Saturday, January 24, 2009

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ബൂലോകത്തേക്ക് ..പുതിയ പ്രതികരണ ലോകത്തിലേക്ക്..


ഇവരെ നമുക്ക് പ്രോത്സാഹിപ്പിക്കേണ്ടേ?


സര്‍ക്കാര്‍ സ്കൂളുകള്‍ എല്ലാക്കാര്യത്തിലും പുറകിലാണ് എന്നാണ് പലരുടേയും ധാരണ. പല വിധ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടും അവര്‍ ചെയ്യുന്ന പലതും ആരും കാര്യമാക്കാറില്ല. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ മറ്റാരേക്കാളും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒരു പടി മുന്നില്‍ തന്നെയാണ്. ആധുനിക വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന നിരവധി കഴിവുകള്‍ പുറത്തു കൊണ്ടുവന്നു കൊണ്ടിരിക്കുന്നു. കഥകളായും കവിതകളായും സമൂഹത്തോട് പ്രതികരിക്കുന്ന മികച്ച ലേഖനങ്ങളായും അവ പുറത്തിറങ്ങുന്നു. പക്ഷേ ആരും അത് കാണുന്നില്ല എന്നതാണ് സത്യം. അണ്‍-എയിഡഡ്, എയിഡഡ് സ്കൂളുകാര്‍ ചെയ്യുന്ന പല നിസ്സാര കാര്യങ്ങളേയും മഹത്വവത്കരിക്കാറുള്ള സമൂഹം പക്ഷേ സര്‍ക്കാര്‍ വിദ്യാലയങ്ങളോട് പലപ്പോഴും മുഖം തിരിഞ്ഞു നില്‍ക്കാറാണ് പതിവ്.
ബ്ലോഗ് ആധുനിക കാലഘട്ടത്തിന്റെ പ്രതികരണ ശേഷിയുടെ മുഖപത്രമാണ്. ഇവിടെ സര്‍ക്കാര്‍ സ്കൂളുകള്‍ ആ പ്രതികരണ ശേഷിയിലൂടെ സമൂഹത്തോട് സംവദിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിരവധി സ്കൂളുകള്‍ ആ വഴിക്ക് ചിന്തിക്കുന്നു. ഇതാ അതേ പാതയില്‍ മറ്റൊരു സര്‍ക്കാര്‍ വിദ്യാലയം കൂടി. മാഞ്ഞൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളാണ് ബ്ലോഗുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ആ സ്കൂളിലെ കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രതിഫലിക്കുന്ന ഈ ബ്ലോഗ് സര്‍ക്കാര്‍ സ്കൂളുകളെ പരിഹസിക്കുന്നവര്‍ക്ക് ഒരു പാഠമാണ്. http://ghsmanjoor.blogspot.com/ എന്ന ഈ ബ്ലോഗിനെ നമുക്ക് പ്രോത്സാഹിപ്പിക്കാം, മറ്റു സ്കൂളുകളുടെ ബ്ലോഗുകള്‍ക്കൊപ്പം...
സന്ദര്‍ശിക്കൂ...
http://ghsmanjoor.blogspot.com/Thursday, January 22, 2009

ഒരു സൌരക്കാറ്റ് ചിലപ്പോള്‍ നമ്മെ അന്ധകാരത്തിലാഴ്ത്തിയേക്കാം..

ഒരു സൌരക്കാറ്റ് സമൂഹത്തെ അന്ധകാരത്തിലാഴ്ത്തിയേക്കാം..

സൂര്യന്‍ ഇല്ലാതെ ഭൂമിയില്‍ ജീവനില്ല എന്നു തന്നെ പറയാം. പക്ഷേ സൂര്യനിലെ ഒരു ചെറിയ മാറ്റം ഭൂമിയിലെ ജീവിത അവസ്ഥകളെ മാറ്റി മറിച്ചേക്കാം. സൌരക്കാറ്റ് മൂലം ഭൂമിയില്‍ സംഭവിച്ചേക്കാവുന്ന സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് നാസയുടെ സാമ്പത്തിക സഹായത്തോടെ പഠിച്ച നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ആണ് പഠന റിപ്പോര്‍ട്ടിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സൌര ആളലുകള്‍ നിങ്ങളുടെ ടോയ്ലറ്റിനെ പ്രവര്‍ത്തനരഹിതമാക്കിയേക്കാം എന്ന തലക്കെട്ടോടെയാണ് നാസ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് സമ്മാനിച്ചത്. മനുഷ്യന്റെ ആധുനിക സൌകര്യങ്ങള്‍ വര്‍ദ്ധിച്ചതാണ് സൌര ആളലും തുടര്‍ന്നുണ്ടായേക്കാവുന്ന കാന്തിക കൊടുങ്കാറ്റും ആണ് നാശനഷ്ടങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നത്.
വൈദ്യുത പവര്‍ ഗ്രിഡുകളിലാണ് പ്രശ്നങ്ങള്‍ തുടക്കമിടുന്നത്. കാന്തിക കൊടുങ്കാറ്റ് മൂലമുണ്ടാകുന്ന ഭൌമോപരിതല വൈദ്യുതി (Ground currents) ട്രാന്‍സ്ഫോര്‍മ്മറുകളുടെ ചെമ്പകമ്പികളെ ഉരുക്കാന്‍ മാത്രം ഉയര്‍ന്നതായേക്കാം. പരസ്പരബന്ധിതമായ വൈദ്യുതശൃംഘല ഈ പ്രശ്നത്തെ വളരെയധികം ഇടത്തേക്ക് വ്യാപിപ്പിക്കുന്നതില്‍ പങ്കുവഹിക്കും. നാശനഷ്ടങ്ങളുടെ വ്യാപനത്തിന് ഇത് കാരണമാവുകയും ചെയ്യും.
1989 ലെ ഇത്തരത്തിലുള്ള ഒരു കാന്തികകൊടുങ്കാറ്റിന്റെ പ്രഹരത്തില്‍ കാനഡയിലെ ക്യുബക്ക് എന്ന പ്രവിശ്യയിലെ വൈദ്യുതവിതരണം പൂര്‍ണ്ണമായും നിലച്ചത് റിപ്പോര്‍ട്ടില്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. അവിടത്തെ അറുപത് ലക്ഷം ജനങ്ങള്‍ താരതമ്യേന ചെറിയ ഈ സൌരആളലിന്റെ ഭാഗമായി ഒന്‍പത് മണിക്കൂര്‍ വൈദ്യുതിയില്ലാതെ കഴിയേണ്ടി വന്നു. 1921 മേയ് മാസത്തിലും ഇതേ പോലെ ഒരു സൌര ആളലും തുടര്‍ന്ന് കാന്തിക കൊടുങ്കാറ്റും ഉണ്ടായിരുന്നു. അന്ന് ക്യുബക്കിലുണ്ടായതിന്റെ പത്തിരട്ടി ഭൌമോപരിതല വൈദ്യുതിയാണ് സൃഷ്ടിക്കപ്പെട്ടത്. അന്ന് വൈദ്യുതശൃംഘലകള്‍ ഇന്നത്തെപ്പോലെ വ്യാപകമല്ലാത്തതിനാല്‍ വലിയ പ്രശ്നം നേരിട്ടില്ല.

അതേ ഭൌമകാന്തിക കൊടുങ്കാറ്റ് ഇന്നാണ് ഉണ്ടാകുന്നതെങ്കില്‍ സൃഷ്ടിക്കപ്പെടാവുന്ന നാശനഷ്ടങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ മോഡലിലൂടെ പുനരാവിഷ്കരിച്ചു നോക്കി. അമേരിക്കയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മുന്നുറ്റമ്പതോളം ട്രാന്‍സ്ഫോര്‍മ്മറുകള്‍ക്ക് പൂര്‍ണ്ണമായ കേടുപാടുകള്‍ സംഭവിക്കും എന്നാണ് കണ്ടെത്തിയത്. ഏതാണ്ട് പതിമൂന്ന് കോടി ജനങ്ങള്‍ക്ക് വൈദ്യുതി മുടങ്ങാന്‍ ഇത് ധാരാളം മതിയത്രേ. ഇത്രയും സ്ഥലത്തെ വൈദ്യുത വിതരണം നിലച്ചാല്‍ മണിക്കൂറുകള്‍ക്കകം ജലവിതരണം അവതാളത്തിലാകും. ആഹാരം, മരുന്ന്, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വീടുകള്‍ക്ക് ആവശ്യമായ താപനിയന്ത്രണം, ഇന്ധന വിതരണം തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു ദിവസം കൊണ്ടു തന്നെ തീവ്രമായ പ്രതിസന്ധിയെ നേരിടും.


(വൈദ്യുത വിതരണം തകരാറിലാവുന്ന ഇടങ്ങള്‍)

സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ട് മാത്രം ഇത്രയും കാര്യങ്ങള്‍ നടക്കുന്ന അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളില്‍ ജനജീവിതം പ്രതിസന്ധിയുടെ നെല്ലിപ്പലക കാണാന്‍ മറ്റൊന്നും വേണ്ടി വരില്ല എന്നാണ് വൈദ്യുത പ്രതിസന്ധി മോഡല്‍ നിര്‍മ്മിച്ച മെറ്റാടെക്ക് കോര്‍പ്പറേഷനിലെ ജോണ്‍ കാപ്പന്‍മാന്‍ പറയുന്നത്. അത്രയധികം സാങ്കേതിക വിദ്യകളെ ആശ്രയിക്കാത്ത രാജ്യങ്ങള്‍ക്ക് അല്പം ആശ്വാസത്തിന് വകയുണ്ട് എന്നു മാത്രം.

1859 ല്‍ ബ്രീട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് കാരിംഗ്ടണ്‍ സൌര ആളലിന്റെ തുടക്കം നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടു . സൂര്യന്റ പ്രതിബിംബം സ്ക്രീനില്‍ പതിപ്പിച്ച് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ തുടര്‍ന്നുണ്ടായ ഭൌമ കാന്തിക ആക്രമണം അന്നത്തെ ടെലിഗ്രാഫ് ശൃംഘലയെ വൈദ്യുതീകരിക്കുകയുണ്ടായി. ടെലിഗ്രാഫ് പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാനും ടെലിഗ്രാഫ് പേപ്പറുകള്‍ കത്തിപ്പോവുന്നതിനും ഇതിടയാക്കുകയുണ്ടായി. മുന്‍പെങ്ങുമില്ലാത്തവിധം അറോറ എന്ന ധ്രുവ്വ ദീപ്തി ക്യൂബ, ഹവായി തുടങ്ങിയ ഇടങ്ങളില്‍ വരെ കാണപ്പെടുകയും രാത്രി ആ പ്രദേശങ്ങളെ പകല്‍ സമാനമായ അന്തരീക്ഷത്തിലേക്ക് എത്തിക്കുകയും ചെയ്തു.
ഇത്തരം ഒരു സൌരപ്രതിഭാസം വൈദ്യുത ശൃംഘലയെ മാത്രമല്ല ബാധിക്കുക. വാര്‍ത്താവിനിമയം, ഉപഗ്രഹങ്ങള്‍, റേഡിയോ പ്രക്ഷേപണം , ജി.പി.എസ്, ബാങ്കിംഗ് മേഖല, വ്യോമയാനം, മറ്റ് ഗതാഗത സംവിധാനങ്ങള്‍ എന്നിവയേയും ബാധിക്കും. ഏതാണ്ട് രണ്ടു ലക്ഷം കോടി ഡോളറിലധികം നാശനഷ്ടം ഇതു മൂലം ഉണ്ടാകാം എന്നാണ് കണക്കാക്കിയിരിക്കുന്നത്.

പഠനം പ്രതിസന്ധിക്ക് ചില പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നു. ഭൌമകാന്തിക പ്രതിഭാസങ്ങളെ ചെറുത്തുനില്‍ക്കാന്‍ ശേഷിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക, ജി.പി.എസ്സ് ഉപയോഗിക്കുന്ന കോഡിംഗ് സംവിധാനങ്ങളും ആവൃത്തിയും മെച്ചപ്പെടുത്തുക, ബഹിരാകാശ കാലാവസ്ഥയെക്കുറിച്ച് അപ്പപ്പോള്‍ അറിവുതരാന്‍ തക്ക സംവിധാനങ്ങള്‍ സജ്ജീകരിക്കുക തുടങ്ങിയവയാണ് പ്രതിരോധ സംവിധാനങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. അറിയിപ്പ് ലഭിച്ചാലുടന്‍ വൈദ്യുതസംവിധാനങ്ങള്‍ പരിപൂര്‍ണ്ണമായും നിര്‍ത്തിവച്ച് ആഘാതങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും എന്നും റിപ്പോര്‍ട്ട് പറയുന്നു. ആഴ്ചകളോളം വൈദ്യുതി ഇല്ലാതിരിക്കുന്നതിലും നല്ലത് കുറച്ചു മണിക്കൂറുകള്‍ വൈദ്യുതി ഇല്ലാതിരിക്കുന്നതാണ് . അതു തന്നെയാണ് ശരിയും പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഭേദം.
നാസയുടെ സോഹോ എന്ന സൌരപഠന ഉപഗ്രഹം നിരവധി വിവരങ്ങള്‍ നമുക്ക് തരുന്നുണ്ട്. ആദിത്യ തുടങ്ങിയ ഇന്ത്യയുടെ പദ്ധതികളും ഈ രംഗത്ത് മുതല്‍ക്കൂട്ടായേക്കാം. എപ്പോള്‍ ഒരു സൌര ആളല്‍ ഉണ്ടാകും എന്ന് പ്രവചിക്കാനാവില്ല. അത് ചിലപ്പോള്‍ നൂറു വര്‍ഷത്തിനപ്പുറമാകാം ചിലപ്പോള്‍ നാളെയുമാകാം.

Thursday, January 15, 2009

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മേഖല ഡി.ടി.പി രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തണം


മലയാളം ഡി.ടി.പി രംഗത്ത് കമ്യൂണിറ്റി പ്രൊജക്റ്റ് ആവശ്യമാണ്


ലോകം മുഴുവന്‍ ഒരു മാറ്റത്തിന്റെ വക്കിലാണ്. അടഞ്ഞ സോഫ്റ്റ്‌വെയറുകളില്‍ നിന്നും തുറന്ന സോഫ്റ്റ്വെയറുകളിലേക്ക്, സ്വാതന്ത്രമില്ലായ്മയില്‍ നിന്നും സ്വാതന്ത്രത്തിലേക്ക്.. പക്ഷേ ഗ്നു-ലിനക്സിലേക്കുള്ള ഈ മാറ്റം പല തലങ്ങളിലും തടസ്സം നേരിടുന്നുണ്ട്. വ്യാപകമായി ചെയ്യപ്പെടുന്ന പല ജോലികള്‍ക്കും അനുയോജ്യമായ സോഫ്റ്റ്വെയര്‍ ലഭ്യമല്ല എന്നത് ഒരു തടസ്സമാണ്. ഗാര്‍ഹിക ഉപയോഗത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ധാരാളം സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ ഇന്ന് ലഭ്യമാണ്. പക്ഷേ പ്രൊഫഷണല്‍ രംഗത്ത് ഉപയോഗിക്കുന്ന പല സോഫ്റ്റ്വെയറുകള്‍ക്കും ഒരു ബദല്‍ എന്നത് ഇന്നും സാധ്യമായിട്ടില്ല. ഈ രംഗത്ത് പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. പക്ഷേ അവയും ദിനം പ്രതി മാറ്റങ്ങളുമായി വരുന്ന പ്രൊപ്പറേറ്ററി പ്രൊഫഷണല്‍ പ്രോഗ്രാമുകള്‍ക്ക് പകരമാകാന്‍ സാധിച്ചിട്ടില്ല. മാധ്യമ രംഗമാണ് മാറാന്‍ പ്രയാസം നേരിടുന്ന ഒരു മേഖല. ഡി.റ്റി.പി. ,ഓഡിയോ എഡിറ്റിംഗ് , വീഡിയോ എഡിറ്റിംഗ് തുടങ്ങിയ രംഗത്തൊക്കെ ചില പരീക്ഷണങ്ങള്‍ക്കപ്പുറം ആരും ഒന്നും ചെയ്തിട്ടില്ല. വീഡിയോ രംഗത്ത് ഗുണമേന്മയുള്ള സൌജന്യ ഓപ്പണ്‍സോഴ്സ് സോഫ്റ്റ്വെയറുകള്‍ ലഭ്യമാണെങ്കിലും പലരും അതിനെതിരേ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. അതിനെക്കുറിച്ച് അറിയാത്തതും വേണ്ടത്ര പരിശീലനം ലഭ്യമല്ലാത്തതുമാണ് പ്രമുഖ കാരണം.


ഡി.ടി.പി രംഗമാണ് മറ്റൊരു പ്രധാന മേഖല. ഇവിടെ അനുയോജ്യമായ സോഫ്റ്റ്വെയറുകള്‍ ലഭ്യമല്ല എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. പ്രൊഫഷണല്‍ രംഗത്ത് ഉപയോഗിക്കുന്ന പേജ് മേക്കര്‍ പോലുള്ള സോഫ്റ്റ് വെയറുകള്‍ക്ക് അതേ തലത്തില്‍ സൌകര്യങ്ങള്‍ ലഭ്യമാകുന്ന ഒരു പ്രോഗ്രാം ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ല. മീഡിയ രംഗത്ത് വന്‍ മാറ്റത്തിന് വഴി തെളിക്കാന്‍ നല്ലൊരു പ്രൊഫഷണല്‍ സ്വതന്ത്ര ഡി.ടി.പി സോഫ്റ്റ്വെയറിന് സാധിക്കും. സ്ക്രൈബസ്സ് എന്നൊരു സോഫ്റ്റ് വെയര്‍ ബദലായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പക്ഷേ പേജ് മേക്കര്‍ നല്‍കുന്ന എല്ലാ സൌകര്യങ്ങളും നല്‍കാന്‍ അതിന് കഴിയുന്നില്ല. ഫോണ്ടുകളുടെ കാര്യത്തിലും പേജിനേഷന്‍ പോലുള്ള സൌകര്യങ്ങളുടെ കാര്യത്തിലും സ്ക്രൈബസ്സ് ഇപ്പോഴും പുറകില്‍ തന്നെയാണ്. അമേച്വര്‍ രംഗത്തുള്ളവര്‍ മറ്റ് ചില സോഫ്റ്റ്വെയറുകളിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ പ്രൊഫഷണല്‍ രംഗത്തിനു വേണ്ട വേഗതയും കാര്യക്ഷമതയും കൈവരിക്കാന്‍ ഈ പരീക്ഷണങ്ങള്‍ക്കും സാധിച്ചിട്ടില്ല.

കേരളം സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് വലിയ ഒരു മാറ്റത്തിലാണ്. ആ മാറ്റം കാത്തു സൂക്ഷിക്കണമെങ്കില്‍ ഇത്തരം പ്രൊഫഷണല്‍ സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാകണം. കൂടാതെ ശരിയായ പരിശീലനവും ലഭിക്കണം. മുട്ടിന് മുട്ടിന് ഡി.ടി.പി സ്ഥാപനങ്ങള്‍ ഉള്ള നാടാണ് നമ്മുടേത്. അവരെല്ലാം ഇന്ന് ഉപയോഗിക്കുന്നത് പേജ് മേക്കര്‍ തന്നെയാണ്. സൌജന്യമല്ലെങ്കിലും സൌജന്യമായി ഉപയോഗിക്കുന്നതിനാല്‍ ഇപ്പോള്‍ അവര്‍ ഒരു വലിയ പ്രതിസന്ധി നേരിടുന്നില്ല എന്ന് മാത്രം. എന്നാല്‍ എല്ലാക്കാലത്തേക്കും ഇത് നടന്നു കൊള്ളണം എന്നില്ല. സോഫ്റ്റവെയര്‍ നിയമങ്ങള്‍ ശക്തമാകുന്നതോടെ , റെയ്ഡുകള്‍ മുറുകുന്നതോടെ ഇവരും പ്രതിസന്ധിയിലാകും. ഇവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സ്വതന്ത്രസോഫ്റ്റ്വെയര്‍ രംഗത്ത് പ്രോത്സാഹനം നല്‍കുന്ന സര്‍ക്കാരും മറ്റ് സംഘടനകളും ഏറ്റെടുക്കേണ്ടതുണ്ട്. നല്ലൊരു ബദല്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുക്കുക എന്നത് ഒരു പ്രധാന ദൌത്യമായി സ്വതന്ത്രസോഫ്റ്റ് വെയര്‍ പ്രവര്‍ത്തകരും സര്‍ക്കാരും ഏറ്റെടുക്കണം. സ്വതന്ത്രസോഫ്റ്റ്വെയര്‍ രംഗത്തെ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ മറ്റ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരും സംഘടനകളുമായി സഹകരിച്ചു കൊണ്ട് ഒരു കമ്യൂണിറ്റി പ്രൊജക്റ്റിന് രൂപം നല്‍കാവുന്നതാണ്. നിശ്ചിത കാലയളവിനുള്ളില്‍ കേരളത്തിലെ ഡി.ടി.പി ആവശ്യങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ ഒരു ബദല്‍ സോഫ്റ്റ്‌വെയറിന് ജന്മം നല്‍കാന്‍ ഇത്തരം ഒരു പ്രൊജക്റ്റിന് സാധിക്കും.


പല കാര്യങ്ങളും ഇത്തരം ഒരു പ്രൊജക്റ്റ് ആവശ്യപ്പെടുന്നുണ്ട്. അഞ്ച് തലത്തില്‍ ഈ ആവശ്യങ്ങളെ തരം തിരിക്കാം. ‌‌
1. സോഫ്റ്റ്വെയര്‍-സാങ്കേതികം
2. കമ്യൂണിറ്റി രൂപീകരണം
3. ധന സമാഹരണവും വിതരണവും
4. സോഫ്റ്റ് വെയര്‍ പരിശീലനം / വിതരണം
5. പിന്തുണാ സംവിധാനം


1. സോഫ്റ്റ്വെയര്‍ സാങ്കേതികം
നിലവിലുള്ള സ്ക്രൈബസ്സ് എന്ന സോഫ്റ്റ്വെയറിനെ മെച്ചപ്പെടുത്തലായിരിക്കും പുതിയ ഒരു സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുന്നതിലും നല്ലത്. പേജ്മേക്കറില്‍ നിലവിലുള്ള സൌകര്യങ്ങള്‍ എല്ലാം തന്നെ സ്ക്രൈബസ്സിലേക്ക് ഇണക്കി ചേര്‍ക്കേണ്ടതുണ്ട്. കൂടാതെ യുണികോഡ് പിന്തുണയും ഉറപ്പ് വരുത്തേണ്ടതുണ്ട്.

1. പേജ് മേക്കര്‍ പോലുള്ള സോഫ്റ്റ് വെയറുകളുടെ ആധുനിക സൌകര്യങ്ങള്‍ പട്ടികപ്പെടുത്തണം
2. സ്ക്രൈബസ്സും പേജ് മേക്കറും തമ്മിലുള്ള താരതമ്യം
3. സ്ക്രൈബസ്സിന്റെ പോരായ്മകള്‍ തിരിച്ചറിയലും പട്ടികപ്പെടുത്തലും.
4. കമ്യൂണിറ്റി രൂപീകണത്തിലൂടെ ഈ പട്ടികപ്പെടുത്തിയ ആവശ്യങ്ങളെ കൂടുതല്‍ സൂഷ്മമാക്കല്‍
5. വെബ് സൈറ്റ് രൂപീകരണം
6. സോഫ്റ്റ്വെയര്‍ നിര്‍മ്മാണം

2. കമ്യൂണിറ്റി രൂപീകരണം
ഒരു സംഘടനക്കോ വ്യക്തിക്കോ മാത്രം ചെയ്തു തീര്‍ക്കാവുന്ന ഒരു പ്രോജക്റ്റ് അല്ല ഇത്. അതു കൊണ്ടു തന്നെ കിട്ടാവുന്ന എല്ലാ സാധ്യതകളേയും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഒരു കൂട്ടായ്മ ഇവിടെ പ്രാധ്യാന്യമര്‍ഹിക്കുന്നു. ഡി.ടി.പി ഉപയോഗിക്കുന്നവര്‍, സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍, സംഘടനകള്‍, മാധ്യമ പ്രവര്‍ത്തകര്‍, പത്ര-മാസികാ സ്ഥാപനങ്ങള്‍ തുടങ്ങിയവരെയെല്ലാം ഇതില്‍ പങ്കാളികളാക്കണം. അവരുടെയെല്ലാം അറിവും സമയവും ശരിയായ രീതിയില്‍ വിനിയോഗിക്കാനുള്ള മുന്നൊരുക്കം നടത്തിയിരിക്കണം. സര്‍ക്കാര്‍ ഏജന്‍സിയോ, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റേതെങ്കിലും ഏജന്‍സിയോ പ്രൊജക്റ്റിന്റെ മേല്‍നോട്ടം ഏറ്റെടുത്തിരിക്കണം. അവരായിരിക്കണം കമ്യൂണിറ്റിയെ നിലനിര്‍ത്തിക്കൊണ്ട് പോവേണ്ടത്.

3. ധനസമാഹരണവും വിതരണവും
കമ്യൂണിറ്റി പ്രൊജക്റ്റ് ആണെങ്കിലും അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉചിതമായ പ്രതിഫലം നല്‍കേണ്ടതുണ്ട്. മറ്റ് നിരവധി ചിലവുകളും ഉണ്ടാകും. അതിനായുള്ള ചിലവ് കണ്ടെത്തേണ്ടതുണ്ട്. പ്രൊജക്റ്റ് മൂലം ഗുണം അനുഭവിക്കുന്നവരില്‍ നിന്ന് സംഭാവനകളായി ഇത് നേടിയെടുക്കാവുന്നതേ ഉള്ളൂ.. ഡി.ടി.പി ഉപയോക്താക്കള്‍, പത്രസ്ഥാപനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കാവുന്നതാണ്. കൂടാതെ സര്‍ക്കാരും ഒരു പങ്ക് വഹിക്കേണ്ടതുണ്ട്. കമ്യൂണിറ്റി ഓഡിറ്റിംഗിന് വിധേയമായിക്കൊണ്ടായിരിക്കണം ധനവിനിയോഗം നടക്കേണ്ടത്.

4. സോഫ്റ്റ്വെയര്‍ പരിശീലനം - വിതരണം
സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചതു കൊണ്ട് മാത്രം ആയില്ല. ശരിയായ പരിശീലനം ഉപയോക്താക്കള്‍ക്ക് നല്‍കേണ്ടതുണ്ട്. ഇത് സൌജന്യമായി നല്‍കുന്നതാണ് അഭികാമ്യം. സംഭാവനകള്‍ നല്‍കിയ എല്ലാവര്‍ക്കും പരിശീലനം സൌജന്യമാക്കേണ്ടതുണ്ട്.
സോഫ്റ്റ്വെയര്‍ പരിശീലനം നല്‍കുന്നവര്‍ക്ക് മതിയായ പ്രതിഫലം ഉറപ്പു വരുത്തേണ്ടതുമുണ്ട്.

5. തുടര്‍ പ്രവര്‍ത്തനങ്ങളും പിന്തുണാ സംവിധാനവും.
ശരിയായ പിന്തുണാ സംവിധാനം ഇല്ലാതെ പുതിയ ഒരു സോഫ്റ്റ് വെയറിന് നിലനില്‍ക്കാനാവില്ല. ഇന്റര്‍നെറ്റിലൂടെയുള്ള പിന്തുണാ സംവിധാനങ്ങള്‍ പലപ്പോഴും ഒരു സാധാരണ ഉപയോക്താവിന് ലഭ്യമാകണം എന്നില്ല. നിലവില്‍ പ്രൊഫഷണല്‍ സോഫ്റ്റ്വെയറുകള്‍ക്ക് ഉള്ള പോലെ ഒരു സംവിധാനം എല്ലായിടത്തും ഉണ്ടാവേണ്ടതുണ്ട്. ഉയര്‍ന്ന പരിശീലനം ലഭിച്ചവര്‍ക്ക് ഇത് സാധ്യമാണ്. അതാത് ഉപയോക്താവില്‍ നിന്നും പ്രതിഫലം വാങ്ങി സേവനങ്ങള്‍ നല്‍കാന്‍ മനുഷ്യവിഭവശേഷി ഉണ്ടായേ മതിയാകൂ. ഇങ്ങിനെയുള്ളവരെ പരിശീലിപ്പിക്കാന്‍ സോഫ്റ്റ്വെയറിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയണം. ഒരു പുതിയ തൊഴില്‍ സാധ്യതക്കായിരിക്കും ഇത് വഴി വെയ്ക്കുക. സോഫ്റ്റ്വെയറിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആളുണ്ടാകുന്നതോടെ പുറത്തിറങ്ങിയ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ ഡി.ടി.പി. ഉപയോക്താക്കള്‍ ധൈര്യപ്പെടും.


ഇത്തരത്തിലുള്ള പ്രക്രിയകളിലൂടെ മാത്രമേ ഒരു സോഫ്റ്റ്വെയര്‍ ജനകീയമാക്കാന്‍ സാധിക്കുകയുള്ളൂ. ജനങ്ങള്‍ക്ക് ആവശ്യമുള്ള സോഫ്റ്റ്വെയറുകള്‍ മാത്രമേ വിജയം കാണൂ. അതും നിരന്തര പിന്തുണാ സംവിധാനവും ഉണ്ടാകണം. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താതെ എന്തൊക്കെ ചെയ്താലും ഒരു മാറ്റം ജനങ്ങളില്‍ ഉണ്ടാക്കുവാന്‍ സാധ്യമല്ല. ആ പ്രവര്‍ത്തനങ്ങളാണ് നാം സര്‍ക്കാരില്‍ നിന്നും സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

Saturday, January 3, 2009

സ്വര്‍ണ്ണം പൊതിഞ്ഞ സമ്മാനങ്ങള്‍ ശൂന്യാകാശത്ത് ചുറ്റിത്തിരിയുമ്പോള്‍...

സമ്മാനങ്ങള്‍ നല്‍കുക എന്നത് സന്തോഷകരമായ ഒന്നാണ്. നല്ല സ്വര്‍ണ്ണവര്‍ണ്ണമുള്ള കടലാസു കൊണ്ട് പൊതിഞ്ഞു നല്‍കിയാല്‍ കൂടുതല്‍ സന്തോഷം. നമ്മുടെ സാറ്റ്ലൈറ്റുകളും ഇതേ പോലെ സ്വര്‍ണ്ണ നിറമുള്ള ആവരണം കൊണ്ട് മൂടി വയ്ക്കാറുണ്ട്. ഉപഗ്രഹത്തിന്റെ ചിത്രങ്ങളിലെല്ലാം ഇത് കാണാവുന്നതാണ്. എന്നാല്‍ വെറും ഭംഗിക്കായല്ല ഈ ആവരണം. ഉപഗ്രഹം നിരവധി പ്രതികൂല പരിതസ്ഥിതികളലൂടെ കടന്നു പോകുന്നുണ്ട്. ഉപഗ്രഹത്തിന്റെ താപനിയന്ത്രണം ഒരു പ്രധാന ഘടകമാണ്. ഈ താപനിയന്ത്രണത്തിനുള്ള ഒരു ഉപാധിയാണ് ഈ സ്വര്‍ണ്ണ നിറത്തിലുള്ള കവചം. Multi-layer insulation (MLI) എന്നാണ് ഈ കവചത്തിന്റെ പേര്. ബഹു പാളീ കുചാലകം എന്നോ ബഹു പാളീ കവചം എന്നോ ഒക്കെ വേണമെങ്കില്‍ മലയാളത്തിലും പറയാം.


(MLI ഒരു അടുത്ത കാഴ്ച)
താപം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തെത്തുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. ചാലനം, സംവഹനം, വികിരണം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ താപപ്രസരണം നടക്കും. ഇതില്‍ ചാലനം , സംവഹനം എന്നിവ ഉപഗ്രഹ‌ങ്ങള്‍ നില്‍ക്കുന്ന ഏതാണ്ട് ശൂന്യമായ അവസ്ഥയില്‍ നടക്കുന്നില്ല. വികിരണമാണ് അവിടത്തെ ഏറ്റവും വലിയ താപപ്രസരണ മാര്‍ഗ്ഗം. വിസരണത്തിലൂടെ താപം കൈമാറ്റം ചെയ്യപ്പെടാതിരിക്കാനായുള്ള മാര്‍ഗ്ഗങ്ങളിലൊന്നായാണ് ഉപഗ്രഹത്തിന്റെ ഈ സ്വര്‍ണ്ണ-വര്‍ണ്ണ കവചം പ്രയോജനപ്പെടുന്നത്. ഇന്‍ഫ്രാ റെഡ് താപരശ്മികളെ പ്രതിഫലിപ്പിച്ച് കളഞ്ഞ് അതിതാപത്തില്‍ നിന്നും ഉപഗ്രഹസംവിധാനങ്ങളെ സംരക്ഷിക്കുക എന്ന സുപ്രധാനമായ കര്‍ത്യവ്യം ഇവ മടി കൂടാതെ ചെയ്യുന്നു.


(ആന്റിനകള്‍, സോളാര്‍ പാനലുകള്‍ എന്നിവ ഒഴികെയുള്ളവ MLI കൊണ്ട് പൊതിഞ്ഞിരിക്കുന്നു)

അതി സങ്കീര്‍ണ്ണമായ ഉപഗ്രഹ ഭാഗങ്ങളെ സ്വര്‍ണ്ണത്തിന്റെ തന്നെ പാളികള്‍ കൊണ്ട് പൊതിയാറുണ്ട്. സ്വര്‍ണ്ണം വളരെ മികച്ച ഒരു ഇന്‍ഫ്രാറെഡ് പ്രതിഫലനി ആണെന്നതാണ് ഇതിന് കാരണം. നിരവധി പാളികള്‍ ഒന്നിനു പുറകേ ഒന്നായി അടുക്കിവച്ചാണ് ഇത്തരം കവചങ്ങള്‍ ഉണ്ടാക്കാറ്. സ്വര്‍ണ്ണ നിറം ഉണ്ടെന്നു കരുതി ഇത് സ്വര്‍ണ്ണം തന്നെ ആണ് എന്ന് കരുതരുത്. ആംബറിന്റെ നിറത്തിലുള്ള കാപ്ടണ്‍ എന്ന വസ്തുവില്‍ (ഒരു തരം പ്ലാസ്റ്റിക്ക് ) അലൂമിനിയത്തിന്റെ ഒരു പാളി വിളക്കിച്ചേര്‍ത്താണ് ഇത്തരം കവചങ്ങള്‍ നിര്‍മ്മിക്കുന്നത്. പുറമേനിന്നുള്ള താപത്തെ അകത്ത് കടത്താതിരിക്കാന്‍ മാത്രമല്ല അകത്തെ താപം പുറത്തേക്കു പോയി അതിശൈത്യത്തിന് വിധേയമാകാതെ ഉപഗ്രഹത്തെ സംരക്ഷിക്കാനും ഈ സ്വര്‍ണ്ണ-വര്‍ണ്ണ കവചത്തിന് കഴിയുന്നു.


(MLI കവചിതമായ INSAT 4B ആന്റിനാ പരീക്ഷത്തില്‍)

പാളികളുടെ എണ്ണം വര്‍ദ്ധിക്കും തോറും കവചത്തിന്റെ മേന്മയും വര്‍ദ്ധിക്കും. ആദ്യ പാളി അതില്‍ വീഴുന്ന ആകെ ഊര്‍ജ്ജത്തിന്റെ പകുതി പുറത്തേക്കും പകുതി അകത്തേക്കും വികിരണം ചെയ്യിപ്പിക്കുന്നു എന്ന് കരുതുക. രണ്ടാമത്തെ പാളിയും ഇതേ പോലെ തന്നെ വികിരണം നടത്തുന്നു. ഇത്തരത്തില്‍ വളരെ കുറച്ചു പാളികള്‍ കൊണ്ടു തന്നെ ഏറ്റവും ഉള്ളിലേക്ക് പ്രസരിക്കുന്ന വികിരണത്തിന്റെ അളവ് വളരെയധികം കുറയ്ക്കാന്‍ സാധിക്കുന്നു. വികിരണ സംന്തുലനം എന്നാണ് ഈ സാങ്കേതിവിദ്യ അറിയപ്പെടുന്നത്.
പാളികള്‍ എത്രടുത്ത് ഇരിക്കാമോ അത്രയും അടുത്ത് തന്നെയാണ് വയ്ക്കുന്നത്. ഒരു വശത്ത് വെള്ളി പൂശിയ മൈലാര്‍, കാപ്ടണ്‍ തുടങ്ങിയ പ്ലാസ്റ്റിക്ക് പാളികള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക്ക് വസ്തുക്കളുടെ സ്വര്‍ണ്ണനിറമാണ് നാം സ്വര്‍ണ്ണ-വര്‍ണ്ണത്തിലുള്ള കവചമായി കാണുന്നത്. സ്ക്രിം എന്നറിയപ്പെടുന്ന വല പോലെയുള്ള പാളികള്‍ ഉപയോഗിച്ചാണ് പ്ലാസ്റ്റിക്ക് പാളികളെ തമ്മില്‍ വേര്‍തിരിക്കുന്നത്. അകത്തെ പാളികള്‍ക്ക് ദൃഢത ആവശ്യമില്ലെങ്കിലും ഏറ്റവും പുറമേയുള്ള പാളിക്ക് ഇത് ആവശ്യമാണ്. ഫൈബര്‍ നാരുകള്‍ കൊണ്ട് ബലപ്പെടുത്തിയ പാളികളാണ് ഏറ്റവും പുറമേ ഉപയോഗിക്കുന്നത്.
ആന്റിനകള്‍, സോളാര്‍ പാനലുകള്‍, ട്രാക്കിങ്ങിനും മറ്റും ആവശ്യമുള്ള ചില സംവിധാനങ്ങള്‍ തുടങ്ങിയവ ഒഴിച്ച് ഏതാണ്ട് എല്ലാ ഭാഗവും MLI കൊണ്ട് കവചിതമായിരിക്കും. സ്വര്‍ണ്ണ നിറമുള്ള സാറ്റ്ലൈറ്റിന്റെ കവചം കാണുമ്പോള്‍ ഇനി ഭംഗിയെക്കുറിച്ച് ആലോചിക്കേണ്ടതില്ല എന്ന് ചുരുക്കം.