Friday, August 23, 2013

നല്ല കൂട്ടുകാരെ കണ്ടെത്താന്‍ എം ആര്‍ ഐ സ്കാന്‍!

ഗംഗയ്ക്ക് നാഗവല്ലിയോടു തോന്നിയ തന്മയീഭാവത്തിന്റെ കഥ കേള്‍ക്കാത്തവരോ കാണാത്തവരോ മലയാളികളിലുണ്ടാവില്ല എന്നു തോന്നുന്നു. നാഗവല്ലിയുടെ ഓരോ അനുഭവവും തന്റേതായി മാറ്റുകയായിരുന്നു ഗംഗ. നാഗവല്ലിക്കു നേരെയുള്ള ഓരോ ഭീഷണിയും തനിക്കു നേരെയുള്ളതെന്നു കരുതിക്കരുതി അവസാനം ഗംഗ നാഗവല്ലിയായി മാറുന്ന കഥ! മണിച്ചിത്രത്താഴിലെ ആ കഥ പറയുക എന്നത് നമ്മുടെ വിഷയമല്ല. പക്ഷേ വിര്‍ജീനിയ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസറായ ജയിംസ് എ കോണ്‍ നടത്തിയ കണ്ടെത്തലുകള്‍ ചിലരെയെങ്കിലും മണിച്ചിത്രത്താഴിനെ ഓര്‍മ്മപ്പെടുത്തിയേക്കാം. നമ്മുടെ മനസ്സ്, ഞാന്‍ എന്ന അവസ്ഥ, ഇതെല്ലാം ശരിക്കും നമ്മുടേതു തന്നെയല്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ജയിംസിന്റെ ഗവേഷണം. നമ്മുടെ കൂട്ടുകാരുമായും വീട്ടുകാരുമായുമെല്ലാം അതിശക്തമായ മാനസികബന്ധനത്തിലാണ് നമ്മളെല്ലാവരുമത്രേ. പരസ്പരം ഒരു തന്മയീഭാവം തന്നെ നമുക്കിടയിലുണ്ട്. ഒരാളുടെ 'സെല്‍ഫ്' എന്നാല്‍ അയാളുമായി ബന്ധപ്പെടുന്നവരെക്കൂടി ഉള്‍പ്പെട്ടതാണത്രേ!

ജയിംസ് കോണും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് 22 യുവാക്കളില്‍ നടത്തിയ ഫംങ്ഷണല്‍ എം.ആര്‍.ഐ. പഠനമാണ് പുതിയ കണ്ടെത്തലിലേക്കു നയിച്ചത്. പരസ്പരം വളരെ പരിചിതരും അപരിചിതരുമായ 22 യുവാക്കളായിരുന്നു പരീക്ഷണത്തിന് വിധേയമായത്. പരീക്ഷണവേളയില്‍ ഇവരില്‍ പലര്‍ക്കും ഇലക്ട്രിക്ക് ഷോക്ക് ഉള്‍പ്പടെയുള്ള ഭീഷണികള്‍ നേരിടണമായിരുന്നു. ആ സമയം മുഴുവന്‍ ഇവരെ ഫംങ്ഷണല്‍ എം.ആര്‍.ഐ. സ്കാനിങിനു വിധേയമാക്കിയിരുന്നു. ഷോക്ക് നല്‍കുന്നത് ആര്‍ക്കുവേണമെങ്കിലുമാകാം. തലച്ചോറിലെ anterior insula, putamen, supramarginal gyrus എന്നീ ഭാഗങ്ങള്‍ ഭീഷണി നേരിടുന്ന അവസ്ഥയില്‍ സജീവമാകുന്ന കാര്യം ശാസ്ത്രം നേരത്തേ കണ്ടെത്തിയതാണ്.ഷോക്ക് ലഭിക്കുമെന്ന ഭീഷണി ഒരാള്‍ നേരിടുന്ന അവസ്ഥയില്‍ ഗവേഷകര്‍ പ്രതീക്ഷിച്ചപോലെ തന്നെ അയാളുടെ തലച്ചോറിലെ ഈ ഭാഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായിക്കണ്ടു. ഇങ്ങനെ ഒരാള്‍ 'ഷോക്ക്' ഭീഷണി നേരിടുന്ന അവസ്ഥയില്‍ മറ്റുള്ളവരുടെ തലച്ചോറിലെ ഈ ഭാഗങ്ങളും ഗവേഷകര്‍ നിരീക്ഷണവിധേയമാക്കിയിരുന്നു. ഭീഷണി ഒരാള്‍ക്കാണെങ്കിലും എല്ലാവരിലും തലച്ചോറിന്റെ ഈ പ്രദേശങ്ങള്‍ ഉത്തേജിതമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഈ ഉത്തേജനത്തിന്റെ തീവ്രതയില്‍ വലിയ വ്യത്യാസം പ്രകടമായിരുന്നു. ഭീഷണി നേരിടുന്നയാളുമായി പരിചയമില്ലാത്തവരില്‍ വളരെ കുറഞ്ഞ നിരക്കിലേ ഈ ഭാഗങ്ങള്‍ ഉത്തേജിതമായുള്ളൂ. എന്നാല്‍ അയാളുടെ ചങ്ങാതിമാരെ സംബന്ധിച്ചിടത്തോളം അവസ്ഥ അതല്ലായിരുന്നു. അയാളുടെ തലച്ചോറിലെ ഉത്തേജനനിരക്കിനോട് അടുത്തുനില്‍ക്കുന്നത്ര ശക്തമായ പ്രതികരണങ്ങളാണ് ചങ്ങാതിമാരുടെ തലച്ചോറില്‍ നിന്നും ലഭിച്ചത്! അതായത് അവര്‍ക്കുതന്നെ ഭീഷണി നേരിടുമ്പോഴുണ്ടായ അവസ്ഥയോട് ഏറ്റവുമടുത്തു നില്‍ക്കുന്ന പ്രതികരണങ്ങള്‍. സുഹൃത്തുക്കളോടും അടുപ്പമുള്ളവരോടും നാം കാണിക്കുന്ന എംപതി വെറും തോന്നലല്ലെന്നു സാരം! ജയിംസ് കോണിന്റെ ഭാഷയില്‍ "അതൊരു സത്യം തന്നെയാണ്, കാല്പനികമായ ഒന്നല്ല." മറ്റുള്ളവരുമായി തന്മയീഭാവത്തിലെത്താനുള്ള തലച്ചോറിന്റെ കഴിവാണ് ഈ പരീക്ഷണം സ്ഥിരീകരിച്ചത്.

സുഹൃത്തിനു ഭീഷണി നേരിടുക എന്നാല്‍ തനിക്കു ഭീഷണി നേരിടുകയാണ് എന്നു തന്നെയാണ് ഇതിനര്‍ത്ഥം! സാമൂഹികജീവിയാകാന്‍ മനുഷ്യരെ സഹായിക്കുന്നതിലും ഈ എംപതിക്ക് വലിയ പ്രാധാന്യമുണ്ടാവണം. ഒരു ഭീഷണി ഉണ്ടാകുമ്പോള്‍ അതിനെ കൂട്ടായി നേരിടാന്‍ മാനസികമായ ഈ ഐക്യപ്പെടല്‍ വലിയ സഹായമാണ്. ഇത് നിലനില്പിനു വേണ്ടിയുള്ള പരിണാമത്തിന്റെ ഭാഗം തന്നെയാണെന്ന് ഗവേഷകര്‍ കരുതുന്നു.

വാല്‍ക്കഷണം: "നല്ല കൂട്ടുകാരെ കണ്ടെത്താന്‍ ഫംങ്ഷണല്‍ എം ആര്‍ ഐ സ്കാന്‍" എന്ന് സ്കാനിങ് ലാബുകളുടെ പരസ്യം കാണാന്‍ കഴിയുന്ന കാലം അതിവിദൂരമല്ലെന്നു ചുരുക്കം!
കൂടുതല്‍ വിവരങ്ങള്‍ക്ക് : http://news.virginia.edu/content/human-brains-are-hardwired-empathy-friendship-study-shows

Tuesday, August 20, 2013

8.5 മണിക്കൂര്‍ എന്നാല്‍ ഒരു വര്‍ഷം! കെപ്ലര്‍ 87b എന്ന സൗരേതരഗ്രഹത്തിലാണ് ഈ അവസ്ഥ!

ഏറ്റവും വേഗത്തില്‍ നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹം! വെറും 8.5 മണിക്കൂര്‍ കൊണ്ട് ഒരു തവണ നക്ഷത്രത്തെ വലം വച്ചു വരും ഈ ഗ്രഹം. പേര് കെപ്ലര്‍ 78b. വലിപ്പമോ ഭൂമിക്കു സമാനവും. പക്ഷേ ഒരേയൊരു കുഴപ്പം. അവിടെപ്പോയി ജീവിക്കാം എന്നൊന്നും കരുതേണ്ട. കാരണം നക്ഷത്രത്തോട് വളരെ അടുത്താണ് ഈ ഗ്രഹം നക്ഷത്രത്തെച്ചുറ്റുന്നത്. ഗ്രഹോപരിതലത്തിലെ താപനില തന്നെ ഏതാണ്ട് 2800 - 3000 ഡിഗ്രി സെല്‍ഷ്യസ് വരും! ഉപരിതലം മുഴുവന്‍ ഉരുകിക്കിടക്കുകയാണെന്നു സാരം. ചുരുക്കത്തില്‍ ലാവ കൊണ്ടുള്ള ഒരു ഗോളം തന്നെ!
ഇഷ്ടം പോലെ സൗരേതരഗ്രങ്ങളെ കണ്ടെത്തുന്ന ഇക്കാലത്ത് ഇതിനെന്താണിത്ര പ്രത്യേകത? ഇത്രയും കുറഞ്ഞ സമയം കൊണ്ട് നക്ഷത്രത്തെ ചുറ്റുന്ന, ഭൂമിക്കു സമാനമായ വലിപ്പമുള്ള ഒരു ഗ്രഹം ഇതുവരെ കണ്ടെത്തിയിരുന്നില്ലത്രേ. കൂടാതെ ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്നുള്ള പ്രകാശം തിരിച്ചറിയാനും ഗവേഷകര്‍ക്കു കഴിഞ്ഞു. അടുത്തു തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച, കെപ്ലര്‍ എന്ന ഗ്രഹവേട്ടാദൂരദര്‍ശിനി ഉപയോഗിച്ചായിരുന്നു ഈ കണ്ടെത്തല്‍. MIT യിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍.

നമുക്കരികില്‍ നിന്നും ഏതാണ്ട് 700 പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്രഹവും നക്ഷത്രവും! എത്ര അടുത്ത് അല്ലേ!!! ഇവിടെ നിന്നും പ്രകാശവേഗത്തില്‍ സഞ്ചരിച്ചാല്‍പ്പോലും 700 വര്‍ഷമെടുക്കും അവിടെയെത്താന്‍. അല്ലെങ്കില്‍ വേറൊരു തരത്തില്‍ ചിന്തിച്ചാല്‍ ഏതാണ്ട് 700 വര്‍ഷം മുന്‍പുള്ള ഗ്രഹത്തിന്റെ അവസ്ഥയാണ് നാം ഇപ്പോള്‍ ഇവിടെ നിന്നും കണ്ടത്!

8.5 മണിക്കൂറിന്റെ ഈ റെക്കോഡ് അങ്ങനങ്ങു തുടരുകയൊന്നുമില്ലെന്നാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്. വെറും നാലോകാല്‍ മണിക്കൂര്‍ കൊണ്ട് നക്ഷത്രത്തെച്ചുറ്റുന്ന ഒരു ഗ്രഹമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇരുമ്പുപോലെയുള്ള എന്തെങ്കിലും സാന്ദ്രതയേറിയ പദാര്‍ത്ഥം കൊണ്ടായിരിക്കണം ഈ ഗ്രഹം നിര്‍മ്മിച്ചിട്ടുള്ളത്. എങ്കില്‍മാത്രമേ ഇത്രയും വേഗത്തില്‍ നക്ഷത്രത്തോ‌ട് ഇത്രയും അടുത്ത് ഒരു കുഴപ്പവുമില്ലാതെ ചുറ്റാന്‍ കഴിയുകയുള്ളത്രേ! സ്ഥിരീകരിക്കപ്പെ‌ട്ടാല്‍ നാലേകാല്‍ മണിക്കൂര്‍ കൊണ്ട് നക്ഷത്രത്തെച്ചുറ്റുന്ന ഈ ഗ്രഹം ഒരത്ഭുതം തന്നെയായിരിക്കും!

http://web.mit.edu/newsoffice/2013/kepler-78b-exoplanet-0819.html
http://iopscience.iop.org/0004-637X/774/1/54/article

Wednesday, August 14, 2013

ഉബുണ്ടു എഡ്ജ് എന്ന സ്മാര്‍ട്ട് ഫോണ്‍ കമ്പ്യൂട്ടര്‍!


സ്മാര്‍ട്ട് ഫോണുകളും ടാബുകളും ഓരോ ദിവസവും പുതിയ രൂപത്തിലും ഭാവത്തിലും ഇറങ്ങിക്കൊണ്ടേയിരിക്കുകയാണ്. സാംസങിന്റെ എസ് 4 ഉം ആപ്പിളിന്റെ ഐഫോണും കാണിച്ചുകൊടുക്കുന്ന വഴിയേ ആണ് മറ്റുള്ളവരുടെ സഞ്ചാരം. അങ്ങനെ മറ്റുള്ളവര്‍ക്ക് വഴികാണിച്ചുകൊടുക്കാന്‍ ഇവര്‍ മാത്രം മതിയോ? അതുപോരായെന്ന പ്രഖ്യാപനവുമായാണ് 2014 മേയ് മാസത്തില്‍ തികച്ചും പുതുമയുള്ള ഒരു ഫോണിറക്കണം എന്ന വാശിയില്‍ സാക്ഷാല്‍ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കുന്ന കാനോനിക്കല്‍ കമ്പനി പുതിയൊരു സംവിധാനം ആവിഷ്കരിച്ചത്. ഇതുവരെ ആരുമിറക്കാത്ത ഹാര്‍ഡുവെയര്‍ പുതുമകളോടെ ഒരു ഫോണ്‍. പേര് ഉബുണ്ടു എഡ്ജ്. ശരിക്കും ഒരു കമ്പ്യൂട്ടര്‍ തന്നെ ഈ ഫോണ്‍. അതും ഡ്യൂവല്‍ ബൂട്ടിങ്! ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റവും ആന്‍ഡ്രോയിഡും ഒരു പോലെ ഇതില്‍ പ്രവര്‍ത്തിക്കും. സ്പെസിഫിക്കേഷനുകള്‍ കേട്ടാല്‍ ആരും ഒന്നു നോക്കിപ്പോകും!

ഉബുണ്ടു ഡെസ്ക്ടോപ്പ്!
4GB റാം!
128GB സ്റ്റോറേജ്!
720 x 1280 HD റെസല്യൂഷനോടുകൂടി 4.5" സ്ക്രീന്‍!
അതും പോറല്‍ വീഴാത്ത സഫയര്‍ ഗ്ലാസ്!
Dual LTE, GSM പിന്തുണ!
സ്റ്റീരിയോ സ്പീക്കറുകള്‍!
സിലിക്കണ്‍-ആനോഡ് ലിത്തിയം അയോണ്‍ ബാറ്ററി!
വിലയോ $695 ഉം!!!
പ്രൊസസ്സര്‍, ഫോണ്‍ ഇറക്കുന്ന സമയത്തെ ഏറ്റവും മികച്ചതു തന്നെ തിരഞ്ഞെടുക്കും.
  Ubuntu Edge Apple iPhone 5 Samsung Galaxy S4
Mobile OS Dual-boots Android and Ubuntu mobile iOS Android
Desktop OS Ubuntu Desktop No No
RAM 4GB 1GB 2GB
Internal storage 128GB 64GB 16GB
Screen 720 x 1,280, 4.5 inches 640 x 1,136, 4 inches 1,080 x 1,920, 5 inches
Protection Sapphire Glass Corning Gorilla Glass Corning Gorilla Glass 3
Connectivity Dual-LTE, GSM LTE, GSM LTE, GSM
Speakers Stereo Mono Mono
Battery Silicon-anode Li-ion Li-ion Li-ion
Price $695 $849* $750**
CPU/GPU, screen technology to be finalised before production. * Apple Store ** Best Buy

ഇതെല്ലാം കേട്ട് മോഹിക്കാന്‍ വരട്ടെ!

ഫോണ്‍ ഇറങ്ങുമോയെന്നത് നിങ്ങളെക്കൂടി ആശ്രയിച്ചിരിക്കും!

അതെന്താ അങ്ങനെ?
ഉബുണ്ടു ഒഎസ് ഉള്ള ഈ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ കാനോനിക്കല്‍ കമ്പനി ഒറ്റയ്ക്കു വിചാരിച്ചാല്‍ സാധിക്കില്ല. അതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം ക്രൗഡ് ഫണ്ടിങാണ്. അതായാത്, ലോകമെമ്പാടുമുള്ള ആളുകളില്‍ നിന്നും പണം പിരിക്കുക. നിശ്ചിത തുക കിട്ടുമെന്നുറപ്പായാല്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തിലേക്കു കടക്കുക! 3.2 കോടി ഡോളര്‍ പിരിക്കാനാണ് കാനോനിക്കല്‍ ലക്ഷ്യമിട്ടിരുന്നത്. ജൂലൈ 22 മുതല്‍ ആഗസ്റ്റ് 21 വരെയാണ് ക്രൗഡ്ഫണ്ടിങ് കാലയളവ്. തുടക്കത്തില്‍ മികച്ച പ്രതികരണമുണ്ടായെങ്കിലും ഇപ്പോള്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്നു തന്നെയാണ് ടെലഗ്രാഫ് ഉള്‍പ്പടെ പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇനി എട്ടുദിവസം മാത്രം ബാക്കിയിരിക്കേ $9,917,045 മാത്രമാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. ഇതത്ര ചെറിയ സംഖ്യയൊന്നുമല്ല. എങ്കിലും ഉദ്ദേശിച്ച തുക എത്തിയില്ലെങ്കില്‍ പണം തിരിച്ചുകൊടുക്കാനാണ് കാനോനിക്കല്‍ കമ്പനിയുടെ തീരുമാനം.
$695 സംഭാവന നല്‍കിയാല്‍ ഒരു ഉബുണ്ടു എഡ്ജ് ഫോണ്‍ ലഭിക്കുന്ന രീതിയിലാണ് ക്രൗഡ് ഫണ്ടിങ്. വലിയ കമ്പനികള്‍ക്കും തുകകള്‍ നല്‍കി പദ്ധതിയില്‍ പങ്കാളികളാകാനുള്ള സംവിധാനവും ഉണ്ട്.
ഉബുണ്ടു എഡ്ജ് ഇറങ്ങിയില്ലെങ്കില്‍പ്പോലും ഈ ഫോണിന്റെ സ്പെസിഫിക്കേഷനും ആളുകള്‍ക്കിടയില്‍ നടന്ന ചര്‍ച്ചയും എല്ലാം മറ്റു കമ്പനികളുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട് എന്നു വ്യക്തം. ഭാവിയില്‍ ഇതേ ഫോണ്‍ മറ്റുള്ള കമ്പനികളില്‍ നിന്നും ഇറങ്ങിയേക്കാം എന്നും വരാം!
കൂടുതല്‍ വിവരങ്ങള്‍ വേണോ? ഈ ലിങ്കില്‍പ്പോയി നോക്കൂ.
http://www.indiegogo.com/projects/ubuntu-edge

Thursday, August 8, 2013

കാന്തികധ്രുവ്വങ്ങള്‍ മാറാനായി സൂര്യനൊരുങ്ങുന്നു...പതിനൊന്നു വര്‍ഷങ്ങള്‍ക്കിടയില്‍ നടക്കുന്ന മറ്റൊരു സൗരപ്രതിഭാസത്തിനു വീണ്ടും സമയമായിരിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ സൂര്യന്റെ കാന്തികധ്രുവങ്ങള്‍ പരസ്പരം വച്ചുമാറുമെന്നാണ് കണക്കുകൂട്ടല്‍. സൗരയൂഥത്തില്‍ മുഴുവനും ഈ കാന്തികധ്രുവങ്ങള്‍ പരസ്പരം വച്ചു മാറുന്നതിന്റെ അലകളുണ്ടാകും. കോസ്മിക് രശ്മികളെയടക്കം ഈ മാറ്റം ബാധിക്കുകയും ചെയ്യും. വില്‍കോക്സ് സൗരനീരീക്ഷണാലയത്തിലെ ശാസ്ത്രജ്ഞരാണ് ഇപ്പോള്‍ ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്.
ഏതാണ്ടു നാല്‍പ്പതുവര്‍ഷത്തോളമായി അവര്‍ സൂര്യനേയും സൂര്യന്റെ കാന്തികസ്വഭാവങ്ങളേയും പഠിച്ചുതുടങ്ങിയിട്ട്. ഇതുവരെ മൂന്നു തവണ ഈ കാന്തികധ്രുവത്തിന്റെ മാറ്റം അവര്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇത് നാലാമത്തെ വച്ചുമാറലാണ്. കൂടുതല്‍ കാര്യക്ഷമമായ സാങ്കേതികവിദ്യകളുടെയും പരീക്ഷണ-നീരീക്ഷണോപകരണങ്ങളുടെയും സഹായത്തോടെ ഈ പ്രതിഭാസത്തിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് നിരീക്ഷണാലയത്തിലെ ശാസ്ത്രജ്ഞര്‍. സൗരയൂഥത്തിന്റെ അതിരുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വോയേജര്‍ പേടകങ്ങളിലും ഈ മാറ്റം അനുഭവവേദ്യമായേക്കാം. എങ്കിലും അതറിയാന്‍ ഇനിയും മൂന്നോ നാലോ മാസങ്ങള്‍ കൂടി കാത്തിരുന്നേ പറ്റൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് - http://science.nasa.gov/science-news/science-at-nasa/2013/05aug_fieldflip/

Wednesday, August 7, 2013

കിലോനോവ! ഗാമാ വികിരണ സ്ഥോടനം! ഹബിള്‍ ടെലിസ്കോപ്പ്!

കിലോനോവ! ഗാമാ വികിരണ സ്ഥോടനം! ഹബിള്‍ ടെലിസ്കോപ്പ്!നാസയുടെ ഹബിള്‍ ടെലസ്കോപ്പ് നമുക്കു നല്‍കിയ ബഹിരാകാശവാര്‍ത്തകള്‍ക്കു കണക്കില്ലെന്നുതന്നെ പറയാം. ഇപ്പോഴിതാ പ്രപഞ്ചത്തില്‍ വിദൂരതയില്‍ നടന്ന ഒരു പുതിയ സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് നമ്മുടെ ഹബിള്‍ പുറത്തുവിട്ടിരിക്കുന്നത്. കിലോനോവ എന്നാണീ പുതിയ സ്ഫോടനത്തിനു നല്‍കിയ പേര്! ഭാരം കൂടിയ നക്ഷത്രങ്ങളുടെ അന്ത്യം സൂപ്പര്‍നോവ എന്ന അത്യന്തം ശക്തിയേറിയ സ്ഫോടനത്തിലൂടെയാണ് പലപ്പോഴും അവസാനിക്കാറ്. കിലോനോവയാകട്ടെ രണ്ടു നക്ഷത്രങ്ങളുടെ അന്ത്യം കുറിക്കുന്ന സ്ഫോടനമാണ്. മിതമായ ഭാരമുള്ള നക്ഷത്രങ്ങളുടെ അവസാനത്തില്‍ ന്യൂട്രോണ്‍ നക്ഷത്രം എന്ന അവസ്ഥയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഈ അവസ്ഥയിലുള്ള നക്ഷത്രത്തിന്റെ വലിപ്പം വളരെ കുറവായിരിക്കും. ഊര്‍ജ്ജോത്പാദനം മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ചു വളരെ വളരെ കുറവും. എന്നാല്‍ അത്തരം രണ്ടു നക്ഷത്രങ്ങള്‍ കൂട്ടിമുട്ടിയാലോ? അത്യന്തം ശക്തിയേറിയ ഒരു സ്ഫോടനത്തിലായിരിക്കും അതവസാനിക്കുക. അത്തരം ഒരു സ്ഫോടനമാണ് കിലോനോവ എന്നറിയപ്പെടുന്നത്. സാധാരണ നോവ സ്ഫോടനങ്ങളുടെ 1000 ഇരട്ടി പ്രകാശമേറിയതായതിനാലാണ് കിലോനോവ എന്ന പേരു വീണത്. കഴിഞ്ഞ മാസമാണ് ഹബിള്‍ ദൂരദര്‍ശിനി ഇത്തരമൊരു സ്ഫോടനം നിരീക്ഷിക്കുന്നത്. നമ്മുടെ അടുത്തൊന്നുമല്ലട്ടോ ഈ സ്ഫോടനം നടന്നത്. അങ്ങകലെ ഏതാണ്ട് 400 കോടി പ്രകാശവര്‍ഷങ്ങള്‍ അകലെ!!! ഹബിള്‍ കണ്ടത് ഇന്നോ ഇന്നലയോ നടന്ന സ്ഫോടനമല്ലെന്നും സാരം. 400കോടി വര്‍ഷം മുന്‍പു നടന്ന ഒരു സ്ഫോടനമാണ് ഹബിളിന്റെ ദൃഷ്ടിയില്‍പ്പെട്ടത്!

കിലോനോവയ്ക്കു ശേഷം അതിശക്തമായ ഗാമാവികിരണം ഉണ്ടാകും. ഗാമാ റേ ബര്‍സ്റ്റ് എന്നാണീ പ്രതിഭാസത്തിന്റെ പേര്. അല്പനേരത്തേക്കുള്ള ഈ ഗാമാവികരണസ്ഫോടനത്തിന്റെ കാരണം ഇക്കാലമത്രയും അജ്ഞാതമായി തുടരുകയായിരിരുന്നു. ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍ നിന്നും ഇത്തരം ഗാമാവികിരണസ്ഫോടനം ഉണ്ടാകാം എന്നു തെളിഞ്ഞിരിക്കുകയാണിപ്പോള്‍! GBR എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗാമാവികിരണസ്ഫോടനം രണ്ടു തരത്തിലുണ്ട്. 2 സെക്കന്റുകള്‍ വരെ നീണ്ടു നില്‍ക്കുന്ന ദൈര്‍ഘ്യമേറിയതും സെക്കന്റിന്റെ അംശം മാത്രം നീണ്ടുനില്‍ക്കുന്ന ഹ്രസ്വമായതും. അതില്‍ ഹ്രസ്വമായ GBR നു പുറകിലുള്ള കാരണങ്ങളിലൊന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.