ഓപ്പര്‍ച്യുണിറ്റി 40 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡ് മറികടന്നു. സഞ്ചരിച്ചത് 35.76 കിലോമീറ്റര്‍!
ഒരു അന്യബഹിരാകാശഗോളത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച രണ്ടാമത്തെ വാഹനം എന്ന ബഹുമതി ഇനിമുതല്‍ ചൊവ്വഗ്രഹത്തില്‍ പര്യവേഷണത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഓപ്പര്‍ച്യുണിറ്റിക്ക് സ്വന്തം! 40 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡാണ് ഓപ്പര്‍ച്യുണിറ്റി തകര്‍ത്തത്. ആമയും മുയലും കഥപോലെയായി കാര്യങ്ങള്‍. ചന്ദ്രനിലിറങ്ങിയ അവസാനയാത്രികരായ യൂജിന്‍ സെര്‍ണാനും ഹാരിസണ്‍ സ്മിത്തും ചന്ദ്രനില്‍ ചുറ്റി സഞ്ചരിച്ചത് ഒരു ചെറുജീപ്പിലായിരുന്നു, ചന്ദ്രനിലോടാന്‍ പാകത്തിന് നിര്‍മ്മിച്ച ഒരു ചെറുവാഹനത്തില്‍. മൂന്നു ദിവസങ്ങള്‍ ചന്ദ്രനില്‍ കഴിഞ്ഞ ഇവര്‍ 35.744 കിലോമീറ്ററാണ് അവിടെ ഈ വാഹനമോടിച്ചത്. നീണ്ട 40 വര്‍ഷങ്ങള്‍ക്കു ശേഷവും ഈ റെക്കോഡ് മറ്റൊരു വാഹനവും മറികടക്കുകയുണ്ടായിട്ടില്ല.
എന്തായാലും അവര്‍ മൂന്നു ദിവസങ്ങള്‍ കൊണ്ടോടിയ ദൂരം ചൊവ്വാപര്യവേഷണത്തിനായി ചൊവ്വയിലിറങ്ങിയ ഓപ്പര്‍ചുണിറ്റി എന്ന റോവര്‍ നീണ്ട ഒന്‍പതുവര്‍ഷങ്ങള്‍ക്കു ശേഷം മറികടന്നിരിക്കുകയാണ്. 37 കിലോമീറ്റര്‍ ദൂരം മറികടന്നാല്‍ ഒരു അന്താരാഷ്ട്ര ബഹുമതി കൂടി ഓപ്പര്‍ച്യുണിറ്റിയെ കാത്തിരിക്കുന്നുണ്ട്. ഒരു അന്യഗോളത്തില്‍ ഏറ്റവും കൂടുതല്‍ ദുരം സഞ്ചരിച്ച മനുഷ്യനിര്‍മ്മിതമായ വാഹനം എന്ന ബഹുമതി. അതിന്നും സോവിയറ്റ് യൂണിയന്റെ ലൂണോഖോദ് 2 എന്ന റോവറിന് സ്വന്തമാണ്. 1973 ജനുവരിയില്‍ ചന്ദ്രനിലെത്തിയ ലൂണോഖോദ് നാല് മാസത്തോളം ചന്ദ്രനില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിച്ചു. നാല്‍പ്പത് വര്‍ഷം പഴക്കമുള്ള ഈ റെക്കോഡ് അധികം താമസിയാതെ ഓപ്പര്‍ചുണിറ്റി മറികടക്കും എന്നാണ് കരുതുന്നത്.
അവലംബം: http://www.jpl.nasa.gov/news/news.php?release=2013-166

Comments
Post a Comment