാട്ട് - ബി. എന്നാണ്. ഫോമല്‍ഹാട്ട് എന്ന നക്ഷത്രത്തിനു ചുറ്റുമാണ് ഈ ഗ്രഹത്തിന്‍റെ സഞ്ചാരം.
1980 ല്‍ ഫോമല്‍ഹാട്ട് എന്ന ഈ നക്ഷത്രത്തിനു ചുറ്റും ഗ്രഹങ്ങളെ കാണാനുള്ള ഒരു സാധ്യത നാസയുടെ ഇന്‍ഫ്രാ റെഡ് ആസ്ട്രോണമി ടെലസ്കോപ്പ് പ്രവചിച്ചിരുന്നു. 2004 ല്‍ ഹബിളിലെ ക്യാമറ ഫോമല്‍ഹാട്ടിനു ചുറ്റുമുള്ള അന്തരീക്ഷത്തിന്‍റെ ഒരു കൊറോണാഗ്രാഫ് ചിത്രം എടുത്തിരുന്നു. നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള കാഴ്ചകള്‍ കാണുന്നതിന് നക്ഷത്രത്തി
ന്‍റെ തീവ്രത കൂടിയ പ്രകാശം ഒരു തടസ്സമാണ്. ഇതിനെ ഒഴിവാക്കിക്കൊണ്ട് ചിത്രമെടുക്കാന്‍ കഴിയുന്ന സങ്കേതമാണ് കൊറോണാഗ്രാഫ്. 21 ബില്യണ്‍ മൈല്‍ വിസ്തൃതിയില്‍ ഗ്രഹരൂപീകരണത്തിന്് അനുകൂലമായ ഒരു കാഴ്ചയാണ് കൊറോണാഗ്രാഫ് നമുക്ക് തന്നത്.
ഇപ്പോള്‍ നക്ഷത്രത്തില്‍ നിന്നും വളരെ അകലെ ഒരു പ്രകാശ ബിന്ദുവിനെ ഹബിള്‍ കണ്ടെത്തി.
(ഹബിള്‍ എടുത്ത ചിത്രം)

ഇരുപത്തൊന്നു മാസത്തെ ഇടവേളകള്‍ക്കിടയില്‍ എടുത്ത ചിത്രം സൂചിപ്പിക്കുന്നത് ഈ പ്രകാശബിന്ദു നക്ഷത്രത്തിനു ചുറ്റും ചലിക്കുന്നു എന്നതാണ്.നക്ഷത്രത്തില്‍ നിന്നും ഏതാണ്ട് പത്തു ബില്യണ്‍ മൈല്‍ അകലെയാണ് ഈ ഗ്രഹം. നക്ഷത്രത്തെ അപേക്ഷിച്ച് തിളക്കം വളരെയധികം കുറവാണെങ്കിലും ഗ്രഹത്തിന്‍റെ വലിപ്പത്തിന് ആനുപാതികമായല്ല തിളക്കം കാണുന്നത്. വ്യാഴത്തേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള ഗ്രഹത്തിന് കാണപ്പെടേണ്ട തിളക്കത്തേക്കാള്‍ അധികമാണ് ഈ ഗ്രഹത്തിന്‍റെ തിളക്കം. ശനിയെപ്പോലെ ഐസും പൊടി പടലങ്ങളും ഉള്ള വളയങ്ങള്‍ ഉണ്ടാകാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ വലയങ്ങളില്‍ ഉപഗ്രഹങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. 2004 ലും 2006 ലും ഹബിള്‍ എടുത്ത ഫോമല്‍ഹാട്ട് നക്ഷത്രത്തിന്‍റെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിയത്. 872 വര്‍ഷം വേണം ഈ ഗ്രഹത്തിന് തന്‍റെ മാതൃ നക്ഷത്രത്തെ ഒന്ന് വലം വയക്കാന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടിയിരിക്കുന്നത്. ഇക്കഴിഞ്ഞ നവംമ്പര്‍ 14 സയന്‍സ് മാഗസിനില്‍ ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. പരീക്ഷണങ്ങള്‍ തുടരുകയാണ്. നാസ 2013 ല്‍ വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന ജയിംസ് വെബ് ടെലിസ്കോപ്പ് ഗ്രഹരൂപീകരണത്തെക്കുറിച്ചും മറ്റും കൂടുതല്‍ മികച്ച വിവരങ്ങള്‍ തരും എന്ന് പ്രതീക്ഷിക്കുന്നു.

വിവരങ്ങള്‍ക്ക കടപ്പാട് : NASA

7 comments:

അനൂപ്‌ കോതനല്ലൂര്‍ said...

നല്ല വിവരണം മാഷെ

അനില്‍@ബ്ലോഗ് said...

സമയം , ദൂരം, കാലം ഇവയെല്ലാം അപ്രസക്തങ്ങളാവുന്ന കാലം എന്നാണോ വരിക.

ഒരു ഫിക്ഷന്‍ നോവല്‍ വായിക്കുന്നതിനേക്കാള്‍ രസകരമാണ് ഇത്തരം വിവരങ്ങള്‍.

ആശംസകള്‍

lakshmy said...

നന്ദി ടോട്ടോ ചാൻ, ഈ വിവരങ്ങൾക്ക്

dreamy eyes/അപരിചിത said...

:)

ടോട്ടോ ചാൻ !!!

നല്ല വിവരണം
:)

ടോട്ടോചാന്‍ (edukeralam) said...

അനൂപ്, അനില്‍, ലക്ഷ്മി, അപരിചിത
നന്ദി.... വന്നതിനും അഭിപ്രായങ്ങള്‍ക്കും..
ഹബിള്‍ ഇനിയും നമുക്കായ് ചിത്രങ്ങള്‍ എടുത്തു തരും...

അപ്പു said...

നല്ലപോസ്റ്റ് ടോട്ടോച്ചാനെ.
ഈ ഫീല്‍ഡില്‍ ഇന്ററസ്റ്റ് ഉള്ള ഒരാള്‍ ബ്ലോഗില്‍ ആദ്യമാണെന്നു തോന്നുന്നു...

ടോട്ടോചാന്‍ (edukeralam) said...

അപ്പു നന്ദി...

ബ്ളോഗില്‍ ഒത്തിരിപ്പേര്‍ ഈ മേഖലയില്‍ താത്പര്യമുള്ളവര്‍ ഉണ്ട് കേട്ടോ...