പശ നിര്‍മിക്കുന്ന ബാക്‌റ്റീരിയകള്‍

..........................തൊട്ടുപുറകേയുള്ള കൊമ്പനില്‍ നിന്നും രക്ഷതേടാനുള്ള വഴിയാലോചിക്കുമ്പോഴാണ്‌ മണിക്കുട്ടി മന്ത്രവാദി തന്ന പശയെക്കുറിച്ചോര്‍ത്തത്. നീണ്ടുവന്ന തുമ്പിക്കെയ്യില്‍ പശ പുരട്ടിയതും മരത്തില്‍ ചാടിക്കയറിയതും ഒരുമിച്ചായിരുന്നു. നീണ്ടുവന്ന തുമ്പിക്കെ മരത്തില്‍ നിന്നും വിടുവിക്കാനാവാതെ അലറുന്ന കൊമ്പനെക്കണ്ടപ്പോഴാണ്‌ മണിക്കുട്ടന്‌ ആശ്വാസമായത്‌. ആ ആശ്വാസവുമായി ചാടിയിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ്‌ താനും ആ പശയില്‍......................

പണ്ടെവിടെയോ കേട്ടുമറന്ന നാടോടിക്കഥയിലെ നായകനും നായികയുമെല്ലാം പശ തന്നെ. കഥ കാര്യമാകുമോ എന്നതാണ്‌ പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്‌. ബ്ലൂമിംഗ്‌ടണ്‍ ഇന്‍ഡ്യാന യൂണിവേഴ്‌സിറ്റിയിലും ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലും നടന്ന പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌ ഇത്തരം ഒരു സാധ്യതയിലേക്കാണ്‌. നദികളിലും അരുവികളിലും ജലം കൊണ്ടുപോ
കുന്ന പെപ്പുകളിലുമെല്ലാം കാണപ്പെടുന്ന ഒരു പ്രതേ്യക തരം ബാക്‌ടീരിയകള്‍ ഉത്‌പാദിപ്പിക്കുന്ന പ്രോട്ടീനും പഞ്ചസാരയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച പശയാണത്ര. ഉരുളന്‍ കല്ലുകളിലും പെപ്പിന്റെ ഉള്ളിലുമെല്ലാം ഒട്ടിപ്പിടിച്ചിരിക്കാന്‍ സി.ക്രസന്‍റസ് (caulobactor crescentus) എന്ന ബാക്‌ടീരിയയെ സഹായിക്കുന്നത്‌ പ്രകൃതിദത്തമായ ഇൗ പശയാണ്‌.

ഗ്ളാസില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരു ബാക്‌ടീരിയയെ നീക്കം ചെയ്യാന്‍ പ്രയോഗിക്കേണ്ടിവന്നത്‌ ഒരു മൈക്രോ ന്യൂട്ടണ്‍ ബലമാണ്‌. ഏകദേശം 100 ഗ്രാമുള്ള ഒരു കല്ല്‌ ഉയര്‍ത്തുവാന്‍ 1 ന്യൂട്ടണ്‍ ബലം മതി. ഇതിന്റെ പത്തു
ലക്ഷത്തില്‍ ഒരംശം മാത്രമാണ്‌ സി. ക്രസന്‍റസ്‌ ബാക്‌ടീരിയയെ നീക്കം ചെയ്യാന്‍ വേണ്ടിവന്നത്‌. ഒരു മൈക്രോന്യൂട്ടണ്‍ എന്നത്‌ നിസ്സാരമായ ബലം തന്നെ. എന്നാല്‍ ബാക്‌ടീരിയ ഗ്ളാസില്‍ പറ്റിപ്പിടിച്ചിരിക്കുന്ന സ്ഥലത്തിന്റെ വിസ്‌തീര്‍ണ്ണം വളരെ കുറവാണ്‌. 1 മില്ലിമീറ്റര്‍ വീതിയും നീളവുമുള്ള സ്ഥലത്ത് മുഴുവന്‍ ഇൗ പശ തേച്ചാല്‍ ഏകദേശം 70 ന്യൂട്ടണ്‍ ബലം വേണ്ടിവരും അതിനെ വേര്‍പെടുത്താന്‍. ഒരു പക്ഷെ ഒരു ചതുരശ്ര ഇഞ്ചില്‍ 5 ടണ്‍ ഭാരം വരെ ഇൗ പശക്ക്‌ താങ്ങാന്‍ കഴിയുമത്ര. രണ്ടോ മൂന്നോ കാറുകള്‍ മേല്‌ക്കൂരയില്‍ തൂക്കിയിടാന്‍ ഒരിഞ്ച്‌ സ്ഥലത്ത് പശ തേച്ചാല്‍ മതി എന്നു സാരം. ഇന്ന്‌ കൃത്രിമമായി നിര്‍മ്മിക്കുന്ന ഏറ്റവും മികച്ച പശക്കു പോലും 1 ചതുരശ്ര മില്ലിമീറ്റര്‍ സ്ഥലത്ത് 28 ന്യൂട്ടണ്‍ ബലം മാത്രമേ താങ്ങുവാന്‍ കഴിയൂ. താത്വികമായി ബാക്‌ടീരിയയില്‍നിന്നും ഇൗ പശ നിര്‍മ്മിക്കാനും പല തരത്തിലുള്ള മെഡിക്കല്‍ എന്‍ജിനീയറിംഗ്‌ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും. നനവുള്ള പ്രതലങ്ങളിലും ഇവ ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതാണ്‌ ആകര്‍ഷകമായ മറ്റൊരു ഘടകം. സ്വാഭാവികമായ ജൈവജീര്‍ണ്ണനം സംഭവിക്കുന്നതിനാല്‍ ശസ്‌ത്രക്രിയകള്‍ക്ക്‌ ഉപയോഗിക്കുന്ന പശയാക്കിമാറ്റാനും സാധിച്ചേക്കാം. ഗവേഷണങ്ങള്‍ നടത്തിയ ബ്രൗണിന്റെയും ജെയ്‌ ടാങ്ങിന്‍റെയും പീറ്റര്‍ സാങ്ങിന്‍റെയും മറ്റും സ്വപ്‌നങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ ഇൗ ആശയങ്ങള്‍. എന്നാല്‍ ഇതിനെ പ്രാവര്‍ത്തികമാക്കാനുള്ള പരീക്ഷണങ്ങളുമായി അവര്‍ മുന്‍പോട്ടു തന്നെയാണ്‌

സി ക്രസന്‍റസ് എന്ന ഇൗ
ബാക്‌ടീരിയ തന്‍റെ ശരീരത്തിലെ വളരെ മെലിഞ്ഞ ഒരു ഭാഗം ഉപയോഗിച്ചാണ്‌ ജലമൊഴുകുന്ന പെപ്പുകളിലും അരുവികളിലെ പാറകളിലുമെല്ലാം പറ്റിപ്പിടിച്ചിരിക്കുന്നത്‌. ബാക്‌ടീരിയയുടെ വാല്‍ എന്നോ കൈ എന്നോ വിശേഷിപ്പിക്കാവുന്ന ഇൗ തണ്ടിന്‍റ അറ്റത്ത് പോളിസാക്കറൈഡ്‌ എന്നു വിളിക്കുന്ന പഞ്ചസാരത്തരികളുടെ നീണ്ട ശൃംഖല തന്നെ കാണാം. ഇൗ പഞ്ചസാര ശൃംഖലാ തന്മാത്രകള്‍ കനം കുറഞ്ഞ ഇൗ വാല്‍ അഗ്രത്തില്‍ ചിതറിക്കിടക്കുന്നു. ഇൗ പഞ്ചസാരത്തരികളായിരിക്കാം പശയിലെ മുഖ്യഘടകം എന്നാണ്‌ ഗവേഷകരുടെ അനുമാനം. ഇവരുടെ അഭിപ്രായമനുസരിച്ച് പറ്റിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്ന പ്രാട്ടീനുകളുമായി ദൃഢമായ ബന്ധത്തിലാണ്‌ പഞ്ചസാര തന്മാത്രകള്‍. എന്നാല്‍ ഇത്‌ ഇതേവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും പോളിസാക്കറൈഡുകള്‍ നല്ല പശിമയുള്ളവയാണ്‌ എന്ന കാര്യത്തില്‍ ശാസ്‌ത്രജ്ഞര്‍ക്ക് രണ്ടഭിപ്രായമില്ല. പശ വേര്‍തിരിക്കുന്നതിലെ പ്രധാന വെല്ലുവിളി വേര്‍തിരിക്കാനുപയോഗിക്കുന്ന എല്ലാ വസ്‌തുക്കളും ഇതില്‍ ഒട്ടിപ്പിടിക്കുന്നു എന്നതാണ്‌. ചില പ്രതേ്യക സങ്കേതങ്ങള്‍ ഉപയോഗിച്ച് ഗ്ളാസ്‌ ഉപരിതലത്തില്‍ പോളിസാക്കറൈഡുകള്‍ അടങ്ങിയ പ്രോട്ടീന്‍ പശയെ വേര്‍തിരിച്ചെടുക്കുവാന്‍ ഗവേഷകര്‍ക്ക്‌ സാധിച്ചു. ഗ്ളാസില്‍ പറ്റിപ്പിടിച്ച പശയെ കഴുകിക്കളയാന്‍ ശ്രമിച്ചെങ്കിലും ഗവേഷകര്‍ പശയുടെ മുന്നില്‍ കീഴടങ്ങി. ഗ്ളാസ്‌ കുഴലിന്‍റെ അറ്റത്ത്
ബാക്‌ടീരിയയെ പറ്റിപ്പിടിക്കാന്‍ അനുവദിച്ചുകൊണ്ടായരുന്നു പശയുടെ ബലം പരീക്ഷിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചത്. അതിസൂക്ഷ്‌മമായ അളവ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പശയടങ്ങിയ ബാക്‌ടീരിയാ ഭാഗത്തെ വേര്‍തിരിക്കാന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞു. കുഴലിന്‍റെ അറ്റത്തുനിന്ന്‌ പശയെ വലിച്ചുനീക്കാനുള്ള ശ്രമമായിരുന്നു പിന്നീട്‌. സൂക്ഷ്‌മമായ ഉപകരണങ്ങള്‍ ഉപയോഗിച്ച്അതിനു വേണ്ടിവന്ന ബലം അളന്നു. 14 തവണയോളം അളന്നതില്‍ 0.11 മെക്രാ ന്യൂട്ടണ്‍ മുതല്‍ 2.26 മെക്രാ ന്യൂട്ടണ്‍ ബലം വരെ ഒാരോ ശ്രമത്തിലും അവര്‍ക്ക്‌ പ്രയോഗിക്കേണ്ടി വന്നു..
സി ക്രസന്റസുകള്‍ പോഷകദാരിദ്ര്യം നേരിടുന്ന പരിതസ്ഥിതികളിലും വളരാന്‍ കെല്‍പുള്ളവയാണ്‌. പെപ്പുവെള്ളത്തില്‍ ഇവയെ ധാരാളമായി കാണാനുള്ള കാരണവും ഇതു തന്നെ. മനുഷ്യരിലും ഇവ കാണപ്പെടുന്നുണ്ട്‌ ഇവ ഉത്‌പാദിപ്പിക്കുന്ന ഇൗ പ്രോട്ടീനും പഞ്ചസാരത്തരികളും മനുഷ്യന്‌ ഒട്ടും തന്നെ ഹാനികരമല്ല. ശസ്‌ത്രക്രിയാരംഗത്ത് ഏറ്റവും അനുയോജ്യമായ പശയായി ഇതിനെ പ്രയോജനപ്പെടുത്താന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നതും ഇതു കൊണ്ടുതന്നെയാണ്‌.

എല്‍ ബാന്‍ ഫ്രോയിഡ് എന്ന എന്‍ജിനീയര്‍ ബലം കണക്കാക്കുവാന്‍ വേണ്ടി രൂപംനല്‌കിയ സങ്കീര്‍ണ്ണമായ ഗണിത സമവാക്യങ്ങളുടെ തണലിലാണ്‌ പീറ്റര്‍ സാങ്ങ്‌, ഗാംഗ്‌ളെ ലീ തുടങ്ങിയ ശാസ്‌ത്രജ്ഞര്‍ പരീക്ഷങ്ങള്‍ നടത്തിയതും നിരീക്ഷണ ഫലങ്ങള്‍ വിശകലനം ചെയ്‌തതും. നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒാഫ്‌ ജനറല്‍ മെഡിക്കല്‍ സയന്‍സ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണങ്ങള്‍.

ഇൗ മേഖലയിലുള്ള പഠനം ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. നിരവധി ജെവീക ഭൗതിക ശാസ്‌ത്രജ്ഞരും സാങ്കേതികരും ഇൗ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.ഒരു സൂപ്പര്‍ പശ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. ചിലതരം കക്കകളും ചിപ്പികളും കല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സ്രവിപ്പിക്കുന്ന ദ്രവങ്ങളെക്കുറിച്ച് തുടങ്ങിയ ഗവേഷണങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഇന്ന്‌ പുരോഗമിക്കുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം പശകളുടെ ഉത്‌പാദനം ലാഭകരമല്ല എന്നതാണ്‌ പല ഗവേഷണങ്ങളെയും പുറകോട്ടുവലിക്കുന്നഘടകം. ജനിതക-ജെവ സാങ്കേതികവിദ്യകളും നാനോടെക്‌നോളജിയുമെല്ലാം നാളെ ഇൗ മേഖലയെ ലാഭകരമാക്കി തീര്‍ത്തേക്കാം. ആനയെ തൂക്കിയിടാന്‍ കഴിയുന്ന പശ എന്ന പരസ്യം ഇനിയൊരുകാലത്ത്കേട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. ബാക്‌ടീരിയയെ തൊട്ടുകളിച്ചാല്‍.................. കാത്തിരുന്നുകാണാം.................



കുറിപ്പ്: ശാസ്ത്രകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചതാണ് എന്‍റെ ഈ ലേഖനം.