'പൊള്ളുന്ന വ്യാഴം??' എന്തോ ഒരു പന്തികേട് അല്ലേ? വാതകഗോളമായ നമ്മുടെ വ്യാഴം വല്ലാതെ തണുത്ത ഒരു ഗ്രഹം തന്നെ. പൊള്ളുന്ന വ്യാഴം പക്ഷേ നമ്മുടെ വ്യാഴമല്ല. HD 189733b എന്നു പേരിട്ടിരിക്കുന്ന ഒരു സൌരേതരഗ്രഹമാണ്. വ്യാഴത്തെപ്പോലെ തന്നെയാണ് ഇതിന്റെയും ഘടന. അല്പം വലിപ്പക്കൂടുതലുണ്ടെന്നേയുള്ളൂ. കേന്ദ്രനക്ഷത്രത്തില്‍ നിന്നും വെറും 50 ലക്ഷം കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ചങ്ങാതിയുടെ നില്‍പ്പ്. HD 189733A എന്നു പേരുള്ള നക്ഷത്രമാകട്ടെ നമ്മുടെ സൂര്യനേക്കാള്‍ അല്പം ചെറുതാണ് എന്നു മാത്രം.
![]() |
| (നക്ഷത്രത്തില്‍ നിന്നുമുള്ള ദ്രവ്യക്കാറ്റുമൂലം ബാഷ്പീകരിക്കപ്പെടുന്ന ഗ്രഹം - ചിത്രകാരഭാവന) |
ഇപ്പോള്‍ ഇതു പറയാന്‍ കാരണം ഒരു കാര്യമുണ്ട്. ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തെയാകെ മാറ്റി മറിച്ച് ഒരു പ്രതിഭാസം അവിടെ സംഭവിച്ചു. സൂര്യനില്‍ നിന്നും ഇടയ്ക്കിടെ അതിലെ ദ്രവ്യം പുറത്തേക്ക് അതിവേഗത്തില്‍ തെറിച്ചുപോകാറുണ്ട്. ഏതാണ്ടു അതുപോലെ പക്ഷേ അസാധാരണമായ അളവില്‍ ഈ നക്ഷത്രത്തില്‍ നിന്നും ദ്രവ്യത്തിന്റെ ഒരു തെറിച്ചുപോക്കുണ്ടായി. ഈ നക്ഷത്രക്കാറ്റില്‍പ്പെട്ട് നക്ഷത്രത്തെ ചുറ്റിയിരുന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തിലെ വാതകത്തിന്റെ ഒരു വലിയ അളവ് നഷ്ടപ്പെട്ടു. ഓരോ സെക്കന്റിലും 1000 ടണ്‍ എന്ന കണക്കിനാണത്രേ ഗ്രഹത്തിന് ദ്രവ്യനഷ്ടമുണ്ടായത്.
രണ്ടു വ്യത്യസ്ത നിരീക്ഷണങ്ങളാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ എത്തിച്ചത്. ഹബിള്‍ സ്പേസ് ടെലിസ്കോപ്പാണ് 2010 ല്‍ ഈ ഗ്രഹത്തെ കണ്ടത്തിയത്. അന്തരീക്ഷത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നമുക്കു നല്‍കിയത് പക്ഷേ ഹബിള്‍ തന്നെ നടത്തിയ 2011 ലെ നിരീക്ഷണമായിരുന്നു.
സെക്കന്റില്‍ 1000 ടണ്‍ എന്ന കണക്കില്‍ ദ്രവ്യം നഷ്ടപ്പെടുന്ന കാഴ്ച! ഈ നിരീക്ഷണത്തിന് ഏതാണ്ട് 8 മണിക്കൂര്‍ മുന്‍പ് സിഫ്റ്റ് എക്സ്-റേ ടെലിസ്കോപ്പ് മറ്റൊരു കാഴ്ച കണ്ടു. നമ്മുടെ ഈ നക്ഷത്രത്തില്‍ നിന്നും ശക്തമായ ഒരു ഫ്ലയര്‍! ഈ രണ്ടു നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

Comments
Post a Comment