രണ്ടു ക്യൂബ്‍സാറ്റുകള്‍. അതായത് വളരെ ചെറിയ രണ്ട് ബഹിരാകാശപേടകങ്ങള്‍. അവരാണ് മാര്‍ക്കോ (Mars Cube One (MarCO)! എന്നറിയപ്പെടുന്ന MarCO-Aയും Marco-Bയും. ഇന്ത്യയുടെ ഇന്‍സാറ്റ് ഒക്കെപ്പോലെയുള്ള ഉപഗ്രഹങ്ങളുടെ ഒരു കുഞ്ഞുരൂപം. അതായത്, വിടര്‍ത്താന്‍ കഴിയുന്ന സൗരപാനലുകളും ഭൂമിയുമായി ബന്ധപ്പെടാന്‍ ഉള്ള ആന്റിനകളും ഒക്കെയള്ള ഒരു കുഞ്ഞ് ഉപഗ്രഹം.
ഇന്‍സൈറ്റിനൊപ്പം ചൊവ്വയിലേക്കു പോയ കൂട്ടുകാരാണിവര്‍. ഇന്‍സൈറ്റ് ചൊവ്വയിറങ്ങുന്ന സമയത്ത് ചൊവ്വയ്ക്കു മുകളിലൂടെ കടന്നുപോവുകയാവും മാര്‍ക്കോകള്‍. ഇന്‍സൈറ്റില്‍നിന്നുള്ള വിവരങ്ങള്‍ പിടിച്ചെടുത്ത് നേരിട്ട് ഭൂമിയിലേക്കെത്തിക്കാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് മാര്‍ക്കോ നടത്തുക.
മാര്‍ക്കോ ഉപഗ്രഹങ്ങള്‍ ഇന്‍സൈറ്റ് ദൌത്യത്തിന്റെ ഭാഗമല്ല. ഇന്‍സൈറ്റ് മാര്‍ക്കോ ഇല്ലാതെയും പ്രവര്‍ത്തിക്കും. മാത്രവുമല്ല, ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങുന്ന ആ അല്പനേരത്തേക്കു മാത്രമാണ് മാര്‍ക്കോ പരീക്ഷിക്കപ്പെടുന്നത്.
ചൊവ്വയിലേക്കുള്ള ഏതൊരു പേടകദൗത്യങ്ങളെയുംപോലെ തികച്ചും സ്വതന്ത്രമായാണ് മാര്‍ക്കോയും യാത്ര ചെയ്തത്. ഭൂമിയില്‍നിന്നുമുള്ള വിക്ഷേപണശേഷം റോക്കറ്റില്‍നിന്നും ഇന്‍സൈറ്റ് വേര്‍പെട്ടപോലെതന്നെ മാര്‍ക്കോ പേടകങ്ങളെയും വേര്‍പെടുത്തുകയുണ്ടായി. അല്പസമയത്തിനുള്ളില്‍ത്തന്നെ അവര്‍ തങ്ങളുടെ സൌരപാനലുകളും ആന്റിനകളും വിടര്‍ത്തുകയും ചെയ്തു. തങ്ങളുടേതായ പാതയില്‍ തികച്ചും സ്വതന്ത്രമായ മറ്റൊരു ദൗത്യമായിട്ടുതന്നെയാണ് മാര്‍ക്കോകള്‍ ചൊവ്വയിലേക്ക് ഇന്‍സൈറ്റിനൊപ്പം പോയത്.

യാത്രയ്ക്കിടയില്‍ പോകുന്ന പാതയ്ക്ക് എന്തെങ്കിലും മാറ്റം വന്നാല്‍ അത് ശരിയാക്കാനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനംപോലും ഈ കുഞ്ഞുപേടകങ്ങള്‍ക്ക് ഉണ്ടായിരുന്നു. അഗ്നിശമനികളില്‍ ഉപയോഗിക്കുന്ന ഒരുതരം വാതകം ഉന്നതമര്‍ദ്ദത്തില്‍ പേടകത്തിനുള്ളില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആവശ്യാനുസരണം ഈ വാതകം പുറത്തേക്കുവിട്ടാണ് പേടകങ്ങള്‍ തങ്ങള്‍ക്കു വഴി തെറ്റിപ്പോവാതെ നോക്കിയത്!
ഇത്രയും ദൂരേയ്ക്ക് ക്യൂബ്‍സാറ്റ് ഗണത്തില്‍പ്പെട്ട ഉപഗ്രഹങ്ങള്‍ അയയ്ക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഇന്ത്യയിലെ അടക്കം മിക്ക രാജ്യങ്ങളുടെയും സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഇത്തരം ചെറുഉപഗ്രഹങ്ങള്‍ ഇപ്പോള്‍ത്തന്നെ ഭൂമിക്കു ചുറ്റും കറങ്ങുന്നുണ്ട്. പത്തു സെന്റിമീറ്റര്‍ വലിപ്പം വരുന്ന ക്യൂബ് ആകൃതിയാണ് സാധാരണ ക്യൂബ്‍സാറ്റുകള്‍ നിര്‍മ്മിക്കുക. അതിന്റെ പല മടങ്ങ് വലിപ്പത്തിലും ആവശ്യാനുസരണം ക്യൂബ്‍സാറ്റുകള്‍ നിര്‍മ്മിക്കാറുണ്ട്. ഒരു വലിയ ഉപഗ്രഹം ചെയ്യുന്ന കാര്യങ്ങളില്‍ പലതും ഇത്തരം ചെറിയ ഉപഗ്രത്തിനും ചെയ്യാനാവും. വലിയ ഉപഗ്രഹങ്ങളും മറ്റും വിക്ഷേപിക്കുന്നതിന്റെ കൂടെയാവും ഇവയും വിക്ഷേപിക്കുക. സാങ്കേതികവിദ്യകളുടെ ഒരു ഡെമോണ്‍സ്ട്രേഷന്‍ മാത്രമാണ് പലപ്പോഴും ഇവകൊണ്ട് ഉദ്ദേശിക്കുന്നത്.
മാര്‍ക്കോ പക്ഷേ കൃത്യം ക്യൂബ് ആകൃതിയില്‍ അല്ല. ഒരു സ്യൂട്ട്കേസിന്റെ മാത്രം വലിപ്പമുള്ള ഈ പേടകങ്ങള്‍ 36.6x24.3x11.8 സെന്റിമീറ്റര്‍ വലിപ്പത്തിലാണ്. ലോകയാത്രികനായ മാര്‍ക്കോ പോളോയ്ക്ക് സാദൃശ്യമുള്ള പേര് ഇവയ്ക്കു കൊടുത്തതും യാദൃച്ഛികമാവാന്‍ വഴിയില്ല. കാരണം ഇത്രയധികം ദൂരം യാത്ര ചെയ്ത ക്യൂബ്‍സാറ്റുകള്‍ വേറെയില്ല.
 

മാര്‍ക്കോ അവിടെ എന്തു ചെയ്യും?

ചൊവ്വ ഭൂമിയില്‍നിന്നും ഏറെ അകലെയാണ് എന്ന് അറിയാമല്ലോ. ഈ അകലം നിരന്തരം മാറിക്കൊണ്ടിരിക്കും. അകലത്തിനനുസരിച്ച് 3-4 മിനിറ്റുമുതല്‍ 22മിനിറ്റുവരെ എടുക്കാം ഒരു സന്ദേശം അവിടെയെത്താന്‍. ചൊവ്വയില്‍ ഒരു പേടകം ഇറങ്ങിയാല്‍ അതില്‍നിന്നുള്ള സിഗ്നലുകള്‍ നേരിട്ട് ഭൂമിയിലേക്ക് അയയ്ക്കുക അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ചൊവ്വയുടെ ഭ്രമണം, സൂര്യനു ചുറ്റുമുള്ള പരിക്രമണം, ഭൂമിയുടെ ഭ്രമണം തുടങ്ങിയവയെല്ലാം സിഗ്നലുകളെ ബാധിക്കാം. അതിനാല്‍ നേരിട്ട് സിഗ്നല്‍ ഭൂമിയിലേക്കയ്ക്കാതെ മറ്റൊരു സൂത്രമാണ് നമ്മള്‍ പ്രയോഗിക്കുന്നത്. ചൊവ്വയ്ക്കു മുകളിലൂടെ കറങ്ങുന്ന ഏതെങ്കിലും ഉപഗ്രഹത്തിലേക്ക് ആദ്യം സിഗ്നലുകള്‍ അയയ്ക്കും. ഉപഗ്രഹം ഈ സിഗ്നലുകളെ പിടിച്ചെടുത്ത് പിന്നീട് ആവശ്യാനുസരണം ഭൂമിയിലേക്കും അയയ്ക്കും. ഇന്‍സൈറ്റും ഇതേ രീതിയാണ് ഉപയോഗിക്കുന്നത്. ചൊവ്വയ്ക്കു ചുറ്റും കറങ്ങുന്ന MRO (Mars Reconnaissance Orbiter) ഉപഗ്രഹമാണ് ഇതിനു സഹായിക്കുക.
ചൊവ്വയില്‍ ഇന്‍സൈറ്റ് വിജയകരമായി ഇറങ്ങിയോ എന്നറിയണമെങ്കില്‍പ്പോലും ഇന്‍സൈറ്റില്‍നിന്നുള്ള സിഗ്നല്‍ MROയിലേക്കയച്ച് അവിടെനിന്നും ഭൂമിയിലേക്ക് എത്തണം. MRO പക്ഷേ പെട്ടെന്ന് ഈ സിഗ്നലുകളെ ഭൂമിയിലേക്ക് അയയ്ക്കില്ല. പകരം ഈ സന്ദേശം ഏതാണ്ട് ഒരു മണിക്കൂറോളം നേരം സ്വന്തം കൈയില്‍ വച്ചുകൊണ്ടിരിക്കും. ചൊവ്വയ്ക്കു ചുറ്റുമുള്ള പരിക്രമണത്തിനിടയില്‍ ഭൂമിയിലേക്ക് സന്ദേശമയയ്ക്കാന്‍ കഴിയുന്ന അവസ്ഥയെത്തുമ്പോഴാകും അത് ഭൂമിയിലേക്ക് അയയ്ക്കുക.
ഇവിടെയാണ് മാര്‍ക്കോ പേടകങ്ങള്‍ക്ക് പ്രസക്തി. ഇന്‍സൈറ്റില്‍നിന്നുള്ള വിവരങ്ങള്‍ കിട്ടുന്ന വഴിക്കുതന്നെ അവര്‍ ഭൂമിയിലേക്ക് അയയ്ക്കും. ചൊവ്വയുടെ സ്ഥാനം വച്ച് പത്തുമിനിറ്റില്‍ താഴെ മതി ആ സന്ദേശം ഭൂമിയിലെത്താന്‍.
വിജയകരമായാല്‍, മാര്‍ക്കോയിലൂടെയാവും ഇന്‍സൈറ്റിന്റെ അവസ്ഥ ഭൂമിയിലുള്ളവര്‍ ആദ്യമായി അറിയുക. പേടകം ചെറുതാണേലും പണി ചെയ്താല്‍ മതിയല്ലോ അല്ലേ! അണ്ണാന്‍കുഞ്ഞും തന്നാലായത് എന്നാണ് മാര്‍ക്കോയുടെ ചിന്ത!

ചിത്രങ്ങള്‍ക്കു കടപ്പാട്  : NASA\JPL-Caltec