ഇലക്ട്രിക്ക് ഉപകരണം 20% മൈലേജ് കൂട്ടുന്നു

ഇന്ധനത്തെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ നമുക്ക് എത്ര പേര്‍ക്കറിയാം. എത്ര വാഹനനിര്‍മ്മാതാക്കള്‍ക്കറിയാം? എന്തായാലും വാഹനനിര്‍മ്മാതാക്കള്‍ നിരവധി ആധുനിക രീതികള്‍ മൈലേജ് കൂട്ടാനായി ഉപയോഗിച്ചിട്ടുണ്ട് . ഫിലാഡെല്‍ഫിയായിലെ ടെംപിള്‍ സര്‍വ്വകലാശാലയിലെ ഭൌതികശാസ്ത്രവിഭാഗം പുതിയൊരു സാങ്കേതിക വിദ്യയുമായി രംഗത്ത് വന്നിരിക്കുന്നു. വൈദ്യുതക്ഷേത്രം ഉപയോഗിച്ച് ഇന്ധനകാര്യക്ഷമതയില്‍ 20% വര്‍ദ്ധനവ് വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞിതായാണ് റിപ്പോറ്‍ട്ട്

വൈദ്യുതചാര്‍ജ്ജുള്ള ഒരു കുഴലാണ് ഉപകരണത്തിന്‍റെ പ്രധാന ഭാഗം. എന്‍ജിനിലേക്ക് ഇന്ധനം ചീറ്റുന്ന കുഴലിനടുത്താണ് ഇത് സ്ഥാപിക്കുക. വാഹനത്തിലെ ബാറ്ററിയില്‍ നിന്നുമുള്ള വൈദ്യുതി ഉപയോഗിച്ച് ഈ കുഴലില്‍ വൈദ്യുതക്ഷേത്രം സൃഷ്ടിക്കുന്നു. ഈ വൈദ്യുതക്ഷേത്രം കടന്നു പോകുന്ന ഇന്ധനത്തിന്‍റെ വിസ്കോസിറ്റിയെ (ശ്യാനത) കുറക്കുമത്രേ. തന്മൂലം വളരെ കുറച്ച് അളവില്‍ മാത്രം ഇന്ധനം ദഹന അറയിലേക്ക് കടത്തിവിടാന്‍ കഴിയും. ഈ വളരെ ചെറിയ ഇന്ധത്തുള്ളികള്‍ പൂര്‍ണ്ണമായും കത്തിത്തീരാനും എളുപ്പമാണ്. നിലവിലുള്ള ഫ്യൂവല്‍ ഇന്‍ജെക്റ്ററുകളേക്കാള്‍ കാര്യക്ഷമത ഇതിനുണ്ടാകും എന്നാണ് ടെംപിള്‍ യൂണിവേഴ്സിറ്റിക്കാരുടെ അവകാശവാദം.

ഡീസല്‍ ഉപയോഗിച്ച് ഓടുന്ന മെഴ്സിഡസ് - ബെന്‍സ് വാഹനത്തില്‍ ആറു മാസക്കാലം അവര്‍ പരീക്ഷണങ്ങള്‍ നടത്തി. ഒരു ഗാലണ്‍ ഇന്ധനത്തിന് 32 മൈല്‍ കിട്ടിയിരുന്നിടത്ത് പുതിയ രീതി ഉപയോഗിച്ചപ്പോള്‍ 38 മൈല്‍ ഓടാന്‍ കഴിഞ്ഞു. എന്തായാലും ടെംപിള്‍ യൂണിവേഴ്സിറ്റി ഈ കണ്ടെത്തലിന് പേറ്റന്‍റ് എടുക്കാനുള്ള ശ്രമത്തിലാണ്.

വൈദ്യുതക്ഷേത്രം ശ്യാനതയെ കുറക്കുന്നതെങ്ങിനെ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടില്ല. വൈദ്യുത ക്ഷേത്രവും ശ്യാനതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ആ കണ്ടെത്തലിനെ ഇത്തരം ഒരു കാര്യത്തിനായി ഉപയോഗിക്കുമ്പോഴാണ് ശാസ്ത്രം അനുയോജ്യമായ സാങ്കേതിക വിദ്യകള്‍ക്ക് ജന്മം നല്കുന്നത്.


വിവരങ്ങള്‍ക്ക കടപ്പാട്
http://www.temple.edu/newsroom/2008_2009/09/stories/taofueldevice.htm