Friday, June 29, 2012

സൌരേതരഗ്രഹത്തെ ബാഷ്പീകരിച്ച് ഒരു സ്റ്റെല്ലാര്‍ ഫ്ലയര്‍


'പൊള്ളുന്ന വ്യാഴം??' എന്തോ ഒരു പന്തികേട് അല്ലേ? വാതകഗോളമായ നമ്മുടെ വ്യാഴം വല്ലാതെ തണുത്ത ഒരു ഗ്രഹം തന്നെ. പൊള്ളുന്ന വ്യാഴം പക്ഷേ നമ്മുടെ വ്യാഴമല്ല. HD 189733b എന്നു പേരിട്ടിരിക്കുന്ന ഒരു സൌരേതരഗ്രഹമാണ്. വ്യാഴത്തെപ്പോലെ തന്നെയാണ് ഇതിന്റെയും ഘടന. അല്പം വലിപ്പക്കൂടുതലുണ്ടെന്നേയുള്ളൂ. കേന്ദ്രനക്ഷത്രത്തില്‍ നിന്നും വെറും 50 ലക്ഷം കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ചങ്ങാതിയുടെ നില്‍പ്പ്. HD 189733A എന്നു പേരുള്ള നക്ഷത്രമാകട്ടെ നമ്മുടെ സൂര്യനേക്കാള്‍ അല്പം ചെറുതാണ് എന്നു മാത്രം.
Alien Flare (splash)
(നക്ഷത്രത്തില്‍ നിന്നുമുള്ള ദ്രവ്യക്കാറ്റുമൂലം ബാഷ്പീകരിക്കപ്പെടുന്ന ഗ്രഹം - ചിത്രകാരഭാവന)

ഇപ്പോള്‍ ഇതു പറയാന്‍ കാരണം ഒരു കാര്യമുണ്ട്. ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തെയാകെ മാറ്റി മറിച്ച് ഒരു പ്രതിഭാസം അവിടെ സംഭവിച്ചു. സൂര്യനില്‍ നിന്നും ഇടയ്ക്കിടെ അതിലെ ദ്രവ്യം പുറത്തേക്ക് അതിവേഗത്തില്‍ തെറിച്ചുപോകാറുണ്ട്. ഏതാണ്ടു അതുപോലെ പക്ഷേ അസാധാരണമായ അളവില്‍ ഈ നക്ഷത്രത്തില്‍ നിന്നും ദ്രവ്യത്തിന്റെ ഒരു തെറിച്ചുപോക്കുണ്ടായി. ഈ നക്ഷത്രക്കാറ്റില്‍പ്പെട്ട് നക്ഷത്രത്തെ ചുറ്റിയിരുന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തിലെ വാതകത്തിന്റെ ഒരു വലിയ അളവ് നഷ്ടപ്പെട്ടു. ഓരോ സെക്കന്റിലും 1000 ടണ്‍ എന്ന കണക്കിനാണത്രേ ഗ്രഹത്തിന് ദ്രവ്യനഷ്ടമുണ്ടായത്.
രണ്ടു വ്യത്യസ്ത നിരീക്ഷണങ്ങളാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ എത്തിച്ചത്. ഹബിള്‍ സ്പേസ് ടെലിസ്കോപ്പാണ് 2010 ല്‍ ഈ ഗ്രഹത്തെ കണ്ടത്തിയത്. അന്തരീക്ഷത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നമുക്കു നല്‍കിയത് പക്ഷേ ഹബിള്‍ തന്നെ നടത്തിയ 2011 ലെ നിരീക്ഷണമായിരുന്നു.
സെക്കന്റില്‍ 1000 ടണ്‍ എന്ന കണക്കില്‍ ദ്രവ്യം നഷ്ടപ്പെടുന്ന കാഴ്ച! ഈ നിരീക്ഷണത്തിന് ഏതാണ്ട് 8 മണിക്കൂര്‍ മുന്‍പ് സിഫ്റ്റ് എക്സ്-റേ ടെലിസ്കോപ്പ് മറ്റൊരു കാഴ്ച കണ്ടു. നമ്മുടെ ഈ നക്ഷത്രത്തില്‍ നിന്നും ശക്തമായ ഒരു ഫ്ലയര്‍! ഈ രണ്ടു നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്
.

Wednesday, June 6, 2012

വിസ്മയിപ്പിച്ച് ശുക്രസംതരണം

അപൂര്‍വമായ ശുക്രസംതരണം എല്ലാവര്‍ക്കും വിസ്മയമായി മാറി. രാവിലെ സൂര്യനുദിച്ചപ്പോള്‍ മുതല്‍ സൂര്യബിംബത്തില്‍ ഒരു കറുത്ത പൊട്ടായി ശുക്രനും ഉണ്ടായിരുന്നു. സൂര്യബിംബത്തിലേക്ക് ശുക്രന്‍ കടക്കുന്നതു കാണാനുള്ള അവസരം നമുക്കാര്‍ക്കും ഉണ്ടായിരുന്നില്ല. തിരുവനന്തപുരം പ്ലാനറ്റോറിയത്തില്‍ ശുക്രസംതരണം വീക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. രാവിലെ മഴമേഘങ്ങള്‍ ചതിക്കുമോ എന്നായിരുന്നു പേടി. പേടി അസ്ഥാനത്തായില്ല. കാണാന്‍ പോകാനായി ഇറങ്ങിയപ്പോള്‍ തന്നെ മഴ! മഴമാറിയപ്പോള്‍ തന്നെ സൂര്യന്‍ മേഘങ്ങളില്‍ നിന്ന് വിടുതല്‍ നേടി പ്രത്യക്ഷമായി. അല്പനേരം വീക്ഷിച്ചപ്പോഴേക്കും വീണ്ടും മേഘങ്ങളുടെ ശല്യം. പക്ഷേ അതിനു ശേഷം 7.30 മുതല്‍ 8.45 വരെ വലിയ ശല്യം ഉണ്ടായില്ല. പ്ലാനറ്റോറിയത്തിന്റെ മുറ്റത്തൊരുക്കിയ രണ്ട് പ്രതിഫലനടെലിസ്കോപ്പുകളില്‍ നിന്നും വെളുത്ത പ്രതലത്തിലേക്ക് സൂര്യന്റെ പ്രതിബിംബത്തിന്റെ പ്രൊജക്ഷന്‍. വളരെ ആസ്വദിച്ച് ആവേശത്തോടെ അവിടെ കൂടിയിരുന്ന എല്ലാവരും സൂര്യബിംബത്തിനു മുന്നിലൂടെയുള്ള ശുക്രന്റെ യാത്ര ആസ്വദിച്ചു. സംതരണത്തിന്റെ അവസാനഭാഗങ്ങള്‍ കാണാന്‍ മണ്‍സൂണ്‍ മേഘങ്ങള്‍ അനുവദിച്ചില്ല. 10.20 ഓടെ ശുക്രസംതരണം അവസാനിച്ചു. ഇനി 105 വര്‍ഷങ്ങള്‍ക്കു ശേഷം ശുക്രസംതരണം വീണ്ടും കാണാമെന്ന പ്രതീക്ഷ!യോടെ എല്ലാവരും അവരവരുടെ സങ്കേതങ്ങളിലേക്ക്....


 
(ചിത്രത്തില്‍ അമര്‍ത്തി കൂടുതല്‍ കാഴ്ചകള്‍ ആസ്വദിക്കൂ..)

Thursday, May 31, 2012

ശുക്രസംതരണം വരുന്നൂ.. 2012 ജൂണ്‍ 6 ന്

2004 ലെ ശുക്രസംതരണം

ജൂണ്‍ 6 ന് രാവിലെ സൂര്യനുദിക്കുന്നതിനു മുന്‍പുതന്നെ ഉണരുക. വീണ്ടും
കിടന്നുറങ്ങാതെ സൂര്യനുദിക്കുന്നതു കാണാന്‍ കഴിയുന്ന ഒരിടത്തേക്ക്
ചെല്ലുക. സൂര്യനുദിച്ചുയരുമ്പോള്‍ ജീവിതത്തില്‍ ഇനിയൊരിക്കലും
നിങ്ങള്‍ക്കു കാണാന്‍ സാധ്യതയില്ലാത്ത ഒരത്യപൂര്‍വ്വ കാഴ്ചയ്ക്ക്
സാക്ഷിയാകാം. സൂര്യനൊരു കറുത്ത പൊട്ടുതൊട്ട് ശുക്രന്‍ കടന്നുപോകുന്ന
അത്യപൂര്‍വ്വ കാഴ്ച. ശുക്രസംതരണം! മഴക്കാറുകള്‍ ചതിച്ചില്ലെങ്കില്‍
രാവിലെ ഏതാണ്ടു പത്തുമണി വരെ ഈ കാഴ്ച തുടരും. സൂര്യനുദിക്കുമ്പോള്‍
നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാമെങ്കിലും സൂര്യരശ്മികള്‍ക്ക്
ശക്തിവരുമ്പോഴേക്കും സോളാര്‍ഫില്‍ട്ടറുകളോ അനുയോജ്യമായ മറ്റു
സംവിധാനങ്ങളോ ഉപയോഗിച്ചു മാത്രമേ സൂര്യനെ നിരീക്ഷിക്കാവൂ. അന്നിതു
കണ്ടില്ലെങ്കില്‍ ജീവിതത്തിലൊരിക്കലും നമുക്കീ കാഴ്ച കാണാനുള്ള
അവസരമുണ്ടാകാന്‍ സാധ്യതയില്ല. കാരണം അടുത്ത ശുക്രസംതരണം 2117 ലാണ്!

എന്താണ് ശുക്രസംതരണം?നാമെല്ലാം സൂര്യഗ്രഹണം കണ്ടിട്ടുണ്ടാകും. സൂര്യനും ഭൂമിക്കും ഇടയിലൂടെ
ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന അപൂര്‍വവും സുന്ദരവുമായ
ജ്യോതിശ്ശാസ്ത്രപ്രതിഭാസം. സൂര്യബിംബത്തിനും നമുക്കും ഇടയിലൂടെ ഏത്
വസ്തു കടന്നുപോയാലും സൂര്യബിംബം മറയപ്പെടും. സൂര്യനും ഭൂമിക്കും
ഇടയിലുള്ള രണ്ടു ഗ്രഹങ്ങളെ നമുക്കറിയാം. ശുക്രനും ബുധനും. ഇവര്‍
ചിലപ്പോഴെല്ലാം നമുക്കും സൂര്യനും ഇടയിലൂടെ കടന്നുപോകും.
സൂര്യബിംബത്തില്‍ ഒരു ചെറിയ കറുത്ത പൊട്ടുപോലെയാണ് നമുക്കിതനുഭവപ്പെടുക.
സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ കഴിയാത്തതിനാല്‍ സംതരണം എന്നാണ് ഇത്തരം
ജ്യോതിശ്ശാസ്ത്രപ്രതിഭാസങ്ങളെ വിളിക്കുന്നത്. ശുക്രന്‍ സൂര്യന്റെ
മുന്നിലൂടെ കടന്നുപോകുമ്പോള്‍ ശുക്രസംതരണം(Transit of Venus or TOV)
എന്നും ബുധന്‍ കടന്നുപോകുമ്പോള്‍ ബുധസംതരണം എന്നും പറയും. ഒരു
നൂറ്റാണ്ടില്‍ പതിമൂന്നോ പതിനാലോ ബുധസംതരണങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍
ശുക്രസംതരണം വളരെ അപൂര്‍വമാണ്. നൂറ്റാണ്ടില്‍ ഒന്നോ രണ്ടോ തവണ മാത്രം!
ശുക്രസംതരണത്തിന് ഇടയിലുള്ള ഇടവേളകളും കൃത്യമായി
ആവര്‍ത്തിക്കപ്പെടുന്നവയാണ്. 8 വര്‍ഷത്തെ ഇടവേളയില്‍ രണ്ടു
ശുക്രസംതരണങ്ങള്‍ നടന്നു കഴിഞ്ഞാല്‍ പിന്നെ 105.5 വര്‍ഷത്തിനു
ശേഷമായിരിക്കും അടുത്ത സംതരണം. പിന്നെ വീണ്ടും 8 വര്‍ഷം കഴിഞ്ഞ് സംതരണം
ആവര്‍ത്തിക്കും. പിന്നീട് 121.5 വര്‍ഷത്തിനു ശേഷമായിരിക്കും സംതരണം
ഉണ്ടാവുക. 8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും. ഈ സമയക്രമം പിന്നീട്
ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.


ചരിത്രം

ശുക്രനെക്കുറിച്ച് പ്രാചീനര്‍ക്ക് അറിവുണ്ടായിരുന്നെങ്കിലും ശുക്രസംതരണം
എന്ന പ്രതിഭാസം അവരുടെ ശ്രദ്ധയില്‍പ്പെട്ടതിനെക്കുറിച്ചു വ്യക്തമായ
തെളിവുകളൊന്നുമില്ല. ബാബിലോണിയക്കാരുടെ രേഖകളില്‍ ശുക്രനെക്കുറിച്ചും
സൂര്യനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും ശുക്രസംതരണത്തെക്കുറിച്ച്
വ്യക്തമായ സൂചനകളൊന്നും തന്നെ അതു നല്‍കുന്നില്ല. കെപ്ലര്‍ ആണ്
ശുക്രസംതരണത്തെക്കുറിച്ച് ആദ്യം പ്രവചനങ്ങള്‍ നടത്തുന്നത്. 1631 ഡിസംബര്‍
6 നും 1761 ലും ശുക്രസംതരണം നടക്കുമെന്ന് ടൈക്കോബ്രാഹയുടെ
നിരീക്ഷണരേഖകള്‍ വച്ച് അദ്ദേഹം പ്രവചിച്ചു. പക്ഷേ നിര്‍ഭാഗ്യമെന്നു
പറയട്ടെ 1631 നു നടന്ന ശുക്രസംതരണം യൂറോപ്പിലൊന്നും തന്നെ കാണാന്‍
കഴിഞ്ഞിരുന്നില്ല. 1639 ലെ ശുക്രസംതരണം പ്രവചിക്കാന്‍ കെപ്ലര്‍
വിട്ടുപോവുകയും ചെയ്തു. പക്ഷേ അതിനുള്ള അവസരം ലഭിച്ചത് നിരന്തരം ശുക്രനെ
നിരീക്ഷിച്ചുകൊണ്ടിരുന്ന ജര്‍മിയാക് ഹൊറോക്‌സ് (Jeremiah Horrocks) എന്ന
ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്. 1639 ഡിസംബറില്‍ നടന്ന ശുക്രസംതരണം ഹൊറോക്‌സ്
പ്രവചിക്കുകയും തന്റെ ടെലിസ്‌കോപ്പുപയോഗിച്ച് കടലാസില്‍ സൂര്യന്റെ
പ്രതിബിംബം വീഴ്ത്തി നിരീക്ഷിക്കുകയും ചെയ്തു. പിന്നീടിതുവരെ നടന്ന
ശുക്രസംതരണങ്ങളെല്ലാം ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുകയും പഠനങ്ങള്‍
നടത്തുകയും ചെയ്തിട്ടുണ്ട്.

2012 ജൂണ്‍ 6 ലെ സംതരണം

2004 ജൂണ്‍ 8 നായിരുന്നു കഴിഞ്ഞ ശുക്രസംതരണം സംഭവിച്ചത്. അന്ന്
കേരളത്തിലെ നിരവധി സ്കൂളുകളില്‍ ശുക്രസംതരണം ഒരുത്സവമായി
ആഘോഷിക്കുകയുണ്ടായി.8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2012 ല്‍ വീണ്ടും ഒരു
ശുക്രസംതരണം വന്നിരിക്കുകയാണ്. കേരളത്തില്‍ സൂര്യനുദിക്കുന്നതിനു മുന്‍പു
തന്നെ സംതരണം തുടങ്ങിയിരിക്കും. ഉദയസൂര്യന്റെ ചുവന്നബിംബത്തില്‍ ഒരു
കറുത്ത പൊട്ടുപോലെ ശുക്രനെ കാണാനാകും. പത്തുമണിയോടെ സൂര്യബിംബത്തിനു
പുറത്തേക്ക് ശുക്രന്‍ കടന്നു പോകും.

ജ്യോതിശ്ശാസ്ത്രപരമായ പ്രാധാന്യം

സൂര്യനും ഭൂമിക്കും ഇടയിലൂടെ ശുക്രന്‍ കടന്നുപോവുക എന്നത് ലളിതമായ
സംഭവമായി തോന്നിയേക്കാമെങ്കിലും ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം
വളരെയധികം പ്രാധാന്യമുള്ള പ്രതിഭാസമാണ് ശുക്രസംതരണം. സൂര്യനും ഭൂമിയും
തമ്മിലുള്ള ദൂരം കണക്കാക്കാന്‍ ശുക്രസംതരണത്തെ പ്രയോജനപ്പെടുത്താമെന്ന്
1663 ല്‍ ഗണിതശാസ്ത്രജ്ഞനായ ജയിംസ് ഗ്രിഗറി കണ്ടെത്തി. ഈ നിര്‍ദ്ദേശത്തെ
പ്രയോജനപ്പെടുത്തി സൂര്യനും ഭൂമിക്കും ഇടയിലെ ദൂരം കണക്കാക്കാന്‍
കഴിഞ്ഞതോടെ 1882 ഡിസംബര്‍ 6 ന് നടന്ന ശുക്രസംതരണം ചരിത്രത്തില്‍ ഇടം
നേടി. കെപ്ലറുടെ ഗ്രഹനിയമങ്ങളിലെ മൂന്നാം നിയമവും പാരലാക്‌സ് രീതിയും
പ്രയോജനപ്പെടുത്തിയായിരുന്നു ഈ കണക്കുകൂട്ടല്‍. ശുക്രസംതരണത്തിലെ നാലു
ഘട്ടങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. സൂര്യന്റെ വക്കില്‍ പുറത്തു
നിന്നും ശുക്രന്‍ സ്പര്‍ശിക്കുന്ന സമയം, സൂര്യബിംബത്തിലേക്ക് പൂര്‍ണമായി
കടക്കുന്ന സമയം, സൂര്യനെ തരണം ചെയ്ത് പുറത്തുകടക്കാന്‍ തുടങ്ങുന്ന സമയം,
പൂര്‍ണമായി പുറത്തു കടക്കുന്ന സമയം.

നേരിട്ടു സൂര്യനെ നോക്കരുതേ...

ശുക്രസംതരണം കാണാന്‍ എന്തായാലും സൂര്യനെ നോക്കാതെ പറ്റില്ല. പക്ഷേ
സൂര്യനെ നേരിട്ടു നോക്കുന്നത് ആപത്താണ്. കാഴ്ചക്ക് സ്ഥിരമോ ഭാഗികമോ ആയ
തകരാറുകള്‍ സംഭക്കിക്കാന്‍ ഇത് കാരണമായേക്കാം. ശുക്രസംതരണവും ഗ്രഹണവും
കാണാന്‍ പല വഴികളുമുണ്ട്. X-ray ഫിലിമുകളില്‍ കൂടി നോക്കാവുന്നതാണ്.
എന്നാല്‍ ഒരു X-ray ഫിലിം മാത്രമായാല്‍ അത് കുഴപ്പം സൃഷ്ടിച്ചേക്കാം.
കുറെയധികം ഫിലിമുകള്‍ ഒന്നിനു പുറകില്‍ ഒന്നായി അടുക്കി ആദ്യം ഒരു
100Watt ബള്‍ബിലേക്ക് നോക്കുക. ബള്‍ബിന്റെ ഫിലമെന്‍റ് മാത്രം കാണുന്ന
വരേക്കും ഫിലിമുകള്‍ ഒന്നിനു പുറകില്‍ ഒന്നായി ചേര്‍ക്കണം. ഇത്തരം ഒരു
സംവിധാനത്തിലൂടെ ഒരു വിധം നന്നായി സൂര്യനെ നിരീക്ഷിക്കാവുന്നതാണ്. (ഇതും
തീര്‍ത്തും സുരക്ഷിതമല്ല. കറുത്ത X-ray ഫിലിം തന്നെ ഉപയോഗിക്കണം)

വെല്‍ഡിംഗ് ഗ്ലാസിലൂടെ സംതരണം നിരീക്ഷിക്കുന്നത് ഏറെ സുരക്ഷിതമാണ് .
എന്നാല്‍ ഇത് പലപ്പോഴും ലഭ്യമാവില്ല എന്ന പ്രശ്നമുണ്ട്. സ്വന്തമായി
സോളാര്‍ ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കുകയും ആവാം. തോരണങ്ങള്‍ കെട്ടാന്‍
ഉപയോഗിക്കുന്ന സില്‍വര്‍ പേപ്പര്‍ (വെള്ളി പോലെ തിളങ്ങുന്നത്) ഒരു ഷീറ്റ്
മേടിക്കുക. ഈ ഷീറ്റിലുള്ള പദാര്‍ത്ഥം സോളാര്‍ ഫില്‍ട്ടര്‍ ആയി
പ്രവര്‍ത്തിക്കും. മൂന്നോ നാലോ പാളികള്‍ ഒരുമിച്ച് ചേര്‍ത്ത് വേണം
ഫില്‍ട്ടര്‍ നിര്‍മ്മിക്കുവാന്‍. ഒരു 100W ബല്‍ബിലേക്ക് സില്‍വര്‍
പേപ്പറിന്റെ ഒരു പാളിയിലൂടെ നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത
പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം.
ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍
പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. മൂന്നോ നാലോ പാളികള്‍
ആകുമ്പോഴേക്കും ഈ അവസ്ഥ എത്തിയിട്ടുണ്ടാകും. ഇതിലൂടെ സൂര്യനെ
നിരീക്ഷിക്കാവുന്നതാണ്. ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍
കൂടുതല്‍ നന്നായിരിക്കും. ചാര്‍ട്ട് പേപ്പറും റബര്‍ബാന്‍ഡുകളും
ഉപയോഗിച്ച് കണ്ണട നിര്‍മ്മിക്കാവുന്നതാണ്.

സുരക്ഷിതമായ മറ്റൊരു വിദ്യ.

ഒരു കണ്ണാടി എടുക്കുക. അതേ വലിപ്പത്തില്‍ ഒരു കട്ടിക്കടലാസും
മുറിച്ചെടുക്കണം. കട്ടിക്കടലാസിന്‍റെ നടുക്ക് 5mm വ്യാസം വരുന്ന ഒരു
സുഷിരം ഇടണം. അത് കണ്ണാടിക്ക് മുന്‍പില്‍ ഒട്ടിക്കുക. സൂര്യപ്രകാശം
കണ്ണാടിക്കു മുന്‍പിലുള്ള ചെറിയ സുഷിരത്തില്‍ നിന്നും പ്രതിഫലിപ്പിച്ച്
ഒരു ഭിത്തിയില്‍ പതിപ്പിക്കുക. ഇത് സൂര്യന്റെ പ്രതിബിംബമാണ്. ശുക്രസംതരണം
മുഴുവന്‍ ഇതിലൂടെ കാണാവുന്നതാണ്. ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണിത്.
ജൂണ്‍ 6 ന് പത്തുമണിക്കു മുന്‍പാണ് സംതരണം സംഭവിക്കുന്നത് എന്നതിനാല്‍
അല്പം ശ്രമിച്ചാലേ ഈ പണി നടക്കൂ. ഗ്രഹണത്തിന്റെ കാര്യത്തില്‍ ഈ വിദ്യ
മികച്ചതാണെങ്കിലും ശുക്രസംതരണത്തിന്റെ കാര്യത്തില്‍ ചില
ന്യൂനതകളൊക്കെയുണ്ട്. ശുക്രനെ കാണാന്‍ മാത്രം വ്യക്തതയുണ്ടാവണമെങ്കില്‍
ഇരുട്ടുള്ള സ്ഥലത്തേക്കു തന്നെ പ്രകാശം പ്രതിഫലിപ്പിക്കേണ്ടിവരും.
വ്യക്തത കുറവായിരിക്കും എന്ന ന്യൂനതയുണ്ടെങ്കിലും പിന്‍ഹോള്‍ ക്യാമറ
ഉപയോഗിച്ചും നിരീക്ഷണം നടത്താവുന്നതാണ്.

ടെലിസ്കോപ്പ് ഉപയോഗിച്ച് എങ്ങിനെ ശുക്രസംതരണം നിരീക്ഷിക്കാം?

ടെലിസ്കോപ്പ്, ബൈനോക്കുലര്‍ തുടങ്ങിയ ഉപകരണങ്ങളിലൂടെ നേരിട്ട് സൂര്യനെ
നോക്കുന്നത് അത്യന്തം അപകടകരമാണ്. എന്നാല്‍ പ്രൊജക്ഷന്‍ രീതിയിലൂടെ
ടെലിസ്കോപ്പ് ഉപയോഗിച്ച് ഗ്രഹണം ദര്‍ശിക്കാം. ഗലീലിയോ ലിറ്റില്‍
സയന്റിസ്റ്റ് പരിപാടിയിലൂടെ കേരളത്തിലെ നിരവധി കുട്ടികള്‍ സ്വന്തമായി
ടെലിസ്കോപ്പ് നിര്‍മ്മിച്ചിട്ടുണ്ട്. പ്രൊജക്ഷന്‍ രീതിക്ക് ഈ
ടെലിസ്കോപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. ടെലിസ്കോപ്പ് ഒരു സ്റ്റാന്‍ഡില്‍
ഉറപ്പിക്കണം. തുടര്‍ന്ന് ടെലിസ്കോപ്പിന്റെ ഒബ്ജക്റ്റീവ് ലെന്‍സ് സൂര്യന്
അഭിമുഖമായി തിരിക്കുക.യാതൊരു കാരണവശാലും ഈ സമയത്ത് ഐപീസിലൂടെ നേരിട്ട്
നോക്കുവാന്‍ പാടുള്ളതല്ല.ഐപീസില്‍ നിന്നും വരുന്ന സൂര്യപ്രകാശം ഒരു
വെളുത്ത കടലാസില്‍ വീഴ്ത്തുക. ഐപീസും ഒബ്ജക്റ്റീവും തമ്മിലുള്ള അകലം
വ്യതിയാനപ്പെടുത്തി സൂര്യന്റെ വളരെ വ്യക്തമായ ഒരു പ്രതിബിംബം കടലാസില്‍
പതിപ്പിക്കാവുന്നതാണ്. കടലാസും ഐപീസും തമ്മില്‍ ഉള്ള അകലം
കൂടുതലായിരിക്കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ വലിയ പ്രതിബിംബം ലഭിക്കാന്‍
ഇത് സഹായിക്കും.
ശുക്രസംതരണം കാണുന്ന കൂട്ടത്തില്‍ സൗരകളങ്കങ്ങളും കാണാവുന്നതാണ്.
സൂര്യനിലെ കറുത്തപൊട്ടുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൗരകളങ്കങ്ങള്‍
കാണാന്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് നേരിട്ട് സൂര്യനെ നോക്കുന്നത്
അനുയോജ്യമായിരിക്കില്ല. അതിനായി ഈ സംവിധാനം തന്നെ ഉപയോഗിക്കേണ്ടിവരും.
കൂടുതല്‍ വിലയേറിയ ടെലിസ്കോപ്പുകളില്‍ സൂര്യനിരീക്ഷണത്തിനായി പ്രത്യേകം
ഫില്‍ട്ടര്‍ സംവിധാനങ്ങള്‍ ഉണ്ട്. കേരളത്തിലെ ബി.ആര്‍.സി കളില്‍
ലഭിച്ചിട്ടുള്ള ടെലിസ്കോപ്പുകളില്‍ ചിലതില്‍ ഇത്തരം സംവിധാനങ്ങള്‍ ഉണ്ട്.
ഈ ടെലിസ്കോപ്പുകളും ശുക്രസംതരണം നിരീക്ഷിക്കാനായി
പ്രയോജനപ്പെടുത്താവുന്നതാണ്. ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള പ്രൊജക്ഷന്‍
രീതി ഏറ്റവും സുരക്ഷിതമാണ്. എന്നാല്‍ ഒരു സമയത്തുപോലും ടെലിസ്കോപ്പിലൂടെ
നേരിട്ട് സൂര്യനെ നോക്കുവാന്‍ പാടുള്ളതല്ല. അധ്യാപകരുടെ സഹായത്തോടെ വേണം
സ്കൂളുകളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍.

അന്ധവിശ്വാസങ്ങള്‍?
സൂര്യഗ്രഹണത്തെ സംബന്ധിച്ചിടത്തോളം നിരവധി അന്ധവിശ്വാസങ്ങള്‍
നിലവിലുണ്ട്. ശുക്രസംതരണം എന്നത് അത്യപൂര്‍വ്വ കാഴ്ചയായതിനാല്‍
ജ്യോതിഷികള്‍ ഇതിന് പ്രാധാന്യം കല്‍പ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ
ഇതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ ഏതാണ്ട് ഇല്ല എന്നു തന്നെ പറയാം.


അപ്പോള്‍ മറക്കേണ്ട, ജൂണ്‍ 6 ന് രാവിലെ നേരത്തേ തന്നെ ഉണരുക.
കൂട്ടുകാരെയും നാട്ടുകാരെയും എല്ലാം കൂട്ടി ജീവിതത്തിലെ അത്യപൂര്‍വ്വമായ
ഈ കാഴ്ചയെ നെഞ്ചിലേറ്റുക.അവലംബം
1. http://www.transitofvenus.org/
2. ശുക്രസംതരണം - സൗരയൂഥത്തിന് ഒരു അളവുകോല്‍ - പ്രൊഫ. കെ പാപ്പൂട്ടി- കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌