Wednesday, August 14, 2013

ഉബുണ്ടു എഡ്ജ് എന്ന സ്മാര്‍ട്ട് ഫോണ്‍ കമ്പ്യൂട്ടര്‍!


സ്മാര്‍ട്ട് ഫോണുകളും ടാബുകളും ഓരോ ദിവസവും പുതിയ രൂപത്തിലും ഭാവത്തിലും ഇറങ്ങിക്കൊണ്ടേയിരിക്കുകയാണ്. സാംസങിന്റെ എസ് 4 ഉം ആപ്പിളിന്റെ ഐഫോണും കാണിച്ചുകൊടുക്കുന്ന വഴിയേ ആണ് മറ്റുള്ളവരുടെ സഞ്ചാരം. അങ്ങനെ മറ്റുള്ളവര്‍ക്ക് വഴികാണിച്ചുകൊടുക്കാന്‍ ഇവര്‍ മാത്രം മതിയോ? അതുപോരായെന്ന പ്രഖ്യാപനവുമായാണ് 2014 മേയ് മാസത്തില്‍ തികച്ചും പുതുമയുള്ള ഒരു ഫോണിറക്കണം എന്ന വാശിയില്‍ സാക്ഷാല്‍ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കുന്ന കാനോനിക്കല്‍ കമ്പനി പുതിയൊരു സംവിധാനം ആവിഷ്കരിച്ചത്. ഇതുവരെ ആരുമിറക്കാത്ത ഹാര്‍ഡുവെയര്‍ പുതുമകളോടെ ഒരു ഫോണ്‍. പേര് ഉബുണ്ടു എഡ്ജ്. ശരിക്കും ഒരു കമ്പ്യൂട്ടര്‍ തന്നെ ഈ ഫോണ്‍. അതും ഡ്യൂവല്‍ ബൂട്ടിങ്! ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റവും ആന്‍ഡ്രോയിഡും ഒരു പോലെ ഇതില്‍ പ്രവര്‍ത്തിക്കും. സ്പെസിഫിക്കേഷനുകള്‍ കേട്ടാല്‍ ആരും ഒന്നു നോക്കിപ്പോകും!

ഉബുണ്ടു ഡെസ്ക്ടോപ്പ്!
4GB റാം!
128GB സ്റ്റോറേജ്!
720 x 1280 HD റെസല്യൂഷനോടുകൂടി 4.5" സ്ക്രീന്‍!
അതും പോറല്‍ വീഴാത്ത സഫയര്‍ ഗ്ലാസ്!
Dual LTE, GSM പിന്തുണ!
സ്റ്റീരിയോ സ്പീക്കറുകള്‍!
സിലിക്കണ്‍-ആനോഡ് ലിത്തിയം അയോണ്‍ ബാറ്ററി!
വിലയോ $695 ഉം!!!
പ്രൊസസ്സര്‍, ഫോണ്‍ ഇറക്കുന്ന സമയത്തെ ഏറ്റവും മികച്ചതു തന്നെ തിരഞ്ഞെടുക്കും.
  Ubuntu Edge Apple iPhone 5 Samsung Galaxy S4
Mobile OS Dual-boots Android and Ubuntu mobile iOS Android
Desktop OS Ubuntu Desktop No No
RAM 4GB 1GB 2GB
Internal storage 128GB 64GB 16GB
Screen 720 x 1,280, 4.5 inches 640 x 1,136, 4 inches 1,080 x 1,920, 5 inches
Protection Sapphire Glass Corning Gorilla Glass Corning Gorilla Glass 3
Connectivity Dual-LTE, GSM LTE, GSM LTE, GSM
Speakers Stereo Mono Mono
Battery Silicon-anode Li-ion Li-ion Li-ion
Price $695 $849* $750**
CPU/GPU, screen technology to be finalised before production. * Apple Store ** Best Buy

ഇതെല്ലാം കേട്ട് മോഹിക്കാന്‍ വരട്ടെ!

ഫോണ്‍ ഇറങ്ങുമോയെന്നത് നിങ്ങളെക്കൂടി ആശ്രയിച്ചിരിക്കും!

അതെന്താ അങ്ങനെ?
ഉബുണ്ടു ഒഎസ് ഉള്ള ഈ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ കാനോനിക്കല്‍ കമ്പനി ഒറ്റയ്ക്കു വിചാരിച്ചാല്‍ സാധിക്കില്ല. അതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം ക്രൗഡ് ഫണ്ടിങാണ്. അതായാത്, ലോകമെമ്പാടുമുള്ള ആളുകളില്‍ നിന്നും പണം പിരിക്കുക. നിശ്ചിത തുക കിട്ടുമെന്നുറപ്പായാല്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തിലേക്കു കടക്കുക! 3.2 കോടി ഡോളര്‍ പിരിക്കാനാണ് കാനോനിക്കല്‍ ലക്ഷ്യമിട്ടിരുന്നത്. ജൂലൈ 22 മുതല്‍ ആഗസ്റ്റ് 21 വരെയാണ് ക്രൗഡ്ഫണ്ടിങ് കാലയളവ്. തുടക്കത്തില്‍ മികച്ച പ്രതികരണമുണ്ടായെങ്കിലും ഇപ്പോള്‍ വലിയ പ്രതീക്ഷകള്‍ വേണ്ടെന്നു തന്നെയാണ് ടെലഗ്രാഫ് ഉള്‍പ്പടെ പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇനി എട്ടുദിവസം മാത്രം ബാക്കിയിരിക്കേ $9,917,045 മാത്രമാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. ഇതത്ര ചെറിയ സംഖ്യയൊന്നുമല്ല. എങ്കിലും ഉദ്ദേശിച്ച തുക എത്തിയില്ലെങ്കില്‍ പണം തിരിച്ചുകൊടുക്കാനാണ് കാനോനിക്കല്‍ കമ്പനിയുടെ തീരുമാനം.
$695 സംഭാവന നല്‍കിയാല്‍ ഒരു ഉബുണ്ടു എഡ്ജ് ഫോണ്‍ ലഭിക്കുന്ന രീതിയിലാണ് ക്രൗഡ് ഫണ്ടിങ്. വലിയ കമ്പനികള്‍ക്കും തുകകള്‍ നല്‍കി പദ്ധതിയില്‍ പങ്കാളികളാകാനുള്ള സംവിധാനവും ഉണ്ട്.
ഉബുണ്ടു എഡ്ജ് ഇറങ്ങിയില്ലെങ്കില്‍പ്പോലും ഈ ഫോണിന്റെ സ്പെസിഫിക്കേഷനും ആളുകള്‍ക്കിടയില്‍ നടന്ന ചര്‍ച്ചയും എല്ലാം മറ്റു കമ്പനികളുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട് എന്നു വ്യക്തം. ഭാവിയില്‍ ഇതേ ഫോണ്‍ മറ്റുള്ള കമ്പനികളില്‍ നിന്നും ഇറങ്ങിയേക്കാം എന്നും വരാം!
കൂടുതല്‍ വിവരങ്ങള്‍ വേണോ? ഈ ലിങ്കില്‍പ്പോയി നോക്കൂ.
http://www.indiegogo.com/projects/ubuntu-edge

No comments: