Saturday, May 29, 2010

ഫോണ്‍ വിളിക്കാന്‍ അയിഷ റെഡിയാണ്...

അയിഷയുടെ ഫോണ്‍യന്ത്രം

അയിഷയുടേയും കൂട്ടുകാരന്‍ ബാബുവിന്റേയും വരവു കണ്ടാലറിയാം ഇന്നും എന്തിനോ ഉള്ള പുറപ്പാടാണെന്ന്. വന്ന വഴി അവര്‍ പുറത്തെടുത്തത് രണ്ട് സ്പീക്കറുകളായിരുന്നു. "ഇതെവിടുന്നാ ഈ സ്പീക്കറുകള്‍?" അമ്മയാണ് ആദ്യം ചോദിച്ചത്. "പഴയ നമ്മുടെ ടേപ്പ് റെക്കോര്‍ഡര്‍ നന്നാക്കാന്‍ കൊടുത്തിരുന്നില്ലേ, നിഷച്ചേച്ചിയുടെ കയ്യില്‍. അതിനി ശരിയാവില്ല എന്നു പറഞ്ഞു. അതിന്റെ സ്പീക്കര്‍ രണ്ടെണ്ണവും ഞങ്ങള്‍ ചേച്ചിയെക്കൊണ്ട് ഊരിയെടുപ്പിച്ചതാ". "അതിരിക്കട്ടെ ഇനി എന്താ ഇതുവച്ചുള്ള പരിപാടി?" ദോശയുടെ ചട്ടുകവും പിടിച്ച് അച്ഛന്റെ ചോദ്യം. "ഞാന്‍ ഫോണ്‍ ചെയ്യുമ്പോഴൊക്കെ ഫോണ്‍ കാശ് കൂടും ഫോണ്‍ കാശ് കൂടും എന്നും പറഞ്ഞ് സമ്മതിക്കാറില്ലല്ലോ.. ഇനി നോക്കിക്കോ ഞങ്ങള്‍ ഇതും വച്ച് ഫോണുണ്ടാക്കാന്‍ പോകുവാ." കുട്ടിത്തത്വത്തിന്റെ വാശിയോടുകൂടി തന്നെ അയിഷ പറഞ്ഞു. പരസ്പരം നോക്കി പുഞ്ചിരിച്ച് , ഫോണ്‍ ഉണ്ടാക്കിക്കഴിയുമ്പോ വിളിക്കണേ എന്നും പറഞ്ഞ് അമ്മയും അച്ഛനും അടുക്കളയിലേക്ക് നടന്നു. ബാബുവും അയിഷയും കൂടി തങ്ങളുടെ പണിയാരംഭിച്ചു. അതു വരെ അവിടെ കളിച്ചു കൊണ്ടിരുന്ന കുഞ്ഞനിയന്‍ എന്തൊക്കയോ സംഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി പതിയേ കൌതുകത്തോടെ അവരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. അകത്തെ മുറിയില്‍പ്പോയി തന്റെ പെട്ടിയില്‍ നിന്ന് അല്പം നീളമുള്ള രണ്ടു വയറും എടുത്ത് അയിഷ തിരിച്ചുവന്നു. ബാബു ശ്രദ്ധാപൂര്‍വ്വം വയറുകള്‍ ഉപയോഗിച്ച് സ്പീക്കറുകളെ പരസ്പരം കണക്റ്റ് ചെയ്തു. ഒരു സ്പീക്കറുമായി അയിഷയും മറ്റേതുമായി ബാബുവും രണ്ടു മുറികളിലേക്ക് പോയി നിന്നു. ബാബു സ്പീക്കര്‍ വായോട് ചേര്‍ത്ത് വച്ച് "ഹലോ കേള്‍ക്കുന്നുണ്ടോ" എന്നൊരു ചോദ്യം. അയിഷ സ്പീക്കര്‍ ചെവിയോട് ചേര്‍ത്ത് വച്ചിരിക്കുകയായിരുന്നു. "ഹേയ് കേള്‍ക്കുന്നുണ്ടേ.. ഫോണ്‍ ശരിയായേ... " അവളുടെ ആഹ്ലാദം അല്പം ഉറക്കെത്തന്നെയാണ് പുറത്തുവന്നത്. ഇത്രയുമായപ്പോഴേക്കും അമ്മയും അച്ഛനും അവരുടെ സൂത്രം കാണാന്‍ അരികിലെത്തി. പരസ്പരം സംസാരിച്ചുനോക്കിയ ശേഷം അമ്മ പറഞ്ഞു "ഇതു കൊള്ളാല്ലോ.. ഓരോരോ സൂത്രങ്ങളേ.." "മിടുമിടുക്കര്‍ " അച്ഛനും അവരെ അഭിനന്ദിക്കാതിരിക്കാനായില്ല. അനിയനേയും അമ്മയേയും അച്ഛനേയും ഒക്കെ കേള്‍പ്പിച്ച് കുറേ നേരം 'ഫോണില്‍' സംസാരിച്ചിട്ടും തീരാത്ത കൌതുകം ദോശയുടെ മണമടിച്ചതോടെയാണ് അയിഷ അവസാനിപ്പിച്ചത്. സ്പീക്കറുകള്‍ താഴെവച്ച് ബാബുവിനേയും കൂട്ടി അയിഷ അടുക്കളയിലേക്കോടി. വിശപ്പും തീര്‍ത്ത് അനിയനായി രണ്ട് ദോശയുമെടുത്താണ് ബാബുവും അയിഷയും പൂമുഖത്തേക്ക് തിരിച്ചു വന്നത്. പക്ഷേ സ്പീക്കറുകള്‍ കൊണ്ട് ഇലത്താളം കൊട്ടുന്ന അനിയനെ കണ്ട് അന്തം വിട്ടു നില്‍ക്കാനേ ഇരുവര്‍ക്കും കഴിഞ്ഞുള്ളൂ..


അയിഷയുടെ പഴയ ചില കുസൃതികള്‍
http://kizhakkunokkiyandram.blogspot.com/2007/11/blog-post_12.html
http://kizhakkunokkiyandram.blogspot.com/2008/10/blog-post_23.html
(താത്പര്യമുള്ളവര്‍ക്ക് ഒരു രേഖാചിത്രം)

Sunday, May 23, 2010

പരീക്ഷാഫലങ്ങളിലെ ലിംഗവിവേചനം ?

എസ്.എസ്.എല്‍.സി ഫലം, ഹയര്‍സെക്കന്ററി ഫലം, ബിരുദ ഫലം, എന്‍ട്രന്‍സ് ഫലം ഇതെല്ലാം ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു. കുട്ടിക്കാലം മുതല്‍ക്കേ കേള്‍ക്കുന്ന വാര്‍ത്തകളാണിവ. വളരെ ആവേശത്തോടെയാണ് ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോഴെല്ലാം ഈ വാര്‍ത്തകള്‍ വായിക്കുന്നത്. അന്ന് പരീക്ഷാഫലങ്ങളുടെ തലക്കെട്ടുകള്‍ ഇങ്ങിനെയാണ് വരാറ്. "പരീക്ഷാഫലം പ്രഖ്യാപിച്ചു. പെണ്‍കുട്ടികള്‍ ആദ്യറാങ്കുകള്‍ കരസ്ഥമാക്കി, ആണ്‍കുട്ടികള്‍ പിന്നില്‍" എന്‍ട്രന്‍സ് പോലുള്ളവയില്‍ അതിങ്ങനെയും ആയിരിക്കും. "റിസല്‍ട്ട് പ്രഖ്യാപിച്ചു. ആദ്യനൂറില്‍ ഭൂരിഭാഗവും ആണ്‍കുട്ടികള്‍." ഇതേ തലക്കെട്ടുകള്‍ ഇന്നും തുടരുന്നു. സ്ത്രീപുരുഷ വിവേചനങ്ങളുടെ അടിസ്ഥാനങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം തലക്കെട്ടുകള്‍ എന്നത് ആരും തിരിച്ചറിയുന്നില്ല. സ്കൂളിലെ കുട്ടികളെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി വേര്‍തിരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ചെറിയ ക്ലാസുകള്‍ മുതലേ ഞങ്ങളെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്. ക്ലാസിലെ സഹപാഠികളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ പരസ്പരം വാചകങ്ങള്‍ കൊണ്ടുള്ള തല്ലുപിടികള്‍ക്ക് ഈ വാര്‍ത്തകള്‍ എന്നും പ്രേരണയായിരുന്നു. അധ്യാപകരും സമൂഹവും പെണ്‍കുട്ടികളെന്നും ആണ്‍കുട്ടികളെന്നും വേര്‍തിരിച്ച ഞങ്ങളില്‍ ഈ വേര്‍തിരിവ് കൂടുതല്‍ ശക്തമാക്കാന്‍ ഈ വാര്‍ത്തകള്‍ കാരണമായിട്ടുണ്ട്. ലിംഗവിവേചനത്തിന് നല്ല വളമായിരുന്നു ഈ വാര്‍ത്തകള്‍.

പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ വരവും മറ്റും പെണ്‍കുട്ടികള്‍ എന്നും ആണ്‍കുട്ടികള്‍ എന്നു ഉള്ള വേര്‍തിരിവിനെ അല്പമെങ്കിലും കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. പക്ഷേ മാധ്യമങ്ങളുടെ വിവേചനങ്ങള്‍ ഇന്നും വാര്‍ത്തകളിലൂടെ തുടരുന്നു. പരീക്ഷയെഴുതിയത് കുട്ടികളാണ്. ഇത്ര ശതമാനം പേര്‍ യോഗ്യത നേടി എന്ന് പൊതുവായി പറഞ്ഞാല്‍ അത് മനസ്സിലാക്കാം. പക്ഷേ പെണ്‍കുട്ടികള്‍ മുന്നില്‍ ആണ്‍കുട്ടികള്‍ മുന്നില്‍ എന്ന രീതിയിലുള്ള ഈ വാര്‍ത്തകള്‍ ആര്‍ക്ക് വേണ്ടിയാണ് ? ഇതു കൊണ്ട് ആര്‍ക്കാണ് പ്രയോജനം?
റിസല്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ ഹിന്ദുക്കള്‍ മുന്നില്‍, ക്രിസ്ത്യാനികള്‍ മുന്നില്‍ ഇസ്ലാമുകള്‍ മുന്നില്‍ എന്ന രീതിയില്‍ വാര്‍ത്ത വന്നാല്‍ സാമുദായികപരമായി സംഭവിക്കാവുന്നതിനേക്കാള്‍ കൂടിയ വിവേചനമാണ് ഇവിടെ ലിംഗവിവേചനത്തിന്റെ രൂപത്തില്‍ സംഭവിക്കുന്നത്.
റിസല്‍ട്ടിന്റെ വാര്‍ത്താശൈലി മാറ്റിയതു കൊണ്ട് മാത്രം ലിംഗസമത്വം കൈവരിക്കും എന്നൊന്നും പറയുന്നില്ല. പക്ഷേ പരീക്ഷയെഴുതുന്നത് പെണ്‍കുട്ടികളും ആണ്‍കുട്ടികളുമല്ല മറിച്ച് കുട്ടികളാണെന്ന് തിരിച്ചറിയാന്‍ സമൂഹത്തിന് കഴിയണം എന്നേ ആഗ്രമുള്ളൂ. ഞങ്ങളാണ് പരീക്ഷയെഴുതിയത് എന്ന് നമ്മുടെ കുട്ടികള്‍ക്ക് തോന്നാന്‍ ഒരു മാറ്റം സഹായിക്കും, അത്രമാത്രം.