Friday, June 27, 2008

ആരെയാണ് ചികിത്സിക്കേണ്ടത്?

"ചികിത്സ കിട്ടേണ്ടത് ആവശ്യമുള്ള സമയത്താണ്. അല്ലാതെ പണത്തിന്‍റെ സമയത്തല്ല."

നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇന്നത്തെ ചികിത്സാരംഗം. ആതുരസേവനരംഗം എന്ന പേരിന് ഇവിടത്തെ കച്ചവട സ്ഥാപനങ്ങള്‍ അര്‍ഹരാണോ?
ഭൂരിഭാഗം സ്വകാര്യആശുപത്രികളും കച്ചവടത്തിനപ്പുറത്തേക്ക് ചികിത്സയെ കണക്കാക്കുന്നില്ല എന്നതാണ് സത്യം.
അപകടങ്ങളിലും മറ്റും പെടുന്നവരെ ചികിത്സിക്കുന്നത് പണം നോക്കിട്ടാവരുത്.
അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് പ്രഥമശുശ്രൂഷ മാത്രമാണ് ലഭിക്കുക.
എന്നാല്‍ അതിന് ശേഷം ശസ്ത്രക്രിയ പോലുള്ള ആവശ്യങ്ങള്‍ നേരിട്ടാല്‍ ബന്ധുക്കള്‍ എത്തി പണം ലഭിച്ചതിനു ശേഷം മാത്രമാണ് ആശുപത്രി അധികൃതര്‍ അതിനൊരുങ്ങുന്നത്.
അതു വരെ രോഗിയുടെ കാര്യം...?
ശസ്ത്രക്രിയ അടിയന്തര ആവശ്യമാണെങ്കിലും പണത്തിനാണ് അധികൃതര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. രോഗിയുടെ ജീവനുമായി പണത്തിനു വേണ്ടി പകിട കളിക്കുകയാണ് നമ്മുടെ ഭൂരിഭാഗം ആശുപത്രികളും.
രോഗിയുടെ നിലയറിഞ്ഞ് ഓടിയെത്തുന്ന ബന്ധുക്കളുടെ പ്രധാന ജോലി പണമുണ്ടാക്കാനായി ഓടി നടക്കലാണ്. പണവുമായി എത്തുന്നതു വരെ വേദനയും സഹിച്ച് രോഗി casuality ല്‍ കിടക്കുക തന്നെ.
പണം എത്തുന്നതിനു മുന്‍പ് ശുപാര്‍ശയുമായി ഓടിയെത്താന്‍ ആളുണ്ടെങ്കില്‍ ചിലപ്പോള്‍ രോഗി രക്ഷപ്പെട്ടേക്കാം.
എക്സ് റേ, സ്കാനിംഗ് തുടങ്ങിയ ഒന്നും അതിനു മുന്‍പ് നടത്തില്ല എന്ന അവസ്ഥയാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്.


നമ്മുടെ മുന്‍പില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്.
൧. എന്തിനാണ് ആശുപത്രികള്‍?
൨. അവശ്യമായ ചികിത്സ അടിയന്തരമായി എന്തു കൊണ്ട് നടത്തുന്നില്ല? പണം പിന്നീട് ഈടാക്കിയാല്‍ പോരേ?
൩. ഇതിന്‍റെ നിയമവശങ്ങള്‍ ആര്‍ക്കാണ് അനുകൂലം?


ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നമുക്ക് മറ്റൊരു വഴി സ്വീകരിച്ചുകൂടേ..?

ജനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ കാര്യങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം.
സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുക എന്നതാണ് ചെയ്യേണ്ടത്. സ്വകാര്യ ആശുപത്രികളില്‍ ഉള്ള സൌകര്യങ്ങള്‍ എല്ലാം തന്നെ സര്‍ക്കാര്‍ ആശുപത്രികളിലും കൊണ്ടു വരണം.
എല്ലാത്തരം ആധുനിക ഉപകരണങ്ങളും താലൂക്കുകള്‍ തോറും എങ്കിലും ഏര്‍പ്പെടുത്തുക.
ആംബുലന്‍സ് സൌകര്യങ്ങള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഏര്‍പ്പെടുത്തുക.
24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പു വരുത്തുക.

സ്വപ്നം കണാന്‍ ആര്‍ക്കും പറ്റും.
പ്രാവര്‍ത്തികമാക്കാനാണ് ബുദ്ധിമുട്ട്. അറിയാം.
പക്ഷേ പല രാജ്യങ്ങളും ഈ സ്വപ്നം പ്രാവര്‍ത്തിമാക്കിയിട്ടുണ്ട്.
എങ്ങനെ ?
നമ്മുടെ രാജ്യത്തെ നികുതി സമ്പ്രദായം കാര്യക്ഷമമാക്കിയാല്‍ ഇതും ഇതിനപ്പുറവും നമുക്ക് സാധിക്കാവുന്നതേ ഉള്ളൂ.
വരുമാനത്തിന്‍റെ 30 ശതമാനമെങ്കിലും നികുതിയായി സര്‍ക്കാരിന് ഈടാക്കാവുന്നതാണ്.
മാസം നിശ്ചിത തുകയില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ നിന്നും മാത്രം ഈ നികുതി ഈടാക്കിയാല്‍ പോലും ഇക്കാര്യം നടപ്പാക്കാവുന്നതേ ഉള്ളൂ.
ജനങ്ങള്‍ക്ക് പണം ചിലവാക്കേണ്ടി വരുന്ന പ്രധാന മേഖലയാണ് ആരോഗ്യം. ആരോഗ്യം എന്നത് ഒരു വ്യക്തിയുടെ മാത്രം അവകാശമല്ല. മറിച്ച് ഏല്ലാ വ്യക്തികളും ആരോഗ്യത്തോടെ ഇരിക്കേണ്ടത് സമൂഹത്തിന്‍റെ ആവശ്യമാണ്.
പലപ്പോഴും കുടുംബങ്ങള്‍ സാമ്പത്തികമായി തകരുന്നത് ഇത്തരം ആശുപത്രി ആവശ്യങ്ങള്‍ വരുമ്പോഴാണ്.
ഒരാള്‍ക്ക് സംഭവിക്കുന്ന അപകടം ഒരു കുടുംബത്തിന്‍റെ മുഴുവന്‍ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നത് സാധാരണം മാത്രമാണ്.
ഇത്തരം ആവശ്യങ്ങള്‍ വന്നുപെടാതിരുന്നാല്‍ സാധാരണ പൌരര്‍ക്ക് തങ്ങളുടെ വരുമാനത്തിനനുസരിച്ച് ചിലവിനെ ക്രമീകരിക്കാനും സാധിക്കും.
ഒരു സമൂഹത്തിന്‍റെ മുഴുവന്‍ സുരക്ഷിത ബോധമാണ് ചികിത്സ മുഴുവന്‍ സര്‍ക്കാര്‍(അതായത് സമൂഹം തന്നെ) ഏറ്റെടുത്താല്‍ നടക്കുന്നത്.
അപകടങ്ങളും രോഗങ്ങളും സമൂഹത്തെ നിലനില്‍പ്പിനെ ബാധിക്കാതിരിക്കാന്‍ ഇത്തരം ഒരു സംവിധാനം ആവശ്യമാണ്.

നികുതി തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്കായി ഈടാക്കേണ്ടത്. അതിന്‍റെ കാര്യക്ഷമമായ ഉപയോഗം സമൂഹത്തിന്‍റെ തന്നെ നിരീക്ഷണത്തില്‍ ഉത്തരവാദിത്വത്തില്‍ നടക്കേണ്ടതാണ്.

ഇനി പറയൂ ആരെയാണ് ചികിത്സിക്കേണ്ടത്?
2 comments:

ഒരു “ദേശാഭിമാനി” said...

ഒത്തിരി നന്ദി ഈ പോസ്റ്റിനു!

ജനാധിപത്യം അതിന്റെ മുഴുവനും അർത്ഥത്തിൽ നടപ്പാവണമെങ്കിൽ താങ്കൾ പറഞ്ഞ പോലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവകാശമായി ഭരണകഘടനയിൽ ഉണ്ടാവണം. എന്നാൽ ഉള്ള അവകാശങ്ങളും, ആനുകൂല്യങ്ങളും ക്രമേണ ഇല്ലാതക്കി കൊണ്ടുവരുന്ന പ്രവണത ആണു ഇപ്പോൾ കണ്ട് വരുന്നതു. വിദ്യാഭാസ രംഗത്തും, ആതുരസേവന രംഗത്തും കുത്തകകൾ കൈയ്യേറി.ആഹാരവും , പാർപ്പിടവും വരെ അവരുടെ കൈപിടിലായിക്കൊണ്ടിരിക്കുകയാണു. അതിനു സഹായകമായി എക്കാലവും നമ്മെ ഭരിക്കാൻ വേണ്ടി,നമ്മൾ തിര്ഞ്ഞ്ടുത്ത നമ്മുടെ ജനപ്രതിനിധികൽ കൂട്ടു നിൽക്കുന്ന ദയനീയ കാഴ്ച്ച അല്ലേ നമ്മൾ കാണുന്നതു?

കുറെ സമ്പന്നർക്കു, അവരുടെ സുഖസൌകര്യ്ങ്ങൾ വർദ്ധിപ്പിക്കുന്നതിനു, അവരുടെ വ്യാപാരവ്യവസായങ്ങൾ വികസിപ്പ്പിക്കുന്നതിനനും വേണ്ട സൌകാര്യങ്ങൾ ചെയ്യുക മാത്രമണു സർക്കാറിന്റെ ഉത്തരവാദിത്വം എന്നു തോന്നും .

ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം ഇക്കാര്യത്തിൽ പരിപൂർണ്ണ ഉത്തരവാദിത്വം സർക്കാരിനായിരിക്കണം. അതു നടത്തികൊടുക്കുവാൻ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ ക്രമക്കേടുകൾ കാണിച്ചാൽ, അതി കഠിനമായ ജയിൽ ശിക്ഷകളും, സ്വത്തു കണ്ടുകെട്ടൽ ഉൾപ്പടെ ഉള്ള പിഴകളും നടപ്പിൽ വരുത്തണം. സമൂഹത്തിൽ അവരെ ഒറ്റപ്പെടുത്തണം. ദാക്ഷ്യണ്യം അവർ അർഹിക്കുന്നില്ല!!!!!

അതുപോലെ എല്ലാപൌരന്മാരും “ജോലി തന്റെ അവകാശത്തേക്കൾ ഉപരി കർത്തവ്യവും” ആണു എന്ന ചിന്താധാരയിൽ വന്നു ചേരണം.

സുന്ദരമായ - സ്വപനം, അതു കാണാം അതിനു ടിക്കെടുക്കേണ്ട കാര്യമില്ലല്ലോ! :)

അഭിനന്ദനങ്ങൾ!

ഒരു സ്നേഹിതന്‍ said...

പണത്തിന്റെ മേല്‍ ഒന്നുല്ലന്നു നമ്മള്‍ തെളീച്ച് കൊണ്ടെയിരിക്കല്ലേ....
പറയാന്‍ ആഗ്രഹിച്ച വിഷയം....
നന്നായി... ആശംസകള്‍....