ശാസ്ത്രം
കൊതുകുകടിയേല്‍ക്കാത്ത നാളുകള്‍ വരുന്നൂ...
ശാസ്ത്രസാങ്കേതികവിദ്യകളിലൂടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും മീതെ മനുഷ്യന് ആധിപത്യം സ്ഥാപിച്ചിട്ടും ഒരിക്കലും തോല്‍ക്കാതെ നമ്മോട് പൊരുതിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചുജീവിയാണ് കൊതുക്. കൊതുകുകടിയേല്‍ക്കാത്ത ആരും തന്നെ ഉണ്ടാകുമെന്നു തോന്നുന്നില്ല. കൊതുക് പരത്തുന്ന രോഗങ്ങളിലൂടെ ദിനം പ്രതി രോഗികളാകുന്നവരും മരിക്കുന്നവരും നിരവധിയാണ്. കൊതുകിനെ തുരത്താന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ നാം അവലംബിച്ചിട്ടുണ്ട്. കൊതുകുവലകളും , കൊതുകുതിരികളും തുടങ്ങി നിരവധി വ്യത്യസ്ഥ ഉല്‍പ്പന്നങ്ങളാണ് നാം വാങ്ങിച്ചു കൂട്ടുന്നത്. ഇതില്‍ പലതും വിഷമയവും പരിസരമലിനീകാരികളും കൂടിയാണ്. ഇപ്പോഴിതാ കൊതുകുനെ തുരത്താന്‍ മറ്റൊരു നൂതന സംവിധാനവുമായി റിവര്‍സെഡ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നു. പഴയീച്ചകളില്‍ നടത്തിയ പഠനമാണ് കൊതുകകള്‍ക്കെതിരേ പരിസ്ഥിതി സൌഹാര്‍ദ്ദപരവും ചിലവുകുറഞ്ഞതുമായ പുതിയ കണ്ടുപിടുത്തത്തിലേക്ക് വഴി തെളിച്ചത്.
അപകടഭീതിയുണ്ടാകുമ്പോള്‍ പഴയീച്ചകള്‍ കാര്‍ബണ്‍ഡയോക്സൈഡ് വാതകം പുറത്തു വിടും. ഇത് മറ്റ് പഴയീച്ചകള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. പഴയീച്ചയുടെ തലയിലുള്ള ആന്റിന (കൊമ്പ്) കാര്‍ബണ്‍ഡയോക്സെഡിനെ തിരിച്ചറിയാനുള്ള മികച്ച ഒരു സംവേദിനിയാണ്. ഈ ആന്റിനയിലുള്ള ന്യൂറോണുകള്‍ നല്കുന്ന സന്ദേശം ആ സ്ഥലത്തു നിന്നും മാറിനില്ക്കാന് പഴയീച്ചകളെ പ്രേരിപ്പിക്കും. പക്ഷേ വിചിത്രമെന്നു പറയട്ടെ പഴങ്ങളും മറ്റ് ഫലവര്‍ഗ്ഗങ്ങളും കാര്‍ബണ്‍ഡയോക്സൈഡ് പുറത്തുവിടുന്നുണ്ട്. എന്നാല്‍ ഇവിടെ യാതൊരു അപകടഭീതിയുമില്ലാതെ പഴയീച്ചകള്‍ ഒത്തുകൂടുകയും ചെയ്യും. ശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ ഇത് ഒരു പ്രഹേളികയായിരുന്നു.
എന്റമോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ആനന്ദശങ്കര്‍ റേയും അദ്ദേഹത്തിന്റെ ശിഷ്യയായ സ്റ്റിഫാനി ടര്‍ണറും ചേര്‍ന്ന് ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തിയിരിക്കുന്നു. പഴങ്ങള്‍ പഴുക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേകതരം ഗന്ധമുള്ള രാസവസ്തുവിനെ ഇവര്‍ തിരിച്ചറിഞ്ഞു. പഴയീച്ചകളുടെ കാര്‍ബണ്‍ഡയോക്സൈഡ് തിരിച്ചറിയാന്‍ സഹായിക്കുന്ന ന്യൂറോണിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ ഈ രാസവസ്തുവിന് കഴിയുന്നു എന്ന് പരീക്ഷണങ്ങളിലൂടെ ഇവര്‍ കണ്ടെത്തി. പ്രത്യേക ഗന്ധമുണ്ടാക്കുന്ന ഹെക്സനോള്‍, 2,3 ബ്യൂട്ടെയ്നിഡിയോണ്‍ എന്നീ രാസവസ്തുക്കളാണ് പഴയീച്ചയുടെ ന്യൂറോണിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ സഹായിക്കുന്നത്.
പഴയീച്ചയില്‍ നടത്തിയ ഈ കണ്ടെത്തല്‍ ക്യൂലക്സ് കൊതുകുകള്‍ക്കെതിരേ ഉപയോഗിക്കാവുന്നതാണ് എന്ന് ആനന്ദശങ്കറും സ്റ്റിഫാനിയും അവകാശപ്പെടുന്നു. ക്യൂലക്സ് കൊതുകുകളിലും കാര്‍ബണ്‍ഡയോക്സൈഡ് തിരിച്ചറിയാനുള്ള ന്യൂറോണുകള്‍ ഉണ്ട്. പഴയീച്ച കാര്‍ബണ്‍ഡയോക്സൈഡിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് അവിടെ നിന്നും രക്ഷപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍ ക്യൂലക്സ് കൊതുകുകള്‍ മനുഷ്യസാന്നിദ്ധ്യം തിരിച്ചറിയാനാണ് ഈ കഴിവ് ഉപയോഗിക്കുന്നത്. മനുഷ്യന്റെ ശ്വസനപ്രക്രിയയില്‍ പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്സൈഡ് ആണ് ക്യൂലക്സ് കൊതുകുകളെ നമ്മിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. കൊതുകുകളുടെ ന്യൂറോണുകളെ പ്രവര്‍ത്തനരഹിതമാക്കാനുള്ള കഴിവുള്ള ഹെക്സനോളിനേയും ബ്യുട്ടനാളിനേയും തിരിച്ചറിയാന്‍ ആനന്ദശങ്കറിനും സ്റ്റിഫാനിക്കും കഴിഞ്ഞു. ഈ കണ്ടെത്തല്‍ കൊതുകിനെ അകറ്റിനിര്‍ത്താനുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് പുതിയ ഒരു തലം നല്‍കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ആഗസ്റ്റ് 26 ലെ നേച്ചര്‍ ജേര്‍ണലിലാണ് ഇവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അവലംബം
http://newsroom.ucr.edu/news_item.html?action=page&id=2155
വാര്‍ത്ത
ജീവന്റെ അടിസ്ഥാന ശിലയുമായി ഒരു വാല്‍നക്ഷത്രം...
ജീവന്റെ അടിസ്ഥാന ശിലയുമായി ഒരു വാല്‍നക്ഷത്രം...
ഭൌമേതരജീവന്‍ എന്നത് ശാസ്ത്രകല്പിത കഥകളിലെ സജീവമായ വിഷയമാണ്. അവരുടെ ഭാവനക്ക് ചിറകു വിരിക്കാന്‍ ഇപ്പോള്‍ മറ്റൊരു കാരണം കൂടി. ജീവന്റെ അടിസ്ഥാനശിലകളായ പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്ന അമിനോ ആസിഡുകള്‍ സൌരയൂഥത്തില്‍ എവിടെയെങ്കിലും കണ്ടെത്താനായി ശാസ്ത്രജ്ഞര്‍ ശ്രമിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. ഇത്തരം അമിനോ അസിഡുകളിലൊന്നായ ഗ്ലൈസിന്‍ എന്ന രാസവസ്തുവിനെ ഒരു വാല്‍നക്ഷത്രത്തില്‍ കണ്ടെത്തിയിരിക്കുന്നു. ജീവിവര്‍ഗ്ഗങ്ങള്‍ പ്രോട്ടീന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അമിനോ അമ്ളമാണ് ഗ്ലൈസിന്‍. ഇതാദ്യമായാണ് ഒരു വാല്‍നക്ഷത്രത്തില്‍ ഗ്ലൈസിന്‍ കണ്ടെത്തുന്നത്.
ഭൂമിയിലെ ജീവന് ഉടലെടുത്തത് വാല്നക്ഷത്രങ്ങള് കൊണ്ടുവന്ന കാര്‍ബണികസംയുക്തങ്ങളില്‍ നിന്നുമാണ് എന്ന ഒരു വാദം നിലവിലുണ്ട്. ആ വാദത്തിനെ ബലപ്പെടുത്തുന്ന ഒരു കണ്ടെത്തലാണ് നാസ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 2009 ആഗസ്റ്റ് 16 ന് അമേരിക്കയിലെ വാഷിംഗ്ടണ്‍ ആസ്ഥാനമായ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയിലാണ് ഇതു സംബന്ധിച്ച ഗവേഷണപ്രബന്ധം അവതരിപ്പിക്കപ്പെട്ടത്.

(സ്റ്റാര്‍ഡസ്റ്റ് പേടകം വാല്‍നക്ഷത്രത്തിനടുത്തു കൂടി സഞ്ചരിച്ച് സാമ്പിളുകള്‍ ശേഖരിക്കുന്നു. ഒരു ചിത്രകാരഭാവന. കടപ്പാട്-നാസ-JPL)
ജീവന് എന്ന പ്രതിഭാസം ഭൂമിയില്‍ മാത്രമല്ല പ്രപഞ്ചത്തില്‍ എല്ലായിടത്തും കാണപ്പെടാം എന്ന ആശയത്തിന് ബലം നല്‍കുന്നതാണ് ഈ കണ്ടെത്തല്‍. ജീവന് പ്രപഞ്ചത്തില്‍ അപൂര്‍വ്വമായ ഒന്നല്ല എന്ന് കരുതേണ്ടിവരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷകര്‍ പറയുന്നത്.
ശരീരത്തിനെ നിലനിര്‍ത്തുന്നതു തന്നെ പ്രോട്ടീനുകളാണ്. വിവിധതരത്തിലുള്ള പ്രോട്ടീനുകളുടെ പ്രവര്‍ത്തനം മൂലമാണ് ശരീരത്തിലെ രാസപ്രക്രിയകള്‍ നിയന്ത്രിക്കപ്പെടുന്നതും. ദശലക്ഷക്കണക്കിന് വരുന്ന ഈ വ്യത്യസ്ഥ പ്രോട്ടീനുകളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് വെറും ഇരുപത് അമിനോ ആസിഡുകളുടെ വിവിധ തരത്തിലുള്ള കൂടിച്ചേരലുകള്‍ മൂലമാണ്.
സ്റ്റാര്‍ഡസ്റ്റ് എന്ന ദൌത്യമായിരുന്നു ഈ കണ്ടെത്തലിനു പിന്നില്‍. വൈല്‍ഡ് - 2 എന്ന വാല്‍നക്ഷത്രത്തിന്റെ പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനാണ് സ്റ്റാര്‍ഡസ്റ്റ് എന്ന ദൌത്യം ആസൂത്രണം ചെയ്തത്. 1999 ഫെബ്രുവരി 7 ന് വിക്ഷേപിച്ച സ്റ്റാര്‍ഡസ്റ്റ് പേടകം ചന്ദ്രനുമപ്പുറത്തുള്ള ഒരു സ്ഥലത്തു നിന്നും എന്തെങ്കിലും ഒരു പദാര്‍ത്ഥം ഭൂമിയിലെത്തിക്കാനുള്ള ആദ്യ ദൌത്യമായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ജാനുവരി 2 ന് ഈ പേടകം വൈല്‍ഡ് 2 എന്ന ധൂമകേതുവിന്റെ അടുത്തെത്തി. ഐസ് നിറഞ്ഞ ധൂമകേതുവിന്റെ കേന്ദ്രത്തിനു ചുറ്റുമുള്ള പൊടിപടലത്തിനും വാതകങ്ങള്‍ക്കും ഇടയിലൂടെ സ്റ്റാര്‍ഡസ്റ്റ് കടന്നു പോയി. എയറോജെല്‍ എന്നറിയപ്പെടുന്ന സ്പോഞ്ച് പോലെയുള്ള സ്വീകരണി ഉപയോഗിച്ച് ധൂമകേതുവിന് ചുറ്റുമുള്ള വാതകങ്ങളും പൊടിയും സ്റ്റാര്‍ഡസ്റ്റ് ശേഖരിച്ചു. പ്രത്യേകരീതിയിലുള്ള പേടകത്തില്‍ സുരക്ഷിതമായി അടക്കം ചെയ്ത ഈ ധൂമകേതു പദാര്‍ത്ഥം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ജാനുവരി 15 ന് തിരിച്ച് ഭൂമിയിലെത്തിച്ചു. പ്രത്യേകം തയ്യാറാക്കിയ പാരച്യൂട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഈ തിരിച്ചിറക്കല്‍. അന്നു മുതല്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഈ പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള പഠനത്തിലായിരുന്നു.
(2006 ല്‍ സ്റ്റാര്‍ഡസ്റ്റ് എയറോജെല്‍ അടക്കം ചെയ്ത പേടകം ഭൂമിയില്‍ തിരിച്ചിറങ്ങിയപ്പോള്‍. വളരെ ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രത്തിനായി ചിത്രത്തില്‍ അമര്‍ത്തുക. കടപ്പാട് - നാസ)
ധൂമകേതുവിന്റെ സാംപിള്‍ ശേഖരിച്ചിരിക്കുന്ന എയറോജെല്‍ സൂക്ഷിച്ച പേടകത്തിന്റെ വശങ്ങളിലുള്ള അലൂമിനിയം ഫോയില്‍ ആണ് ഇവര്‍ പരിശോധനക്ക് വിധേയമാക്കിയത്. എയറോജെല്ലില്‍ കൂടി കടന്നുപോകുന്ന പൊടിയും വാതകങ്ങളും അലൂമിനിയം ഫോയിലിലും കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ട് എന്ന നിഗമനത്തിലായിരുന്നു പരിശോധന. ആ നിഗമനം തെറ്റിയില്ല. എയറോജെല്ലിലെ പദാര്‍ത്ഥം പരിശോധിക്കാതെ തന്നെയുള്ള പരീക്ഷണമായതിനാല്‍ അതി സൂഷ്മമായ ഉപകരണങ്ങള്‍ വേണ്ടിയിരുന്നു. ഈ സാംപിള്‍ പഠിക്കുവാനുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനും ഗവേഷണത്തിനും തന്നെ രണ്ടു വര്‍ഷം എടുത്തു എന്നാണ് നാസ പറയുന്നത്. പദാര്‍ത്ഥത്തിലെ ഓരോ തന്മാത്രകളെക്കുറിച്ചും പഠിക്കാന്‍ കഴിയുന്ന ഉപകരണങ്ങളായിരുന്നു ആവശ്യം. ഭൂമിയിലെ ഒരു തരത്തിലുള്ള പദാര്‍ത്ഥങ്ങളും ധൂമകേതു സാംപിളില്‍ കയറിക്കൂടരുത്. അത്രക്ക് സൂഷ്മമായും സുരക്ഷിതമായും ചെയ്ത പഠനങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രജ്ഞരേയും ശാസ്ത്രകുതുകികളേയും ആവേശം കൊള്ളിക്കുന്ന ഈ വാര്‍ത്ത പുറത്തുവന്നത്.

(സ്റ്റാര്‍ഡസ്റ്റിലെ എയറോജല്‍ സംവിധാനം. വാതകകണങ്ങളും പൊടിയും ഇടിക്കുന്നത് വെള്ളനിറത്തില്‍ കാണിച്ചിരിക്കുന്നു. എയറോജെല്‍ പച്ചനിറത്തില്‍. - ഒരു ചിത്രകാരഭാവനാ ചിത്രം - കടപ്പാട് - നാസ-JPL)
നേരത്തേ എയറോജെല്ലില്‍ ഉള്ള ധൂമകേതുവിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഗ്ലൈസിന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഭൂമിയില്‍ എത്തിയ ശേഷം ഏതെങ്കിലും തരത്തില്‍ മലിനീകരിക്കപ്പെട്ട് വന്നതാണോ എന്ന സംശയം ശാസ്ത്രജ്ഞര്‍ക്കുണ്ടായി. ഐസോടോപ്പിക്ക് പരിശോധനയാണ് ഭൌമേതര ഗ്ലൈസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ ന്യൂട്രോണുകളുടെ എണ്ണത്തില്‍ വരുന്ന വ്യതിയാനമാണ് ഐസോടോപ്പുകളെ സൃഷ്ടിക്കുന്നത്. കാര്‍ബണ്‍ ആറ്റത്തിന്റെ കാര്യത്തില്‍ ആറ് ന്യൂട്രോണും ആറ് പ്രോട്ടോണും ആണ് ന്യൂക്ലിയസ്സിനുള്ളില്‍ സാധാരണ കണ്ടുവരുന്നത്. എന്നാല്‍ ആറ് പ്രോട്ടോണും ഏഴ് ന്യൂട്രോണും ഉള്ള കാര്‍ബണ്‍ ആറ്റങ്ങളായിരുന്നു സ്റ്റാര്‍ഡസ്റ്റ് ശേഖരിച്ച സാമ്പിളിലെ ഗ്ലൈസിനില്‍ ഉണ്ടായിരുന്നത്. കാര്‍ബണ്‍ -13 എന്നറിയപ്പെടുന്ന ഐസോടോപ്പിന്റെ അധികമായ സാന്നിദ്ധ്യമാണ് ഗ്ലൈസിന്റെ ഉറവിടം ഭൌമേതരം ആണ് എന്ന് ഉറപ്പിച്ചു പറയാന്‍ നാസ കാരണമായെടുത്തത്.
നമുക്ക് കാത്തിരിക്കാം.... ജീവന്റെ ഉറവിടം തേടിയുള്ള യാത്രയില്‍ നമ്മുടെ സഹയാത്രികരെ കണ്ടെത്തുന്ന കാലത്തിനായി...
അവലംബം
http://www.nasa.gov/mission_pages/stardust/news/stardust_amino_acid.html
Comments
Post a Comment
ശാസ്ത്രം
നമ്മുടെ വീടുകള്‍ പവ്വര്‍ ഹൌസുകളാക്കാന്‍ ദേശീയ സൌര ദൌത്യം വരുന്നൂ..
ദേശീയ സൌര ദൌത്യം
(National Solar Mission)
ഇന്ത്യ ദേശീയ സൌര ദൌത്യത്തിലൂടെ സൌരഊര്‍ജ്ജരംഗത്ത് വലിയ ഒരു കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുകയാണ്. സൌരഭാരതം എന്ന പേരില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ കരട് രൂപമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് . 2020 ഓടെ 20GW സൌരഊര്‍ജ്ജം ഉത്പാദിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ നിലവിലുള്ള ആകെ ഊര്‍ജ്ജഉത്പാദനം 150GW ഓളമാണ്. 2030 ഓടെ 100GW ആയും 2050 ഓടെ 200GW ആയും ഈ ഉത്പാദനം വര്‍ദ്ധിപ്പിക്കണം എന്നു ദേശീയ സൌര ദൌത്യം ലക്ഷ്യമിടുന്നു. ദേശീയ സൌര ദൌത്യത്തിന്റെ കരട് തികച്ചും ആശാവഹമായ നേട്ടങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഇന്ന് ലോകത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന സൌരോര്‍ജ്ജവൈദ്യുതി 14GW മാത്രമാണ് എന്നറിയുമ്പോഴാണ് ഈ പദ്ധതിയുടെ വ്യാപ്തി മനസ്സിലാവുക. ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷന് എന്ന ഈ പദ്ധതി നവംമ്പര്‍ 14 ന് ആരംഭിക്കും എന്നാണ് അറിയുന്നത്. കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ചിട്ടുള്ള ദേശിയ പദ്ധതി (National Action Plan on Climate Change ) യുടെ ഭാഗമായ ഏഴു ദൌത്യങ്ങളില്‍ ഒന്നാണ് ദേശീയ സൌര ദൌത്യം. രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളായ വീടുകളില്‍ നിന്നു തന്നെ കാലാവസ്ഥാ മാറ്റത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ മുന്‍കയ്യോടെ നടന്ന National Action Plan on Climate Change ന്റെ നിര്‍ദ്ദേശം. ആ നിര്‍ദ്ദേശത്തെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുകയാണിവിടെ.(National Solar Mission)
1900 കോടി ഡോളര്‍ (ഏതാണ്ട് ഒരു ലക്ഷം കോടി രൂപ) ആണ് പദ്ധതിയുടെ ആകെ ചിലവ്.
- 2020 വരെയാണ് സൌര ദൌത്യത്തിന്റെ കാലയളവ്
- 2012 ഓടെ 1 മുതല്‍ 1.5 വരെ GW ഊര്‍ജ്ജം ഉത്പാദിപ്പിക്കും
- 2017 ഓടെ 6 മുതല്‍ 7 വരെ GW വരെയാക്കി ഇത് വര്‍ദ്ധിപ്പിക്കും
- 2020 ഓടെ ഇത് ലക്ഷ്യമിടുന്ന 20GW ആക്കി ഉയര്‍ത്തണമെന്നും പദ്ധതിയുടെ കരട് നിര്‍ദ്ദേശിക്കുന്നു.
സൌരപാനലുകള്‍ക്ക് ഇന്ന് നിലവിലുള്ള ഉയര്‍ന്ന നിര്‍മ്മാണ ചിലവ് ഉത്പാദനവര്‍ദ്ധനവിലൂടെ കുറയ്ക്കാനും പദ്ധതിയില്‍ പണം വിനിയോഗിക്കുന്നുണ്ട്. നിര്‍മ്മാണം, സ്ഥാപിക്കല്‍, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഈ പണം വിനിയോഗിക്കും
ദേശീയ സൌര ദൌത്യം ഒറ്റ നോട്ടത്തില്‍
- ദൌത്യത്തിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ 2030 ഓടെ 100GW പവ്വര്‍ ഉത്പാദിപ്പിക്കണമെന്നും കരട് നിര്‍ദ്ദേശിക്കുന്നു. അന്നത്തെ പ്രതീക്ഷിത ഊര്‍ജ്ജ ഉപഭോഗത്തിന്റെ 10 ശതമാനത്തോളം വരും ഈ ഊര്‍ജ്ജ ഉത്പാദനം
- ഏകീകൃത സംവിധാനങ്ങളിലൂടെയും (സൌര ഊര്‍ജ്ജ നിലയങ്ങള്‍) വികേന്ദ്രീകൃത സംവിധാനങ്ങളിലൂടെയും (ഗാര്‍ഹികമായ ഉത്പാദനവും ഗ്രിഡ് കണക്റ്റിവിറ്റിയും) സൌരോര്‍ജ്ജത്തിന്റെ വിനിയോഗം ഇത് പ്രതീക്ഷിക്കുന്നു.
- 4.2 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലെത്തുന്നത് തടയാന്‍ ഈ പദ്ധതിമൂലം സാധിക്കും. കൂടാതെ രണ്ടു കോടി സൌരവിളക്കുകളിലൂടെ എല്ലാവര്‍ഷവും നൂറുകോടി ലിറ്റര്‍ മണ്ണെണ്ണ വീതം ചിലവാകുന്നതും തടയാന്‍ കഴിയും.
- ഹോട്ടലുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സൌരഊര്‍ജ്ജത്തിന്റെ ഉപയോഗം നിര്‍ബന്ധമാക്കും.
- 2012 ഓടെ 30 ലക്ഷം വീടുകളെ സൌരഊര്‍ജ്ജം ഉപയോഗിച്ച് വൈദ്യുതീകരിക്കാനും കരട് രേഖ ലക്ഷ്യമിടുന്നു.
സൌരതാപം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും കരട് രേഖയിലുണ്ട്.
നാല് തലങ്ങളെയാണ് ദൌത്യം പരിശോധിക്കുന്നത്.
- വ്യാപ്തി,
- പാരിസ്ഥിതിക ആഘാതം,
- ഊര്‍ജ്ജസ്രോതസ്സിന്റെ സുരക്ഷ,
- ചിലവ്
വ്യാപ്തി
ഭാരതത്തില്‍ 5000 ലക്ഷം കോടി KWh ഊര്‍ജ്ജം (അന്‍പത് ലക്ഷം GW ഊര്‍ജ്ജം ഓരോ സെക്കന്റിലും) സൂര്യനില്‍ നിന്നും ലഭിക്കുന്നുണ്ട്. ഭാരതത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരു ചതുരശ്രമീറ്ററില്‍ നാലു മുതല്‍ ഏഴു വരെ KWh സൌരോര്‍ജ്ജം ഒരു ദിവസം ലഭിക്കുന്നുണ്ട്. ഇതിന്റെ വളരെ ചെറിയ ഒരംശം പോലും ഭാരതത്തിന്റെ എത്ര വലിയ ഊര്‍ജ്ജ ആവശ്യങ്ങളേയും നിറവേറ്റാന്‍ പര്യാപ്തമാണ്. അതു കൊണ്ടു തന്നെ സൌരോര്‍ജ്ജത്തിന്റെ വ്യാപ്തിയക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ല.
ഈ ഊര്‍ജ്ജം താപോര്‍ജ്ജമായോ വൈദ്യുതോര്‍ജ്ജമായോ ഉപയോഗപ്പെടുത്താവുന്നതാണ്.
പാരിസ്ഥിതിക ആഘാതം
സൌരോര്‍ജ്ജത്തിന്റെ പാരിസ്ഥിതിക ആഘാതം ഏതാണ്ട് പൂജ്യമാണ് എന്നു തന്നെ പറയാന്‍ കഴിയും.
ഊര്‍ജ്ജസ്രോതസ്സിന്റെ സുരക്ഷ
ഏറ്റവും സുരക്ഷിതമായ ഊര്‍ജ്ജസ്രോതസ്സാണിത്. യാതൊരു വിധത്തിലുമുള്ള അപകടസാധ്യതക്കും സൌരോര്‍ജ്ജ ഉപയോഗം വഴിവെയ്ക്കുന്നില്ല.
ചിലവ്
ഇന്നത്തെ അവസ്ഥയില്‍ മറ്റുള്ള ഊര്‍ജ്ജഉത്പാദന രീതികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ചിലവ് കൂടുതല്‍ സൌരോര്‍ജ്ജത്തിനാണ്. എന്നാല്‍ വന്‍പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതോടെ ഇതിന്റെ ചിലവ് വളരെയധികമായി കുറയ്ക്കാന്‍ സാധിക്കും 2017-2020 ഓടെ ചിലവ് ഒരു യൂണിറ്റിന് (1 KWh) ന് നാലു മുതല്‍ അഞ്ച് വരെ രൂപയാക്കിക്കുറയ്ക്കാന്‍ കരട് രേഖ ലക്ഷ്യമിടുന്നു. നാനോസോളാര്‍ പോലുള്ള കമ്പനികളുടെ 1$/W എന്ന സോളാര്‍സെല്ലുകള്‍ ഈ ലക്ഷ്യം ബുദ്ധിമുട്ടേറിയതല്ല എന്ന് വെളിവാക്കുന്നു.
പ്രധാന ഉദ്ദേശ്യങ്ങള്‍
നാലെണ്ണമാണ് പ്രധാന ഉദ്ദേശ്യമായി കരടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
- 2020 ഓടെ 20GW സൌരഊര്‍ജ്ജം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2030 ഓടെ 100GW ആയും 2050 ഓടെ 200GW ആയും ഈ ഉത്പാദനം വര്‍ദ്ധിപ്പിക്കണം
- 2020 ഓടെ ചിലവ് ഗണ്യമായി കുറയ്ക്കുക (നിലവിലെ ഗ്രിഡ് വൈദ്യുതിക്ക് സമാനമായി)
- 2030 ഓടെ കല്‍ക്കരിയില്‍ നിന്നുമുള്ള ഊര്‍ജ്ജ ഉത്പാദനത്തിന് തുല്യമായി ചിലവ് എത്തിക്കുക
- 4 മുതല്‍ 5 GW വരെ സ്ഥാപിത ശേഷി 2017 നുളളില്‍ എത്തിക്കുക.
മൂന്ന് ഘട്ടങ്ങളിലായാണ് ദേശീയ സൌര ദൌത്യം ആസൂത്രണം ചെയ്തിരിക്കുന്നത്
ഒന്നാം ഘട്ടം
2009 -2012 കാലയളവില്‍ നടക്കും
( 1 മുതല്‍ 1.5 വരെ സ്ഥാപിതശേഷി ഉണ്ടാക്കണം.)
2009 -2012 കാലയളവില്‍ നടക്കും
( 1 മുതല്‍ 1.5 വരെ സ്ഥാപിതശേഷി ഉണ്ടാക്കണം.)
- വ്യാവസായിക അടിസ്ഥാനത്തിലുള്ള സൌരോര്‍ജ്ജ നിലയങ്ങള്‍ക്കായിരിക്കും ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുക. സൌരോര്‍ജ്ജ വൈദ്യുതിക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് എങ്കിലും സൌരതാപത്തെ ആശ്രയിച്ചുള്ള പദ്ധതികള്‍ക്കും പ്രോത്സാഹനം നല്‍കും.
- സര്‍ക്കാര്‍ , പൊതുമേഖല സ്ഥാപനങ്ങളില്‍ സൌരവൈദ്യുതിയും സൌരഊര്‍ജ്ജവും നിര്‍ബന്ധമാക്കുന്ന പദ്ധതിയും ഇതേ കാലയളവില്‍ നടപ്പാക്കും. മേല്ക്കൂരകളെ സൌരോര്‍ജ്ജകേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതിയാണിത്. ഇവിടെത്തെ തന്ന വെറുതേ കിടക്കുന്നസ്ഥലങ്ങളും പാര്‍ക്കിംഗ് സ്ഥലങ്ങളും എല്ലാം ഇതേ പദ്ധതിക്കായി വിനിയോഗിക്കും.
- ഇങ്ങിനെ ലഭിക്കുന്ന 30 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്തുനിന്നും 100MW (0.1 GW) ഊര്‍ജ്ജം ഇത്തരത്തില്‍ നിര്‍മ്മിക്കാന്‍ കഴിയും എന്നാണ് കണക്കുകൂട്ടുന്നത്.
- ഇതേ രീതി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അനുവര്‍ത്തിക്കാവുന്നതാണ്. 70 കോടി ചതുരശ്ര മീറ്റര്‍ സ്ഥലം ഇത്തരത്തില്‍ ഉത്പാദനക്ഷമമായി നിലവിലുണ്ട് എന്നാണ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഒരു നിശ്ചിത ശതമാനം സൌരോര്‍ജ്ജ ഉത്പാദനത്തിനായി സ്വകാര്യസ്ഥാപനങ്ങള്‍ മാറ്റി വയ്ക്കും എന്നാണ് പ്രതീക്ഷ.
- എല്ലാ താപവൈദ്യുത നിലയങ്ങളും ഉത്പാദനശേഷിയുടെ 5% സൌരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കേണ്ടതാണ് എന്നത് നിര്‍ബന്ധമാക്കും. 3 മുതല്‍ 4 GW ഊര്‍ജ്ജോത്പാദനശേഷിയുള്ള താപവൈദ്യുതനിലയങ്ങള്‍ എല്ലാ വര്‍ഷവും പുതിയതായി നിര്‍മ്മിക്കപ്പെടും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ 100 മുതല്‍ 200 MW വൈദ്യുതി വരെ എല്ലാ വര്‍ഷവും ഇത്തരത്തില്‍ ലഭ്യമാക്കാന്‍ കഴിയും. വൈദ്യുതോത്പാദനകേന്ദ്രങ്ങളായതിനാല്‍ സൌരോര്‍ജ്ജവൈദ്യുതിക്ക് വേണ്ടി മാത്രമായി പ്രത്യേകഗ്രിഡ് സംവിധാനങ്ങള്‍ ഇവിടെ ആവശ്യമില്ല.
- നിലവിലുള്ള താപനിലയങ്ങളും അല്ലാത്തതുമായി നിലയങ്ങള്‍ക്കും ചുറ്റുമായി ധാരാളം സ്ഥലം വെറുതേ കിടക്കുന്നുണ്ട്. ഇവിടെയെല്ലാം സോളാര്‍ പവ്വര്‍ യൂണിറ്റുകള്‍ സ്ഥാപിക്കണം എന്നത് നിര്‍ബന്ധമാക്കും. എത്ര സ്ഥലം എടുക്കണം എന്നതെല്ലാം അതത് നിലയങ്ങള്‍ക്ക് നിര്‍ണ്ണയിക്കാവുന്നതാണ്. 800 മുതല്‍ 1000 MW വരെ ഊര്‍ജ്ജം ഇത്തരത്തിലും നിര്‍മ്മിക്കാനാവും.
- പകല്‍ സമയത്ത് കുറവ് വരുന്ന പവ്വര്‍ ആവശ്യങ്ങള്‍ നിറവേറ്റുവാനായി ഇന്ന് ഡീസല്‍ വൈദ്യുത നിലയങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം സോളാര്‍ വൈദ്യുതിക്ക് പ്രോത്സാഹനം നല്‍കും. 20 മുതല്‍ 25 GW വൈദ്യുതി ഇത്തരത്തില്‍ ഡീസല്‍ നിലയങ്ങള്‍ ഇന്ന് നിര്‍മ്മിക്കുന്നുണ്ട്. 2020 ഓടെ ഇത് 60GW ആയി മാറും. ഒരു യൂണിറ്റ് വൈദ്യുതിക്ക് 13 മുതല്‍ 15 വരെ രൂപയാണ് ഇന്നത്തെ ഈ വൈദ്യുതിയുടെ നിരക്ക്. എന്നാല്‍ സൌരവൈദ്യുതിയുടെ നിരക്ക് ഇന്നു പോലും ഇതിനേക്കാള്‍ കുറവാണ്.
- വൈദ്യുതിയുടെ മീറ്ററിംഗ് സംവിധാനങ്ങളില്‍ മാറ്റം വരുത്തും. പകല്‍സമയത്ത് സ്ഥാപനങ്ങളില്‍ നിര്‍മ്മിക്കുന്ന സൌരവൈദ്യുതി പൊതു ഗ്രിഡിലേക്ക് നല്‍കുന്നതിന് തിരിച്ച് പണം നല്‍കാനുള്ള സംവിധാനങ്ങള്‍ കൊണ്ടു വരും. ഇത് സൌരവൈദ്യുതിയെ നിര്‍ബന്ധമായും ആശ്രയിക്കേണ്ടി വരുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനമാകും.
- രണ്ടോ മൂന്നോ സൌരതാപവൈദ്യുത നിലയങ്ങളും ഇന്ത്യയില്‍ ആരംഭിക്കും. പാര്യമ്പരഊര്‍ജ്ജവും സൌരോര്‍ജ്ജവും ഒരേപോലെ ഉപയോഗിക്കുന്ന ഹൈബ്രിഡ് താപനിലയങ്ങളും പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കും. 50 MW മുതല്‍ 200 MW വരെ വരുന്ന നിലയങ്ങളാണ് ഇത്തരത്തില്‍ നിര്‍മ്മിക്കുക.
- ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പൈലറ്റ് പ്രോജക്റ്റുകളും ആരംഭിക്കും. വികേന്ദ്രീകൃത സൌരോര്‍ജ്ജ ഉത്പാദനത്തിനാണ് ഇത്തരം പൈലറ്റ് പ്രൊജക്റ്റുകള്‍ തുടങ്ങുക. ഇതിന് വികസിപ്പിച്ചായിരിക്കും അവസാനഘട്ടം പൂര്‍ത്തിയാക്കുന്നത്.
- ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇതിന്റെ സാധ്യതകള്‍ പഠിക്കാനായും ഇതേ രീതിയില്‍ പൈലറ്റ് പ്രൊജക്റ്റുകള്‍ ആസൂത്രണം ചെയ്യും. ചെറിയ ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ മൈക്രോഡ്രിഡ് സംവിധാനം വഴിയാണ് എല്ലാ സ്ഥാപനങ്ങളേയും വീടുകളേയും വൈദ്യുതീകരിക്കുക.
- 25KW മുതല്‍ 5MW വരെ ശേഷിയുള്ള ചെറിയ സൌരനിലയങ്ങള്‍ ഗ്രാമങ്ങളില്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇവിടെ നിലവിലുള്ള ഗ്രിഡുമായിട്ടായിരിക്കും ഇത് ബന്ധപ്പെടുത്തുക.
- മൈക്രോഫിനാന്‍സ് വഴിയും മറ്റും മുപ്പത് ലക്ഷം ഭവനങ്ങളെ സൌരവൈദ്യുതീകരിക്കാനുള്ള ശ്രമങ്ങളും നടത്തും. 2012 ന് ഉള്ളില്‍ ഇത് പൂര്‍ത്തീകരിക്കുകയും ചെയ്യും. സൌരറാന്തലുകള്‍ വിതരണം ചെയ്യുന്നതിനായി 1200 കോടി രൂപ സര്‍ക്കാര്‍ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്.
- സാധ്യമായ എല്ലാ സ്ഥലങ്ങളിലും സൌരജല താപിനികള്‍ വിന്യസിക്കാനും പദ്ധതിയുണ്ട്.
- സൌരസാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കായി അതിനു വേണ്ടി മാത്രമുള്ള സോളാര്‍ ടെക്നോളജി പാര്‍ക്കുകകള്‍ തുടങ്ങണം. ഇവിടെ സോളാര്‍ സാങ്കേതികതയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കണം.
രണ്ടാം ഘട്ടം
(2012 - 2017)
6 മുതല്‍ 7GW വരെ ഉത്പാദനം
(2012 - 2017)
6 മുതല്‍ 7GW വരെ ഉത്പാദനം
- സൌരോര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി ഗ്രിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും
- ഒന്നാം ഘട്ടത്തില്‍ നടന്ന പൈലറ്റ് പ്രൊജക്റ്റുകളെ വികസിപ്പിക്കും
- സൌരതാപനിലയങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കും
- ആധുനിക സൌരോര്‍ജ്ജ സാങ്കേതികവിദ്യകളെ കൂടുതല്‍ വികസിപ്പിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യും
- സൌരവിളക്കുകളും സൌരതാപിനികളും വന്‍തോതില്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാനും പ്രോത്സാഹനം നല്‍കും. അതിന്റെ സബ്സിഡികള്‍ ഈ ഘട്ടത്തില്‍ എടുത്തു കളയും. എന്നാല്‍ മൈക്രോഫൈനാന്‍സ് തുടരുകയും ചെയ്യും.
മൂന്നാം ഘട്ടം
(2017 - 2020)
20GW ഉത്പാദനശേഷി
(2017 - 2020)
20GW ഉത്പാദനശേഷി
എല്ലാ പ്രവര്‍ത്തനങ്ങളേയും വന്‍തോതിലും ദ്രുതഗതിയിലും വികസിപ്പിക്കും. സബ്സിഡികള്‍ പൂര്‍ണ്ണയോ എതാണ്ട് പൂര്‍ണ്ണമായോ എടുത്തു കളയുകയും ചെയ്യും.
- നിലവിലെ ഗ്രിഡ് സംവിധാനങ്ങള്‍ക്കനുസൃതമായി സൌരവൈദ്യുതിയുടെ താരിഫ് എത്തിക്കുക
- ഊര്‍ജ്ജം സംഭരിച്ചു വയ്ക്കാനുള്ള സാങ്കേതികവിദ്യകള്‍ വ്യവസായികവത്കരിക്കും
- സൌരസെല്ലുകളുടേയും സൌരതാപിനികളുടേയും സാങ്കേതികവിദ്യകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും വ്യവസായവത്കരിക്കുകയും ചെയ്യും.
- 3KW ശേഷിയുള്ള പത്തുലക്ഷം മേല്‍ക്കൂര സൌരപാനല്‍ സംവിധാനങ്ങള്‍
സാമ്പത്തികം
സാമ്പത്തികമായ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ചാല്‍ മാത്രമേ ഈ പദ്ധതിക്ക് നിലനില്‍പ്പുണ്ടാവുകയുള്ളൂ. സൌരോര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്ക് പത്തുവര്‍ഷത്തെ നികുതിയില്ലാ കാലയളവ് നല്‍കേണ്ടി വരും. കംസ്റ്റംസ് തീരുവകളും മറ്റു ഇത്തരം സാങ്കേതികവിദ്യാ ഉപകരണങ്ങള്‍ക്ക് ഒഴിവാക്കേണ്ടി വരും. ഐ.ടി രംഗത്ത് നിലവില്‍ ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 50% ത്തിലധികം സബ്സിഡി പല ആവശ്യങ്ങള്‍ക്കും നല്‍കേണ്ടി വരും.85000 മുതല്‍ 105000 കോടി വരെ തുകയാണ് അടുത്ത മുപ്പത് വര്‍ഷത്തേക്ക് പദ്ധതി ചിലവായി വേണ്ടി വരുന്നത്. ഇതില്‍ 5000 മുതല്‍ 6000 കോടി രൂപ വരെ ആദ്യഘട്ടത്തില്‍ ചിലവാകും. (2012 വരെ). 12000 മുതല്‍ 15000 കോടി രൂപവരെ അടുത്ത പഞ്ചവത്സരപദ്ധതിക്കാലത്ത് ചിലവ് പ്രതീക്ഷിക്കുന്നു. (2012- 2017)
ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കേണ്ടി വരുന്നത് മൂന്നാം ഘട്ടത്തിലുമാണ്. നിലവിലുള്ള പാര്യമ്പര ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് അവശ്യമായ സെസ്സുകള്‍ ചുമത്തി ഈ തുക കണ്ടെത്താനാകും എന്നാണ് കരട് നിര്‍ദ്ദേശത്തിലെ പ്രതീക്ഷ.
100 000 ത്തോളം തൊഴില്‍ അവസരങ്ങളും ഇതിനോടൊപ്പം ഉണ്ടാകും എന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ്.
പ്രധാനമന്ത്രിയും പാര്യമ്പരേതരഊര്‍ജ്ജമന്ത്രിയുമെല്ലാം ഇതിന് പിന്തുണ നല്കുന്നു എന്നത് അവരുടെ വാക്കുകളിലൂടെ വ്യക്താമാവുന്നുണ്ട്. എങ്കിലും ഇത്രയും തുക വരുന്ന ഒരു ബൃഹത് പദ്ധതിക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണ അംഗീകാരവും പിന്തുണയും ലഭിക്കേണ്ടതുണ്ട്. സൌരോര്‍ജ്ജമേഖലയില്‍ ലോകത്തെ ഏറ്റവും മികച്ച ശക്തിയായി മാറാന്‍ ഈ പദ്ധതി ഇന്ത്യയെ സഹായിക്കും. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ഇത്തരം ഒരു പദ്ധതി ഇല്ലാതാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഭാരതത്തിലെ ജനങ്ങള്‍ തന്നെയാണ്. നമ്മുടെ ഭൂമിയെ അടുത്ത തലമുറയ്കായിക്കൂടി നിലനിര്‍ത്താന്‍ ഈ പദ്ധതി സഹായിക്കും എന്നതില്‍ സംശയം വേണ്ട.
ദേശീയ സൌര ദൌത്യത്തിനപ്പുറം......
കരടു രേഖ വളരെ ശുഭപ്രതീക്ഷയാണഅ നമുക്ക് നല്‍കുന്നത്. എന്നാല്‍ സമഗ്രമായ ഊര്‍ജ്ജനയം എന്നൊന്ന് നമുക്ക് ആവശ്യമാണ്. ഊര്‍ജ്ജ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ തന്നെ കൂടുതല്‍ മികച്ച ദക്ഷതയുള്ള സാങ്കേതികവിദ്യകള്‍ നിലവില്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. ഉദാഹരണമായി 100W ഇന്‍കാന്‍ഡസന്റ് ബള്‍ബ് ഉപയോഗിച്ചിരുന്നിടത്ത് ഇന്ന് 20W സി.എഫ്.എല്‍ ഉം നാളെ 4W എല്‍.ഇ.ഡി.യും അതി വിദൂരമല്ലാത്ത ഭാവിയില്‍ 1W ഓര്‍ഗാനിക്ക് എല്‍.ഇ.ഡിയും സ്ഥാനം പിടിക്കും. അതായത് ശരിയായ ഉപയോഗത്തിലൂടെ തന്നെ മികച്ച ലാഭമുണ്ടാക്കാന്‍ നമുക്ക് കഴിയും. കമ്പ്യൂട്ടറുകള്‍ 250W പവ്വര്‍ എടുത്തിരുന്നിടത്തു നിന്നും ഇപ്പോള്‍ 80W ലേക്ക് മാറിയിരിക്കുന്നു. ഇത്തരം സാങ്കേതികവിദ്യകളിലെ മാറ്റം വന്‍ ഊര്‍ജ്ജലാഭമാണ് നമുക്ക് ഉണ്ടാക്കിത്തരുന്നത്. അതു കൊണ്ടു തന്നെ ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ വികസനവും ഇതേ കരടുരേഖയില്‍ വരേണ്ടതായിരുന്നു. ദേശീയ ഊര്‍ജ്ജ നയം ഇതിനനുസൃതമായി വേണം രൂപപ്പെടുത്തേണ്ടത്.
ഇന്നത്തെ പെട്രോളിയം വാഹനങ്ങള്‍ക്ക് പകരം വൈദ്യുതവാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. 15% ദക്ഷതയില്‍ നിന്നും 85% ദക്ഷതയിലേക്കുള്ള മാറ്റമായിരിക്കുമത്. ഊര്‍ജ്ജ സംഭരണികളായ ബാറ്ററി സാങ്കേതികവിദ്യയിലും മാറ്റങ്ങള്‍ നടക്കുന്നു. അത്തരം ഗവേഷണങ്ങളും നമുക്ക് അവശ്യമാണ്. ഊര്‍ജ്ജം സംഭരിക്കാനുള്ള സൂപ്പര്‍കപ്പാസിറ്റര്‍ മുതല്‍ ഫ്ലൈവീല്‍ സാങ്കേതികതകള്‍ വരെ വികസിച്ചു വരുന്നു. ഇത്തരം സാങ്കേതിവിദ്യകളുടെ ഗവേഷണങ്ങളും നമുക്കാവശ്യമാണ്. പൊതു ഗതാഗതസംവിധാനത്തെ ശക്തിപ്പെടുത്താനും നടപടികള്‍ ഉണ്ടാകണം. കൂടുതല്‍ റെയില്‍വേ സംവിധാനങ്ങള്‍ നടപ്പിലാക്കേണ്ടതുമുണ്ട്. ഇതും ഊര്‍ജ്ജലാഭത്തിന് വഴിതെളിക്കുന്നവയാണ്. ഗ്രീന്‍ ക്യാമ്പസ്സുകള്‍ക്ക് പ്രോത്സാഹനം നല്‍കണം. വിവരസാങ്കേതികവിദ്യരംഗത്താണ് ഇത്തരം കാമ്പസ്സുകള്‍ കൂടുതലായുള്ളത്. അവരുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ എല്ലാം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി സോളാര്‍ സാങ്കേതികവിദ്യയില്‍ നിന്നു തന്നെ സ്വന്തം കാമ്പസ്സില്‍ ഉണ്ടാക്കാവുന്നതാണ്. വിവരസാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി അനാവശ്യയാത്രകള്‍ ഒഴിവാക്കാനുള്ള നടപടികളും ഫലത്തില്‍ ഊര്‍ജ്ജ സുരക്ഷയിലേക്കായിരിക്കും നയിക്കുക. സൌരസാങ്കേതികവിദ്യക്കൊപ്പം കാറ്റ്, ബയോമാസ്സ്, തിരമാല തുടങ്ങിയവയും പ്രയോജനപ്പെടുത്താനുള്ള നടപടികള്‍ ശക്തിപ്പെടുത്തണം. കന്നുകാലി ഫാമുകള്‍ക്ക് ബയോഗ്യാസ് ഉപയോഗിച്ചുള്ള വൈദ്യുതി സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കുക തുടങ്ങിയവയും പ്രയോജനം ചെയ്യും.
ട്രയിനുകള്‍ക്ക് മുകളില്‍ സൌളാര്‍പാനലുകള്‍ വിരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായാല്‍ ആ വഴിയും ഊര്‍ജ്ജോത്പാദനം സാധ്യമാണ്. ഗ്രിഡില്‍ നിന്നും റെയില്‍വേ എടുക്കുന്ന വൈദ്യുതിക്ക് കുറവുണ്ടാക്കാന്‍ ഇതു വഴി സാധിക്കും. പ്രേഷണനഷ്ടവും ഇത്തരത്തില്‍ കുറയ്ക്കാന്‍ കഴിയും. റെയില്‍വേയെ സംബന്ധിച്ചിടത്തോളം പരീക്ഷണാര്‍ത്ഥം ഇത്തരം ഒരു ട്രയിന്‍ നിര്‍മ്മിക്കുക എന്നത് സാധ്യമാണ്. ദേശീയ സൌര ദൌത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താവുന്നതാണ്. ഇതു പോലെ തന്നെ സൌരബോട്ടുകളും പ്രചാരത്തില്‍ വരുത്താന്‍ കഴിയും. ഹൌസ് ബോട്ടുകള്‍ക്ക് ഹരിതടൂറിസം പദ്ധതിയുടെ ഭാഗമായും സൌരസെല്ലുകള്‍ ഉപയോഗിച്ചുള്ള വൈദ്യുതീകരണം നിര്‍ബന്ധം ആകാവുന്നതാണ്.
നാനോ സോളാര്‍ പോലുള്ള കമ്പനികള്‍ ഇപ്പോള്‍ തന്നെ 1W/$ എന്ന സ്വപ്നതുല്യമായ നേട്ടം കൈവരിച്ചു കഴിഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഓര്‍ഡറുകള്‍ക്കനുസരിച്ചുള്ള ഉത്പാദനശേഷി ഇല്ല എന്നാണ് പറയുന്നത്. ഇത്തരം കമ്പനികളെ ഇന്ത്യയിലേക്ക് പ്ലാന്റുകള്‍ തുടങ്ങാന്‍ ക്ഷണിക്കാവുന്നതാണ്. കൂടുതല്‍ ചിലവ് കുറച്ച് സൌരസെല്ലുകള്‍ ലഭ്യമാക്കാന്‍ ചിലപ്പോള്‍ ഇത് വഴി തെളിച്ചേക്കാം.
അവലംബം
http://www.timesonline.co.uk/tol/news/world/asia/article6736726.ece
http://in.reuters.com/article/topNews/idINIndia-41367320090728
http://www.indiaenvironmentportal.org.in/files/national-solar-plan.pdf
http://ub-news.com/news/india%E2%80%99s-solar-power-will-generate-20gw-electricity/3812.html
Comments
Post a Comment
ശാസ്ത്രം
സ്വാതന്ത്ര്യത്തിന്റെ ഹരിതകമായി സൌരോര്‍ജ്ജം
നാം ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി സൂര്യനെ ആശ്രയിക്കാന്‍ തുടങ്ങിയതിന്റെ ചരിത്രം മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നിടത്തു തന്നെ തുടങ്ങിയതാണ്. ഭക്ഷ്യപദാര്‍ത്ഥങ്ങളും ഇന്ധനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിറകുമെല്ലാം ഉണക്കാനായി സൂര്യപ്രകാശത്തെയായിരുന്നു നാം ആശ്രയിച്ചിരുന്നത്. ഇന്ന് ആ ഉപയോഗങ്ങള്‍ക്കപ്പുറം ചിന്തിക്കാനും പ്രവൃത്തിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ നിരവധി പരിമിതികള്‍ ഇന്നത്തെ ഉപയോഗരീതികളില്‍ നമുക്ക് കാണാം. ചൂടുവെള്ളം നിര്‍മ്മിക്കാനാണ് കൂടുതലായും ഇന്ന് സൌരോര്‍ജ്ജത്തെ പ്രയോജനപ്പെടുത്തുന്നത്. മികച്ച സൌരജലതാപിനികളിലൂടെ 50 മുതല്‍ 90 ഡിഗ്രി വരെ ചൂടുള്ള ജലം ലഭ്യമാക്കാന്‍ ഇന്ന് സാധിക്കുന്നു. ഹോട്ടലുകളും ആശുപത്രികളും ചില വീടുകളും മറ്റും ഇത് പ്രയോജനപ്പെടുത്തുന്നുമുണ്ട്. സൌരോര്‍ജ്ജത്തില്‍ നിന്നും നേരിട്ട് വൈദ്യുതി ലഭ്യമാക്കുന്ന ഫോട്ടോ വോള്‍ട്ടായിക്ക് രീതികള്‍ ചെറിയ ആവശ്യങ്ങള്‍ക്കായി മാത്രമാണ് നാം ഇന്ന് ഉപയോഗിക്കുന്നത്. കാല്‍ക്കുലേറ്ററുകള്‍, എമര്‍ജന്‍സി വിളക്കുകള്‍ എന്നിവയിലാണ് സാധാരണക്കാര്‍ സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്നത്. വഴിവിളക്കുകള്‍ക്കും ഇന്ന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ് സൌരോര്‍ജ്ജ വൈദ്യുതിയെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച മേഖല.
സന്തോഷം നല്കുന്ന ഒരു വാര്‍ത്ത
ഇന്ത്യ 2020 ഓടെ 20GW വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്നും ഉത്പാദിപ്പിക്കാനുള്ള പ്രൊജക്റ്റുമായി മുന്നോട്ടു പോകുന്നു എന്ന് ഈ വാര്‍ത്ത വ്യക്തമാക്കുന്നു. 2030 ഓടെ 100GW ഉം 2050 ഓടെ 200GW ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. വാര്‍ത്ത ശരിയാകട്ടെ എന്ന് നമുക്ക് വിശ്വസിക്കാം.
സൌരവൈദ്യുതി പരിമിതികളും ശുഭസൂചനകളും
സോളാര്‍ പാനലുകള്‍ ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മ്മാണം ലളിതമായ ഒന്നാണ്. നിലവില്‍ അതിനുള്ള പോരായ്മ ഉയര്‍ന്ന ചിലവും ദക്ഷതയിലെ(Efficiency) കുറവുമാണ്. 1W വൈദ്യുതിക്കുള്ള ഒരു സോളാര്‍ പാനലിന് ഇന്ന് 200 രൂപയോളം ചിലവാകും. എന്നാല്‍ നാനോ സോളാര്‍ (nanosolar.com)എന്ന കമ്പനി ഇത് 1$ ലേക്ക് (Rs.45) കുറച്ചിട്ടുണ്ട്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള എല്ലാ ഓര്‍ഡറുകളും ലഭിച്ചു കഴിഞ്ഞു എന്നും ഇപ്പോഴും നിരവധി ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട് എന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. 25 വര്‍ഷത്തെ ഗ്യാരണ്ടിയും അവര്‍ ഉറപ്പു നല്കുന്നു. ഇന്ത്യയിലും നിരവധി ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. thin film സാങ്കേതികതയിലും മറ്റും ഗവേഷണം നടത്തുന്നവരുടെ ഗലേഷണങ്ങള് ഈ വഴിക്ക് തിരിച്ചു വിട്ടാല്‍ കൂടുതല്‍ ദക്ഷതയും ചിലവ് കുറവും ആയ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുക തന്നെ ചെയ്യും.
ബാറ്ററി വേണ്ടാത്ത സോളാര്‍ സംവിധാനം
സോളാര്‍ പാനലുകളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയെ ബാറ്ററികളില്‍ ശേഖരിച്ചു വച്ചിട്ടാണ് നാം ഇന്ന് ഉപയോഗിക്കുന്നത്. ഇത് ചിലവ് വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. സൌരവൈദ്യുതിയെ ബാറ്ററികളില്‍ ശേഖരിച്ചു വയ്ക്കാതെ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഈ ചിലവ് കുറയ്ക്കാന്‍ കഴിയും. ഗ്രിഡ് സിസ്റ്റമാണ് ഇതിനുള്ള പ്രതിവിധി. വീടിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ വീട്ടിലുള്ള ആവശ്യങ്ങള്‍ കഴിച്ച് ബാക്കിയുള്ളത് പൊതുവൈദ്യുതവിതരണ സംവിധാനത്തിലേക്ക് തിരിച്ചുവിടലാണ് ഗ്രിഡ് സംവിധാനത്തില്‍ ചെയ്യുന്നത്. ഇതിനു വേണ്ട ഇലക്ട്രിക്കല്‍ സംവിധാനം വീടുകളില്‍ എന്നുമാത്രം. പകല്‍ സമയത്ത് വീടുകളില്‍ വൈദ്യുത ആവശ്യങ്ങള്‍ വളരെ കുറവായിരിക്കും. വീടുകളില്‍ അധികമായി ഉത്പാദിപ്പിക്കുന്ന സൌരവൈദ്യുതി ഗ്രിഡ് സംവിധാനത്തിലൂടെ വ്യവസായങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കാന്‍ സാധിക്കും. അതിലും അധികമായി വൈദ്യുതി ഉണ്ടായാല്‍ വൈദ്യുതി ഉത്പാദിപ്പിച്ചു കഴിഞ്ഞ ജലം തിരിച്ച് ജലസംഭരണികളിലേക്ക് പമ്പുചെയ്യാനും ഉപയോഗിക്കാം. 30% ത്തോളം ഊര്‍ജ്ജം ഇത്തരത്തില്‍ ശേഖരിച്ചു വയ്ക്കാന്‍ സാധിക്കും. രാത്രിയില്‍ ജലവൈദ്യുതപദ്ധതികളില്‍ നിന്നും ഉണ്ടാക്കുന്ന വൈദ്യുതി ഇതേ പൊതുവിതരണ സംവിധാനത്തിലൂടെ നമുക്ക് ഉപയോഗിക്കാം. വൈദ്യുതി ഉപഭോഗം അളക്കുന്ന മീറ്ററുകള്‍ രണ്ടു ദിശയിലും കറങ്ങുന്നവയാണ് വീടുകളില്‍ ഉപയോഗിക്കേണ്ടി വരുന്നത്. അതായത് പകല്‍ സമയത്ത് ഗ്രിഡിലേക്ക് നല്കുന്ന വൈദ്യുതിക്ക് വീട്ടുകാര്‍ക്ക് പണം ലഭിക്കും. തിരിച്ച് രാത്രി ഉപയോഗിക്കുന്നതിന് വീട്ടുകാര്‍ പണം നല്‍കുകയും വേണം. സാധാരണ വീടുകളെ സംബന്ധിച്ചിടത്തോളം മിക്കവാറും പണം തിരിച്ചു ലഭിക്കാനായിരിക്കും ഇവിടെ സാധ്യത കൂടുതല്‍.
ഗ്രിഡ് സംവിധാനം - സാധ്യതകള്‍
ഒന്നോ രണ്ടോ വീട്ടുകാര്‍ക്ക് മാത്രമായി ഇത്തരം സംവിധാനം ഒരുക്കുക എളുപ്പമല്ല. എന്നാല്‍ ഒരു ഗ്രാമത്തിലെ എല്ലാ വീടുകള്‍ക്ക് മുകളിലും സോളാര്‍പാനലുകള്‍ ഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഗ്രിഡ് സംവിധാനം വളരെ മികച്ച നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഒരു കിലോവാട്ട് സൌരപാനലുകള്‍ക്ക് പഴയ നിലയില്‍ രണ്ടുലക്ഷത്തോളം രൂപ ചിലവുവരും. എന്നാല്‍ നാനോസോളാര്‍ നിര്‍മ്മിക്കുന്ന പാനലുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അന്‍പതിനായിരം രൂപമാത്രമേ ചിലവ് വരൂ. ഒരു കിലോവാട്ടിന്റെ സൌരപാനലില് നിന്നും നല്ല വെയിലുള്ള ദിവസങ്ങളില്‍ ഏഴു യൂണിറ്റ് വൈദ്യുതിയും വെയില് കുറഞ്ഞ ദിവസങ്ങളില്‍ നാല് യൂണിറ്റ് വൈദ്യുതി വരെയും ഉണ്ടാക്കുവാന്‍ കഴിയും. സാധാരണ ഒരു കുടുംബത്തിന്റ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഇന്ന് പരമാവധി മൂന്ന് യൂണിറ്റ് വൈദ്യുതിയില്‍ ഒതുക്കാവുന്നതാണ്. അതായത് വീടുകളില്‍ ചെറിയ ഒരു വരുമാന മാര്‍ഗ്ഗമായി തന്നെ ഇതിനെ പ്രയോജനപ്പെടുത്താനും കഴിയും. സര്‍ക്കാര്‍ സബ്സിഡികള്‍ നല്കുകയാണെങ്കില് 25000 രൂപക്ക് ഒരു കിലോവാട്ടിന്റെ സോളാര്‍ പാനല്‍ ലഭ്യമാക്കാന്‍ സാധിക്കും. മൂന്ന് യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏകദേശം 200 രൂപ ഒരു മാസം നല്‍കേണ്ടി വരും. അതായത് ഈയിനത്തില്‍ തന്നെ പത്തുവര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരിച്ച് ലഭിക്കും എന്നു പറയാം. അധികമായി ലഭിക്കുന്ന വരുമാനം വേറെയും. ഇത്തരം ഗ്രിഡ് സംവിധാനങ്ങളാണ് കൂടുതല്‍ മികച്ച സൌരവൈദ്യുത പദ്ധതികള്‍. കാരണം. സൌരപാനലുകള്‍ സ്ഥാപിക്കാനായി അധികമായി സ്ഥലം കണ്ടെത്തേണ്ടതില്ല എന്നതു തന്നെ.
ഗ്രിഡ് സംവിധാനവും കേരളവും
ഗ്രിഡ് സംവിധാനങ്ങള്‍ ഇന്ന് മാറ്റത്തിന്റെ വക്കിലാണ്. എല്ലാ ഇലകട്രിക്കല്‍ ഗ്രിഡ് സംവിധാനങ്ങളും ആധുനികവത്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കും ഗ്രിഡ് സംവിധാനങ്ങളില്‍ അധിഷ്ഠിതമായ സൌരവൈദ്യുതിയെപ്പറ്റി ആലോചിക്കാവുന്നതാണ്. സൌരവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിലും മികച്ചത് വീടുകളിലായി ചിതറിക്കിടക്കുന്ന സൌരപാനല്‍ സംവിധാനങ്ങള്‍ തന്നെയാണ്. കേരളത്തിനും ഈ വഴിക്ക് ചിന്തിക്കുന്നതില്‍ തെറ്റില്ല. ഗ്രിഡ് സംവിധാനങ്ങളെക്കുറിച്ചും ഇതിന്റെ പ്രായോഗികപ്രശ്നങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഒരു പൈലറ്റ് പ്രൊജക്റ്റ് ആരംഭിക്കാവുന്നതാണ്. കെ.എസ്.ഇ.ബിയുടെ ഏതെങ്കിലും സബ്സ്റ്റേഷന് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമം തിരഞ്ഞെടുത്ത് അവിടെ പരീക്ഷണാര്‍ത്ഥം ഇത് നടത്തിനോക്കാവുന്നതാണ്. ഒരു ഗ്രാമത്തിലെ തിരഞ്ഞെടുത്ത ഒരു നൂറ് വീടുകളില്‍ അവരുടെ സഹകരണത്തോടെ ഇത്തരം ഒരു പദ്ധതി ആലോചിക്കാന്‍ ബുദ്ധിമുട്ടില്ല. നിരവധി പ്രായോഗികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇത്തരം ഒരു പരീക്ഷണപദ്ധതി സഹായിക്കും. ആധുനികഗ്രിഡ് സംവിധാനങ്ങളും ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതി ശേഖരിക്കാനുള്ള സംവിധാനങ്ങളും എല്ലാം ഒരുക്കേണ്ടതുണ്ട്. ഒരു ചെറിയ സ്ഥലത്തായാല്‍ ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് അധികം ചിലവില്ലാതെ പഠിക്കാന്‍ സാധിക്കും. ഇന്ത്യയുടെ സോളാര്‍ മിഷന് പ്രൊജക്റ്റുമായി സഹകരിച്ചാല്‍ കെ.എസ്.ഇ.ബി ക്ക് ഇത് എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാവുന്നതേ ഉള്ളൂ.
ഭൂമിയിലെ ഒരു ചതുരശ്രമീറ്ററില്‍ ഒരു കിലോവാട്ടോളം സൌരോര്‍ജ്ജമാണ് പതിച്ചു കൊണ്ടിരിക്കുന്നത്. ഈ അക്ഷയ ഊര്‍ജ്ജത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കുക തന്നെ വേണം. ഭാവിയിലെ ഊര്‍ജ്ജ സ്രോതസ്സായി മാറുക സൌരോര്‍ജ്ജം തന്നെ ആണ്. പാരിസ്ഥിതികപ്രശ്നങ്ങള്‍ ഏതാണ്ട് ഇല്ല എന്നു തന്നെ പറയാവുന്നവയാണ് സൌരസാങ്കേതികവിദ്യകള്. മലിനീകരണം ഉണ്ടാകും എന്ന് ഉറപ്പുള്ള ഇന്നത്തെ സൌരസാങ്കേതിക സംവിധാനങ്ങളേക്കാള്‍ കൂടുതല്‍ മൊത്തം ചിലവ് ( മലിനീകരണനിയന്ത്രണവും നടത്തിപ്പും ഉള്‍പ്പടെ )വരുന്ന ആണവസംവിധാനങ്ങള്ക്കായാണ് നാം പണം മുടക്കുന്നത്. സര്‍ക്കാരും ജനങ്ങളും സ്വാതന്ത്ര്യത്തിന്റെ ഊര്‍ജ്ജമായ ഹരിതഊര്ജ്ജത്തെക്കുറിച്ച് ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്താല്‍ മാത്രമേ അടുത്ത തലമുറകള്‍ക്കും വാസയോഗ്യമായി ഈ ഭൂമി ഇതേ പോലെ നിലനില്ക്കുകയുള്ളൂ.

ഹോ ഇതെങ്ങാനും ഭൂമിയില്‍ വീണായിരുന്നെങ്കില്‍....പിന്നെ...
ഭൂമിക്കടുത്തു കൂടെ കടന്നു പോയ ഛിന്നഗ്രഹത്തിന് രണ്ട് ഉപഗ്രഹങ്ങള്‍...
കഴിഞ്ഞ ജൂണ്‍ 10 ന് ആണ് ഭൂമിയില്‍ നിന്നും 25 ലക്ഷം കിലോമീറ്റര്‍ മാത്രം അകലെയായി ഒരു ഛിന്നഗ്രഹം കടന്നു പോയത്. ഭൂസമീപക ഛിന്നഗ്രഹങ്ങളില്‍ ഒന്നായ 1994 CC ആയിരുന്നു ഇത്. 700 മീറ്റര്‍ മാത്രമാണ് ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം. അതായത് ഏതാണ്ട് ഒരു മുക്കാല്‍ കിലോമീറ്റര്‍ മാത്രം. ഇത്തരം ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുക കൂടുതല്‍ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നിരുന്നാലും ശാസ്ത്രജ്ഞര്‍ ഇതിനേയും വെറുതെ വിട്ടില്ല.
(2009 ജൂണ്‍ 12 നും ജൂണ്‍ 14 നും നാസയുടെ ഗോള്‍ഡ് സ്റ്റോണ്‍ സോളാര്‍ സിസ്റ്റം എടുത്ത 1994 CC യുടെ റഡാര്‍ ചിത്രങ്ങള്‍. ഉപഗ്രഹങ്ങള്‍ അമ്പ് ചിഹ്നത്താല്‍ സൂചിപ്പിച്ചിരിക്കുന്നു)
അപൂര്‍വ്വമായൊരു പ്രത്യേകതയാണ് അവര്‍ ഇതിന് കണ്ടെത്തിയത്. ഒരു കിലോമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിനും രണ്ട് ഉപഗ്രഹങ്ങള്‍!
50 മീറ്ററോളം മാത്രം വ്യാസം വരുന്ന രണ്ട് വസ്തുക്കളാണ് ഈ ഛിന്നഗ്രഹത്തെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. ജൂണ്‍ 10 ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടി കടന്നു പോകുന്നതിനു മുന്‍പ് വളരെ കുറച്ചു മാത്രമേ ഈ ഛിന്നഗ്രഹത്തെക്കുറിച്ച് നമുക്കറിവുണ്ടായിരുന്നുള്ളൂ. നാസയുടെ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരായ Marina Brozovic ഉം Lance Benner ഉം ആണ് ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചത്. നാസയുടെ ഗോള്‍ഡ് സ്റ്റോണ്‍ സോളാര്‍ സിസ്റ്റം റഡാറും അമേരിക്കയിലെ പ്യൂര്‍ട്ടോ റിക്കോയിലെ പ്രശസ്തമായ ആരസിബോ റേഡിയോ ടെലിസ്കോപ്പും നടത്തിയ നിരീക്ഷണങ്ങളുടെ ബലത്തിലായിരുന്നു പഠനം.

(ഛിന്നഗ്രത്തിന്റെ റഡാര്‍ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തു വച്ച് ആനിമേഷന്‍. സൂക്ഷിച്ച് നോക്കിയാല്‍ ഉപഗ്രഹങ്ങളെ ഇടക്ക് കാണാം. ചിത്രത്തില്‍ ഞെക്കിയാല്‍ വലിയ ചിത്രം ലഭിക്കും. അതില്‍ കുറച്ചു കൂടി വ്യക്തമായി കാണാം)
ഇനി ഈ ഛിന്നഗ്രഹം ഭൂമിയെ സമീപിക്കുന്നത് 2074 ല്‍ മാത്രമായിരിക്കും.
ഏതാണ്ട് നൂറോളം ഭൂസമീപക ഛിന്നഗ്രഹങ്ങളെ നാം കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഇതുവരെ മൂന്നുവസ്തുക്കളുടെ വ്യൂഹമായി കണ്ടെത്തിയ ഛിന്നഗ്രഹങ്ങള്‍ വെറും രണ്ടെണ്ണം മാത്രമാണ്. 2001 SN263 എന്ന ഛിന്നഗ്രഹമാണ് ഇതിനു മുന്‍പ് ഇത്തരത്തില്‍ കണ്ടെത്തിയ മറ്റൊരു വസ്തു. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതും ആരസിബോ ടെലിസ്കോപ്പ് ഉപയോഗിച്ചാണ്. രണ്ടു കിലോമീറ്റര്‍ വലിപ്പമുണ്ടായിരുന്ന ആ വസ്തുവിന് ഒരു കിലോമീറ്ററും 400 മീറ്ററും വലിപ്പമുള്ള രണ്ട് സഹഛിന്നഗ്രഹങ്ങളായിരുന്ന കൂട്ട്. ഇവ പരസ്പരം ചുറ്റിക്കറങ്ങുകയായിരുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 1994 CC യുടെ ഉപഗ്രഹങ്ങള്‍ക്ക് പക്ഷേ അതിനേക്കാളൊക്കെ വലിപ്പം കുറവാണ്.
ഭൂമിക്കടുത്തു കൂടെ കടന്നു പോകുന്ന ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം വളരെ പ്രാധ്യാന്യമര്‍ഹിക്കുന്നവയാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് ഭൂമിക്ക് വളരെ അടുത്തു കൂടെ കടന്നു പോകുന്നത് പ്രവചിക്കാനാവാത്രത്ത പ്രതിഭാസങ്ങള്‍ക്ക് കാരണമായേക്കാം. ഇത്തരത്തില്‍ ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചതിന്റെ ഫലമായിട്ടാണ് ഡൈനോസോര്‍ വര്‍ഗ്ഗത്തില്‍ പെട്ട ജീവികള്‍ ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടത് എന്നു കരുതുന്നു.
അവലംബം
http://www.jpl.nasa.gov/news/features.cfm?feature=2259
http://ssd.jpl.nasa.gov/sbdb.cgi?sstr=2001+SN263
http://www.astrobio.net/index.php?option=com_news&task=detail&id=2625
http://deepspace.jpl.nasa.gov/technology/95_20/gold.htm
ഓ.ടോ
ഇവയെ ഉപഗ്രഹങ്ങള്‍ എന്നു വിളിച്ചാല്‍ അര്‍ത്ഥം അത്ര ശരിയാകില്ല. വല്ല ഉപഛിന്നഗ്രഹമെന്നോ മറ്റോ വിളിക്കേണ്ടി വരും....
Comments
Post a Comment
സാമൂഹികം
എയിഡഡ് അധ്യാപരുടെ സര്‍ക്കാര്‍ പ്രൊട്ടക്ഷന്‍ എടുത്ത് കളയുക
സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളിലെ തലയെണ്ണല്‍ കഴിഞ്ഞപ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി കാണുന്നു. ഇത് മൂലം നിരവധി അധ്യാപകരുടെ ജോലി നഷ്ടപ്പെടും എന്നും പറയുന്നു. അതിന് പകരമായി പ്രൊട്ടക്ഷന്‍ അഥവാ ജോലിസംരക്ഷണം അനുവദിക്കണം എന്നാണ് പറയുന്നത്. സര്‍ക്കാര്‍ ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്നും പറയുന്നു. ഇവിടെ ആര്‍ക്കാണ് ജോലി പോവുന്നത് എന്നു കൂടി നോക്കുക. സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാരെ സംരക്ഷിക്കുക എന്നതില്‍ ഒരു ന്യായമുണ്ട്. പക്ഷേ എയിഡഡ് സ്കൂള്‍ ജീവനക്കാരെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറ്റി സംരക്ഷിക്കണം എന്നു പറയുന്നതില്‍ എന്ത് ന്യായമാണുള്ളത് ?.
സര്‍ക്കാര്‍ ജീവനക്കാര്‍ പി.എസ്.സി വഴി സര്‍ക്കാര്‍ നിയമിച്ചവരാണ്. എന്നാല്‍ ഒന്നരലക്ഷത്തോളം വരുന്ന എയിഡഡ് ജീവനക്കാരെ നിയമിച്ചത് സര്‍ക്കാരല്ല എന്നോര്‍ക്കണം. അവരെ നിയമിക്കാനുള്ള അവകാശം മുഴുവന്‍ മാനേജര്‍മാര്‍ കൈയ്യടക്കി വച്ചിരിക്കുകയാണ്. ഓരോ നിയമനത്തിനും അവര്‍ വാങ്ങുന്ന കോഴക്ക് കയ്യും കണക്കുമില്ല എന്നത് പരസ്യമായ രഹസ്യമാണ്. പത്തുലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ നീളുകയാണ് ഈ കൈക്കൂലി.
ഇനി എയിഡഡ് സ്കൂളില്‍ കുട്ടികള്‍ കുറയാനെന്താണ് കാരണം? അതേ മാനേജ്മെന്റുകള്‍ നടത്തുന്ന അണ്-എയിഡഡ് സ്ഥാപനങ്ങളല്ലേ? കോഴമേടിച്ച് അധ്യാപകരെ നിയമിച്ചാല്‍ പിന്നെ അവരുടെ ജോലിയുടെ ഉത്തരവാദിത്വം മുഴുവന്‍ അധ്യാപകര്‍ തന്നെ വഹിക്കണം. എയിഡഡ് സ്കൂളിനോട് ചേര്‍ന്നു തന്നെ അണ്-എയിഡഡ് സ്കൂളും തുടങ്ങി അതില്‍ നിന്നും പണം കൊയ്യാനുള്ള ശ്രമത്തിനിടയില്‍ കുട്ടികള്‍ കുറയുന്നത് തൊട്ടടുത്തുള്ള എയിഡഡ് സ്ഥാപനങ്ങളിലാണ്. ഫലമോ വേണ്ടത്ര കുട്ടികളില്ലാതെ അധ്യാപകരും അനധ്യാപകരും പെരുവഴിയിലും.
ഇങ്ങിനെ പെരുവഴിയിലാവുന്ന ജീവനക്കാരെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ മാറ്റി നിയമിച്ച് സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ സകല അധ്യാപക സംഘടനകളും ഇറങ്ങിയിരിക്കുന്നത്. 2000 ത്തിലധികം പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടമാവുമത്രേ. അവരെ സര്‍ക്കാര്‍ മേഖലയിലേക്ക് എടുക്കുക എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം പി.എസ്.സി വഴി ജോലി കിട്ടുമായിരുന്ന 2000 ത്തോളം പേര്‍ക്ക് ജോലി നഷ്ടമായി എന്നാണ്. ഇവരെ നിയമിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയായിരുന്നെങ്കില്‍ ഇങ്ങിനെ സംരക്ഷിക്കുന്നതില്‍ യാതൊരു തടസ്സവും ഇല്ലായിരുന്നു. എന്നാല്‍ നിയമനം മാനേജരും ശമ്പളം സര്‍ക്കാരും എന്ന സ്ഥിതി തുടരുന്നിടത്തോളം ഇത്തരം പ്രൊട്ടക്ഷന്‍ യാതൊരു കാരണവശാലും അനുവദിച്ചു കൂട. അവരെ വേണമെങ്കില്‍ എയിഡഡ് സ്ഥാപനങ്ങളില്‍ തന്നെ മാറ്റി നിയമിക്കാം. പക്ഷേ അതിനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാവുമോ?
സര്‍ക്കാര്‍ വീണ്ടും കെ.എസ്.ടി.പി ജോലിക്കായി ലോകബാങ്കില്‍ നിന്നും 1356 കോടി രൂപ കടമെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എയിഡഡ് സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ക്കായി വാങ്ങുന്ന കോഴ കൂട്ടിനോക്കിയാല്‍ ഇതിന്റെ പത്തിരട്ടിയിലധികം വരും എന്ന് തിരിച്ചറിയുക. യാതൊരു കാരണവശാലും എയിഡഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മേഖലയിലേക്ക് ഇനി പ്രൊട്ടക്ഷന്‍ നല്‍കരുത്.
1. എയിഡഡ് ജീവനക്കാരെ എയിഡഡ് മേഖലയില്‍ മാത്രം പുനര്‍വിന്യസിക്കുക
2. നിലവില്‍ പ്രൊട്ടക്ഷനില്‍ കഴിയുന്ന നിരവധി ജീവനക്കാര്‍ ഇപ്പോഴും സര്‍ക്കാര്‍ മേഖലയില്‍ ഉണ്ട്. ഇവരേയും ഉടന്‍ എയിഡഡ് മേഖലയിലേക്ക് തിരിച്ചയക്കണം.
3. നിലവില്‍ സര്‍ക്കാര്‍ അധ്യാപകരുടെ എണ്ണം 60000 ല്‍ താഴെ മാത്രമാണ്. അതേ സമയം എയിഡഡ് ജീവനക്കാരുടെ എണ്ണം ഒന്നരലക്ഷത്തോളം വരും. ഏതാണ്ട് മൂന്നിരട്ടിയോളം പേര്.
4. എയിഡഡുകാര്‍ക്ക് പ്രൊട്ടക്ഷന്‍ നല്കി യാതൊരു കാരണവശാലും സാധാരണക്കാര്‍ക്ക് കിട്ടേണ്ട ഈ സര്‍ക്കാര്‍ ജോലികള്‍ കൂടി വെള്ളത്തിലാക്കരുത്.
5. എയിഡഡ് മേഖലയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ മേഖലയിലേക്ക് പ്രൊട്ടക്ഷന്‍ നല്‍കുന്നത് പിച്ചപ്പാത്രത്തില്‍ കയ്യിട്ടുവാരുന്നതിന് തുല്യമാണ് എന്ന് മനസ്സിലാക്കുക
6. എത്രയും പെട്ടെന്ന് എയിഡഡ് സ്കൂള്‍-കോളേജ് നിയമനങ്ങള്‍ പരിപൂര്‍ണ്ണമായും പി.എസ്.സി വഴി മാത്രം നടത്തുക.
7. ഇതിനായി കഴിയുമെങ്കില്‍ കേന്ദ്രതലത്തില്‍ തന്നെ നിയമനിര്‍മ്മാണം നടത്തണം.
എയിഡഡ് നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം എന്ന മറ്റൊരു പോസ്റ്റ് ഇതിന് മുന്‍പ് കിഴക്കുനോക്കിയന്ത്രത്തില്‍ ഇട്ടിരുന്നു. അതു കൂടി ഇതോട് ചേര്‍ത്ത് വായിക്കുക

വ്യാഴത്തില്‍ വീണ്ടും ഒരു കൂട്ടിയിടി - ഷൂമാക്കര്‍ ലെവി പോലെ...
വ്യാഴത്തില്‍ മറ്റൊരു കൂട്ടിയിടി...
കഴിഞ്ഞ ജൂലായ് 19 ന് ആസ്ട്രേലിയയിലെ അമ്വച്വര്‍ ജ്യോതിശാസ്ത്രജ്ഞനായ ആന്റണി വെസ്ലി തന്റെ 14.4 ഇഞ്ച് ടെലിസ്കോപ്പ് ഉപയോഗിച്ച് വ്യാഴത്തെ നിരീക്ഷിക്കുന്നതിനിടയിലാണ് ഒരു കറുത്ത പൊട്ട് വ്യാഴത്തില്‍ ദൃശ്യമായത്. വ്യാഴത്തിന്റെ തെക്കേധ്രുവ്വത്തിലാണ് ഈ മാറ്റം ദൃശ്യമായത്. ആദ്യം ഒരു കൊടുങ്കാറ്റോ മറ്റോ ആയിരിക്കാം എന്നു കരുതിയിരുന്നെങ്കിലും പിന്നീട് അത് ഒരു കൂട്ടിയിടി മൂലം ഉണ്ടായ പാടാണ് എന്ന് തെളിഞ്ഞു. ഷൂമാക്കര്‍ ലെവി പണ്ട് വ്യാഴത്തില്‍ ഇടിച്ചിറങ്ങിയ ദൃശ്യങ്ങള്‍ മനസ്സിലുള്ളതിനാല്‍ ആന്റണിക്ക് ഇത് ഒരു കൂട്ടിയിടിയുടെ അടയാളമാണ് എന്ന് തിരിച്ചറിയാന്‍ അധികനേരം വേണ്ടി വന്നില്ല. മറ്റ് ജ്യോതിശാസ്ത്രജ്ഞരെ അദ്ദേഹം ഈ വിശേഷം അറിയച്ചതോടെ ലോകത്തെ മിക്ക ടെലിസ്കോപ്പുകളും വ്യാഴത്തിലേക്ക് തിരിഞ്ഞു.

(ആന്റണി വെസ്ലി കൂട്ടിയിടി കണ്ടെത്തിയ ചിത്രം. ചിത്രത്തിന് Anthony Wesley ട് കടപ്പാട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://jupiter.samba.org/jupiter-impact.html സന്ദര്‍ശിക്കുക)
ഏതാനും മീറ്ററുകള്‍ വ്യാസമുള്ള ഒരു വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ ആയിരിക്കാം ഇതെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. ഇത് ഭൂമിയിലാണ് ഇടിച്ചിരുന്നതെങ്കില്‍ വന്‍ നാശത്തിന് വഴി തെളിച്ചേനേ. കടലിലായിരുന്നു വീണതെങ്കില്‍ സുനാമികളുടെ ഒരു ശ്രംഗല തന്നെ ഉണ്ടാകുമായിരുന്നു എന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. പിറ്റേ ദിവസം ഹവായി, മൌന കിയയിലെ നാസയുടെ മൂന്ന് മീറ്റര്‍ ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണം ചൊവ്വയോളം വരുന്ന ഒരു മേഘത്തെ അവിടെ കണ്ടെത്തി. കൂട്ടിയിടിയുടെ അവശിഷ്ടങ്ങള്‍ ആണ് അന്തരീക്ഷത്തില്‍ ഇത്തരം ഒരു മേഘം ഉണ്ടാക്കിയത്. അന്തരീക്ഷത്തിന്റെ ഉപരിതലത്തില്‍ വച്ചു തന്നെ ഈ വസ്തു ചിതറിപ്പോയിട്ടുണ്ടാകും എന്നു കരുതുന്നു. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം ഈ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു.

(ഹബിള്‍ ടെലിസ്കോപ്പ് എടുത്ത ചിത്രം. ചിത്രത്തിന് നാസയോട് കടപ്പാട്. കൂടുതല്‍ മികച്ച ചിത്രത്തിന് ഇവിടെ പോവുക)
23 ന് ഹബിള്‍ ടെലിസ്കോപ്പും വ്യാഴത്തിന്റെ നേര്‍ക്ക് തന്റെ കണ്ണ് തുറന്നു. കൂടുതല്‍ വ്യക്തമായ ചിത്രം ഹബിള്‍ പുറത്തുവിട്ടു. കൂട്ടിയിടി മൂലം ഉണ്ടായ ശക്തമായ കാറ്റിനാല്‍ ഈ അടയാളം പതിയെ വലുതായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സ്ഥലത്തേക്ക് അവശിഷ്ടങ്ങള്‍ വ്യാപിക്കുന്നുണ്ട്. ഏതാനും ആഴ്ചകള്‍ കൂടി ഈ കാഴ്ച കാണാനാവുമെന്ന് കരുതുന്നു. ശാസ്ത്രജ്ഞര്‍ ഇതിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്താണ് ഇവിടെ ഇടിച്ചിറങ്ങിയതെന്ന് ഈ പഠനങ്ങള്‍ വെളിപ്പെടുത്തും. ഈ ഭാഗത്തുനിന്നും വരുന്ന പ്രകാശം സ്പെക്ട്രോസ്കോപ്പിക്ക് വിശകലനങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. ഈ സ്പെക്ട്രം ജലത്തിന്റെ സാന്നിദ്ധ്യമാണ് സൂചിപ്പിക്കുന്നതെങ്കില്‍ വന്നിടിച്ചത് ഐസ് നിറഞ്ഞ ഒരു വാല്‍നക്ഷത്രമോ മറ്റോ ആയിരിക്കാം.
ഈയൊരു കൂട്ടിയിടി ആരും പ്രവചിച്ചിരുന്നില്ല. ഷൂമാക്കര്‍ ലെവി പ്രവചിക്കപ്പെട്ടതിനാല്‍ എല്ലാവര്ക്കും അങ്ങോട്ട് ശ്രദ്ധ തിരിക്കാന്‍ പറ്റി. ചെറിയ വസ്തുക്കളെ എല്ലാത്തിനേയും കണ്ടെത്തുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയയാണ്. നാളെ ഭൂമിക്ക് നേരേ ഇത്തരം ഒരു വസ്തുവന്നാലും ഇതേ പ്രശ്നം ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണാം....