തീവലയത്തിനുള്ളിലെ ചന്ദ്രന് കേരളത്തിന്റെ ആകാശത്തും..
മനോഹരവും അപൂര്‍വ്വവുമായ ആകാശക്കാഴ്ചക്കാണ് ഈ വരുന്ന ജാനുവരി 15 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ജൂലായ് 22 ന് നടന്ന പൂര്‍ണ്ണസൂര്യഗ്രഹണത്തിന് ശേഷം വീണ്ടും കേരളത്തിലേക്ക് മറ്റൊരു സൂര്യഗ്രഹണം കൂടി. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ വലയസൂര്യഗ്രഹണം എന്ന പ്രതിഭാസമാണ് കേരളത്തിന്റെ ആകാശത്തിന് മുകളില്‍ അരങ്ങേറുന്നത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പൂര്‍ണ്ണമായ വലയസൂര്യഗ്രഹണവും മറ്റ് പ്രദേശങ്ങളില്‍ ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാവുക.
ഏതാണ്ട് 300 കിലോമീറ്റര്‍ വീതിയില്‍ ഉള്ള ഒരു നാടയിലൂടെയാണ് ഭൂമിയില്‍ ഈ വലയ സൂര്യഗ്രഹണം കടന്നു പോകുന്നത്. തെക്കന്‍ കേരളത്തിലുള്ളവരെ കൂടാതെ മധ്യ ആഫ്രിക്ക, മാലിദ്വീപ്, തമിഴ് നാടിന്റെ തെക്കന്‍ ഭാഗങ്ങള്‍, ശ്രീലങ്കയുടെ വടക്കന്‍ ഭാഗങ്ങള്‍, ബംഗ്ലാദേശ്, ബര്‍മ്മ, ചൈന തുടങ്ങിയവര്‍ക്കും പൂര്‍ണ്ണമായ വലയസൂര്യഗ്രഹണം ദൃശ്യമാകും. കിഴക്കന്‍ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ആണ് അനുഭവപ്പെടുന്നത്. ആഫ്രിക്കയിലെ കോംഗോയില്‍ ആരംഭിക്കുന്ന സൂര്യഗ്രഹണം ചൈനയില്‍ ആണ് അവസാനിക്കുന്നത്. 11 മിനിട്ടും 8 സെക്കന്റും ആണ് ഈ വലയഗ്രഹണത്തിന്റെ പരമാവധി ദൈര്‍ഘ്യം.
എന്തായാലും ഈ വലയഗ്രഹണം കാണാന്‍ മറക്കരുത്. കാരണം കേരളത്തില്‍ അടുത്ത വലയഗ്രഹണത്തിന് ഇനി 10 വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. 2019 ഡിസംബര്‍ 26 കേരളത്തിലെ അടുത്ത വലയഗ്രഹണം.
കേരളത്തിലെ സൂര്യഗ്രഹണം
കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പൂര്‍ണ്ണമായ വലയസൂര്യഗ്രഹണമാണ് അനുഭവപ്പെടുന്നത്. പരവൂര്‍, മരുതന്‍പള്ളി, വാളകം, ആയൂര്‍ ,അഞ്ചല്‍, പുനലൂര്‍,തുടങ്ങിയ കൊല്ലം ജില്ലയിലേയും തിരുവനന്തപുരം ജില്ലയിലേയും സ്ഥലങ്ങള്‍ക്ക് തെക്ക്ഭാഗത്തേക്ക് പൂര്ണ്ണവലയഗ്രഹണം അനുഭവപ്പെടും. ഈ പ്രദേശങ്ങള്‍ക്ക് വടക്കോട്ട് ഭാഗിക സൂര്യഗ്രഹണം മാത്രമാണ് അനുഭവപ്പെടുന്നത്. പൂര്‍ണ്ണമായ വലയ സൂര്യഗ്രഹണം കാണണമെങ്കില്‍ തിരുവനന്തപുരം ജില്ലയിലേക്ക് പോകേണ്ടി വരും.
ഗ്രഹണ സമയം
ആഫ്രിക്കക്ക് മുകളില്‍ സൂര്യനെ ചന്ദ്രന് മറയ്ക്കാന്‍ തുടങ്ങുമ്പോള്‍ ഇന്ത്യയില്‍ രാവിലെ 9.35AM കഴിഞ്ഞിട്ടുണ്ടാകും. പൂര്‍ണ്ണമായ വലയസൂര്യഗ്രഹണം ആരംഭിക്കുന്നത് 10.43AM ന് ആണ്. 11 മിനിട്ടും 8 സെക്കന്റും നീണ്ടു നില്ക്കുന്ന പരമാവധി ഗ്രഹണം നടക്കുമ്പോള്‍ ഇന്ത്യയില്‍ സമയം 12.37PM ആയിട്ടുണ്ടാകും. 2.29PM ന് പൂര്‍ണ്ണമായ വലയ സൂര്യഗ്രഹണവും 3.37PM ന് ഭാഗികഗ്രഹണവും അവസാനിക്കും.
പൂര്ണ്ണസൂര്യഗ്രഹണമായിരുന്നെങ്കില് അല്പം കിഴക്കുമാറി നില്ക്കുന്ന ശുക്രനെ കാണാമായിരുന്നു.
ഗ്രഹണം കേരളത്തില്‍
തിരിവനന്തപുരത്ത് 11.09 ന് ഗ്രഹണം ആരംഭിക്കും. 1.13 ഓടെ പൂര്‍ണ്ണമായ വലയഗ്രഹണം ആരംഭിക്കും. 1.17 ഓടെ പരമാവധി വലയഗ്രഹണം ദൃശ്യമാകും. 1.22 ഓടെ ചന്ദ്രന് സൂര്യബിംബത്തിന് പുറത്തേക്കുള്ള പ്രയാണം ആരംഭിക്കും. പത്ത് മിനിട്ടില്‍ താഴെ മാത്രമാണ് തിരുവന്തപുരത്തുകാര്‍ക്ക് പൂര്‍ണ്ണ വലയഗ്രഹണം ദൃശ്യമാകുന്നത്. 3.06PM ഓടെ ഗ്രഹണക്കാഴ്ചകള്‍ അവസാനിക്കും.
കേരളത്തില്‍ കൊച്ചിയില്‍ 11.10 AMനാണ് ഗ്രഹണം ആരംഭിക്കുന്നത്. ഏതാണ്ട് 1.16 PM ഓടെ പരമാവധി ഗ്രഹണം ദൃശ്യമാകും. 3.07 PM ഓടെ കൊച്ചിയിലെ ഗ്രഹണക്കാഴ്ചകള്‍ക്ക് വിരാമമാകും. ഭാഗികമായ ഗ്രഹണം മാത്രമാണ് കൊച്ചിയില്‍ ദൃശ്യമാകുന്നത്.
കോഴിക്കോട് 11.11 AM ഓടെ ഗ്രഹണം ആരംഭിക്കും. 1.15 ഓടെ പരമാവധി ഗ്രഹണം ദൃശ്യമാകും. 3.08PM ഓടെയാണ് കോഴിക്കോട് ഗ്രഹണം അവസാനിക്കുന്നത്.
| സ്ഥലം | തുടക്കം | പരമാവധി ഗ്രഹണം | അവസാനം |
| തിരുവനന്തപുരം | 11.09 AM | 1.17 PM | 3.06 PM |
| കൊച്ചി | 11.10 AM | 1.16 PM | 3.07 PM |
| കോഴിക്കോട് | 11.11 AM | 1.15 PM | 3.08 PM |
കേരളത്തിന്റെ ഗ്രഹണപാത ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.>> കേരളം-ഗ്രഹണപാത
എന്താണ് സൂര്യഗ്രഹണം
പ്രകൃതി പ്രതിഭാസങ്ങളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ചേര്‍ന്നാണ് ഈ കൌതുകക്കാഴ്ച ഒരുക്കുന്നത്. ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന് വരുമ്പോള്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുന്നു. നിഴല്‍ വീഴുന്ന പ്രദേശത്തുള്ളവര്‍ക്കാണ് സൂര്യഗ്രഹണം കാണാന്‍ കഴിയുന്നത്. ഇത് പൂര്‍ണ്ണമോ ഭാഗികമോ ആകാം. കറുത്തവാവ് ദിവസങ്ങളില്‍ മാത്രമാണ് സൂര്യഗ്രഹണം സംഭവിക്കുക. എല്ലാ വര്‍ഷവും രണ്ടു മുതല്‍ അഞ്ചു വരെ സൂര്യഗ്രഹണങ്ങള്‍ നടക്കാറുണ്ട്. ഇതില്‍ പരമാവധി രണ്ടെണ്ണം വരെ പൂര്‍ണ്ണസൂര്യഗ്രഹണം ആയേക്കാം എന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്.
വിവിധ തരം ഗ്രഹണങ്ങള്‍
- പൂര്‍ണ്ണസൂര്യഗ്രഹണം
ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യബിംബത്തിന്റെ വലിപ്പവും ചന്ദ്രബിംബത്തിന്റെ വലിപ്പവും തുല്യമായാണ് കാണപ്പെടുക. ഭൂമിയും ചന്ദ്രനും, ചന്ദ്രനും സൂര്യനും തമ്മിലുള്ള ദൂരങ്ങള്‍ തമ്മിലുള്ള യാദൃശ്ചികമായ കൃത്യത മൂലം ചില ഗ്രഹണങ്ങളില്‍ ഭൂമിയിലെ ചില ഭാഗങ്ങളില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന് സൂര്യനെ പൂര്‍ണ്ണമായി മറച്ചതായി കാണപ്പെടും. ഇതിനെ പൂര്‍ണ്ണ സൂര്യഗ്രഹണം (Total eclipse) എന്നു വിളിക്കുന്നു. പൂര്‍ണ്ണഗ്രഹണസമയത്ത് സൂര്യന്റെ അന്തരീക്ഷമായ കൊറോണ മാത്രമേ കാണാന്‍ കഴിയാറുള്ളു. പരമാവധി 7 മിനിട്ടും 31 സെക്കന്റുമാണ് ഇതിന്റെ ദൈര്‍ഘ്യം. ഇക്കഴിഞ്ഞ ജൂലായ് 22 ന് നടന്നത് ഒരു പൂര്‍ണ്ണസൂര്യഗ്രഹണമായിരുന്നു.
- ഭാഗിക സൂര്യഗ്രഹണം
- വലയസൂര്യഗ്രഹണം
അന്‍പത് പൈസയും വലയഗ്രഹണവും
നമ്മുടെ കണ്ണിന് മുന്നില്‍ പിടിച്ചിരിക്കുന്ന ഒരു അന്‍പത് പൈസ ഉപയോഗിച്ച് വളരെ അകലെയുള്ള കെട്ടിടങ്ങളെ പൂര്‍ണ്ണമായും നമുക്ക് മറയ്ക്കാന്‍ സാധിക്കും. അന്പത്പൈസ കണ്ണില്‍ നിന്നും അകത്തി പിടിച്ചാല്‍ പൈസക്ക് ചുറ്റുമായി കെട്ടിടങ്ങളുടെ ചില ഭാഗങ്ങള്‍ കാണുവാന്‍ സാധിക്കും. ഇതേ അവസ്ഥയിലാണ് വലയസൂര്യഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രന് ഭൂമിയില്‍ നിന്നും കൂടുതല്‍ അകലെ നില്ക്കുമ്പോള് ഉണ്ടാകുന്ന ഗ്രഹണങ്ങള്‍ അതു കൊണ്ടു തന്നെ വലയഗ്രഹണങ്ങളായിരിക്കും.
- ഹൈബ്രിഡ് സൂര്യഗ്രഹണം
ഗ്രഹണം കാണേണ്ടതെങ്ങിനെ?
സൂര്യനെ ഒരിക്കലും നഗ്നനേത്രങ്ങളാല്‍ നോക്കരുത്. കാഴ്ചക്ക് സ്ഥിരമോ ഭാഗികമോ ആയ തകരാറുകള്‍ സംഭക്കിക്കാന്‍ ഇത് കാരണമായേക്കാം. ഗ്രഹണ സമയത്ത് സൂര്യന്റെ കുറെ ഭാഗങ്ങള്‍ ചന്ദ്രന് മറയ്ക്കുകയാണ് ചെയ്യുക. ഗ്രഹണമില്ലാത്ത അവസ്ഥയില്‍ ഉള്ള അത്രയും പ്രകാശം ഗ്രഹണക്കാഴ്ച ലഭിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയില്ല. എങ്കില്‍ പോലും സൂര്യനെ നേരിട്ട് നോക്കുന്നത് അപകടകരമാണ്.
ഗ്രഹണം കാണാന്‍ പല വഴികളുമുണ്ട്. X-ray ഫിലിമുകളില്‍ കൂടി നോക്കാവുന്നതാണ്. എന്നാല്‍ ഒരു X-ray ഫിലിം മാത്രമായാല്‍ അത് കുഴപ്പം സൃഷ്ടിച്ചേക്കാം. കുറെയധികം ഫിലിമുകള്‍ ഒന്നിനു പുറകില്‍ ഒന്നായി അടുക്കി ആദ്യം ഒരു 100Watt ബള്‍ബിലേക്ക് നോക്കുക. ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വരേക്കും ഫിലിമുകള്‍ ഒന്നിനു പുറകില്‍ ഒന്നായി ചേര്‍ക്കണം. ഇത്തരം ഒരു സംവിധാനത്തിലൂടെ ഒരു വിധം നന്നായി ഗ്രഹണം കാണാവുന്നതാണ്. (ഇതും തീര്‍ത്തും സുരക്ഷിതമല്ല. കറുത്ത X-ray ഫിലിം തന്നെ ഉപയോഗിക്കണം)
വെല്‍ഡിംഗ് ഗ്ലാസിലൂടെ സൂര്യഗ്രഹണം കാണുന്നത് ഏറ്റവും അനുയോജ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ലഭ്യമാവില്ല എന്ന പ്രശ്നമുണ്ട്. സ്വന്തമായി സോളാര്‍ ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. തോരണങ്ങള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ പേപ്പര്‍ (വെള്ളി പോലെ തിളങ്ങുന്നത്) ഒരു ഷീറ്റ് മേടിക്കുക. ഈ ഷീറ്റിലുള്ള പദാര്‍ത്ഥം സോളാര്‍ ഫില്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കും. മൂന്നോ നാലോ പാളികള്‍ ഒരുമിച്ച് ചേര്‍ത്ത് വേണം ഫില്‍ട്ടര്‍ നിര്‍മ്മിക്കുവാന്‍. ഒരു 100W ബല്‍ബിലേക്ക് സില്‍വര്‍ പേപ്പറിന്റെ ഒരു പാളിയിലൂടെ നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. മൂന്നോ നാലോ പാളികള്‍ ആകുമ്പോഴേക്കും ഈ അവസ്ഥ എത്തിയിട്ടുണ്ടാകും. ഇതിലൂടെ ഗ്രഹണം കാണാവുന്നതാണ്. ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. ചാര്‍ട്ട് പേപ്പറും റബര്‍ബാന്‍ഡുകളും ഉപയോഗിച്ച് കണ്ണട നിര്‍മ്മിക്കാവുന്നതാണ്.
ഏറ്റവും സുരക്ഷിതമായ മറ്റൊരു വിദ്യ.
ഒരു കണ്ണാടി എടുക്കുക. അതേ വലിപ്പത്തില്‍ ഒരു കട്ടിക്കടലാസും മുറിച്ചെടുക്കണം. കട്ടിക്കടലാസിന്റെ നടുക്ക് 5mm വ്യാസം വരുന്ന ഒരു സുഷിരം ഇടണം. അത് കണ്ണാടിക്ക് മുന്പില് ഒട്ടിക്കുക. സൂര്യപ്രകാശം കണ്ണാടിക്കു മുന്‍പിലുള്ള ചെറിയ സുഷിരത്തില്‍ നിന്നും പ്രതിഫലിപ്പിച്ച് ഒരു ഭിത്തിയില്‍ പതിപ്പിക്കുക. ഇത് സൂര്യന്റെ പ്രതിബിംബമാണ്. സൂര്യഗ്രഹണം മുഴുവന്‍ ഇതിലൂടെ കാണാവുന്നതാണ്.
ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണിത്.
ടെലിസ്കോപ്പ് ഉപയോഗിച്ച് എങ്ങിനെ ഗ്രഹണം കാണാം?
ടെലിസ്കോപ്പ്, ബൈനോക്കുലര്‍ തുടങ്ങിയ ഉപകരണങ്ങളിലൂടെ നേരിട്ട് സൂര്യനെ നോക്കുന്നത് അത്യന്തം അപകടകരമാണ്. എന്നാല്‍ പ്രൊജക്ഷന് രീതിയിലൂടെ ടെലിസ്കോപ്പ് ഉപയോഗിച്ച് ഗ്രഹണം ദര്‍ശിക്കാം. ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പരിപാടിയിലൂടെ കേരളത്തിലെ നിരവധി കുട്ടികള്‍ സ്വന്തമായി ടെലിസ്കോപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. പ്രൊജക്ഷന് രീതിക്ക് ഈ ടെലിസ്കോപ്പുകള് ഉപയോഗിക്കാവുന്നതാണ്. ടെലിസ്കോപ്പ് ഒരു സ്റ്റാന്‍ഡില്‍ ഉറപ്പിക്കണം. തുടര്‍ന്ന് ടെലിസ്കോപ്പിന്റെ ഒബ്ജക്റ്റീവ് ലെന്‍സ് സൂര്യന് അഭിമുഖമായി തിരിക്കുക.
യാതൊരു കാരണവശാലും ഈ സമയത്ത് ഐപീസിലൂടെ നേരിട്ട് നോക്കുവാന്‍ പാടുള്ളതല്ല.
ഐപീസില്‍ നിന്നും വരുന്ന സൂര്യപ്രകാശം ഒരു വെളുത്ത കടലാസില്‍ വീഴ്ത്തുക. ഐപീസും ഒബ്ജക്റ്റീവും തമ്മിലുള്ള അകലം വ്യതിയാനപ്പെടുത്തി സൂര്യന്റെ വളരെ വ്യക്തമായ ഒരു പ്രതിബിംബം കടലാസില്‍ പതിപ്പിക്കാവുന്നതാണ്. കടലാസും ഐപീസും തമ്മില്‍ ഉള്ള അകലം കൂടുതലായിരിക്കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ വലിയ പ്രതിബിംബം ലഭിക്കാന്‍ ഇത് സഹായിക്കും. സൂര്യനിലെ കറുത്തപൊട്ടുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൌരകളങ്കങ്ങള്‍ കാണാനും ഇതേ രീതി പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടുതല്‍ വിലയേറിയ ടെലിസ്കോപ്പുകളില്‍ സൂര്യനിരീക്ഷണത്തിനായി പ്രത്യേകം ഫില്‍ട്ടര്‍ സംവിധാനങ്ങള്‍ ഉണ്ട്. കേരളത്തിലെ ബി.ആര്.സി കളില്‍ ലഭിച്ചിട്ടുള്ള ടെലിസ്കോപ്പുകളില്‍ ചിലതില്‍ ഇത്തരം സംവിധാനങ്ങള്‍ ഉണ്ട്. ഈ ടെലിസ്കോപ്പുകളും ഗ്രഹണം നിരീക്ഷിക്കാനായി പ്രയോജനപ്പെടുത്താവുന്നതാണ്.
ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള പ്രൊജക്ഷന് രീതി ഏറ്റവും സുരക്ഷിതമാണ്. എന്നാല്‍ ഒരു സമയത്തുപോലും ടെലിസ്കോപ്പിലൂടെ നേരിട്ട് സൂര്യനെ നോക്കുവാന്‍ പാടുള്ളതല്ല. അധ്യാപകരുടെ സഹായത്തോടെ വേണം സ്കൂളുകളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍.
കേരളത്തിലെ അടുത്ത ഗ്രഹണങ്ങള്‍
2016 മാര്‍ച്ച് 9 - ഭാഗികഗ്രണം മാത്രം. ഉദയസമയത്ത് കാണാം. ഗ്രഹണസമയവും കുറവായിരിക്കും. കേരളത്തില്‍ മുഴുവന്‍ ദൃശ്യമാവും.
2019 ഡിസംബര്‍ 26 വലയഗ്രഹണം - വടക്കന്‍ ജില്ലകളില്‍ പൂര്‍ണ്ണ വലയ ഗ്രഹണം. തെക്കോട്ട് ഭാഗികഗ്രഹണം. ഇന്ത്യയില്‍ ഭൂരിഭാഗം ഇടങ്ങളിലും ഭാഗികം
2020 ജൂണ്‍ 21 - വലയഗ്രഹണം ആണ്. കേരളത്തില്‍ ഭാഗികഗ്രഹണം മാത്രം. ഇന്ത്യയുടെ വടക്കന്‍ ജില്ലകളില്‍ ചിലയിടത്ത് പൂര്‍ണ്ണ വലയഗ്രഹണം ദൃശ്യമാവും.
2022 ഒക്റ്റോബര്‍ 25 ഇന്ത്യയില്‍ മുഴുവന്‍ ഭാഗത്തും ഭാഗിക ഗ്രഹണം. കേരളത്തില്‍ വളരെക്കുറച്ചു മാത്രം മറയുന്നു. വടക്കന്‍ ജില്ലകളില്‍ അല്പം കൂടുതല്‍ ആയിരിക്കും.
2027 ആഗസ്റ്റ് 2 പൂര്‍ണ്ണഗ്രഹണം. ഇന്ത്യയില്‍ ഭാഗികഗ്രഹണം മാത്രം. കേരളം മുഴുവന്‍ ഭാഗികഗ്രഹണം കാണാം.
2028 ജൂലായ് 22 പൂര്‍ണ്ണസൂര്യഗ്രഹണം. ഇന്ത്യയില്‍ ഭാഗികം മാത്രം. കേരളത്തിലും ഭാഗികഗ്രഹണം കാണാം. ഉദയസൂര്യന് ഗ്രഹണസൂര്യനായിരിക്കും.
2031 മേയ് 21 വലയഗ്രഹണം കേരളത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായും കാണാം.
സൂര്യഗ്രഹണം -തെറ്റായ ധാരണകള്‍
സൂര്യഗ്രഹണം അപൂര്‍വ്വമായതു കൊണ്ടു തന്നെ പ്രാചീനര്‍ ഈ പ്രകൃതി പ്രതിഭാസത്തെ വളരെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. ആ കാലഘട്ടത്തിനനുസൃതമായ പലതരം വിശ്വാസങ്ങളും അന്ന് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഉടലെടുത്തിരുന്നു. സൂര്യഗ്രഹണം ഒരു ദുഃശകുനമായാണ് മിക്ക സംസ്കൃതികളും കണ്ടിരുന്നത്. സൂര്യഗ്രഹണത്തിന്റെ അടിസ്ഥാനം തിരിച്ചറിഞ്ഞതോടെ ഇത്തരം വിശ്വാസങ്ങള്‍ കുറഞ്ഞു തുടങ്ങി. ഇന്നും ഇത്തരം വിശ്വാസങ്ങള്‍ വിരളമല്ല. ഗ്രഹണസമയത്ത് സൂര്യനെ വിഴുങ്ങിയ പാമ്പിനെ ഓടിക്കാന്‍ വൃഥാ പയറ്റിയ നിരവധി രസകരങ്ങളായ അന്ധവിശ്വാസങ്ങളും ആചാരങ്ങളും പഴമക്കാരോട് ചോദിച്ചാല്‍ മനസ്സിലാകും.
സൂര്യഗ്രഹണ സമയത്ത് അപകടകരമായ രശ്മികള്‍ ഭൂമിയില്‍ എത്തിച്ചേരും എന്നൊക്കെ ഇക്കാലത്തും പലരും പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സൂര്യഗ്രഹണസമയത്ത് സൂര്യനില്‍ നിന്നുള്ള രശ്മികള്‍ തടയപ്പെടുകയാണ് ചെയ്യുന്നത്. ഒരു കാര്‍മേഘം വന്ന് സൂര്യനെ മറയ്ക്കുന്നതും ഒരു ഗ്രഹണം തന്നെയാണ്. നാം വീടിനുള്ളില്‍ കയറുമ്പോഴും കുടപിടിക്കുമ്പോഴും എല്ലാം സംഭവിക്കുന്നത് സൂര്യഗ്രഹണം തന്നെയാണ്. ചന്ദ്രന് സൂര്യനെ മറയ്ക്കുമ്പോള്‍ നിഴലിന് വിസ്തൃതി അല്പം കൂടുതലായിരിക്കും എന്നു മാത്രം.
അതു കൊണ്ട് ഗ്രഹണം കാണാന്‍ മറക്കരുത്. കാരണം ജീവിതത്തില്‍ വളരെയധികം പ്രാവശ്യം നേരിട്ടു കാണാന്‍ കഴിയുന്ന ഒരു പ്രതിഭാസമല്ല സൂര്യഗ്രഹണം. ആ അപൂര്വ്വകാഴ്ചയെ സൌഹൃദപൂര്‍വ്വം നെഞ്ചിലേറ്റുക....





Comments
Please reply me in-case of any issues regarding using your post in mail groups.
canishk [at] gmail [dot] com
നന്ദി...
ഈ പോസ്റ്റി ലേക്കുള്ള ലിങ്കും ചില്ലറ വിവരങ്ങളും മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം കടമെടുക്കുന്നു...
പണങ്ങില്ലലോ......
അതോരു പോസ്റ്റാക്കി ഇവിടെ ചേര്‍ക്കുന്നു....
http://ghsmanjoor.blogspot.com/2010/01/blog-post_14.html
അറിവ് പങ്കുവയ്ക്കലല്ലേ എല്ലാ പോസ്റ്റുകളുടേയും ലക്ഷ്യം...
പിണക്കമല്ല, തീര്‍ച്ചയായും സന്തോഷമേ ഉള്ളൂ...
അഭിവാദ്യങ്ങള്‍ !!!
‘ഗ്രഹണത്തിന് ഞാഞ്ഞൂലും..’ എന്നത് അന്വര്‍ത്ഥമാക്കാന്‍ പത്തുപൈസവിവരമില്ലാത്ത കിഴങ്ങുകളെക്കൊണ്ട് പത്രങ്ങള്‍ പോലും അന്ധവിശ്വാസങ്ങളെ എഴുതിച്ച് ആഘോഷിക്കുമ്പോള്‍ ഇതു പോലൊരു പോസ്റ്റ് കാണുന്നതേ ആശ്വാസമാണ്.
കമന്റുകള്‍ക്ക് നന്ദി...
ഗ്രഹണസമയത്ത് 50 ലക്ഷത്തിലേറെ കുട്ടികളും മറ്റുള്ളവരും എല്ലാം ഭക്ഷണം കഴിച്ചു!!. മാറ്റം വരുന്നുണ്ട്..ബന്ദായി മാറിയ സൂര്യഗ്രഹണ ദിനങ്ങളില്‍ നിന്നും വലിയ ഒരു മാറ്റം...
ഇതിനായി ചിലവഴിച്ച സമയം വൃഥാവിലല്ല..
തികച്ചും ഉപകാരപ്രദം!
താങ്ക്സ്
നന്ദി..
താരകന്, മരങ്ങളുടെ നിഴല്‍ ഉണ്ടാക്കിയ ഗ്രഹണം അടുത്ത പോസ്റ്റില്‍ കാണാം. ഒപ്പം കുട്ടികളുടെ ആവേശവും...
താരകന്റെ അഭിപ്രായം കൂടെ വായിച്ചപ്പോള്‍ ഒരു നിരാശ തോന്നുന്നു. അപ്പറഞ്ഞ സൂര്യകലകള്‍ ഒന്ന് കാണണമെന്ന് എന്തോ ഒരു വല്ലാത്ത ആഗ്രഹം.
നന്ദി..
പിന്നെ ആ കലകള്‍.. ഓലപ്പുരയ്ക്കുള്ളിലെ കലകള്‍ അല്ലെങ്കിലും സ്കൂള്‍മുറ്റത്തെ ഗ്രഹണം കാണാന്‍ അടുത്ത പോസ്റ്റ് നോക്കൂ...
വളരെ നിസ്സരമാക്കിക്കളഞ്ഞല്ലൊ.
സൂര്യഗ്രഹണ ദിവസം രണ്ട് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം ടി.വി.യിൽ കേട്ടത് ഇവിടെ ചേർക്കാം. ഗ്രഹണസമയത്തെ അന്തരീക്ഷത്തിൽ മനുഷ്യന് ദോഷം ചെയ്യുന്ന എന്തെങ്കിലും ഘടകങ്ങൾ ഉണ്ടോ എന്നതായിരുന്നു ചോദ്യം. സൂര്യൻ മറഞ്ഞിരിക്കുന്നതുകൊണ്ട്, സൂര്യനിൽ നിന്നും ഉത്ഭവിക്കുന്ന ദോഷം ചെയ്യുന്ന രശ്മികൾ ഭൂമിയിൽ പതിക്കുന്നത് കുറവായിരിക്കും. അതുകൊണ്ട് ദോഷം കുറവായിരിക്കും എന്നാണ് ഒരു ശാസ്ത്രജ്ഞൻ പറഞ്ഞത്.
വേറൊരു ശാസ്ത്രജ്ഞൻ പറഞ്ഞത്; സൂര്യരശ്മികളാണ് ഭൂമിയിലെ ജീവജാലങ്ങൾക്ക് ശക്തി പകരുന്നതും അന്തരീക്ഷം ശുദ്ധിചെയ്യുന്നതും. അതുകൊണ്ട് സൂര്യരശ്മി പതിക്കുന്നത് കുറയുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഇനിയും പഠിക്കാനുണ്ട് എന്നാണ്.
ആശംസകൾ
നന്ദി..
പാര്ത്ഥന്,
ഏതു ശാസ്ത്രജ്ഞരാണ് എന്ന് വിശദമാക്കാമോ?
പിന്നെ വെറും 300 കിലോമീറ്റര്‍ വ്യാസത്തില്‍ മാത്രമാണ് ചന്ദ്രന്റെ പൂര്ണ്ണനിഴല് ഭൂമിയില്‍ വീഴുന്നത്. അതും പൂര്‍ണ്ണഗ്രഹണ സമയത്ത്. ബാക്കി എല്ലാ സമയത്തും ചന്ദ്രന്റെ ഉപനിഴലില് മാത്രമാണ് ഭൂമി.
രാത്രി സമയത്ത് ഭൂമിയുടെ ഒരു പകുതി ഭാഗത്തു തന്നെ സൂര്യപ്രകാശം ലഭ്യമാവുന്നില്ല. ആ സമയം അപ്പോള്‍ എത്രത്തോളം അപകടം ഉണ്ടാവും എന്നു നോക്കൂ...
എന്നിട്ട് എന്തെങ്കിലും ഉണ്ടാകുന്നുണ്ടോ? അതുമില്ല.
സൂര്യഗ്രഹണസമയം നിരവധി പഠനങ്ങള്‍ നടത്താന്‍ കഴിയും. അത് പൂര്‍ണ്ണസൂര്യഗ്രഹണ സമയത്താണ് കൂടുതല്‍ നല്ലത്. അതിനപ്പുറത്തേക്ക് ഈ പ്രതിഭാസത്തെ കാണുന്നത് അമിതമായ ഭയാശങ്കകള്‍ ജനങ്ങളിലുണ്ടാക്കാനേ ഉപകരിക്കൂ..
രാഹുവും കേതുവും ഒക്കെയായി സൂര്യഗ്രഹണത്തെ വിശദീകരിക്കുന്നതു കൊണ്ട് കുഴപ്പമില്ല. രണ്ടും വെറും നിഴല്സ്ഥാനങ്ങള് മാത്രം. സൂര്യഗ്രഹണം എന്നുണ്ടാകും എന്ന് കണ്ടെത്താനൊക്കെ രാഹു-കേതു സങ്കല്‍പ്പം സഹായിക്കും. പക്ഷേ അതിനേക്കാളേറെ മികച്ച രീതിയില്‍ സൂര്യഗ്രഹണം പ്രവചിക്കാനും കൃത്യമായ സമയദൈര്‍ഘ്യം കണക്കാക്കാനുമൊക്കെ ഇന്ന് നമുക്ക് ആധുനികരീതിയില്‍ കഴിയും.
രാഹുവിനേയും കേതുവിനേയും വിശ്വാസങ്ങളുമായി കൂട്ടിയിണക്കുന്നതാണ് അപകടം വരുത്തുന്നത്. അത് തീര്‍ച്ചയായും അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുക തന്നെ ചെയ്യും.
പിന്നെ ആ പറഞ്ഞവരെ ശാസ്ത്രജ്ഞരാണ് എന്ന് വിളിക്കുന്നത് എത്രത്തോളം അഭികാമ്യമാണ് എന്ന് കൂടി നോക്കണം!!!
-----------------------------
രാഹുവും കേതുവും ഒക്കെയായി സൂര്യഗ്രഹണത്തെ വിശദീകരിക്കുന്നതു കൊണ്ട് കുഴപ്പമില്ല. രണ്ടും വെറും നിഴല്സ്ഥാനങ്ങള് മാത്രം.
താങ്കൾ ഈ പറഞ്ഞതുതന്നെ ജ്യോതിഷ ഭാഷയുടെ അത്ര ശാസ്ത്രീയത ഇല്ല. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ദൃഷ്ടി (നോട്ടം) എന്നു പറയും. രാഹുകേതുക്കളുടെ കാര്യം പറയുമ്പോൾ ദൃഷ്ടിയില്ല എന്നു പറയും, അപ്പോൾ അതിന് നിഴലും ഇല്ല.
കഥകൾ കാര്യങ്ങൾ മനസ്സിലാക്കാനുള്ള എളുപ്പവഴികൾ മാത്രമാണ്.
(പരസ്പരം ഖണ്ഡിക്കുന്നു എന്നുള്ളത് നമ്മുടെ തോന്നല്‍ മാത്രമാണ് എന്നുള്ളത് വേറേ കാര്യം. 15 കോടി കി.മി യും നാലു ലക്ഷം കി.മി യും...)
രാഹുകേതുക്കൾ എന്താണെന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്റ് ഷിജു അലക്സിന്റെ ഉണ്ടായിരുന്നത് കണ്ടിരുന്നോ ? കാണാത്തവർക്കുവേണ്ടി ലിങ്ക് ഇവിടെ.