Wednesday, August 5, 2009

എയിഡഡ് അധ്യാപരുടെ സര്‍ക്കാര്‍ പ്രൊട്ടക്ഷന്‍ എടുത്ത് കളയുക

സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളിലെ തലയെണ്ണല്‍ കഴിഞ്ഞപ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി കാണുന്നു. ഇത് മൂലം നിരവധി അധ്യാപകരുടെ ജോലി നഷ്ടപ്പെടും എന്നും പറയുന്നു. അതിന് പകരമായി പ്രൊട്ടക്ഷന്‍ അഥവാ ജോലിസംരക്ഷണം അനുവദിക്കണം എന്നാണ് പറയുന്നത്. സര്‍ക്കാര്‍ ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്നും പറയുന്നു. ഇവിടെ ആര്‍ക്കാണ് ജോലി പോവുന്നത് എന്നു കൂടി നോക്കുക. സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാരെ സംരക്ഷിക്കുക എന്നതില്‍ ഒരു ന്യായമുണ്ട്. പക്ഷേ എയിഡഡ് സ്കൂള്‍ ജീവനക്കാരെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറ്റി സംരക്ഷിക്കണം എന്നു പറയുന്നതില്‍ എന്ത് ന്യായമാണുള്ളത് ?.
സര്‍ക്കാര്‍ ജീവനക്കാര്‍ പി.എസ്.സി വഴി സര്‍ക്കാര്‍ നിയമിച്ചവരാണ്. എന്നാല്‍ ഒന്നരലക്ഷത്തോളം വരുന്ന എയിഡഡ് ജീവനക്കാരെ നിയമിച്ചത് സര്‍ക്കാരല്ല എന്നോര്‍ക്കണം. അവരെ നിയമിക്കാനുള്ള അവകാശം മുഴുവന്‍ മാനേജര്‍മാര്‍ കൈയ്യടക്കി വച്ചിരിക്കുകയാണ്. ഓരോ നിയമനത്തിനും അവര്‍ വാങ്ങുന്ന കോഴക്ക് കയ്യും കണക്കുമില്ല എന്നത് പരസ്യമായ രഹസ്യമാണ്. പത്തുലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ നീളുകയാണ് ഈ കൈക്കൂലി.
ഇനി എയിഡഡ് സ്കൂളില്‍ കുട്ടികള്‍ കുറയാനെന്താണ് കാരണം? അതേ മാനേജ്മെന്റുകള്‍ നടത്തുന്ന അണ്‍-എയിഡഡ് സ്ഥാപനങ്ങളല്ലേ? കോഴമേടിച്ച് അധ്യാപകരെ നിയമിച്ചാല്‍ പിന്നെ അവരുടെ ജോലിയുടെ ഉത്തരവാദിത്വം മുഴുവന്‍ അധ്യാപകര്‍ തന്നെ വഹിക്കണം. എയിഡഡ് സ്കൂളിനോട് ചേര്‍ന്നു തന്നെ അണ്‍-എയിഡഡ് സ്കൂളും തുടങ്ങി അതില്‍ നിന്നും പണം കൊയ്യാനുള്ള ശ്രമത്തിനിടയില്‍ കുട്ടികള്‍ കുറയുന്നത് തൊട്ടടുത്തുള്ള എയിഡഡ് സ്ഥാപനങ്ങളിലാണ്. ഫലമോ വേണ്ടത്ര കുട്ടികളില്ലാതെ അധ്യാപകരും അനധ്യാപകരും പെരുവഴിയിലും.
ഇങ്ങിനെ പെരുവഴിയിലാവുന്ന ജീവനക്കാരെ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ മാറ്റി നിയമിച്ച് സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ സകല അധ്യാപക സംഘടനകളും ഇറങ്ങിയിരിക്കുന്നത്. 2000 ത്തിലധികം പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടമാവുമത്രേ. അവരെ സര്‍ക്കാര്‍ മേഖലയിലേക്ക് എടുക്കുക എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം പി.എസ്.സി വഴി ജോലി കിട്ടുമായിരുന്ന 2000 ത്തോളം പേര്‍ക്ക് ജോലി നഷ്ടമായി എന്നാണ്. ഇവരെ നിയമിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയായിരുന്നെങ്കില്‍ ഇങ്ങിനെ സംരക്ഷിക്കുന്നതില്‍ യാതൊരു തടസ്സവും ഇല്ലായിരുന്നു. എന്നാല്‍ നിയമനം മാനേജരും ശമ്പളം സര്‍ക്കാരും എന്ന സ്ഥിതി തുടരുന്നിടത്തോളം ഇത്തരം പ്രൊട്ടക്ഷന്‍ യാതൊരു കാരണവശാലും അനുവദിച്ചു കൂട. അവരെ വേണമെങ്കില്‍ എയിഡഡ് സ്ഥാപനങ്ങളില്‍ തന്നെ മാറ്റി നിയമിക്കാം. പക്ഷേ അതിനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാവുമോ?
സര്‍ക്കാര്‍ വീണ്ടും കെ.എസ്.ടി.പി ജോലിക്കായി ലോകബാങ്കില്‍ നിന്നും 1356 കോടി രൂപ കടമെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എയിഡഡ് സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ക്കായി വാങ്ങുന്ന കോഴ കൂട്ടിനോക്കിയാല്‍ ഇതിന്റെ പത്തിരട്ടിയിലധികം വരും എന്ന് തിരിച്ചറിയുക. യാതൊരു കാരണവശാലും എയിഡഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മേഖലയിലേക്ക് ഇനി പ്രൊട്ടക്ഷന്‍ നല്‍കരുത്.

1. എയിഡഡ് ജീവനക്കാരെ എയിഡഡ് മേഖലയില്‍ മാത്രം പുനര്‍വിന്യസിക്കുക
2. നിലവില്‍ പ്രൊട്ടക്ഷനില്‍ കഴിയുന്ന നിരവധി ജീവനക്കാര്‍ ഇപ്പോഴും സര്‍ക്കാര്‍ മേഖലയില്‍ ഉണ്ട്. ഇവരേയും ഉടന്‍ എയിഡഡ് മേഖലയിലേക്ക് തിരിച്ചയക്കണം.
3. നിലവില്‍ സര്‍ക്കാര്‍ അധ്യാപകരുടെ എണ്ണം 60000 ല്‍ താഴെ മാത്രമാണ്. അതേ സമയം എയിഡഡ് ജീവനക്കാരുടെ എണ്ണം ഒന്നരലക്ഷത്തോളം വരും. ഏതാണ്ട് മൂന്നിരട്ടിയോളം പേര്‍.
4. എയിഡഡുകാര്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കി യാതൊരു കാരണവശാലും സാധാരണക്കാര്‍ക്ക് കിട്ടേണ്ട ഈ സര്‍ക്കാര്‍ ജോലികള്‍ കൂടി വെള്ളത്തിലാക്കരുത്.
5. എയിഡഡ് മേഖലയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ മേഖലയിലേക്ക് പ്രൊട്ടക്ഷന്‍ നല്‍കുന്നത് പിച്ചപ്പാത്രത്തില്‍ കയ്യിട്ടുവാരുന്നതിന് തുല്യമാണ് എന്ന് മനസ്സിലാക്കുക
6. എത്രയും പെട്ടെന്ന് എയിഡഡ് സ്കൂള്‍-കോളേജ് നിയമനങ്ങള്‍ പരിപൂര്‍ണ്ണമായും പി.എസ്.സി വഴി മാത്രം നടത്തുക.
7. ഇതിനായി കഴിയുമെങ്കില്‍ കേന്ദ്രതലത്തില്‍ തന്നെ നിയമനിര്‍മ്മാണം നടത്തണം.

എയിഡഡ് നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടണം എന്ന മറ്റൊരു പോസ്റ്റ് ഇതിന് മുന്‍പ് കിഴക്കുനോക്കിയന്ത്രത്തില്‍ ഇട്ടിരുന്നു. അതു കൂടി ഇതോട് ചേര്‍ത്ത് വായിക്കുക

10 comments:

mon said...

valare nannaayi tottochaan valare nannaayi. Thaankal paranjathu valare kaalika pradhaanyamulla kaaryamaanu.Psc posting illathaakumennu maatramalla, samvaranam attimarikkappedukayum cheyyum. Ithinte thikthaphalam OEC vibhaagakkaarkkaanu kooduthal baadhikkuka,ennu thanneyumalla avar ithinekkurichu bodhavaanmaarum allennu thonnunnu.

mon said...

വളരെ നന്നായി ടോട്ടോച്ചാന്‍ വളരെ നന്നായി.വലിയ കാലിക പ്രാധാന്യമുള്ള ഒരു കാര്യമാണ് താങ്കള്‍ പറയുന്നത്.പി എസ സി പോസ്ടിങ്ങ്കള്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്ന കാലത്ത് പാവപ്പെട്ട ഉദ്യോങാര്തികള്‍ക്ക് ഇരുട്ടടിയാണ് ഇത്.സാമ്പത്തികം ഇല്ലാത്ത കുടുംബങ്ങളില്‍ നിന്നുമാണ് കുട്ടികള്‍ ടി ടി സി പഠിക്കുവാന്‍ പോകുന്നത്. ഇപ്പോള്‍ വരുന്ന പ്രോട്ടെക്റേന്‍ അവരുടെ ഭാവിയെ ഇല്ലാതാക്കും. തന്നെയുമല്ല അറുപതിലധികം ജാതിവിഭാഗങ്ങള്‍ വരുന്ന ഓ ഇ സി വിഭാഗത്തിന് നിലവില്‍ വളരെ കുറച്ചു മാത്രമാണ് സംവരണം ഉള്ളത്, അത് ഇനി ഇല്ലതാകുവാനും ഈ പ്രക്രിയ വഴി വയ്ക്കും. അതായതു കേരളത്തിലെ പി es സി പോസ്ടിങ്ങിലെ സംവരണം അട്ടിമറിക്കപ്പെടാനും ഇത് വഴി വയ്ക്കും. അവര്‍ ഇതിനെക്കുറിച്ച് ഇനിയും ബോധവ്ന്മാരായിട്ടില്ലെന്നു തോന്നുന്നു. ഏതായാലും വളരെ സങ്കീര്‍ണമായ ഒരവസ്ഥയാണ് വരാന്‍ പോകുന്നത്. രസം ഇതല്ല, മാനേജ്‌മന്റ്‌ ഇപ്പോഴും കോഴ വാങ്ങി തന്നിഷ്ടം പോലെ പോസ്റ്റിങ്ങ്‌ നടത്തിക്കൊണ്ടിരിക്കുകയുമാണ്. ( നേരത്തെ മലയാളം ലിപി ശരിയായില്ല, അക്ഷരതെറ്റുകള്‍ മാപ്പാക്കണം)

ടോട്ടോചാന്‍ (edukeralam) said...

mon, നന്ദി
ഇനിയും ബി.എഡും ടി.ടി.സിയും ഒക്കെ കഴിഞ്ഞു വരുന്നവരെ പിഴിയാനായി മാനേജ്മെന്റ് കാത്തിരിക്കുന്നു. അവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ കിട്ടാനുള്ള ജോലി കൂടി കളയുന്ന പരിപാടിയാണ് ഈ പ്രൊട്ടക്ഷന്‍. എയിഡഡ് ജീവനക്കാരെ എയിഡഡ് മേഖലയില്‍ മാത്രമേ വിന്യസിക്കാവൂ. സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടാവുന്നതിനേക്കാള്‍ ഒഴിവുകള്‍ ഉണ്ടാകുന്നതും എയിഡഡ് മേഖലയില്‍ തന്നെയാണ്.അതും ഏതാണ്ട് മൂന്നിരട്ടി.

വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം. താങ്കളുടെ അഭിപ്രായവും വിലയേറിയതാണ്. നന്ദി...

നിസ്സഹായന്‍Nissahayan said...

വളരെ ശരിയായ കര്യങ്ങള്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസനിലവാരം അധ:പതിപ്പിച്ചതിന്റെ പ്രധാന ഉത്തരവാദികള്‍ എയിഡഡ് മേഖലയിലെ കഴിവില്ലാത്ത, നിലവാരമില്ലാത്ത, അദ്ധ്യാപകരാണ്.
ഇവറ്റകള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രൊട്ടക്ഷന്‍ കൊടുത്ത് അവിടുത്തെ നിലവാരവും കാര്യമായി പൊളിഞ്ഞിരിക്കയാണ്.
അതിനാല്‍ എയിഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങള്‍ PSCയ്ക്ക് വിട്ടാല്‍ മാത്രമേ, അങ്ങനെ വരുന്നവര്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്കാവു. അല്ലെങ്കില്‍ ഡിവിഷന്‍ ഫാളുണ്ടാകുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന ഇവര്‍ക്ക്, മാനേജറന്മാര്‍ വാങ്ങിയ കാശ് തിരിച്ച് കൊടുപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.കാശിന്റെ മിടുക്കുകൊണ്ട് ജോലി സമ്പാദിച്ച് കുട്ടികളെ വഴിയാധാരമാക്കുന്നവരെ മാനേജര്‍ പ്രൊട്ടക്ട് ചെയ്യട്ടെ.

അനിൽ@ബ്ലൊഗ് said...

പൂര്‍ണ്ണമായും യോജിക്കുന്നു.
ഈ പ്രൊട്ടക്ഷനില്‍ നില്‍ക്കുന്നവരുടെ മക്കളും അണ്‍ എയിഡഡിലായിരിക്കും പഠിക്കുന്നതെന്നതാണ് രസകരമായ സത്യം.

അലന്‍ മോണ്ടെഗോ said...

ടോട്ടോച്ചാന്,
കുറച്ചു നാളായിട്ട് മലയാളം എങ്ങനെ ടൈപ്പു ചെയ്യാം എന്ന അന്വേഷണത്തിലായിരുന്നെ......
അതുകൊണ്ട‍ാ ബ്ലോഗില്‍ വന്നു നോക്കിയിട്ടും ഇതുവരെ ഒന്നും കമന്റ‍ാതിരുന്നത്........
ഇനി മുടങ്ങാതെ കമന്റിക്കോളാം.....ട്ടോ.....

അലന്‍ മോണ്ടെഗോ said...

നമ്മളിപ്പോ ഇങ്ങനെ വേവലാതിപ്പെടുകയൊന്നും വേണ്ട‍.....
അതൊക്കെ നമ്മളെ ഭരിക്കുന്നവര്‍ക്ക്(ജനപ്രതിനിധികളാണോ ആവോ?) നന്നായി അറിയാല്ലോ......
പിന്നെ എന്തേലുമൊക്കെ പറഞ്ഞു എന്ന് നമുക്ക് ഒന്നാശ്വസിക്കാമെന്നു മാത്രം........

ടോട്ടോചാന്‍ (edukeralam) said...

നിസ്സഹായന്‍, അനില്‍, അലന്‍ മൊണ്ടെഗോ,
നന്ദി
നിസ്സഹായന്‍ അഭിപ്രായങ്ങളോട് യോജിക്കുന്നു. മാനേജര്‍ വാങ്ങിയ കാശ് എന്നത് പരസ്യമായ രഹസ്യമാണ്. കോഴ കൊടുത്തു എന്നു വാങ്ങി എന്നും ആരേലും പരസ്യമായി പറയുമോ? ഏറ്റവും ചുരുങ്ങിയത് കോടതിക്കു മുന്‍പെങ്ങിലും പറയില്ല. അപ്പോള്‍ പിന്നെ സര്‍ക്കാരിന് ഇടപെടാന്‍ പറ്റുമോ?

പണ്ട് പ്രീഡിഗ്രി ഇല്ലാതായപ്പോള്‍ എയിഡഡ് കോളേജുകളിലെ നിരവധി അധ്യാപകരെയാണ് ഇന്നും സര്‍ക്കാര്‍ മേഖല ചുമക്കുന്നത്. അതേ കോളേജില്‍ ഒഴിവു വന്നാല്‍ അങ്ങോട്ട് തിരിച്ചു പോകണം എന്നാണ് ചട്ടം. പക്ഷേ അതിന് മാനേജര്‍മാര്‍ സമ്മതിക്കുമോ. ദാ കഴിഞ്ഞ ദിവസമല്ലേ അതിനായി മാനേജര്‍മാര്‍ വീണ്ടും കോടതിയെ സമീപിച്ചത്.

അനില്‍,
അങ്ങിനെയും അവര്‍ ജനങ്ങളെ ചതിക്കുന്നുണ്ട്. പക്ഷേ ഇതെല്ലാം സാധാരണ ജനത്തിന് അറിയില്ല. അതാണ് പ്രശ്നം.


അലന്‍,
മലയാളം പഠിച്ചു അല്ലേ. നന്നായി..
നമുക്ക് പറഞ്ഞു എന്നാശ്വസിക്കാന്‍ മാത്രമല്ല. കുറച്ചു പേര്‍ക്കിടയിലെങ്കിലും ഒരു ചര്‍ച്ചയാക്കാന്‍ ഇതു കൊണ്ട് സാധിച്ചാല്‍ അത്രയുമായി. പ്രതീക്ഷ കൈവെടിയാതെ നമുക്ക് പറയാനുള്ളത് പറയുക... സമാനചിന്താഗതിക്കാര്‍ക്ക് ഒത്തു കൂടാന്‍ ഒരവസരവും ആകും...

faiz said...

Aided sector mainly working under many of minority communities. So especially minor communities have the previlage for appointing the staff from their own community.Also the premises for the school has arranged by the management. So this expenses meet by the management from the so called "kozha " . Number of schools working under aided sector.They are doing prime role in education in Kerala.

I agree your arguments , but govt must be ready to take over all the Aided schools to Government sector.The teachers are qualified as per govt norms also they approved by Govt. So they are also like other Teachers. No stand for discriminating Aided teachers and govt teachers. Alos I seen better teachers in Aided schools than Govt School teachers. Dont think PSC Examination only the way to ultimate qualifications.

Finally I like to say that the, I dont like term 'Protection'. Millions of ppl are working out side govt sector without any protection. Then why need these only protection.

Many ppl working abroad Gulf and other countries. In current situation they loosing job also. But govt is not interesting any type of protection or cover to those ppl. But these cases govt. interested in now in protection.

ടോട്ടോചാന്‍ (edukeralam) said...

faiz
താങ്കള്‍ പറഞ്ഞ പോലെ എയിഡഡ് സ്കൂള്‍ ജീവനക്കാരേയും സര്‍ക്കാര്‍ ജീവനക്കാരേയും വേര്‍തിരിക്കേണ്ട കാര്യമുണ്ടാവുമായിരുന്നില്ല. പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ അങ്ങിനെ തന്നെ കാണാനേ കഴിയൂ. സര്‍ക്കാര്‍ സംവിധാനമായി പി.എസ്.സി വഴി നിയമനം നടത്താത്തിടത്തോളം കാലം എയിഡഡ് അധ്യാപകര്‍ക്കോ അനധ്യാപകര്‍ക്കോ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നത് തടയപ്പെടുക തന്നെ വേണം.
എയിഡഡ് അധ്യാപകരോട് എനിക്കൊരു വിരോധവുമില്ല. മറിച്ച് കൈക്കൂലി കൊടുത്ത് കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്ന അവരുടെ ഗതികേടിനെയോര്‍ത്ത് പരിതപിക്കുകയും ചെയ്യുന്നു.
പുകവലിക്കുന്ന ഒരാള്‍ക്ക് മറ്റുള്ളവര്‍ പുകവലിക്കരുത് എന്നു പറയാന്‍ എന്തവകാശം. അതേ അവസ്ഥയിലാണ് ഇന്ന് എയിഡഡ് അധ്യാപകരും. കുട്ടികളോട് മൂല്യങ്ങളെക്കുറിച്ചു പറയാന്‍ കൈക്കൂലി കൊടുത്തിടത്തോളം അവര്‍ക്ക് ധാര്‍മ്മികമായി യാതൊരു അധികാരവുമില്ല. ഈ അവസ്ഥ അവര്‍ക്ക് വന്നു ചേരുന്നത് നിയമനം മാനേജരും ശമ്പളം സര്‍ക്കാരും എന്ന അവസ്ഥ മൂലമാണ്. അത് മാറിയേ തീരൂ.കൈക്കൂലി കൊടുത്ത് ജോലി നേടിയ ഒന്നരലക്ഷത്തോളം പേര്‍ നമ്മുടെ കുട്ടികളെ പഠിപ്പണോ എന്നാലോചിക്കൂ.
കോഴ കൊണ്ടാണ് മാനേജര്‍ സ്കൂളിന്റെ ആവശ്യങ്ങള്‍ നടത്തുന്നത് എന്നതെല്ലാം തികഞ്ഞ മുട്ടുന്യായമാണ്. ഈ പറയുന്ന എയിഡഡ് സ്കൂളുകള്‍ തുടങ്ങിയത് ജനങ്ങള്‍ പിരിവായും, ഒരു നേരത്തെ ആഹാരമായും പിടിയരിയായും തേങ്ങയായും ഒക്കെ നല്‍കിയ വസ്തുക്കളുടെ മൂല്യം കൊണ്ടാണ്. വിദ്യാഭ്യാസത്തിന് വലിയ വിലകല്‍പ്പിച്ചിരുന്ന അന്നത്തെ ജനത ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചൊന്നും ചിന്തിച്ചതുമില്ല. എയിഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നു തന്നെയാണ് ഞാനും പറയുന്നത്. അതിന്റെ ആദ്യപടി എന്നത് നിയമനങ്ങള്‍ പരിപൂര്‍ണ്ണമായും പി.എസ്.സി ക്ക് വിടുക എന്നതാണ്.
ന്യൂനപക്ഷം എന്ന പേരില്‍ കൈക്കൂലി പിരിക്കാനുള്ള അവകാശം വേണമെന്ന് വാദിക്കുന്നതിന്റെ ഔചിത്യമെന്ത്? ന്യൂനപക്ഷങ്ങള്‍ക്ക് നിയമിക്കാനുള്ള അവകാശം വേണമെങ്കില്‍ അവര്‍ തന്നെ ശമ്പളവും നല്‍കട്ടെ. സര്‍ക്കാര്‍ എയിഡോഡെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് കീഴില്‍ വരാന്‍ പാടില്ല. ഇനി നിയമം അങ്ങിനെയാണെങ്കില്‍ കേന്ദ്ര തലത്തില്‍ തന്നെ നിയമഭേദഗതി നടത്തുക തന്നെ വേണം.

പ്രൊട്ടക്ഷന്‍ എന്ന കാര്യത്തില്‍ ഒരു ന്യായീകരണവും അവകാശപ്പെടാനുമില്ല. പിച്ചച്ചട്ടിയില്‍ കൂടി കയ്യിട്ടുവാരാനുള്ള ഈ നീക്കം തടയപ്പെടുക തന്നെ വേണം