Friday, October 25, 2013

വാല്‍നക്ഷത്രം വരുന്നൂ... ഐസോണ്‍ Comet ISON! - ഭാഗം 1


1066 ഒക്ടോബറിലെ ഒരു ദിവസം. വില്യം രണ്ടാമന്റെ നേതൃത്വത്തിലുള്ള നോര്‍മന്‍ഫ്രഞ്ച് സൈന്യവും ഇംഗ്ലണ്ടിലെ ഹാരോള്‍ഡ് രണ്ടാമന്റെ നേതൃത്വത്തിലുള്ള സൈന്യവും തമ്മില്‍ ഘോരമായ ഏറ്റുമുട്ടല്‍ നടക്കുന്നു. ഹെയ്സ്റ്റിങ് എന്ന സ്ഥലത്തിന് അല്പം അകലെ വച്ചായിരുന്നു ഏറ്റുമുട്ടല്‍. യുദ്ധത്തില്‍ ഹാരോള്‍ഡ് രണ്ടാമന്‍ രാജാവ് കൊല്ലപ്പെട്ടു.വിജയാഹ്ലാദം മുഴക്കിയ നോര്‍മ്മന്‍ പ്രഭു വില്യം ഇംഗ്ലണ്ടിനുമേല്‍ അധീശത്വം സ്ഥാപിച്ച് ഭരണം തുടങ്ങി. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍  ഹെയ്സ്റ്റിംങ് യുദ്ധം എന്നു രേഖപ്പെടുത്തപ്പെട്ട ഈ യുദ്ധത്തിന് അല്പകാലം മുന്‍പ് തദ്ദേശീയര്‍ രാത്രിയാകാശത്ത് ഒരു കാഴ്ച കണ്ടു. അത്ര പതിവില്ലാത്ത ഒരു കാഴ്ച. ഒരു വാല്‍നക്ഷത്രം! വില്യം യുദ്ധത്തില്‍ ജയിച്ച കഥ എണ്‍പതുമീറ്ററോളം നീളമുള്ള ഒരു തുണിയില്‍ ചിത്രകഥയായി വരച്ചുണ്ടാക്കി.  
(ബായുക്സ് ടേപ്പിസ്ട്രി എന്ന പേരില്‍ പ്രശസ്തമായ ചിത്രകഥയില്‍ ഹാലിയുടെ വാല്‍നക്ഷത്രം - വട്ടത്തിനുള്ളില്‍  - ചിത്രത്തിനു കടപ്പാട് : വിക്കിമീഡിയ)

ഹാരോള്‍ഡ് രാജാവിന് യുദ്ധത്തെക്കുറിച്ചു സൂചനനല്‍കുന്ന ഭാഗത്താണ് ചിത്രകഥയില്‍ വാല്‍നക്ഷത്രത്തെ വരച്ചുചേര്‍ത്തിരിക്കുന്നത്. ഹാരോള്‍ഡ് രാജാവിനെ സംബന്ധിച്ചിടത്തോളം വാല്‍നക്ഷത്രം അപശകുനമായിത്തീര്‍ന്ന വാല്‍നക്ഷത്രം! അന്നുമാത്രമല്ല ഇന്നും വാല്‍നക്ഷത്രം ഒരു അപശകുനമായി കാണുന്ന ധാരാളം ആളുകളുണ്ട്. രസകരമായ കാര്യം ഹാരോള്‍ഡ് രാജാവു മാത്രമല്ല നോര്‍മന്‍ പ്രഭുവായ വില്യമും ഇക്കാഴ്ച കണ്ടിട്ടുണ്ടാവുക. എങ്കിലും യുദ്ധത്തില്‍ തോറ്റത് ഒരാള്‍ മാത്രം! ഹാരോള്‍ഡിന്റെ ദുശ്ശകുനം വില്യമിന് ശുഭശകുനം!!!
ഏതാണ്ട് ഒരു സഹസ്രാബ്ദം മുന്‍പ് രചിച്ച ചിത്രകഥയില്‍ വരച്ചുചേര്‍ത്ത വാല്‍നക്ഷത്രം പിന്നീടെത്രയോ തവണ നമ്മെ സന്ദര്‍ശിച്ചു കടന്നുപോയിരിക്കുന്നു. ഏറെ ആഹ്ലാദത്തോടെ, ആവേശത്തോടെ നമ്മളെല്ലാം നെഞ്ചിലേറ്റിയ ധൂമകേതു! വാല്‍നക്ഷത്രം ഒരു ദുശ്ശകുനമല്ലെന്നും ഒരു ആകാശവസ്തുമാത്രമാണെന്നും ജനമനസ്സുകളിലേക്ക് എഴുതിച്ചേര്‍ത്ത ഒരു ധൂമകേതു. എഡ്മണ്ട് ഹാലിയുടെ പേരില്‍ പ്രശസ്തമായ 'ഹാലിയുടെ വാല്‍നക്ഷത്രം'!

എന്തായാലും നമുക്കു കഥ വിടാം. ഒരുപക്ഷേ മനുഷ്യരുണ്ടായ കാലം മുതല്‍ക്കുതന്നെ അവരെ ആകര്‍ഷിച്ച, അത്ഭുതപ്പെടുത്തിയ, പേടിപ്പെടുത്തിയ ഒത്തിരിക്കാഴ്ചകള്‍ രാത്രിയാകാശം അവര്‍ക്കായി ഒരുക്കിവച്ചിരുന്നു. നക്ഷത്രങ്ങളും ഗ്രഹങ്ങളും ചന്ദ്രനുമെല്ലാം അവരില്‍ നിറച്ച അത്ഭുതം പിന്നീട് കൗതുകത്തിനും അന്വേഷണത്വരയ്ക്കും വഴിമാറിയിട്ടുണ്ടാവണം. എന്തായാലും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചന്ദ്രന്റെയുമെല്ലാം സ്ഥാനവും ചലനവും നിരീക്ഷിച്ച പ്രാചീനര്‍ക്ക് ഒരു കാര്യം ബോധ്യമായി. ചില നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവ ചലിച്ചുകൊണ്ടേയിരിക്കുകയാണെന്ന്. വല്ലാതെ കൃത്യത പാലിക്കുന്ന ഈ ആകാശഗോളങ്ങളെയെല്ലാം ദൈവമല്ലാതെ മറ്റെന്താണ്?  അങ്ങനെ ഈ ഗോളങ്ങളെ ദൈവമാക്കി ആരാധിക്കാനും കഥകളുണ്ടാക്കാനും തുടങ്ങി. എന്നാല്‍ അപൂര്‍വ്വമായി ആകാശത്ത് മറ്റൊരു കാഴ്ചയും വരും. ഇതുവരെ അവര്‍ നിരീക്ഷിച്ചറിഞ്ഞ നിയമങ്ങള്‍ക്കു പിടികൊടുക്കാതെ, സാധാരണ ആകാശഗോളങ്ങളുടെ ആകൃതിയിലല്ലാതെ മറ്റൊരുരൂപം. വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന വാല്‍നക്ഷത്രങ്ങള്‍! ആകാശത്തെ നിയമങ്ങളനുസരിക്കാതെ അല്പകാലത്തേക്കു മാത്രം കാണുന്ന ഈ രൂപങ്ങള്‍ ദൈവങ്ങളാകാന്‍ വഴിയില്ല. തിന്മയുടെ അവതാരങ്ങളാണ് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍!
എന്തായാലും ഏതാണ്ടെല്ലാ സംസ്‌കാരങ്ങളിലും ഈ വാല്‍നക്ഷത്രങ്ങള്‍ അപശകുനമായാണ് കരുതപ്പെട്ടിരുന്നത്. വരാനിരിക്കുന്ന ഏതോ അപകടത്തിന്റെ മുന്നോടിയാണ് ഈ ആകാശക്കാഴ്ചയെന്ന് അവര്‍ വിശ്വസിച്ചു. അതിനനുസരിച്ചുണ്ടാക്കിയ കഥകളും മിത്തുകളും ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്തു.

പ്രാചീനചിന്തകരില്‍ അതിപ്രധാനിയായിരുന്ന അരിസ്‌റ്റോട്ടില്‍ അഭിപ്രായം പറയാത്ത കാര്യങ്ങളൊന്നുമില്ലെന്നാണ് വയ്പ്. വാല്‍നക്ഷത്രങ്ങളെക്കുറിച്ചും ആദ്യമായി ഒരു വിശദീകരണം നല്‍കിയത് അദ്ദേഹമായിരുന്നു. ഭൂമിയില്‍ നിന്നും ചൂടുള്ള, വരണ്ട നീരാവി ഉയര്‍ന്നു പൊങ്ങിയാണ് വാല്‍നക്ഷത്രങ്ങള്‍ രൂപംകൊള്ളുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത! BCE 350ലാണ് ഇതെന്നോര്‍ക്കണം. ഇന്നു കേട്ടാല്‍ ജ്യോതിശാസ്ത്രം പഠിച്ചുതുടങ്ങുന്ന ചെറുകുട്ടികള്‍ക്കു പോലും ചിരിവരുന്ന ഈ സിദ്ധാന്തം പക്ഷേ നൂറ്റാണ്ടുകളോളം നിലനിന്നു എന്നതാണ് ഏറെ കൗതുകകരം. അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങളെ എതിര്‍ക്കാന്‍ നൂറ്റാണ്ടുകളോളം ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. പള്ളിയുടെയും മതത്തിന്റെയും പിടിയിലമര്‍ന്ന ജനതയില്‍ നിന്നും കൂടുതലൊന്നും അന്നു പ്രതീക്ഷിക്കേണ്ടതുമില്ല. എങ്കിലും ചില വെളിച്ചങ്ങള്‍ വരാനിരിക്കുന്നുണ്ടായിരുന്നു.
ടൈക്കോ ബ്രാഹെ, കെപ്ലര്‍ തുടങ്ങിയ ശാസ്ത്രജ്ഞരെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. 15ാം നൂറ്റാണ്ടിലും 16-ാം നൂറ്റാണ്ടിലുമായി ജീവിച്ചിരുന്ന ശാസ്ത്രജ്ഞര്‍. ഏതാണ്ട് ഗലീലിയോയുടെ സമകാലികര്‍ എന്നു വേണമെങ്കിലും പറയാം. വാല്‍നക്ഷത്രത്തെക്കുറിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരിസ്‌റ്റോട്ടിലിന്റെ സിദ്ധാന്തത്തെ മാറ്റിപ്പറയാന്‍ ധൈര്യശാലികളായ ഈ ശാസ്ത്രജ്ഞര്‍ വേണ്ടിവന്നു എന്നുള്ളതാണ് ചരിത്രം! നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയുംപോലെ ആകാശത്തു കാണുന്ന വസ്തുക്കളാണ് വാല്‍നക്ഷത്രങ്ങളും എന്ന ഇവരുടെ കണ്ടെത്തലും പ്രഖ്യാപനവുമായിരുന്നു ജ്യോതിശ്ശാസ്ത്രത്തില്‍ വാല്‍നക്ഷത്രങ്ങള്‍ക്ക് സ്ഥാനം നേടിക്കൊടുത്തത്.

1609 ല്‍ ഗലീലിയോ ആകാശനിരീക്ഷണത്തിന് ദൂരദര്‍ശിനി ഉപയോഗിച്ചതോടെ ജ്യോതിശാസ്ത്രരംഗം ഒരു വലിയ വിപ്ലവത്തിനു നാന്ദികുറിച്ചു. വാല്‍നക്ഷത്രങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഇതോടെ പ്രബലമായി. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ മറ്റുചില വാല്‍നക്ഷത്രങ്ങളെ നിരീക്ഷിക്കാനും ഗവേഷകര്‍ക്കു കഴിഞ്ഞു.
(എഡ്മണ്ട് ഹാലി -1687, തോമസ് മുറേ വരച്ച ചിത്രം)

എങ്കിലും വാല്‍നക്ഷത്രപഠനങ്ങള്‍ക്ക് കൃത്യമായ രൂപവും രീതിയും കൈവന്നത് സര്‍ എഡ്മണ്ട് ഹാലി എന്ന ശാസ്ത്രജ്ഞന്റെ രംഗപ്രവേശത്തോടെയാണ്. സാക്ഷാല്‍ ഐസക് ന്യൂട്ടന്റെ സുഹൃത്തുകൂടിയായിരുന്നു ഹാലി. വാല്‍നക്ഷത്രങ്ങള്‍ക്ക് ഗ്രഹങ്ങളെപ്പോലെതന്നെ നിയതമായ സഞ്ചാരപഥമുണ്ടെന്നും ഇത് ദീര്‍ഘവൃത്താകൃതിയിലാണെന്നുമാണെന്ന കണ്ടെത്തല്‍ ഹാലിയെ വല്ലാതെ ആകര്‍ഷിച്ചു. ഇതിനിടയില്‍ 1682 ല്‍ ഒരു വാല്‍നക്ഷത്രം ആകാശത്തു പ്രത്യക്ഷപ്പെട്ടു. വിശദമായ പഠനങ്ങള്‍ക്ക് ഹാലി  ഈ വാല്‍നക്ഷത്രത്തെ വിധേയമാക്കി. ചരിത്രരേഖകള്‍ പരിശോധിച്ചതോടെ അദ്ദേഹത്തിന് ഒരു കാര്യം ബോധ്യമായി. ഇത് 1531 ലും 1607ലും 1682 ലും പല നിരീക്ഷകരും കണ്ട വാല്‍നക്ഷത്രം തന്നെ!  അങ്ങനെയെങ്കില്‍ 76 വര്‍ഷങ്ങള്‍ക്കുശേഷം ഇതു വീണ്ടും വരണമല്ലോ. ഗണിതത്തെ വിശ്വസിച്ച് അദ്ദേഹം ഒരു പ്രവചനം നടത്തി. 1758 ല്‍ വാല്‍നക്ഷത്രം വീണ്ടും പ്രത്യക്ഷപ്പെടും. പക്ഷേ തന്റെ പ്രവചനം ശരിയായോ എന്നറിയാന്‍ ഹാലിക്ക് ഭാഗ്യമുണ്ടായിരുന്നില്ല. 1742 ജനുവരി 14 ന് അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ പ്രവചനം ഫലിച്ചു. 1759 ല്‍ വാല്‍നക്ഷത്രം വീണ്ടും പ്രത്യക്ഷപ്പെട്ടു. നിരീക്ഷണത്തിന്റെ, കണക്കുകൂട്ടലുകളുടെ, ശാസ്ത്രത്തിന്റെ വിജയം. വാല്‍നക്ഷത്രത്തിന് ഹാലി എന്ന പേരുനല്‍കിയാണ് ശാസ്ത്രലോകം അദ്ദേഹത്തെ ആദരിച്ചത്.

(ഹാലിയുടെ വാല്‍നക്ഷത്രം - 1910 ലെടുത്ത ചിത്രം - കടപ്പാട് ദി ന്യൂയോര്‍ക്ക് ടൈസ്)


എന്താണീ വാല്‍നക്ഷത്രം?
ഭൂമിയും ബുധനും ശുക്രനുംപോലെ സൂര്യനെച്ചുറ്റുന്ന ആകാശവസ്തുക്കള്‍ തന്നെയാണീ വാല്‍നക്ഷത്രങ്ങളും. പക്ഷേ സൂര്യനടുത്തെത്തുമ്പോള്‍ ഒരു അന്തരീക്ഷവും വാലും പ്രദര്‍ശിപ്പിക്കും എന്നുമാത്രം. പാറയും പൊടിയും കൊണ്ടുള്ള ഒരു വലിയ പാറക്കെട്ട്. അതിനു ചുറ്റും ജലവും അമോണിയയും മീഥേനുമെല്ലാം തണുത്തുറഞ്ഞ് ഖരരൂപത്തില്‍ പൊതിഞ്ഞിരിക്കും. ഭൂരിഭാഗവും  മഞ്ഞുതന്നെ. ഏതാനും കിലോമീറ്ററുകളോളം വലിപ്പമുണ്ടാകും ഇവയ്ക്ക്. ചിലപ്പോള്‍ 30 - 40 കിലോമീറ്ററുകള്‍ വരെയാകാം. ന്യൂക്ലിയസ് എന്നാണ് ഈ ഭാഗത്തെ വിളിക്കുന്നത്. ഇരുമ്പ്, നിക്കല്‍, സിലിക്കേറ്റുകള്‍, മീഥേന്‍, അമോണിയ തുടങ്ങിയ പലതരം പദാര്‍ത്ഥങ്ങളും പ്രത്യേകിച്ച് ആകൃതിയൊന്നുമില്ലാതെ അടിഞ്ഞുകൂടി കട്ടപിടിച്ച ഒരു രൂപം.
(വാല്‍നക്ഷത്രത്തിന്റെ ഘടന)

സൗരയൂഥത്തിന്റെ അതിരുകളില്‍ മഞ്ഞു പൊതിഞ്ഞൊരു പാറക്കെട്ടുപോലെ ഉറങ്ങിക്കിടക്കുന്ന വാല്‍നക്ഷത്രം സൂര്യനടുത്തെത്തുമ്പോഴാണ് അതിന്റെ വിശ്വരൂപം കാണിക്കുന്നത്. സൂര്യനില്‍നിന്നുള്ള കണികാപ്രവാഹമാണ് (സൗരവാതം) ഇതിനു കാരണമാകുന്നത്. അതോടെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലെ മഞ്ഞും മീഥേനും അമോണിയയുമെല്ലാം ബാഷ്പീകരിച്ച് അതിനുചുറ്റും വലിയൊരു വാതകാവരണം തീര്‍ക്കും. കോമ എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനെ വിളിക്കുന്നത്. ലക്ഷക്കണക്കിനു കിലോമീറ്റര്‍ വ്യാസമുണ്ടാകും ഈ ആവരണത്തിന്. അടുത്തകാലത്ത് പുതിയൊരു കണ്ടെത്തല്‍കൂടിയുണ്ടായി. കോമയ്ക്കു ചുറ്റും മറ്റൊരാവരണവും ഉണ്ടാകാറുണ്ട്. ഹൈഡ്രജന്‍ ആറ്റങ്ങളുടെ ആവരണമാണിത്. ഹൈഡ്രജന്‍മേഘം എന്നാണിത് അറിയപ്പെടുന്നത്. ഇവയുടെ വലിപ്പം ഏതാനും കോടി കിലോമീറ്ററുകള്‍ വരെയാവാം. സൂര്യന്റെ അടുത്തെത്തുന്നതോടെ കോമയുടെയും ഹൈഡ്രജന്‍ മേഘത്തിന്റെയും ഒരു ഭാഗം നീണ്ട് രണ്ടോ അതിലധികമോ വാലുകള്‍ പ്രത്യക്ഷപ്പെടും.കോമയും വാലും സൂര്യപ്രകാശം തട്ടി തിളങ്ങും. സൂര്യന്റെ എതിര്‍ദിശയിലായിരിക്കും ഈ വാലുകള്‍. സൗരവാതത്തിന്റെ ശക്തിയില്‍പ്പെട്ട് വാല്‍നക്ഷത്രത്തില്‍ നിന്നും അകന്നുപോകുന്ന മഞ്ഞുകണങ്ങളും വാതകകണങ്ങളുമാണ് വാലിലെ പ്രധാനഘടകങ്ങള്‍. പ്രധാനമായും രണ്ടു തരം വാലുകളാണ് ഉണ്ടാവാറ്. ധൂളീവാലും (dust tail) പ്ലാസ്മാവാലും (plasma tail)! എങ്കിലും ഇവയിലൊന്നുമാത്രമായിരിക്കും നല്ല പ്രകാശത്തില്‍ കാണപ്പെടുക. ഒരു മില്ലീമീറ്ററിന്റെ ആയിരത്തിലൊന്നുമാത്രം വലിപ്പമുള്ള കണങ്ങളാണ് ധൂളീവാലിലടങ്ങിയിരിക്കുന്നത്. സൂര്യനോടടുത്ത ഒരു വാല്‍നക്ഷത്രത്തില്‍ അയണീകരിക്കപ്പെട്ട വാതകങ്ങള്‍ ധാരാളമായുണ്ടാവും . ഇവയാണ് പ്ലാസ്മാവാലിനു രൂപംനല്‍കുന്നത്. കോടിക്കണക്കിനു കിലോമീറ്ററുകള്‍ വരും പലപ്പോഴും ഈ വാലുകളുടെ നീളം.

എവിടെ നിന്നാണ് ഈ വാല്‍നക്ഷത്രങ്ങള്‍ വരുന്നത്?
പ്ലൂട്ടോയെക്കുറിച്ചു നമുക്കറിയാം. പണ്ട് നമ്മളെല്ലാം ഗ്രഹമായിക്കരുതിയിരുന്ന ഒരു ആകാശഗോളം. ഈ പ്ലൂട്ടോയ്ക്കും അപ്പുറം, കോടിക്കണക്കിനു കിലോമീറ്ററുകള്‍ അകലെ, കോടിക്കണക്കിനു കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഊര്‍ട്ട് മേഘം എന്നൊരു പ്രദേശമുണ്ട്. അനേകം ചെറുവസ്തുക്കളുടെ വിഹാരകേന്ദ്രമാണിവിടം. ഭൂരിഭാഗവും മഞ്ഞിനാല്‍ മൂടപ്പെട്ടവ. മില്ലീമീറ്ററുകള്‍ മുതല്‍ കിലോമീറ്ററുകള്‍ വരെ വലിപ്പം വരുന്നവ. മഞ്ഞെന്നു പറഞ്ഞാല്‍ ജലം മാത്രമല്ല, മീഥേനും അമോണിയയും തണുത്തുറഞ്ഞ മഞ്ഞും ഉള്‍പ്പെടും.
സൂര്യന്റെ ഗുരുത്വാകര്‍ഷണപരിധിയിലാണ് ഇവയെങ്കിലും മറ്റു നക്ഷത്രങ്ങളുടെ ഗുരുത്വാകര്‍ഷണവും ഇവയെ സ്വാധീനിക്കാം. അങ്ങിനെ പലപ്പോഴുമുണ്ടാവുന്ന സ്വാധീനത്തില്‍ വഴിതെറ്റി സൂര്യനു നേര്‍ക്ക് ഇവ സഞ്ചരിക്കാന്‍ തുടങ്ങാം. ചിലത് സൗരയൂഥത്തില്‍ നിന്നും അകലേക്കും പോകാം. ഇങ്ങനെയായിരിക്കാം വാല്‍നക്ഷത്രങ്ങള്‍ ഉണ്ടാകുന്നതെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തം. എങ്കിലും ഇതുവരെ ഉറച്ച തെളിവുകളൊന്നും ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്കു ലഭിച്ചിട്ടില്ല.
സൗരയൂഥത്തിനുള്ളില്‍ത്തന്നെയുള്ള മറ്റൊരു പ്രദേശത്തു നിന്നും വാല്‍നക്ഷത്രങ്ങള്‍ ഉണ്ടാകാം. നെപ്റ്റ്യൂണിനപ്പുറം ഏതാണ്ട് 300കോടി കിലോമീറ്റര്‍ ദൂരം വരെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശം. അതാണ് കൈപ്പര്‍ ബെല്‍റ്റ്.  പ്ലൂട്ടോ പോലുള്ള ചെറുഗ്രഹങ്ങളടക്കം സൂര്യനെച്ചുറ്റുന്ന അനേകം വസ്തുക്കളുടെ മറ്റൊരു വിഹാരകേന്ദ്രം.  200 വര്‍ഷത്തില്‍ത്താഴെ ആവര്‍ത്തനകാലമുള്ള ധൂമകേതുക്കളുടെ ഉത്ഭവം ഇവിടെ നിന്നാണെന്നാണ് നിഗമനം. സൂര്യനും മറ്റു ഗ്രഹങ്ങളും ഉള്ള അതേ തലത്തില്‍ക്കൂടി സൂര്യനെ ചുറ്റുന്ന വാല്‍നക്ഷത്രങ്ങളാണ് ഇവിടെ നിന്നും വരുന്നതത്രേ. വ്യാഴം, യുറാസനസ്, നെപ്റ്റ്യൂണ്‍ പോലുള്ള ഭീമഗ്രഹങ്ങളുടെ ആകര്‍ഷണവും ഇവിടെ നിന്നും ചെറുവസ്തുക്കളെ സൂര്യനടുത്തേക്കയക്കാന്‍ കാരണമാകാറുണ്ട് എന്നു കരുതുന്നു.

വാല്‍നക്ഷത്രങ്ങളെല്ലാം വീണ്ടും വീണ്ടും സൂര്യനരികിലേക്കു വരുമോ?
ഹാലിയുടെ വാല്‍നക്ഷത്രം 76 വര്‍ഷത്തിലൊരിക്കല്‍ സൂര്യനെ വലം വച്ചുപോകാറുണ്ട്. സൂര്യനു ചുറ്റും ഇത്തരത്തില്‍ വലം വച്ചുപോരുന്ന നിരവധി വാല്‍നക്ഷത്രങ്ങളുണ്ട്. ഒരു തവണ ചുറ്റാനെടുക്കുന്ന സമയം മൂന്നു വര്‍ഷം മുതല്‍ പത്തുലക്ഷം വര്‍ഷം വരെ ആവാം എന്നാണ് കണക്ക്. എല്ലാ വാല്‍നക്ഷത്രങ്ങളും ഇങ്ങനെ വീണ്ടും വീണ്ടും സൂര്യനെ ചുറ്റണമെന്നില്ല. ഒരിക്കല്‍മാത്രം സൂര്യനെ സന്ദര്‍ശിച്ച് എന്നെന്നേക്കുമായി സൗരയൂഥം തന്നെ വിട്ടുപോകുന്ന വാല്‍നക്ഷത്രങ്ങളുണ്ട്. കുറെ തവണ വലം വച്ചശേഷം മറ്റു ഗ്രഹങ്ങളുടെ സ്വാധീനവലയത്തില്‍പ്പെട്ട് വഴിമാറിപ്പോകുന്നവയുമുണ്ട്.

ഉല്‍ക്കാവര്‍ഷവും വാല്‍നക്ഷത്രങ്ങളും തമ്മില്‍ എന്താ ബന്ധം?
രാത്രിയാകാശത്ത് ഇടയ്ക്ക് പാഞ്ഞുപോകുന്ന ചില വെള്ളിവെളിച്ചം കാണാം.  ഭൂമിയുടെ അന്തരീക്ഷത്തിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കുന്ന ചെറിയ പാറക്കഷണങ്ങളും മറ്റുമാണിവ. ഇവ അന്തരീക്ഷത്തിലെ വായുവുമാള്ള പ്രതിരോധം നിമിത്തം ചൂടുപിടിച്ച് കത്തിപ്പോവുകയാണ് പതിവ്. ഈ കാഴ്ചയാണ്  നാം കാണുക. ഉല്‍ക്കാവര്‍ഷം, കൊള്ളിമീന്‍വര്‍ഷം എന്നൊക്കെയാണ് ഇവ അറിയപ്പെടുക. ഇത്തരം ചില ഉല്‍ക്കാവര്‍ഷങ്ങള്‍ക്ക് വാല്‍നക്ഷത്രങ്ങളുമായും ബന്ധമുണ്ട്. വാല്‍നക്ഷത്രം അതിന്റെ സഞ്ചാരപഥത്തിലുടനീളം അതിന്റെ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചുപോകാറുണ്ട്. വാല്‍നക്ഷത്രം സൂര്യനെച്ചുറ്റുന്ന അതേ പാതയിലൂടെ ഈ അവശിഷ്ടപദാര്‍ത്ഥങ്ങളും സൂര്യനെച്ചുറ്റിക്കൊണ്ടിരിക്കും. ഭൂമിയുടെ പരിക്രമണപഥവും പലപ്പോഴും ഇത്തരം വാല്‍നക്ഷത്രങ്ങളുടെ പരിക്രമണപഥത്തിലൂടെ കടന്നുപോകാം. ഭൂമി ഈ ഭാഗത്തെത്തുമ്പോള്‍ വാല്‍നക്ഷത്രപാതയില്‍ സൂര്യനെച്ചുറ്റിക്കൊണ്ടിരിക്കുന്ന പല പാറക്കഷണങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നുവരാം. ഇവ കുറെയധികം ഉണ്ടെങ്കില്‍ ഉല്‍ക്കാവര്‍ഷം പോലെ കാണപ്പെടും. 2007 ല്‍ കടന്നുപോയ സ്വിഫ്റ്റ് ടട്ടില്‍ എന്നൊരു വാല്‍നക്ഷത്രമുണ്ട്. ആഗസ്റ്റ് മാസത്തില്‍ ഭൂമി ഈ പാതയിലൂടെ കടന്നുപോകും. പെഴ്സിയൂസ് നക്ഷത്രഗണത്തിന്റെ ഭാഗത്തായാണ് വാല്‍നക്ഷത്രത്തിന്റെ സഞ്ചാരപാത വരിക. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയില്‍ ഈ ഭാഗത്തു നിന്നും ഉല്‍ക്കാവര്‍ഷം കാണാന്‍ കഴിയുന്നുണ്ട്.  (Perseid meteor shower). ഹാലി വാല്‍നക്ഷത്രവും ഇതേ പോലെ ഉല്‍ക്കാവര്‍ഷത്തിനു കാരണമാകുന്നുണ്ട്. ഒക്ടോബര്‍ മാസത്തില്‍ ഒറിയോണ്‍ നക്ഷത്രഗണഭാഗത്തായി ഇതു കാണാം.


 NB: പോസ്റ്റ് തുടര്‍ച്ചയായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതാണ്. ഡ്രാഫ്റ്റ് പതിപ്പ്!
(തുടരും)2 comments:

അപ്പു said...

നല്ല ലേഖനം

ടോട്ടോചാന്‍ said...

നന്ദി അപ്പൂ