Tuesday, October 8, 2013

ഹിഗ്സ് കണം കണ്ടെത്തിയ ഫ്രാങ്കോയിസ് എങ്ലെര്‍ട്ടിനും പീറ്റര്‍ ഹിഗ്സിനും 2013 ലെ നോബല്‍ സമ്മാനം

ആണവകണങ്ങളുടെ ദ്രവ്യമാനവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്ക് ഇത്തവണത്തെ നോബല്‍സമ്മാനം. പീറ്റര്‍ ഹിഗ്സും ഫ്രാങ്കോയിസ് എങ്ലെര്‍ട്ടുമാണ് സമ്മാനര്‍ഹരായത്. ലാര്‍ഡ് ഹാഡ്രോണ്‍ കൊളൈഡറില്‍ അടുത്ത കാലത്തു നടന്ന പരീക്ഷണങ്ങള്‍ ദൈവകണം എന്ന പേരില്‍ പ്രശസ്തമായ ഹിഗ്സ് ബോസോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.

കണങ്ങള്‍ക്ക് മാസുണ്ടാകുന്നതെങ്ങനെ എന്ന സിദ്ധാന്തം ആവിഷ്കരിച്ചതിനാണ് നോബല്‍സമ്മാനം. 1964 ല്‍ പീറ്റര്‍ ഹിഗ്സും ഫ്രാങ്കോയിസ് എങ്ലെര്‍ട്ടും വെവ്വേറെയാണ് ഈ കണ്ടെത്തല്‍ നടത്തിയത്.  ദൈവകണം എന്ന പേരില്‍ പ്രശസ്തമായ ഹിഗ്സ് ബോസോണ്‍ എന്ന കണത്തിന്റെ സാന്നിദ്ധ്യം 2012 ല്‍ സ്ഥിരീകരിക്കുകയുണ്ടായി. സ്വിറ്റ്സര്‍ലന്റിലെ ജനീവയോടു ചേര്‍ന്നുള്ള സ്ഥലത്ത് വിവിധ രാജ്യങ്ങളുടെ സംയുക്തസഹകരണത്തോടെ നിര്‍മ്മിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്.
ലോകം എങ്ങനെ നിര്‍മ്മിച്ചിരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു ആറ്റോമിക് കണങ്ങളെ സംബന്ധിച്ച സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്ന സിദ്ധാന്തം. ഈ സിദ്ധാന്തപ്രകാരം കണങ്ങള്‍ക്കു മാസുണ്ടാകുന്നതെങ്ങനെ എന്നു പൂര്‍ണ്ണമായി വിശദീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.  ഹിഗ്സ് ഫീല്‍ഡാണ് അഥവാ ഹിഗ്സ് മണ്ഡലമാണ് ഏതു കണങ്ങള്‍ക്കും മാസ് നല്‍കുന്നത്. ഹിഗ്സ് ഫീല്‍ഡിന്റെ കണമാണ് ഹിഗ്സ് ബോസോണ്‍. ഏതാണ്ട് അരനൂറ്റാണ്ടുകാലത്തോളം ആശയലോകത്തുമാത്രം നിലനിന്നിരുന്നു ഈ കണത്തിന്റെ നിലനില്‍പ്പാണ് സേണ്‍(CERN) എന്ന പരീക്ഷണശാലയില്‍ നടന്ന പരീക്ഷണം വഴി കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ചത്. മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ യന്ത്രം എന്നു വിശേഷിപ്പിക്കാവുന്ന ലാര്‍ഡ് ഹാഡ്രോണ്‍ കൊളൈഡര്‍ ഉപയോഗിച്ച് ലോകമെമ്പാടും നിന്നുമുള്ള 3000 ത്തിലധികം ശാസ്ത്രജ്ഞരുടെ കഠിനശ്രമമാണ് ഹിഗ്സ് ബോസോണിനെ 'പിടികൂടാന്‍' സഹായിച്ചത്.
ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു അദൃശ്യക്ഷേത്രവുമായി (Invisible field) ബന്ധപ്പെട്ടാണ് ഹിഗ്സ് കണത്തിന്റെ നിലനില്‍പ്പ്. പ്രപഞ്ചം മുഴുവനും ഇല്ലാതായാലും ഈ ഫീല്‍ഡ് ഇവിടെ നിലനില്‍ക്കുമത്രേ! ഈ ഫീല്‍ഡുമായിട്ടുള്ള പ്രതിപ്രവര്‍ത്തനമാണ് ഏതൊരു കണത്തിനും ദ്രവ്യമാനം നല്‍കുന്നത്. എങ്ലെര്‍ട്ട് മുന്നോട്ടുവച്ച ഇത്തരമൊരാശയം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു വിശദകരിച്ചത് ഹിഗ്സാണ്.

വളരെ വലിയ നേട്ടമാണ് ഹിഗ്സ് ബോസോണിന്റെ കണ്ടെത്തലോടെ നാം കൈവരിച്ചിരിക്കുന്നത്.  ബാക്ടീരിയ മുതല്‍ തമോദ്വാരം വരെ നിര്‍മ്മിച്ചിരിക്കുന്ന ദ്രവ്യത്തെ വിശദീകരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എങ്കിലും പൂര്‍ണ്ണമല്ല. പല പ്രഹേളികളും ഇനിയും പരിഹരിക്കേണ്ടിയിരിക്കുന്നു. ന്യൂക്ലിയാര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്തുവരുന്ന 'ന്യൂട്രിനോ' എന്ന തരം കണികകളുണ്ട്. നമ്മുടെ ശരീരത്തില്‍ക്കൂടിയും എന്തിന് ഭൂമിയില്‍ക്കൂടിപ്പോലും ഒരു തടസ്സവുമില്ലാതെ ഓരോ സെക്കന്റിലും ആയിരം കോടിക്കണക്കിനു ന്യൂട്രിനോകള്‍ കടന്നുപോകുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ പ്രകാരം ഈ കണികകളുടെ മാസ് പൂജ്യമാണ്. ഹിഗ്സ് ഫീല്‍ഡുമായി യാതൊരു പ്രതിപ്രവര്‍ത്തനവും നടത്താന്‍ ഈ കണികകള്‍ക്കു കഴിയുന്നില്ല എന്നാണ് വയ്പ്പ്. എന്നാല്‍ ന്യൂട്രിനോകള്‍ക്കും മാസുണ്ട് എന്ന് പിന്നീടു കണ്ടെത്തിയിരുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഇനിയും പരിഹരിക്കപ്പെട‌ാതെ കിടക്കുന്ന പ്രശ്നങ്ങളിലൊന്നാണിത്. മറ്റൊരു പ്രശ്നം നമുക്കു കാണാന്‍ കഴിയുന്ന ദ്രവ്യത്തെക്കുറിച്ചു മാത്രമാണ് ഈ സിദ്ധാന്തം സംസാരിക്കുന്നത്. എന്നാല്‍ ഇരുണ്ട ദ്രവ്യം (Dark matter) എന്നറിയപ്പെടുന്ന ദ്രവ്യമാണ് പ്രപഞ്ചത്തില്‍ കൂടുതലും എന്നാണ് ഇന്നുള്ള അറിവ്. പ്രപഞ്ചത്തില്‍ ആകെയുള്ള ദ്രവ്യത്തില്‍ അഞ്ചില്‍ നാലു ഭാഗവും ഇരുണ്ട ദ്രവ്യമാണത്രേ. ഈ പ്രശ്നത്തെ അഭിമുഖീകരിക്കാനും സ്റ്റാന്‍ഡേര്‍ഡ് മോഡലിന് കഴിയുന്നില്ല. സേണിലെ കൂടുതല്‍ പരീക്ഷണങ്ങള്‍ ഈ പ്രശ്നത്തെയും പരിഹരിക്കും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

നോബല്‍ സമ്മാനിതനായ ഫ്രാങ്കോയിസ് എങ്ലെര്‍ട്ട് ബെല്‍ജിയത്തിലാണ് ജനിച്ചത്. 1932 ല്‍ ജനിച്ച ഇദ്ദേഹം ബ്രക്സ്ലെസ് സര്‍വ്വകലാശാലയില്‍ ( Université Libre de Bruxelles, Brussels,
Belgium.) നിന്നും ഡോക്ടറേറ്റും നേടി. 1929 ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച പീറ്റര്‍ ഹിഗ്സ് ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഗവേഷണബിരുദം കരസ്ഥമാക്കിയത്. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുകയും സ്റ്റാന്‍ഡേര്‍ഡ് മോഡലിനാസ്പദമായ ഹിഗ്സ് ഫീല്‍ഡിനെക്കുറിച്ചു പഠിക്കുകയും ചെയ്ത ഇരുവരം പക്ഷേ ആദ്യമായി കണ്ടുമുട്ടുന്നത് സേണിലെ പരീക്ഷണശാലയില്‍ വച്ചാണ്. ഏതാണ്ട് 77 കോടി രൂപ വരുന്ന നോബല്‍സമ്മാനത്തുക ഇരുവരും തുല്യമായി വീതിച്ചെടുക്കും.

അവലംബം : http://www.nobelprize.org/nobel_prizes/physics/laureates/2013/press.pdf

No comments: