അയിഷയുടെ ഫോണ്‍യന്ത്രം
അയിഷയുടേയും കൂട്ടുകാരന് ബാബുവിന്റേയും വരവു കണ്ടാലറിയാം ഇന്നും എന്തിനോ ഉള്ള പുറപ്പാടാണെന്ന്. വന്ന വഴി അവര്‍ പുറത്തെടുത്തത് രണ്ട് സ്പീക്കറുകളായിരുന്നു. "ഇതെവിടുന്നാ ഈ സ്പീക്കറുകള്‍?" അമ്മയാണ് ആദ്യം ചോദിച്ചത്. "പഴയ നമ്മുടെ ടേപ്പ് റെക്കോര്‍ഡര്‍ നന്നാക്കാന്‍ കൊടുത്തിരുന്നില്ലേ, നിഷച്ചേച്ചിയുടെ കയ്യില്‍. അതിനി ശരിയാവില്ല എന്നു പറഞ്ഞു. അതിന്റെ സ്പീക്കര്‍ രണ്ടെണ്ണവും ഞങ്ങള്‍ ചേച്ചിയെക്കൊണ്ട് ഊരിയെടുപ്പിച്ചതാ". "അതിരിക്കട്ടെ ഇനി എന്താ ഇതുവച്ചുള്ള പരിപാടി?" ദോശയുടെ ചട്ടുകവും പിടിച്ച് അച്ഛന്റെ ചോദ്യം. "ഞാന്‍ ഫോണ്‍ ചെയ്യുമ്പോഴൊക്കെ ഫോണ്‍ കാശ് കൂടും ഫോണ്‍ കാശ് കൂടും എന്നും പറഞ്ഞ് സമ്മതിക്കാറില്ലല്ലോ.. ഇനി നോക്കിക്കോ ഞങ്ങള്‍ ഇതും വച്ച് ഫോണുണ്ടാക്കാന്‍ പോകുവാ." കുട്ടിത്തത്വത്തിന്റെ വാശിയോടുകൂടി തന്നെ അയിഷ പറഞ്ഞു. പരസ്പരം നോക്കി പുഞ്ചിരിച്ച് , ഫോണ്‍ ഉണ്ടാക്കിക്കഴിയുമ്പോ വിളിക്കണേ എന്നും പറഞ്ഞ് അമ്മയും അച്ഛനും അടുക്കളയിലേക്ക് നടന്നു. ബാബുവും അയിഷയും കൂടി തങ്ങളുടെ പണിയാരംഭിച്ചു. അതു വരെ അവിടെ കളിച്ചു കൊണ്ടിരുന്ന കുഞ്ഞനിയന് എന്തൊക്കയോ സംഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി പതിയേ കൌതുകത്തോടെ അവരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. അകത്തെ മുറിയില്‍പ്പോയി തന്റെ പെട്ടിയില്‍ നിന്ന് അല്പം നീളമുള്ള രണ്ടു വയറും എടുത്ത് അയിഷ തിരിച്ചുവന്നു. ബാബു ശ്രദ്ധാപൂര്‍വ്വം വയറുകള്‍ ഉപയോഗിച്ച് സ്പീക്കറുകളെ പരസ്പരം കണക്റ്റ് ചെയ്തു. ഒരു സ്പീക്കറുമായി അയിഷയും മറ്റേതുമായി ബാബുവും രണ്ടു മുറികളിലേക്ക് പോയി നിന്നു. ബാബു സ്പീക്കര്‍ വായോട് ചേര്‍ത്ത് വച്ച് "ഹലോ കേള്‍ക്കുന്നുണ്ടോ" എന്നൊരു ചോദ്യം. അയിഷ സ്പീക്കര്‍ ചെവിയോട് ചേര്‍ത്ത് വച്ചിരിക്കുകയായിരുന്നു. "ഹേയ് കേള്‍ക്കുന്നുണ്ടേ.. ഫോണ്‍ ശരിയായേ... " അവളുടെ ആഹ്ലാദം അല്പം ഉറക്കെത്തന്നെയാണ് പുറത്തുവന്നത്. ഇത്രയുമായപ്പോഴേക്കും അമ്മയും അച്ഛനും അവരുടെ സൂത്രം കാണാന്‍ അരികിലെത്തി. പരസ്പരം സംസാരിച്ചുനോക്കിയ ശേഷം അമ്മ പറഞ്ഞു "ഇതു കൊള്ളാല്ലോ.. ഓരോരോ സൂത്രങ്ങളേ.." "മിടുമിടുക്കര്‍ " അച്ഛനും അവരെ അഭിനന്ദിക്കാതിരിക്കാനായില്ല. അനിയനേയും അമ്മയേയും അച്ഛനേയും ഒക്കെ കേള്‍പ്പിച്ച് കുറേ നേരം 'ഫോണില്‍' സംസാരിച്ചിട്ടും തീരാത്ത കൌതുകം ദോശയുടെ മണമടിച്ചതോടെയാണ് അയിഷ അവസാനിപ്പിച്ചത്. സ്പീക്കറുകള്‍ താഴെവച്ച് ബാബുവിനേയും കൂട്ടി അയിഷ അടുക്കളയിലേക്കോടി. വിശപ്പും തീര്‍ത്ത് അനിയനായി രണ്ട് ദോശയുമെടുത്താണ് ബാബുവും അയിഷയും പൂമുഖത്തേക്ക് തിരിച്ചു വന്നത്. പക്ഷേ സ്പീക്കറുകള്‍ കൊണ്ട് ഇലത്താളം കൊട്ടുന്ന അനിയനെ കണ്ട് അന്തം വിട്ടു നില്‍ക്കാനേ ഇരുവര്‍ക്കും കഴിഞ്ഞുള്ളൂ..
അയിഷയുടെ പഴയ ചില കുസൃതികള്‍
http://kizhakkunokkiyandram.blogspot.com/2007/11/blog-post_12.html
http://kizhakkunokkiyandram.blogspot.com/2008/10/blog-post_23.html
