Friday, October 30, 2009

2012 ല്‍ ലോകം അവസാനിക്കുമ്പോള്‍ .....


ലോകം അവസാനിക്കാനായി നിബുരുവും മയനും


'നിബുരു' , 'ഡിസംബര്‍ 2012', 'മയന്‍ കലണ്ടര്‍' തുടങ്ങിയവയെല്ലാം ഇന്ന് ഇന്റര്‍നെറ്റില്‍ പാറിനടക്കുന്ന പ്രിയപ്പെട്ട വാക്കുകളാണ്. ഡിസംബര്‍ 2012 ഓടെ ലോകം അവസാനിക്കുമെന്നാണ് മെയിലുകളെല്ലാം പറയുന്നത്. മയന്‍ കലണ്ടറും നിബുരു ഗ്രഹവും എല്ലാം ചേര്‍ന്ന് വല്ലാത്തൊരു മായികപ്രപഞ്ചത്തിലാണ് ഇന്റര്‍നെറ്റ് നിവാസികള്‍. എരിതീയിലല്ലേ എണ്ണയൊഴിക്കാന്‍ പറ്റൂ. സോണി പിക്ചേഴ്സ് നിര്‍മ്മിക്കുന്ന 2012 എന്ന സിനിമ 2009 നവംബറില്‍ റിലീസ് ചെയ്യുകയാണ്. ഇന്റര്‍നെറ്റ് നിവാസികളുടെ പണം കൊയ്തെടുക്കാന്‍ പറ്റിയ അവസരത്തില്‍ തന്നെ സിനിമയും. '2012' സജീവമാക്കി നിര്‍ത്താന്‍ സിനിമക്കാര്‍ പടച്ചുവിടുന്നതാണ് ഇത്തരം മെയിലുകളും ചര്‍ച്ചയും എന്നാണ് ചില തത്പരക്ഷികളുടെ ആക്ഷേപം. അതും പോരാഞ്ഞ് ആമസോണ്‍ പുസ്തകവിതരണക്കാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട 175 ലധികം പുസ്തകങ്ങളും വിപണിയില്‍ ഇറക്കിക്കഴിഞ്ഞു. ലോകം അവസാനിക്കുന്നതു വരെയെങ്കിലും പുസ്തകം വില്‍ക്കാമല്ലോ എന്നാണ് അവരും പറയുന്നത്.


(ഒരു വാല്‍നക്ഷത്രം ഭൂമിയെ ആക്രമിക്കുന്ന 1857 ലെ കാര്‍ട്ടൂണ്‍)

'2012'ലെ ലോകാവസാനം എങ്ങിനെയായിരിക്കും എന്ന അന്വേഷണം തികച്ചും കൌതുകകരമാണ്. സുമേറിയക്കാര്‍ പണ്ട് കണ്ടെത്തിയ നിബുരു എന്ന ഗ്രഹം ഭൂമിയെ ലാക്കാക്കി അതിന്റെ പ്രയാണം ആരംഭിച്ചിരിക്കുന്നു എന്നതാണ് ഒന്നാമത്തെ വാദം. സൌരയൂഥത്തിലെ പന്ത്രണ്ടാമത്തെ ഗ്രഹമായ ഇത് 3600 വര്‍ഷം കൊണ്ടാണ് സൂര്യനെ ഒരു തവണ വലം വയ്ക്കുന്നത്. അനുനാക്കി എന്ന ഗ്രഹാന്തരസംസ്കൃതിയില്‍ നിന്നും പ്രാചീന ബഹിരാകാശയാത്രികര്‍ ഭൂമിയെ സന്ദര്‍ശിക്കുന്ന കഥവരെ അന്ന് സുമേറിയക്കാര്‍ മെനഞ്ഞുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് 1995 ല്‍ സീറ്റ ടാക്ക് എന്ന വെബ്സൈറ്റ് ഉടമ നാന്‍സി ലൈഡര്‍ ചില കഥകള്‍ മെനഞ്ഞു. അന്യഗ്രഹജീവികളുമായി സംവദിക്കാന്‍ കഴിയുന്ന ഒരു ഭാഗം തന്റെ തലച്ചോറിനകത്തുണ്ട് എന്നൊക്കെയാണ് നാന്‍സിയുടെ അവകാശവാദം. Lieder 'Lie' പറയില്ല എന്ന വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. റെറ്റിക്കുലം (വല) എന്ന പേരുള്ള നക്ഷത്രരാശിയിലെ സീറ്റ നക്ഷത്രത്തിനടുത്തുള്ള അന്യഗ്രഹത്തില്‍ നിന്നുള്ള സന്ദേശങ്ങളാണ് നാന്‍സിക്ക് ലഭിച്ചത് !. ഭൂമിക്ക് നിബിരു എന്ന ഗ്രഹം മൂലം അപകടം പിണയും എന്ന് ഈ അന്യഗ്രഹജീവികള്‍ അദ്ദേഹത്തിന് മുന്നറിയിപ്പു കൊടുത്തു. മേയ് 2003 ന് ആയിരിക്കും ഈ അപകടം എന്നായിരുന്നു ആദ്യപ്രവചനം. ആ ദിനങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ലൈഡറുടെ ലൈ ശരിയാണെന്ന് ആരാധകര്‍ക്ക് ബോധ്യം വന്നു. അതോടെ ആ പ്രശ്നബാധിതദിനം 2012 ഡിസംബറിലേക്ക് മാറ്റപ്പെട്ടു. 2012 ഡിസംബര്‍ 21 നോ 23 നോ അവസാനിക്കുന്ന മയന്‍ കലണ്ടറുമായി ഈ പ്രശ്നത്തെ ബന്ധപ്പെടുത്താനായിരുന്നു പിന്നീടുള്ള ശ്രമം. അത് ഇന്റര്‍നെറ്റ് മെയിലുകള്‍ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു.
നിബുരുവും സുമേറിയരും

സുമേറിയക്കാര്‍ ആണ് നെപ്റ്റ്യൂണ്‍,യുറാനസ്സ്, പ്ലൂട്ടോ തുടങ്ങിയ ഗ്രഹങ്ങളെ ആദ്യം നിരീക്ഷച്ചത് എന്നായിരുന്നു ചില വാദങ്ങള്‍. അതു കൊണ്ടു തന്നെ നിബിരു എന്ന ഗ്രഹത്തെക്കുറിച്ച് അവര്‍ പറഞ്ഞതു ശരിയാകേണ്ടതല്ലേ എന്നു അതിനെത്തുടര്‍ന്ന് വാദങ്ങളുണ്ടായി. എന്നാല്‍ ബാബിലോണിയക്കാരുടെ സൃഷ്ടിയാണ് നിബിരു എന്ന പദം. അവരുടെ ജ്യോതിഷത്തില്‍ ദേവ‌‌ഗണങ്ങളില്‍ ചിലരുടെ പേരുമായി ബന്ധപ്പെട്ടായിരുന്നു ഈ പദം കണ്ടത്. സുമേറിയക്കാര്‍ പക്ഷേ ഇതിനും എത്രയോ മുന്‍പാണ് ജീവിച്ചത്. മികച്ച നാഗരികരായിരുന്നു സുമേറിയക്കാര്‍. പക്ഷേ നെപ്റ്റ്യൂണ്‍,യുറാനസ്സ്,പ്ലൂട്ടോ തുടങ്ങിയ ഗ്രഹങ്ങളെ കണ്ടെത്തിയത് അവരാണ് എന്ന വാദം പോലും നിരര്‍ത്ഥകമാണ് എന്നതാണ് സത്യം. എന്നിട്ടും നിബിരു അവരുടെ തലയിലാക്കാന്‍ നമ്മുടെ മെയിലുകള്‍ക്കും ചില തത്പര വെബ്സൈറ്റുകള്‍ക്കും കഴിഞ്ഞു.

നാസയുടേയും മറ്റും ടെലിസ്കോപ്പുകളും പര്യവേഷണങ്ങളും പ്രപഞ്ചത്തില്‍ ഓരോ പുതിയ ഗ്രഹം കണ്ടെത്തുമ്പോഴും ഇതായിരിക്കും നിബിരു എന്ന് പറഞ്ഞ് ചര്‍ച്ചകള്‍ വരുമായിരുന്നു. എറിസ് എന്ന ചെറുഗ്രഹത്തെ കണ്ടെത്തിയപ്പോഴും ഇതേ വാദം ഉയര്‍ന്നു വന്നിരുന്നു. നിബിരുവിനെ പ്ലാനറ്റ് X എന്നും വിളിക്കുന്നുണ്ട്. അത് എവിടെത്തുടങ്ങിയതാണ് എന്ന് വ്യക്തമല്ല. പക്ഷേ പുതിയ ഗ്രഹങ്ങളേയോ മറ്റോ കണ്ടെത്തുമ്പോള്‍ ശാസ്ത്രജ്ഞര്‍ ചിലപ്പോള്‍ അവയെ പ്ലാനറ്റ് X എന്ന് വിളിക്കാറുണ്ട്. പക്ഷേ അവയ്ക്ക് പേരിടുന്നതോടെ പ്ലാനറ്റ് X പിന്‍വാങ്ങുകയും ചെയ്യും. പല ജ്യോതിശാസ്ത്രചിത്രങ്ങളും നിബിരു എന്ന ഗ്രഹത്തിന്റെ തെളിവായി നിരത്തപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രമെടുക്കുന്ന ക്യാമറയുടേയോ ടെലിസ്കോപ്പിന്റേയും ലെന്‍സ് ഉണ്ടാക്കുന്ന പ്രതിഫലനവും മറ്റുമാണ് നിബിരു എന്ന പേരില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

2012 ഉം '2012' ഉം
2012 എന്ന സിനിമയുടെ പ്രചാരണം നിബിരുവിനേയും മയന്‍കലണ്ടര്‍ പ്രശ്നങ്ങളേയും ആളിക്കത്തിച്ചു. സിനിമയുടെ പ്രചാരണത്തിനായി ഉപയോഗിച്ച വാചകങ്ങള്‍ പോലും അത് യാഥാര്‍ത്ഥ്യമാണ് എന്ന ധ്വനി ഉള്ളതായിരുന്നു. www.instituteforhumancontinuity.org എന്ന വെബ്സൈറ്റും സിനിമയുടെ പ്രചാരണത്തിനായി നിര്‍മ്മിക്കപ്പെട്ടു. വെബ്സൈറ്റ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമാണ് എന്ന് സൈറ്റില്‍ തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും 2012 പ്രശ്നം ചര്‍ച്ച ചെയ്യുന്ന മെയിലുകള്‍ സൃഷ്ടിക്കാന്‍ ഇതും കാരണമായിട്ടുണ്ട്. എന്തായാലും സിനിമയെ വിജയിപ്പിക്കുന്നതിന് വേണ്ട എല്ലാ പരസ്യതന്ത്രങ്ങളും അവര്‍ പയറ്റുന്നുണ്ട്. ആ പരസ്യതത്രങ്ങളില്‍ കുടുങ്ങിയ പലരും 2012 ല്‍ ലോകം അവസാനിക്കും എന്ന മെയിലുകള്‍ എല്ലാവര്‍ക്കുമായി ഫോര്‍വേഡ് ചെയ്ത് പരസ്യവിതരക്കാരായി തീരുകയും ചെയ്തു.

ഭൂമി തിരിച്ച് കറങ്ങുന്നതും 2012 ല്‍ തന്നെ...

അതിനിടയ്ക്ക് വന്ന മെയിലുകളിലൊന്നാണ് ഭൂമിയുടെ ഭ്രമണം 2012 ല്‍ തിരിച്ചാകും എന്നത്. എന്തിനേറെ നമ്മുടെ മലയാളപത്രങ്ങളും ചാനലുകളും വരെ ഇതൊരു വാര്‍ത്തയായി കൊടുത്തിരുന്നു. ഭൂമിയുടെ കാന്തികമണ്ഡലത്തിന് ചില വ്യതിയാനങ്ങള്‍ വരുന്നുണ്ട് എന്ന വാര്‍ത്തയെ വളച്ചൊടിച്ചാണ് 2012 ല്‍ ഭൂമി തിരിച്ചുകറങ്ങും എന്ന് പറഞ്ഞൊപ്പിച്ചത്. ഭൂമിയുടെ കാന്തികമണ്ഡലം ഇടയ്ക്ക് ധ്രുവ്വങ്ങള്‍ വച്ചുമാറിയതായി നാം കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിനോ പതിനായിരക്കണക്കിനോ വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഈ വച്ചുമാറ്റം 2012 ല്‍ നടക്കും എന്നായി പിന്നീടുള്ള വാര്‍ത്തകള്‍. എന്നാല്‍ സമീപഭാവിയൊന്നും തന്നെ ഇത്തരം ഒരു സംഭവത്തിന്റെ സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നു.


(നിബിരുവാണ് എന്ന് പറഞ്ഞ് നടന്ന V838_Mon എന്ന ചരനക്ഷത്രം)


ഇത്തരത്തില്‍ 2012 ല്‍ ഭൂമി അവസാനിച്ചേ മതിയാകു എന്ന ശാഠ്യവുമായി നിരവധി മെയിലുകള്‍ ഇന്റര്‍നെറ്റില്‍ പറന്നു നടക്കുകയാണ്. ഓരോരുത്തരും നിരത്തുന്ന കാരണങ്ങള്‍ പലതാണ് എന്നുമാത്രം. സൌരക്കാറ്റ്, തമോഗര്‍ത്തം, ഗ്രഹസംയോഗം, ആകാശഗംഗയുടെ കേന്ദ്രവുമായി സൂര്യന്‍ ഒത്തുവരിക (എങ്ങിനെയാണാവോ?) , ചെറുഗ്രഹങ്ങള്‍ വഴിതെറ്റിവന്ന് ഭൂമിയില്‍ പതിക്കുക, വലിയ വാല്‍നക്ഷത്രങ്ങള്‍ വഴിതെറ്റി ഭൂമിയിലെത്തുക, സമീപനക്ഷത്രങ്ങളില്‍ നടക്കാവുന്ന സൂപ്പര്‍നോവ സ്ഫോടനങ്ങള്‍ എന്നു തുടങ്ങി ജ്യോതിര്‍ഭൌതികത്തെ എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്താമോ അങ്ങിനെയെല്ലാം ഉപയോഗപ്പെടുത്തിയാണ് കാരണങ്ങള്‍ നിരന്നു നില്‍ക്കുന്നത്. എന്തു കൊണ്ടോ ലോകരാജ്യങ്ങളുടെ കയ്യിലിരിക്കുന്ന ആറ്റം ബോബുകളും ഹൈഡ്രജന്‍ ബോബുകളും 2012 ല്‍ അബദ്ധത്തില്‍ പൊട്ടി ഭൂമി അവസാനിക്കും എന്നൊരു മെയിലും ഒഴുകി നടക്കുന്നത് കണ്ടില്ല. എന്തായാലും സമീപഭാവിയില്‍ അതും കൂടി കാണാന്‍ ഇന്റര്‍നെറ്റ് വഴിയൊരുക്കും എന്നു കരുതാം.


Friday, October 23, 2009

ഏറ്റവും അകലെയുള്ള ഗാലക്സി ക്ലസ്റ്റര്‍ JKCS041


(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതാക്കി കാണാം. ചിത്രങ്ങള്‍ക്ക് കടപ്പാട് Chandra-Xray)

ഇതു വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും അകലെയുള്ള ഗാലക്സി ക്ലസ്റ്റര്‍ ആണ് JKCS041 . എക്സ്-റേ, ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ് എന്നീ പ്രകാശങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നമ്മുടെ പ്രപഞ്ചത്തിന് ഇന്നത്തേതിന്റെ നാലിലൊന്ന് മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ഉള്ള അവസ്ഥയിലുള്ള ചിത്രമാണിത്. 1020 കോടി പ്രകാശവര്‍ഷം അകലെയാണ് ഈ ക്ലസ്റ്റര്‍. വലിപ്പത്തിലും ഈ ക്ലസ്റ്റര്‍ ഒട്ടും പിന്നിലല്ല. 19 കോടിപ്രകാശവര്‍ഷം വിസ്തൃതി ഈ ക്ലസ്റ്ററിനുണ്ടത്രേ. ചന്ദ്ര-എക്സ്-റേ നിരീക്ഷണാലയം എടുത്ത എക്സ്-റേ ചിത്രം, ചിലിയിലെ അറ്റാക്കാമ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന വെരി-ലാര്‍ജ്-അറെ എടുത്ത ദൃശ്യപ്രകാശത്തിലുള്ള ചിത്രം, ഡിജിറ്റൈസിഡ് സ്കൈ സര്‍വ്വേയില്‍ നിന്നും ലഭിച്ച ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് പ്രകാശത്തിലും ഉള്ള വിവരങ്ങള്‍ എന്നിവ സമന്വയിപ്പിച്ചാണ് ഗാലക്സി ക്ലസ്റ്ററിന്റെ ചിത്രം നിര്‍മ്മിച്ചത്. മീനം രാശിക്കടുത്തുള്ള കേതവസ്സ് (Cetus) എന്ന നക്ഷത്രരാശിയിലാണ് ഈ ഗാലക്സി ക്ലസ്റ്ററിന്റെ സ്ഥാനം.

നീലനിറം എക്സ്-റേ ചിത്രത്തെ സൂചിപ്പിക്കുമ്പോള്‍ ചുവപ്പ്, പച്ച, സിയന്‍ എന്നീ നിറങ്ങള്‍ ദൃശ്യപ്രകാശ ചിത്രത്തേയും സൂചിപ്പിക്കുന്നു.


(ദൃശ്യപ്രകാശത്തിലുള്ള ചിത്രം)


(എക്സ്-റേ ചിത്രം)


(സംയോജിത ചിത്രം)


2006 ല്‍ തന്നെ ഈ ഗാലക്സി ക്ലസ്റ്ററിന്റെ ചിത്രം ശാസ്ത്രലോകം പകര്‍ത്തിയിരുന്നു. യുണൈറ്റഡ് കിംഗ്ഡം ഇന്‍ഫ്രാറെഡ് ടെലിസ്കോപ്പ് (UKIRT) ആണ് ചിത്രം ആദ്യമായി പകര്‍ത്തിയത്. UKIRT, കാനഡ-ഫ്രാന്‍സ്-ഹവായി ടെലിസ്കോപ്പ് ,നാസയുടെ സ്പിറ്റ്സര്‍ ടെലിസ്കോപ്പ് എന്നിവിടങ്ങളിലെ ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡിലും ഉള്ള വിവരങ്ങള്‍ ഉപയോഗിച്ച് പിന്നീട് അതിലേക്കുള്ള അകലവും നിര്‍ണ്ണയിച്ചു. എന്നാല്‍ ഇത് ഒരു ഗാലക്സി ക്ലസ്റ്റര്‍ തന്നെയാണോ എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ സന്ദേഹം നിലനിന്നിരുന്നു. എന്നാല്‍ ചന്ദ്ര-എക്സ്-റേ നിരീക്ഷണാലയം നല്‍കിയ എക്സ്-റേ ചിത്രങ്ങള്‍ ഈ സന്ദേഹത്തിന് അറുതി വരുത്തി. പ്രപഞ്ചത്തിന്റ ഉത്ഭവം എങ്ങിനെയാണ് എന്ന അറിവുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും എന്നു തന്നെ കരുതാം.വിവരങ്ങള്‍ക്ക് കടപ്പാട് http://chandra.harvard.edu/photo/2009/jkcs041/

http://archive.stsci.edu/cgi-bin/dss_form എന്ന വിലാസത്തില്‍ നിങ്ങള്‍ക്കും ഡിജിറ്റൈസിഡ് സ്കൈ സര്‍വ്വേയില്‍ പങ്കാളികളാകാം

Tuesday, October 20, 2009

ഓറിനോയിഡ് ഉല്‍ക്കാവര്‍ഷം നാളെ രാവിലെ


ഓറിനോയിഡ് ഉല്‍ക്കാവര്‍ഷം വരുന്നൂ....


നാളെ (21-OCT-2009) രാവിലെ സൂര്യനുദിക്കുന്നതിനുമുന്‍പ് എഴുന്നേറ്റ് ഓറിയോണ്‍ നക്ഷത്രഗണത്തിലേക്ക് നോക്കുക. ഹാലി വാല്‍നക്ഷത്രം ഉപേക്ഷിച്ചു പോയ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അന്ന് ഭൂമി കടന്നുപോകും. സാമാന്യം നല്ല ഒരു ആകാശക്കാഴ്ചക്ക് ഹാലി അന്ന് വഴിയൊരുക്കുന്നു. ഹാലി ധൂമകേതു ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയമരും. മണിക്കൂറില്‍ ഇരുപത് മുതല്‍ അറുപത് വരെ ഉല്‍ക്കകളെ കാണാനാവും എന്നാണ് കരുതുന്നത്. മിഥുനം നക്ഷത്രഗണത്തിനും ഓറിയോണ്‍ ഗണത്തിനും ഇടയിലായാണ് ഉല്‍ക്കാപതനത്തിന്റെ സ്രോതസ്സ്.ഓറിനോയിഡ് ഉല്‍ക്കാപതനം എന്നാണ് ഇത് അറിയപ്പെടുന്നത്. രാവിലെ ഏകദേശം 5 മണിയോടെ നമ്മുടെ തലക്ക് മുകളിയായാണ് ഓറിയോണും മിഥുനവും കാണപ്പെടുക.
എല്ലാ വര്‍ഷവും ഇതേ സമയത്ത് ഈ ഉല്‍ക്കാവര്‍ഷം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ അല്പം കൂടുതല്‍ ദൃശ്യവിരുന്നിന് സാധ്യതയുണ്ടെന്നാണ് നിഗമനം. ഉല്‍ക്കാവര്‍ഷം കണ്ട് കൂടുതല്‍ വിശേഷങ്ങള്‍ അറിയിക്കുക