Friday, August 23, 2013

നല്ല കൂട്ടുകാരെ കണ്ടെത്താന്‍ എം ആര്‍ ഐ സ്കാന്‍!

ഗംഗയ്ക്ക് നാഗവല്ലിയോടു തോന്നിയ തന്മയീഭാവത്തിന്റെ കഥ കേള്‍ക്കാത്തവരോ കാണാത്തവരോ മലയാളികളിലുണ്ടാവില്ല എന്നു തോന്നുന്നു. നാഗവല്ലിയുടെ ഓരോ അനുഭവവും തന്റേതായി മാറ്റുകയായിരുന്നു ഗംഗ. നാഗവല്ലിക്കു നേരെയുള്ള ഓരോ ഭീഷണിയും തനിക്കു നേരെയുള്ളതെന്നു കരുതിക്കരുതി അവസാനം ഗംഗ നാഗവല്ലിയായി മാറുന്ന കഥ! മണിച്ചിത്രത്താഴിലെ ആ കഥ പറയുക എന്നത് നമ്മുടെ വിഷയമല്ല. പക്ഷേ വിര്‍ജീനിയ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസറായ ജയിംസ് എ കോണ്‍ നടത്തിയ കണ്ടെത്തലുകള്‍ ചിലരെയെങ്കിലും മണിച്ചിത്രത്താഴിനെ ഓര്‍മ്മപ്പെടുത്തിയേക്കാം. നമ്മുടെ മനസ്സ്, ഞാന്‍ എന്ന അവസ്ഥ, ഇതെല്ലാം ശരിക്കും നമ്മുടേതു തന്നെയല്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ജയിംസിന്റെ ഗവേഷണം. നമ്മുടെ കൂട്ടുകാരുമായും വീട്ടുകാരുമായുമെല്ലാം അതിശക്തമായ മാനസികബന്ധനത്തിലാണ് നമ്മളെല്ലാവരുമത്രേ. പരസ്പരം ഒരു തന്മയീഭാവം തന്നെ നമുക്കിടയിലുണ്ട്. ഒരാളുടെ 'സെല്‍ഫ്' എന്നാല്‍ അയാളുമായി ബന്ധപ്പെടുന്നവരെക്കൂടി ഉള്‍പ്പെട്ടതാണത്രേ!

ജയിംസ് കോണും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് 22 യുവാക്കളില്‍ നടത്തിയ ഫംങ്ഷണല്‍ എം.ആര്‍.ഐ. പഠനമാണ് പുതിയ കണ്ടെത്തലിലേക്കു നയിച്ചത്. പരസ്പരം വളരെ പരിചിതരും അപരിചിതരുമായ 22 യുവാക്കളായിരുന്നു പരീക്ഷണത്തിന് വിധേയമായത്. പരീക്ഷണവേളയില്‍ ഇവരില്‍ പലര്‍ക്കും ഇലക്ട്രിക്ക് ഷോക്ക് ഉള്‍പ്പടെയുള്ള ഭീഷണികള്‍ നേരിടണമായിരുന്നു. ആ സമയം മുഴുവന്‍ ഇവരെ ഫംങ്ഷണല്‍ എം.ആര്‍.ഐ. സ്കാനിങിനു വിധേയമാക്കിയിരുന്നു. ഷോക്ക് നല്‍കുന്നത് ആര്‍ക്കുവേണമെങ്കിലുമാകാം. തലച്ചോറിലെ anterior insula, putamen, supramarginal gyrus എന്നീ ഭാഗങ്ങള്‍ ഭീഷണി നേരിടുന്ന അവസ്ഥയില്‍ സജീവമാകുന്ന കാര്യം ശാസ്ത്രം നേരത്തേ കണ്ടെത്തിയതാണ്.ഷോക്ക് ലഭിക്കുമെന്ന ഭീഷണി ഒരാള്‍ നേരിടുന്ന അവസ്ഥയില്‍ ഗവേഷകര്‍ പ്രതീക്ഷിച്ചപോലെ തന്നെ അയാളുടെ തലച്ചോറിലെ ഈ ഭാഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായിക്കണ്ടു. ഇങ്ങനെ ഒരാള്‍ 'ഷോക്ക്' ഭീഷണി നേരിടുന്ന അവസ്ഥയില്‍ മറ്റുള്ളവരുടെ തലച്ചോറിലെ ഈ ഭാഗങ്ങളും ഗവേഷകര്‍ നിരീക്ഷണവിധേയമാക്കിയിരുന്നു. ഭീഷണി ഒരാള്‍ക്കാണെങ്കിലും എല്ലാവരിലും തലച്ചോറിന്റെ ഈ പ്രദേശങ്ങള്‍ ഉത്തേജിതമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഈ ഉത്തേജനത്തിന്റെ തീവ്രതയില്‍ വലിയ വ്യത്യാസം പ്രകടമായിരുന്നു. ഭീഷണി നേരിടുന്നയാളുമായി പരിചയമില്ലാത്തവരില്‍ വളരെ കുറഞ്ഞ നിരക്കിലേ ഈ ഭാഗങ്ങള്‍ ഉത്തേജിതമായുള്ളൂ. എന്നാല്‍ അയാളുടെ ചങ്ങാതിമാരെ സംബന്ധിച്ചിടത്തോളം അവസ്ഥ അതല്ലായിരുന്നു. അയാളുടെ തലച്ചോറിലെ ഉത്തേജനനിരക്കിനോട് അടുത്തുനില്‍ക്കുന്നത്ര ശക്തമായ പ്രതികരണങ്ങളാണ് ചങ്ങാതിമാരുടെ തലച്ചോറില്‍ നിന്നും ലഭിച്ചത്! അതായത് അവര്‍ക്കുതന്നെ ഭീഷണി നേരിടുമ്പോഴുണ്ടായ അവസ്ഥയോട് ഏറ്റവുമടുത്തു നില്‍ക്കുന്ന പ്രതികരണങ്ങള്‍. സുഹൃത്തുക്കളോടും അടുപ്പമുള്ളവരോടും നാം കാണിക്കുന്ന എംപതി വെറും തോന്നലല്ലെന്നു സാരം! ജയിംസ് കോണിന്റെ ഭാഷയില്‍ "അതൊരു സത്യം തന്നെയാണ്, കാല്പനികമായ ഒന്നല്ല." മറ്റുള്ളവരുമായി തന്മയീഭാവത്തിലെത്താനുള്ള തലച്ചോറിന്റെ കഴിവാണ് ഈ പരീക്ഷണം സ്ഥിരീകരിച്ചത്.

സുഹൃത്തിനു ഭീഷണി നേരിടുക എന്നാല്‍ തനിക്കു ഭീഷണി നേരിടുകയാണ് എന്നു തന്നെയാണ് ഇതിനര്‍ത്ഥം! സാമൂഹികജീവിയാകാന്‍ മനുഷ്യരെ സഹായിക്കുന്നതിലും ഈ എംപതിക്ക് വലിയ പ്രാധാന്യമുണ്ടാവണം. ഒരു ഭീഷണി ഉണ്ടാകുമ്പോള്‍ അതിനെ കൂട്ടായി നേരിടാന്‍ മാനസികമായ ഈ ഐക്യപ്പെടല്‍ വലിയ സഹായമാണ്. ഇത് നിലനില്പിനു വേണ്ടിയുള്ള പരിണാമത്തിന്റെ ഭാഗം തന്നെയാണെന്ന് ഗവേഷകര്‍ കരുതുന്നു.

വാല്‍ക്കഷണം: "നല്ല കൂട്ടുകാരെ കണ്ടെത്താന്‍ ഫംങ്ഷണല്‍ എം ആര്‍ ഐ സ്കാന്‍" എന്ന് സ്കാനിങ് ലാബുകളുടെ പരസ്യം കാണാന്‍ കഴിയുന്ന കാലം അതിവിദൂരമല്ലെന്നു ചുരുക്കം!
കൂടുതല്‍ വിവരങ്ങള്‍ക്ക് : http://news.virginia.edu/content/human-brains-are-hardwired-empathy-friendship-study-shows

1 comment:

ആൾരൂപൻ said...

രക്തമോ മറ്റോ പരിശോധിച്ചാൽ ആത്മഹത്യാ പ്രവണത അറിയാൻ പറ്റുമെന്ന് എവിടെയോ വായിച്ചതാണ് ഇത് വായിച്ചപ്പോൾ ഓർമ്മയിൽ വന്നത്.