Tuesday, August 23, 2011

വലിയ മാങ്ങയും കണ്ണിമാങ്ങയും പിന്നെ അയിഷയും!

അയിഷ സ്കൂള്‍ വിട്ടു വന്നതാണ്. അച്ഛനും അനിയനും മുറ്റത്തു നിന്നും മാവിന്റെ മുകളിലേക്കുനോക്കി നില്‍ക്കുന്നുണ്ട്. നോക്കിയപ്പോള്‍ മാങ്ങ പറിക്കാനായി മുണ്ടും മടക്കിക്കുത്തി അമ്മ മാവിന്റെ മുകളില്‍. അച്ഛന്‍ താഴെ നിന്നും ആ മാങ്ങ, ഈ മാങ്ങ എന്നൊക്കെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. അമ്മയതൊക്കെ പറിച്ചു താഴേക്കിടുന്നുമുണ്ട്. അതു കണ്ടതോടെ അയിഷയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ തുടങ്ങി. നിര്‍ദ്ദേശങ്ങള്‍ക്കിടയില്‍ അവളുടെ കണ്ണുചെന്നു നിന്നത് അമ്മയുടെ ഇടതുവശത്തുള്ള കൊമ്പിലെ വലിയ മാങ്ങയിലാണ്. "അമ്മേ അതൊന്നു പറിച്ചു തരുമോ?" അവള്‍ ചോദിച്ചു. 
"നിനക്കെന്തിനാ ഇത്രയും വലിയ മാങ്ങ? വേണമെങ്കില്‍ ഒരു കണ്ണിമാങ്ങ പറിച്ചു തരാം". അമ്മയവളെ കളിയാക്കി. "ങ്ഹും..." അവള്‍ ഒന്നു ചിണുങ്ങിക്കാണിച്ചു. പക്ഷേ പെട്ടെന്നാണ് അവളുടെ മുഖം വിടര്‍ന്നത്, ഉടന്‍ ഒരാവശ്യവും. "എനിക്കു രണ്ടു മാങ്ങയും വേണം. പറിച്ചിട്ടു താഴെക്കിടണ്ട. അമ്മയുടെ കയ്യില്‍ വച്ചാല്‍ മതി".  "എന്റെ കയ്യില്‍ വച്ചാല്‍ എങ്ങിനെയാ നിനക്കു മാങ്ങ കിട്ടുക?" അമ്മയുടെ മറുചോദ്യം. "അമ്മ മാങ്ങ പറിക്കൂ എന്നിട്ടു പറയാം." അവള്‍ ഇത്തിരി ശുണ്ഠിയോടെ ചിണുങ്ങിപ്പറഞ്ഞു. 
എന്തായാലും അവളുടെ ശുണ്ഠി തീര്‍ക്കാനായി ഒരു കണ്ണിമാങ്ങയും ഒരു വലിയ മാങ്ങയും പറിച്ചെടുത്ത് അമ്മ കയ്യില്‍ വച്ചു. "ഇനി അതു രണ്ടും ഒരുമിച്ചു പിടിച്ചു നിലത്തേക്കിട്ടേ.." അയിഷയുടെ അടുത്ത ആവശ്യം! "ന്തെല്ലാം ആവശ്യങ്ങളാ കുട്ട്യേ നിനക്ക്." അമ്മ ചോദിച്ചു. "അതു രണ്ടും ഒരുമിച്ചു താഴേക്കിടൂ..." അമ്മ പറഞ്ഞതു കേട്ടില്ലെന്ന മട്ടില്‍ അവള്‍ വീണ്ടും പറഞ്ഞു. "അവളു പറഞ്ഞതല്ലേ , ചെയ്തുകൊടുത്തേരെ" അതു പറയുമ്പോള്‍ അച്ഛന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു. അമ്മ രണ്ടുമാങ്ങയും ഒരുമിച്ചു താഴേക്കിട്ടു. അയിഷയുടെ മുന്നിലായി രണ്ടു മാങ്ങയും ഒരുമിച്ചു നിലത്തുവീണു. "അമ്മ ഗലീലിയോയായേ.....രണ്ടു മാങ്ങയും ഒരുമിച്ചു താഴെ വീണേ.." അയിഷയുടെ ആഹ്ലാദം വളരെ ഉച്ചത്തില്‍ തന്നെയായിരുന്നു.  മരത്തിനു മുകളില്‍ നിന്നും താഴെ നിന്നും ഒരേ സമയം പൊട്ടിച്ചിരികളുയര്‍ന്നു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അനിയനും കൈകൊട്ടിച്ചിരിച്ചു. "ഗലീലി അങ്ങിനെ ചെയ്തോ എന്നൊന്നും അറിയില്ല, പക്ഷെ വലിയ മാങ്ങ, ചെറിയ മാങ്ങ എന്നൊന്നുമില്ല, ഒരുമിച്ചു നിലത്തേക്കിട്ടാല്‍ അവ ഒരുമിച്ചേ നിലത്തുവീഴൂ.." ചിരിയടക്കാന്‍ പാടുപെട്ടിട്ടാണെങ്കിലും അച്ഛന്‍ അവളെ അടുത്തു വിളിച്ചിട്ടു പറഞ്ഞു. "മാങ്ങ വേണോന്നു പറഞ്ഞിട്ട് അതെടുക്കുന്നില്ലേ?" മുകളില്‍ നിന്നും അമ്മയുടെ ശബ്ദം. പരീക്ഷണം കഴിഞ്ഞ മാങ്ങയെടുക്കാന്‍ തിരിഞ്ഞു നോക്കിയ അയിഷ കണ്ടത് മാങ്ങ വായ്ക്കുള്ളിലാക്കി പുതിയ പരീക്ഷണത്തിനൊരുമ്പെടുന്ന കുഞ്ഞനിയനെയാണ്. അയിഷയുടെ പഴയ കുസൃതികള്‍ താഴെയുള്ള ലിങ്കുകളില്‍ 
http://kizhakkunokkiyandram.blogspot.com/2010/05/blog-post_29.html

http://kizhakkunokkiyandram.blogspot.com/2011/04/blog-post.html

http://kizhakkunokkiyandram.blogspot.com/2007/11/blog-post_12.html

http://kizhakkunokkiyandram.blogspot.com/2008/10/blog-post_23.html


Monday, May 16, 2011

അയിഷയുടെ കണ്ണാടിയും മഴവില്ലും


 അയിഷയുടെ കണ്ണാടിയും മഴവില്ലും

സ്കൂള്‍ വിട്ടു വന്ന അയിഷ ആവേശത്തോടെ ഓടിച്ചെന്നത് പറമ്പിന്റെ മൂലയില്‍ കൂട്ടിയിട്ടിരുന്ന ആക്രി സാധനങ്ങളുടെ അടുത്തേക്കായിരുന്നു. "ഇന്നെന്താ ഇവിടെ പരിപാടി" അവിടെ വാഴക്ക് കുഴിയെടുത്തുകൊണ്ടിരുന്ന അമ്മ ചോദിച്ചു. അമ്മയുടെ ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ അവിടെ നിന്നും പൊട്ടിയ ഒരു കണ്ണാടിക്കഷണവും എടുത്ത് അവള്‍ വീടിന് പുറകിലേക്കോടി. "വേഗം വന്നാല്‍ ഒരൂട്ടം കാണിച്ചു തരാം." ഓടുന്നതിനിടയില്‍ അവള്‍ വിളിച്ച് പറയാനും മറന്നില്ല. വീടിന് പുറകില്‍ പാത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്ന അച്ഛന്റെ അടുത്ത് നിന്നും ഒരു പരന്ന പാത്രവും കൈക്കലാക്കി അവള്‍ ഓടിച്ചെന്നത് കുഞ്ഞനിയന്‍ കളിച്ചുനടക്കുന്ന വീട്ടുമുറ്റത്തേക്കായിരുന്നു. പൈപ്പില്‍ നിന്നും വെള്ളം നിറച്ച് അവള്‍ പാത്രം മുറ്റത്ത് വച്ചു. അതോടെ അനിയന്റെ ശ്രദ്ധ ആ പാത്രത്തിലേക്കായി മാറി.  പൊട്ടിയ കണ്ണാടിച്ചില്ല് വെള്ളത്തില്‍ മുക്കിപ്പിടിച്ച് അതില്‍ വീണ സൂര്യപ്രകാശത്തെ അവള്‍ ഭിത്തിയിലേക്കടിച്ചു. "നമ്മുടെ വീട്ടില്‍ മഴവില്ലെത്തിയതു കണ്ടോ?” വെളുത്ത ചായം പൂശിയ ഭിത്തിയില്‍ മഴവില്ലിന്റെ നിറങ്ങള്‍ ഓളം വെട്ടുന്നത് കണ്ട് അവള്‍ വിളിച്ചുകൂവി. അപ്പോഴേക്കും അവിടേക്കെത്തിയ അച്ഛനും അമ്മയ്ക്കും മഴവില്ലുണ്ടാക്കിയ അവളുടെ പുതിയ സൂത്രം കണ്ടിട്ട് അവളെ അഭിനന്ദിക്കാതിരിക്കാനായില്ല. ഒന്നുകൂടി മഴവില്ല് കാണാന്‍ ഭിത്തിയിലേക്ക് നോക്കിയ അവര്‍ക്ക് കാണാനായത് മഴവില്ലിനെ സ്വന്തം ദേഹത്താക്കി ചിരിച്ചു നില്‍ക്കുന്ന കുഞ്ഞനിയനെയാണ്. 


 അയിഷയുടെ പഴയ കുസൃതികള്‍ താഴെയുള്ള ലിങ്കുകളില്‍
http://kizhakkunokkiyandram.blogspot.com/2010/05/blog-post_29.html

http://kizhakkunokkiyandram.blogspot.com/2011/04/blog-post.html

http://kizhakkunokkiyandram.blogspot.com/2007/11/blog-post_12.html

http://kizhakkunokkiyandram.blogspot.com/2008/10/blog-post_23.html

Tuesday, April 26, 2011

കുഞ്ഞുവായില്‍ മഴവില്ലുമായി അയിഷ....

രാവിലെ വെയില്‍കണ്ടു തുടങ്ങിയപ്പോള്‍ തന്നെ അയിഷ കിടക്കവിട്ടെണീറ്റു. പല്ലു പോലും തേയ്ക്കാതെ നേരേ അവള്‍ ഓടിയത് സൂര്യനെ നോക്കാനായിരുന്നു. വായില്‍ വെള്ളമെടുത്ത് സൂര്യനെതിരേ തിരിഞ്ഞുനിന്ന് ഒറ്റത്തുപ്പ്. വായില്‍ നിന്നും സ്പ്രേ പോലെ വെള്ളം അയിഷയുടെ മുന്നില്‍ വീണു. 
      "മഴവില്ല് കണ്ടേ മഴവില്ല് കണ്ടേ" , അവള്‍ അഹ്ലാദമടക്കാനാകാതെ വിളിച്ച് പറഞ്ഞു. രാവിലെ അടുക്കളയില്‍ പണിയിലായിരുന്ന അച്ഛനും അമ്മയും അവിടെ കളിയിലായിരുന്ന കുഞ്ഞനിയനും അവളുടെ ആഹ്ലാദപ്രകടനം കേട്ട് പുറത്തേക്കിറങ്ങി നോക്കി.
"എന്റെ വായില്‍ നിന്നും വരുന്ന വെള്ളത്തുള്ളികളിലേക്ക് നോക്കിക്കോ മഴവില്ല് കാണാം." അവള്‍ പറഞ്ഞു. 
പിന്നീട് അമ്മയേയും അച്ഛനേയും കാണിക്കാനായി അവള്‍ വീണ്ടും വാ നിറയെ വെള്ളമെടുത്ത് പഴയപോലെ തന്നെ സ്പ്രേ ചെയ്തു. 
"നീയെന്താ മഴവില്ലിനെ നിന്റെ വായിലാണോ ഒളിപ്പിച്ച് വച്ചിരിക്കുന്നേ?" വായില്‍ നിന്ന് പുറത്തേക്ക് വന്ന ജലത്തുള്ളികളില്‍ മഴവില്‍ നിറങ്ങള്‍ കണ്ട അമ്മ കൌതുകത്തോടെ ചോദിച്ചു. 
"ഇന്നലെ സ്കൂളില്‍ വച്ച് നിഷ കാണിച്ചതാ ഈ സൂത്രം. സൂര്യനെതിരേ വെള്ളം ചീറ്റിച്ചാല്‍ മതിയത്രേ!" അവള്‍ വിശദമാക്കി. 
ഇടയ്ക്ക്  സ്വന്തം ദേഹത്ത് വെള്ളം വീണപ്പോള്‍ അയിഷ തിരിഞ്ഞു നോക്കി. ചേച്ചിയെപ്പോലെ തന്നെ മഴവില്ലുണ്ടാക്കാനുള്ള കുഞ്ഞനിയന്റെ ശ്രമമാണ്.  പക്ഷേ വെള്ളം മുഴുവന്‍ വന്ന് വീണത് അയിഷയുടെ ദേഹത്താണെന്ന് മാത്രം. 
"ഹഹ നീയല്ലേ പഠിപ്പിച്ച് കൊടുത്തത് ഇനി അനുഭവിച്ചോ!" അച്ഛന്റെ കമന്റ്.  കമന്റ് പൂര്‍ത്തിയാവുന്നതിന് മുന്‍പേ അയിഷ തന്റെ പരീക്ഷണവും നിര്‍ത്തി സ്ഥലം കാലിയാക്കി. മറ്റൊന്നും കൊണ്ടല്ല,  മഴവില്ല് കണ്ടില്ലേലും ചേച്ചിയെ കുളിപ്പിച്ച സന്തോഷത്തില്‍ നിന്ന കുഞ്ഞനിയന്‍ അപ്പോഴേക്കും അടുത്ത കവിള്‍ നിറയ്ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു!!

Friday, January 21, 2011

മകരജ്യോതി എന്ന സിറിയസ് നക്ഷത്രത്തെ കാണേണ്ടതെങ്ങിനെ?


മകരജ്യോതി ഈ വര്‍ഷവും വിവാദമായിരിക്കുകയാണ്. പ്രത്യേകിച്ചും 104 ശബരിമല തീര്‍ത്ഥാടകരുടെ അപകടമരണത്തിന് ശേഷം. മകരവിളക്കും മകരജ്യോതിയും രണ്ടും രണ്ടാണെന്ന് മിനിട്ടിന് മിനിട്ടിന് പലരും വിളിച്ച് പറയുന്നുണ്ട്. അപ്പോഴാണ് കോടതിയും ഇതില്‍ ഇടപെടുന്നത്. മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണോ അല്ലയോ എന്നുള്ളതാണ് ഇപ്പോഴത്തെ ചോദ്യം? ദേവസ്വം ബോര്‍ഡിനോട് വാക്കാല്‍ ചോദിക്കുക മാത്രമാണ് കോടതി ചെയ്തിട്ടുള്ളതെന്നാണ് മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞത്. ദേവസ്വം ബോര്‍ഡിലെ ഇദ്യോഗസ്ഥരാണേല്‍ ടി.വി. ചര്‍ച്ചകളിലും അഭിമുഖങ്ങളിലും നന്നായിത്തന്നെ ഉരുണ്ട് കളിക്കുന്നുണ്ട്. എന്ത് ചോദ്യം ചോദിച്ചാലും അത് വിശ്വാസത്തിന്റെ പ്രശ്നമാണ് അതില്‍ ഇടപെടേണ്ടതില്ല എന്നാണ് അവരുടെ നയം. മകരജ്യോതിക്ക് ദിവ്യപരിവേഷം നല്‍കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ല എന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. എന്നാല്‍ ആരാണ് ഇത് കത്തിക്കുന്നതെന്നോ എന്താണ് അവിടെ സംഭവിക്കുന്നതെന്നോ തുറന്ന് പറയാന്‍ അവരും തയ്യാറല്ല. എന്തായാലും ഇപ്പോഴത്തെ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ ബഹഭൂരിപക്ഷം പേര്‍ക്കും ഇത് മനുഷ്യനിര്‍മ്മിതമായ ഒന്നാണ് എന്നറിയാമെന്നാണ്..

 എന്തായാലും ആ ചര്‍ച്ചകള്‍ അതിന്റെ വഴിക്ക് നടക്കട്ടെ. നമുക്ക് മകരജ്യോതി എന്ന നക്ഷത്രത്തിലേക്ക് വരാം. പൊന്നമ്പലമേട്ടില്‍ മകരവിളക്കിനോടൊപ്പം കാണുന്ന നക്ഷത്രമാണ് ഈ മകരജ്യോതി. അത് നക്ഷത്രമാണ് എന്നത് എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍ ഇതിന് അന്നേദിവസം മാത്രമാണ് ഈ ദിവ്യപരിവേഷം ഉള്ളത്. മകരവിളക്കിന്റെ തലേദിവസവും അടുത്ത ദിവസവും അതിനടുത്ത ദിവസവും എല്ലാം ആ നക്ഷത്രം  ഉദിക്കുന്നുണ്ട്. പക്ഷേ അപ്പോള്‍ ഒന്നും അത് മകരജ്യോതി ആണ് എന്ന് പറയാറില്ല എന്ന് മാത്രം. 


മകരവിളക്ക് എന്ന മനുഷ്യനിര്‍മ്മിതമായ തീ കാണാന്‍ ശബരിമലയില്‍ പോകണം എങ്കിലും മകരജ്യോതി കാണാന്‍ അത് വേണ്ട. ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും ഈ നക്ഷത്രത്തെ നിരീക്ഷിക്കാവുന്നതാണ്. സിറിയസ്സ് എന്നാണ് ഈ നക്ഷത്രത്തിന്റെ പേര്. ചന്ദ്രനും ശുക്രനും ചിലപ്പോള്‍ വ്യാഴവും കഴിഞ്ഞാല്‍ രാത്രി ആകാശത്ത് കാണാവുന്ന ഏറ്റവും പ്രഭയേറിയ ജ്യോതിര്‍ഗോളമാണിത്. നഗ്നനേത്രങ്ങളാല്‍ കാണാവുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും പ്രഭയേറിയതും ഇതേ നക്ഷത്രത്തിനു തന്നെ. അതു കൊണ്ടു തന്നെ ആരുടേയും കണ്ണില്‍പെടാതെ പോകാന്‍ ഈ നക്ഷത്രത്തിനാവില്ല. 

സിറിയസ്സിനെ കാണാനും തിരിച്ചറിയാനും ആര്‍ക്കും സാധിക്കും. സ്വന്തം വീട്ടിലെ മട്ടുപ്പാവിലോ അല്പം തുറസ്സായ സ്ഥലത്തോ നിന്നോ നോക്കിയാല്‍ സിറിയസ്സിനെ കണ്ട് സായൂജ്യമടയാവുന്നതാണ്!.   ചിത്രം നോക്കുക. വേട്ടക്കാരന്‍ എന്ന ഓറിയോണ്‍ നക്ഷത്രഗണത്തെ മിക്കവര്‍ക്കും പരിചയമുണ്ടാകും. ആ നക്ഷത്രഗണത്തിന്റെ അടുത്തായി വേട്ടക്കാരന്റെ നായ എന്നറിയപ്പെടുന്ന മറ്റൊരു നക്ഷത്രഗണമുണ്ട്. കാനിസ്സ് മേജര്‍ അഥവാ വലിയനായ എന്നാണ് ഇത് അറിയപ്പെടുന്നത്. ആ നക്ഷത്രഗണത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണ് സിറിയസ്സ്.  ഒരു നക്ഷത്രമായിട്ടാണ് തോന്നുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതൊരു ഇരട്ട നക്ഷത്രമാണ്. സിറിയസ് A യും സിറിയസ്സ് B യും. സിറിയസ്സ് ബി ഒരു വെള്ളക്കുള്ളനക്ഷത്രമാണ്. നാം നഗ്നനേത്രങ്ങളാല്‍ കാണുന്നത് സിറിയസ്സ് A നെ ആണ് എന്ന് മാത്രം. 8.6 പ്രകാശവര്‍ഷം മാത്രം അകലെയാണ് സിറയസ്സ് നില്‍ക്കുന്നത്. ഇത്രയും പ്രകാശം തോന്നുവാനുള്ള കാരണവും ഈ അടുപ്പമാണ്.  
 
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാം)
സിറിയസ് ഉദിക്കുന്നത് കിഴക്കന്‍ ചക്രവാളത്തിലാണ്. ജനുവരി മാസം സന്ധ്യക്ക് കിഴക്കന്‍ ചക്രവാളം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും പോയി നില്‍ക്കുക (കേരളത്തില്‍ ആകണം. സമയവും മറ്റും കേരളത്തിനനുസരിച്ചാണ് ഇനി പറയുന്നത്. ) . സൂര്യന്റെ പ്രകാശം കുറയുന്നതിനനുസരിച്ച് ഓരോരോ നക്ഷത്രങ്ങളായി തെളിഞ്ഞുവരും. ഒട്ടും സംശയിക്കേണ്ട അല്പം തെക്ക് മാറി ആദ്യം തെളിഞ്ഞ് വരുന്ന ആ നക്ഷത്രമാണ് സിറിയസ്സ്. സിറിയസ്സിനെ കണ്ടതിന് ശേഷമേ മറ്റേത് നക്ഷത്രത്തേയും നിങ്ങള്‍ക്ക് അപ്പോള്‍ കാണുവാന്‍ കഴിയൂ. കാരണം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണത്. 

ഇപ്പോഴത്തെ അവസ്ഥയില്‍ (2011 ജനുവരി 20 - ഫെബ്രുവരി 10) ഏതാ​ണ്ട് എട്ട് - എട്ടരയോട് കൂടി 45ഡിഗ്രി ഉയരത്തിലായി സിറിയസ്സിനെ കാണാം. ഏതാണ്ട് തലയ്ക്ക് മീതേ അപ്പോള്‍ ഓറിയോണ്‍ നക്ഷത്രഗണത്തേയും കാണാവുന്നതാണ്. 

കേരളത്തില്‍ ഏതാണ്ട് 8-9 മാസത്തോളം സിറിയസ്സ് എന്ന നക്ഷത്രത്തെ വലിയ അധ്വാനം കൂടാതെ കാണാന്‍ കഴിയുന്നതാണ്. ഉദിക്കുന്ന സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കും എന്ന് മാത്രം. കേരളത്തില്‍ സിറിയസ് ഉദിക്കുന്ന സമയവിവരപ്പട്ടിക നോക്കുക. 
 
(സിറിയസ് നക്ഷത്രം കേരളത്തിലെ ഉദയാസ്തമയങ്ങള്‍ - സമയവിവരപ്പട്ടിക. എല്ലാ മാസവും 15 ആം തീയ്യതിയോടനുബന്ധിച്ച ദിവസങ്ങളിലെ സമയമാണിത്. സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം. )
മാസം
(15ആം തീയ്യതി)
ഉദയം
നന്നായി കാണുവാന്‍ കഴിയുന്ന സമയം
അസ്തമയം
ജനുവരി
6 PM
8 PM മുതല്‍
5 AM
ഫെബ്രുവരി
4 PM
7PM മുതല്‍
3 AM
മാര്‍ച്ച്
2 PM
7PM മുതല്‍
1 AM
ഏപ്രില്‍
12 NOON
7PM മുതല്‍
11 PM
മെയ്
10 AM
6PM മുതല്‍
9 PM
ജൂണ്‍
8 AM

7 PM
ജൂലായ്
6 AM

5 PM
ആഗസ്റ്റ്
4 AM
5.30AM മുതല്‍
3 PM
സെപ്റ്റംബര്‍
2 AM
4 AM മുതല്‍
1 PM
ഒക്ടോബര്‍
12 MID NIGHT
2 AMമുതല്‍
11 AM
നവംബര്‍
10 PM
12 AMമുതല്‍
9 AM
ഡിസംബര്‍
8 PM
10 PM മുതല്‍
7 AMമകരജ്യോതി എന്ന നക്ഷത്രം എല്ലാവര്‍ക്കും സ്വന്തം വീട്ടിലിരുന്ന് കാണാവുന്ന ഒന്നാണ്. അത് ശബരിമലയിലെ പൊന്നമ്പലമേടിന് മുകളില്‍ ഉദിക്കുമ്പോള്‍ മാത്രം ദിവ്യത്വം കല്പിക്കപ്പെടുന്നു. ഒരു നക്ഷത്രത്തെ ആരാധിക്കാനും വണങ്ങനും എല്ലാം എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഈ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തരത്തിലേക്ക് ദേവസ്വം ബോര്‍ഡ് ഉള്‍പ്പടെയുള്ളവര്‍ അതിനെ ഉപയോഗപ്പെടുത്തുന്നതു കൊണ്ടാണ് ശബരിമലയില്‍ അന്നേ ദിവസം ഇത്രയധികം തിരക്ക് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാരിനും മറ്റ് അധികാരികള്‍ക്കും കടമയുണ്ട്. അതിന് അനുയോജ്യമായ വഴികള്‍ ചര്‍ച്ചയിലൂടെയും മറ്റും കണ്ടെത്തുക. ഭക്തര്‍ നല്‍കുന്ന പണം കൊണ്ട് അവര്‍ക്കാവശ്യമായ സൌകര്യങ്ങളും ചെയ്തു കൊടുക്കണം. പക്ഷേ അത് നിലവിലുള്ള വനനിയമങ്ങള്‍ക്കും പരിസ്ഥിതിനിയമങ്ങള്‍ക്കും എതിരാകരുത്...