Sunday, November 1, 2009

'ക്യൂരിയോസിറ്റി' ഇല്ലാത്ത മനുഷ്യര്‍ ഇനി ചൊവ്വയില്‍ പോകട്ടെ....ക്യൂരിയോസിറ്റി, ആ വാക്ക് കേള്‍ക്കുമ്പോഴേ ഒരു കൌതുകമുണ്ട്. ലോകത്തെ മാറ്റി മറിച്ച എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും പുറകില്‍ , അറിയാനുള്ള ആഗ്രഹത്തിനു പുറകില്‍ ഈ കുതൂഹലം തന്നെയാണ് പ്രധാന പങ്കുവഹിച്ചത്. ആ കൌതുകമാകണം ചൊവ്വയിലേക്കുള്ള പുതിയ പര്യവേഷണ വാഹനത്തിന്റ പേരായി മാറിയത്. സ്പിരിറ്റിനും ഓപ്പര്‍ച്യുണിറ്റിക്കും പുറകേ ചൊവ്വയിലേക്ക് യാത്രയാവാന്‍ തയ്യാറെടുക്കുകയാണ് ക്യൂരിയോസിറ്റി എന്ന മാര്‍സ് റോവര്‍.


(ചൊവ്വയുടെ ഭൂതകാലം ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് തിരയുന്ന ക്യൂരിയോസിറ്റി - ചിത്രകാരഭാന)

ചൊവ്വയുടെ ഭൂതകാലം ചികയാനാണ് ക്യൂരിയോസിറ്റി 2011 ല്‍ അവിടെയെത്തുന്നത്. തന്റെ മുന്‍ഗാമികളായ സ്പരിറ്റില്‍ നിന്നും ഓപ്പര്‍ച്യുണിറ്റിയില്‍ നിന്നും വ്യത്യസ്ഥമായി ഒരു വലിയ പരീക്ഷണശാലയേയും ചുമലിലേറിക്കൊണ്ടായിരിക്കും ക്യൂരിയോസിറ്റി അവിടെ പറന്നിറങ്ങുക. ആ പറന്നിറങ്ങല്‍ പോലും തന്റെ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്ഥമായിരിക്കും എന്ന് ക്യൂരിയോസിറ്റി ഉറപ്പുതരുന്നു. ചൊവ്വയിലെ പാറകളെ വെറുതേ നിരീക്ഷിക്കുക മാത്രമായിരിക്കില്ല ഈ റോവര്‍ ചെയ്യുക. പാറകളെ ശക്തമായ ലേസര്‍ കിരണങ്ങള്‍ ഉപയോഗിച്ച് വാതകമാക്കാനും അവയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനുമെല്ലാം ഉള്ള സംവിധാനങ്ങള്‍ ക്യൂരിയോസിറ്റിയില്‍ ലഭ്യമാണ്. ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ചിത്രങ്ങള്‍ എടുക്കുവാന്‍ ശേഷിയുള്ള ക്യാമറകളും റോവറില്‍ ഒരുക്കിയിട്ടുണ്ട്.

ഒരു കാറിനോളം വലിപ്പമുള്ള ക്യൂരിയോസിറ്റിയുടെ പ്രധാന ദൌത്യം ജൈവികസംയുക്തങ്ങള്‍ക്കായുള്ള അന്വേഷണമാണ്. ചൊവ്വയുടെ ഭൂതകാലമോ വര്‍ത്തമാനകാലമോ ജീവന് അനുയോജ്യമാണോ എന്ന പരിശോധനയാണ് പ്രധാനം. ചൊവ്വയില്‍ ജീവനുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടുത്തത് ജൈവികസംയുക്തങ്ങളെ അന്വേഷിച്ചുകൊണ്ടാണ്. ഈ ജൈവികസംയുക്തങ്ങള്‍ ചിലപ്പോള്‍ അവിടെയുണ്ടായിരുന്നതോ ഇപ്പോള്‍ ഉള്ളതോ അല്ലെങ്കില്‍ ഉല്‍ക്കകള്‍ കൊണ്ടുവന്നതോ ആയ ജീവനില്‍ നിന്നാവാം. അവിടത്തെ പൊടിപടലങ്ങളിലും പാറകളിലും ഭൂതകാലം രേഖപ്പെടുത്തിയ ശേഷിപ്പുകള്‍ ഉണ്ടായേക്കാം. ആ ശേഷിപ്പുകള്‍ക്കായുള്ള അന്വേഷണവും പ്രസക്തമാണ്. പൊടിപിടിച്ചു കിടക്കുന്ന ചൊവ്വയിലെ പാറക്കഷണങ്ങളോട് ശാസ്ത്രജ്ഞര്‍ക്ക് തോന്നുന്ന കൌതുകവും മറ്റൊന്നും കൊണ്ടല്ല.
എത്രകാലം എവിടെയെല്ലാം ജീവന്‍ ഉണ്ടായിരുന്നു?, അല്ലെങ്കില്‍ ഉണ്ട്, പണ്ടുകാലത്ത് ചൊവ്വയുടെ അന്തരീക്ഷം ചൂടുള്ളതായിരുന്നോ അതോ തണുപ്പേറിയതായിരുന്നോ? അന്നത്തെ ജലം അമ്ലമയമായിരുന്നോ അതോ ക്ഷാരമയമായിരുന്നോ തുടങ്ങിയ ശാസ്ത്രജ്ഞര്‍ക്കെങ്കിലും കൌതുകകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരമേകാന്‍ ഒരു പക്ഷേ ഈ ക്യൂരിയോസിറ്റി സഹായിച്ചേക്കും.


(തന്റെ മുന്‍ഗാമിയായ സ്പിരിറ്റിനൊപ്പം ക്യൂരിയോസിറ്റി - ചിത്രകാരഭാന)

തന്റെ മുന്‍ഗാമികളേക്കാള്‍ മികച്ച സാങ്കേതിക സംവിധാനങ്ങളുമായാണ് ക്യൂരിയോസിറ്റിയുടെ വരവ്. വലിപ്പത്തിലും ഉപകരണങ്ങളുടെ എണ്ണത്തിലും റോബോട്ടിക്ക് കൈകളുടെ ബലത്തിലും എല്ലാം തന്റെ മുന്‍ഗാമികളെ കവച്ചുവയ്ക്കാന്‍ ക്യൂരിയോസിറ്റിക്ക് സാധിക്കും. അതു മാത്രമല്ല ന്യൂക്ലിയാര്‍ പവര്‍ ഉപയോഗിക്കുന്ന ചൊവ്വയിലെ ആദ്യത്തെ റോവറും ക്യൂരിയോസിറ്റി ആയിരിക്കും. സൌരോര്‍ജ്ജം ലഭിക്കാന്‍ ഉപയോഗിക്കുന്ന പാനലില്‍ പൊടിയടഞ്ഞ് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗുമെല്ലാം ഉണ്ടാകുന്നത് തടയാന്‍ ഈ പരിഷ്കാരം സഹായിക്കും. കൂടുതല്‍ അളവിലുള്ള സ്ഥിരതയാര്‍ജ്ജ ഊര്‍ജ്ജം ക്യൂരിയോസിറ്റിയിലെ ഈ ന്യൂക്ലിയാര്‍ പവ്വര്‍ സ്റ്റേഷന്‍ പ്രദാനം ചെയ്യും.

ഇതു മാത്രമല്ല, മുന്‍ഗാമികളായ സ്പിരിറ്റിനും ഓപ്പര്‍ച്യുണിറ്റിക്കും അസൂയയുണര്‍ത്തും വിധമായിരിക്കും ചൊവ്വയിലേക്കുള്ള ക്യൂരിയോസിറ്റിയുടെ ഇറക്കം. സ്പിരിട്ടും ഓപ്പര്‍ച്യുണിറ്റിയും വഹിക്കുന്ന ലാന്‍ഡര്‍ വലിയ വായുനിറച്ച പന്തുപോലുള്ള ബാഗുകള്‍ക്കുള്ളിരുന്ന് ചൊവ്വയില്‍ ഇടിച്ചിറങ്ങുകയായിരുന്നു ചെയ്തത്. വായുനിറച്ച ബാഗായതിനാല്‍ ചൊവ്വയുടെ ഉപരിതലത്തില്‍ പല തവണ വീണ് ഉയര്‍ന്നു പൊന്തിയ ശേഷമാണ് അതിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ അവര്‍ക്ക് സാധിച്ചത്. വീഴ്ചയില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനാണ് എയര്‍ ബാഗുകള്‍ ഉപയോഗിച്ചത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി ക്യൂരിയോസിറ്റി എയര്‍ബാഗുകളുടെ സഹായമില്ലാതെയാണ് ചൊവ്വയിലിറങ്ങുക. 'സ്കൈ ക്രയിന്‍' എന്ന സംവിധാനമുപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. റോക്കറ്റുകള്‍ ഘടിപ്പിച്ച് ചൊവ്വയുടെ ഉപരിതലത്തിലേക്ക് പതിയേ ഇറങ്ങിവരുന്ന സംവിധാനമാണ് സ്കൈ ക്രയിന്‍. അതില്‍ നിന്നും കേബിളുകള്‍ വഴി തുക്കിയിട്ടിരിക്കുകയാണ് ക്യൂരിയോസിറ്റി. വളരെ സുരക്ഷിതമായ ലാന്‍ഡിംഗിന് ഇത് അവസരമൊരുക്കുന്നു.

(ക്യൂരിയോസിറ്റിയുടെ സുരക്ഷിതമായ ലാന്‍ഡിംഗ് - മുകളില്‍ സ്കൈ-ക്രയിന്‍ - ചിത്രകാരഭാന)

ചൊവ്വയില്‍ നിന്നും ലഭിക്കുന്ന ഓരോ വിവരങ്ങളേയും വിശകലനം ചെയ്യാന്‍ കൂടി ശേഷിയുള്ള ഉപകരണങ്ങളാണ് ക്യൂരിയോസിറ്റിയുടെ ആകര്‍ഷണീയത. ക്യൂരിയോസിറ്റിയിലുള്ള വിദൂരസംവേദന ഉപകരണങ്ങള്‍ ഉപയോഗിച്ച് ചുറ്റുമുള്ള ചൊവ്വാഉപരിതലത്തെ നിരീക്ഷിക്കുകയാണ് ക്യൂരിയോസിറ്റി ആദ്യം ചെയ്യുക. വിശകലനയോഗ്യമെന്ന് തോന്നിയാല്‍ പത്തുമീറ്ററോളം അകലെ നിന്നു പോലും പാറകളേയും മറ്റും പരിശോധിക്കാന്‍ ക്യൂരിയോസിറ്റിക്ക് കഴിയും. ലേസര്‍ ഉപയോഗിച്ച് ചൂടാക്കി പ്ലാസ്മ അവസ്ഥയിലാക്കുന്ന പാറയിലെ ഭാഗങ്ങളില്‍ നിന്നും അതിന്റെ രസതന്ത്രം വിശദമായി പഠിക്കുവാനും അവസരം ലഭിക്കും. ഇതില്‍ നിന്നും പാറയിലെ ഘടകങ്ങളെക്കുറിച്ച് അറിയാനും സാധിക്കും. ജൈവികസംയുക്തങ്ങളുടെ സാന്നിദ്ധ്യം ഉണ്ടെങ്കില്‍ മാത്രം കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇത് സഹായകരമാണ്.

ചൊവ്വയുടെ രസതന്ത്രത്തെക്കുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന APXS എന്ന ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ്-റേ സ്പെക്ട്രോമീറ്റര്‍, അതിസൂഷ്മ ഛായാഗ്രഹണം നടത്താന്‍ കഴിയുന്ന MAHLI എന്ന മാര്‍സ് ഹാന്‍ഡ് ലെന്‍സ് ഇമേജര്‍ തുടങ്ങിയവയും ക്യൂരിയോസിറ്റിയിലെ കൌതുകമുണര്‍ത്തുന്ന ഉപകരണങ്ങളാണ്. എന്തിനേറെ അന്തരീക്ഷത്തെ മണത്തു നോക്കി വിശകലനം ചെയ്യാനുതകുന്ന ഉപകരണങ്ങള്‍ വരെ ഈ പര്യവേഷണ വാഹനത്തിലുണ്ട്. അന്തരീക്ഷത്തിലെ വാതകങ്ങളുടെ സാന്നിദ്ധ്യമറിയുന്ന ഉപകരണമാണിത്. ജൈവസംയുക്തങ്ങള്‍ നിര്‍മ്മിക്കുന്ന മീഥൈന്‍ പോലുള്ള വാതകങ്ങളെ തിരിച്ചറിയാനാണ് ഈ ഉപകരണം.

ക്യൂരിയോസിറ്റി വറ്റാത്ത മനുഷ്യരുടെ പ്രതിനിധിയായാണ് കോടിക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയുടെ ഉപരിതലത്തിലേക്ക് ക്യൂരിയോസിറ്റി ചെന്നെത്തുന്നത്. അതു കൊണ്ടുതന്നെ മനുഷ്യന്റെ കുതൂഹലങ്ങള്‍ക്ക് മറുപടിയേകാന്‍ ഈ കുതൂഹലത്തിന് കഴിയും എന്ന പ്രത്യാശ നമുക്കുണ്ടായേ തീരൂ...