Friday, August 15, 2008

പ്ളാസ്റ്റിക്ക് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വേണ്ട

സ്വാതന്ത്ര്യം ഹനിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍.

ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 61 വര്‍ഷം തികയുന്നു. ബ്രിട്ടീഷുകാരുടെ അടിമത്വത്തില്‍ നിന്നുള്ള മോചനം. ആ സ്വാതന്ത്ര്യത്തിനു വേണ്ടി ഒറ്റ മനസ്സായി പ്രയത്നിച്ച ജനത. അവരുടെ ആത്മവിശ്വാസമായിരുന്നു ഭാരതം എന്ന ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ പിറവി.
നാം ഇന്നും അതാഘോഷിക്കുന്നു. സന്തോഷം പങ്കിടുന്നു. ത്രിവര്‍ണ്ണ പതാകകള്‍ രാജ്യത്തെ മുഴുവന്‍ അലങ്കരിക്കുന്നു.

പക്ഷേ മനസ്സിന് ഒട്ടേറെ സന്തോഷം നല്‍കുന്ന ഈ ആഘോഷങ്ങള്‍ പിന്നീട് നമുക്കാപത്താകരുത്. നാം നേടിയ സ്വാതന്ത്ര്യം വിവേകരഹിതമായ ആഘോഷങ്ങള്‍ കൊണ്ട് ഇല്ലാതാവരുത്. നാടെങ്ങും ദേശീയ പതാകകളും തോരണങ്ങളും ലഭിക്കും. പണ്ടെല്ലാം തുണിയില്‍ നിര്‍മ്മിച്ച തോരണങ്ങളും പതാകകളും നാട്ടിലെല്ലാം ഉയര്‍ന്നു നിന്നിരുന്നു. അവയെ അടുത്ത വര്‍ഷത്തേക്കായി സൂക്ഷിക്കാനും ആര്‍ക്കും മടിയുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി നാം ഉപയോഗിക്കുന്ന പതാകകളും തോരണങ്ങളും എല്ലാം പ്ളാസ്റ്റിക്ക് നിര്‍മ്മിതമാണ്. പോളിത്തീന്‍ നിര്‍മ്മിതമായ ഇത്തരം പതാകകള്‍ നാടെങ്ങും നിറയുന്നു, നാം സന്തോഷിക്കുന്നു. പക്ഷേ അവ വരുത്തി വയ്ക്കുന്ന വിപത്തുകള്‍, പരിസ്ഥിതിയില്‍ അവയേല്‍പ്പിക്കുന്ന ആഘാതങ്ങള്‍, ഇവയൊന്നും നമ്മുടെ ചിന്തയിലില്ല. പതാകകള്‍ ഇന്നൊരു ബിസിനസ്സാണ്. ലക്ഷങ്ങള്‍ മറിയുന്ന ബിസിനസ്സ്. പ്ളാസ്റ്റിക്ക് പതാകകള്‍ നിര്‍മ്മാണമാരംഭിക്കുന്നത് ജനുവരിയോടെയാണത്രേ. പലയാളുകള്‍ കൈമറിഞ്ഞ് ആഗസ്റ്റ് ആദ്യവാരം കഴിയുമ്പോഴേക്കും അവ വിപണിയിലെത്തുന്നു. തുണിയോ കടലാസോ കൊണ്ട് ഒരു പതാകയോ തോരണമോ ഉണ്ടാക്കാന്‍ മിനക്കെടാതെ നാം അത് മേടിച്ചു കൂട്ടുന്നു. ആഘോഷങ്ങള്‍ക്ക് ശേഷം ആ ത്രിവര്‍ണ്ണ പതാകകള്‍ വഴിയിലുപേക്ഷിക്കുന്നു.
സ്വാതന്ത്ര്യം എന്നത് ബ്രിട്ടീഷുകാരില്‍ നിന്നുമുള്ള മോചനം മാത്രമല്ല, ശുദ്ധവായു ലഭിക്കാനും മലിനീകരണമില്ലാത്ത പരിതസ്ഥിതികളില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളുടേയും സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കേണ്ട കടമ നമുക്കോരോരുത്തര്‍ക്കുമുണ്ട്. ഈ ഭൂമിയെ അടുത്ത തലമുറക്കായി ജീവിക്കുവാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തി കൈമാറുവാനുള്ള കടമ നാം നിര്‍വ്വഹിക്കണം.

അതേ നാം നമ്മുടെ സ്വാതന്ത്ര്യത്തെ, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ, ഭാവി തലമുറയുടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കരുത്. ഗാന്ധിജി വിദേശവസ്ത്രങ്ങള്‍ ബഹിഷ്കരിച്ചത് സ്വാതന്ത്ര്യത്തിന്‍റെ വില മനസ്സിലാക്കിയ വലിയൊരു ആശയത്തിന്‍റെ പുറത്തായിരുന്നു. പ്ളാസ്റ്റിക്ക് പതാകകള്‍ സൃഷ്ടിക്കുന്നത് വീണ്ടും ഒരു ബഹിഷ്കരണ സമരത്തിന് ആവശ്യകതയാണ്. വരും തലമുറകളുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ വേണ്ടിയുള്ള മറ്റൊരു ഗാന്ധിയന്‍ സമരമാര്‍ഗ്ഗം. അതിനായി നമുക്കുപേക്ഷിക്കാം പ്ളാസ്റ്റിക്ക് പതാകകളുടേയും തോരണങ്ങളുടേയും ആഘോഷങ്ങള്‍. പകരം നമുക്ക് തിരിച്ചെത്തിക്കാം കടലാസുകളുടേയും തുണിയുടേയും ആഘോഷങ്ങള്‍. പ്രതീക്ഷക്ക് വകയുണ്ട്. കാരണം ആ കാഴ്ചകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ വര്‍ഷം തുണിയും കടലാസും തോരണങ്ങളും പതാകകളുമായി തിരിച്ചെത്തിയിരിക്കുന്നു. പക്ഷേ ഭൂരിഭാഗവും ഇപ്പോഴും പ്ളാസ്റ്റിക്കുകള്‍ തന്നെ.

അടുത്ത വര്‍ഷങ്ങളില്‍ നമുക്കുയര്‍ത്തണം സ്വാതന്ത്ര്യത്തിന്‍റെ പതാകകള്‍. കാരണം "മറ്റുള്ളവരുടെ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കലാണ് നമുക്ക് നല്‍കാനാവുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യദിന സന്ദേശം".

5 comments:

വിചാരം said...

ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ ബധിര കര്‍ണ്ണപടങ്ങളില്‍ തട്ടി തെറിയ്ക്കുകയല്ലാതെ പരിഹാരമുണ്ടാവാന്‍ സാദ്ധ്യത വിരളമാണ്. ആരാണോ ഈ വ്യവസ്ഥകള്‍ പാലിക്കേണ്ടവര്‍ അവര്‍ തന്നെയാണല്ലോ അവരുടെ സമ്മേളനങ്ങളില്‍ ഇതധികവും വാരി വിതറുന്നത്.നമ്മുക്ക് വേണ്ടാത്ത ഏറ്റവും വലുതായ ഹര്‍ത്താല്‍ പോലും ആഘോഷമാക്കി മാറ്റിയവരാണ് മലയാളികള്‍. അയുക്തി,വിരോധാഭാസം അങ്ങനെ പലവാക്കുകളാല്‍ അവഗണിക്കപ്പെടുകയായിരിക്കും ഈ വേറിട്ട പ്രതികരണവും .

mmrwrites said...

മതമല്ല മനുഷ്യന്‍ തന്നെ വലുതും പ്രധാ‍നവും..
പിന്നെ..
ഈ പോസ്റ്റ് സംബഡി, എവരിബഡി, എനിബഡി, നോബഡി എന്നിവരുടെ കഥ ഓര്‍മ്മിപ്പിക്കുന്നു

narikkunnan said...

"മറ്റുള്ളവരുടെ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കലാണ് നമുക്ക് നല്‍കാനാവുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യദിന സന്ദേശം".

സ്വാതന്ത്ര്യ ദിനാശംസകള്‍

വീ.കെ.ബാല said...

നന്നായി മാഷെ! ചെയ്യണം എന്ന് വിചാരിക്കുകയും പല‌പ്പോഴും ചെയ്യാൻ കഴിയാതെ വരുകയും ചെയ്യുന്ന കാര്യങ്ങൾ, അതിന് പലകാരണങ്ങൾ ഉണ്ട്, എങ്കിലും ശ്രമിക്കാം അടുത്ത തലമുറയ്ക്കായ്............ആർക്കോ വേണ്ടിയല്ല..നമുക്കായ്

ടോട്ടോചാന്‍ (edukeralam) said...

വിചാരം, mmrwrites,narikkunnan, വീ.കെ.ബാല

ചിന്തകള്‍ പങ്കിട്ടതിന്...