Saturday, September 28, 2013

മൈക്രോസ്കോപ്പിക്ക് / മാക്രോ ഫോട്ടോഗ്രാഫി മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ചിലവില്ലാതെ

ഫോട്ടോയെടുക്കുമ്പോള്‍ ഒരു പൂവിന്റെ, ഉറുമ്പിന്റെ ഒക്കെ വിശദമായ ചിത്രം വേണമെങ്കില്‍ മാക്രോ മോഡ് ക്യാമറ വേണം. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലൊക്കെ ഒരു സെ.മീ. വരെയൊക്കെ വസ്തുവിനോട് അടുത്തു ചെല്ലാനും കഴിയും. ഒരു എസ് എല്‍ ആര്‍ ക്യാമറയാണെങ്കില്‍ ഇതത്ര എളുപ്പമാവില്ല. 18-55 ലെന്‍സ് ഉപയോഗിച്ച് വൈഡ് ആംഗിള്‍ ഫോട്ടോയെടുക്കാം. പക്ഷേ ഒരു മൈക്രോസ്കോപ്പിക്ക് ചിത്രം എടുക്കാന്‍ പറ്റില്ലല്ലോ. അതിന് ലക്ഷങ്ങള്‍ വിലയുള്ള മാക്രോ ലെന്‍സുകള്‍ വേണ്ടിവരും. മൊബൈല്‍ ക്യാമറയുടെ കാര്യത്തിലോ, മാക്രോ പോയിട്ട് നല്ല ഒരു സൂം പോലും പ്രതീക്ഷിക്കേണ്ടതില്ല.
എന്നാല്‍ പ്രതീക്ഷ അങ്ങനങ്ങ് കൈവിടേണ്ട. മൊബൈല്‍ഫോണിലെ ക്യാമറയുപയോഗിച്ച് മൈക്രോസ്കോപ്പിക്ക് ചിത്രമെടുക്കാനുള്ള ഒരു സൂത്രമുണ്ട്. അതിനു വേണ്ടത് ഒരു കുഞ്ഞുലെന്‍സാണ്. ഫോക്കല്‍ദൂരം വളരെക്കുറഞ്ഞ ഒന്ന്. അതെവിടെനിന്നും കിട്ടും? ലെന്‍സന്വേഷിച്ച് കടയില്‍പ്പോകാനൊന്നും നില്‍ക്കേണ്ട. വീട്ടില്‍ ഉപയോഗശൂന്യമായ ഒരു സിഡി ഡ്രൈവോ ഡിവിഡി ഡ്രൈവോ ഉണ്ടോ എന്നു നോക്കൂ. അല്ലെങ്കില്‍ ഏതു കമ്പ്യൂട്ടര്‍ കടയിലും കിടപ്പുണ്ടാവും ആര്‍ക്കും വേണ്ടാതെ ഈ സിഡി ഡ്രൈവുകള്‍. അവരില്‍ നിന്ന് ഒരെണ്ണം സംഘടിപ്പിച്ചാലും മതി. വേണേല്‍ പണം ഇങ്ങോട്ടു തന്നിട്ട് ഇതൊന്നു കൊണ്ടുപോകൂ എന്നു വരെ കടക്കാര്‍ പറഞ്ഞുകളയും!!!
ഡ്രൈവു കിട്ടിയാല്‍പ്പിന്നെ അതങ്ങ് പൊളിക്കണം. അഴിച്ചഴിച്ച് ഓരോ ഭാഗവും വെവ്വേറെയാക്കണം. അതില്‍ സിഡി റീഡ് ചെയ്യുന്ന ഒരു കണ്ണുണ്ട്! ഒരു ഇലക്ട്രോണിക് കണ്ണ്. അതായിരിക്കണം നമ്മുടെ ലക്ഷ്യം. ഡ്രൈവ് അഴിക്കുമ്പോള്‍ കുറെ ഇലക്ട്രോണിക് ഭാഗങ്ങള്‍ കിട്ടും. പക്ഷേ അതൊന്നും നമുക്ക് ആവശ്യമില്ല. വീട്ടില്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് കൗതുകമുണ്ടാക്കുന്ന ചില വസ്തുക്കളും ഇതില്‍ നിന്നും കിട്ടും. മൂന്ന് മോട്ടോറുകള്‍! പിന്നെ റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ ശക്തിയേറിയ രണ്ടു ചെറുകാന്തങ്ങളും!!! അതൊക്കെ കുട്ടികള്‍ക്കു കൊടുത്തേക്കുക, നമുക്ക് അതിന്റെ കണ്ണിലെ ലെന്‍സ് മാത്രം മതിയാകും. സൂഷ്മതയോടെ അത് അഴിച്ചെടുക്കുക.

(ലെന്‍സ് അടങ്ങിയ ലേസര്‍ കണ്ണ്! )
 

ലെന്‍സ് കിട്ടിയാല്‍പ്പിന്നെ മൊബൈല്‍ ക്യാമറ മതി, നല്ലൊരു മൈക്രോസ്കോപ്പിക്ക് ചിത്രമെടുക്കാന്‍! ലെന്‍സെന്നു പറഞ്ഞാല്‍ ഒരു കുഞ്ഞുലെന്‍സാണ്. ഒരു അര സെ.മീ. മാത്രം വ്യാസം വരുന്ന ഒന്ന്. താഴെ വീണാല്‍പ്പിന്നെ വേറെ ലെന്‍സുവേണ്ടിവരും ഈ ചങ്ങാതിയെ കണ്ടുപിടിക്കാന്‍!

( ഇതാണ് നമുക്കാവശ്യമുള്ള ലെന്‍സ്! )


മൊബൈല്‍ ക്യാമറയുടെ ലെന്‍സിനു മീതെ ഈ ലെന്‍സ് പിടിപ്പിക്കുകയാണ് അടുത്ത പണി. മുന്‍വശത്തു ക്യാമറയുള്ള മോഡലാണെങ്കില്‍ പതിയെ ക്യാമറയ്ക്കു മുന്നില്‍ ഈ ലെന്‍സ് വെറുതെ വച്ചുനോക്കൂ. എന്നിട്ട് ക്യാമറ ഓണാക്കൂ. കുറച്ച് അരണ്ട വെളിച്ചമല്ലാതെ ഇപ്പോള്‍ മറ്റൊന്നും കാണുകയില്ല. ഇനി വല്ല പിന്നോ നൂലോ പൂവോ ഒക്കെ പതിയെ ഈ ലെന്‍സിനടുത്തേക്കു കൊണ്ടുവന്നു നോക്കൂ. ആരെയും അത്ഭുതപ്പെടുത്തി മൈക്രോസ്കോപ്പിലെന്നപോലെ വളരെ വിശദമായ കാഴ്ച കാണാം!!!
(സേഫ്റ്റിപിന്നിന്റെ തുമ്പിന്റെ ഫോട്ടോ - മൊബൈല്‍ ക്യാമറയില്‍ എടുത്തത് )


പുറകുവശത്തു ക്യാമറയുള്ള മൊബൈലാണെങ്കില്‍ ലെന്‍സിനെ ക്യാമറയ്ക്കു മുന്നില്‍ ഉറപ്പിക്കേണ്ടി വരും. ഇതിനും ഒരു സൂത്രമുണ്ട്. ഒരു സേഫ്റ്റിപിന്നെടുക്കുക. രണ്ടു കമ്പികള്‍ക്കിടയിലുള്ള സ്ഥലത്ത് നമ്മുടെ കുഞ്ഞുലെന്‍സ് വച്ച് ലോക്ക് ചെയ്താല്‍ അതവിടെ സുഖമായി പിടിച്ചിരുന്നോളും. ഇനി ഇളകിപ്പോകുമെന്നു സംശയമുണ്ടെങ്കില്‍ ഒരല്പം ഒരല്പം ഫെവിക്യുക്ക് പോലെയുള്ള ഏതെങ്കിലും പശ ഉപയോഗിക്കാം. (ലെന്‍സിന്റെ വശത്തേ പശ പുരട്ടാവൂ :-) )
ഇനി സേഫ്റ്റിപിന്നില്‍ ഉറപ്പിച്ചിരിക്കുന്ന നമ്മുടെ ഈ ലെന്‍സിനെ ക്യാമറയ്ക്കു മുന്നില്‍ ചേര്‍ത്തു വയ്ക്കുക. ഒരു റബര്‍ബാന്റോ മറ്റോ ഉപയോഗിച്ച് ഈ സംവിധാനത്തെ ക്യാമറയോട് ഉറപ്പിക്കുകയും ആവാം. മൈക്രോസ്കോപ്പിക്ക് ചിത്രങ്ങള്‍ എടുത്തു കഴിയുമ്പോള്‍ സംവിധാനം ഊരിമാറ്റുകയും ചെയ്യാം!
(ഈയാംപാറ്റയുടെ ചിറക് - മൊബൈല്‍ ക്യാമറയില്‍ എടുത്തത്)

ഇനി വസ്തുക്കളെ അടുത്തറിയാന്‍ ക്യാമറയുമായി ഇറങ്ങിക്കോളൂ... നല്ല മൈക്രോസ്കോപ്പിക്ക് ചിത്രങ്ങള്‍ മുന്നിലേക്കു പോരട്ടെ!!!

ഇനി DSLR ക്യാമറയുള്ളവര്‍ക്ക് പതിനായിരങ്ങളും ലക്ഷങ്ങളും വിലയുള്ള മാക്രോലെന്‍സ് വാങ്ങാതെ മാക്രോചിത്രങ്ങളെടുക്കാനുള്ള ഒരു സൂത്രം. 18-55mm വലിപ്പമുള്ള ലെന്‍സാണ് SLR ലെന്‍സുകളില്‍ ഏറ്റവും വില കുറവ്. ബേസ് മോഡല്‍ ഏതു വാങ്ങിച്ചാലും ഈ ലെന്‍സ് അതിനൊപ്പം ഉണ്ടാവുകയും ചെയ്യും. ക്യാമറയില്‍ നിന്നും ലെന്‍സ് ഊരിയെടുക്കുക. ഇനി അതിനെ തലതിരിച്ച്  ക്യാമറയോട് ഘടിപ്പിക്കണം. അതിനുള്ള അഡാപ്ടറുകള്‍ വാങ്ങാന്‍ കിട്ടും. അതില്ലെങ്കിലും വിഷമിക്കേണ്ട. ഒരു കൈകൊണ്ട് ചേര്‍ത്തുപിടിച്ചാലും മതി. 
( കയ്യൂണ്യത്തിന്റെ അര സെ.മീ മാത്രം വലിപ്പമുള്ള പൂവ് - കാനന്‍ 1100D ഉപയോഗിച്ച് എടുത്ത മാക്രോചിത്രം)

ഇനി വസ്തുക്കള്‍ക്കടുത്തേക്കു ചെന്ന് മാക്രോഫോട്ടോ എടുക്കാന്‍ തുടങ്ങിക്കോളൂ. പൊടിപടലമില്ലാത്ത അന്തരീക്ഷമാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ നമ്മുടെ 18-55 ലെന്‍സ് പിന്നെ പിള്ളാര്‍ക്കു കളിക്കാന്‍ കൊടുക്കാം!!!