Sunday, November 1, 2009

'ക്യൂരിയോസിറ്റി' ഇല്ലാത്ത മനുഷ്യര്‍ ഇനി ചൊവ്വയില്‍ പോകട്ടെ....ക്യൂരിയോസിറ്റി, ആ വാക്ക് കേള്‍ക്കുമ്പോഴേ ഒരു കൌതുകമുണ്ട്. ലോകത്തെ മാറ്റി മറിച്ച എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും പുറകില്‍ , അറിയാനുള്ള ആഗ്രഹത്തിനു പുറകില്‍ ഈ കുതൂഹലം തന്നെയാണ് പ്രധാന പങ്കുവഹിച്ചത്. ആ കൌതുകമാകണം ചൊവ്വയിലേക്കുള്ള പുതിയ പര്യവേഷണ വാഹനത്തിന്റ പേരായി മാറിയത്. സ്പിരിറ്റിനും ഓപ്പര്‍ച്യുണിറ്റിക്കും പുറകേ ചൊവ്വയിലേക്ക് യാത്രയാവാന്‍ തയ്യാറെടുക്കുകയാണ് ക്യൂരിയോസിറ്റി എന്ന മാര്‍സ് റോവര്‍.


(ചൊവ്വയുടെ ഭൂതകാലം ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് തിരയുന്ന ക്യൂരിയോസിറ്റി - ചിത്രകാരഭാന)

ചൊവ്വയുടെ ഭൂതകാലം ചികയാനാണ് ക്യൂരിയോസിറ്റി 2011 ല്‍ അവിടെയെത്തുന്നത്. തന്റെ മുന്‍ഗാമികളായ സ്പരിറ്റില്‍ നിന്നും ഓപ്പര്‍ച്യുണിറ്റിയില്‍ നിന്നും വ്യത്യസ്ഥമായി ഒരു വലിയ പരീക്ഷണശാലയേയും ചുമലിലേറിക്കൊണ്ടായിരിക്കും ക്യൂരിയോസിറ്റി അവിടെ പറന്നിറങ്ങുക. ആ പറന്നിറങ്ങല്‍ പോലും തന്റെ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്ഥമായിരിക്കും എന്ന് ക്യൂരിയോസിറ്റി ഉറപ്പുതരുന്നു. ചൊവ്വയിലെ പാറകളെ വെറുതേ നിരീക്ഷിക്കുക മാത്രമായിരിക്കില്ല ഈ റോവര്‍ ചെയ്യുക. പാറകളെ ശക്തമായ ലേസര്‍ കിരണങ്ങള്‍ ഉപയോഗിച്ച് വാതകമാക്കാനും അവയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനുമെല്ലാം ഉള്ള സംവിധാനങ്ങള്‍ ക്യൂരിയോസിറ്റിയില്‍ ലഭ്യമാണ്. ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ചിത്രങ്ങള്‍ എടുക്കുവാന്‍ ശേഷിയുള്ള ക്യാമറകളും റോവറില്‍ ഒരുക്കിയിട്ടുണ്ട്.

ഒരു കാറിനോളം വലിപ്പമുള്ള ക്യൂരിയോസിറ്റിയുടെ പ്രധാന ദൌത്യം ജൈവികസംയുക്തങ്ങള്‍ക്കായുള്ള അന്വേഷണമാണ്. ചൊവ്വയുടെ ഭൂതകാലമോ വര്‍ത്തമാനകാലമോ ജീവന് അനുയോജ്യമാണോ എന്ന പരിശോധനയാണ് പ്രധാനം. ചൊവ്വയില്‍ ജീവനുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടുത്തത് ജൈവികസംയുക്തങ്ങളെ അന്വേഷിച്ചുകൊണ്ടാണ്. ഈ ജൈവികസംയുക്തങ്ങള്‍ ചിലപ്പോള്‍ അവിടെയുണ്ടായിരുന്നതോ ഇപ്പോള്‍ ഉള്ളതോ അല്ലെങ്കില്‍ ഉല്‍ക്കകള്‍ കൊണ്ടുവന്നതോ ആയ ജീവനില്‍ നിന്നാവാം. അവിടത്തെ പൊടിപടലങ്ങളിലും പാറകളിലും ഭൂതകാലം രേഖപ്പെടുത്തിയ ശേഷിപ്പുകള്‍ ഉണ്ടായേക്കാം. ആ ശേഷിപ്പുകള്‍ക്കായുള്ള അന്വേഷണവും പ്രസക്തമാണ്. പൊടിപിടിച്ചു കിടക്കുന്ന ചൊവ്വയിലെ പാറക്കഷണങ്ങളോട് ശാസ്ത്രജ്ഞര്‍ക്ക് തോന്നുന്ന കൌതുകവും മറ്റൊന്നും കൊണ്ടല്ല.
എത്രകാലം എവിടെയെല്ലാം ജീവന്‍ ഉണ്ടായിരുന്നു?, അല്ലെങ്കില്‍ ഉണ്ട്, പണ്ടുകാലത്ത് ചൊവ്വയുടെ അന്തരീക്ഷം ചൂടുള്ളതായിരുന്നോ അതോ തണുപ്പേറിയതായിരുന്നോ? അന്നത്തെ ജലം അമ്ലമയമായിരുന്നോ അതോ ക്ഷാരമയമായിരുന്നോ തുടങ്ങിയ ശാസ്ത്രജ്ഞര്‍ക്കെങ്കിലും കൌതുകകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരമേകാന്‍ ഒരു പക്ഷേ ഈ ക്യൂരിയോസിറ്റി സഹായിച്ചേക്കും.


(തന്റെ മുന്‍ഗാമിയായ സ്പിരിറ്റിനൊപ്പം ക്യൂരിയോസിറ്റി - ചിത്രകാരഭാന)

തന്റെ മുന്‍ഗാമികളേക്കാള്‍ മികച്ച സാങ്കേതിക സംവിധാനങ്ങളുമായാണ് ക്യൂരിയോസിറ്റിയുടെ വരവ്. വലിപ്പത്തിലും ഉപകരണങ്ങളുടെ എണ്ണത്തിലും റോബോട്ടിക്ക് കൈകളുടെ ബലത്തിലും എല്ലാം തന്റെ മുന്‍ഗാമികളെ കവച്ചുവയ്ക്കാന്‍ ക്യൂരിയോസിറ്റിക്ക് സാധിക്കും. അതു മാത്രമല്ല ന്യൂക്ലിയാര്‍ പവര്‍ ഉപയോഗിക്കുന്ന ചൊവ്വയിലെ ആദ്യത്തെ റോവറും ക്യൂരിയോസിറ്റി ആയിരിക്കും. സൌരോര്‍ജ്ജം ലഭിക്കാന്‍ ഉപയോഗിക്കുന്ന പാനലില്‍ പൊടിയടഞ്ഞ് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗുമെല്ലാം ഉണ്ടാകുന്നത് തടയാന്‍ ഈ പരിഷ്കാരം സഹായിക്കും. കൂടുതല്‍ അളവിലുള്ള സ്ഥിരതയാര്‍ജ്ജ ഊര്‍ജ്ജം ക്യൂരിയോസിറ്റിയിലെ ഈ ന്യൂക്ലിയാര്‍ പവ്വര്‍ സ്റ്റേഷന്‍ പ്രദാനം ചെയ്യും.

ഇതു മാത്രമല്ല, മുന്‍ഗാമികളായ സ്പിരിറ്റിനും ഓപ്പര്‍ച്യുണിറ്റിക്കും അസൂയയുണര്‍ത്തും വിധമായിരിക്കും ചൊവ്വയിലേക്കുള്ള ക്യൂരിയോസിറ്റിയുടെ ഇറക്കം. സ്പിരിട്ടും ഓപ്പര്‍ച്യുണിറ്റിയും വഹിക്കുന്ന ലാന്‍ഡര്‍ വലിയ വായുനിറച്ച പന്തുപോലുള്ള ബാഗുകള്‍ക്കുള്ളിരുന്ന് ചൊവ്വയില്‍ ഇടിച്ചിറങ്ങുകയായിരുന്നു ചെയ്തത്. വായുനിറച്ച ബാഗായതിനാല്‍ ചൊവ്വയുടെ ഉപരിതലത്തില്‍ പല തവണ വീണ് ഉയര്‍ന്നു പൊന്തിയ ശേഷമാണ് അതിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ അവര്‍ക്ക് സാധിച്ചത്. വീഴ്ചയില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനാണ് എയര്‍ ബാഗുകള്‍ ഉപയോഗിച്ചത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി ക്യൂരിയോസിറ്റി എയര്‍ബാഗുകളുടെ സഹായമില്ലാതെയാണ് ചൊവ്വയിലിറങ്ങുക. 'സ്കൈ ക്രയിന്‍' എന്ന സംവിധാനമുപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. റോക്കറ്റുകള്‍ ഘടിപ്പിച്ച് ചൊവ്വയുടെ ഉപരിതലത്തിലേക്ക് പതിയേ ഇറങ്ങിവരുന്ന സംവിധാനമാണ് സ്കൈ ക്രയിന്‍. അതില്‍ നിന്നും കേബിളുകള്‍ വഴി തുക്കിയിട്ടിരിക്കുകയാണ് ക്യൂരിയോസിറ്റി. വളരെ സുരക്ഷിതമായ ലാന്‍ഡിംഗിന് ഇത് അവസരമൊരുക്കുന്നു.

(ക്യൂരിയോസിറ്റിയുടെ സുരക്ഷിതമായ ലാന്‍ഡിംഗ് - മുകളില്‍ സ്കൈ-ക്രയിന്‍ - ചിത്രകാരഭാന)

ചൊവ്വയില്‍ നിന്നും ലഭിക്കുന്ന ഓരോ വിവരങ്ങളേയും വിശകലനം ചെയ്യാന്‍ കൂടി ശേഷിയുള്ള ഉപകരണങ്ങളാണ് ക്യൂരിയോസിറ്റിയുടെ ആകര്‍ഷണീയത. ക്യൂരിയോസിറ്റിയിലുള്ള വിദൂരസംവേദന ഉപകരണങ്ങള്‍ ഉപയോഗിച്ച് ചുറ്റുമുള്ള ചൊവ്വാഉപരിതലത്തെ നിരീക്ഷിക്കുകയാണ് ക്യൂരിയോസിറ്റി ആദ്യം ചെയ്യുക. വിശകലനയോഗ്യമെന്ന് തോന്നിയാല്‍ പത്തുമീറ്ററോളം അകലെ നിന്നു പോലും പാറകളേയും മറ്റും പരിശോധിക്കാന്‍ ക്യൂരിയോസിറ്റിക്ക് കഴിയും. ലേസര്‍ ഉപയോഗിച്ച് ചൂടാക്കി പ്ലാസ്മ അവസ്ഥയിലാക്കുന്ന പാറയിലെ ഭാഗങ്ങളില്‍ നിന്നും അതിന്റെ രസതന്ത്രം വിശദമായി പഠിക്കുവാനും അവസരം ലഭിക്കും. ഇതില്‍ നിന്നും പാറയിലെ ഘടകങ്ങളെക്കുറിച്ച് അറിയാനും സാധിക്കും. ജൈവികസംയുക്തങ്ങളുടെ സാന്നിദ്ധ്യം ഉണ്ടെങ്കില്‍ മാത്രം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇത് സഹായകരമാണ്.

ചൊവ്വയുടെ രസതന്ത്രത്തെക്കുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന APXS എന്ന ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ്-റേ സ്പെക്ട്രോമീറ്റര്‍, അതിസൂഷ്മ ഛായാഗ്രഹണം നടത്താന്‍ കഴിയുന്ന MAHLI എന്ന മാര്‍സ് ഹാന്‍ഡ് ലെന്‍സ് ഇമേജര്‍ തുടങ്ങിയവയും ക്യൂരിയോസിറ്റിയിലെ കൌതുകമുണര്‍ത്തുന്ന ഉപകരണങ്ങളാണ്. എന്തിനേറെ അന്തരീക്ഷത്തെ മണത്തു നോക്കി വിശകലനം ചെയ്യാനുതകുന്ന ഉപകരണങ്ങള്‍ വരെ ഈ പര്യവേഷണ വാഹനത്തിലുണ്ട്. അന്തരീക്ഷത്തിലെ വാതകങ്ങളുടെ സാന്നിദ്ധ്യമറിയുന്ന ഉപകരണമാണിത്. ജൈവസംയുക്തങ്ങള്‍ നിര്‍മ്മിക്കുന്ന മീഥൈന്‍ പോലുള്ള വാതകങ്ങളെ തിരിച്ചറിയാനാണ് ഈ ഉപകരണം.

ക്യൂരിയോസിറ്റി വറ്റാത്ത മനുഷ്യരുടെ പ്രതിനിധിയായാണ് കോടിക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയുടെ ഉപരിതലത്തിലേക്ക് ക്യൂരിയോസിറ്റി ചെന്നെത്തുന്നത്. അതു കൊണ്ടുതന്നെ മനുഷ്യന്റെ കുതൂഹലങ്ങള്‍ക്ക് മറുപടിയേകാന്‍ ഈ കുതൂഹലത്തിന് കഴിയും എന്ന പ്രത്യാശ നമുക്കുണ്ടായേ തീരൂ...

Friday, October 30, 2009

2012 ല്‍ ലോകം അവസാനിക്കുമ്പോള്‍ .....


ലോകം അവസാനിക്കാനായി നിബുരുവും മയനും


'നിബുരു' , 'ഡിസംബര്‍ 2012', 'മയന്‍ കലണ്ടര്‍' തുടങ്ങിയവയെല്ലാം ഇന്ന് ഇന്റര്‍നെറ്റില്‍ പാറിനടക്കുന്ന പ്രിയപ്പെട്ട വാക്കുകളാണ്. ഡിസംബര്‍ 2012 ഓടെ ലോകം അവസാനിക്കുമെന്നാണ് മെയിലുകളെല്ലാം പറയുന്നത്. മയന്‍ കലണ്ടറും നിബുരു ഗ്രഹവും എല്ലാം ചേര്‍ന്ന് വല്ലാത്തൊരു മായികപ്രപഞ്ചത്തിലാണ് ഇന്റര്‍നെറ്റ് നിവാസികള്‍. എരിതീയിലല്ലേ എണ്ണയൊഴിക്കാന്‍ പറ്റൂ. സോണി പിക്ചേഴ്സ് നിര്‍മ്മിക്കുന്ന 2012 എന്ന സിനിമ 2009 നവംബറില്‍ റിലീസ് ചെയ്യുകയാണ്. ഇന്റര്‍നെറ്റ് നിവാസികളുടെ പണം കൊയ്തെടുക്കാന്‍ പറ്റിയ അവസരത്തില്‍ തന്നെ സിനിമയും. '2012' സജീവമാക്കി നിര്‍ത്താന്‍ സിനിമക്കാര്‍ പടച്ചുവിടുന്നതാണ് ഇത്തരം മെയിലുകളും ചര്‍ച്ചയും എന്നാണ് ചില തത്പരക്ഷികളുടെ ആക്ഷേപം. അതും പോരാഞ്ഞ് ആമസോണ്‍ പുസ്തകവിതരണക്കാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട 175 ലധികം പുസ്തകങ്ങളും വിപണിയില്‍ ഇറക്കിക്കഴിഞ്ഞു. ലോകം അവസാനിക്കുന്നതു വരെയെങ്കിലും പുസ്തകം വില്‍ക്കാമല്ലോ എന്നാണ് അവരും പറയുന്നത്.


(ഒരു വാല്‍നക്ഷത്രം ഭൂമിയെ ആക്രമിക്കുന്ന 1857 ലെ കാര്‍ട്ടൂണ്‍)

'2012'ലെ ലോകാവസാനം എങ്ങിനെയായിരിക്കും എന്ന അന്വേഷണം തികച്ചും കൌതുകകരമാണ്. സുമേറിയക്കാര്‍ പണ്ട് കണ്ടെത്തിയ നിബുരു എന്ന ഗ്രഹം ഭൂമിയെ ലാക്കാക്കി അതിന്റെ പ്രയാണം ആരംഭിച്ചിരിക്കുന്നു എന്നതാണ് ഒന്നാമത്തെ വാദം. സൌരയൂഥത്തിലെ പന്ത്രണ്ടാമത്തെ ഗ്രഹമായ ഇത് 3600 വര്‍ഷം കൊണ്ടാണ് സൂര്യനെ ഒരു തവണ വലം വയ്ക്കുന്നത്. അനുനാക്കി എന്ന ഗ്രഹാന്തരസംസ്കൃതിയില്‍ നിന്നും പ്രാചീന ബഹിരാകാശയാത്രികര്‍ ഭൂമിയെ സന്ദര്‍ശിക്കുന്ന കഥവരെ അന്ന് സുമേറിയക്കാര്‍ മെനഞ്ഞുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് 1995 ല്‍ സീറ്റ ടാക്ക് എന്ന വെബ്സൈറ്റ് ഉടമ നാന്‍സി ലൈഡര്‍ ചില കഥകള്‍ മെനഞ്ഞു. അന്യഗ്രഹജീവികളുമായി സംവദിക്കാന്‍ കഴിയുന്ന ഒരു ഭാഗം തന്റെ തലച്ചോറിനകത്തുണ്ട് എന്നൊക്കെയാണ് നാന്‍സിയുടെ അവകാശവാദം. Lieder 'Lie' പറയില്ല എന്ന വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. റെറ്റിക്കുലം (വല) എന്ന പേരുള്ള നക്ഷത്രരാശിയിലെ സീറ്റ നക്ഷത്രത്തിനടുത്തുള്ള അന്യഗ്രഹത്തില്‍ നിന്നുള്ള സന്ദേശങ്ങളാണ് നാന്‍സിക്ക് ലഭിച്ചത് !. ഭൂമിക്ക് നിബിരു എന്ന ഗ്രഹം മൂലം അപകടം പിണയും എന്ന് ഈ അന്യഗ്രഹജീവികള്‍ അദ്ദേഹത്തിന് മുന്നറിയിപ്പു കൊടുത്തു. മേയ് 2003 ന് ആയിരിക്കും ഈ അപകടം എന്നായിരുന്നു ആദ്യപ്രവചനം. ആ ദിനങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ലൈഡറുടെ ലൈ ശരിയാണെന്ന് ആരാധകര്‍ക്ക് ബോധ്യം വന്നു. അതോടെ ആ പ്രശ്നബാധിതദിനം 2012 ഡിസംബറിലേക്ക് മാറ്റപ്പെട്ടു. 2012 ഡിസംബര്‍ 21 നോ 23 നോ അവസാനിക്കുന്ന മയന്‍ കലണ്ടറുമായി ഈ പ്രശ്നത്തെ ബന്ധപ്പെടുത്താനായിരുന്നു പിന്നീടുള്ള ശ്രമം. അത് ഇന്റര്‍നെറ്റ് മെയിലുകള്‍ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു.
നിബുരുവും സുമേറിയരും

സുമേറിയക്കാര്‍ ആണ് നെപ്റ്റ്യൂണ്‍,യുറാനസ്സ്, പ്ലൂട്ടോ തുടങ്ങിയ ഗ്രഹങ്ങളെ ആദ്യം നിരീക്ഷച്ചത് എന്നായിരുന്നു ചില വാദങ്ങള്‍. അതു കൊണ്ടു തന്നെ നിബിരു എന്ന ഗ്രഹത്തെക്കുറിച്ച് അവര്‍ പറഞ്ഞതു ശരിയാകേണ്ടതല്ലേ എന്നു അതിനെത്തുടര്‍ന്ന് വാദങ്ങളുണ്ടായി. എന്നാല്‍ ബാബിലോണിയക്കാരുടെ സൃഷ്ടിയാണ് നിബിരു എന്ന പദം. അവരുടെ ജ്യോതിഷത്തില്‍ ദേവ‌‌ഗണങ്ങളില്‍ ചിലരുടെ പേരുമായി ബന്ധപ്പെട്ടായിരുന്നു ഈ പദം കണ്ടത്. സുമേറിയക്കാര്‍ പക്ഷേ ഇതിനും എത്രയോ മുന്‍പാണ് ജീവിച്ചത്. മികച്ച നാഗരികരായിരുന്നു സുമേറിയക്കാര്‍. പക്ഷേ നെപ്റ്റ്യൂണ്‍,യുറാനസ്സ്,പ്ലൂട്ടോ തുടങ്ങിയ ഗ്രഹങ്ങളെ കണ്ടെത്തിയത് അവരാണ് എന്ന വാദം പോലും നിരര്‍ത്ഥകമാണ് എന്നതാണ് സത്യം. എന്നിട്ടും നിബിരു അവരുടെ തലയിലാക്കാന്‍ നമ്മുടെ മെയിലുകള്‍ക്കും ചില തത്പര വെബ്സൈറ്റുകള്‍ക്കും കഴിഞ്ഞു.

നാസയുടേയും മറ്റും ടെലിസ്കോപ്പുകളും പര്യവേഷണങ്ങളും പ്രപഞ്ചത്തില്‍ ഓരോ പുതിയ ഗ്രഹം കണ്ടെത്തുമ്പോഴും ഇതായിരിക്കും നിബിരു എന്ന് പറഞ്ഞ് ചര്‍ച്ചകള്‍ വരുമായിരുന്നു. എറിസ് എന്ന ചെറുഗ്രഹത്തെ കണ്ടെത്തിയപ്പോഴും ഇതേ വാദം ഉയര്‍ന്നു വന്നിരുന്നു. നിബിരുവിനെ പ്ലാനറ്റ് X എന്നും വിളിക്കുന്നുണ്ട്. അത് എവിടെത്തുടങ്ങിയതാണ് എന്ന് വ്യക്തമല്ല. പക്ഷേ പുതിയ ഗ്രഹങ്ങളേയോ മറ്റോ കണ്ടെത്തുമ്പോള്‍ ശാസ്ത്രജ്ഞര്‍ ചിലപ്പോള്‍ അവയെ പ്ലാനറ്റ് X എന്ന് വിളിക്കാറുണ്ട്. പക്ഷേ അവയ്ക്ക് പേരിടുന്നതോടെ പ്ലാനറ്റ് X പിന്‍വാങ്ങുകയും ചെയ്യും. പല ജ്യോതിശാസ്ത്രചിത്രങ്ങളും നിബിരു എന്ന ഗ്രഹത്തിന്റെ തെളിവായി നിരത്തപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രമെടുക്കുന്ന ക്യാമറയുടേയോ ടെലിസ്കോപ്പിന്റേയും ലെന്‍സ് ഉണ്ടാക്കുന്ന പ്രതിഫലനവും മറ്റുമാണ് നിബിരു എന്ന പേരില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

2012 ഉം '2012' ഉം
2012 എന്ന സിനിമയുടെ പ്രചാരണം നിബിരുവിനേയും മയന്‍കലണ്ടര്‍ പ്രശ്നങ്ങളേയും ആളിക്കത്തിച്ചു. സിനിമയുടെ പ്രചാരണത്തിനായി ഉപയോഗിച്ച വാചകങ്ങള്‍ പോലും അത് യാഥാര്‍ത്ഥ്യമാണ് എന്ന ധ്വനി ഉള്ളതായിരുന്നു. www.instituteforhumancontinuity.org എന്ന വെബ്സൈറ്റും സിനിമയുടെ പ്രചാരണത്തിനായി നിര്‍മ്മിക്കപ്പെട്ടു. വെബ്സൈറ്റ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമാണ് എന്ന് സൈറ്റില്‍ തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും 2012 പ്രശ്നം ചര്‍ച്ച ചെയ്യുന്ന മെയിലുകള്‍ സൃഷ്ടിക്കാന്‍ ഇതും കാരണമായിട്ടുണ്ട്. എന്തായാലും സിനിമയെ വിജയിപ്പിക്കുന്നതിന് വേണ്ട എല്ലാ പരസ്യതന്ത്രങ്ങളും അവര്‍ പയറ്റുന്നുണ്ട്. ആ പരസ്യതത്രങ്ങളില്‍ കുടുങ്ങിയ പലരും 2012 ല്‍ ലോകം അവസാനിക്കും എന്ന മെയിലുകള്‍ എല്ലാവര്‍ക്കുമായി ഫോര്‍വേഡ് ചെയ്ത് പരസ്യവിതരക്കാരായി തീരുകയും ചെയ്തു.

ഭൂമി തിരിച്ച് കറങ്ങുന്നതും 2012 ല്‍ തന്നെ...

അതിനിടയ്ക്ക് വന്ന മെയിലുകളിലൊന്നാണ് ഭൂമിയുടെ ഭ്രമണം 2012 ല്‍ തിരിച്ചാകും എന്നത്. എന്തിനേറെ നമ്മുടെ മലയാളപത്രങ്ങളും ചാനലുകളും വരെ ഇതൊരു വാര്‍ത്തയായി കൊടുത്തിരുന്നു. ഭൂമിയുടെ കാന്തികമണ്ഡലത്തിന് ചില വ്യതിയാനങ്ങള്‍ വരുന്നുണ്ട് എന്ന വാര്‍ത്തയെ വളച്ചൊടിച്ചാണ് 2012 ല്‍ ഭൂമി തിരിച്ചുകറങ്ങും എന്ന് പറഞ്ഞൊപ്പിച്ചത്. ഭൂമിയുടെ കാന്തികമണ്ഡലം ഇടയ്ക്ക് ധ്രുവ്വങ്ങള്‍ വച്ചുമാറിയതായി നാം കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിനോ പതിനായിരക്കണക്കിനോ വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഈ വച്ചുമാറ്റം 2012 ല്‍ നടക്കും എന്നായി പിന്നീടുള്ള വാര്‍ത്തകള്‍. എന്നാല്‍ സമീപഭാവിയൊന്നും തന്നെ ഇത്തരം ഒരു സംഭവത്തിന്റെ സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നു.


(നിബിരുവാണ് എന്ന് പറഞ്ഞ് നടന്ന V838_Mon എന്ന ചരനക്ഷത്രം)


ഇത്തരത്തില്‍ 2012 ല്‍ ഭൂമി അവസാനിച്ചേ മതിയാകു എന്ന ശാഠ്യവുമായി നിരവധി മെയിലുകള്‍ ഇന്റര്‍നെറ്റില്‍ പറന്നു നടക്കുകയാണ്. ഓരോരുത്തരും നിരത്തുന്ന കാരണങ്ങള്‍ പലതാണ് എന്നുമാത്രം. സൌരക്കാറ്റ്, തമോഗര്‍ത്തം, ഗ്രഹസംയോഗം, ആകാശഗംഗയുടെ കേന്ദ്രവുമായി സൂര്യന്‍ ഒത്തുവരിക (എങ്ങിനെയാണാവോ?) , ചെറുഗ്രഹങ്ങള്‍ വഴിതെറ്റിവന്ന് ഭൂമിയില്‍ പതിക്കുക, വലിയ വാല്‍നക്ഷത്രങ്ങള്‍ വഴിതെറ്റി ഭൂമിയിലെത്തുക, സമീപനക്ഷത്രങ്ങളില്‍ നടക്കാവുന്ന സൂപ്പര്‍നോവ സ്ഫോടനങ്ങള്‍ എന്നു തുടങ്ങി ജ്യോതിര്‍ഭൌതികത്തെ എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്താമോ അങ്ങിനെയെല്ലാം ഉപയോഗപ്പെടുത്തിയാണ് കാരണങ്ങള്‍ നിരന്നു നില്‍ക്കുന്നത്. എന്തു കൊണ്ടോ ലോകരാജ്യങ്ങളുടെ കയ്യിലിരിക്കുന്ന ആറ്റം ബോബുകളും ഹൈഡ്രജന്‍ ബോബുകളും 2012 ല്‍ അബദ്ധത്തില്‍ പൊട്ടി ഭൂമി അവസാനിക്കും എന്നൊരു മെയിലും ഒഴുകി നടക്കുന്നത് കണ്ടില്ല. എന്തായാലും സമീപഭാവിയില്‍ അതും കൂടി കാണാന്‍ ഇന്റര്‍നെറ്റ് വഴിയൊരുക്കും എന്നു കരുതാം.


Friday, October 23, 2009

ഏറ്റവും അകലെയുള്ള ഗാലക്സി ക്ലസ്റ്റര്‍ JKCS041


(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതാക്കി കാണാം. ചിത്രങ്ങള്‍ക്ക് കടപ്പാട് Chandra-Xray)

ഇതു വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും അകലെയുള്ള ഗാലക്സി ക്ലസ്റ്റര്‍ ആണ് JKCS041 . എക്സ്-റേ, ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ് എന്നീ പ്രകാശങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നമ്മുടെ പ്രപഞ്ചത്തിന് ഇന്നത്തേതിന്റെ നാലിലൊന്ന് മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ഉള്ള അവസ്ഥയിലുള്ള ചിത്രമാണിത്. 1020 കോടി പ്രകാശവര്‍ഷം അകലെയാണ് ഈ ക്ലസ്റ്റര്‍. വലിപ്പത്തിലും ഈ ക്ലസ്റ്റര്‍ ഒട്ടും പിന്നിലല്ല. 19 കോടിപ്രകാശവര്‍ഷം വിസ്തൃതി ഈ ക്ലസ്റ്ററിനുണ്ടത്രേ. ചന്ദ്ര-എക്സ്-റേ നിരീക്ഷണാലയം എടുത്ത എക്സ്-റേ ചിത്രം, ചിലിയിലെ അറ്റാക്കാമ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന വെരി-ലാര്‍ജ്-അറെ എടുത്ത ദൃശ്യപ്രകാശത്തിലുള്ള ചിത്രം, ഡിജിറ്റൈസിഡ് സ്കൈ സര്‍വ്വേയില്‍ നിന്നും ലഭിച്ച ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് പ്രകാശത്തിലും ഉള്ള വിവരങ്ങള്‍ എന്നിവ സമന്വയിപ്പിച്ചാണ് ഗാലക്സി ക്ലസ്റ്ററിന്റെ ചിത്രം നിര്‍മ്മിച്ചത്. മീനം രാശിക്കടുത്തുള്ള കേതവസ്സ് (Cetus) എന്ന നക്ഷത്രരാശിയിലാണ് ഈ ഗാലക്സി ക്ലസ്റ്ററിന്റെ സ്ഥാനം.

നീലനിറം എക്സ്-റേ ചിത്രത്തെ സൂചിപ്പിക്കുമ്പോള്‍ ചുവപ്പ്, പച്ച, സിയന്‍ എന്നീ നിറങ്ങള്‍ ദൃശ്യപ്രകാശ ചിത്രത്തേയും സൂചിപ്പിക്കുന്നു.


(ദൃശ്യപ്രകാശത്തിലുള്ള ചിത്രം)


(എക്സ്-റേ ചിത്രം)


(സംയോജിത ചിത്രം)


2006 ല്‍ തന്നെ ഈ ഗാലക്സി ക്ലസ്റ്ററിന്റെ ചിത്രം ശാസ്ത്രലോകം പകര്‍ത്തിയിരുന്നു. യുണൈറ്റഡ് കിംഗ്ഡം ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പ് (UKIRT) ആണ് ചിത്രം ആദ്യമായി പകര്‍ത്തിയത്. UKIRT, കാനഡ-ഫ്രാന്‍സ്-ഹവായി ടെലിസ്കോപ്പ് ,നാസയുടെ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് എന്നിവിടങ്ങളിലെ ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡിലും ഉള്ള വിവരങ്ങള്‍ ഉപയോഗിച്ച് പിന്നീട് അതിലേക്കുള്ള അകലവും നിര്‍ണ്ണയിച്ചു. എന്നാല്‍ ഇത് ഒരു ഗാലക്സി ക്ലസ്റ്റര്‍ തന്നെയാണോ എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ സന്ദേഹം നിലനിന്നിരുന്നു. എന്നാല്‍ ചന്ദ്ര-എക്സ്-റേ നിരീക്ഷണാലയം നല്‍കിയ എക്സ്-റേ ചിത്രങ്ങള്‍ ഈ സന്ദേഹത്തിന് അറുതി വരുത്തി. പ്രപഞ്ചത്തിന്റ ഉത്ഭവം എങ്ങിനെയാണ് എന്ന അറിവുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും എന്നു തന്നെ കരുതാം.വിവരങ്ങള്‍ക്ക് കടപ്പാട് http://chandra.harvard.edu/photo/2009/jkcs041/

http://archive.stsci.edu/cgi-bin/dss_form എന്ന വിലാസത്തില്‍ നിങ്ങള്‍ക്കും ഡിജിറ്റൈസിഡ് സ്കൈ സര്‍വ്വേയില്‍ പങ്കാളികളാകാം

Tuesday, October 20, 2009

ഓറിനോയിഡ് ഉല്‍ക്കാവര്‍ഷം നാളെ രാവിലെ


ഓറിനോയിഡ് ഉല്‍ക്കാവര്‍ഷം വരുന്നൂ....


നാളെ (21-OCT-2009) രാവിലെ സൂര്യനുദിക്കുന്നതിനുമുന്‍പ് എഴുന്നേറ്റ് ഓറിയോണ്‍ നക്ഷത്രഗണത്തിലേക്ക് നോക്കുക. ഹാലി വാല്‍നക്ഷത്രം ഉപേക്ഷിച്ചു പോയ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അന്ന് ഭൂമി കടന്നുപോകും. സാമാന്യം നല്ല ഒരു ആകാശക്കാഴ്ചക്ക് ഹാലി അന്ന് വഴിയൊരുക്കുന്നു. ഹാലി ധൂമകേതു ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയമരും. മണിക്കൂറില്‍ ഇരുപത് മുതല്‍ അറുപത് വരെ ഉല്‍ക്കകളെ കാണാനാവും എന്നാണ് കരുതുന്നത്. മിഥുനം നക്ഷത്രഗണത്തിനും ഓറിയോണ്‍ ഗണത്തിനും ഇടയിലായാണ് ഉല്‍ക്കാപതനത്തിന്റെ സ്രോതസ്സ്.ഓറിനോയിഡ് ഉല്‍ക്കാപതനം എന്നാണ് ഇത് അറിയപ്പെടുന്നത്. രാവിലെ ഏകദേശം 5 മണിയോടെ നമ്മുടെ തലക്ക് മുകളിയായാണ് ഓറിയോണും മിഥുനവും കാണപ്പെടുക.
എല്ലാ വര്‍ഷവും ഇതേ സമയത്ത് ഈ ഉല്‍ക്കാവര്‍ഷം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ അല്പം കൂടുതല്‍ ദൃശ്യവിരുന്നിന് സാധ്യതയുണ്ടെന്നാണ് നിഗമനം. ഉല്‍ക്കാവര്‍ഷം കണ്ട് കൂടുതല്‍ വിശേഷങ്ങള്‍ അറിയിക്കുക

Friday, September 25, 2009

ചന്ദ്രനില്‍ ചായക്കട തുടങ്ങാന്‍ കഴിയുമോ?

നീല്‍ ആംസ്ടോങ്ങ് ചന്ദ്രനില്‍ ചെന്നപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് അവിടെ ചായക്കട നടത്തിയ മലയാളിയാണെന്ന് തമാശക്ക് നാം പറയാറുണ്ട്. ചന്ദ്രനില്‍ ചായക്കട നടത്താന്‍ വെള്ളം വേണ്ടേ എന്നൊക്കെ മറുചോദ്യം ചോദിക്കാനും നാം മിടുക്കരാണ്. ചായക്കട തുടങ്ങാന്‍ പറ്റിയ തരത്തില്‍ അല്ലെങ്കിലും ചന്ദ്രനിലും ജലമുണ്ടെന്നാണ് ചന്ദ്രയാന്‍ -1 ലെ നാസയുടെ ഉപകരണം നടത്തിയ പരീക്ഷണങ്ങള്‍ പറയുന്നത്.

ചന്ദ്രനില്‍ ജലമുണ്ടെന്ന് നാസ സ്ഥിരീകരിച്ചിരിക്കുന്നു. ഭാരതത്തിനും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണിത്. ജലം തന്മാത്രാരൂപത്തില്‍ ചന്ദ്രനിലെ മണ്ണുമായി ഇഴുകിച്ചേര്‍ന്നാണ് കിടക്കുന്നത്. ധ്രുവ്വപ്രദേശങ്ങളിലാണ് ജലതന്മാത്രകളെ കണ്ടെത്തിയത്. ചന്ദ്രയാനുള്‍പ്പടെ മൂന്ന് വ്യത്യസ്ഥ ബഹിരാകാശപേടകങ്ങളിലെ നാസയുടെ ഉപകരണങ്ങള്‍ നല്‍കിയ വിവരങ്ങള്‍ വച്ചാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നത്. ജലതന്മാത്രകള്‍ക്ക് പുറമേ ഹൈഡ്രോക്സില്‍ തന്മാത്രയേയും ചന്ദ്രോപരിതലത്തില്‍ കണ്ടെത്താന്‍ പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞു. പ്രതീക്ഷിച്ചിരുന്നതിലും അധികമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ജലത്തിന്റെ അളവ്. ചന്ദ്രയാന്‍-1 ലെ മൂണ്‍ മിനറോളജി മാപ്പര്‍ അഥവാ M-3 , നാസയുടെ കാസ്സിനി എന്ന പര്യവേഷണവാഹനത്തിലെ വിഷ്വല്‍ ആന്റ് ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍ അഥവാ VIMS, നാസയുടെ തന്നെ എപ്പോക്സി പര്യവേഷണപേടകത്തിലെ ഹൈറെസല്യൂഷന്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റര്‍ എന്നിവയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഈ നേട്ടം കൈവരിച്ചത്. ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പര്‍ ആണ് ജലസാന്നിദ്ധ്യം സ്ഥിരീകരിക്കാന്‍ പോന്ന വിവരങ്ങള്‍ ലഭ്യമാക്കിയത്.(ഇടത് വശത്ത് ചന്ദ്രോപരിതലത്തിന്റെ ഇന്‍ഫ്രാറെഡ് ചിത്രം. വലതുവശത്ത് നീലനിറം സൂചിപ്പിക്കുന്നത് ജലത്തിന്റെ സാന്നിദ്ധ്യമാണ്. ഒരു ഗര്‍ത്തത്തിന് സമീപമാണ് ജലസാന്നിദ്ധ്യം കാണപ്പെടുന്നത്. ഇന്‍ഫ്രാറെഡ് പ്രതിഫലനശേഷിയാണ് തിളക്കമുള്ളഭാഗം സൂചിപ്പിക്കുന്നത്. തിളക്കം കുറഞ്ഞ ഭാഗങ്ങള്‍ ഇന്‍ഫ്രാറെഡ് പ്രകാശത്തിന്റെ ആഗിരണത്തെ സൂചിപ്പിക്കുന്നു. )


ചന്ദ്രനിലെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തെയാണ് m-3 പഠനത്തിന് വിധേയമാക്കിയത്. ഇന്‍ഫ്രാറെഡ് തരംഗങ്ങളെയാണ് പഠനവിധേയമാക്കിയത്. ഈ ഇന്‍ഫ്രാറെഡ് വികിരണരാജിയെ പരമാവധി റെസല്യൂഷനോടെ സ്പെക്ട്രോസ്കോപ്പിക്ക് പഠനങ്ങള്‍ക്ക് വിധേയമാക്കി. ചന്ദ്രോപരിതലത്തിലെ ഘടകപദാര്‍ത്ഥങ്ങളെക്കുറിച്ച് വിശദമായ വിവരം ലഭിക്കാന്‍ ഇത് സഹായകരമായി. സ്പെക്ട്രോസ്പോപ്പിക്ക് വിശകലനങ്ങളില്‍ വികിരണരാജിയുടെ ചില ഭാഗങ്ങള്‍ ചന്ദ്രോപരിതലത്തില്‍ തന്നെ ആഗിരണം ചെയ്യപ്പെട്ടതായിക്കണ്ടു. ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ഉണ്ടെങ്കില്‍ മാത്രമേ ഈ ആഗിരണം നടക്കൂ.(ചന്ദ്രന്റെ മറ്റൊരു ഇന്‍ഫ്രാറെഡ് ചിത്രം. മൂന്ന് വ്യത്യസ്ഥ തരംഗദൈര്‍ഘ്യത്തില്‍ എടുത്തിരിക്കുന്നത്. നീല നിറം ജലതന്മാത്രകളുടേയും ഹൈഡ്രോക്സില്‍ തന്മാത്രകളുടേയും സാന്നിദ്ധ്യം കാണിക്കുന്നു. മൂന്ന് മൈക്രോമീറ്ററിലുള്ള ഇന്‍ഫ്രാറെഡ് വികിരണമാണ് നീല നിറം സൂചിപ്പിക്കുന്നത്. പച്ച 2.4 മൈക്രോമീറ്റര്‍ തരംഗത്തേയും ചുവപ്പ് പൈറോക്സീന്‍ എന്ന ധാതുവിന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്ന 2 മൈക്രോമീറ്റര്‍ തരംഗത്തേയും സൂചിപ്പിക്കുന്നു.)


ഈ തന്മാത്രകള്‍ ചന്ദ്രോപരിതലത്തിലെ പാറകളിലും സിലിക്കേറ്റ് അടങ്ങിയ പദാര്‍ത്ഥങ്ങളിലുമായി ഇഴുകിച്ചേര്‍ന്ന് കിടക്കുകയാണ്. ചന്ദ്രനില്‍ ജലം കണ്ടെത്തി എന്നത് ഒരിക്കലും ഒരു ജലാശയമാണ് എന്ന് അര്‍ത്ഥമില്ല. ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ചന്ദ്രനിലെ ഉപരിതലത്തില്‍ കാണപ്പെടുമ്പോള്‍ തന്നെ ചന്ദ്രനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലതന്മാത്രകളെയാണ് കൂടുതല്‍ കാണുന്നത്. ശനിയെക്കുറിച്ച് പഠിക്കാന്‍ വിക്ഷപിച്ച കാസ്സിനി പേടകം 1999ല്‍ ചന്ദ്രനടുത്തു കൂടി കടന്നു പോവുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അന്നു തന്നെ ജലത്തിന്റെ സാന്നിദ്ധ്യം അറിഞ്ഞിരുന്നെങ്കിലും അതിന് സ്ഥിരീകരണം ലഭിക്കുന്നത് ഇപ്പോഴാണ്. കാസ്സിനിയിലെ VIMS തന്ന വിവരങ്ങളും ചന്ദ്രയാനിലെ m3 തന്ന വിവരങ്ങളും ഒരേ കാര്യം തന്നെയാണ് ചൂണ്ടിക്കാണിച്ചത്. 1000 കിലോഗ്രാം ചന്ദ്രോപരിതലത്തിലെ മണ്ണില്‍ ഏതാണ്ട് ഒരു കിലോഗ്രാം (~946ഗ്രാം) ജലമുണ്ടാകാം എന്നാണ് ഇതു വരെയുള്ള വിവരങ്ങള്‍ കാണിക്കുന്നത്. ചന്ദ്രയാനും കാസ്സിനിയും തന്ന വിവരങ്ങളെ സ്ഥിരീകരിക്കാനും വികസിപ്പിക്കാനും ഹാര്‍ട്ലി-2 എന്ന വാല്‍നക്ഷത്രത്തെക്കുറിച്ച് പഠിക്കാന്‍ അയച്ച എപ്പോക്സി തന്ന വിവരങ്ങള്‍ക്ക് സാധിച്ചു. ഹാര്‍ട്ലിയിലേക്കുള്ള യാത്രക്കിടയ്ക്ക് ഇക്കഴിഞ്ഞ ജൂണില്‍ ചന്ദ്രനടുത്തുകൂടി ഈ പര്യവേഷണവാഹനം കടന്നുപോവുകയുണ്ടായി.

പുതിയ ചോദ്യങ്ങളാണ് ഈ കണ്ടെത്തല്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ചന്ദ്രനിലെ ഈ ജലം എവിടെ നിന്നും വന്നു? ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ചന്ദ്രന്റെ ധാതുഘടനയെ എങ്ങിനെ സ്വാധീനിക്കും? എല്ലാക്കാലത്തും ഈ ജലം നിലനിന്നിരുന്നോ? ഭാവിയിലും ഈ ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ഇതേപോലെ നിലനില്‍ക്കുമോ? ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങാനുള്ള ശ്രമങ്ങള്‍ക്ക് ഇത് എത്രത്തോളം സഹായകരമാണ്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ വരും കാലത്തെ പഠനങ്ങള്‍ക്കായി ഉയര്‍ന്നു വരുന്നു. ഓരോ കണ്ടെത്തലുകളും പുതിയ സമസ്യകള്‍ സൃഷ്ടിക്കുകയാണ് എന്നു സാരം.

Tuesday, September 1, 2009

ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം തേടി ഒരു ബഹിരാകാശദൌത്യം - നാസയുടെ MMS


ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം തേടി ഒരു ബഹിരാകാശദൌത്യം - നാസയുടെ MMSകാന്തത്തിന്റെ നിരവധി ഉപയോഗങ്ങള്‍ നമുക്കറിയാം. കാന്തികതയെക്കുറിച്ചും അതിന്റെ പ്രയോഗങ്ങളെക്കുറിച്ചുമെല്ലാം അറിയാം. പക്ഷേ ലളിതമായ ചില ചോദ്യങ്ങള്‍ക്ക് നമുക്ക് ഇന്നും ഉത്തരമില്ല. കാന്തികപുനര്‍ബന്ധം (Magnetic Reconnection) എന്ന പ്രപഞ്ചത്തില്‍ സാധാരണമായ പ്രതിഭാസത്തിന്റെ പൊരുളന്വേഷിച്ചാണ് ഇപ്പോള്‍ നാസയുടെ ശാസ്ത്രജ്ഞര്‍ പരീക്ഷണങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. സൂര്യനിലെ കാന്തികത വളരെയധികം പഠനവിഷയമായ ഒന്നാണ്. സൌരആളലുകളുടേയും(Solar Flares ) സൌരകളങ്കങ്ങളുടേയും(Sun Spots) കാരണങ്ങളിലൊന്ന് സൂര്യനിലെ കാന്തികതയാണ് എന്നത് വ്യക്തമാണ്. കാന്തികബലരേഖകളുടെ പുന്‍ബന്ധനമാണ് സൌരആളലുകള്‍ക്ക് വഴിതെളിക്കുന്നത്. കോടിക്കണക്കിന് ആറ്റം ബോബുകള്‍ക്ക് സമാനമായ ഊര്‍ജ്ജമാണ് ഓരോ കാന്തികപുനര്‍ബന്ധനവും സൌരആളലുകളിലൂടെ പുറത്തുവിടുന്നത്. ഭൂമിയില്‍ ഇത് അറോറകള്‍ക്കും കാന്തികകൊടുങ്കാറ്റുകള്‍ക്കും കാരണമാകുന്നു. ഫ്യൂഷന്‍ റിയാക്ടറുകളില്‍ ഇത് വന്‍ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്.

പക്ഷേ ഇന്നും ശാസ്ത്രജ്ഞര്‍ക്ക് ഈ പ്രതിഭാസത്തിന്റെ പൊരുള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കാന്തികതയുടെ അടിസ്ഥാനം ലളിതമാണ്. കാന്തികബലരേഖകള്‍ പരസ്പരം കൂട്ടിമുട്ടുകയും പരസ്പരം നശിച്ച് ഊര്‍ജ്ജം മുഴുവന്‍ പുറത്തുവിടുകയും ചെയ്യുന്നു. ഈ കാന്തികഊര്‍ജ്ജം താപമായും ചാര്‍ജ്ജ് കണങ്ങളുടെ ഗതികോര്‍ജ്ജമായും പുറത്തുവരുന്നു. കാന്തികപുനര്‍ബന്ധം എന്തുകൊണ്ട് ഇത്രയധികം ഊര്‍ജ്ജം പുറത്തുവിടാന്‍ കാരണമാകുന്നു എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യമായി ബാക്കി നില്‍ക്കുന്നത്. സിമുലേഷനുകളിലൂടെയും പരീക്ഷണശാലകളിലെ പരീക്ഷണങ്ങളിലൂടെയും ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഇതു വരെ നമുക്കതിന് കഴിഞ്ഞിട്ടില്ല.(കാന്തികപുനര്‍ബന്ധം വിശദമാക്കുന്ന ചിത്രം. ----കടപ്പാട് നാസ)


ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താനാണ് നാസ ഭൂമിയിലെ ചെറിയ പരീക്ഷണശാലകള്‍ വിട്ട് ബഹിരാകാശത്തേക്ക് ചേക്കേറേന്‍ പോകുന്നത്. മാഗ്നറ്റോസ്ഫെറിക്ക് മള്‍ട്ടിസ്കെയില്‍ മിഷന്‍ (Magnetospheric Multiscale Mission - MMS)എന്നാണ് ഈ പുതിയ ദൌത്യത്തിന്റെ പേര്. നാല് ബഹിരാകാശ വാഹനങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തിലൂടെ പറന്നു നടന്ന് കാന്തികപുനര്‍ബന്ധത്തെക്കുറിച്ച് വിശദമായി പഠിക്കും. 2009 ജൂണില്‍ അംഗീകരിക്കപ്പെട്ട ഈ പ്രൊജക്റ്റുമായി നാസയിലെ ശാസ്ത്രജ്ഞര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശയാനത്തിന്റെ പണി അവര്‍ ആരംഭിച്ചു കഴിഞ്ഞു.

കാന്തികപുനര്‍ബന്ധം പഠിക്കാനുള്ള ഏറ്റവും മികച്ചതും പ്രകൃതിദത്തവുമായ പരീക്ഷണശാലയാണ് ഭൂമിയുടെ മാഗ്നറ്റോസ്ഫിയര്‍. ഇത്രയും വലുതും കാന്തികപുനര്‍ബന്ധം തുടര്‍ച്ചയായി നടക്കുന്നതുമായ മറ്റൊരു പരീക്ഷണശാല ഇന്ന് അപ്രാപ്യമാണ് എന്നു തന്നെ പറയാം. ഭൂമിയുടെ മാഗ്നറ്റോസ്ഫിയറിന്റെ പുറം പാളികളില്‍ ,സൌരക്കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലവുമായി സമ്പര്‍ക്കത്തില്‍ വരുന്നയിടങ്ങളില്‍ ആണ് കാന്തികപുനര്‍ബന്ധം നടക്കുന്നത്. ഭൂമിയേയും സൂര്യനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന താത്കാലിക കാന്തിക പോര്‍ട്ടലുകള്‍ തന്നെ ഇവിടെ സൃഷ്ടിക്കപ്പെടുന്നു. അറോറയ്ക്കും മറ്റും കാരണമാകുന്ന പ്ലാസ്മ അവസ്ഥയിലുള്ള ഉന്നതഊര്‍ജ്ജ കണങ്ങളെ ഭൂമിയിലേക്ക് തള്ളിവിടുന്നതില്‍ ഈ കാന്തികപുനര്‍ബന്ധത്തിനുള്ള പങ്ക് വളരെ വലുതാണ്.


(കാന്തികപുനര്‍ബന്ധത്തെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിക്കുന്ന പേടകങ്ങളിലൊന്നിന്റെ ഘടന)


നാല് ബഹിരാകാശനിലയങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നര മീറ്ററോളം വ്യാസവും ഒന്നേകാല്‍ മീറ്ററോളം ഉയരവുമുള്ളതാണ് ഈ പര്യവേഷണയാനങ്ങള്‍. വൈദ്യുതകാന്തിക ക്ഷേത്രത്തേയും ചാര്‍ജ്ജിത കണങ്ങളേയും നിരീക്ഷിക്കാനും പഠിക്കാനുമുള്ള ഉപകരണങ്ങള്‍ തയ്യാറാക്കുന്നത് വിവിധ യൂണിവേഴ്സിറ്റികളാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ ഉപകരണങ്ങളെ ഹൊഡാര്‍ഡ്ഡ് സ്പേസ് സെന്ററില്‍ വച്ചായിരിക്കും ബഹിരാകാശയാനവുമായി കൂട്ടിയിണക്കുന്നത്. അറ്റ്ലസ്സ് - V റോക്കറ്റ് ഉപയോഗിച്ച് 2014 ലാണ് വിക്ഷേപണം നടത്താന്‍ ലക്ഷ്യമിടുന്നത്.( എം.എം.എസ് - കാന്തികപുനര്‍ബന്ധത്തെക്കുറിച്ച് പഠിക്കുന്ന നാല് പര്യവേഷണപേടകങ്ങള്‍. - ഒരു ചിത്രകാരഭാവന ---- കടപ്പാട് നാസ )

എം.എം.എസ് കണ്ടെത്തുന്ന ഭൌതികശാസ്ത്രത്തിലെ ഓരോ നിയമങ്ങളും ഭൂമിയിലെ ഊര്‍ജ്ജപ്രതിസന്ധിക്കുള്ള പരിഹാരമായിത്തീരാനാണ് സാധ്യത. ശുദ്ധമായതും പരിസ്ഥിതി മലിനീകരണം കുറഞ്ഞതുമായ ഊര്‍ജ്ജസ്രോതസ്സാണ് ന്യൂക്ലിയാര്‍ ഫ്യൂഷന്‍. ടോക്കോമാക്ക്(Tokamak) എന്നറിയപ്പെടുന്ന വന്‍ വൈദ്യുതകാന്തങ്ങള്‍ ഉപയോഗിച്ചാണ് ഇന്ന് പരീക്ഷണശാലകളില്‍ ന്യൂക്ലിയാര്‍ ഫ്യൂഷന്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നത്. ഉന്നതമായ ഊഷ്മാവില്‍ സ്ഥിതിചെയ്യുന്ന പ്ലാസ്മ അവസ്ഥയിലുള്ള ഇന്ധനത്തെ സൂക്ഷിക്കാന്‍ പറ്റിയ മറ്റ് പാത്രങ്ങളൊന്നും തന്നെ ഇന്ന് കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും ടോക്കോമാക്ക് ഉപയോഗിച്ചിട്ടു പോലും പ്ലാസ്മയെ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കാന്തികപുനര്‍ബന്ധമാണ് ഇവിടെയും പ്രശ്നമുണ്ടാക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത്. 'ഈര്‍ച്ചവാള്‍ തകര്‍ച്ച' (sawtooth crash) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം പലപ്പോഴും ഉന്നത താപനിലയിലും മര്‍ദ്ദത്തിലും ഉള്ള പ്ലാസ്മ അവസ്ഥയിലുള്ള ഇന്ധനം ടോക്കോമാക്കില്‍ നിന്നും രക്ഷപ്പെട്ടു പോകാന്‍ കാരണമാകുന്നു. അത്യന്തം അപകടകരമായ അവസ്ഥയാണിത്. നിയന്ത്രിത ന്യൂക്ലിയാര്‍ ഫ്യൂഷന്‍ എന്ന സ്വപ്നത്തിന് തടസ്സമായി നില്‍ക്കുന്നതും ഈ ഒരു പ്രതിഭാസമാണ്.

ടോക്കമാക്കില്‍ കാന്തികപുനര്‍ബന്ധം നടക്കുന്നുണ്ടെങ്കിലും വളരെ ചെറിയ ഒരു വിസ്തൃതിയില്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്. ഏതാനും മില്ലിമീറ്ററുകള്‍ മാത്രം വ്യാപ്തത്തില്‍ നടക്കുന്ന ഈ കാന്തികപുനര്‍ബന്ധത്തെക്കുറിച്ച് പഠിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഭൂമിയുടെ കാന്തികക്ഷേത്രത്തില്‍ നടക്കുന്ന പുനര്‍ബന്ധം കിലോമീറ്ററുകള്‍ വിസ്തൃതമായ പ്രദേശത്താണ് നടക്കുന്നത്. ഈ പ്രദേശത്തേക്ക് കടന്നു ചെന്ന് വലിയ സംവേദിനികള്‍ ഉപയോഗിച്ച് പ്രതിഭാസത്തിന്റെ കാരണം തേടാന്‍ ഇത് സഹായകരമാകുന്നു. ബഹിരാകാശവാഹനങ്ങളെ ഈ പഠനത്തിനായി ഉപയോഗിക്കാനുള്ള കാരണവും ഇത് തന്നെയാണ്.

ഊര്‍ജ്ജപ്രതിസന്ധിക്ക് ഒരുത്തരം കൂടി ലഭിക്കാന്‍ ഒരു പക്ഷേ ഈ പര്യവേഷണം നമുക്ക് സഹായകരമായേക്കാം. ന്യൂക്ലിയാര്‍ ഫ്യൂഷന്‍ റിയാക്ടറുകള്‍ ഇന്നും ശാസ്ത്രജ്ഞരുടെ സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ്. ഉന്നതഊഷ്മാവും മര്‍ദ്ദവും വേണ്ടിവരുന്ന ന്യക്ലിയാര്‍ ഫ്യൂഷന്‍ നിയന്ത്രിതമായി നടത്തി അതില്‍ നിന്നും ഊര്‍ജ്ജം കറന്നെടുക്കുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയാണ്. ആ വെല്ലുവിളികള്‍ക്ക് ഒരു പരിഹാരമാകാന്‍ MMS ന് കഴിയട്ടെ എന്ന് ഒരു ഹരിതഊര്‍ജ്ജം സ്വപ്നം കണ്ട് നമുക്കാശിക്കാം.

അവലംബം - http://science.nasa.gov/headlines/y2009/31aug_mms.htm?list1116674

Friday, August 28, 2009

കൊതുകുകടിയേല്‍ക്കാത്ത നാളുകള്‍ വരുന്നൂ...


ശാസ്ത്രസാങ്കേതികവിദ്യകളിലൂടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും മീതെ മനുഷ്യന്‍ ആധിപത്യം സ്ഥാപിച്ചിട്ടും ഒരിക്കലും തോല്‍ക്കാതെ നമ്മോട് പൊരുതിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചുജീവിയാണ് കൊതുക്. കൊതുകുകടിയേല്‍ക്കാത്ത ആരും തന്നെ ഉണ്ടാകുമെന്നു തോന്നുന്നില്ല. കൊതുക് പരത്തുന്ന രോഗങ്ങളിലൂടെ ദിനം പ്രതി രോഗികളാകുന്നവരും മരിക്കുന്നവരും നിരവധിയാണ്. കൊതുകിനെ തുരത്താന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ നാം അവലംബിച്ചിട്ടുണ്ട്. കൊതുകുവലകളും , കൊതുകുതിരികളും തുടങ്ങി നിരവധി വ്യത്യസ്ഥ ഉല്‍പ്പന്നങ്ങളാണ് നാം വാങ്ങിച്ചു കൂട്ടുന്നത്. ഇതില്‍ പലതും വിഷമയവും പരിസരമലിനീകാരികളും കൂടിയാണ്. ഇപ്പോഴിതാ കൊതുകുനെ തുരത്താന്‍ മറ്റൊരു നൂതന സംവിധാനവുമായി റിവര്‍സെഡ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നു. പഴയീച്ചകളില്‍ നടത്തിയ പഠനമാണ് കൊതുകകള്‍ക്കെതിരേ പരിസ്ഥിതി സൌഹാര്‍ദ്ദപരവും ചിലവുകുറഞ്ഞതുമായ പുതിയ കണ്ടുപിടുത്തത്തിലേക്ക് വഴി തെളിച്ചത്.

അപകടഭീതിയുണ്ടാകുമ്പോള്‍ പഴയീച്ചകള്‍ കാര്‍ബണ്‍ഡയോക്സൈഡ് വാതകം പുറത്തു വിടും. ഇത് മറ്റ് പഴയീച്ചകള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. പഴയീച്ചയുടെ തലയിലുള്ള ആന്റിന (കൊമ്പ്) കാര്‍ബണ്‍ഡയോക്സെഡിനെ തിരിച്ചറിയാനുള്ള മികച്ച ഒരു സംവേദിനിയാണ്. ഈ ആന്റിനയിലുള്ള ന്യൂറോണുകള്‍ നല്‍കുന്ന സന്ദേശം ആ സ്ഥലത്തു നിന്നും മാറിനില്‍ക്കാന്‍ പഴയീച്ചകളെ പ്രേരിപ്പിക്കും. പക്ഷേ വിചിത്രമെന്നു പറയട്ടെ പഴങ്ങളും മറ്റ് ഫലവര്‍ഗ്ഗങ്ങളും കാര്‍ബണ്‍ഡയോക്സൈഡ് പുറത്തുവിടുന്നുണ്ട്. എന്നാല്‍ ഇവിടെ യാതൊരു അപകടഭീതിയുമില്ലാതെ പഴയീച്ചകള്‍ ഒത്തുകൂടുകയും ചെയ്യും. ശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ ഇത് ഒരു പ്രഹേളികയായിരുന്നു.

എന്റമോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ആനന്ദശങ്കര്‍ റേയും അദ്ദേഹത്തിന്റെ ശിഷ്യയായ സ്റ്റിഫാനി ടര്‍ണറും ചേര്‍ന്ന് ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തിയിരിക്കുന്നു. പഴങ്ങള്‍ പഴുക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേകതരം ഗന്ധമുള്ള രാസവസ്തുവിനെ ഇവര്‍ തിരിച്ചറിഞ്ഞു. പഴയീച്ചകളുടെ കാര്‍ബണ്‍ഡയോക്സൈഡ് തിരിച്ചറിയാന്‍ സഹായിക്കുന്ന ന്യൂറോണിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ ഈ രാസവസ്തുവിന് കഴിയുന്നു എന്ന് പരീക്ഷണങ്ങളിലൂടെ ഇവര്‍ കണ്ടെത്തി. പ്രത്യേക ഗന്ധമുണ്ടാക്കുന്ന ഹെക്സനോള്‍, 2,3 ബ്യൂട്ടെയ്നിഡിയോണ്‍ എന്നീ രാസവസ്തുക്കളാണ് പഴയീച്ചയുടെ ന്യൂറോണിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ സഹായിക്കുന്നത്.

പഴയീച്ചയില്‍ നടത്തിയ ഈ കണ്ടെത്തല്‍ ക്യൂലക്സ് കൊതുകുകള്‍ക്കെതിരേ ഉപയോഗിക്കാവുന്നതാണ് എന്ന് ആനന്ദശങ്കറും സ്റ്റിഫാനിയും അവകാശപ്പെടുന്നു. ക്യൂലക്സ് കൊതുകുകളിലും കാര്‍ബണ്‍ഡയോക്സൈഡ് തിരിച്ചറിയാനുള്ള ന്യൂറോണുകള്‍ ഉണ്ട്. പഴയീച്ച കാര്‍ബണ്‍ഡയോക്സൈഡിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് അവിടെ നിന്നും രക്ഷപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍ ക്യൂലക്സ് കൊതുകുകള്‍ മനുഷ്യസാന്നിദ്ധ്യം തിരിച്ചറിയാനാണ് ഈ കഴിവ് ഉപയോഗിക്കുന്നത്. മനുഷ്യന്റെ ശ്വസനപ്രക്രിയയില്‍ പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്സൈഡ് ആണ് ക്യൂലക്സ് കൊതുകുകളെ നമ്മിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. കൊതുകുകളുടെ ന്യൂറോണുകളെ പ്രവര്‍ത്തനരഹിതമാക്കാനുള്ള കഴിവുള്ള ഹെക്സനോളിനേയും ബ്യുട്ടനാളിനേയും തിരിച്ചറിയാന്‍ ആനന്ദശങ്കറിനും സ്റ്റിഫാനിക്കും കഴിഞ്ഞു. ഈ കണ്ടെത്തല്‍ കൊതുകിനെ അകറ്റിനിര്‍ത്താനുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് പുതിയ ഒരു തലം നല്‍കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ആഗസ്റ്റ് 26 ലെ നേച്ചര്‍ ജേര്‍ണലിലാണ് ഇവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അവലംബം
http://newsroom.ucr.edu/news_item.html?action=page&id=2155

Tuesday, August 18, 2009

ജീവന്റെ അടിസ്ഥാന ശിലയുമായി ഒരു വാല്‍നക്ഷത്രം...


ജീവന്റെ അടിസ്ഥാന ശിലയുമായി ഒരു വാല്‍നക്ഷത്രം...


ഭൌമേതരജീവന്‍ എന്നത് ശാസ്ത്രകല്പിത കഥകളിലെ സജീവമായ വിഷയമാണ്. അവരുടെ ഭാവനക്ക് ചിറകു വിരിക്കാന്‍ ഇപ്പോള്‍ മറ്റൊരു കാരണം കൂടി. ജീവന്റെ അടിസ്ഥാനശിലകളായ പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്ന അമിനോ ആസിഡുകള്‍ സൌരയൂഥത്തില്‍ എവിടെയെങ്കിലും കണ്ടെത്താനായി ശാസ്ത്രജ്ഞര്‍ ശ്രമിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. ഇത്തരം അമിനോ അസിഡുകളിലൊന്നായ ഗ്ലൈസിന്‍ എന്ന രാസവസ്തുവിനെ ഒരു വാല്‍നക്ഷത്രത്തില്‍ കണ്ടെത്തിയിരിക്കുന്നു. ജീവിവര്‍ഗ്ഗങ്ങള്‍ പ്രോട്ടീന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അമിനോ അമ്ളമാണ് ഗ്ലൈസിന്‍. ഇതാദ്യമായാണ് ഒരു വാല്‍നക്ഷത്രത്തില്‍ ഗ്ലൈസിന്‍ കണ്ടെത്തുന്നത്.

ഭൂമിയിലെ ജീവന്‍ ഉടലെടുത്തത് വാല്‍നക്ഷത്രങ്ങള്‍ കൊണ്ടുവന്ന കാര്‍ബണികസംയുക്തങ്ങളില്‍ നിന്നുമാണ് എന്ന ഒരു വാദം നിലവിലുണ്ട്. ആ വാദത്തിനെ ബലപ്പെടുത്തുന്ന ഒരു കണ്ടെത്തലാണ് നാസ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 2009 ആഗസ്റ്റ് 16 ന് അമേരിക്കയിലെ വാഷിംഗ്ടണ്‍ ആസ്ഥാനമായ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയിലാണ് ഇതു സംബന്ധിച്ച ഗവേഷണപ്രബന്ധം അവതരിപ്പിക്കപ്പെട്ടത്.(സ്റ്റാര്‍ഡസ്റ്റ് പേടകം വാല്‍നക്ഷത്രത്തിനടുത്തു കൂടി സഞ്ചരിച്ച് സാമ്പിളുകള്‍ ശേഖരിക്കുന്നു. ഒരു ചിത്രകാരഭാവന. കടപ്പാട്-നാസ-JPL)


ജീവന്‍ എന്ന പ്രതിഭാസം ഭൂമിയില്‍ മാത്രമല്ല പ്രപഞ്ചത്തില്‍ എല്ലായിടത്തും കാണപ്പെടാം എന്ന ആശയത്തിന് ബലം നല്‍കുന്നതാണ് ഈ കണ്ടെത്തല്‍. ജീവന്‍ പ്രപഞ്ചത്തില്‍ അപൂര്‍വ്വമായ ഒന്നല്ല എന്ന് കരുതേണ്ടിവരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷകര്‍ പറയുന്നത്.
ശരീരത്തിനെ നിലനിര്‍ത്തുന്നതു തന്നെ പ്രോട്ടീനുകളാണ്. വിവിധതരത്തിലുള്ള പ്രോട്ടീനുകളുടെ പ്രവര്‍ത്തനം മൂലമാണ് ശരീരത്തിലെ രാസപ്രക്രിയകള്‍ നിയന്ത്രിക്കപ്പെടുന്നതും. ദശലക്ഷക്കണക്കിന് വരുന്ന ഈ വ്യത്യസ്ഥ പ്രോട്ടീനുകളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് വെറും ഇരുപത് അമിനോ ആസിഡുകളുടെ വിവിധ തരത്തിലുള്ള കൂടിച്ചേരലുകള്‍ മൂലമാണ്.

സ്റ്റാര്‍ഡസ്റ്റ് എന്ന ദൌത്യമായിരുന്നു ഈ കണ്ടെത്തലിനു പിന്നില്‍. വൈല്‍ഡ് - 2 എന്ന വാല്‍നക്ഷത്രത്തിന്റെ പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനാണ് സ്റ്റാര്‍ഡസ്റ്റ് എന്ന ദൌത്യം ആസൂത്രണം ചെയ്തത്. 1999 ഫെബ്രുവരി 7 ന് വിക്ഷേപിച്ച സ്റ്റാര്‍ഡസ്റ്റ് പേടകം ചന്ദ്രനുമപ്പുറത്തുള്ള ഒരു സ്ഥലത്തു നിന്നും എന്തെങ്കിലും ഒരു പദാര്‍ത്ഥം ഭൂമിയിലെത്തിക്കാനുള്ള ആദ്യ ദൌത്യമായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ജാനുവരി 2 ന് ഈ പേടകം വൈല്‍ഡ് 2 എന്ന ധൂമകേതുവിന്റെ അടുത്തെത്തി. ഐസ് നിറഞ്ഞ ധൂമകേതുവിന്റെ കേന്ദ്രത്തിനു ചുറ്റുമുള്ള പൊടിപടലത്തിനും വാതകങ്ങള്‍ക്കും ഇടയിലൂടെ സ്റ്റാര്‍ഡസ്റ്റ് കടന്നു പോയി. എയറോജെല്‍ എന്നറിയപ്പെടുന്ന സ്പോഞ്ച് പോലെയുള്ള സ്വീകരണി ഉപയോഗിച്ച് ധൂമകേതുവിന് ചുറ്റുമുള്ള വാതകങ്ങളും പൊടിയും സ്റ്റാര്‍ഡസ്റ്റ് ശേഖരിച്ചു. പ്രത്യേകരീതിയിലുള്ള പേടകത്തില്‍ സുരക്ഷിതമായി അടക്കം ചെയ്ത ഈ ധൂമകേതു പദാര്‍ത്ഥം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ജാനുവരി 15 ന് തിരിച്ച് ഭൂമിയിലെത്തിച്ചു. പ്രത്യേകം തയ്യാറാക്കിയ പാരച്യൂട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഈ തിരിച്ചിറക്കല്‍. അന്നു മുതല്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഈ പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള പഠനത്തിലായിരുന്നു.


(2006 ല്‍ സ്റ്റാര്‍ഡസ്റ്റ് എയറോജെല്‍ അടക്കം ചെയ്ത പേടകം ഭൂമിയില്‍ തിരിച്ചിറങ്ങിയപ്പോള്‍. വളരെ ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രത്തിനായി ചിത്രത്തില്‍ അമര്‍ത്തുക. കടപ്പാട് - നാസ)

ധൂമകേതുവിന്റെ സാംപിള്‍ ശേഖരിച്ചിരിക്കുന്ന എയറോജെല്‍ സൂക്ഷിച്ച പേടകത്തിന്റെ വശങ്ങളിലുള്ള അലൂമിനിയം ഫോയില്‍ ആണ് ഇവര്‍ പരിശോധനക്ക് വിധേയമാക്കിയത്. എയറോജെല്ലില്‍ കൂടി കടന്നുപോകുന്ന പൊടിയും വാതകങ്ങളും അലൂമിനിയം ഫോയിലിലും കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ട് എന്ന നിഗമനത്തിലായിരുന്നു പരിശോധന. ആ നിഗമനം തെറ്റിയില്ല. എയറോജെല്ലിലെ പദാര്‍ത്ഥം പരിശോധിക്കാതെ തന്നെയുള്ള പരീക്ഷണമായതിനാല്‍ അതി സൂഷ്മമായ ഉപകരണങ്ങള്‍ വേണ്ടിയിരുന്നു. ഈ സാംപിള്‍ പഠിക്കുവാനുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനും ഗവേഷണത്തിനും തന്നെ രണ്ടു വര്‍ഷം എടുത്തു എന്നാണ് നാസ പറയുന്നത്. പദാര്‍ത്ഥത്തിലെ ഓരോ തന്മാത്രകളെക്കുറിച്ചും പഠിക്കാന്‍ കഴിയുന്ന ഉപകരണങ്ങളായിരുന്നു ആവശ്യം. ഭൂമിയിലെ ഒരു തരത്തിലുള്ള പദാര്‍ത്ഥങ്ങളും ധൂമകേതു സാംപിളില്‍ കയറിക്കൂടരുത്. അത്രക്ക് സൂഷ്മമായും സുരക്ഷിതമായും ചെയ്ത പഠനങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രജ്ഞരേയും ശാസ്ത്രകുതുകികളേയും ആവേശം കൊള്ളിക്കുന്ന ഈ വാര്‍ത്ത പുറത്തുവന്നത്.(സ്റ്റാര്‍ഡസ്റ്റിലെ എയറോജല്‍ സംവിധാനം. വാതകകണങ്ങളും പൊടിയും ഇടിക്കുന്നത് വെള്ളനിറത്തില്‍ കാണിച്ചിരിക്കുന്നു. എയറോജെല്‍ പച്ചനിറത്തില്‍. - ഒരു ചിത്രകാരഭാവനാ ചിത്രം - കടപ്പാട് - നാസ-JPL)
നേരത്തേ എയറോജെല്ലില്‍ ഉള്ള ധൂമകേതുവിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഗ്ലൈസിന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഭൂമിയില്‍ എത്തിയ ശേഷം ഏതെങ്കിലും തരത്തില്‍ മലിനീകരിക്കപ്പെട്ട് വന്നതാണോ എന്ന സംശയം ശാസ്ത്രജ്ഞര്‍ക്കുണ്ടായി. ഐസോടോപ്പിക്ക് പരിശോധനയാണ് ഭൌമേതര ഗ്ലൈസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ ന്യൂട്രോണുകളുടെ എണ്ണത്തില്‍ വരുന്ന വ്യതിയാനമാണ് ഐസോടോപ്പുകളെ സൃഷ്ടിക്കുന്നത്. കാര്‍ബണ്‍ ആറ്റത്തിന്റെ കാര്യത്തില്‍ ആറ് ന്യൂട്രോണും ആറ് പ്രോട്ടോണും ആണ് ന്യൂക്ലിയസ്സിനുള്ളില്‍ സാധാരണ കണ്ടുവരുന്നത്. എന്നാല്‍ ആറ് പ്രോട്ടോണും ഏഴ് ന്യൂട്രോണും ഉള്ള കാര്‍ബണ്‍ ആറ്റങ്ങളായിരുന്നു സ്റ്റാര്‍ഡസ്റ്റ് ശേഖരിച്ച സാമ്പിളിലെ ഗ്ലൈസിനില്‍ ഉണ്ടായിരുന്നത്. കാര്‍ബണ്‍ -13 എന്നറിയപ്പെടുന്ന ഐസോടോപ്പിന്റെ അധികമായ സാന്നിദ്ധ്യമാണ് ഗ്ലൈസിന്റെ ഉറവിടം ഭൌമേതരം ആണ് എന്ന് ഉറപ്പിച്ചു പറയാന്‍ നാസ കാരണമായെടുത്തത്.

നമുക്ക് കാത്തിരിക്കാം.... ജീവന്റെ ഉറവിടം തേടിയുള്ള യാത്രയില്‍ നമ്മുടെ സഹയാത്രികരെ കണ്ടെത്തുന്ന കാലത്തിനായി...

അവലംബം
http://www.nasa.gov/mission_pages/stardust/news/stardust_amino_acid.html

Sunday, August 16, 2009

നമ്മുടെ വീടുകള്‍ പവ്വര്‍ ഹൌസുകളാക്കാന്‍ ദേശീയ സൌര ദൌത്യം വരുന്നൂ..

ദേശീയ സൌര ദൌത്യം
(National Solar Mission)

ഇന്ത്യ ദേശീയ സൌര ദൌത്യത്തിലൂടെ സൌരഊര്‍ജ്ജരംഗത്ത് വലിയ ഒരു കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുകയാണ്. സൌരഭാരതം എന്ന പേരില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ കരട് രൂപമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് . 2020 ഓടെ 20GW സൌരഊര്‍ജ്ജം ഉത്പാദിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ നിലവിലുള്ള ആകെ ഊര്‍ജ്ജഉത്പാദനം 150GW ഓളമാണ്. 2030 ഓടെ 100GW ആയും 2050 ഓടെ 200GW ആയും ഈ ഉത്പാദനം വര്‍ദ്ധിപ്പിക്കണം എന്നു ദേശീയ സൌര ദൌത്യം ലക്ഷ്യമിടുന്നു. ദേശീയ സൌര ദൌത്യത്തിന്റെ കരട് തികച്ചും ആശാവഹമായ നേട്ടങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഇന്ന് ലോകത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന സൌരോര്‍ജ്ജവൈദ്യുതി 14GW മാത്രമാണ് എന്നറിയുമ്പോഴാണ് ഈ പദ്ധതിയുടെ വ്യാപ്തി മനസ്സിലാവുക. ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷന്‍ എന്ന ഈ പദ്ധതി നവംമ്പര്‍ 14 ന് ആരംഭിക്കും എന്നാണ് അറിയുന്നത്. കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ചിട്ടുള്ള ദേശിയ പദ്ധതി (National Action Plan on Climate Change ) യുടെ ഭാഗമായ ഏഴു ദൌത്യങ്ങളില്‍ ഒന്നാണ് ദേശീയ സൌര ദൌത്യം. രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളായ വീടുകളില്‍ നിന്നു തന്നെ കാലാവസ്ഥാ മാറ്റത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കയ്യോടെ നടന്ന National Action Plan on Climate Change ന്റെ നിര്‍ദ്ദേശം. ആ നിര്‍ദ്ദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുകയാണിവിടെ.

1900 കോടി ഡോളര്‍ (ഏതാണ്ട് ഒരു ലക്ഷം കോടി രൂപ) ആണ് പദ്ധതിയുടെ ആകെ ചിലവ്.

 • 2020 വരെയാണ് സൌര ദൌത്യത്തിന്റെ കാലയളവ്
 • 2012 ഓടെ 1 മുതല്‍ 1.5 വരെ GW ഊര്‍ജ്ജം ഉത്പാദിപ്പിക്കും
 • 2017 ഓടെ 6 മുതല്‍ 7 വരെ GW വരെയാക്കി ഇത് വര്‍ദ്ധിപ്പിക്കും
 • 2020 ഓടെ ഇത് ലക്ഷ്യമിടുന്ന 20GW ആക്കി ഉയര്‍ത്തണമെന്നും പദ്ധതിയുടെ കരട് നിര്‍ദ്ദേശിക്കുന്നു.

സൌരപാനലുകള്‍ക്ക് ഇന്ന് നിലവിലുള്ള ഉയര്‍ന്ന നിര്‍മ്മാണ ചിലവ് ഉത്പാദനവര്‍ദ്ധനവിലൂടെ കുറയ്ക്കാനും പദ്ധതിയില്‍ പണം വിനിയോഗിക്കുന്നുണ്ട്. നിര്‍മ്മാണം, സ്ഥാപിക്കല്‍, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഈ പണം വിനിയോഗിക്കും

ദേശീയ സൌര ദൌത്യം ഒറ്റ നോട്ടത്തില്‍

 • ദൌത്യത്തിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ 2030 ഓടെ 100GW പവ്വര്‍ ഉത്പാദിപ്പിക്കണമെന്നും കരട് നിര്‍ദ്ദേശിക്കുന്നു. അന്നത്തെ പ്രതീക്ഷിത ഊര്‍ജ്ജ ഉപഭോഗത്തിന്റെ 10 ശതമാനത്തോളം വരും ഈ ഊര്‍ജ്ജ ഉത്പാദനം

 • ഏകീകൃത സംവിധാനങ്ങളിലൂടെയും (സൌര ഊര്‍ജ്ജ നിലയങ്ങള്‍) വികേന്ദ്രീകൃത സംവിധാനങ്ങളിലൂടെയും (ഗാര്‍ഹികമായ ഉത്പാദനവും ഗ്രിഡ് കണക്റ്റിവിറ്റിയും) സൌരോര്‍ജ്ജത്തിന്റെ വിനിയോഗം ഇത് പ്രതീക്ഷിക്കുന്നു.

 • 4.2 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലെത്തുന്നത് തടയാന്‍ ഈ പദ്ധതിമൂലം സാധിക്കും. കൂടാതെ രണ്ടു കോടി സൌരവിളക്കുകളിലൂടെ എല്ലാവര്‍ഷവും നൂറുകോടി ലിറ്റര്‍ മണ്ണെണ്ണ വീതം ചിലവാകുന്നതും തടയാന്‍ കഴിയും.

 • ഹോട്ടലുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സൌരഊര്‍ജ്ജത്തിന്റെ ഉപയോഗം നിര്‍ബന്ധമാക്കും.

 • 2012 ഓടെ 30 ലക്ഷം വീടുകളെ സൌരഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതീകരിക്കാനും കരട് രേഖ ലക്ഷ്യമിടുന്നു.

സൌരതാപം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും കരട് രേഖയിലുണ്ട്.


നാല് തലങ്ങളെയാണ് ദൌത്യം പരിശോധിക്കുന്നത്.

 1. വ്യാപ്തി,
 2. പാരിസ്ഥിതിക ആഘാതം,
 3. ഊര്‍ജ്ജസ്രോതസ്സിന്റെ സുരക്ഷ,
 4. ചിലവ്
എന്നീ തലങ്ങളില്‍ പഠനങ്ങള്‍ നടത്തിയ ശേഷമാണ് കരട് രേഖ പുറത്തുവിട്ടിരിക്കുന്നത്.

വ്യാപ്തി

ഭാരതത്തില്‍ 5000 ലക്ഷം കോടി KWh ഊര്‍ജ്ജം (അന്‍പത് ലക്ഷം GW ഊര്‍ജ്ജം ഓരോ സെക്കന്റിലും) സൂര്യനില്‍ നിന്നും ലഭിക്കുന്നുണ്ട്. ഭാരതത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരു ചതുരശ്രമീറ്ററില്‍ നാലു മുതല്‍ ഏഴു വരെ KWh സൌരോര്‍ജ്ജം ഒരു ദിവസം ലഭിക്കുന്നുണ്ട്. ഇതിന്റെ വളരെ ചെറിയ ഒരംശം പോലും ഭാരതത്തിന്റെ എത്ര വലിയ ഊര്‍ജ്ജ ആവശ്യങ്ങളേയും നിറവേറ്റാന്‍ പര്യാപ്തമാണ്. അതു കൊണ്ടു തന്നെ സൌരോര്‍ജ്ജത്തിന്റെ വ്യാപ്തിയക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല.
ഈ ഊര്‍ജ്ജം താപോര്‍ജ്ജമായോ വൈദ്യുതോര്‍ജ്ജമായോ ഉപയോഗപ്പെടുത്താവുന്നതാണ്.

പാരിസ്ഥിതിക ആഘാതം
സൌരോര്‍ജ്ജത്തിന്റെ പാരിസ്ഥിതിക ആഘാതം ഏതാണ്ട് പൂജ്യമാണ് എന്നു തന്നെ പറയാന്‍ കഴിയും.

ഊര്‍ജ്ജസ്രോതസ്സിന്റെ സുരക്ഷ
ഏറ്റവും സുരക്ഷിതമായ ഊര്‍ജ്ജസ്രോതസ്സാണിത്. യാതൊരു വിധത്തിലുമുള്ള അപകടസാധ്യതക്കും സൌരോര്‍ജ്ജ ഉപയോഗം വഴിവെയ്ക്കുന്നില്ല.

ചിലവ്
ഇന്നത്തെ അവസ്ഥയില്‍ മറ്റുള്ള ഊര്‍ജ്ജഉത്പാദന രീതികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ചിലവ് കൂടുതല്‍ സൌരോര്‍ജ്ജത്തിനാണ്. എന്നാല്‍ വന്‍പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതോടെ ഇതിന്റെ ചിലവ് വളരെയധികമായി കുറയ്ക്കാന്‍ സാധിക്കും 2017-2020 ഓടെ ചിലവ് ഒരു യൂണിറ്റിന് (1 KWh) ന് നാലു മുതല്‍ അഞ്ച് വരെ രൂപയാക്കിക്കുറയ്ക്കാന്‍ കരട് രേഖ ലക്ഷ്യമിടുന്നു. നാനോസോളാര്‍ പോലുള്ള കമ്പനികളുടെ 1$/W എന്ന സോളാര്‍സെല്ലുകള്‍ ഈ ലക്ഷ്യം ബുദ്ധിമുട്ടേറിയതല്ല എന്ന് വെളിവാക്കുന്നു.

പ്രധാന ഉദ്ദേശ്യങ്ങള്‍
നാലെണ്ണമാണ് പ്രധാന ഉദ്ദേശ്യമായി കരടില്‍ സൂചിപ്പിച്ചിരിക്കുന്നത്.


 • 2020 ഓടെ 20GW സൌരഊര്‍ജ്ജം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2030 ഓടെ 100GW ആയും 2050 ഓടെ 200GW ആയും ഈ ഉത്പാദനം വര്‍ദ്ധിപ്പിക്കണം
 • 2020 ഓടെ ചിലവ് ഗണ്യമായി കുറയ്ക്കുക (നിലവിലെ ഗ്രിഡ് വൈദ്യുതിക്ക് സമാനമായി)
 • 2030 ഓടെ കല്‍ക്കരിയില്‍ നിന്നുമുള്ള ഊര്‍ജ്ജ ഉത്പാദനത്തിന് തുല്യമായി ചിലവ് എത്തിക്കുക
 • 4 മുതല്‍ 5 GW വരെ സ്ഥാപിത ശേഷി 2017 നുളളില്‍ എത്തിക്കുക.


മൂന്ന് ഘട്ടങ്ങളിലായാണ് ദേശീയ സൌര ദൌത്യം ആസൂത്രണം ചെയ്തിരിക്കുന്നത്

ഒന്നാം ഘട്ടം
2009 -2012 കാലയളവില്‍ നടക്കും
( 1 മുതല്‍ 1.5 വരെ സ്ഥാപിതശേഷി ഉണ്ടാക്കണം.)


 • വ്യാവസായിക അടിസ്ഥാനത്തിലുള്ള സൌരോര്‍ജ്ജ നിലയങ്ങള്‍ക്കായിരിക്കും ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുക. സൌരോര്‍ജ്ജ വൈദ്യുതിക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് എങ്കിലും സൌരതാപത്തെ ആശ്രയിച്ചുള്ള പദ്ധതികള്‍ക്കും പ്രോത്സാഹനം നല്‍കും.

 • സര്‍ക്കാര്‍ , പൊതുമേഖല സ്ഥാപനങ്ങളില്‍ സൌരവൈദ്യുതിയും സൌരഊര്‍ജ്ജവും നിര്‍ബന്ധമാക്കുന്ന പദ്ധതിയും ഇതേ കാലയളവില്‍ നടപ്പാക്കും. മേല്‍ക്കൂരകളെ സൌരോര്‍ജ്ജകേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതിയാണിത്. ഇവിടെത്തെ തന്ന വെറുതേ കിടക്കുന്നസ്ഥലങ്ങളും പാര്‍ക്കിംഗ് സ്ഥലങ്ങളും എല്ലാം ഇതേ പദ്ധതിക്കായി വിനിയോഗിക്കും.

 • ഇങ്ങിനെ ലഭിക്കുന്ന 30 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്തുനിന്നും 100MW (0.1 GW) ഊര്‍ജ്ജം ഇത്തരത്തില്‍ നിര്‍മ്മിക്കാന്‍ കഴിയും എന്നാണ് കണക്കുകൂട്ടുന്നത്.

 • ഇതേ രീതി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അനുവര്‍ത്തിക്കാവുന്നതാണ്. 70 കോടി ചതുരശ്ര മീറ്റര്‍ സ്ഥലം ഇത്തരത്തില്‍ ഉത്പാദനക്ഷമമായി നിലവിലുണ്ട് എന്നാണ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഒരു നിശ്ചിത ശതമാനം സൌരോര്‍ജ്ജ ഉത്പാദനത്തിനായി സ്വകാര്യസ്ഥാപനങ്ങള്‍ മാറ്റി വയ്ക്കും എന്നാണ് പ്രതീക്ഷ.

 • എല്ലാ താപവൈദ്യുത നിലയങ്ങളും ഉത്പാദനശേഷിയുടെ 5% സൌരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കേണ്ടതാണ് എന്നത് നിര്‍ബന്ധമാക്കും. 3 മുതല്‍ 4 GW ഊര്‍ജ്ജോത്പാദനശേഷിയുള്ള താപവൈദ്യുതനിലയങ്ങള്‍ എല്ലാ വര്‍ഷവും പുതിയതായി നിര്‍മ്മിക്കപ്പെടും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ 100 മുതല്‍ 200 MW വൈദ്യുതി വരെ എല്ലാ വര്‍ഷവും ഇത്തരത്തില്‍ ലഭ്യമാക്കാന്‍ കഴിയും. വൈദ്യുതോത്പാദനകേന്ദ്രങ്ങളായതിനാല്‍ സൌരോര്‍ജ്ജവൈദ്യുതിക്ക് വേണ്ടി മാത്രമായി പ്രത്യേകഗ്രിഡ് സംവിധാനങ്ങള്‍ ഇവിടെ ആവശ്യമില്ല.

 • നിലവിലുള്ള താപനിലയങ്ങളും അല്ലാത്തതുമായി നിലയങ്ങള്‍ക്കും ചുറ്റുമായി ധാരാളം സ്ഥലം വെറുതേ കിടക്കുന്നുണ്ട്. ഇവിടെയെല്ലാം സോളാര്‍ പവ്വര്‍ യൂണിറ്റുകള്‍ സ്ഥാപിക്കണം എന്നത് നിര്‍ബന്ധമാക്കും. എത്ര സ്ഥലം എടുക്കണം എന്നതെല്ലാം അതത് നിലയങ്ങള്‍ക്ക് നിര്‍ണ്ണയിക്കാവുന്നതാണ്. 800 മുതല്‍ 1000 MW വരെ ഊര്‍ജ്ജം ഇത്തരത്തിലും നിര്‍മ്മിക്കാനാവും.

 • പകല്‍ സമയത്ത് കുറവ് വരുന്ന പവ്വര്‍ ആവശ്യങ്ങള്‍ നിറവേറ്റുവാനായി ഇന്ന് ഡീസല്‍ വൈദ്യുത നിലയങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം സോളാര്‍ വൈദ്യുതിക്ക് പ്രോത്സാഹനം നല്‍കും. 20 മുതല്‍ 25 GW വൈദ്യുതി ഇത്തരത്തില്‍ ഡീസല്‍ നിലയങ്ങള്‍ ഇന്ന് നിര്‍മ്മിക്കുന്നുണ്ട്. 2020 ഓടെ ഇത് 60GW ആയി മാറും. ഒരു യൂണിറ്റ് വൈദ്യുതിക്ക് 13 മുതല്‍ 15 വരെ രൂപയാണ് ഇന്നത്തെ ഈ വൈദ്യുതിയുടെ നിരക്ക്. എന്നാല്‍ സൌരവൈദ്യുതിയുടെ നിരക്ക് ഇന്നു പോലും ഇതിനേക്കാള്‍ കുറവാണ്.

 • വൈദ്യുതിയുടെ മീറ്ററിംഗ് സംവിധാനങ്ങളില്‍ മാറ്റം വരുത്തും. പകല്‍സമയത്ത് സ്ഥാപനങ്ങളില്‍ നിര്‍മ്മിക്കുന്ന സൌരവൈദ്യുതി പൊതു ഗ്രിഡിലേക്ക് നല്‍കുന്നതിന് തിരിച്ച് പണം നല്‍കാനുള്ള സംവിധാനങ്ങള്‍ കൊണ്ടു വരും. ഇത് സൌരവൈദ്യുതിയെ നിര്‍ബന്ധമായും ആശ്രയിക്കേണ്ടി വരുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനമാകും.

 • രണ്ടോ മൂന്നോ സൌരതാപവൈദ്യുത നിലയങ്ങളും ഇന്ത്യയില്‍ ആരംഭിക്കും. പാര്യമ്പരഊര്‍ജ്ജവും സൌരോര്‍ജ്ജവും ഒരേപോലെ ഉപയോഗിക്കുന്ന ഹൈബ്രിഡ് താപനിലയങ്ങളും പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കും. 50 MW മുതല്‍ 200 MW വരെ വരുന്ന നിലയങ്ങളാണ് ഇത്തരത്തില്‍ നിര്‍മ്മിക്കുക.

 • ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പൈലറ്റ് പ്രോജക്റ്റുകളും ആരംഭിക്കും. വികേന്ദ്രീകൃത സൌരോര്‍ജ്ജ ഉത്പാദനത്തിനാണ് ഇത്തരം പൈലറ്റ് പ്രൊജക്റ്റുകള്‍ തുടങ്ങുക. ഇതിന് വികസിപ്പിച്ചായിരിക്കും അവസാനഘട്ടം പൂര്‍ത്തിയാക്കുന്നത്.

 • ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇതിന്റെ സാധ്യതകള്‍ പഠിക്കാനായും ഇതേ രീതിയില്‍ പൈലറ്റ് പ്രൊജക്റ്റുകള്‍ ആസൂത്രണം ചെയ്യും. ചെറിയ ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ മൈക്രോഡ്രിഡ് സംവിധാനം വഴിയാണ് എല്ലാ സ്ഥാപനങ്ങളേയും വീടുകളേയും വൈദ്യുതീകരിക്കുക.

 • 25KW മുതല്‍ 5MW വരെ ശേഷിയുള്ള ചെറിയ സൌരനിലയങ്ങള്‍ ഗ്രാമങ്ങളില്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇവിടെ നിലവിലുള്ള ഗ്രിഡുമായിട്ടായിരിക്കും ഇത് ബന്ധപ്പെടുത്തുക.

 • മൈക്രോഫിനാന്‍സ് വഴിയും മറ്റും മുപ്പത് ലക്ഷം ഭവനങ്ങളെ സൌരവൈദ്യുതീകരിക്കാനുള്ള ശ്രമങ്ങളും നടത്തും. 2012 ന് ഉള്ളില്‍ ഇത് പൂര്‍ത്തീകരിക്കുകയും ചെയ്യും. സൌരറാന്തലുകള്‍ വിതരണം ചെയ്യുന്നതിനായി 1200 കോടി രൂപ സര്‍ക്കാര്‍ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്.

 • സാധ്യമായ എല്ലാ സ്ഥലങ്ങളിലും സൌരജല താപിനികള്‍ വിന്യസിക്കാനും പദ്ധതിയുണ്ട്.

 • സൌരസാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കായി അതിനു വേണ്ടി മാത്രമുള്ള സോളാര്‍ ടെക്നോളജി പാര്‍ക്കുകകള്‍ തുടങ്ങണം. ഇവിടെ സോളാര്‍ സാങ്കേതികതയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കണം.


രണ്ടാം ഘട്ടം
(2012 - 2017)
6 മുതല്‍ 7GW വരെ ഉത്പാദനം


 • സൌരോര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി ഗ്രിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും

 • ഒന്നാം ഘട്ടത്തില്‍ നടന്ന പൈലറ്റ് പ്രൊജക്റ്റുകളെ വികസിപ്പിക്കും

 • സൌരതാപനിലയങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കും

 • ആധുനിക സൌരോര്‍ജ്ജ സാങ്കേതികവിദ്യകളെ കൂടുതല്‍ വികസിപ്പിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യും

 • സൌരവിളക്കുകളും സൌരതാപിനികളും വന്‍തോതില്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാനും പ്രോത്സാഹനം നല്‍കും. അതിന്റെ സബ്സിഡികള്‍ ഈ ഘട്ടത്തില്‍ എടുത്തു കളയും. എന്നാല്‍ മൈക്രോഫൈനാന്‍സ് തുടരുകയും ചെയ്യും.


മൂന്നാം ഘട്ടം
(2017 - 2020)
20GW ഉത്പാദനശേഷി


എല്ലാ പ്രവര്‍ത്തനങ്ങളേയും വന്‍തോതിലും ദ്രുതഗതിയിലും വികസിപ്പിക്കും. സബ്സിഡികള്‍ പൂര്‍ണ്ണയോ എതാണ്ട് പൂര്‍ണ്ണമായോ എടുത്തു കളയുകയും ചെയ്യും.

 • നിലവിലെ ഗ്രിഡ് സംവിധാനങ്ങള്‍ക്കനുസൃതമായി സൌരവൈദ്യുതിയുടെ താരിഫ് എത്തിക്കുക
 • ഊര്‍ജ്ജം സംഭരിച്ചു വയ്ക്കാനുള്ള സാങ്കേതികവിദ്യകള്‍ വ്യവസായികവത്കരിക്കും
 • സൌരസെല്ലുകളുടേയും സൌരതാപിനികളുടേയും സാങ്കേതികവിദ്യകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും വ്യവസായവത്കരിക്കുകയും ചെയ്യും.
 • 3KW ശേഷിയുള്ള പത്തുലക്ഷം മേല്‍ക്കൂര സൌരപാനല്‍ സംവിധാനങ്ങള്‍

സാമ്പത്തികം

സാമ്പത്തികമായ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ചാല്‍ മാത്രമേ ഈ പദ്ധതിക്ക് നിലനില്‍പ്പുണ്ടാവുകയുള്ളൂ. സൌരോര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്ക് പത്തുവര്‍ഷത്തെ നികുതിയില്ലാ കാലയളവ് നല്‍കേണ്ടി വരും. കംസ്റ്റംസ് തീരുവകളും മറ്റു ഇത്തരം സാങ്കേതികവിദ്യാ ഉപകരണങ്ങള്‍ക്ക് ഒഴിവാക്കേണ്ടി വരും. ഐ.ടി രംഗത്ത് നിലവില്‍ ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 50% ത്തിലധികം സബ്സിഡി പല ആവശ്യങ്ങള്‍ക്കും നല്‍കേണ്ടി വരും.
85000 മുതല്‍ 105000 കോടി വരെ തുകയാണ് അടുത്ത മുപ്പത് വര്‍ഷത്തേക്ക് പദ്ധതി ചിലവായി വേണ്ടി വരുന്നത്. ഇതില്‍ 5000 മുതല്‍ 6000 കോടി രൂപ വരെ ആദ്യഘട്ടത്തില്‍ ചിലവാകും. (2012 വരെ). 12000 മുതല്‍ 15000 കോടി രൂപവരെ അടുത്ത പഞ്ചവത്സരപദ്ധതിക്കാലത്ത് ചിലവ് പ്രതീക്ഷിക്കുന്നു. (2012- 2017)
ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കേണ്ടി വരുന്നത് മൂന്നാം ഘട്ടത്തിലുമാണ്. നിലവിലുള്ള പാര്യമ്പര ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് അവശ്യമായ സെസ്സുകള്‍ ചുമത്തി ഈ തുക കണ്ടെത്താനാകും എന്നാണ് കരട് നിര്‍ദ്ദേശത്തിലെ പ്രതീക്ഷ.

100 000 ത്തോളം തൊഴില്‍ അവസരങ്ങളും ഇതിനോടൊപ്പം ഉണ്ടാകും എന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ്.

പ്രധാനമന്ത്രിയും പാര്യമ്പരേതരഊര്‍ജ്ജമന്ത്രിയുമെല്ലാം ഇതിന് പിന്തുണ നല്‍കുന്നു എന്നത് അവരുടെ വാക്കുകളിലൂടെ വ്യക്താമാവുന്നുണ്ട്. എങ്കിലും ഇത്രയും തുക വരുന്ന ഒരു ബൃഹത് പദ്ധതിക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണ അംഗീകാരവും പിന്തുണയും ലഭിക്കേണ്ടതുണ്ട്. സൌരോര്‍ജ്ജമേഖലയില്‍ ലോകത്തെ ഏറ്റവും മികച്ച ശക്തിയായി മാറാന്‍ ഈ പദ്ധതി ഇന്ത്യയെ സഹായിക്കും. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ഇത്തരം ഒരു പദ്ധതി ഇല്ലാതാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഭാരതത്തിലെ ജനങ്ങള്‍ തന്നെയാണ്. നമ്മുടെ ഭൂമിയെ അടുത്ത തലമുറയ്കായിക്കൂടി നിലനിര്‍ത്താന്‍ ഈ പദ്ധതി സഹായിക്കും എന്നതില്‍ സംശയം വേണ്ട.


ദേശീയ സൌര ദൌത്യത്തിനപ്പുറം......

കരടു രേഖ വളരെ ശുഭപ്രതീക്ഷയാണഅ നമുക്ക് നല്‍കുന്നത്. എന്നാല്‍ സമഗ്രമായ ഊര്‍ജ്ജനയം എന്നൊന്ന് നമുക്ക് ആവശ്യമാണ്. ഊര്‍ജ്ജ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ തന്നെ കൂടുതല്‍ മികച്ച ദക്ഷതയുള്ള സാങ്കേതികവിദ്യകള്‍ നിലവില്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. ഉദാഹരണമായി 100W ഇന്‍കാന്‍ഡസന്റ് ബള്‍ബ് ഉപയോഗിച്ചിരുന്നിടത്ത് ഇന്ന് 20W സി.എഫ്.എല്‍ ഉം നാളെ 4W എല്‍.ഇ.ഡി.യും അതി വിദൂരമല്ലാത്ത ഭാവിയില്‍ 1W ഓര്‍ഗാനിക്ക് എല്‍.ഇ.ഡിയും സ്ഥാനം പിടിക്കും. അതായത് ശരിയായ ഉപയോഗത്തിലൂടെ തന്നെ മികച്ച ലാഭമുണ്ടാക്കാന്‍ നമുക്ക് കഴിയും. കമ്പ്യൂട്ടറുകള്‍ 250W പവ്വര്‍ എടുത്തിരുന്നിടത്തു നിന്നും ഇപ്പോള്‍ 80W ലേക്ക് മാറിയിരിക്കുന്നു. ഇത്തരം സാങ്കേതികവിദ്യകളിലെ മാറ്റം വന്‍ ഊര്‍ജ്ജലാഭമാണ് നമുക്ക് ഉണ്ടാക്കിത്തരുന്നത്. അതു കൊണ്ടു തന്നെ ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ വികസനവും ഇതേ കരടുരേഖയില്‍ വരേണ്ടതായിരുന്നു. ദേശീയ ഊര്‍ജ്ജ നയം ഇതിനനുസൃതമായി വേണം രൂപപ്പെടുത്തേണ്ടത്.

ഇന്നത്തെ പെട്രോളിയം വാഹനങ്ങള്‍ക്ക് പകരം വൈദ്യുതവാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. 15% ദക്ഷതയില്‍ നിന്നും 85% ദക്ഷതയിലേക്കുള്ള മാറ്റമായിരിക്കുമത്. ഊര്‍ജ്ജ സംഭരണികളായ ബാറ്ററി സാങ്കേതികവിദ്യയിലും മാറ്റങ്ങള്‍ നടക്കുന്നു. അത്തരം ഗവേഷണങ്ങളും നമുക്ക് അവശ്യമാണ്. ഊര്‍ജ്ജം സംഭരിക്കാനുള്ള സൂപ്പര്‍കപ്പാസിറ്റര്‍ മുതല്‍ ഫ്ലൈവീല്‍ സാങ്കേതികതകള്‍ വരെ വികസിച്ചു വരുന്നു. ഇത്തരം സാങ്കേതിവിദ്യകളുടെ ഗവേഷണങ്ങളും നമുക്കാവശ്യമാണ്. പൊതു ഗതാഗതസംവിധാനത്തെ ശക്തിപ്പെടുത്താനും നടപടികള്‍ ഉണ്ടാകണം. കൂടുതല്‍ റെയില്‍വേ സംവിധാനങ്ങള്‍ നടപ്പിലാക്കേണ്ടതുമുണ്ട്. ഇതും ഊര്‍ജ്ജലാഭത്തിന് വഴിതെളിക്കുന്നവയാണ്. ഗ്രീന്‍ ക്യാമ്പസ്സുകള്‍ക്ക് പ്രോത്സാഹനം നല്‍കണം. വിവരസാങ്കേതികവിദ്യരംഗത്താണ് ഇത്തരം കാമ്പസ്സുകള്‍ കൂടുതലായുള്ളത്. അവരുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ എല്ലാം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി സോളാര്‍ സാങ്കേതികവിദ്യയില്‍ നിന്നു തന്നെ സ്വന്തം കാമ്പസ്സില്‍ ഉണ്ടാക്കാവുന്നതാണ്. വിവരസാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി അനാവശ്യയാത്രകള്‍ ഒഴിവാക്കാനുള്ള നടപടികളും ഫലത്തില്‍ ഊര്‍ജ്ജ സുരക്ഷയിലേക്കായിരിക്കും നയിക്കുക. സൌരസാങ്കേതികവിദ്യക്കൊപ്പം കാറ്റ്, ബയോമാസ്സ്, തിരമാല തുടങ്ങിയവയും പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ ശക്തിപ്പെടുത്തണം. കന്നുകാലി ഫാമുകള്‍ക്ക് ബയോഗ്യാസ് ഉപയോഗിച്ചുള്ള വൈദ്യുതി സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കുക തുടങ്ങിയവയും പ്രയോജനം ചെയ്യും.

ട്രയിനുകള്‍ക്ക് മുകളില്‍ സൌളാര്‍പാനലുകള്‍ വിരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായാല്‍ ആ വഴിയും ഊര്‍ജ്ജോത്പാദനം സാധ്യമാണ്. ഗ്രിഡില്‍ നിന്നും റെയില്‍വേ എടുക്കുന്ന വൈദ്യുതിക്ക് കുറവുണ്ടാക്കാന്‍ ഇതു വഴി സാധിക്കും. പ്രേഷണനഷ്ടവും ഇത്തരത്തില്‍ കുറയ്ക്കാന്‍ കഴിയും. റെയില്‍വേയെ സംബന്ധിച്ചിടത്തോളം പരീക്ഷണാര്‍ത്ഥം ഇത്തരം ഒരു ട്രയിന്‍ നിര്‍മ്മിക്കുക എന്നത് സാധ്യമാണ്. ദേശീയ സൌര ദൌത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താവുന്നതാണ്. ഇതു പോലെ തന്നെ സൌരബോട്ടുകളും പ്രചാരത്തില്‍ വരുത്താന്‍ കഴിയും. ഹൌസ് ബോട്ടുകള്‍ക്ക് ഹരിതടൂറിസം പദ്ധതിയുടെ ഭാഗമായും സൌരസെല്ലുകള്‍ ഉപയോഗിച്ചുള്ള വൈദ്യുതീകരണം നിര്‍ബന്ധം ആകാവുന്നതാണ്.

നാനോ സോളാര്‍ പോലുള്ള കമ്പനികള്‍ ഇപ്പോള്‍ തന്നെ 1W/$ എന്ന സ്വപ്നതുല്യമായ നേട്ടം കൈവരിച്ചു കഴിഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഓര്‍ഡറുകള്‍ക്കനുസരിച്ചുള്ള ഉത്പാദനശേഷി ഇല്ല എന്നാണ് പറയുന്നത്. ഇത്തരം കമ്പനികളെ ഇന്ത്യയിലേക്ക് പ്ലാന്റുകള്‍ തുടങ്ങാന്‍ ക്ഷണിക്കാവുന്നതാണ്. കൂടുതല്‍ ചിലവ് കുറച്ച് സൌരസെല്ലുകള്‍ ലഭ്യമാക്കാന്‍ ചിലപ്പോള്‍ ഇത് വഴി തെളിച്ചേക്കാം.അവലംബം

http://www.timesonline.co.uk/tol/news/world/asia/article6736726.ece
http://in.reuters.com/article/topNews/idINIndia-41367320090728
http://www.indiaenvironmentportal.org.in/files/national-solar-plan.pdf
http://ub-news.com/news/india%E2%80%99s-solar-power-will-generate-20gw-electricity/3812.html

Saturday, August 15, 2009

സ്വാതന്ത്ര്യത്തിന്റെ ഹരിതകമായി സൌരോര്‍ജ്ജം

നാം ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി സൂര്യനെ ആശ്രയിക്കാന്‍ തുടങ്ങിയതിന്റെ ചരിത്രം മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നിടത്തു തന്നെ തുടങ്ങിയതാണ്. ഭക്ഷ്യപദാര്‍ത്ഥങ്ങളും ഇന്ധനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിറകുമെല്ലാം ഉണക്കാനായി സൂര്യപ്രകാശത്തെയായിരുന്നു നാം ആശ്രയിച്ചിരുന്നത്. ഇന്ന് ആ ഉപയോഗങ്ങള്‍ക്കപ്പുറം ചിന്തിക്കാനും പ്രവൃത്തിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ നിരവധി പരിമിതികള്‍ ഇന്നത്തെ ഉപയോഗരീതികളില്‍ നമുക്ക് കാണാം. ചൂടുവെള്ളം നിര്‍മ്മിക്കാനാണ് കൂടുതലായും ഇന്ന് സൌരോര്‍ജ്ജത്തെ പ്രയോജനപ്പെടുത്തുന്നത്. മികച്ച സൌരജലതാപിനികളിലൂടെ 50 മുതല്‍ 90 ഡിഗ്രി വരെ ചൂടുള്ള ജലം ലഭ്യമാക്കാന്‍ ഇന്ന് സാധിക്കുന്നു. ഹോട്ടലുകളും ആശുപത്രികളും ചില വീടുകളും മറ്റും ഇത് പ്രയോജനപ്പെടുത്തുന്നുമുണ്ട്. സൌരോര്‍ജ്ജത്തില്‍ നിന്നും നേരിട്ട് വൈദ്യുതി ലഭ്യമാക്കുന്ന ഫോട്ടോ വോള്‍ട്ടായിക്ക് രീതികള്‍ ചെറിയ ആവശ്യങ്ങള്‍ക്കായി മാത്രമാണ് നാം ഇന്ന് ഉപയോഗിക്കുന്നത്. കാല്‍ക്കുലേറ്ററുകള്‍, എമര്‍ജന്‍സി വിളക്കുകള്‍ എന്നിവയിലാണ് സാധാരണക്കാര്‍ സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്നത്. വഴിവിളക്കുകള്‍ക്കും ഇന്ന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ് സൌരോര്‍ജ്ജ വൈദ്യുതിയെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച മേഖല.

സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത

ഇന്ത്യ 2020 ഓടെ 20GW വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്നും ഉത്പാദിപ്പിക്കാനുള്ള പ്രൊജക്റ്റുമായി മുന്നോട്ടു പോകുന്നു എന്ന് ഈ വാര്‍ത്ത വ്യക്തമാക്കുന്നു. 2030 ഓടെ 100GW ഉം 2050 ഓടെ 200GW ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. വാര്‍ത്ത ശരിയാകട്ടെ എന്ന് നമുക്ക് വിശ്വസിക്കാം.


സൌരവൈദ്യുതി പരിമിതികളും ശുഭസൂചനകളും

സോളാര്‍ പാനലുകള്‍ ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മ്മാണം ലളിതമായ ഒന്നാണ്. നിലവില്‍ അതിനുള്ള പോരായ്മ ഉയര്‍ന്ന ചിലവും ദക്ഷതയിലെ(Efficiency) കുറവുമാണ്. 1W വൈദ്യുതിക്കുള്ള ഒരു സോളാര്‍ പാനലിന് ഇന്ന് 200 രൂപയോളം ചിലവാകും. എന്നാല്‍ നാനോ സോളാര്‍ (nanosolar.com)എന്ന കമ്പനി ഇത് 1$ ലേക്ക് (Rs.45) കുറച്ചിട്ടുണ്ട്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള എല്ലാ ഓര്‍ഡറുകളും ലഭിച്ചു കഴിഞ്ഞു എന്നും ഇപ്പോഴും നിരവധി ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട് എന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. 25 വര്‍ഷത്തെ ഗ്യാരണ്ടിയും അവര്‍ ഉറപ്പു നല്‍കുന്നു. ഇന്ത്യയിലും നിരവധി ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. thin film സാങ്കേതികതയിലും മറ്റും ഗവേഷണം നടത്തുന്നവരുടെ ഗലേഷണങ്ങള്‍ ഈ വഴിക്ക് തിരിച്ചു വിട്ടാല്‍ കൂടുതല്‍ ദക്ഷതയും ചിലവ് കുറവും ആയ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുക തന്നെ ചെയ്യും.


ബാറ്ററി വേണ്ടാത്ത സോളാര്‍ സംവിധാനം

സോളാര്‍ പാനലുകളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയെ ബാറ്ററികളില്‍ ശേഖരിച്ചു വച്ചിട്ടാണ് നാം ഇന്ന് ഉപയോഗിക്കുന്നത്. ഇത് ചിലവ് വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. സൌരവൈദ്യുതിയെ ബാറ്ററികളില്‍ ശേഖരിച്ചു വയ്ക്കാതെ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഈ ചിലവ് കുറയ്ക്കാന്‍ കഴിയും. ഗ്രിഡ് സിസ്റ്റമാണ് ഇതിനുള്ള പ്രതിവിധി. വീടിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ വീട്ടിലുള്ള ‌ആവശ്യങ്ങള്‍ കഴിച്ച് ബാക്കിയുള്ളത് പൊതുവൈദ്യുതവിതരണ സംവിധാനത്തിലേക്ക് തിരിച്ചുവിടലാണ് ഗ്രിഡ് സംവിധാനത്തില്‍ ചെയ്യുന്നത്. ഇതിനു വേണ്ട ഇലക്ട്രിക്കല്‍ സംവിധാനം വീടുകളില്‍ എന്നുമാത്രം. പകല്‍ സമയത്ത് വീടുകളില്‍ വൈദ്യുത ആവശ്യങ്ങള്‍ വളരെ കുറവായിരിക്കും. വീടുകളില്‍ അധികമായി ഉത്പാദിപ്പിക്കുന്ന സൌരവൈദ്യുതി ഗ്രിഡ് സംവിധാനത്തിലൂടെ വ്യവസായങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കാന്‍ സാധിക്കും. അതിലും അധികമായി വൈദ്യുതി ഉണ്ടായാല്‍ വൈദ്യുതി ഉത്പാദിപ്പിച്ചു കഴിഞ്ഞ ജലം തിരിച്ച് ജലസംഭരണികളിലേക്ക് പമ്പുചെയ്യാനും ഉപയോഗിക്കാം. 30% ത്തോളം ഊര്‍ജ്ജം ഇത്തരത്തില്‍ ശേഖരിച്ചു വയ്ക്കാന്‍ സാധിക്കും. രാത്രിയില്‍ ജലവൈദ്യുതപദ്ധതികളില്‍ നിന്നും ഉണ്ടാക്കുന്ന വൈദ്യുതി ഇതേ പൊതുവിതരണ സംവിധാനത്തിലൂടെ നമുക്ക് ഉപയോഗിക്കാം. വൈദ്യുതി ഉപഭോഗം അളക്കുന്ന മീറ്ററുകള്‍ രണ്ടു ദിശയിലും കറങ്ങുന്നവയാണ് വീടുകളില്‍ ഉപയോഗിക്കേണ്ടി വരുന്നത്. അതായത് പകല്‍ സമയത്ത് ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്ക് വീട്ടുകാര്‍ക്ക് പണം ലഭിക്കും. തിരിച്ച് രാത്രി ഉപയോഗിക്കുന്നതിന് വീട്ടുകാര്‍ പണം നല്‍കുകയും വേണം. സാധാരണ വീടുകളെ സംബന്ധിച്ചിടത്തോളം മിക്കവാറും പണം തിരിച്ചു ലഭിക്കാനായിരിക്കും ഇവിടെ സാധ്യത കൂടുതല്‍.

ഗ്രിഡ് സംവിധാനം - സാധ്യതകള്‍

ഒന്നോ രണ്ടോ വീട്ടുകാര്‍ക്ക് മാത്രമായി ഇത്തരം സംവിധാനം ഒരുക്കുക എളുപ്പമല്ല. എന്നാല്‍ ഒരു ഗ്രാമത്തിലെ എല്ലാ വീടുകള്‍ക്ക് മുകളിലും സോളാര്‍പാനലുകള്‍ ഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഗ്രിഡ് സംവിധാനം വളരെ മികച്ച നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഒരു കിലോവാട്ട് സൌരപാനലുകള്‍ക്ക് പഴയ നിലയില്‍ രണ്ടുലക്ഷത്തോളം രൂപ ചിലവുവരും. എന്നാല്‍ നാനോസോളാര്‍ നിര്‍മ്മിക്കുന്ന പാനലുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അന്‍പതിനായിരം രൂപമാത്രമേ ചിലവ് വരൂ. ഒരു കിലോവാട്ടിന്റെ സൌരപാനലില്‍ നിന്നും നല്ല വെയിലുള്ള ദിവസങ്ങളില്‍ ഏഴു യൂണിറ്റ് വൈദ്യുതിയും വെയില്‍ കുറഞ്ഞ ദിവസങ്ങളില്‍ നാല് യൂണിറ്റ് വൈദ്യുതി വരെയും ഉണ്ടാക്കുവാന്‍ കഴിയും. സാധാരണ ഒരു കുടുംബത്തിന്റ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഇന്ന് പരമാവധി മൂന്ന് യൂണിറ്റ് വൈദ്യുതിയില്‍ ഒതുക്കാവുന്നതാണ്. അതായത് വീടുകളില്‍ ചെറിയ ഒരു വരുമാന മാര്‍ഗ്ഗമായി തന്നെ ഇതിനെ പ്രയോജനപ്പെടുത്താനും കഴിയും. സര്‍ക്കാര്‍ സബ്സിഡികള്‍ നല്‍കുകയാണെങ്കില്‍ 25000 രൂപക്ക് ഒരു കിലോവാട്ടിന്റെ സോളാര്‍ പാനല്‍ ലഭ്യമാക്കാന്‍ സാധിക്കും. മൂന്ന് യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏകദേശം 200 രൂപ ഒരു മാസം നല്‍കേണ്ടി വരും. അതായത് ഈയിനത്തില്‍ തന്നെ പത്തുവര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരിച്ച് ലഭിക്കും എന്നു പറയാം. അധികമായി ലഭിക്കുന്ന വരുമാനം വേറെയും. ഇത്തരം ഗ്രിഡ് സംവിധാനങ്ങളാണ് കൂടുതല്‍ മികച്ച സൌരവൈദ്യുത പദ്ധതികള്‍. കാരണം. സൌരപാനലുകള്‍ സ്ഥാപിക്കാനായി അധികമായി സ്ഥലം കണ്ടെത്തേണ്ടതില്ല എന്നതു തന്നെ.


ഗ്രിഡ് സംവിധാനവും കേരളവും

ഗ്രിഡ് സംവിധാനങ്ങള്‍ ഇന്ന് മാറ്റത്തിന്റെ വക്കിലാണ്. എല്ലാ ഇലകട്രിക്കല്‍ ഗ്രിഡ് സംവിധാനങ്ങളും ആധുനികവത്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കും ഗ്രിഡ് സംവിധാനങ്ങളില്‍ അധിഷ്ഠിതമായ സൌരവൈദ്യുതിയെപ്പറ്റി ആലോചിക്കാവുന്നതാണ്. സൌരവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിലും മികച്ചത് വീടുകളിലായി ചിതറിക്കിടക്കുന്ന സൌരപാനല്‍ സംവിധാനങ്ങള്‍ തന്നെയാണ്. കേരളത്തിനും ഈ വഴിക്ക് ചിന്തിക്കുന്നതില്‍ തെറ്റില്ല. ഗ്രിഡ് സംവിധാനങ്ങളെക്കുറിച്ചും ഇതിന്റെ പ്രായോഗികപ്രശ്നങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഒരു പൈലറ്റ് പ്രൊജക്റ്റ് ആരംഭിക്കാവുന്നതാണ്. കെ.എസ്.ഇ.ബിയുടെ ഏതെങ്കിലും സബ്സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമം തിരഞ്ഞെടുത്ത് അവിടെ പരീക്ഷണാര്‍ത്ഥം ഇത് നടത്തിനോക്കാവുന്നതാണ്. ഒരു ഗ്രാമത്തിലെ തിരഞ്ഞെടുത്ത ഒരു നൂറ് വീടുകളില്‍ അവരുടെ സഹകരണത്തോടെ ഇത്തരം ഒരു പദ്ധതി ആലോചിക്കാന്‍ ബുദ്ധിമുട്ടില്ല. നിരവധി പ്രായോഗികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇത്തരം ഒരു പരീക്ഷണപദ്ധതി സഹായിക്കും. ആധുനികഗ്രിഡ് സംവിധാനങ്ങളും ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതി ശേഖരിക്കാനുള്ള സംവിധാനങ്ങളും എല്ലാം ഒരുക്കേണ്ടതുണ്ട്. ഒരു ചെറിയ സ്ഥലത്തായാല്‍ ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് അധികം ചിലവില്ലാതെ പഠിക്കാന്‍ സാധിക്കും. ഇന്ത്യയുടെ സോളാര്‍ മിഷന്‍ പ്രൊജക്റ്റുമായി സഹകരിച്ചാല്‍ കെ.എസ്.ഇ.ബി ക്ക് ഇത് എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാവുന്നതേ ഉള്ളൂ.

ഭൂമിയിലെ ഒരു ചതുരശ്രമീറ്ററില്‍ ഒരു കിലോവാട്ടോളം സൌരോര്‍ജ്ജമാണ് പതിച്ചു കൊണ്ടിരിക്കുന്നത്. ഈ അക്ഷയ ഊര്‍ജ്ജത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കുക തന്നെ വേണം. ഭാവിയിലെ ഊര്‍ജ്ജ സ്രോതസ്സായി മാറുക സൌരോര്‍ജ്ജം തന്നെ ആണ്. പാരിസ്ഥിതികപ്രശ്നങ്ങള്‍ ഏതാണ്ട് ഇല്ല എന്നു തന്നെ പറയാവുന്നവയാണ് സൌരസാങ്കേതികവിദ്യകള്‍. മലിനീകരണം ഉണ്ടാകും എന്ന് ഉറപ്പുള്ള ഇന്നത്തെ സൌരസാങ്കേതിക സംവിധാനങ്ങളേക്കാള്‍ കൂടുതല്‍ മൊത്തം ചിലവ് ( മലിനീകരണനിയന്ത്രണവും നടത്തിപ്പും ഉള്‍പ്പടെ )വരുന്ന ആണവസംവിധാനങ്ങള്‍ക്കായാണ് നാം പണം മുടക്കുന്നത്. സര്‍ക്കാരും ജനങ്ങളും സ്വാതന്ത്ര്യത്തിന്റെ ഊര്‍ജ്ജമായ ഹരിതഊര്‍ജ്ജത്തെക്കുറിച്ച് ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്താല്‍ മാത്രമേ അടുത്ത തലമുറകള്‍ക്കും വാസയോഗ്യമായി ഈ ഭൂമി ഇതേ പോലെ നിലനില്‍ക്കുകയുള്ളൂ.

Friday, August 7, 2009

ഹോ ഇതെങ്ങാനും ഭൂമിയില്‍ വീണായിരുന്നെങ്കില്‍....പിന്നെ...

ഭൂമിക്കടുത്തു കൂടെ കടന്നു പോയ ഛിന്നഗ്രഹത്തിന് രണ്ട് ഉപഗ്രഹങ്ങള്‍...

കഴിഞ്ഞ ജൂണ്‍ 10 ന് ആണ് ഭൂമിയില്‍ നിന്നും 25 ലക്ഷം കിലോമീറ്റര്‍ മാത്രം അകലെയായി ഒരു ഛിന്നഗ്രഹം കടന്നു പോയത്. ഭൂസമീപക ഛിന്നഗ്രഹങ്ങളില്‍ ഒന്നായ 1994 CC ആയിരുന്നു ഇത്. 700 മീറ്റര്‍ മാത്രമാണ് ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം. അതായത് ഏതാണ്ട് ഒരു മുക്കാല്‍ കിലോമീറ്റര്‍ മാത്രം. ഇത്തരം ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുക കൂടുതല്‍ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നിരുന്നാലും ശാസ്ത്രജ്ഞര്‍ ഇതിനേയും വെറുതെ വിട്ടില്ല.


(2009 ജൂണ്‍ 12 നും ജൂണ്‍ 14 നും നാസയുടെ ഗോള്‍ഡ് സ്റ്റോണ്‍ സോളാര്‍ സിസ്റ്റം എടുത്ത 1994 CC യുടെ റഡാര്‍ ചിത്രങ്ങള്‍. ഉപഗ്രഹങ്ങള്‍ അമ്പ് ചിഹ്നത്താല്‍ സൂചിപ്പിച്ചിരിക്കുന്നു)

അപൂര്‍വ്വമായൊരു പ്രത്യേകതയാണ് അവര്‍ ഇതിന് കണ്ടെത്തിയത്. ഒരു കിലോമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിനും രണ്ട് ഉപഗ്രഹങ്ങള്‍!
50 മീറ്ററോളം മാത്രം വ്യാസം വരുന്ന രണ്ട് വസ്തുക്കളാണ് ഈ ഛിന്നഗ്രഹത്തെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. ജൂണ്‍ 10 ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടി കടന്നു പോകുന്നതിനു മുന്‍പ് വളരെ കുറച്ചു മാത്രമേ ഈ ഛിന്നഗ്രഹത്തെക്കുറിച്ച് നമുക്കറിവുണ്ടായിരുന്നുള്ളൂ. നാസയുടെ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരായ Marina Brozovic ഉം Lance Benner ഉം ആണ് ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചത്. നാസയുടെ ഗോള്‍ഡ് സ്റ്റോണ്‍ സോളാര്‍ സിസ്റ്റം റഡാറും അമേരിക്കയിലെ പ്യൂര്‍ട്ടോ റിക്കോയിലെ പ്രശസ്തമായ ആരസിബോ റേഡിയോ ടെലിസ്കോപ്പും നടത്തിയ നിരീക്ഷണങ്ങളുടെ ബലത്തിലായിരുന്നു പഠനം.


(ഛിന്നഗ്രത്തിന്റെ റഡാര്‍ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തു വച്ച് ആനിമേഷന്‍. സൂക്ഷിച്ച് നോക്കിയാല്‍ ഉപഗ്രഹങ്ങളെ ഇടക്ക് കാണാം. ചിത്രത്തില്‍ ഞെക്കിയാല്‍ വലിയ ചിത്രം ലഭിക്കും. അതില്‍ കുറച്ചു കൂടി വ്യക്തമായി കാണാം)

ഇനി ഈ ഛിന്നഗ്രഹം ഭൂമിയെ സമീപിക്കുന്നത് 2074 ല്‍ മാത്രമായിരിക്കും.
ഏതാണ്ട് നൂറോളം ഭൂസമീപക ഛിന്നഗ്രഹങ്ങളെ നാം കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഇതുവരെ മൂന്നുവസ്തുക്കളുടെ വ്യൂഹമായി കണ്ടെത്തിയ ഛിന്നഗ്രഹങ്ങള്‍ വെറും രണ്ടെണ്ണം മാത്രമാണ്. 2001 SN263 എന്ന ഛിന്നഗ്രഹമാണ് ഇതിനു മുന്‍പ് ഇത്തരത്തില്‍ കണ്ടെത്തിയ മറ്റൊരു വസ്തു. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതും ആരസിബോ ടെലിസ്കോപ്പ് ഉപയോഗിച്ചാണ്. രണ്ടു കിലോമീറ്റര്‍ വലിപ്പമുണ്ടായിരുന്ന ആ വസ്തുവിന് ഒരു കിലോമീറ്ററും 400 മീറ്ററും വലിപ്പമുള്ള രണ്ട് സഹഛിന്നഗ്രഹങ്ങളായിരുന്ന കൂട്ട്. ഇവ പരസ്പരം ചുറ്റിക്കറങ്ങുകയായിരുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 1994 CC യുടെ ഉപഗ്രഹങ്ങള്‍ക്ക് പക്ഷേ അതിനേക്കാളൊക്കെ വലിപ്പം കുറവാണ്.

ഭൂമിക്കടുത്തു കൂടെ കടന്നു പോകുന്ന ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം വളരെ പ്രാധ്യാന്യമര്‍ഹിക്കുന്നവയാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് ഭൂമിക്ക് വളരെ അടുത്തു കൂടെ കടന്നു പോകുന്നത് പ്രവചിക്കാനാവാത്രത്ത പ്രതിഭാസങ്ങള്‍ക്ക് കാരണമായേക്കാം. ഇത്തരത്തില്‍ ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചതിന്റെ ഫലമായിട്ടാണ് ഡൈനോസോര്‍ വര്‍ഗ്ഗത്തില്‍ പെട്ട ജീവികള്‍ ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടത് എന്നു കരുതുന്നു.
അവലംബം

http://www.jpl.nasa.gov/news/features.cfm?feature=2259
http://ssd.jpl.nasa.gov/sbdb.cgi?sstr=2001+SN263
http://www.astrobio.net/index.php?option=com_news&task=detail&id=2625
http://deepspace.jpl.nasa.gov/technology/95_20/gold.htm


ഓ.ടോ
ഇവയെ ഉപഗ്രഹങ്ങള്‍ എന്നു വിളിച്ചാല്‍ അര്‍ത്ഥം അത്ര ശരിയാകില്ല. വല്ല ഉപഛിന്നഗ്രഹമെന്നോ മറ്റോ വിളിക്കേണ്ടി വരും....

Wednesday, August 5, 2009

എയിഡഡ് അധ്യാപരുടെ സര്‍ക്കാര്‍ പ്രൊട്ടക്ഷന്‍ എടുത്ത് കളയുക

സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളിലെ തലയെണ്ണല്‍ കഴിഞ്ഞപ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി കാണുന്നു. ഇത് മൂലം നിരവധി അധ്യാപകരുടെ ജോലി നഷ്ടപ്പെടും എന്നും പറയുന്നു. അതിന് പകരമായി പ്രൊട്ടക്ഷന്‍ അഥവാ ജോലിസംരക്ഷണം അനുവദിക്കണം എന്നാണ് പറയുന്നത്. സര്‍ക്കാര്‍ ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്നും പറയുന്നു. ഇവിടെ ആര്‍ക്കാണ് ജോലി പോവുന്നത് എന്നു കൂടി നോക്കുക. സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാരെ സംരക്ഷിക്കുക എന്നതില്‍ ഒരു ന്യായമുണ്ട്. പക്ഷേ എയിഡഡ് സ്കൂള്‍ ജീവനക്കാരെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറ്റി സംരക്ഷിക്കണം എന്നു പറയുന്നതില്‍ എന്ത് ന്യായമാണുള്ളത് ?.
സര്‍ക്കാര്‍ ജീവനക്കാര്‍ പി.എസ്.സി വഴി സര്‍ക്കാര്‍ നിയമിച്ചവരാണ്. എന്നാല്‍ ഒന്നരലക്ഷത്തോളം വരുന്ന എയിഡഡ് ജീവനക്കാരെ നിയമിച്ചത് സര്‍ക്കാരല്ല എന്നോര്‍ക്കണം. അവരെ നിയമിക്കാനുള്ള അവകാശം മുഴുവന്‍ മാനേജര്‍മാര്‍ കൈയ്യടക്കി വച്ചിരിക്കുകയാണ്. ഓരോ നിയമനത്തിനും അവര്‍ വാങ്ങുന്ന കോഴക്ക് കയ്യും കണക്കുമില്ല എന്നത് പരസ്യമായ രഹസ്യമാണ്. പത്തുലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ നീളുകയാണ് ഈ കൈക്കൂലി.
ഇനി എയിഡഡ് സ്കൂളില്‍ കുട്ടികള്‍ കുറയാനെന്താണ് കാരണം? അതേ മാനേജ്മെന്റുകള്‍ നടത്തുന്ന അണ്‍-എയിഡഡ് സ്ഥാപനങ്ങളല്ലേ? കോഴമേടിച്ച് അധ്യാപകരെ നിയമിച്ചാല്‍ പിന്നെ അവരുടെ ജോലിയുടെ ഉത്തരവാദിത്വം മുഴുവന്‍ അധ്യാപകര്‍ തന്നെ വഹിക്കണം. എയിഡഡ് സ്കൂളിനോട് ചേര്‍ന്നു തന്നെ അണ്‍-എയിഡഡ് സ്കൂളും തുടങ്ങി അതില്‍ നിന്നും പണം കൊയ്യാനുള്ള ശ്രമത്തിനിടയില്‍ കുട്ടികള്‍ കുറയുന്നത് തൊട്ടടുത്തുള്ള എയിഡഡ് സ്ഥാപനങ്ങളിലാണ്. ഫലമോ വേണ്ടത്ര കുട്ടികളില്ലാതെ അധ്യാപകരും അനധ്യാപകരും പെരുവഴിയിലും.
ഇങ്ങിനെ പെരുവഴിയിലാവുന്ന ജീവനക്കാരെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ മാറ്റി നിയമിച്ച് സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ സകല അധ്യാപക സംഘടനകളും ഇറങ്ങിയിരിക്കുന്നത്. 2000 ത്തിലധികം പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടമാവുമത്രേ. അവരെ സര്‍ക്കാര്‍ മേഖലയിലേക്ക് എടുക്കുക എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം പി.എസ്.സി വഴി ജോലി കിട്ടുമായിരുന്ന 2000 ത്തോളം പേര്‍ക്ക് ജോലി നഷ്ടമായി എന്നാണ്. ഇവരെ നിയമിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയായിരുന്നെങ്കില്‍ ഇങ്ങിനെ സംരക്ഷിക്കുന്നതില്‍ യാതൊരു തടസ്സവും ഇല്ലായിരുന്നു. എന്നാല്‍ നിയമനം മാനേജരും ശമ്പളം സര്‍ക്കാരും എന്ന സ്ഥിതി തുടരുന്നിടത്തോളം ഇത്തരം പ്രൊട്ടക്ഷന്‍ യാതൊരു കാരണവശാലും അനുവദിച്ചു കൂട. അവരെ വേണമെങ്കില്‍ എയിഡഡ് സ്ഥാപനങ്ങളില്‍ തന്നെ മാറ്റി നിയമിക്കാം. പക്ഷേ അതിനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാവുമോ?
സര്‍ക്കാര്‍ വീണ്ടും കെ.എസ്.ടി.പി ജോലിക്കായി ലോകബാങ്കില്‍ നിന്നും 1356 കോടി രൂപ കടമെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എയിഡഡ് സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ക്കായി വാങ്ങുന്ന കോഴ കൂട്ടിനോക്കിയാല്‍ ഇതിന്റെ പത്തിരട്ടിയിലധികം വരും എന്ന് തിരിച്ചറിയുക. യാതൊരു കാരണവശാലും എയിഡഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മേഖലയിലേക്ക് ഇനി പ്രൊട്ടക്ഷന്‍ നല്‍കരുത്.

1. എയിഡഡ് ജീവനക്കാരെ എയിഡഡ് മേഖലയില്‍ മാത്രം പുനര്‍വിന്യസിക്കുക
2. നിലവില്‍ പ്രൊട്ടക്ഷനില്‍ കഴിയുന്ന നിരവധി ജീവനക്കാര്‍ ഇപ്പോഴും സര്‍ക്കാര്‍ മേഖലയില്‍ ഉണ്ട്. ഇവരേയും ഉടന്‍ എയിഡഡ് മേഖലയിലേക്ക് തിരിച്ചയക്കണം.
3. നിലവില്‍ സര്‍ക്കാര്‍ അധ്യാപകരുടെ എണ്ണം 60000 ല്‍ താഴെ മാത്രമാണ്. അതേ സമയം എയിഡഡ് ജീവനക്കാരുടെ എണ്ണം ഒന്നരലക്ഷത്തോളം വരും. ഏതാണ്ട് മൂന്നിരട്ടിയോളം പേര്‍.
4. എയിഡഡുകാര്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കി യാതൊരു കാരണവശാലും സാധാരണക്കാര്‍ക്ക് കിട്ടേണ്ട ഈ സര്‍ക്കാര്‍ ജോലികള്‍ കൂടി വെള്ളത്തിലാക്കരുത്.
5. എയിഡഡ് മേഖലയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ മേഖലയിലേക്ക് പ്രൊട്ടക്ഷന്‍ നല്‍കുന്നത് പിച്ചപ്പാത്രത്തില്‍ കയ്യിട്ടുവാരുന്നതിന് തുല്യമാണ് എന്ന് മനസ്സിലാക്കുക
6. എത്രയും പെട്ടെന്ന് എയിഡഡ് സ്കൂള്‍-കോളേജ് നിയമനങ്ങള്‍ പരിപൂര്‍ണ്ണമായും പി.എസ്.സി വഴി മാത്രം നടത്തുക.
7. ഇതിനായി കഴിയുമെങ്കില്‍ കേന്ദ്രതലത്തില്‍ തന്നെ നിയമനിര്‍മ്മാണം നടത്തണം.

എയിഡഡ് നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം എന്ന മറ്റൊരു പോസ്റ്റ് ഇതിന് മുന്‍പ് കിഴക്കുനോക്കിയന്ത്രത്തില്‍ ഇട്ടിരുന്നു. അതു കൂടി ഇതോട് ചേര്‍ത്ത് വായിക്കുക

Monday, August 3, 2009

വ്യാഴത്തില്‍ വീണ്ടും ഒരു കൂട്ടിയിടി - ഷൂമാക്കര്‍ ലെവി പോലെ...

വ്യാഴത്തില്‍ മറ്റൊരു കൂട്ടിയിടി...
കഴിഞ്ഞ ജൂലായ് 19 ന് ആസ്ട്രേലിയയിലെ അമ്വച്വര്‍ ജ്യോതിശാസ്ത്രജ്ഞനായ ആന്റണി വെസ്ലി തന്റെ 14.4 ഇഞ്ച് ടെലിസ്കോപ്പ് ഉപയോഗിച്ച് വ്യാഴത്തെ നിരീക്ഷിക്കുന്നതിനിടയിലാണ് ഒരു കറുത്ത പൊട്ട് വ്യാഴത്തില്‍ ദൃശ്യമായത്. വ്യാഴത്തിന്റെ തെക്കേധ്രുവ്വത്തിലാണ് ഈ മാറ്റം ദൃശ്യമായത്. ആദ്യം ഒരു കൊടുങ്കാറ്റോ മറ്റോ ആയിരിക്കാം എന്നു കരുതിയിരുന്നെങ്കിലും പിന്നീട് അത് ഒരു കൂട്ടിയിടി മൂലം ഉണ്ടായ പാടാണ് എന്ന് തെളിഞ്ഞു. ഷൂമാക്കര്‍ ലെവി പണ്ട് വ്യാഴത്തില്‍ ഇടിച്ചിറങ്ങിയ ദൃശ്യങ്ങള്‍ മനസ്സിലുള്ളതിനാല്‍ ആന്റണിക്ക് ഇത് ഒരു കൂട്ടിയിടിയുടെ അടയാളമാണ് എന്ന് തിരിച്ചറിയാന്‍ അധികനേരം വേണ്ടി വന്നില്ല. മറ്റ് ജ്യോതിശാസ്ത്രജ്ഞരെ അദ്ദേഹം ഈ വിശേഷം അറിയച്ചതോടെ ലോകത്തെ മിക്ക ടെലിസ്കോപ്പുകളും വ്യാഴത്തിലേക്ക് തിരിഞ്ഞു.


(ആന്റണി വെസ്ലി കൂട്ടിയിടി കണ്ടെത്തിയ ചിത്രം. ചിത്രത്തിന് Anthony Wesley ട് കടപ്പാട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://jupiter.samba.org/jupiter-impact.html സന്ദര്‍ശിക്കുക)

ഏതാനും മീറ്ററുകള്‍ വ്യാസമുള്ള ഒരു വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ ആയിരിക്കാം ഇതെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. ഇത് ഭൂമിയിലാണ് ഇടിച്ചിരുന്നതെങ്കില്‍ വന്‍ നാശത്തിന് വഴി തെളിച്ചേനേ. കടലിലായിരുന്നു വീണതെങ്കില്‍ സുനാമികളുടെ ഒരു ശ്രംഗല തന്നെ ഉണ്ടാകുമായിരുന്നു എന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. പിറ്റേ ദിവസം ഹവായി, മൌന കിയയിലെ നാസയുടെ മൂന്ന് മീറ്റര്‍ ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണം ചൊവ്വയോളം വരുന്ന ഒരു മേഘത്തെ അവിടെ കണ്ടെത്തി. കൂട്ടിയിടിയുടെ അവശിഷ്ടങ്ങള്‍ ആണ് അന്തരീക്ഷത്തില്‍ ഇത്തരം ഒരു മേഘം ഉണ്ടാക്കിയത്. അന്തരീക്ഷത്തിന്റെ ഉപരിതലത്തില്‍ വച്ചു തന്നെ ഈ വസ്തു ചിതറിപ്പോയിട്ടുണ്ടാകും എന്നു കരുതുന്നു. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം ഈ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു.


(ഹബിള്‍ ടെലിസ്കോപ്പ് എടുത്ത ചിത്രം. ചിത്രത്തിന് നാസയോട് കടപ്പാട്. കൂടുതല്‍ മികച്ച ചിത്രത്തിന് ഇവിടെ പോവുക)

23 ന് ഹബിള്‍ ടെലിസ്കോപ്പും വ്യാഴത്തിന്റെ നേര്‍ക്ക് തന്റെ കണ്ണ് തുറന്നു. കൂടുതല്‍ വ്യക്തമായ ചിത്രം ഹബിള്‍ പുറത്തുവിട്ടു. കൂട്ടിയിടി മൂലം ഉണ്ടായ ശക്തമായ കാറ്റിനാല്‍ ഈ അടയാളം പതിയെ വലുതായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സ്ഥലത്തേക്ക് അവശിഷ്ടങ്ങള്‍ വ്യാപിക്കുന്നുണ്ട്. ഏതാനും ആഴ്ചകള്‍ കൂടി ഈ കാഴ്ച കാണാനാവുമെന്ന് കരുതുന്നു. ശാസ്ത്രജ്ഞര്‍ ഇതിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്താണ് ഇവിടെ ഇടിച്ചിറങ്ങിയതെന്ന് ഈ പഠനങ്ങള്‍ വെളിപ്പെടുത്തും. ഈ ഭാഗത്തുനിന്നും വരുന്ന പ്രകാശം സ്പെക്ട്രോസ്കോപ്പിക്ക് വിശകലനങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. ഈ സ്പെക്ട്രം ജലത്തിന്റെ സാന്നിദ്ധ്യമാണ് സൂചിപ്പിക്കുന്നതെങ്കില്‍ വന്നിടിച്ചത് ഐസ് നിറഞ്ഞ ഒരു വാല്‍നക്ഷത്രമോ മറ്റോ ആയിരിക്കാം.

ഈയൊരു കൂട്ടിയിടി ആരും പ്രവചിച്ചിരുന്നില്ല. ഷൂമാക്കര്‍ ലെവി പ്രവചിക്കപ്പെട്ടതിനാല്‍ എല്ലാവര്‍ക്കും അങ്ങോട്ട് ശ്രദ്ധ തിരിക്കാന്‍ പറ്റി. ചെറിയ വസ്തുക്കളെ എല്ലാത്തിനേയും കണ്ടെത്തുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയയാണ്. നാളെ ഭൂമിക്ക് നേരേ ഇത്തരം ഒരു വസ്തുവന്നാലും ഇതേ പ്രശ്നം ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണാം....

Wednesday, July 22, 2009

മാധ്യമങ്ങള്‍ വഴിതെറ്റിച്ച സൂര്യഗ്രഹണം

മാധ്യമങ്ങള്‍ വഴിതെറ്റിച്ച സൂര്യഗ്രഹണം

സമ്പൂര്‍ണ്ണസൂര്യഗ്രഹണമായിരുന്നു മധ്യ ഇന്ത്യയില്‍ ഇന്ന് ദൃശ്യമായത്. അതിരാവിലെ തന്നെ തുടങ്ങിയ ഗ്രഹണം മാധ്യമങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു. നല്ലതു തന്നെ അഭിനന്ദവും അര്‍ഹിക്കുന്നു. പക്ഷേ തികച്ചും തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടിംഗാണ് മിക്ക ദൃശ്യമാധ്യമങ്ങളും നല്‍കിയത്. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം എന്ന തലക്കെട്ട് പലരും നല്‍കിയിരുന്നെങ്കിലും പറഞ്ഞു വന്നപ്പോള്‍ ഇനി 123 വര്‍ഷത്തിനു ശേഷമേ അടുത്ത സൂര്യഗ്രഹണമുള്ളൂ എന്ന അവസ്ഥയിലായി കാര്യങ്ങള്‍. കാക്ക എങ്ങിനെ കൊക്കാകും എന്ന് മാധ്യമങ്ങള്‍ നന്നായി കാണിച്ചു തന്നു. ഏഷ്യാനെറ്റ് ന്യൂസ്, കൈരളി, പീപ്പിള്‍, മനോരമ ന്യൂസ്, ഇന്‍ഡ്യാവിഷന്‍ തുടങ്ങി എല്ലാ വാര്‍ത്താ ചാനലുകളും ഗ്രഹണം റിപ്പോര്‍ട്ട് ചെയ്തു. പലതിലും വന്ന തെറ്റിദ്ധാരണാ ജനകമായി ചില വാര്‍ത്തകള്‍

1. സൂര്യഗ്രഹണം ഇനി 123 വര്‍ഷത്തിനു ശേഷം മാത്രം (ചിലര്‍ 134 വര്‍ഷത്തിനു ശേഷവും എന്നും പറഞ്ഞു )
2. ഇപ്പോള്‍ ജനിക്കുന്നവര്‍ക്ക് ഇനി സൂര്യഗ്രഹണം കാണാനേ കഴിയില്ല. (നൂറു വര്‍ഷത്തില്‍ താഴെയല്ലേ മനുഷ്യര്‍ക്ക് ആയുസ്സുള്ളൂ)
3. ഭാഗിക സൂര്യഗ്രഹണം ഇനിയും കാണാമെങ്കിലും സമ്പൂര്‍ണ്ണസൂര്യഗ്രഹണം ഇനി അടുത്ത നൂറ്റാണ്ടിലേ കാണാന്‍ പറ്റൂ
4. സൂര്യനെ നേരിട്ട് നോക്കരുത് പ്രത്യേകിച്ചും സൂര്യഗ്രഹണ സമയത്ത് സൂര്യരശ്മികള്‍ക്ക് ശക്തി കൂടും അത്രേ
5. സൂര്യനെ നേരിട്ട് നോക്കരുത്. എന്നാല്‍ വെല്‍ഡിംഗ് ഗ്ലാസുകള്‍, എക്സ് റേ ഫിലിമുകള്‍, ടെലിസ്കോപ്പുകള്‍ എന്നിവയിലൂടെ ഗ്രഹണം കണ്ടാല്‍ കുഴപ്പമില്ല.

എന്താണ് സത്യാവസ്ഥ. ഗ്രഹണം എല്ലാ വര്‍ഷവും സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമാണ്. സൂര്യഗ്രഹണം എല്ലാവര്‍ഷത്തിലും രണ്ടും മൂന്നും ഒക്കെ ഉണ്ടാകുന്നുണ്ട്. അതില്‍ കൂടുതലും ഭാഗികഗ്രഹണം ആയിരിക്കും. സമ്പൂര്‍ണ്ണസൂര്യഗ്രഹണവും മിക്ക വര്‍ഷങ്ങളിലും കാണാവുന്നതാണ്. എന്നാല്‍ എല്ലായിടത്തും ഗ്രഹണം കാണാന്‍ കഴിഞ്ഞു എന്ന് വരില്ല. പൂര്‍ണ്ണസൂര്യഗ്രഹണം വളരെ കുറച്ച് സ്ഥലത്ത് മാത്രം വീഴുന്നതിനാല്‍ ചിലയിടങ്ങളില്‍ മാത്രം ദൃശ്യമാവുകയും ചെയ്യും. മേല്‍പ്പറഞ്ഞ ഓരോ പോയിന്റുകളും നോക്കാം

1,2,3 പോയിന്റുകള്‍
അടുത്ത നൂറ്റാണ്ടിലേ ഇനി ഗ്രഹണം കാണാന്‍ പറ്റൂ എന്ന് ശുദ്ധ അസംബന്ധമാണ്. അടുത്ത വര്‍ഷം ജനുവരി 15 ന് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പൂര്‍ണ്ണമായ ഒരു വലയഗ്രഹണം ദൃശ്യമാവുന്നുണ്ട്. ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അല്പം അകന്നിരിക്കുന്നതിനാല്‍ സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ ചന്ദ്രന് കഴിയില്ല. അതിനാല്‍ തന്നെ സൂര്യന്റെ അരികുകള്‍ വ്യക്തമായി കാണാന്‍ കഴിയും. അടുത്ത വര്‍ഷം തന്നെ ജൂലായില്‍ ഒരു പൂര്‍ണ്ണസൂര്യഗ്രഹണം വരുന്നുണ്ട്. അത് ഇന്ത്യയില്‍ ദൃശ്യമല്ല എന്ന് മാത്രം. June 13, 2132 ന് നടക്കുന്ന പൂര്‍ണ്ണസൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം ഇപ്പോള്‍ കഴിഞ്ഞതിലും കൂടുതലാണ് എന്ന് മാത്രം. സൂര്യനെ പൂര്‍ണ്ണമായും ചന്ദ്രന്‍ മറയക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യമാണ് ഈ പറയുന്നത്. അന്ന് ചന്ദ്രന്‍ കുറേക്കൂടി ഭൂമിക്ക് അടുത്തായിരിക്കും. അതു കൊണ്ട് കൂടുതല്‍ നേരം സൂര്യനെ മറയ്ക്കാന്‍ ചന്ദ്രന് സാധിക്കും. ഈയൊരു ചെറിയ കാര്യത്തെ വളച്ചൊടിച്ച് ഇനി 123 വര്‍ഷത്തിനു ശേഷമേ സൂര്യഗ്രഹണം കാണാന്‍ പറ്റൂ എന്നൊക്കെ പറഞ്ഞാല്‍ അത് വല്ലാത്തൊരു വാര്‍ത്തയായിപ്പോയി. ചിലര്‍ അത് സമ്പൂര്‍ണ്ണസൂര്യഗ്രഹണം എന്നാക്കി മാറ്റി, മറ്റു ചിലര്‍ ഇന്ത്യയില്‍ ഇനി 123 വര്‍ഷം കഴിഞ്ഞേ കാണാന്‍ പറ്റൂ എന്നാക്കി . ഇങ്ങിനെ പല തരത്തിലും പല സമയത്തും വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടു. ഒരേ ചാനലുകളില്‍ തന്നെ പരസ്പരവിരുദ്ധമായ വാര്‍ത്തകളാണ് വന്നത്. ഇപ്പോള്‍ ജനിക്കുന്ന കുട്ടികള്‍ക്കും ഇനി ഗ്രഹണം കാണാന്‍ യാതൊരു തടസ്സവുമില്ല. എല്ലാ വര്‍ഷവും അവരെ കാത്ത് ഗ്രഹണം ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കും.

പോയിന്റ് 4
സൂര്യഗ്രഹണത്തെ നിരീക്ഷിക്കുന്നതിലും നല്ല തമാശയുള്ള വാര്‍ത്തകളായിരുന്നു അവര്‍ നല്‍കിയത്. ഗ്രഹണസമയത്ത് സൂര്യരശ്മികള്‍ക്ക് ശക്തി കൂടും അത്രേ. സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്‍ മറയ്ക്കുന്നതിനാല്‍ സൂര്യരശ്മികള്‍ക്ക് ശക്തി കുറയുകയാണ് ചെയ്യുക. നേരിട്ട് സൂര്യനെ നോക്കുമ്പോള്‍ കൂടുതല്‍ അപകടം പറ്റാന്‍ സാധ്യതയുള്ളത് ഗ്രഹണമില്ലാത്ത സമയത്ത് തന്നെയാണ്. ഗ്രഹണ സമയത്തും ഇതേ പ്രശ്നം അല്പം കുറവാണെങ്കില്‍ പോലും ഉണ്ടാകാം. നല്ല ഒരു സോളാര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് ധൈര്യമായി സൂര്യനെ നോക്കാവുന്നതാണ്.
ഇന്ന് നടന്ന സൂര്യഗ്രഹണത്തെ നഗ്നനേത്രങ്ങളാല്‍ തന്നെ വീക്ഷിക്കാമായിരുന്നു. കന്യാകുമാരിയിലും മറ്റും പോയി സൂര്യോദയവും സൂര്യാസ്തമയവും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാമെങ്കില്‍ അതേ സമയത്തുണ്ടാകുന്ന സൂര്യഗ്രഹണം വീക്ഷിക്കാനും ഫില്‍ട്ടറുകളുടെയൊന്നും ആവശ്യമില്ല. എന്നാല്‍ സൂര്യപ്രകാശത്തിന് ശക്തികൂടുന്നതിനിനുസരിച്ച് ഫില്‍ട്ടറുകള്‍ ഉപയോഗിക്കുക തന്നെ വേണം.

പോയിന്റ് 5

"സൂര്യനെ നേരിട്ട് നോക്കരുത്. എന്നാല്‍ വെല്‍ഡിംഗ് ഗ്ലാസുകള്‍, എക്സ് റേ ഫിലിമുകള്‍, ടെലിസ്കോപ്പുകള്‍ എന്നിവയിലൂടെ ഗ്രഹണം കണ്ടാല്‍ കുഴപ്പമില്ല"

ഇതായിരുന്നു അപകടകരമായ വാര്‍ത്ത. ചിലപ്പോള്‍ അറിയാതെ പറയുന്നതാകാം. സൂര്യനെ നേരിട്ട് നോക്കാന്‍ പാടില്ല. വെല്‍ഡിഗ് ഗ്ലാസ് തുടങ്ങിയവയിലൂടെ നോക്കുന്നതിനും തടസ്സമില്ല. പക്ഷേ യാതൊരു കാരണവശാലും ടെലിസ്കോപ്പിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്. നഗ്നനേത്രങ്ങളാല്‍ നോക്കുന്നതിലും അപകടമാണിത്. ടെലിസ്കോപ്പുകളില്‍ ശാസ്ത്രലോകം അംഗീകരിച്ച സോളാര്‍ ഫില്‍ട്ടറുകള്‍ ഘടിപ്പിച്ചാല്‍ നോക്കുന്നതിന് തടസ്സമില്ല. പക്ഷേ ഒരു ടെലിസ്കോപ്പോ ബൈനോക്കുലറോ കൈവശമുള്ള ആരെങ്കിലും ഇത്തരം വാര്‍ത്ത റിപ്പോര്‍ട്ടിംഗുകള്‍ കേട്ട് നേരിട്ട് അതിലൂടെ സൂര്യനെ നോക്കിയാല്‍ പൂര്‍ണ്ണമായി തന്നെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം. ടെലിസ്കോപ്പിലൂടെ വരുന്ന സൂര്യന്റെ പ്രതിബിംബത്തെ വെളുത്ത പ്രതലത്തില്‍ പതിപ്പിച്ച് അവിടേക്ക് നോക്കിയാല്‍ ഏറ്റവും സുരക്ഷിതമായി ഗ്രഹണം കാണാം. റിപ്പോര്‍ട്ടിംഗ് അങ്ങിനെയാകാം ഉദ്ദേശിച്ചിരിക്കുന്നത്. കാരണം എല്ലാ നിരീക്ഷണ കേന്ദ്രങ്ങളിലും അത്തരത്തില്‍ ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് ഗ്രഹണക്കാഴ്ചകള്‍ ലഭ്യമാക്കിട്ടുണ്ടാകും. ചിലപ്പോള്‍ മികച്ച ഫില്‍ട്ടറുകള്‍ ഘടിപ്പിച്ച ടെലിസ്കോപ്പുകളും സജ്ജമാക്കിയിരിക്കാം. പക്ഷേ റിപ്പോര്‍ട്ടിംഗ് ടി.വി യില്‍ വന്നപ്പോഴേക്കും അത് ഇങ്ങിനെയായി മാറി.

ഇതു കൊണ്ട് സമൂഹത്തില്‍ സൃഷിടിക്കപ്പെടുന്ന തെറ്റിദ്ധാരണകള്‍ കുറച്ചൊന്നുമല്ല. അടുത്ത ജനുവരിയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പൂര്‍ണ്ണമായതും പത്ത് മിനിറ്റോളം നീണ്ടു നില്‍ക്കുന്ന പൂര്‍ണ്ണമായ വലയഗ്രഹണം കാണാന്‍ കഴിയും. അന്ന് ഉച്ചക്കാണ് ഗ്രഹണം എന്നതിനാല്‍ അത് കൂടുതല്‍ മനോഹരവുമാണ്. ഇന്ത്യയില്‍ മറ്റെല്ലായിടത്തും ഭാഗികമായ ഗ്രഹണമേ അന്ന് കാണൂ. ശാസ്ത്രലോകം തിരുവനന്തപുരം,കന്യാകുമാരി തുടങ്ങിയ ഇടങ്ങളിലായിരിക്കും തമ്പടിക്കുക. അന്ന് വീണ്ടും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത് മാധ്യമങ്ങളെ അയിരിക്കുകയില്ല മറിച്ച് ശാസ്ത്രസമൂഹത്തെ ആയിരിക്കും. കാരണം ഇന്ന് മാധ്യമങ്ങളിലൂടെ കേട്ട ഈ 123 വര്‍ഷത്തെ കാലയളവ് ശാസ്ത്രജ്ഞരുടെ അറിവില്ലായ്മയായി അന്ന് സാധാരണജനങ്ങള്‍ തെറ്റിദ്ധരിക്കാം. 2010 ജൂലായില്‍ വരുന്ന പൂര്‍ണ്ണസൂര്യഗ്രഹണവും ശാസ്ത്രജ്ഞരെ കളിയാക്കാനുള്ള അവസരമായി സാധാരണ ജനങ്ങള്‍ കണ്ടേക്കാം.


(2010 ജനുവരി 15ന് തിരുവനന്തപുരത്തെ ഗ്രഹണക്കാഴ്ച. ശുക്രനേയും അടുത്ത് കാണാം)

സൂര്യഗ്രഹണവാര്‍ത്തകളോടൊപ്പം അതേ പ്രാധാന്യത്തോടെയാണ് ദേവാലയങ്ങളിലും മറ്റും നടക്കുന്ന പ്രത്യേക പൂജയും നടയടക്കലും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നത്. ശാസ്ത്രത്തേയും വിശ്വാസത്തേയും രണ്ടായി തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പക്ഷേ അതെല്ലാം ഒന്നായിട്ടു മാത്രമേ ഇന്ന് ദൃശ്യ-ശ്രാവ്യ-എഴുത്ത് മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. മാധ്യമങ്ങള്‍ ശാസ്ത്രവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടത് അത്യാവശ്യമാണ്. റിപ്പോര്‍ട്ടിംഗ് തികച്ചും ശാസ്ത്രീയമായിരിക്കണം. അല്ലെങ്കില്‍ ആട് പട്ടിയാവാനും കാക്ക കൊക്കാവാനുമൊക്കെ അധിക സമയം വേണ്ടി വരില്ല.Tuesday, July 14, 2009

നഗ്നനേത്രം കൊണ്ട് കാണാവുന്ന സൂര്യഗ്രഹണം വരുന്നൂ... ജൂലായ് 22 ന്

സൂര്യഗ്രഹണ വിശേഷങ്ങള്‍

2009 ലെ പൂര്‍ണ്ണസൂര്യഗ്രഹണം ജൂലായ് 22 ന് നടക്കും. ഇന്ത്യയിലാണ് ഗ്രഹണം ആദ്യം ദൃശ്യമാവുക. ഉദയസൂര്യന്‍ തന്നെ ഗ്രഹണസൂര്യനായിരിക്കും എന്ന പ്രത്യേകത ഇന്ത്യയിലുണ്ട്. സൂറത്തില്‍ നിന്നും പടിഞ്ഞാറോട്ട് മാറി അറബിക്കടലിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. അവിടെ നിന്നും തുടങ്ങുന്ന ചന്ദ്രന്റെ നിഴലിന്റെ പ്രയാണം മധ്യഭാരതത്തിലൂടെ കടന്നു പോകുന്നു. ഇന്ത്യയില്‍ വെരാവലില്‍ ആണ് സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക. തുടര്‍ന്ന് സൂറത്ത്, വഡോധര, ഇന്‍ഡോര്‍,ഭോപ്പാല്‍, അലഹബാദിലെ ചില ഭാഗങ്ങള്‍, വാരണാസി, പാറ്റ്ന,ഡാര്‍ജലിംഗ് തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നു. ഇവിടെയെല്ലാം പരിപൂര്‍ണ്ണസൂര്യഗ്രഹണം ദൃശ്യമാകും.(കറുത്ത പൊട്ട് പൂര്‍ണ്ണസൂര്യഗ്രണം സൂചിപ്പിക്കുന്നു.)

ഇതിനിടക്ക് നേപ്പാള്‍,ബംഗ്ലാദേശ്,ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലൂടെയും ഗ്രഹണം കടന്നു പോകുന്നുണ്ട്. തുടര്‍ന്ന് മ്യാന്‍മാര്‍ കടന്ന് ചൈനയിലൂടെ ജപ്പാനിലേക്ക് പ്രവേശിക്കുന്നു. പസഫിക്ക് സമുദ്രത്തിലൂടെ നീങ്ങുന്ന പൂര്‍ണ്ണഗ്രഹണം ജപ്പാനിലെ Ryukyu, ഇവോജിമ(Iwo Jima),മാര്‍ഷല്‍, ഗില്‍ബര്‍ട്ട് ദ്വീപുകള്‍ എന്നറിയപ്പെടുന്ന കിരിബാത്തി (Kiribati ), ഫീനിക്സ് ദ്വീപുകളിലൂടെയാണ് കടന്നു പോകുന്നത്. പൂര്‍ണ്ണസൂര്യഗ്രഹണത്തിന്റെ പാത ഇടുങ്ങിയതാണെങ്കിലും ഭാഗികഗ്രഹണം വളരെയധികം ഭാഗങ്ങളില്‍ കാണുവാന്‍ സാധിക്കും. ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാന്‍, ചൈന,നേപ്പാള്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ എല്ലാ ഭാഗത്തും ഭാഗികസൂര്യഗ്രഹണം കാണുവാന്‍ സാധിക്കും. കിഴക്കേ ഏഷ്യയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇന്ത്യോനേഷ്യയിലും ഭാഗികഗ്രഹണം ദൃശ്യമായിരിക്കും.
ഇവോജിമ ദ്വീപുകാര്‍ക്ക് ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണം കാണുവാന്‍ സാധിക്കും. 6 മിനിട്ടും 39 സെക്കന്റുമാണ് പരമാവധി ഗ്രഹണദൈര്‍ഘ്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ ഗ്രഹണം അവസാനിക്കുന്നതും പസഫിക്ക് സമുദ്രത്തില്‍ തന്നെയാണ്. 2132 ജൂണ്‍ 13 ന് മാത്രമേ ഇനി ഇത്രയും ദൈര്‍ഘ്യമേറിയ ഒരു പൂര്‍ണ്ണസൂര്യഗ്രഹണം ഭൂമിയില്‍ നടക്കുന്നുള്ളൂ (വിക്കിപീഡിയയില്‍ നിന്നും ലഭ്യമായ വിവരം). ഇതിലും ദൈര്‍ഘ്യം കുറഞ്ഞ നിരവധി പൂര്‍ണ്ണസൂര്യഗ്രഹണങ്ങള്‍ മിക്കവാറും എല്ലാ വര്‍ഷവും ഭൂമിയുടെ വിവിധയിടങ്ങളില്‍ അരങ്ങേറാറുണ്ട്. അത് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉണ്ടാവും. ഇനി അടുത്ത പൂര്‍ണ്ണസൂര്യഗ്രഹണത്തിനായി 2132 വരെ കാത്തിരിക്കണം എന്നുള്ള പ്രചരണങ്ങളെല്ലാം ശുദ്ധഅസംബന്ധമാണ് എന്ന് പറയാതെ വയ്യ.ഗ്രഹണം കാണാന്‍ മറക്കരുതേ
ഉറക്കമുണരുമ്പോള്‍ തന്നെ സൂര്യഗ്രഹണം കാണാം എന്ന അപൂര്‍വ്വഭാഗ്യമാണ് നമ്മെ തേടിയെത്തിയിരിക്കുന്നത്. അത് നഷ്ടപ്പെടുത്താതെ സൂര്യഗ്രഹണം വീക്ഷിക്കാന്‍ ശ്രമിക്കുക. അതിരാവിലെ സൂര്യോദയം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും ഉയര്‍ന്ന പ്രദേശത്ത് നിന്ന് നോക്കുക. ഏതാണ്ട് 6.15 ഓടെ അപൂര്‍വ്വമായ ഒരു സൂര്യോദയത്തിനാകും നാം സാക്ഷ്യം വഹിക്കുക. 6.27 ഓടെ (കൊച്ചിയിലെ സമയമാണ്. മറ്റുള്ള ഇടങ്ങളില്‍ ചെറിയ വ്യത്യാസം കണ്ടേക്കാം) പരമാവധി ഗ്രഹണം കേരളത്തില്‍ ദൃശ്യമാവും. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണാനുള്ള അപൂര്‍വ്വഅവസരമാണിത്. പ്രഭാതസൂര്യനായതിനാല്‍ ഒരു തരത്തിലുള്ള ഫില്‍ട്ടറുകളുടേയും സഹായമില്ലാതെ നമുക്ക് സൂര്യഗ്രഹണം ആസ്വദിക്കാന്‍ കഴിയും. ചുവന്ന തേങ്ങാക്കൊത്തു പോലെ മനോഹരമായ ഒരു കാഴ്ചയായിരിക്കും അത്. സൂര്യരശ്മികള്‍ക്ക് ശക്തികൂടുന്നതു വരെ യാതൊരു ഭയാശങ്കയും കൂടാതെ നമുക്ക് സൂര്യഗ്രഹണം കാണാം. ആറേമുക്കാല്‍ - ഏഴുമണി കഴിഞ്ഞാല്‍ പിന്നെ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് ഗ്രഹണം കാണുന്നതായിരിക്കും സുരക്ഷിതം. ഏതാണ്ട് 60% ത്തിലധികം സൂര്യഗ്രഹണം നമുക്ക് കാണാന്‍ കഴിയും.

സുരക്ഷിതമായി ഗ്രഹണം കാണാനുള്ള വഴികള്‍ (സൂര്യരശ്മികള്‍ ശക്തിപ്രാപിച്ച ശേഷം)

വെല്‍ഡിംഗ് ഗ്ലാസിലൂടെ സൂര്യഗ്രഹണം കാണുന്നത് ഏറ്റവും അനുയോജ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ലഭ്യമാവില്ല എന്ന പ്രശ്നമുണ്ട്. സ്വന്തമായി സോളാര്‍ ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. തോരണങ്ങള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ പേപ്പര്‍ (വെള്ളി പോലെ തിളങ്ങുന്നത്) ഒരു ഷീറ്റ് മേടിക്കുക. ഈ ഷീറ്റിലുള്ള പദാര്‍ത്ഥം സോളാര്‍ ഫില്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കും. മൂന്നോ നാലോ പാളികള്‍ ഒരുമിച്ച് ചേര്‍ത്ത് വേണം ഫില്‍ട്ടര്‍ നിര്‍മ്മിക്കുവാന്‍. ഒരു 100W ബല്‍ബിലേക്ക് സില്‍വര്‍ പേപ്പറിന്റെ ഒരു പാളിയിലൂടെ നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. മൂന്നോ നാലോ പാളികള്‍ ആകുമ്പോഴേക്കും ഈ അവസ്ഥ എത്തിയിട്ടുണ്ടാകും. ഇതിലൂടെ ഗ്രഹണം കാണാവുന്നതാണ്. ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. ചാര്‍ട്ട് പേപ്പറും റബര്‍ബാന്‍ഡുകളും ഉപയോഗിച്ച് കണ്ണട നിര്‍മ്മിക്കാവുന്നതാണ്.
പഴയ ഫ്ലോപ്പിയുടെ മാഗ്നറ്റിക്ക് ഫിലിം ഉപയോഗിച്ചാല്‍ നന്നായി തന്നെ ഗ്രഹണം കാണാവുന്നതാണ്. ആദ്യം ഫ്ലോപ്പി പൊളിച്ച് അതിനുള്ളിലെ ഫിലിം എടുക്കുക. ചാര്‍ട്ട് പേപ്പര്‍ കൊണ്ട് ഒരു കണ്ണട നിര്‍മ്മിക്കുക. റബര്‍ ബാന്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് അത് കണ്ണില്‍ പിടിപ്പിക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചെടുക്കാം. കണ്ണിന്റെ സ്ഥാനത്ത് ആവശ്യമായ വലിപ്പത്തില്‍ ദ്വാരമിടാന്‍ മറക്കരുത്. അവിടെ സോളാര്‍ ഫില്‍റ്റര്‍ (ഫ്ലോപ്പി ഫിലിം)ഉറപ്പിക്കണം. കണ്ണട റെഡി.
പിന്‍ഹോള്‍ ക്യാമറ നിര്‍മ്മിച്ചും സൂര്യനെ കാണാം. സൂര്യന്റെ പ്രതിബിംബം ഭിത്തിയില്‍ പതിപ്പിച്ചും സൂര്യഗ്രഹണം കാണാം. ഇതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഒരു കണ്ണാടി സംഘടിപ്പിക്കുക. ഒരു ചാര്‍ട്ട് പേപ്പര്‍ എടുത്ത് അഞ്ച് മില്ലിമീറ്റര്‍ വ്യാസത്തില്‍ ഒരു ദ്വാരമിടുക. ദ്വാരം കണ്ണാടിയുടെ മധ്യത്തില്‍ വരത്തക്കവിധം ചാര്‍ട്ട് പേപ്പര്‍ കണ്ണാടിയില്‍ ചേര്‍ത്ത് ഉറപ്പിക്കുക. റബര്‍ബാന്‍ഡോ മറ്റോ ഉപയോഗിച്ച് ഉറപ്പിക്കാവുന്നതേ ഉള്ളൂ. ദ്വാരത്തിലൂടെയല്ലാതെ മറ്റൊരിടത്തു നിന്നും പ്രകാശം പ്രതിഫലിക്കരുത്. ഈ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഭിത്തിയിലേക്കോ സ്ക്രീനിലേക്കോ പ്രതിഫലിപ്പിക്കുക. സൂര്യന്റെ പ്രതിബിംബമായിരിക്കും ഭിത്തിയില്‍ കാണുന്നത്. ഗ്രഹണം പൂര്‍ണ്ണമായും ഇപ്രകാരം കാണാവുന്നതാണ്.
യാതൊരു കാരണവശാലും ടെലിസ്കോപ്പ്, ബൈനോക്കുലര്‍ തുടങ്ങിയവയിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്.

ജൂലായ് 22 ന് സൂര്യഗ്രഹണം നഷ്ടപ്പെട്ടാല്‍ .... അടുത്ത ഗ്രഹണങ്ങള്‍
2010 ജാനുവരി 15 നും 2010 ജൂലായ് 11 നും അടുത്ത സൂര്യഗ്രഹണങ്ങള്‍ കാണാം. ഇതില്‍ ജൂലായ് മാസത്തിലെ ഗ്രഹണം പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. എന്നാല്‍ ഇത് ഏതാണ്ട് പൂര്‍ണ്ണമായും പസഫിക്ക് സമുദ്രത്തിലൂടെയാണ് കടന്നു പോകുന്നത്. തെക്കേ അമേരിക്കയിലെ അര്‍ജന്റീന,ചിലി തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് ഗ്രഹണം പൂര്‍ണ്ണമായും കാണപ്പെടുന്ന മനുഷ്യവാസപ്രദേശം. അതു തന്നെ വളരെ കുറഞ്ഞ സമയത്തേക്കു മാത്രവും. ഇന്ത്യയിലുള്ളവര്‍ക്ക് ഈ ഗ്രഹണം ദൃശ്യമല്ല. എന്നാല്‍ 2010 ജാനുവരി 15 ന് സംഭവിക്കുന്ന വലയഗ്രഹണം കേരളത്തിലൂടെ കടന്നു പോകുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഏതാണ്ട് പൂര്‍ണ്ണമായ വലയഗ്രഹണം കാണാന്‍ അന്ന് കഴിയും.