ശാസ്ത്രസാങ്കേതികവിദ്യകളിലൂടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും മീതെ മനുഷ്യന്‍ ആധിപത്യം സ്ഥാപിച്ചിട്ടും ഒരിക്കലും തോല്‍ക്കാതെ നമ്മോട് പൊരുതിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചുജീവിയാണ് കൊതുക്. കൊതുകുകടിയേല്‍ക്കാത്ത ആരും തന്നെ ഉണ്ടാകുമെന്നു തോന്നുന്നില്ല. കൊതുക് പരത്തുന്ന രോഗങ്ങളിലൂടെ ദിനം പ്രതി രോഗികളാകുന്നവരും മരിക്കുന്നവരും നിരവധിയാണ്. കൊതുകിനെ തുരത്താന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ നാം അവലംബിച്ചിട്ടുണ്ട്. കൊതുകുവലകളും , കൊതുകുതിരികളും തുടങ്ങി നിരവധി വ്യത്യസ്ഥ ഉല്‍പ്പന്നങ്ങളാണ് നാം വാങ്ങിച്ചു കൂട്ടുന്നത്. ഇതില്‍ പലതും വിഷമയവും പരിസരമലിനീകാരികളും കൂടിയാണ്. ഇപ്പോഴിതാ കൊതുകുനെ തുരത്താന്‍ മറ്റൊരു നൂതന സംവിധാനവുമായി റിവര്‍സെഡ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നു. പഴയീച്ചകളില്‍ നടത്തിയ പഠനമാണ് കൊതുകകള്‍ക്കെതിരേ പരിസ്ഥിതി സൌഹാര്‍ദ്ദപരവും ചിലവുകുറഞ്ഞതുമായ പുതിയ കണ്ടുപിടുത്തത്തിലേക്ക് വഴി തെളിച്ചത്.

അപകടഭീതിയുണ്ടാകുമ്പോള്‍ പഴയീച്ചകള്‍ കാര്‍ബണ്‍ഡയോക്സൈഡ് വാതകം പുറത്തു വിടും. ഇത് മറ്റ് പഴയീച്ചകള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. പഴയീച്ചയുടെ തലയിലുള്ള ആന്റിന (കൊമ്പ്) കാര്‍ബണ്‍ഡയോക്സെഡിനെ തിരിച്ചറിയാനുള്ള മികച്ച ഒരു സംവേദിനിയാണ്. ഈ ആന്റിനയിലുള്ള ന്യൂറോണുകള്‍ നല്‍കുന്ന സന്ദേശം ആ സ്ഥലത്തു നിന്നും മാറിനില്‍ക്കാന്‍ പഴയീച്ചകളെ പ്രേരിപ്പിക്കും. പക്ഷേ വിചിത്രമെന്നു പറയട്ടെ പഴങ്ങളും മറ്റ് ഫലവര്‍ഗ്ഗങ്ങളും കാര്‍ബണ്‍ഡയോക്സൈഡ് പുറത്തുവിടുന്നുണ്ട്. എന്നാല്‍ ഇവിടെ യാതൊരു അപകടഭീതിയുമില്ലാതെ പഴയീച്ചകള്‍ ഒത്തുകൂടുകയും ചെയ്യും. ശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ ഇത് ഒരു പ്രഹേളികയായിരുന്നു.

എന്റമോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ആനന്ദശങ്കര്‍ റേയും അദ്ദേഹത്തിന്റെ ശിഷ്യയായ സ്റ്റിഫാനി ടര്‍ണറും ചേര്‍ന്ന് ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തിയിരിക്കുന്നു. പഴങ്ങള്‍ പഴുക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേകതരം ഗന്ധമുള്ള രാസവസ്തുവിനെ ഇവര്‍ തിരിച്ചറിഞ്ഞു. പഴയീച്ചകളുടെ കാര്‍ബണ്‍ഡയോക്സൈഡ് തിരിച്ചറിയാന്‍ സഹായിക്കുന്ന ന്യൂറോണിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ ഈ രാസവസ്തുവിന് കഴിയുന്നു എന്ന് പരീക്ഷണങ്ങളിലൂടെ ഇവര്‍ കണ്ടെത്തി. പ്രത്യേക ഗന്ധമുണ്ടാക്കുന്ന ഹെക്സനോള്‍, 2,3 ബ്യൂട്ടെയ്നിഡിയോണ്‍ എന്നീ രാസവസ്തുക്കളാണ് പഴയീച്ചയുടെ ന്യൂറോണിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ സഹായിക്കുന്നത്.





പഴയീച്ചയില്‍ നടത്തിയ ഈ കണ്ടെത്തല്‍ ക്യൂലക്സ് കൊതുകുകള്‍ക്കെതിരേ ഉപയോഗിക്കാവുന്നതാണ് എന്ന് ആനന്ദശങ്കറും സ്റ്റിഫാനിയും അവകാശപ്പെടുന്നു. ക്യൂലക്സ് കൊതുകുകളിലും കാര്‍ബണ്‍ഡയോക്സൈഡ് തിരിച്ചറിയാനുള്ള ന്യൂറോണുകള്‍ ഉണ്ട്. പഴയീച്ച കാര്‍ബണ്‍ഡയോക്സൈഡിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് അവിടെ നിന്നും രക്ഷപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍ ക്യൂലക്സ് കൊതുകുകള്‍ മനുഷ്യസാന്നിദ്ധ്യം തിരിച്ചറിയാനാണ് ഈ കഴിവ് ഉപയോഗിക്കുന്നത്. മനുഷ്യന്റെ ശ്വസനപ്രക്രിയയില്‍ പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്സൈഡ് ആണ് ക്യൂലക്സ് കൊതുകുകളെ നമ്മിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. കൊതുകുകളുടെ ന്യൂറോണുകളെ പ്രവര്‍ത്തനരഹിതമാക്കാനുള്ള കഴിവുള്ള ഹെക്സനോളിനേയും ബ്യുട്ടനാളിനേയും തിരിച്ചറിയാന്‍ ആനന്ദശങ്കറിനും സ്റ്റിഫാനിക്കും കഴിഞ്ഞു. ഈ കണ്ടെത്തല്‍ കൊതുകിനെ അകറ്റിനിര്‍ത്താനുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് പുതിയ ഒരു തലം നല്‍കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ആഗസ്റ്റ് 26 ലെ നേച്ചര്‍ ജേര്‍ണലിലാണ് ഇവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അവലംബം
http://newsroom.ucr.edu/news_item.html?action=page&id=2155