Saturday, February 14, 2009

സൂര്യനെ പ്രണയിച്ച ചിത്രശലഭവും ചില കറുത്ത പൊട്ടുകളും


ഇന്ന് ഒരു വലന്റൈന്‍ ദിനമാണ്. പ്രണയത്തിന്റെ ദിനമായി, ഇപ്പോള്‍ വിവാദത്തിന്റേയും ദിനമായി നാമത് ആഘോഷിക്കുന്നു. അതവിടെ നില്‍ക്കട്ടെ നമുക്ക് ഒരു നാടോടിക്കഥയിലേക്ക് വരാം. സൂര്യനെ പ്രണയിച്ച ചിത്രശലഭത്തിന്റെ കഥ. പ്രകൃതിയില്‍ ഏറ്റവും ഭംഗിയുണ്ടെന്ന് സ്വയം കരുതിയ ചിത്രശലഭത്തിന് സൂര്യനെ കണ്ടപ്പോള്‍ പ്രണയം തോന്നിയതില്‍ അത്ഭുതമില്ല. ആ ഇഷ്ടം സാക്ഷാത്കരിക്കാനായിരിക്കും ചിത്രശലഭം സൂര്യനടുത്തേക്ക് പറന്നുയര്‍ന്നത്. മറ്റുള്ളവരുടെ വിലക്കുകള്‍ വകവെയ്ക്കാതെ വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് ചിത്രശലഭം പറന്നു. തന്റെ അടുത്തേക്ക് വരുന്ന ചിത്രശലഭത്തെ കണ്ട് സൂര്യനും വിലക്കി, അതപകടമാണെന്ന്. പക്ഷേ അതൊന്നും കേള്‍ക്കാന്‍ ചിത്രശലഭം കൂട്ടാക്കിയില്ല. അവസാനം സൂര്യന്റെ കഠിനമായ ചൂടില്‍ ചിറകുകള്‍ കരിഞ്ഞ് ശലഭം താഴെയത്തി. ആഗ്രഹം സഫലമായില്ലെങ്കിലും തന്റെ മനോഹരമായ ചിറകില്‍ വീണ കരിഞ്ഞ പാടുകള്‍ പ്രണയത്തിന്റെ ഓര്‍മ്മക്കായി സൂക്ഷിച്ചു വച്ചു. അന്നു മുതലാണത്രേ ചിത്രശലഭങ്ങളുടെ ചിറകുകളില്‍ പുള്ളിക്കുത്തുകള്‍ കണ്ടു തുടങ്ങിയത്.പഴയ ഈ നാടോടിക്കഥക്ക് പുതിയ പരിപ്രേഷ്യവുമായി എത്തിയത് സൂര്യനെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞരാണ്. ചിത്രശലഭത്തിന്റെ അവസ്ഥയില്‍ മനം നൊന്ത സൂര്യന്‍ പൊഴിച്ച കണ്ണുനീര്‍ സൌരോപരിതലത്തില്‍ കറുത്ത പൊട്ടുകളായി ഇന്നും അവശേഷിക്കുന്നുണ്ടത്രേ. അതു പോരാഞ്ഞ് ഈ കറുത്ത പൊട്ടുകളുടെ ആവര്‍ത്തനം ചിത്രീകരിച്ചപ്പോളാണ് ചിത്രശലഭത്തെ സൂര്യന്റെ ഇപ്പോഴും മറന്നിട്ടില്ലെന്നത് ശാസ്ത്രജ്ഞര്‍ക്ക് ഉറപ്പായത്.

സൂര്യന്‍ നമ്മെ സംബന്ധിച്ചിടത്തോളം ഏതാണ്ട് പൂര്‍ണ്ണമായ ഊര്‍ജ്ജ ദാതാവാണ്. ഭക്ഷണമായും കാറ്റായും വൈദ്യുതിയായും വെളിച്ചമായുമെല്ലാം സൂര്യനിലെ ഊര്‍ജ്ജം നമ്മില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇതിനെക്കുറിച്ച് അറിഞ്ഞിട്ടല്ലെങ്കില്‍ കൂടിയും ദൈവത്തിന്റെ സൃഷ്ടിയിലെ ഒരു പ്രധാന സ്ഥാനം സൂര്യന് മതങ്ങള്‍ നല്‍കിയിരുന്നു. സ്വര്‍ഗ്ഗത്തിലെ സൃഷ്ടികളെല്ലാം പരിപൂര്‍ണ്ണമാണ്. അതില്‍ യാതൊരു കളങ്കവും ഇല്ല എന്നൊക്കെയായിരുന്നു മതങ്ങളുടെ മതം. 1610 ല്‍ ഗലീലിയോ ഗലീലി തന്റെ ടെലിസ്കോപ്പിലൂടെ സൂര്യനെ നീരീക്ഷിക്കുന്നതു വരെ ആ അഭിപ്രായത്തിന് യാതൊരു മാറ്റവും ഇല്ലായിരുന്നു. എന്നാല്‍ ദൈവത്തിന്റെ സൃഷ്ടിയില്‍ ചില കറുത്ത പാടുകള്‍ കണ്ട് ഗലീലിയോ അമ്പരന്നു. അന്നു വരെ അരിസ്റ്റോട്ടിലും മതവും പറഞ്ഞു വച്ചതില്‍ എവിടെയൊക്കെയോ പൊരുത്തക്കേട്. ആ കറുത്ത പാടുകള്‍ തന്റെ ടെലിസ്കോപ്പിന്റെയോ കണ്ണിന്റേയോ കുഴപ്പമല്ല എന്നത് ആവര്‍ത്തിച്ചുള്ള നിരീക്ഷണങ്ങള്‍ ഉറപ്പാക്കി. അതു മാത്രമല്ല ആ പൊട്ടുകള്‍ സഞ്ചരിക്കുന്നുമുണ്ട്. യൂറോപ്പില്‍ ആദ്യമായി സൌരകളങ്കങ്ങളെ കണ്ടെത്തിയ പ്രതിഭയായി ഗലീലിയോ മാറി. സൂര്യന്റെ സ്വയം ഭ്രമണം ചെയ്യുന്നുണ്ട് എന്ന സത്യവും സൌരകളങ്കങ്ങളുടെ ചലനത്തില്‍ നിന്നും ഗലീലിയോ തിരിച്ചറിഞ്ഞു.
നിരവധി പ്രതിഭാസങ്ങള്‍ നടക്കുന്ന സൂര്യന്റെ പ്രതിലത്തിലെ കറുത്ത പൊട്ടുകളാണ് സൌരകളങ്കങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ആധുനിക ഗവേഷണങ്ങള്‍ സൌരോപരിതലത്തില്‍ താരതമ്യേന താപനില കുറഞ്ഞ പ്രദേശങ്ങളായാണ് വിവക്ഷിക്കപ്പെടുന്നത്. മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തണുത്ത പ്രദേശമാണിവിടം. തണുപ്പെന്നു പറഞ്ഞാല്‍ ഏകദേശം 3400 0C മാത്രം. സൌരോപരിതലത്തിന്റെ സാധാരണ താപനില ഏകദേശം 5400 0C വരും. അതിനെ അപേക്ഷിച്ചാണ് തണുപ്പെന്നു പറഞ്ഞത് . നമ്മെ സംബന്ധിച്ചിടത്തോളം അത് എല്ലാം ഉരുകുന്ന ചൂട് തന്നെ. ഈ കറുത്ത പൊട്ടുകള്‍ എതാനും ദിവസങ്ങളോളം നിലനില്‍ക്കുന്നവയാണ്. ചില വലിയ പൊട്ടുകള്‍ രൂപപ്പെട്ടാല്‍ ആഴ്ചകളോളം അത് സൌരോപരിതലത്തില്‍ കാണപ്പെടാറുണ്ട്. സൂര്യനിലെ ചില കാന്തികപ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന ഈ പൊട്ടുകളുടെ വലിപ്പം ഏതാനും ആയിരം കിലോമീറ്ററുകള്‍ ആയി കണക്കാക്കപ്പെടുന്നു. അന്‍പതിനായിരം കിലോമീറ്ററിലധികം വിസ്താരമുള്ള കളങ്കങ്ങളും അപൂര്‍വ്വമല്ല. വലിയ ഒരു കളങ്കത്തില്‍ കുറച്ചധികം ഭൂമികളെ ഒരുമിച്ച് ഉള്‍ക്കൊള്ളിക്കാനുള്ള വിസ്താരമുണ്ട് എന്നു സാരം. ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ആയിരക്കണക്കിന് ഇരട്ടി കാന്തികതീവ്രതയുള്ള സൂര്യനിലെ ഭാഗമാണിത്. സൌരകളങ്കളുടെ വര്‍ണ്ണരാജി പരിശോധിച്ചപ്പോള്‍ സീമാന്‍ പ്രഭാവം കണ്ടെത്തുകയുണ്ടായി. ശക്തമായ കാന്തികമണ്ഡലത്തില്‍ സ്പെക്ട്രല്‍ രേഖകള്‍ പലതായി വിഭജിക്കപ്പെടുന്ന പ്രതിഭാസമാണിത്. കാന്തികമണ്ഡലത്തിന്റെ സ്വാധീനം കണ്ടെത്തിയത് ഈ നിരീക്ഷണമാണ്. സൌരകളങ്കങ്ങള്‍ പലപ്പോഴും കുറേയെണ്ണത്തിന്റെ കൂട്ടമായിട്ടാണ് പ്രത്യക്ഷപ്പെടാറ്. ഈ കളങ്കകൂട്ടത്തിന്റെ അടുത്തായി മറ്റൊരു കളങ്കക്കുട്ടവും നമുക്ക് കണ്ടെത്താന്‍ കഴിയും. ഒരു കൂട്ടം കാന്തിക-ഉത്തരധ്രുവ്വമായും അടുത്ത കൂട്ടം കാന്തിക-ദക്ഷിണധ്രുവ്വമായുമാണ് പ്രത്യക്ഷപ്പെടാറ്. കാന്തികതീവ്രത കൂടിയ ഭാഗം കൂടുതല്‍ ഇരുണ്ടിരിക്കും. അമ്പ്ര (പ്രധാന നിഴല്‍പ്രദേശം) എന്നാണ് ഈ ഭാഗത്തെ വിളിക്കുന്നത്. ഇതിനു ചുറ്റും പെനമ്പ്ര (ഉപ- നിഴല്‍പ്രദേശം) എന്ന അത്ര ഇരുണ്ടതല്ലാത്ത ഭാഗവുമുണ്ട്. അവിടം കാന്തിക തീവ്രത കുറവായിരിക്കുകയും ചെയ്യും.

എല്ലായപ്പോഴും ഈ കറുത്ത പൊട്ടുകളെ കാണാം എന്നു ധരിക്കരുത്. ചില കാലങ്ങളില്‍ ഈ കറുത്ത പൊട്ടുകളുടെ കൂട്ടങ്ങളെ ധാരാളം കാണുവാന്‍ കഴിയും. തീരെ കളങ്കങ്ങള്‍ ഇല്ലാത്ത സമയവും ചിലപ്പോള്‍ ഉണ്ടാവാറുണ്ട്. ഒരു തരം ചാക്രികസ്വഭാവം ഈ കളങ്കളുടെ എണ്ണം കാണിക്കുന്നുണ്ട്. 11 വര്‍ഷത്തിലൊരിക്കല്‍ സൌരകളങ്കങ്ങളുടെ എണ്ണം വല്ലാതെ കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. 1849 മുതല്‍ സൌരകളങ്കങ്ങളുടെ തുടര്‍ച്ചയായ നിരീക്ഷണം നടത്തിവരുന്നു. സൌരകളങ്കസംഖ്യയെ ആസ്പദമാക്കിയാണ് ഇതിനെക്കുറിച്ച് പഠനം നടത്തിവരുന്നത്. ഇതിനായി ആദ്യം സൌരകളങ്കക്കുട്ടങ്ങളുടെ എണ്ണമെടുക്കുകയാണ് ചെയ്യുക. ഇതിന് ശേഷം ഒരു കുട്ടത്തിലെ കളങ്കങ്ങളുടെ എണ്ണവും എടുക്കും. 50 നു 130 നും ഇടയിലാണ് ഈ സംഖ്യ സാധാരണ കാണപ്പെടുക. എന്നാല്‍ ചില വര്‍ഷങ്ങളില്‍ 200 ന് മുകളില്‍ വരെ ഈ സംഖ്യ പോയിട്ടുണ്ട്. തുടര്‍ച്ചയായുള്ള ഈ നിരീക്ഷണമാണ് പതിനൊന്നു വര്‍ഷത്തെ ഒരു ആവര്‍ത്തനം സൌരകളങ്കങ്ങളുടെ എണ്ണത്തില്‍ കാണിച്ചു തന്നത്. സൌരകളങ്ങളുടെ എണ്ണം ഉയര്‍ന്നിരിക്കുന്ന അവസ്ഥയില്‍ പല സൌരപ്രതിഭാസങ്ങളും കൂടിയ അളവില്‍ കാണപ്പെടാറുമുണ്ട്. ഏതാനു ലക്ഷം കിലോമീറ്ററുകള്‍ ഉയരമുള്ള പ്രൊമിനന്‍സുകളും (സൌരകമാനങ്ങള്‍) ഫ്ലെയറുകളും (സൌരആളലുകളും ) ഈ കാലയളവില്‍ കാണപ്പെടുന്നു.

സൌരപ്രതിഭാസങ്ങള്‍ വളരെയധികം കുറഞ്ഞ ചില കാലയളവുകളും ഉണ്ടായിട്ടുണ്ട്. 1645 മുതല്‍ 1715 വരെ ഇത്തരം ഒരു കാലയളവായിരുന്നു. സൂര്യന്റെ ഈ തണുത്ത പ്രതികരണം ഭൂമിയിലെ കാലവസ്ഥയേയും ബാധിച്ചതായാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. വേനല്‍ക്കാലത്തു പോലും പല പ്രദേശങ്ങളും അന്ന് മഞ്ഞ് മൂടിക്കിടക്കുകയായിരുന്നു. ഇതേ രീതിയുള്ള പ്രതിഭാസങ്ങള്‍ക്കുള്ള തെളിവ് ഇതിനു മുന്‍പും ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിട്ടുണ്ട്. സൌരപ്രതിഭാസങ്ങളും ഭൂമിയിലെ കാലാവസ്ഥയുമായിട്ടുള്ള ബന്ധം ഇന്നും പഠനത്തിലിരിക്കുന്ന വിഷയമാണ്. പതിനൊന്നു വര്‍ഷത്തിലൊരിക്കല്‍ ശക്തിപ്രാപിക്കുന്ന മരങ്ങളുടെ വാര്‍ഷികവലയങ്ങളും സൌരകളങ്കആവൃത്തിയും തമ്മിലുള്ള ബന്ധവും പഠനാര്‍ഹമാണ്. എന്നാല്‍ എന്താണ് ഇതിന്റെ അടിസ്ഥാനം എന്നതിന് വ്യക്തമായ കാരണങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
സൌരകളങ്കളെക്കുറിച്ചുള്ള പഠനം ഒരു കാര്യം കൂടി വ്യക്തമാക്കി. അവ സൂര്യന്റെ മധ്യരേഖാ പ്രദേശത്തിന് ഇരു വശത്തുമായിട്ടാണ് വിന്യസിച്ചിരിക്കുന്നത് എന്ന്. ആദ്യം ധ്രുവ്വങ്ങള്‍ക്കും സൌരമധ്യരേഖക്കും ഏതാണ് നടുക്കായി രൂപം കൊള്ളുന്ന സൌരകളങ്കക്കൂട്ടങ്ങള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സൌര മധ്യരേഖയിലേക്ക് അടുത്ത് വരികയും ചെയ്യും. പിന്നീട് വീണ്ടും മധ്യരേഖയില്‍ നിന്ന് പുറത്തേക്കുള്ള അവയുടെ യാത്ര ആരംഭിക്കുകയും ചെയ്യും. ഇതിന്റെ ആവൃത്തിയും ഏതാണ്ട് പതിനൊന്നു വര്‍ഷം തന്നെയാണ്. സൌരമധ്യരേഖക്ക് ഇരുവശവും ഏതാണ്ട് ഒരേ രീതിയാലാണ് ഈ മാറ്റം കാണപ്പെടുന്നത്. അതു കൊണ്ടു തന്നെയാകണം ഈ പ്രതിഭാസം ഗ്രാഫില്‍ ചിത്രീകരിച്ചപ്പോള്‍ കുറേ ചിത്രശലഭങ്ങള്‍ ഒരു വശത്തേക്ക് പറന്നു പോകുന്ന പ്രതീതി ജനിപ്പിക്കാന്‍ കാരണമായത്. ബട്ടര്‍ഫ്ലൈ ഡയഗ്രം എന്നാണ് ഈ ഗ്രാഫ് അറിയപ്പെടുന്നതും. സൌരകളങ്കങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു ലേഖയാണ് ചിത്രശലഭലേഖ എന്ന ഈ ബട്ടര്‍ഫ്ലൈഡയഗ്രം.

നാടോടിക്കഥയിലെ ചിത്രശലഭത്തിനെ സൂര്യന്‍ ഓര്‍ത്തുവച്ചതാണ് ബട്ടര്‍ഫ്ലൈഡയഗ്രം എന്നും സൂര്യന്റെ കണ്ണീര്‍ വീണ് തണുത്തുപോയ പ്രദേശമാണ് സൌരകളങ്ങള്‍ എന്നുമെല്ലാം ശാസ്ത്രജ്ഞര്‍ പറഞ്ഞില്ലെങ്കിലും നമുക്ക് പറയാം നാടോടിക്കഥകള്‍ക്ക് അനുബന്ധമെഴുതാം. കാരണം ഭാവനയുടെ ചിറകുകള്‍ കരിച്ചുകളയാനുള്ള ശക്തി ഒരു സൂര്യനും ഇല്ലല്ലോ..

വാല്‍ക്കഷണം.
ലേഖനത്തില്‍ ഒരു ഉപമക്കായി പ്രയോഗിച്ച ഈ ചിത്രശലഭപ്രയോഗവും നാടോടിക്കഥയുമെല്ലാം ഇനി മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പണ്ടു തന്നെ ഇക്കാര്യം കണ്ടുപിടിച്ചിട്ടുണ്ടായിരുന്നും ഒക്കെ പറഞ്ഞ് ആരൊക്കയോ വരുന്നുണ്ട്....


Monday, February 9, 2009

അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു?

അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു?

സ്കൂളില്‍ പ്രവേശനം ഒക്കെ കഴിഞ്ഞ് പ്ലസ്സ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്നു. ആദ്യ ദിവസം തന്നെ പാഠഭാഗങ്ങളിലേക്ക് കടക്കുന്നില്ല. അതിനാല്‍ ഒരു ചെറിയ പരീക്ഷണം നടത്താം എന്നു തീരുമാനിച്ചു. എല്ലാവരോടും ഒരു കഷണം കടലാസ് എടുക്കാന്‍ പറഞ്ഞു. ഞാന്‍ വര്‍ണ്ണിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഒരു പേരു നല്‍കണം. അത് കടലാസില്‍ എഴുതി വച്ചാല്‍ മതി. "അറുപതു വയ്യസ്സു കഴിഞ്ഞ ഒരു മനുഷ്യന്‍" പറഞ്ഞത് ഇത്ര മാത്രം. എല്ലാ കുട്ടികളും വളരെ ആവേശത്തോടെ തന്നെ പേരെഴുതി. എഴുതിയ പേര് ഓരോരുത്തരായി വായിക്കാന്‍ പറഞ്ഞു. എല്ലാവരും പേരുകള്‍ വായിക്കാന്‍ തുടങ്ങി. പത്രോസ്സ്, ദിവാകരന്‍, ഏലിയാസ്സ് ....... അതങ്ങിനെ നീണ്ടു പോയി. ക്ലാസില്‍ സന്നിഹിതരായ 47 പേരില്‍ 46 പേരും എഴുതിയത് ഒരു പുരുഷന്റെ പേര്. ഒരു കുട്ടി മാത്രം ഏലിയാമ്മ എന്നൊരു പേരെഴുതി. മനുഷ്യന്‍ എന്നാല്‍ പുരുഷനാണ് എന്ന ധാരണ എവിടെ നിന്നാണ് കുട്ടികള്‍ക്ക് ലഭിച്ചത് ?.

ഇത് ഒറ്റപ്പെട്ട സംഭവം അല്ല. കുടുബശ്രീ പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുക്കാന്‍ പോകുന്ന ഒരു വ്യക്തിയും ഇതേ പോലെ ഒരു പരീക്ഷണം നടത്തി. ക്ലാസുകള്‍ക്കിടയില്‍ കിട്ടിയ ഇടവേളയില്‍ ഒരു മനുഷ്യന്റെ ചിത്രം വരക്കാന്‍ പറഞ്ഞു. എല്ലാവരും വരച്ചത് പുരുഷന്റെ ചിത്രം. മനുഷ്യന്‍ എന്ന വാക്കിന് ഉപയോഗത്തില്‍ അര്‍ത്ഥം പുരുഷന്‍ എന്നു മാത്രമായി മാറിയിരിക്കുന്നു.

ഒരു കൌതുകം മൂലം അറുപതു വയ്യസ്സു കഴിഞ്ഞ മനുഷ്യന് പേരിടാന്‍ വളരെ ചെറിയ കുട്ടികളോട് പറഞ്ഞു നോക്കി. മേല്‍പറഞ്ഞ ഈ വിവേചനം ചെറിയ കുട്ടികള്‍ക്കിടയില്‍ താരതമ്യേന കുറവായാണ് കണ്ടത്. പ്രായം കൂടും തോറും വിവേചനം വര്‍ദ്ധിക്കുന്നു എന്നു വേണം കരുതാന്‍

ഇനിയുമുണ്ട് ഉദാഹരണങ്ങള്‍. അതിലേക്ക് പിന്നീട് കടക്കാം. എവിടെയാണ് ഈ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. നമുക്ക് ഭാഷയിലേക്ക് പോകാം. ഭാഷയില്ലാതെ ഒരു മനുഷ്യന് ഒരിക്കലും ജീവിക്കാനാവില്ല. ഭാഷ ഒരു മനുഷ്യന്റെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ഒട്ടും ചെറുതുമല്ല. അമ്മയും അച്ഛനും ചുറ്റുവട്ടത്തുള്ള മറ്റുള്ളവരും പറയുന്ന വാക്കുകളും ആംഗ്യങ്ങളുമാണ് ഭാഷ സ്വായത്താമാക്കാന്‍ ഒരു കുട്ടിക്ക് പ്രേരണയാവുന്നത്. ചോസ്കിയെപ്പോലുള്ളവരുടെ ഭാഷാപഠനങ്ങളും ഇതു തന്നെയാണ് പറയുന്നത്. ചരിത്രത്തിന് രേഖപ്പെടുത്താന്‍ പറ്റുന്ന കാലം മുതല്‍ എല്ലാ ശാസ്ത്രങ്ങളും കൈകാര്യം ചെയ്തിരുന്നതില്‍ ആധിപത്യം പുരുഷന്‍മാര്‍ക്കായിരുന്നു എന്നത് വലിയ തര്‍ക്കമില്ലാത്ത ഒന്നാണ്. ഭാഷയുടെ വികാസത്തിലും വലിയ പങ്കുവഹിക്കാന്‍ ഇതേ കാലയളവില്‍ പുരുഷന്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആ പങ്ക് പക്ഷേ അറിഞ്ഞോ അറിയാതെയോ പുരുഷാധിപത്യത്തിനുള്ള അടിത്തറയായി തീര്‍ന്നു എന്നു വേണം കരുതാന്‍. എല്ലാ ഭാഷകളിലും ഈ വിവേചനം പ്രകടമാണെങ്കിലും അത് ഏറ്റവും കൂടുതല്‍ കാണുന്നത് ലിംഗവിവേചനം നിലനില്‍ക്കുന്ന രാജ്യങ്ങളിലെ ഭാഷകളിലായിരിക്കണം. എല്ലാ വാക്കുകള്‍ക്കും സ്ത്രീലിംഗവും പുല്ലിംഗവും രൂപീകരിക്കാന്‍ ഉള്ള ശ്രമം ഒരു പക്ഷേ ഭാഷാ പരിണാമത്തിലെ ലിംഗ വിവേചനത്തിന്റെ ഏടായി എഴുതിച്ചേര്‍ക്കേണ്ടിവരും. സ്ത്രീലിംഗവും പുല്ലിംഗവും രൂപീകരിക്കാന്‍ ഉള്ള ശ്രമം കൊണ്ട് ഭാഷക്ക് നഷ്ടപ്പെട്ടത് ലിംഗപരമല്ലാതെ ഒരു കാര്യത്തെ നോക്കിക്കാണാനുള്ള കഴിവാണ്. ലിംഗ വിവേചനമില്ലാത്ത പൊതു വാക്കുകള്‍ അപ്രത്യക്ഷമായതും ഇതേ കാരണങ്ങള്‍ കൊണ്ടു തന്നെയാണ്.

അധ്യാപിക എന്നും അധ്യാപകന്‍ എന്നും നാം പറയും. ആ സമൂഹത്തെക്കുറിച്ച് പറയാന്‍ അധ്യാപകര്‍ എന്ന വാക്കും ഉപയോഗിക്കാം. പക്ഷേ അധ്യാപകര്‍ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത് ഒരു കൂട്ടം ആളുകളെയാണ്. ബഹുവചനമാണ് എന്നര്‍ത്ഥം. ഈ വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ ഒരു ഏകവചനമില്ല എന്നതാണ് പ്രശ്നം. എന്നാല്‍ ഒരു സമൂഹത്തെ മുഴുവന്‍ പ്രതിനിധീകരിക്കാന്‍ ഏകവചനം ഉപയോഗിക്കാന്‍ നാം വ്യാപൃതരുമാണ്. അധ്യാപകരെക്കുറിച്ചുള്ള ഒരാളുടെ പ്രസംഗമെടുത്താല്‍ അധ്യാപകന്‍ എന്ന ഏകവചനത്തിലൂടെയായിരിക്കും ആ സമൂഹത്തെ മിക്കവാറും സംബോധന ചെയ്യുക. അധ്യാപകരുടെ പ്രശ്നങ്ങള്‍ അധ്യാപകന്റെ പ്രശ്നമായി അവിടെ മാറ്റപ്പെടുന്നു. അധ്യാപകര്‍ ചെയ്യേണ്ട കടമകള്‍ അധ്യാപകന്‍ ചെയ്യേണ്ട കടമകളായി പരിണമിക്കുന്നു. അധ്യാപകര്‍ സമൂഹത്തിന് ചെയ്യുന്ന സേവനം അധ്യാപകന്‍ ചെയ്യുന്ന സേവനമായി മാറ്റപ്പെടുന്നു. ഇവിടെ തമസ്കരിക്കപ്പെടുന്നത് അധ്യാപികയാണെന്നത് ആരും ഗൌരവകരമായി പരിഗണിക്കുന്നില്ല. അധ്യാപകന്‍ എന്നത് അധ്യാപകര്‍ എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെട്ടത് എന്നായിരിക്കും തര്‍ക്കത്തിന് പോയാല്‍ ലഭിക്കുന്ന മറുഭാഷ്യം.

ഒരു ശബ്ദം മനസ്സില്‍ ചില പ്രതീകങ്ങള്‍ വരച്ചു ചേര്‍ക്കുന്നുണ്ട്. ആ പ്രതീകങ്ങളിലൂടെയാണ് ഒരു കുട്ടി ഭാഷ സ്വായത്തമാക്കുന്നത്, ഓരോ വാക്കുകളുടേയും അര്‍ത്ഥം സ്വായത്തമാക്കുന്നത്. ശക്തമായ ബിംബങ്ങളായ പരിണമിക്കുന്ന ഈ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ക്ക് കാലാന്തരത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. ഉദാഹരണത്തിന് അമ്മ എന്ന പദത്തിന്റെ ശബ്ദം നല്‍കുന്ന അര്‍ത്ഥം കുട്ടി ആദ്യ കാലങ്ങളില്‍ മനസ്സിലാക്കുന്നത് സ്ത്രീകള്‍ എന്ന അര്‍ത്ഥത്തിലായിരിക്കും. എന്നാല്‍ വളരുന്നതോടെ മറ്റു സ്ത്രീകളില്‍ നിന്നും അമ്മ എന്ന പദത്തിന്റെ അര്‍ത്ഥം തിരിച്ചറിയാന്‍ കുട്ടി പഠിക്കുന്നു. ഇതേ പഠനം പിന്നീടും കുട്ടി മറ്റു വാക്കുകളിലും നടത്തുന്നുണ്ട്. ഓരോ വാക്കുകളും മനസ്സില്‍ സൃഷ്ടിക്കുന്ന ബിംബങ്ങള്‍ സമൂഹത്തെ നോക്കിക്കാണാന്‍ ഒരു വ്യക്തിയെ പ്രാപ്തമാക്കുന്ന വളരെ പ്രധാന ഘടകങ്ങളാണ്. സമൂഹത്തിന്റെ ആശയങ്ങളും സംസ്കാരവും വികസിപ്പിക്കുന്നതില്‍ ഒരു വ്യക്തിയുടെ സ്ഥാനം പുറകോട്ടു നീട്ടിയാല്‍ ഈ ബിംബങ്ങളില്‍ വന്നു ചേരുകയും ചെയ്യും. അവിടെയാണ് ഭാഷയുടെ ശൈലി സംസ്കാരത്തെ സ്വാധീനിക്കുന്നത്. ഭാഷയില്‍ അറിയാതെയോ മനപൂര്‍വ്വമായോ സൃഷ്ടിക്കപ്പെടുകയും സ്ഥിരമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഏതൊരു വിവേചനവും സമൂഹത്തിന്റെ സംസ്കാരത്തേയും വിവേചനപരമാക്കും എന്നതില്‍ സംശയമൊന്നും വേണ്ട. സമൂഹത്തിലെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഭാഷ സൃഷ്ടിച്ച ഈ വിവേചനം വ്യക്തമായി കാണുകയും ചെയ്യാം.

കുട്ടികളെക്കുറിച്ച് പറയാന്‍ അവന്‍ എന്നുപയോഗിക്കുന്നത് സര്‍വ്വസാധാരണമാണ്. ഒരു വിദ്യാഭ്യാസ സംവാദത്തില്‍ പോയി നോക്കൂ, "നമ്മുടെ കുട്ടികള്‍ പഠനം എന്നത് ഇഷ്ടപ്പെടണം............ അവന്റെ ചുറ്റുപാടുകള്‍ക്കനുസരിച്ച് വേണം പാഠഭാഗങ്ങള്‍ തീരുമിനിക്കാന്‍. ....അവന്റെ കൂട്ടുകാരനായിരിക്കാനാണ് അധ്യാപകന്‍ ശ്രമിക്കേണ്ടത്. ....... " എന്നു തുടങ്ങി അധ്യാപികയായാലും അധ്യാപകനായാലും അങ്ങിനെ മാത്രമേ സംസാരിക്കൂ. ഒരു വിദ്യാലയത്തിലെ കുട്ടികളെക്കുറിച്ച് പറയാന്‍ 'അവന്‍'എന്ന വാക്ക് ഉപയോഗിക്കപ്പെടുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് അവിടത്തെ പെണ്‍കുട്ടികളാണ്. അവന്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മലയാളമറിയാവുന്ന ഒരു വ്യക്തിയുടെ മനസ്സിലും ഒരു പെണ്‍കുട്ടിയുടെ ചിത്രം തെളിഞ്ഞു വരില്ല എന്നത് നിസ്തര്‍ക്കമാണ്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാന അധ്യാപികക്കു പോലും കുട്ടികളെ പ്രതിനിധീകരിക്കാന്‍ 'അവന്‍' എന്ന വാക്ക് ഉപയോഗിക്കേണ്ടി വരുന്നത് ഭാഷ, ഉപയോഗം മൂലം നമ്മിലടിച്ചേല്‍പ്പിച്ച ലിംഗവിവേചനത്തിന്റെ ശക്തിമൂലമാണ്. ഏതൊരു വിഭാഗത്തിന്റേയും പൊതു ധാരകളില്‍ നിന്നും സ്ത്രീ എന്ന വിഭാഗത്തെ പൂര്‍ണ്ണമായും ഒഴിവാക്കിക്കളയാന്‍ ഈ ലിംഗവിവേചനപരമായ ഭാഷാ പ്രയോഗങ്ങള്‍ പര്യാപ്തമാണ്. മനുഷ്യന്‍ എന്ന വാക്കും ഇതേ പോലെ തന്നെ പ്രയോഗങ്ങളാല്‍ പുരുഷവത്കരിക്കപ്പെട്ട വാക്കാണ്. മനുഷ്യന്റെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകത്തിലെ വരികള്‍ ഇപ്രകാരമാകുന്നതില്‍ ആരും തെറ്റായി ഒന്നും കാണുകയില്ല. ' പല പല ജീവി വര്‍ഗ്ഗങ്ങള്‍ പരിണമിച്ചുണ്ടായതിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് മനുഷ്യന്‍. തന്റെ വിശിഷ്ടമായ കഴിവുപയോഗിച്ച് അവന്‍ മറ്റു ജീവിവര്‍ഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്ഥനായി. തീ കണ്ടു പിടിച്ചതാണ് അവന്റെ ജീവിതത്തെ മാറ്റി മറിച്ച ആദ്യ സംഭവം. ചില വിത്തുകള്‍ പലയിടത്തായി മുളച്ചു വരുന്നത് ശ്രദ്ധിച്ച അവന്‍ അതിനെ പരിഷ്കരിച്ച് കൃഷിക്ക് രൂപം നല്‍കി ............' ഇതിങ്ങനെ പോകും. ഒറ്റ നോട്ടത്തില്‍ ഇതില്‍ അപാകതയൊന്നും കാണുകയില്ല. എന്നാല്‍ മനുഷ്യ ചരിത്രം മുഴുവന്‍ പ്രതിപാദിക്കുന്ന ഇങ്ങനെയൊരു പുസ്തകം മുഴുവന്‍ വായിച്ചു തീര്‍ന്നാലും ആരും ഒരു പെണ്‍കുട്ടിയെക്കുറിച്ചു പോലും ചിന്തിക്കില്ല എന്നതിലാണ് അപകടം പതിയിരിക്കുന്നത്. മനുഷ്യന്റെ ഒരു കണ്ടെത്തലില്‍പോലും ഇവിടെ സ്ത്രീ സാന്നിദ്ധ്യത്തിന് പ്രസക്തിയില്ലാതാവുന്നു. അവന്‍ തീ കണ്ടു പിടിക്കുമ്പോള്‍ അവളെക്കുറിച്ച് ആരു ചിന്തിക്കുന്നില്ല. അവന്‍ കൃഷി കണ്ടെത്തുമ്പോള്‍ അവള്‍ അദൃശ്യമാകുന്നു. അവന്‍ ആഹാരം പാകം ചെയ്ത് കഴിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരിക്കും എന്നതും ആരും കാണുന്നില്ല. അവന്‍ ചക്രം കണ്ടെത്തുമ്പോഴും, ആകാശ നിരീക്ഷണം നടത്തുമ്പോഴും, യാത്രകള്‍ നടത്തി പുതിയ ദേശങ്ങളിലേക്ക് കുടിയേറി പാര്‍ക്കുമ്പോഴും ഒന്നും നാം അവളെക്കുറിച്ച് ചിന്തിക്കില്ല. കാരണം അവന്‍ എന്ന വാക്കിന് ഒരിക്കലും ഒരു സ്ത്രീയുടെ ചിത്രം മനസ്സില്‍ വരയ്ക്കാന്‍ സാധ്യമല്ല എന്നതു തന്നെ. മനുഷ്യന്‍ പുരുഷനായി മാറുന്നതിന് വാക്കുകള്‍ കൊണ്ടുള്ള ഈ നിരാസം ധാരാളം മതി.


ഈ നിരാസത്തെ ആരും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നില്ല . കാരണം ലിംഗവിവേചനപരമായ ഈ പ്രയോഗങ്ങള്‍ ചിരപരിചത്വം മൂലം നമ്മുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അദൃശ്യമായ എന്നാല്‍ സജീവമായ ഒരു സാന്നിദ്ധ്യമായി ഈ വിവേചന പ്രയോഗങ്ങള്‍ തലമുറകളിലൂടെ കൈമാറി പോരുകയും ചെയ്യുന്നു. ഏതു പ്രാസംഗികരുടെ പ്രസംഗങ്ങളും നിങ്ങള്‍ പരിശോധിച്ചു നോക്കൂ. അതില്‍ ഇതേ പ്രശ്നം കാണുവാന്‍ സാധിക്കും. അവരുടെ ഭാഷാപ്രയോഗങ്ങള്‍ അനുകരിച്ചാണ് പലപ്പോഴും പുതിയ പ്രാസംഗികരുടെ ജനനം. ഭാഷാശൈലി അതേ പടി അനുകരിക്കപ്പെടുന്നത് കുറവാണെങ്കില്‍ പോലും പക്ഷേ ഈ അദൃശ്യവിവേചനം അറിയാതെ പുതിയവര്‍ക്കിടയിലും സ്ഥാനം പിടിക്കുന്നു. ഇതേ ഭാഷാപ്രയോഗങ്ങള്‍ എഴുത്തുകാരും അറിയാതെ അനുകരിക്കുന്നു. സാറാ ജോസഫ് പറഞ്ഞ പോലെ അവളവളുടെ ഗര്‍ഭപാത്രം എന്നു പറയാന്‍ പോലും ഭാഷ അനുവദിക്കുന്നില്ല. അവള്‍ക്ക് സ്വയം അവന്‍ എന്നു വിളിക്കപ്പെടേണ്ടി വരുന്ന അവസ്ഥയാണിത്. ഏതു വാക്കിനും ഒരു സ്ത്രീലിംഗ പദവും കൂടി കണ്ടെത്താന്‍ നെട്ടോട്ടമോടുന്ന നാടാണ് നമ്മുടേത്. പലയിടത്തും പ്രചാരമുള്ള 'മനുഷ്യത്തി', 'വില്ലത്തി' തുടങ്ങിയ പദങ്ങളും ഇത്തരത്തില്‍ രൂപീകരിക്കപ്പെട്ടതാണ്. ഉപയോഗം മൂലം മലയാളീകരിക്കപ്പെട്ട പോസ്റ്റുമാന്‍ എന്ന പദത്തിനു പോലും പോസ്റ്റുമാത്തി എന്ന സ്ത്രീലിംഗപദം കണ്ടെത്തിയ നാടാണ് നമ്മുടേത്. വിവേചിതമായി തിരിച്ചറിയപ്പെടണം എന്ന അനാവശ്യമായ ആവശ്യത്തിന്റെ ഫലമാണ് ഇത്തരം വാക്കുകളുടെ ജനനം.

മാധ്യമങ്ങളിലും ലിംഗവിവേചനത്തിന്റെ സജീവമായ ദൃശ്യത കാണാം. വാര്‍ത്താ ശൈലിപോലും ഇതില്‍ നിന്നും മുക്തമല്ല. പത്രങ്ങളില്‍ ഒരാള്‍ ഡോക്ടറേറ്റ് നേടിയ വാര്‍ത്തകള്‍ വരാറുണ്ട്. ബാബുവിന് ഡോക്ടറേറ്റ് ലഭിച്ച വാര്‍ത്ത ഇങ്ങിനെയായിരിക്കും. "ശ്രീ. ബാബുവിന് ജൈവകോശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. ............ ശ്രീമതി നിഷയാണ് ഭാര്യ" എന്നാല്‍ നിഷക്ക് ഡോക്ടറേറ്റ് ലഭിച്ചാല്‍ വാര്‍ത്ത ഇങ്ങിനെയായിരിക്കും. "ശ്രീമതി നിഷക്ക് ജൈവകോശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. .......................... ശ്രീ. ബാബുവിന്റെ ഭാര്യയാണ് നിഷ." മനുസ്മൃതിയുടെ പ്രേതം പത്രങ്ങളേയും വിട്ടൊഴിഞ്ഞിട്ടില്ല എന്നു സാരം. ഒരു മരണവാര്‍ത്തയെടുത്താലും ഇതേ രീതി തന്നെ അനുവര്‍ത്തിക്കുന്നത് കാണാം. സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളും പുരുഷന്‍ സംരക്ഷിക്കേണ്ടവനുമാണ് എന്ന് പറയാതെ പറയാന്‍ ഇതിലും നല്ല എന്ത് മാര്‍ഗ്ഗമാണുള്ളത് ? വെള്ളപ്പൊക്കവും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട മുന്‍കരുതലുകളെക്കുറിച്ച് ആകാശവാണിയില്‍ വന്ന പരസ്യത്തോടെ മനുസ്മൃതി ആകാശവാണിയേയും കീഴടക്കി. മുന്‍കരുതലുകളിലൊന്ന് ഇങ്ങിനെയാണ്. "സ്ത്രീകളേയും കുട്ടികളേയും കന്നുകാലികളേയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുക." കന്നുകാലികളേയും സ്ത്രീകളേയും ഒരേ ഗണത്തില്‍ പെടുത്തിയതിനേക്കാള്‍ വിവേചനപരമായ സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളും പുരുഷന്‍ സംരക്ഷിക്കേണ്ടവനുമാണ് എന്ന ആശയം തന്നെയാണ് ഈ വാക്കുകളും പങ്കുവയ്ക്കുന്നത്.

ശ്രീ എന്ന് പുരുഷന്‍മാരെ ബഹുമാന സൂചകമായി അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന പദമാണ്. സ്ത്രീയെ അഭിസംബോധന ചെയ്യാന്‍ രണ്ടുവാക്കുകളാണ്. കുമാരിയും ശ്രീമതിയും. വിവാഹമാണ് ഏതു പദം വേണം എന്നത് നിശ്ചയിക്കുന്നത്. പുരുഷനാകട്ടെ വിവാഹം എന്നത് ബഹുമാനസൂചക പദത്തിന് മാറ്റം വരുത്തുന്ന ഒരു ഘടകമേയല്ല. സ്ത്രീകള്‍ക്കായി രണ്ടുവാക്കുകള്‍ കണ്ടെത്തിയത് യാദൃശ്ചികമല്ല, മറിച്ച് ലിംഗവിവേചനം ഭാഷയില്‍ സൃഷ്ടിച്ച കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ്. വിവാഹം സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാത്രമാണ് പുതിയ ഒരു ജീവിതം. വിവാഹം കഴിഞ്ഞ സ്ത്രീയെ സമൂഹത്തിന് തിരിച്ചറിയാന്‍ കഴിയണം എന്ന ശാഠ്യം ഒരു വാക്കായി അരങ്ങേറിയതാണ് എന്നു തന്നെ വേണം കരുതാന്‍. 'അദ്ദേഹം' എന്ന വാക്ക് ഒരു സ്ത്രീയെക്കുറിച്ച് പറയാന്‍ നാം ഉപയോഗിക്കാറില്ല. സ്ത്രീ 'അവര്‍' മാത്രമാണ്. ആ ദേഹം എന്ന അര്‍ത്ഥത്തിന് പുരുഷമുഖം നല്‍കിയതു പോലും വേര്‍തിരിച്ചറിയണം എന്ന കാഴ്ചപ്പാടോടു കൂടി തന്നെയാണ് എന്നു പറയാതെ വയ്യ.

ചില വൈരുദ്ധ്യങ്ങള്‍ കാണപ്പെടാമെങ്കിലും മറ്റൊരു ഉദാഹരണം കൂടി നോക്കാം. മനുഷ്യനല്ലാത്ത മറ്റൊരു ജീവി,സസ്യം, മനുഷ്യരില്‍ തന്നെ സ്ത്രീ, കുട്ടി എന്നിങ്ങനെയുള്ളവരുടെ കൂട്ടത്തെ പ്രതിനിധീകരിക്കാന്‍ ആ വാക്കുകളുടെ കൂടെ 'ള്‍' ചേര്‍ത്താല്‍ മതി. പൂച്ചകള്‍, പട്ടികള്‍, സിംഹങ്ങള്‍, മൃഗങ്ങള്‍ എന്നിങ്ങനെ ജീവികളേയും, തെങ്ങുകള്‍, സസ്യങ്ങള്‍ എന്നിങ്ങനെ സസ്യങ്ങളേയും ബഹുവചനമാക്കാം. ഇതേ ഗണത്തിലാണ് സ്ത്രീകള്‍ , പെണ്ണുങ്ങള്‍ തുടങ്ങിയവയും വരുന്നത് . പുരുഷന്‍, തൊഴില്‍, ജാതി എന്നിവ സൂചിപ്പിക്കുന്ന വാക്കുകള്‍ തുടങ്ങിയവയെ ബഹുവചനമാക്കാന്‍ 'ന്‍മാര്‍' ചേര്‍ത്താല്‍ മതി. പുരുഷന്‍മാര്‍, ശാസ്ത്രജ്ഞന്‍മാര്‍, ചിത്രകാരന്‍മാര്‍, ചരിത്രകാരന്‍മാര്‍, ആശാരിമാര്‍, നമ്പൂതിരിമാര്‍........ അതങ്ങിനെ പോകും. ശാസ്ത്രജ്ഞര്‍,ചിത്രകാരര്‍ എന്നിങ്ങനെ ചില പദങ്ങളെ വിവേചനമില്ലാത്ത ബഹുവചനമാക്കി മാറ്റാന്‍ കഴിയുമെങ്കില്‍ കൂടിയും പ്രയോഗങ്ങളില്‍ അധികവും അങ്ങിനെയല്ല. ഇവിടെ അധികാരമാണ് വേര്‍തിരിവ് പ്രകടമാക്കുന്നതില്‍ പ്രാമുഖ്യം . അധികാരത്തെ സൂചിപ്പിക്കാത്ത വാക്കുകള്‍ കൂടുതലും 'ള്‍' ചേര്‍ത്ത് ബഹുവചനമാക്കാം എന്നു സാരം. സ്ത്രീകള്‍ പുരുഷന്‍മാരുടെ 'അടിമകള്‍' ആണ് എന്ന ആശയത്തില്‍ നിന്നു തന്നെയായിരിക്കാം ഈ പ്രയോഗങ്ങള്‍ ഉണ്ടായി വന്നത്. അടിമ, അടിമകള്‍ ആയതും ജന്മി, ജന്മിമാര്‍ ആയതും മറ്റൊരര്‍ത്ഥത്തിലല്ല. ഈ ഉദാഹരണത്തിന് ആണുങ്ങള്‍ എന്ന പദം പോലെ പക്ഷാന്തരങ്ങള്‍ കാണപ്പെടാമെങ്കിലും അത് ന്യൂനപക്ഷം മാത്രമാണ്.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അനാവശ്യമായി സൃഷ്ടിക്കപ്പെട്ട ഏഴാം ക്ലാസിലെ പാഠപുസ്തകവിവാദം നോക്കുക. കുറേയധികം ബൌദ്ധികവ്യായാമങ്ങള്‍ നടത്തി ഇല്ലാത്ത മതനിന്ദയെ കണ്ടെത്തിയവര്‍ക്ക് ആ പുസ്തകത്തിലെ മേല്‍പറഞ്ഞ തരത്തിലുള്ള വിവേചനങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. നിര്‍മ്മലമായ സ്നേഹത്തെ ചുംബന വിവാദമാക്കി പുസ്തകത്തില്‍ ലിംഗവിവേചനം കണ്ടെത്തിയവര്‍ക്ക് 'കൃഷിക്കാരിയെ' മറന്ന പാഠഭാഗങ്ങള്‍ ഒരു പ്രശ്നമേ ആയിരുന്നില്ല. കൃഷിക്കാരന്റെ പ്രശ്നങ്ങള്‍, അവന്റെ പ്രാരാബ്ദങ്ങള്‍, അവന്റെ കുടുംബം ഇതെല്ലാം കുട്ടികള്‍ ആവേശപൂര്‍വ്വം കണ്ടെത്തിയപ്പോള്‍ അദൃശ്യമായത് കൃഷിക്കാരിയാണ്. വിവാദം സൃഷ്ടിക്കാന്‍ നടക്കുന്നവര്‍ക്ക് ഇതൊന്നും കാണേണ്ട കാര്യമില്ലല്ലോ. ഇന്നും കൃഷിക്കാരിയില്ലാത്ത, കൃഷിക്കാരന്റെ കുടുംബത്തിലെ പ്രാധാന്യമില്ലാത്ത ഒരംഗമായി മാത്രം 'അവളെ' കാണുന്ന പാഠഭാഗങ്ങള്‍ കുട്ടികള്‍ പഠിച്ചു കൊണ്ടേയിരിക്കുന്നു. അവന്റെ കുടുംബത്തിനേ അവിടെ പ്രസക്തിയുളളൂ. അവളുടെ കുടുംബം എന്നത് ഒരു ഉട്ടോപ്യന്‍ ആശയമായിപ്പോലും ആരും കാണുന്നില്ല. അവന്റെ കുടുംബത്തിന്റെ പ്രശ്നങ്ങള്‍ ആവേശപൂര്‍വ്വം കണ്ടെത്തി പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്ന ആണ്‍കുട്ടികള്‍ അവളെ രണ്ടാം തരക്കാരിയായും പെണ്‍കുട്ടികള്‍ സ്വയം രണ്ടാം തരക്കാരിയായും ഉള്‍ക്കൊള്ളുമ്പോള്‍ വെറുമൊരു വാക്ക് അടുത്ത തലമുറയിലേക്ക് പുരുഷാധിപത്യം സംക്രമിപ്പിക്കാന്‍ ഏറ്റവും മികച്ച മാധ്യമമായി മാറുന്നു.

ലിംഗനിരപേക്ഷമായ ഏകവചനം കൂടുതലുള്ള ഭാഷകള്‍ സംസാരിക്കുന്നവരുടെ സംസ്കാരത്തില്‍ ലിംഗവിവേചനം കുറവായിരിക്കും. മലയാളവും ഇംഗ്ലീഷും തന്നെ ഒരു ഉദാഹരണം. അധ്യാപകന്‍ എന്നും അധ്യാപിക എന്നും വാക്കുണ്ട്. പക്ഷേ ആ പൊതു സമൂഹത്തിലെ ഒരാളെ വിളിക്കാന്‍ ലിംഗനിരപേക്ഷമായ ഒരു വാക്കില്ല. ലിംഗനിരപേക്ഷമായ ടീച്ചര്‍ എന്ന ഇംഗ്ലീഷ് വാക്കിനെ പോലും മലയാളീകരിച്ചപ്പോള്‍ സ്ത്രീലിംഗമായി മാറി. മാഷും ടീച്ചറും അവിടെ പിറവിയെടുത്തു. പ്രത്യക്ഷ സമൂഹത്തില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യക്കാര്‍ക്കിടയില്‍ ലിംഗവിവേചനം കുറയാന്‍ ഒരു കാരണം ഭാഷാപരമായ ഈ വിവേചനക്കുറവ് തന്നെയായിരിക്കാം. മലയാളത്തോളമില്ലെങ്കില്‍ പോലും ഇംഗ്ലീഷിലും ലിംഗവിവേചനപരമായ വാക്കുകള്‍ കുറവൊന്നുമല്ല. മനുഷ്യചരിത്രം അവന്റെ മാത്രം കഥയായി History അഥവാ His-Story എന്ന വാക്ക് മാറ്റിയതും യാദൃശ്ചികമാവാന്‍ വഴിയില്ല. ആണിനേയും പെണ്ണിനേയും സഖാവ് എന്നു വിളിക്കാം എന്നത് കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ലിംഗവിവേചനം കുറയ്ക്കാന്‍ അദൃശ്യമായ ഒരു കാരണമാണ്. സുഹൃത്ത് , ചങ്ങാതി തുടങ്ങിയ പദങ്ങളും ഇതേ സമത്വം നിലനിര്‍ത്തുന്നവയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘാടകരായ യുവസംഗമം എന്ന പരിപാടിയില്‍ 'ചങ്ങാതി' എന്ന ലിംഗനിരപേക്ഷ വാക്ക് സൃഷ്ടിച്ച സമത്വഭാവന അത്ര ചെറുതൊന്നുമല്ല. ദൈവത്തിന്റെ ലിംഗമേത് എന്ന് മതങ്ങള്‍ നേരിട്ട് പറയുന്നുണ്ടോ എന്ന് അറിയില്ല. പക്ഷേ ദൈവത്തെ അവന്‍ എന്നാണ് വേദപുസ്തകങ്ങളില്‍ എല്ലാം വിളിക്കുന്നത്. ദൈവം പുരുഷനാണ് എന്ന് മതങ്ങള്‍ അങ്ങിനെ പറയാതെ പറയുന്നു. ആ മതങ്ങള്‍ക്ക് ലിംഗസമത്വത്തെ നിലനിര്‍ത്താനും കഴിയുകയില്ല.

ഭാഷയെ പുനര്‍നിര്‍മ്മിക്കുന്നതിലൂടെ, ശൈലിയും വാക്കുകളും മാറ്റം വരുത്തുന്നതിലൂടെ, പുതിയ ലിംഗനിരപേക്ഷമായ വാക്കുകളും ശൈലികളും ആവിഷ്കരിക്കുന്നതിലൂടെ അടുത്ത തലമുറയിലേക്കെങ്കിലും ലിംഗസമത്വത്തിന്റെ അക്ഷരജ്ഞാനം പകരാന്‍ നമുക്കാവും. ശാസ്ത്രലേഖനങ്ങളില്‍ വരച്ച ചിത്രങ്ങള്‍ക്ക് ചിത്രകാരന്റെ ഭാവനയില്‍ എന്ന അടിക്കുറിപ്പ് നല്‍കാറുണ്ട്. വരച്ചത് ആണാണോ പെണ്ണാണോ എന്നതൊന്നും ആര്‍ക്കും പ്രശ്നമല്ല. അവിടെ ഒരു പൊതു വാക്ക് ഇല്ലാത്തതാണ് പ്രശ്നം. പൊതുവാക്കുകള്‍ കണ്ടെത്തിയേണ്ടിരിക്കുന്നു. അത് നിശബ്ദമായ ഒരു വിപ്ലവത്തിനായിരിക്കും വഴി തെളിക്കുക. പുസ്തകങ്ങള്‍ എഡിറ്റു ചെയ്യുന്നവരും ലേഖനങ്ങള്‍ തയ്യാറാക്കുന്നവരും ഒന്നു ശ്രദ്ധിച്ചാല്‍ ലിംഗനിരപേക്ഷമായ ഭാഷയിലൂടെ കഥകളും ലേഖനങ്ങളും കവിതകളും ആശയങ്ങളും ജനങ്ങളിലെത്തിക്കാന്‍ കഴിയും. ഏറ്റവും കുറഞ്ഞത് ശാസ്ത്രപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരെങ്കിലും ഇത്തരത്തില്‍ ചിന്തിച്ചാല്‍ നന്നായിരിക്കും. പ്രാസംഗികര്‍ക്കും അവരുടെ ശൈലിയില്‍ മാറ്റം വരുത്താവുന്നതാണ്. മന്ത്രിമാരും സാഹിത്യകാരരും ഉപയോഗിക്കുന്ന ഭാഷയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ജനങ്ങളെ സ്വാധീനിക്കും. ലിംഗവിവേചനമുണ്ടാക്കുന്ന വാക്കുകളും പ്രയോഗങ്ങളും ഇല്ലാതെ ലേഖനമെഴുതലും പ്രസംഗിക്കലും അത്ര എളുപ്പമാവില്ല. ഇതു വരെയുള്ള ശീലം ആ മാറ്റത്തെ അത്രവേഗം ഉള്‍ക്കൊള്ളുകയില്ല എന്നതാണ് കാരണം. പക്ഷേ ഒന്നു ശ്രമിച്ചാല്‍ ഏതൊരു പുരോഗമന സംഘടനകക്കും തങ്ങളുടെ ഭാഷാ ഉപയോഗങ്ങളില്‍ ഇത്തരമൊരു മാറ്റം വരുത്താന്‍ കഴിയും. ലഘുലേഖകളിലും പുസ്തകങ്ങളിലും ഭരണഘടനയിലും പ്രംസംഗങ്ങളിലും ക്ലാസുകളിലും എല്ലാം മനപൂര്‍വ്വം ഒരു മാറ്റത്തിന് ശ്രമിച്ചാല്‍ സമത്വഭാവന യാഥാര്‍ത്ഥ്യമായ സംഘടനയായിത്തീരാനുള്ള പ്രയാണത്തില്‍ അത് പ്രധാന പങ്കുവഹിക്കും.

മനുഷ്യരെ മാത്രമല്ല അവന്‍ എന്ന വാക്ക് കൊണ്ട് നാം വിളിക്കാറ്. മറ്റ് മൃഗങ്ങളേയും അചേതനവസ്തുക്കളേയും വരെ നാം അവന്‍ എന്നു വിളിക്കാറുണ്ട്. ബാലസാഹിത്യം പരിശോധിച്ചു നോക്കൂ. കുറുക്കന്റേയും സിഹത്തിന്റെയും മുയലിന്റേയും ആമയുടേയും തെങ്ങിന്റേയും മഞ്ചാടിക്കുരുവിന്റേയും അതും പോരാഞ്ഞ് മണ്ണാങ്കട്ടയുടേയും കരിയിലയുടേയും കാറ്റിന്റേയും മലകളുടേയും ഒക്കെ കഥകള്‍ ധാരാളം. കഥ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ എല്ലാ കഥാപാത്രങ്ങളേയും സൂചിപ്പിക്കാന്‍ നാം 'അവന്‍', 'ഇവന്‍' തുടങ്ങിയ വാക്കുകള്‍ അറിയാതെ ഉപയോഗിച്ചിരിക്കും. വളരെ സാവകാശം എന്നാല്‍ വളരെ ആഴത്തില്‍ ലിംഗവിവേചനത്തിന്റെ വിഷം അറിയാതെ കുട്ടികളില്‍ എത്തിക്കാന്‍ ഈ ബാലസാഹിത്യങ്ങള്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. തേനെടുക്കാന്‍ പോകുന്ന തേനീച്ചയേയും ആഹാരം ശേഖരിക്കാന്‍ ഇറങ്ങുന്ന ഉറുമ്പുകളേയും വരെ 'അവന്‍' എന്ന വാക്കിനാല്‍ കുട്ടികളിലെത്തിക്കുമ്പോള്‍ വിവേചനം മാത്രമല്ല തെറ്റായ ആശയത്തെക്കൂടിയാണ് നാം പകര്‍ന്നു നല്‍കുന്നത്. പെണ്‍തേനീച്ചകള്‍ മാത്രമാണ് തേന്‍ ശേഖരിക്കാന്‍ പോവുന്നതെന്ന സത്യം ലിംഗവിവേചനത്തിന്റെഅകമ്പടിയോടെ കുട്ടികളില്‍ നിന്നും നാം മറച്ചുവയ്ക്കുന്നു. മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഒരു വിധം എല്ലാ പുസ്തകങ്ങളും മാസികകളും ലേഖനങ്ങളും പരിശോധിച്ചു നോക്കിക്കോളൂ. വിവേചനത്തിന്റെ കാണാക്കാഴ്ചകള്‍ നിങ്ങളെ തേടിയെത്തുന്നത് കാണാം. സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരിലും, മനുഷ്യസമത്വത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതുന്നവരിലുമെല്ലാം പോലും ഇതേ പ്രശ്നം നിരീക്ഷിക്കാം.

ഇംഗ്ലീഷടക്കം മിക്ക ഭാഷകളും ഇത്തരം ഒരു മാറ്റത്തിനായുള്ള പ്രയാണത്തിലാണ്. പല വാക്കുകളും അവര്‍ ലിംഗവിവേചനമുണ്ടാക്കുന്നു എന്നതിനാല്‍ ഉപേക്ഷിച്ചു തുടങ്ങി. ഭാഷയില്‍ വിവേചനം നിലനില്‍ക്കുമ്പോള്‍ ചിന്തയിലും വിവേചനം നിലനില്‍ക്കും. അതു കൊണ്ട് സമത്വം എന്നത് സമത്വഭാവനയല്ലാതെ സമത്വയാഥാര്‍ത്ഥ്യമായി നിലവില്‍ വരണമെങ്കില്‍ മാറ്റം വരേണ്ട ഘടകങ്ങളിലൊന്ന് ഭാഷയാണ്. വാക്കുകളും അവ മനസ്സില്‍ സൃഷ്ടിക്കുന്ന ചിഹ്നങ്ങളും ചേര്‍ന്ന് ആശയവിനിമയം പൂര്‍ത്തിയാക്കുമ്പോള്‍ അറിയാതെ തന്നെ നാം ഒരു ഭാഷാ സംസ്കാരത്തിന് അടിമപ്പെടുകയാണ്. ആ അടിമത്വം ലിംഗവിവേചനം സൃഷ്ടിക്കുന്ന പരിതസ്ഥിതികള്‍ ഉണ്ടാക്കുന്നു എന്നതിലാണ് അപകടം പതിയിരിക്കുന്നത്. അവന്‍ തീ കണ്ടു പിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയായിരുന്നു? എന്ന ചോദ്യം അടുത്ത തലമുറ ചോദിക്കില്ല എന്ന് ഉറപ്പിക്കാന്‍ കഴിയാത്തിടത്തോളം ലിംഗവിവേചനത്തിന്റെ വിത്തുകള്‍ നാമറിയാതെ അടുത്ത തലമുറകളിലേക്ക് പകര്‍ത്തപ്പെട്ടുകൊണ്ടേയിരിക്കും....
(ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് 3.0 പ്രകാരം പ്രസിദ്ധീകരിക്കുന്നത്.)

Thursday, February 5, 2009

പച്ച നിറമുള്ള വാല്‍നക്ഷത്രം ലുലിന്‍ ഈ മാസം സന്ദര്‍ശനം നടത്തുന്നു.....


വരവേല്‍ക്കാം ലുലിന്‍ വാല്‍നക്ഷത്രത്തെ....


കണ്ടുപിടുത്തങ്ങള്‍ പലപ്പോഴും യാദൃശ്ചികമാണ്. പക്ഷേ നിരന്തരമായ നീരീക്ഷണവും ക്ഷമയും ത്വരയും കാത്തിരിപ്പിനൊടുവില്‍ നമുക്ക് വിജയം കൊണ്ടുവന്നു തരും. പ്രത്യേകിച്ചും ശാസ്ത്രത്തിന്റെ മേഖലയില്‍. ചൈനയിലെ ക്വന്‍ഷി യെ തന്നെയാണ് അതിനുദാഹരണവും. 1996 ല്‍ ഏഴു വയസ്സുള്ളപ്പോഴാണ് ക്വന്‍ഷി-യെ ക്ക് ഒരു ടെലിസ്കോപ്പിലൂടെ ഒരു വാല്‍നക്ഷത്രത്തെ കാണാന്‍ അവസരമുണ്ടായത്. അന്നത്തെ ഹെയില്‍-ബോപ്പ് വാല്‍നക്ഷത്രം പിന്നീട് യെയുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. ആകാശക്കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു യെ പിന്നീട് ചെയ്തത്.

2007 ലെ ഒരു ജൂലായില്‍ ഒരു നക്ഷത്രമാപ്പും നോക്കിയിരുന്ന യെയുടെ ശ്രദ്ധ ഒരു പ്രത്യേക നക്ഷത്രത്തിലേക്ക് തിരിഞ്ഞു. തായ്വാന്‍ ലുലിന്‍ നക്ഷത്രനിരീക്ഷണാലയത്തിലെ ചി-ഷെങ്ങ്-ലിന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് എടുത്ത ചിത്രമായിരുന്നു അത്. മറ്റു നക്ഷത്രങ്ങളില്‍ നിന്നും ആ പ്രകാശബിന്ദു മാത്രം വ്യത്യസ്ഥമാണ് എന്ന കാര്യം യെ തിരിച്ചറിഞ്ഞു. അതോടെ മറ്റാരും അതു വരെ കാണാത്ത ഒരു വാല്‍നക്ഷത്രത്തെ കാണാനുള്ള ഭാഗ്യം പതിനേഴ് മാത്രം പ്രായമുള്ള യെക്ക് ലഭിക്കുകയായിരുന്നു. ചൈനയിലെ സണ്‍ യാട്ട്-സെന്‍ സര്‍വ്വകലാശാലയില്‍ ഇപ്പോഴും പഠനം നടത്തുകയാണ് യെ.


(അരിസോണയിലെ സ്വന്തം നിരീക്ഷണാലയത്തില്‍ നിന്നും ജാക്ക് ന്യൂട്ടണ്‍ എന്ന അമ്വച്വര്‍ വാനനിരീക്ഷകന്‍ എടുത്ത ഫെബ്രുവരി ഒന്നിന് പതിനാല് ഇഞ്ച് ടെലിസ്കോപ്പ് ഉപയോഗിച്ച് എടുത്ത ചിത്രം)

തായ്വാനിലെ ലുലിന്‍ നിരീക്ഷണാലയത്തിലെ ഫോട്ടോയില്‍ നിന്നാണ് യെ ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തിയത് എന്നതിനാല്‍ ലുലിന്‍ വാല്‍നക്ഷത്രം എന്നാണ് ഇതിപ്പോള്‍ അറിയപ്പെടുന്നത്. ലുലിന്‍ വാല്‍നക്ഷത്രം ഇപ്പോള്‍ ഭൂമിയെ സന്ദര്‍ശിക്കാന്‍ പോവുകയാണ്. ഫെബ്രുവരി 6 ന് ആദ്യമായി ഈ വാല്‍നക്ഷത്രത്തെ കാണാനുള്ള ഭാഗ്യം നമുക്ക് ലഭിക്കും. ഫെബ്രുവരി 24 ന് ആണ് ലുലിന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നത്. പച്ചനിറത്തിലായിരിക്കും ധൂമകേതു കാണപ്പെടുക. ശക്തിയേറിയ ഒരു ബൈനോക്കുലറോ ടെലിസ്കോപ്പോ ലുലിന്റെ ദര്‍ശനം ലഭിക്കാന്‍ ആവശ്യമാണ്. നാലോ അഞ്ചോ ആയിരിക്കും ലുലിന്റെ കാന്തിമാനം എന്നു കരുതപ്പെടുന്നു. നല്ല തെളിഞ്ഞ ആകാശമാണെങ്കില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടും കാണാം എന്നര്‍ത്ഥം. എന്നാല്‍ അത് ധൂമകേതുവാണ് എന്ന് തിരിച്ചറിയണമെങ്കില്‍ നല്ല ഒരു ബൈനോക്കുലര്‍ തന്നെ വേണ്ടി വരും.

സയനോജന്‍, കാര്‍ബണ്‍ എന്നിവ ലുലിന്‍ വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സില്‍ അടങ്ങിയിട്ടിട്ടുണ്ട്. ഈ രണ്ടു പദാര്‍ത്ഥങ്ങളും ചേര്‍ന്നാണ് ലുലിന് സൂര്യപ്രകാശത്തില്‍ പച്ച നിറം നല്‍കുന്നത്. ഇതില്‍ സയനജന്‍ ഒരു വിഷവാതകമാണ്. ഹാലി ധൂമകേതു സന്ദര്‍ശന വേളയില്‍ പലരും സയനജന്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം എന്ന് കരുതിയിരുന്നു. എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തെ മറികടന്ന് ഭൂമിയിലെത്താന്‍ ഹാലിയുടെ വാലിനും കഴിഞ്ഞില്ല.

ഫെബ്രുവരി 6അതിരാവിലെ ഏകദേശം മൂന്ന് മണിയോടെ ലുലിനെ കാണാന്‍ നമുക്ക് അവസരമുണ്ട്. രാവിലെ എണീറ്റ് കിഴക്കോട്ട് നോക്കുക. അവിടെ തുലാം രാശി ഉദിച്ചുയര്‍ന്ന് നില്‍ക്കുന്നത് കാണാം. തുലാം ഗണത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായ Zubenelgenubi നെ (വിശാഖം നക്ഷത്രങ്ങളില്‍ ഒന്ന്) കണ്ടെത്തുക. ആ നക്ഷത്രത്തിലേക്ക് ബൈനോക്കുലര്‍ ചൂണ്ടുക. ലുലിന്‍ വാല്‍നക്ഷത്രത്തെ പച്ച നിറത്തില്‍ നമുക്ക് കണ്ടെത്താം.

ഫെബ്രുവരി 16


ആറിന് കാണാന്‍ കഴിയാത്തവര്‍ക്കായി പതിനാറിന് വീണ്ടും എളുപ്പം കണ്ടെത്താവുന്ന ഇടത്ത് . ഇത്തവണ കന്നി രാശിയിലാണ് ലുലിന്‍. കന്നി രാശിയിലെ എറ്റവും പ്രഭയേറിയ Spica നക്ഷത്രത്തിന് (ചിത്തിര നക്ഷത്രങ്ങളില്‍ ഒന്ന്) സമീപമാണ് ലുലിന്റെ സ്ഥാനം.


ഫെബ്രുവരി 24ഇന്നാണ് ലുലിന്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നത്. ഇപ്പോള്‍ ചിങ്ങം നക്ഷത്രഗണത്തിലാണ് ലുലിനെ കാണപ്പെടുക. ചിങ്ങം നക്ഷത്രഗണത്തില്‍ തന്നെയാണ് ശനിയുടേയും സ്ഥാനം. അതിനടുത്തായി ലുലിനെ നമുക്ക് കാണാം. പൂരം ഉത്രം എന്നീ നക്ഷത്രങ്ങള്‍ക്കിടയില്‍ പൂരം നക്ഷത്രങ്ങള്‍ക്കടുത്തായാണ് ശനി കാണപ്പെടുക. ചിങ്ങം നക്ഷത്രഗണത്തെ കണ്ടെത്തിയാല്‍ അതിനടുത്ത് ഏറ്റവും പ്രഭയോടെ നില്‍ക്കുന്നത് ശനി ആയിരിക്കും. ശനിയില്‍ നിന്നും അല്പം മാറി ശ്രദ്ധിച്ചു നോക്കിയാല്‍ ലുലിനെ കണ്ടെത്താം.

പത്തൊന്‍പതു വയസ്സു മാത്രം പ്രായമുള്ള യെ ഇപ്പോഴും അടക്കാനാവാത്ത സന്തോഷത്തിലാണ്. ലുലിന്‍ വാല്‍നക്ഷത്രത്തെ കാണുന്ന ഓരോരുത്തര്‍ക്കും യെക്കൊപ്പം ആ സന്തോഷം പങ്കുവയ്ക്കാം. യെയുടെ അനുഭവങ്ങള്‍ നമുക്കിടയിലെ ഓരോ കുട്ടിക്കും പ്രചോദനമായേക്കാം... ഇനിയും പുതിയ പുതിയ കണ്ടെത്തലുകള്‍ക്കായി നമുക്ക് കാത്തിരിക്കാം.. ആകാശക്കാഴ്ചകളിലെ അത്ഭുതങ്ങള്‍ക്കായി....