Thursday, February 5, 2015

മൈറ്റോകോണ്‍ട്രിയല്‍ രോഗത്തിനു പ്രതിവിധി: മൂന്നുപേര്‍ക്കായി ഒരു കുട്ടി ജനിക്കാനുള്ള നിയമം പാസാക്കാന്‍ ഇംഗ്ലണ്ട്.

മൈറ്റോകോണ്‍ട്രിയല്‍ രോഗത്തിനു പ്രതിവിധി: മൂന്നുപേര്‍ക്കായി ഒരു കുട്ടി ജനിക്കാനുള്ള നിയമം പാസാക്കാന്‍ ഇംഗ്ലണ്ട്.
---------------------------------------------------------------------------------
സാധാരണഗതിയില്‍ ഒരു കുട്ടിയുടെ ജനനാവകാശികള്‍ രണ്ടുപേര്‍ മാത്രമാണ്, ഇനിയത് വാടകഗര്‍ഭപാത്രം ആണെങ്കില്‍ക്കൂടിയും. എന്നാല്‍ മൂന്നുപേര്‍ ജനനാവകാശികളായും ഒരു കുട്ടിയെ ജനിപ്പിക്കാന്‍ കഴിയും. അതിനുള്ള നിയമം പാസ്സാക്കാനായി മുന്നിട്ടിറങ്ങിയിരിക്കുന്നത് ഇംഗ്ലണ്ടാണ്. യു.കെ. യിലെ എംപി മാരില്‍ ബഹുഭൂരിപക്ഷവും നിയമം പാസ്സാക്കാനായി വോട്ട് ചെയ്തു കഴിഞ്ഞു. മൂന്നുപേരില്‍ നിന്നുള്ള ഡി എന്‍ എയെ ഉള്‍ക്കൊള്ളിച്ച് കുട്ടിയെ ജനിപ്പിക്കാനുള്ള സങ്കേതമാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. മൈറ്റോകോണ്‍ട്രിയല്‍ രോഗം എന്ന ഗുരുതരമായ രോഗവുമായി കുട്ടികള്‍ ജനിക്കാതിരിക്കാനായിട്ടാണ് സങ്കേതം വികസിപ്പിച്ചത്. ഇംഗ്ലണ്ടില്‍ 6500കുട്ടികളില്‍ ഒരാള്‍ ഗുരുതരമായ മൈറ്റോകോണ്‍ട്രിയല്‍ രോഗവുമായാണ് ജനിക്കുന്നത്. ഹൃദയം, കരള്‍, ശ്വാസകോശം തുടങ്ങിയവയെക്കെല്ലാം വൈകല്യങ്ങളുണ്ടാക്കാന്‍ ഈ രോഗത്തിനു കഴിയും.
ബിബിസിയുടെ വാര്‍ത്തയില്‍ Sharon Bernardi എന്നൊരു സ്ത്രീയെക്കുറിച്ച് പറയുന്നുണ്ട്. മൈറ്റോകോണ്‍ട്രിയല്‍ രോഗം മൂലം ഈ സ്ത്രീക്ക് തന്റെ ഏഴ് കുട്ടികളെയും നഷ്ടപ്പെടുകയായിരുന്നു. ആദ്യ മുന്ന് കുട്ടികളും ജനിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം മരിച്ചിരുന്നു. ഡോക്ടര്‍മാര്‍ക്കാര്‍ക്കും അതിനൊരു പ്രതിവിധിയും ഉണ്ടായിരുന്നില്ല. പിന്നീട് മരണകാരണം അന്വേഷിച്ച ഡോക്ടര്‍മാര്‍ ഷാരോണിന്റെ അമ്മയ്ക്കും ഇതേ അസുഖം ഉള്ളതായി കണ്ടെത്തി. തുടര്‍ച്ചയായി പ്രസവങ്ങളില്‍ ഷാരോണിനും തന്റെ സഹോദരങ്ങളെ ഇതേപോലെ നഷ്ടപ്പെട്ടിരുന്നു. ആ അമ്മയ്ക്ക് നഷ്ടപ്പെടാതെ കിട്ടിയ ഏകകുട്ടി ഷാരോണ്‍ മാത്രമായിരുന്നു. എങ്കിലും കൃത്യമായി എന്താണ് അവരുടെ ജനിതകത്തകരാര്‍ എന്നു കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കായില്ല.
ഷാരോണ്‍ തന്റെ നാലാമത്തെ കുട്ടിക്ക് ജന്മം നല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ഏറെ ശ്രദ്ധപുലര്‍ത്തി. ഒരുതരം ബ്ലഡ് പോയിസനിങ് ആണ് മറ്റു കുട്ടികളെ മരണത്തിലേക്കു കൊണ്ടുപോയത്.അതൊഴിവാക്കാനുള്ള എല്ലാ കാര്യങ്ങളുംഡോക്ടര്‍മാര്‍ ചെയ്തു. എഡ്വേര്‍ഡ് എന്ന ഈ കുട്ടി ജീവിച്ചു. ഒന്നര മാസത്തിനുശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം എഡ്വേര്‍ഡ് വീട്ടിലേക്കു മടങ്ങുകയും ചെയ്തു. പക്ഷേ അപ്പോഴും എഡ്വേര്‍ഡിന്റെ ആരോഗ്യനില വളരെ പരിതാപകരമായിരുന്നു. അപസ്മാരസമാനമായ ഒരു രോഗം നാലാമത്തെ വയസ്സില്‍ എഡ്വേര്‍ഡിനുണ്ടായി. തലച്ചോറില്‍ അനിയന്ത്രിതമായ വൈദ്യുതസിഗ്നലുകള്‍ മൂലം ഉണ്ടാവുന്ന ഒരു രോഗം.
എഡ്വേര്‍ഡിന്റെയും ഷാരോണിന്റെയും പ്രശ്നങ്ങള്‍ ഒരുപോലെ പഠിച്ച് ഡോക്ടര്‍മാരാണ് അവസാനം ഇരുവരുടെയും പ്രശ്നം കണ്ടെത്തിയത്. അമ്മയുടെ ശരീരത്തിലെ മൈറ്റോകോണ്‍ട്രിയയിലെ ചില പിഴവുകളാണ് രോഗകാരണം.ഇതിനിടയില്‍ പിന്നെയും ഷാരോണ്‍-നെയ്ല്‍ ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍ ജനിച്ചിരുന്നു. പക്ഷേ രണ്ടുവയസ്സിനപ്പുറത്തേക്ക് അവരും ജീവിച്ചില്ല. പല തവണ രോഗം മരണത്തിനടുത്തെത്തിച്ചെങ്കിലും എഡ്വേര്‍ഡ് ജീവിച്ചു. തന്റെ 21ാം വയസ്സുവരെ. 2011ല്‍ എഡ്വേര്‍ഡിനെയും മരണം കൂട്ടിക്കൊണ്ടുപോയി.
മൈറ്റോകണ്‍ട്രിയ ഒരു കോശശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഓരോ കോശത്തിനും വേണ്ട ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ജോലിയാണ് മൈറ്റോകോണ്‍ട്രിയയ്ക്കുള്ളത്. മൈറ്റോകോണ്‍ട്രിയയിലെ ഡി എന്‍ യില്‍ വരുന്ന പിഴവുകള്‍ അമ്മയിലൂടെ അനന്തരതലമുറകളിലേക്കു പകരും എന്നുള്ളതാണ് ഈ ജനിതകത്തകരാറിനെ ഗുരുതരമാക്കുന്നത്. ജനിക്കുന്ന കുട്ടിയുടെ തലച്ചോറിന്റെയും ഹൃദയത്തിന്റെയും മസിലുകളുടെയും എല്ലാം പ്രവര്‍ത്തനത്തെ തകരാറിലാക്കാന്‍ ഈ ജനിതകപ്രശ്നത്തിനു കഴിയും. ചിലപ്പോള്‍ കാഴ്ചയെയും ബാധിക്കാം. ബഹുഭൂരിപക്ഷം കുട്ടികളും മരണത്തിനു കീഴടങ്ങും എന്നുള്ളതാണ് ഏറ്റവും സങ്കടകരമായ കാര്യം. അത്യപൂര്‍വ്വമായി മാത്രമേ മൈറ്റോകോണ്‍ട്രിയല്‍ രോഗമുള്ള അമ്മമാരുടെ കുട്ടികള്‍ രക്ഷപ്പെടാറുള്ളൂ.
ചികിത്സയുടെ തത്വം വളരെ ലളിതമാണ്. അച്ഛന്റെയും അമ്മയുടെയും ഡി എന്‍ എയ്ക്കൊപ്പം ആരോഗ്യമുള്ള മൈറ്റോകോണ്‍ട്രിയയുള്ള ഒരു സ്ത്രീയുടെ ഡി എന്‍ എ കൂടി കൂട്ടിച്ചേര്‍ക്കുക. ഇതിനായി രണ്ടുതരം രീതികള്‍ ഉപയോഗിക്കാം. (ചിത്രങ്ങള്‍ നോക്കുക)


ഒട്ടേറെ നൈതികപ്രശ്നങ്ങള്‍ക്ക് ഈ സംവിധാനം വഴിയൊരുക്കുമെന്നാണ് പ്രമുഖമാധ്യമങ്ങള്‍ പറയുന്നത്. ക്രിസ്റ്റ്യന്‍ പള്ളി അധികാരികളില്‍ നിന്നാണ് കൂടുതല്‍ എതിര്‍പ്പ് പ്രതീക്ഷിക്കുന്നത്. പക്ഷേ പല അധികാരികളും ആശങ്കകള്‍ പ്രകടിപ്പിച്ചെങ്കിലും ഈ സംവിധാനത്തോട് അനുകൂലമായ മനോഭാവമാണ് സ്വീകരിച്ചിരിക്കുന്നതത്രേ.
അവലംബം: 1) http://www.bbc.com/news/health-31069173
2) http://edition.cnn.com/…/…/03/health/uk-ivf-3-person-babies/
3) http://www.washingtonpost.com/…/british-parliament-is-voti…/
ചിത്രങ്ങള്‍ക്കു കടപ്പാട് : http://www.hfea.gov.uk/

No comments: