Saturday, February 14, 2009

സൂര്യനെ പ്രണയിച്ച ചിത്രശലഭവും ചില കറുത്ത പൊട്ടുകളും


ഇന്ന് ഒരു വലന്റൈന്‍ ദിനമാണ്. പ്രണയത്തിന്റെ ദിനമായി, ഇപ്പോള്‍ വിവാദത്തിന്റേയും ദിനമായി നാമത് ആഘോഷിക്കുന്നു. അതവിടെ നില്‍ക്കട്ടെ നമുക്ക് ഒരു നാടോടിക്കഥയിലേക്ക് വരാം. സൂര്യനെ പ്രണയിച്ച ചിത്രശലഭത്തിന്റെ കഥ. പ്രകൃതിയില്‍ ഏറ്റവും ഭംഗിയുണ്ടെന്ന് സ്വയം കരുതിയ ചിത്രശലഭത്തിന് സൂര്യനെ കണ്ടപ്പോള്‍ പ്രണയം തോന്നിയതില്‍ അത്ഭുതമില്ല. ആ ഇഷ്ടം സാക്ഷാത്കരിക്കാനായിരിക്കും ചിത്രശലഭം സൂര്യനടുത്തേക്ക് പറന്നുയര്‍ന്നത്. മറ്റുള്ളവരുടെ വിലക്കുകള്‍ വകവെയ്ക്കാതെ വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് ചിത്രശലഭം പറന്നു. തന്റെ അടുത്തേക്ക് വരുന്ന ചിത്രശലഭത്തെ കണ്ട് സൂര്യനും വിലക്കി, അതപകടമാണെന്ന്. പക്ഷേ അതൊന്നും കേള്‍ക്കാന്‍ ചിത്രശലഭം കൂട്ടാക്കിയില്ല. അവസാനം സൂര്യന്റെ കഠിനമായ ചൂടില്‍ ചിറകുകള്‍ കരിഞ്ഞ് ശലഭം താഴെയത്തി. ആഗ്രഹം സഫലമായില്ലെങ്കിലും തന്റെ മനോഹരമായ ചിറകില്‍ വീണ കരിഞ്ഞ പാടുകള്‍ പ്രണയത്തിന്റെ ഓര്‍മ്മക്കായി സൂക്ഷിച്ചു വച്ചു. അന്നു മുതലാണത്രേ ചിത്രശലഭങ്ങളുടെ ചിറകുകളില്‍ പുള്ളിക്കുത്തുകള്‍ കണ്ടു തുടങ്ങിയത്.പഴയ ഈ നാടോടിക്കഥക്ക് പുതിയ പരിപ്രേഷ്യവുമായി എത്തിയത് സൂര്യനെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞരാണ്. ചിത്രശലഭത്തിന്റെ അവസ്ഥയില്‍ മനം നൊന്ത സൂര്യന്‍ പൊഴിച്ച കണ്ണുനീര്‍ സൌരോപരിതലത്തില്‍ കറുത്ത പൊട്ടുകളായി ഇന്നും അവശേഷിക്കുന്നുണ്ടത്രേ. അതു പോരാഞ്ഞ് ഈ കറുത്ത പൊട്ടുകളുടെ ആവര്‍ത്തനം ചിത്രീകരിച്ചപ്പോളാണ് ചിത്രശലഭത്തെ സൂര്യന്റെ ഇപ്പോഴും മറന്നിട്ടില്ലെന്നത് ശാസ്ത്രജ്ഞര്‍ക്ക് ഉറപ്പായത്.

സൂര്യന്‍ നമ്മെ സംബന്ധിച്ചിടത്തോളം ഏതാണ്ട് പൂര്‍ണ്ണമായ ഊര്‍ജ്ജ ദാതാവാണ്. ഭക്ഷണമായും കാറ്റായും വൈദ്യുതിയായും വെളിച്ചമായുമെല്ലാം സൂര്യനിലെ ഊര്‍ജ്ജം നമ്മില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇതിനെക്കുറിച്ച് അറിഞ്ഞിട്ടല്ലെങ്കില്‍ കൂടിയും ദൈവത്തിന്റെ സൃഷ്ടിയിലെ ഒരു പ്രധാന സ്ഥാനം സൂര്യന് മതങ്ങള്‍ നല്‍കിയിരുന്നു. സ്വര്‍ഗ്ഗത്തിലെ സൃഷ്ടികളെല്ലാം പരിപൂര്‍ണ്ണമാണ്. അതില്‍ യാതൊരു കളങ്കവും ഇല്ല എന്നൊക്കെയായിരുന്നു മതങ്ങളുടെ മതം. 1610 ല്‍ ഗലീലിയോ ഗലീലി തന്റെ ടെലിസ്കോപ്പിലൂടെ സൂര്യനെ നീരീക്ഷിക്കുന്നതു വരെ ആ അഭിപ്രായത്തിന് യാതൊരു മാറ്റവും ഇല്ലായിരുന്നു. എന്നാല്‍ ദൈവത്തിന്റെ സൃഷ്ടിയില്‍ ചില കറുത്ത പാടുകള്‍ കണ്ട് ഗലീലിയോ അമ്പരന്നു. അന്നു വരെ അരിസ്റ്റോട്ടിലും മതവും പറഞ്ഞു വച്ചതില്‍ എവിടെയൊക്കെയോ പൊരുത്തക്കേട്. ആ കറുത്ത പാടുകള്‍ തന്റെ ടെലിസ്കോപ്പിന്റെയോ കണ്ണിന്റേയോ കുഴപ്പമല്ല എന്നത് ആവര്‍ത്തിച്ചുള്ള നിരീക്ഷണങ്ങള്‍ ഉറപ്പാക്കി. അതു മാത്രമല്ല ആ പൊട്ടുകള്‍ സഞ്ചരിക്കുന്നുമുണ്ട്. യൂറോപ്പില്‍ ആദ്യമായി സൌരകളങ്കങ്ങളെ കണ്ടെത്തിയ പ്രതിഭയായി ഗലീലിയോ മാറി. സൂര്യന്റെ സ്വയം ഭ്രമണം ചെയ്യുന്നുണ്ട് എന്ന സത്യവും സൌരകളങ്കങ്ങളുടെ ചലനത്തില്‍ നിന്നും ഗലീലിയോ തിരിച്ചറിഞ്ഞു.
നിരവധി പ്രതിഭാസങ്ങള്‍ നടക്കുന്ന സൂര്യന്റെ പ്രതിലത്തിലെ കറുത്ത പൊട്ടുകളാണ് സൌരകളങ്കങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ആധുനിക ഗവേഷണങ്ങള്‍ സൌരോപരിതലത്തില്‍ താരതമ്യേന താപനില കുറഞ്ഞ പ്രദേശങ്ങളായാണ് വിവക്ഷിക്കപ്പെടുന്നത്. മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തണുത്ത പ്രദേശമാണിവിടം. തണുപ്പെന്നു പറഞ്ഞാല്‍ ഏകദേശം 3400 0C മാത്രം. സൌരോപരിതലത്തിന്റെ സാധാരണ താപനില ഏകദേശം 5400 0C വരും. അതിനെ അപേക്ഷിച്ചാണ് തണുപ്പെന്നു പറഞ്ഞത് . നമ്മെ സംബന്ധിച്ചിടത്തോളം അത് എല്ലാം ഉരുകുന്ന ചൂട് തന്നെ. ഈ കറുത്ത പൊട്ടുകള്‍ എതാനും ദിവസങ്ങളോളം നിലനില്‍ക്കുന്നവയാണ്. ചില വലിയ പൊട്ടുകള്‍ രൂപപ്പെട്ടാല്‍ ആഴ്ചകളോളം അത് സൌരോപരിതലത്തില്‍ കാണപ്പെടാറുണ്ട്. സൂര്യനിലെ ചില കാന്തികപ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന ഈ പൊട്ടുകളുടെ വലിപ്പം ഏതാനും ആയിരം കിലോമീറ്ററുകള്‍ ആയി കണക്കാക്കപ്പെടുന്നു. അന്‍പതിനായിരം കിലോമീറ്ററിലധികം വിസ്താരമുള്ള കളങ്കങ്ങളും അപൂര്‍വ്വമല്ല. വലിയ ഒരു കളങ്കത്തില്‍ കുറച്ചധികം ഭൂമികളെ ഒരുമിച്ച് ഉള്‍ക്കൊള്ളിക്കാനുള്ള വിസ്താരമുണ്ട് എന്നു സാരം. ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ആയിരക്കണക്കിന് ഇരട്ടി കാന്തികതീവ്രതയുള്ള സൂര്യനിലെ ഭാഗമാണിത്. സൌരകളങ്കളുടെ വര്‍ണ്ണരാജി പരിശോധിച്ചപ്പോള്‍ സീമാന്‍ പ്രഭാവം കണ്ടെത്തുകയുണ്ടായി. ശക്തമായ കാന്തികമണ്ഡലത്തില്‍ സ്പെക്ട്രല്‍ രേഖകള്‍ പലതായി വിഭജിക്കപ്പെടുന്ന പ്രതിഭാസമാണിത്. കാന്തികമണ്ഡലത്തിന്റെ സ്വാധീനം കണ്ടെത്തിയത് ഈ നിരീക്ഷണമാണ്. സൌരകളങ്കങ്ങള്‍ പലപ്പോഴും കുറേയെണ്ണത്തിന്റെ കൂട്ടമായിട്ടാണ് പ്രത്യക്ഷപ്പെടാറ്. ഈ കളങ്കകൂട്ടത്തിന്റെ അടുത്തായി മറ്റൊരു കളങ്കക്കുട്ടവും നമുക്ക് കണ്ടെത്താന്‍ കഴിയും. ഒരു കൂട്ടം കാന്തിക-ഉത്തരധ്രുവ്വമായും അടുത്ത കൂട്ടം കാന്തിക-ദക്ഷിണധ്രുവ്വമായുമാണ് പ്രത്യക്ഷപ്പെടാറ്. കാന്തികതീവ്രത കൂടിയ ഭാഗം കൂടുതല്‍ ഇരുണ്ടിരിക്കും. അമ്പ്ര (പ്രധാന നിഴല്‍പ്രദേശം) എന്നാണ് ഈ ഭാഗത്തെ വിളിക്കുന്നത്. ഇതിനു ചുറ്റും പെനമ്പ്ര (ഉപ- നിഴല്‍പ്രദേശം) എന്ന അത്ര ഇരുണ്ടതല്ലാത്ത ഭാഗവുമുണ്ട്. അവിടം കാന്തിക തീവ്രത കുറവായിരിക്കുകയും ചെയ്യും.

എല്ലായപ്പോഴും ഈ കറുത്ത പൊട്ടുകളെ കാണാം എന്നു ധരിക്കരുത്. ചില കാലങ്ങളില്‍ ഈ കറുത്ത പൊട്ടുകളുടെ കൂട്ടങ്ങളെ ധാരാളം കാണുവാന്‍ കഴിയും. തീരെ കളങ്കങ്ങള്‍ ഇല്ലാത്ത സമയവും ചിലപ്പോള്‍ ഉണ്ടാവാറുണ്ട്. ഒരു തരം ചാക്രികസ്വഭാവം ഈ കളങ്കളുടെ എണ്ണം കാണിക്കുന്നുണ്ട്. 11 വര്‍ഷത്തിലൊരിക്കല്‍ സൌരകളങ്കങ്ങളുടെ എണ്ണം വല്ലാതെ കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. 1849 മുതല്‍ സൌരകളങ്കങ്ങളുടെ തുടര്‍ച്ചയായ നിരീക്ഷണം നടത്തിവരുന്നു. സൌരകളങ്കസംഖ്യയെ ആസ്പദമാക്കിയാണ് ഇതിനെക്കുറിച്ച് പഠനം നടത്തിവരുന്നത്. ഇതിനായി ആദ്യം സൌരകളങ്കക്കുട്ടങ്ങളുടെ എണ്ണമെടുക്കുകയാണ് ചെയ്യുക. ഇതിന് ശേഷം ഒരു കുട്ടത്തിലെ കളങ്കങ്ങളുടെ എണ്ണവും എടുക്കും. 50 നു 130 നും ഇടയിലാണ് ഈ സംഖ്യ സാധാരണ കാണപ്പെടുക. എന്നാല്‍ ചില വര്‍ഷങ്ങളില്‍ 200 ന് മുകളില്‍ വരെ ഈ സംഖ്യ പോയിട്ടുണ്ട്. തുടര്‍ച്ചയായുള്ള ഈ നിരീക്ഷണമാണ് പതിനൊന്നു വര്‍ഷത്തെ ഒരു ആവര്‍ത്തനം സൌരകളങ്കങ്ങളുടെ എണ്ണത്തില്‍ കാണിച്ചു തന്നത്. സൌരകളങ്ങളുടെ എണ്ണം ഉയര്‍ന്നിരിക്കുന്ന അവസ്ഥയില്‍ പല സൌരപ്രതിഭാസങ്ങളും കൂടിയ അളവില്‍ കാണപ്പെടാറുമുണ്ട്. ഏതാനു ലക്ഷം കിലോമീറ്ററുകള്‍ ഉയരമുള്ള പ്രൊമിനന്‍സുകളും (സൌരകമാനങ്ങള്‍) ഫ്ലെയറുകളും (സൌരആളലുകളും ) ഈ കാലയളവില്‍ കാണപ്പെടുന്നു.

സൌരപ്രതിഭാസങ്ങള്‍ വളരെയധികം കുറഞ്ഞ ചില കാലയളവുകളും ഉണ്ടായിട്ടുണ്ട്. 1645 മുതല്‍ 1715 വരെ ഇത്തരം ഒരു കാലയളവായിരുന്നു. സൂര്യന്റെ ഈ തണുത്ത പ്രതികരണം ഭൂമിയിലെ കാലവസ്ഥയേയും ബാധിച്ചതായാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. വേനല്‍ക്കാലത്തു പോലും പല പ്രദേശങ്ങളും അന്ന് മഞ്ഞ് മൂടിക്കിടക്കുകയായിരുന്നു. ഇതേ രീതിയുള്ള പ്രതിഭാസങ്ങള്‍ക്കുള്ള തെളിവ് ഇതിനു മുന്‍പും ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിട്ടുണ്ട്. സൌരപ്രതിഭാസങ്ങളും ഭൂമിയിലെ കാലാവസ്ഥയുമായിട്ടുള്ള ബന്ധം ഇന്നും പഠനത്തിലിരിക്കുന്ന വിഷയമാണ്. പതിനൊന്നു വര്‍ഷത്തിലൊരിക്കല്‍ ശക്തിപ്രാപിക്കുന്ന മരങ്ങളുടെ വാര്‍ഷികവലയങ്ങളും സൌരകളങ്കആവൃത്തിയും തമ്മിലുള്ള ബന്ധവും പഠനാര്‍ഹമാണ്. എന്നാല്‍ എന്താണ് ഇതിന്റെ അടിസ്ഥാനം എന്നതിന് വ്യക്തമായ കാരണങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
സൌരകളങ്കളെക്കുറിച്ചുള്ള പഠനം ഒരു കാര്യം കൂടി വ്യക്തമാക്കി. അവ സൂര്യന്റെ മധ്യരേഖാ പ്രദേശത്തിന് ഇരു വശത്തുമായിട്ടാണ് വിന്യസിച്ചിരിക്കുന്നത് എന്ന്. ആദ്യം ധ്രുവ്വങ്ങള്‍ക്കും സൌരമധ്യരേഖക്കും ഏതാണ് നടുക്കായി രൂപം കൊള്ളുന്ന സൌരകളങ്കക്കൂട്ടങ്ങള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സൌര മധ്യരേഖയിലേക്ക് അടുത്ത് വരികയും ചെയ്യും. പിന്നീട് വീണ്ടും മധ്യരേഖയില്‍ നിന്ന് പുറത്തേക്കുള്ള അവയുടെ യാത്ര ആരംഭിക്കുകയും ചെയ്യും. ഇതിന്റെ ആവൃത്തിയും ഏതാണ്ട് പതിനൊന്നു വര്‍ഷം തന്നെയാണ്. സൌരമധ്യരേഖക്ക് ഇരുവശവും ഏതാണ്ട് ഒരേ രീതിയാലാണ് ഈ മാറ്റം കാണപ്പെടുന്നത്. അതു കൊണ്ടു തന്നെയാകണം ഈ പ്രതിഭാസം ഗ്രാഫില്‍ ചിത്രീകരിച്ചപ്പോള്‍ കുറേ ചിത്രശലഭങ്ങള്‍ ഒരു വശത്തേക്ക് പറന്നു പോകുന്ന പ്രതീതി ജനിപ്പിക്കാന്‍ കാരണമായത്. ബട്ടര്‍ഫ്ലൈ ഡയഗ്രം എന്നാണ് ഈ ഗ്രാഫ് അറിയപ്പെടുന്നതും. സൌരകളങ്കങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു ലേഖയാണ് ചിത്രശലഭലേഖ എന്ന ഈ ബട്ടര്‍ഫ്ലൈഡയഗ്രം.

നാടോടിക്കഥയിലെ ചിത്രശലഭത്തിനെ സൂര്യന്‍ ഓര്‍ത്തുവച്ചതാണ് ബട്ടര്‍ഫ്ലൈഡയഗ്രം എന്നും സൂര്യന്റെ കണ്ണീര്‍ വീണ് തണുത്തുപോയ പ്രദേശമാണ് സൌരകളങ്ങള്‍ എന്നുമെല്ലാം ശാസ്ത്രജ്ഞര്‍ പറഞ്ഞില്ലെങ്കിലും നമുക്ക് പറയാം നാടോടിക്കഥകള്‍ക്ക് അനുബന്ധമെഴുതാം. കാരണം ഭാവനയുടെ ചിറകുകള്‍ കരിച്ചുകളയാനുള്ള ശക്തി ഒരു സൂര്യനും ഇല്ലല്ലോ..

വാല്‍ക്കഷണം.
ലേഖനത്തില്‍ ഒരു ഉപമക്കായി പ്രയോഗിച്ച ഈ ചിത്രശലഭപ്രയോഗവും നാടോടിക്കഥയുമെല്ലാം ഇനി മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പണ്ടു തന്നെ ഇക്കാര്യം കണ്ടുപിടിച്ചിട്ടുണ്ടായിരുന്നും ഒക്കെ പറഞ്ഞ് ആരൊക്കയോ വരുന്നുണ്ട്....


6 comments:

ശ്രീഹരി::Sreehari said...

വളരെ നല്ല വിജ്ഞാനപ്രദം ആയ പോസ്റ്റ്....

ഇത്തരം പോസ്റ്റുകളില്‍ കൂടുതല്‍ വായിക്കന്‍ ഉള്ള ലിങ്കുകള്‍ നല്‍കുന്നത് നന്നായിരിക്കും ടോട്ടോ..

ഹീലിയം സ്പെക്ക്ട്രവും മാഗ്നെറ്റിസവുമായുള്ള ബന്ധം അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഈ pdf സന്ദര്‍ശിക്കാം... കുറച്ച് ടെക്നിക്കല്‍ ആണ്.....

സീമാന്‍ എഫക്റ്റ് എന്തെന്ന് ഇവിടെ വായിക്കാം

ഓടോ:-
വാല്‍ക്കഷണം "ക്ഷ" പിടിച്ചു

ടോട്ടോചാന്‍ (edukeralam) said...

ശ്രീഹരി..,
പോസ്റ്റുകളില്‍ ലിങ്കുകള്‍ നല്‍കുന്ന കാര്യം തുടര്‍ന്ന് പരിഗണിക്കുന്നതാണ്. താങ്കള്‍ നല്‍കിയ ലിങ്കുകള്‍ വായനക്കാര്‍ക്ക് ഉപകാരപ്പെടും തീര്‍ച്ച.

ഓ.ടോ. മിക്കവാറും സംഭവിക്കാന്‍ സാധ്യതയുള്ള കാര്യം തന്നെ!! :-)

ഐ.പി.മുരളി|i.p.murali said...

ടോട്ടോ...
വിജ്ഞാനപ്രദം, ലളിതമായ അവതരണം ശ്രീഹരിയെ കൂട്ടുപിടിക്കുന്നു ‘ക്ഷ’ പിടിച്ചു.
ലിങ്കുകള്‍ക്ക് നന്ദി ശ്രീ...
രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍ !

ശ്രീ said...

നല്ല പോസ്റ്റ്!

ടോട്ടോചാന്‍ (edukeralam) said...

മുരളി, ശ്രീ, നന്ദി...

Rani Ajay said...

വിജ്ഞാനപ്രദമായ പോസ്റ്റ്...നന്ദി