ലോക ബഹിരാകാശ വാരം
(സ്പുട്നിക്ക് വിക്ഷേപണത്തിന്‍റെ ഓര്‍മ്മക്ക്..)
(സ്പുട്നിക്ക് വിക്ഷേപണത്തിന്‍റെ ഓര്‍മ്മക്ക്..)
1957 ഒക്റ്റോബര്‍ 4 ലോകം കാത്തിരുന്ന കാഴ്ച. അവിശ്വസനീയമായിരുന്നു അത്. മനുഷ്യന്‍ ആകാശത്തേക്കുയര്‍ത്തിയ ഒരു വസ്തു താഴേക്ക് വീഴാതെ ഭൂമിയെ വലം വച്ചു കൊണ്ടിരിക്കുക! സ്പുട്നിക്ക് എന്ന ആ മനുഷ്യനിര്‍മ്മിത വസ്തു ലോകത്തിന്‍റെ മുഖച്ഛായ മാറ്റി മറിച്ചു. ബഹിരാകാശയുഗത്തിന്‍റെ തുടക്കമായിരുന്നു അത്. ശീതസമരത്തിന്‍റെ കാലത്ത് അമേരിക്കയെ കടത്തിവെട്ടി റഷ്യ കൈവരിച്ച ആ നേട്ടം തുടര്‍ന്നുണ്ടാക്കിയത് ഒരു മത്സരമായിരുന്നു. പിന്നീട് എത്രയോ വിക്ഷേപണങ്ങള്‍, പരീക്ഷണങ്ങള്‍, ഉപഗ്രഹങ്ങള്‍,വേഗതയേറിയ വാര്‍ത്താവിനിമയം, മനുഷ്യന്‍ ചന്ദ്രനില്‍ അതും ആറു തവണ, ബഹിരാകാശത്ത് താമസം, വന്‍ ബഹിരാകാശ നിലയങ്ങള്‍ , (ആകാശ വാഹനങ്ങള്‍)സ്പേസ് ഷട്ടിലുകള്‍ എല്ലാം ചേര്‍ന്ന് ലോകത്തിന്‍റെ ഗതിയില്‍ തന്നെ വന്‍ മാറ്റങ്ങളുണ്ടാക്കി. അത് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു.
ഇന്നു മുതല്‍ ഒരാഴ്ച ലോകം ആ സ്മരണ പുതുക്കുകയാണ്. ലോക ബഹിരാകാശ വാരം. ബഹിരാകാശ മേഖയയെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കാന്‍ ഒരു ശ്രമം. ലോകഗ്രാമമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ നേട്ടം പൊതു ജീവിതത്തിന് എങ്ങിനെ പ്രയോജനപ്പെടുന്നു എന്ന് ജനങ്ങളെ അറിയിക്കാന്‍ ശ്രമിക്കുകയാണ് ശാസ്ത്രജ്ഞരും ശാസ്ത്രപ്രവര്‍ത്തകരും.
ഭൂമിക്ക് ചുറ്റും താഴെ വീഴാതെ ഉപഗ്രഹം കറങ്ങുന്നതിന്‍റെ പൊരുള്‍?
ഒരു കല്ലെടുത്ത് എറിഞ്ഞു നോക്കൂ, അല്പനേരം കൊണ്ട് ഒരു വളഞ്ഞ പാതയിലൂടെ അത് ഭൂമിയിലെത്തും അല്പം കൂടി വേഗതയിലെറിഞ്ഞാല്‍ കല്ല് കൂടുതല്‍ ദൂരം സഞ്ചരിക്കും. രസകരമായ ഒരു കാര്യം താഴെ വീഴുന്നു സമയത്തും കല്ലിന്‍റെ തിരശ്ചീനമായ വേഗതക്ക് മാറ്റം വരുന്നില്ല എന്നതാണ്. നല്ല വേഗതയില്‍ എറിയാന്‍ സാധിച്ചാല്‍ വേണമെങ്കില്‍ കിലോമീറ്ററുകളോളം കല്ലിന് സഞ്ചരിക്കാന്‍ സാധിക്കും. ഭൂമിയുടെ ആകൃതി ഗോളമാണെന്ന് നമുക്കെല്ലാം അറിയാം. അപ്പോള്‍ വളരെയധികം ദൂരേക്ക് എറിഞ്ഞ കല്ലിനൊപ്പം ഭൂമിക്കും അല്പം വളവുണ്ടാകും (ചിത്രം കാണുക).
പിന്നെയും വേഗം കൂട്ടിയെറിഞ്ഞാല്‍ ചിലപ്പോള്‍ കല്ല് അമേരിക്കയില്‍ പോയി വീണേക്കാം. പിന്നെയും ആവശ്യത്തിന് വേഗം നല്‍കിയാല്‍ , എറിഞ്ഞ ആളിന്‍റെ പുറകില്‍ തന്നെ എത്തിച്ചേരാനുള്ള സാധ്യതയും തള്ളിക്കളയണ്ട. ഇവിടെ ഒരു കാര്യം മറക്കരുത് കല്ലിന്‍റെ തിരശ്ചീന വേഗതക്ക് മാറ്റമൊന്നും വന്നിട്ടില്ല. അതായത് ശരിയായ വേഗത കല്ലിന് നല്‍കിയാല്‍ ഒരിക്കലും നിലക്കാതെ ഭൂമിക്ക് ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കും എന്നു സാരം. എറിഞ്ഞ കല്ലിനെ എല്ലായ്പോഴും ഭൂമി ആകര്‍ഷിച്ചു കൊണ്ടിരിക്കും. തന്മൂലം കല്ലിന്‍റെ പാതക്ക് വളവുണ്ടാവുകയും ചെയ്യും. എന്നാല്‍ കല്ലിന്‍റെ പാതയുടെ വളവും ഭൂമിയുടെ വളവും തുല്യമായാല്‍ പിന്നീട് ഒരിക്കലും ഭൂമിയില്‍ വീഴാന്‍ അതിന് കഴിയുകയില്ല. ആ കല്ല് ഒരു ഉപഗ്രഹമായി മാറിക്കഴിഞ്ഞു എന്നര്‍ത്ഥം. നിരന്തരം ഭൂമിയിലേക്ക് വീണു കൊണ്ടിരിക്കുന്ന ഒന്നാണ് ഈ ഉപഗ്രഹം!!വളരെ എളുപ്പത്തില്‍ ഇങ്ങനെ പറയാനും കേള്‍ക്കുന്നവരെ ആവേശം കൊള്ളിക്കാനും എളുപ്പമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അന്തരീക്ഷത്തിന്‍റെ സാന്നിദ്ധ്യം ഘര്‍ഷണത്തിന് കാരണമാവുകയും തിരശ്ചീനവേഗതക്ക് കുറവുണ്ടാവുകയും ഭൂമിയില്‍ തിരിച്ചെത്തുകയും ചെയ്യും വളരെ ഉയര്‍ന്ന ഭ്രമണ പഥത്തില്‍ ആയാല്‍ വായുവിന്‍റെ സാന്നിദ്ധ്യം കുറയുന്നതു മൂലം ഈ പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാനാകും. റോക്കറ്റുകള്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ വളരെ ഉയര്‍ന്ന ഭ്രമണ പഥത്തില്‍ എത്തിച്ച ശേഷം തിരശ്ചീനമായി ഒരു വേഗത നല്‍കിയാണ് സാധാരണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. അല്പമാത്രമാണെങ്കിലും വായുവിന്‍റെ സാന്നിദ്ധ്യം മൂലം നഷ്ടപ്പെടുന്ന ഊര്‍ജ്ജം വീണ്ടെടുത്ത് പരിക്രമണ പഥം സ്ഥിരമായി നിര്‍ത്താന്‍ ഉപഗ്രഹങ്ങളില്‍ അല്പം ഇന്ധനം കൂടി കരുതാറുണ്ട്.
ചാന്ദ്രയാന്‍ പദ്ധതിയുടെ പരീക്ഷഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. ചന്ദ്രനെ വലം വച്ച് പഠനം നടത്താനുള്ള ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കപ്പെടുമ്പോള്‍ ഇന്ത്യയും പുതിയൊരു കാല്‍വയ്പ്പിലേക്കാണ്. അതിന്‍റെ വിജയം നല്‍കുന്ന ഊര്‍ജ്ജം അന്ധവിശ്വാസങ്ങള്‍ കൊണ്ട് കണ്ണു കാണാതായ ജനതക്ക് പുതിയൊരു കാഴ്ച നല്‍കാന്‍ സഹായിച്ചെങ്കില്‍..
Comments
ആ കല്ലെടുത്തെറിയല്‍ ഇഷ്ടപ്പെട്ടു കേട്ടോ.
നാസ കബളിപ്പിച്ചു എന്നും പറഞ്ഞു കുറെ ചര്‍ച്ചകള്‍ നടന്ന കാര്യവും ഈ സമയത്ത് ഓര്മ വരുന്നു.ഇവിടെ നോക്കൂ, ചുമ്മാ
ഒരു കല്ലെടുത്ത് എറിഞ്ഞാല്‍ എന്തൊക്കെ അറിയാം അല്ലെ?
our people are like that
നന്ദി, സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും.
അനില്‍, നാസ കളിപ്പിച്ചു എന്നു പറഞ്ഞ് നടന്ന ചര്‍ച്ചകള്‍ അങ്ങിനെ പോട്ടെ. അന്ന് സോവിയറ്റ് യൂണിയന് കൂടി പറഞ്ഞില്ല നാസ കളിപ്പിച്ചു എന്ന്.
അതും ആറു തവണ പന്ത്രണ്ടു പേര് ചന്ദ്രനിലിറങ്ങിയിട്ടും എല്ലാം കളിപ്പിക്കല്‍ തന്നെ അല്ലേ.....
സ്മിത, ഓരോ കൊച്ച് കാര്യവും നമുക്ക് ഒത്തിരി അറിവുകള്‍ തരുന്നുണ്ട്.....
ജോജി,
അന്ധവിശ്വാസങ്ങള്‍ മാറും എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം ശാസ്തീയമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ആരും അന്ധവിശ്വാസികളല്ല. ഒത്തിരിപ്പേര് മാറിയിട്ടുമുണ്ട്.
ഉപഗ്രഹം എന്നൊക്കെ ആദ്യം കേള്‍ക്കുന്നത് പണ്ട് സ്കൈലാബ് ഇപ്പോള്‍ താഴെ വീഴും എന്നും പറഞ്ഞ് തലയില്‍ കൈ വച്ച് നടന്നപ്പോഴാണ്.