Monday, August 3, 2009

വ്യാഴത്തില്‍ വീണ്ടും ഒരു കൂട്ടിയിടി - ഷൂമാക്കര്‍ ലെവി പോലെ...

വ്യാഴത്തില്‍ മറ്റൊരു കൂട്ടിയിടി...
കഴിഞ്ഞ ജൂലായ് 19 ന് ആസ്ട്രേലിയയിലെ അമ്വച്വര്‍ ജ്യോതിശാസ്ത്രജ്ഞനായ ആന്റണി വെസ്ലി തന്റെ 14.4 ഇഞ്ച് ടെലിസ്കോപ്പ് ഉപയോഗിച്ച് വ്യാഴത്തെ നിരീക്ഷിക്കുന്നതിനിടയിലാണ് ഒരു കറുത്ത പൊട്ട് വ്യാഴത്തില്‍ ദൃശ്യമായത്. വ്യാഴത്തിന്റെ തെക്കേധ്രുവ്വത്തിലാണ് ഈ മാറ്റം ദൃശ്യമായത്. ആദ്യം ഒരു കൊടുങ്കാറ്റോ മറ്റോ ആയിരിക്കാം എന്നു കരുതിയിരുന്നെങ്കിലും പിന്നീട് അത് ഒരു കൂട്ടിയിടി മൂലം ഉണ്ടായ പാടാണ് എന്ന് തെളിഞ്ഞു. ഷൂമാക്കര്‍ ലെവി പണ്ട് വ്യാഴത്തില്‍ ഇടിച്ചിറങ്ങിയ ദൃശ്യങ്ങള്‍ മനസ്സിലുള്ളതിനാല്‍ ആന്റണിക്ക് ഇത് ഒരു കൂട്ടിയിടിയുടെ അടയാളമാണ് എന്ന് തിരിച്ചറിയാന്‍ അധികനേരം വേണ്ടി വന്നില്ല. മറ്റ് ജ്യോതിശാസ്ത്രജ്ഞരെ അദ്ദേഹം ഈ വിശേഷം അറിയച്ചതോടെ ലോകത്തെ മിക്ക ടെലിസ്കോപ്പുകളും വ്യാഴത്തിലേക്ക് തിരിഞ്ഞു.


(ആന്റണി വെസ്ലി കൂട്ടിയിടി കണ്ടെത്തിയ ചിത്രം. ചിത്രത്തിന് Anthony Wesley ട് കടപ്പാട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://jupiter.samba.org/jupiter-impact.html സന്ദര്‍ശിക്കുക)

ഏതാനും മീറ്ററുകള്‍ വ്യാസമുള്ള ഒരു വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ ആയിരിക്കാം ഇതെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. ഇത് ഭൂമിയിലാണ് ഇടിച്ചിരുന്നതെങ്കില്‍ വന്‍ നാശത്തിന് വഴി തെളിച്ചേനേ. കടലിലായിരുന്നു വീണതെങ്കില്‍ സുനാമികളുടെ ഒരു ശ്രംഗല തന്നെ ഉണ്ടാകുമായിരുന്നു എന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. പിറ്റേ ദിവസം ഹവായി, മൌന കിയയിലെ നാസയുടെ മൂന്ന് മീറ്റര്‍ ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണം ചൊവ്വയോളം വരുന്ന ഒരു മേഘത്തെ അവിടെ കണ്ടെത്തി. കൂട്ടിയിടിയുടെ അവശിഷ്ടങ്ങള്‍ ആണ് അന്തരീക്ഷത്തില്‍ ഇത്തരം ഒരു മേഘം ഉണ്ടാക്കിയത്. അന്തരീക്ഷത്തിന്റെ ഉപരിതലത്തില്‍ വച്ചു തന്നെ ഈ വസ്തു ചിതറിപ്പോയിട്ടുണ്ടാകും എന്നു കരുതുന്നു. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം ഈ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു.


(ഹബിള്‍ ടെലിസ്കോപ്പ് എടുത്ത ചിത്രം. ചിത്രത്തിന് നാസയോട് കടപ്പാട്. കൂടുതല്‍ മികച്ച ചിത്രത്തിന് ഇവിടെ പോവുക)

23 ന് ഹബിള്‍ ടെലിസ്കോപ്പും വ്യാഴത്തിന്റെ നേര്‍ക്ക് തന്റെ കണ്ണ് തുറന്നു. കൂടുതല്‍ വ്യക്തമായ ചിത്രം ഹബിള്‍ പുറത്തുവിട്ടു. കൂട്ടിയിടി മൂലം ഉണ്ടായ ശക്തമായ കാറ്റിനാല്‍ ഈ അടയാളം പതിയെ വലുതായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സ്ഥലത്തേക്ക് അവശിഷ്ടങ്ങള്‍ വ്യാപിക്കുന്നുണ്ട്. ഏതാനും ആഴ്ചകള്‍ കൂടി ഈ കാഴ്ച കാണാനാവുമെന്ന് കരുതുന്നു. ശാസ്ത്രജ്ഞര്‍ ഇതിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്താണ് ഇവിടെ ഇടിച്ചിറങ്ങിയതെന്ന് ഈ പഠനങ്ങള്‍ വെളിപ്പെടുത്തും. ഈ ഭാഗത്തുനിന്നും വരുന്ന പ്രകാശം സ്പെക്ട്രോസ്കോപ്പിക്ക് വിശകലനങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. ഈ സ്പെക്ട്രം ജലത്തിന്റെ സാന്നിദ്ധ്യമാണ് സൂചിപ്പിക്കുന്നതെങ്കില്‍ വന്നിടിച്ചത് ഐസ് നിറഞ്ഞ ഒരു വാല്‍നക്ഷത്രമോ മറ്റോ ആയിരിക്കാം.

ഈയൊരു കൂട്ടിയിടി ആരും പ്രവചിച്ചിരുന്നില്ല. ഷൂമാക്കര്‍ ലെവി പ്രവചിക്കപ്പെട്ടതിനാല്‍ എല്ലാവര്‍ക്കും അങ്ങോട്ട് ശ്രദ്ധ തിരിക്കാന്‍ പറ്റി. ചെറിയ വസ്തുക്കളെ എല്ലാത്തിനേയും കണ്ടെത്തുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയയാണ്. നാളെ ഭൂമിക്ക് നേരേ ഇത്തരം ഒരു വസ്തുവന്നാലും ഇതേ പ്രശ്നം ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണാം....

3 comments:

lakshmy said...

നന്ദി ഈ ഇൻഫോയ്ക്ക്

ടോട്ടോചാന്‍ (edukeralam) said...

നന്ദി ലക്ഷ്മി.....

ടോട്ടോചാന്‍ (edukeralam) said...

ജ്യോതിശാസ്ത്രരംഗത്ത് മിക്ക കണ്ടുപിടുത്തങ്ങളും നടത്തിയ് അമ്വച്വര്‍ നിരീക്ഷകരാണ്. പലപ്പോഴും ചെറിയ ടെലിസ്കോപ്പുകള്‍ കൊണ്ടു പോലും ഇത് സാധ്യമാകാറുണ്ട്. ഇവിടെയും അതു തന്നെ സംഭവിച്ചു. ലുലിന്‍ വാല്‍നക്ഷത്രമാണ് ഇതിനു മുന്‍പുള്ള സംഭവം.. അങ്ങിനെ ജ്യോതിശാസ്ത്രത്തിന്റെ ചരിത്രത്തില്‍ ഏത്രയോ അമ്വച്വര്‍ കണ്ടെത്തലുകള്‍....
അതു കൊണ്ട് ഒരു പക്ഷേ അടുത്തത് നിങ്ങളാകാം....