Tuesday, October 29, 2013

ഐസോണ്‍ ധൂമകേതു കഥ പറയുമ്പോള്‍.....2012 സെപ്തംബര്‍ 21. റഷ്യയിലെ ഇന്റര്‍നാഷണല്‍ സയന്റിഫിക്ക് ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക് എന്ന പദ്ധതിപ്രകാരം ടെലിസ്കോപ്പുകളുപയോഗിച്ച് ആകാശനിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് വിതാലി നെവസ്കിയും ആര്‍ത്യോം നോവിച്ചോനോക്കും. 40 സെ.മീ വലിപ്പമുള്ള ടെലിസ്കോപ്പുപയോഗിച്ച് ഡിജിറ്റല്‍ ചിത്രങ്ങളെടുത്താണ് നിരീക്ഷണം. അങ്ങനെ കിട്ടിയ ഫോട്ടോകളിലൊന്നില്‍ നക്ഷത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു അടയാളം. ചെറിയ ഏതെങ്കിലും ഗ്രഹസമാനമായ വസ്തുക്കളായിരിക്കും എന്ന ധാരണയില്‍ അവര്‍ ഈ വിവരം ചെറുഗ്രഹങ്ങളെക്കുറിച്ചു പഠിക്കുന്ന കേന്ദ്രത്തിലേക്കു കൈമാറി. 
ഛിന്നഗ്രങ്ങളോ മറ്റോ ആണെന്ന രീതിയില്‍ അവരത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മറ്റു സ്ഥലങ്ങളിലെ നിരീക്ഷകര്‍ ഈ പുതിയ വസ്തുവിനെ നിരീക്ഷിച്ചതോടെ അതൊരു ഛിന്നഗ്രഹമല്ല എന്ന കാര്യം ബോധ്യമായി. അല്പം ചെറിയ വാലോടുകൂടിയ ഒന്ന്. വാല്‍നക്ഷത്രത്തിന്റെ എല്ലാ സ്വഭാവസവിശേഷതകളും അതിനുണ്ടെന്നു ബോധ്യപ്പെട്ടതോടെ എല്ലാവരുടെയും ടെലിസ്കോപ്പുകള്‍ ഈ പുതിയ വസ്തുവിന്റെ നേര്‍ക്കായി. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം വിതാലിയും ആര്‍ത്യോമും 2012 സെപ്തംബര്‍ 24 ന് പുതിയ വാല്‍നക്ഷത്രത്തെ കണ്ടെത്തിയതായി ലോകത്തെ അറിയിച്ചു.
(വിതാലി നെവസ്കിയും ആര്‍ത്യോം നോവിച്ചോനോക്കും  - കടപ്പാട് - വിക്കിമീഡിയ )

അവര്‍ ഉപയോഗിച്ച ടെലിസ്കോപ്പ് നെറ്റ്‌വര്‍ക്കിന്റെ പേരാണ് വാല്‍നക്ഷത്രത്തിനു കൊടുത്തത്. ISON അഥവാ ഐസോണ്‍! ശാസ്ത്രജ്ഞരോ,  C/2012 S1 എന്ന കോഡുപയോഗിച്ചും ഈ വാല്‍നക്ഷത്രത്തെ വിളിച്ചു. ഈ വാല്‍നക്ഷത്രത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പിന്നീട് പെട്ടെന്നു പുരോഗമിച്ചു. പതിവില്‍ക്കവിഞ്ഞ തിളക്കം വാല്‍നക്ഷത്രത്തിനുണ്ടായിരുന്നത് നിരീക്ഷകരെ ഏറെ ആകര്‍ഷിക്കുകയും ചെയ്തു. പതിവില്‍ക്കവിഞ്ഞ വലിപ്പമുള്ള ഒരു വാല്‍നക്ഷത്രമായിരിക്കും ഇതെന്നായിരുന്നു ആദ്യധാരണകള്‍. വാല്‍നക്ഷത്രത്തിന്റെ ചലനം വച്ച് പെട്ടെന്നു തന്നെ അതിന്റെ പഥം കണ്ടെത്താനും നിരീക്ഷകര്‍ക്കായി. സൂര്യനെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ക്കടന്നു പോകുന്ന 'സൂര്യസ്പര്‍ശി'യായ ( sungrazing) ഒരു വാല്‍നക്ഷത്രം. അത്ര വലിപ്പമുള്ള ഒരു വാല്‍നക്ഷത്രം സൂര്യന്റെ അത്രയും അടുത്തുകൂടി കടന്നുപോയാല്‍ അത്യപൂര്‍വ്വമായ ഒരു ആകാശക്കാഴ്ചയ്ക്കു വഴിയൊരുക്കും എന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഭൂമിയിലുള്ളവര്‍ക്ക് അത്യപൂര്‍വ്വവും വിസ്മയകരവുമായ കാഴ്ചയൊരുക്കാന്‍ കഴിയുന്ന വാല്‍നക്ഷത്രത്തെ നിരീക്ഷകരും മാധ്യമങ്ങളും 'നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം' എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങി. ചന്ദ്രനോളം വലിപ്പത്തില്‍ പകല്‍പോലും ആകാശത്തു കാണാന്‍ കഴിയുന്ന വാല്‍നക്ഷത്രം! ഏറെ ആവേശത്തോടെ ലോകമെമ്പാടുമുള്ള ജ്യോതിശ്ശാസ്ത്രകുതുകികള്‍ ഈ സാധ്യതയെ നെഞ്ചിലേറ്റുകയും ചെയ്തു. ആദ്യ മൂന്നു നാലു മാസങ്ങള്‍  കൊണ്ട് സാധാരണക്കാര്‍പോലും കാത്തിരിക്കുന്ന ഒരു വാല്‍നക്ഷത്രമായി ഐസോണ്‍!

2013 ജനുവരിയില്‍ നാസയുടെ ഡീപ് ഇംപാക്റ്റ് എന്ന ബഹിരാകാശപേടകം തന്റെ ടെലിസ്കോപ്പ് ഈ വാല്‍നക്ഷത്രത്തിനു നേരെ തിരിച്ചു. കുറെ ചിത്രങ്ങളുമെടുത്തു. എങ്കിലും പ്രതീക്ഷിച്ചത്ര വിവരങ്ങള്‍ തരാന്‍ ഈ ചിത്രങ്ങള്‍ക്കായില്ല.
(ഡീപ് ഇംപാക്റ്റ് പേടകം എടുത്ത ഐസോണ്‍ചിത്രങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ വീഡിയോ)
ഹിരാകാശവസ്തുക്കളുട‌െ ഏറ്റവും വ്യക്തതയേറിയ ചിത്രങ്ങളെടുക്കുന്നതില്‍ ഏറ്റവും മികവു പ്രകടിപ്പിച്ച ഒരു ദൂരദര്‍ശിനിയുണ്ട്. ഹബിള്‍ ദൂരദര്‍ശിനി. ബഹിരാകാശത്താണ് ഈ ടെലസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നത്.  2013 ഏപ്രിലില്‍ ഹബിള്‍ ടെലസ്കോപ്പിന്റെ ക്യാമറക്കണ്ണുകള്‍ ഐസോണിനു നേരെ തിരിഞ്ഞു. അന്ന് ഐസോണ്‍ വ്യാഴത്തിന്റെ പരിക്രമണപഥത്തിനടുത്തെത്തിയിരുന്നു. ഐസോണിന്റെ വലിപ്പവും ഘടനയുമെല്ലാം വിശദമാക്കിത്തന്ന ചിത്രങ്ങളാണ് ഹബിള്‍ എടുത്തത്.


 
(ഐസോണ്‍ - ഹബിള്‍ ഏപ്രിലില്‍ പകര്‍ത്തിയ ആദ്യചിത്രം)
ലോകമെമ്പാടും ഐസോണിനെ കാത്തിരുന്ന ഏവരെയും പക്ഷേ വല്ലാതെ നിരാശരാക്കിക്കളഞ്ഞു ഈ ചിത്രങ്ങള്‍.  ഖരാവസ്ഥയിലുള്ള കാമ്പിന്റെ വലിപ്പം ഏതാനും കിലോമീറ്ററുകള്‍ മാത്രം! ഹാലി-ധൂമകേതുവിന്റെ പോലും വലിപ്പമില്ല ഐസോണിന്! പകല്‍പോലും കാണാനാകുന്ന വാല്‍നക്ഷത്രം എന്ന മോഹമെല്ലാം അതോടെ നിരീക്ഷകര്‍ ഉപേക്ഷിച്ചു. എങ്കിലും ഹബിള്‍ ചിത്രമെടുത്തപ്പോഴേക്കും ഏതാണ്ട് ഒരു ലക്ഷം കിലോമീറ്റര്‍ നീളമുള്ള ഒരു വാല്‍ ഐസോണിനു രൂപപ്പെട്ടിട്ടുണ്ടായിരുന്നു.
ല്ലൊരു ആകാശക്കാഴ്ച നഷ്ടപ്പെട്ടെങ്കിലും ജ്യോതിശ്ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഐസോണ്‍ പഠനം ഏറെ പ്രധാന്യം തന്നെയാണ്. വാല്‍നക്ഷത്രം എവിടെ നിന്നു വരുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഐസോണിന്റെ സഞ്ചാരപഥം പുറകോട്ടു നീട്ടിനോക്കിയാല്‍ എവിടെ നിന്നായിരിക്കും അതു വരുന്നതെന്നു കണ്ടെത്താനാകും. അങ്ങനെ നീട്ടിനോക്കിയപ്പോഴാണ് സവിശേഷമായ ഒരു കാര്യം പിടികിട്ടിയത്. സൗരയൂഥത്തിന്റെ അതിര് എന്നൊക്കപ്പെറയാവുന്ന ഒരു ഭാഗമുണ്ട്. ഊര്‍ട്ട് മേഘം എന്നാണിതിനു പറയുന്നത്. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം ഏതാണ്ട് 15 കോടി കിലോമീറ്ററാണ്. ഇതിന്റെ 40000 മുതല്‍ 50000 വരെ  ഇരട്ടി അകലത്തിലാണ് ഈ പ്രദേശം. ഈ പ്രദേശത്തു നിന്നാണത്രേ ഐസോണിന്റെ വരവ്. ഏകദേശം പതിനായിരം വര്‍ഷം മുന്‍പെങ്കിലും അവിടെ നിന്നും പുറപ്പെട്ടതായിരിക്കണം ഐസോണ്‍.
(ഊര്‍ട്ട് മേഘം)

സൗരയൂഥം ഉണ്ടായ കാലത്തു തന്നെ ഊര്‍ട്ട്മേഘവും ഉണ്ടായിക്കാണണം. അങ്ങനയെങ്കില്‍ അവിടെ നിന്നും വഴിതെറ്റി വരുന്ന ധൂമകേതുക്കളെക്കുറിച്ചു പഠിച്ചാല്‍ ഊര്‍ട്ടമേഘത്തെക്കുറിച്ചും സൗരയൂഥത്തിന്റെ പിറവിയെക്കുറിച്ചുമെല്ലാം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഹാലിയുടെ ധൂമകേതുവിനെപ്പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരുന്ന ഒരു വാല്‍നക്ഷത്രമല്ല ഐസോണ്‍. ഐസോണിന്റെ കന്നിയാത്രയാണിതെന്നാണ് നിഗമനം.  അങ്ങനെയെങ്കില്‍ സൗരയൂഥം രൂപീകരിച്ച കാലത്തെ ദ്ര്യവ്യവും കൊണ്ടാണ് ചങ്ങാതിയുടെ വരവ്. സൗരയൂഥരൂപീകരണത്തെക്കുറിച്ചു പഠിക്കാന്‍ പറ്റിയ അവസരം‍. ശാസ്ത്രലോകം ഐസോണിനെ വിടാതെ പിന്തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല!

ഐസോണിനെ കാണുന്നതെങ്ങനെ?
തു വാല്‍നക്ഷത്രമാണെങ്കിലും ഒരു കുഴപ്പമുണ്ട്. പലപ്പോഴും അതിന്റെ തിളക്കത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ഫലിക്കാറില്ല!! വാല്‍നക്ഷത്രത്തിന്റെ വലിപ്പം, സഞ്ചാരപഥം തുടങ്ങിയവയെല്ലാം കൃത്യമായി നമുക്കു കണക്കാക്കാനാകും. എന്നാല്‍ ഭൂമിയിലുള്ളവവരെ സംബന്ധിച്ചിടത്തോളം എത്രത്തോളം ദൃശ്യമായിരിക്കും എന്ന കാര്യം മിക്കവാറും അനിശ്ചിതത്വത്തിലാണ്. നല്ല പ്രകാശത്തോടെ കാണാം എന്നു കരുതിയിരുന്ന പല വാല്‍നക്ഷത്രങ്ങളും നിരീക്ഷകരെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്. പ്രകാശമേറയതാവില്ല എന്നു കരുതിയിരുന്നവ എല്ലാവരെയും അത്ഭുതത്തിലാഴ്ത്തി മികച്ച ദൃശ്യാനുഭവം നല്‍കിയിട്ടുമുണ്ട്. ഐസോണിന്റെ കാര്യത്തിലുമുണ്ട് ഈ അനിശ്ചിതത്വം! ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് നിരവധിപേര്‍ ഒക്ടോബറില്‍ത്തന്നെ ഐസോണിനെക്കണ്ടുകഴിഞ്ഞിരിക്കുന്നു. കേരളത്തിലുള്ളവരും ഇക്കൂട്ടത്തില്‍പ്പെടും. അല്പം വലിപ്പമുള്ള ടെലിസ്കോപ്പുകളാണ് ഉപയോഗിച്ചതെന്നു മാത്രം.

എന്തായാലും ഈ മാസം പകുതിയോടുകൂടി സൂര്യനടുത്തായി ഐസോണിനെക്കാണാം എന്നു തന്നെ കരുതുന്നു.  അതിരാവിലെയാണ് ഐസോണിനെക്കാണാന്‍ ഏറ്റവും അനുയോജ്യമായ സമയം. രാവിലെ 3.30 മുതല്‍ സൂര്യനുദിക്കുന്നതു വരെ നിരീക്ഷിക്കാം.  സൂര്യനടുത്തായതിനാല്‍ത്തന്നെ സൂര്യനുദിച്ചാല്‍പ്പിന്നെ സൂര്യപ്രകാശത്തിന്റെ പ്രഭ മൂലം ഐസോണിനെ കാണാനും കഴിയില്ല. മാത്രമല്ല സൂര്യനെ നേരിട്ടുനോക്കുന്നത് കണ്ണുകള്‍ക്ക് വല്ലാത്ത അപകടമാണുതാനും. നവംബര്‍ പകുതിയോടെ അതിരാവിലെ എഴുന്നേല്‍ക്കുക. കിഴക്കേ ചക്രവാളം നല്ലവണ്ണം കാണാന്‍ കഴിയുന്ന ഒരു സ്ഥലത്തു നിന്നു വേണം നിരീക്ഷിക്കാന്‍. ചിത്തിരനക്ഷത്രത്തിനടുത്തായിട്ടാണ് ഈ സമയത്ത് ഐസോണുണ്ടാവുക. 
(2013 നവംബര്‍ 17 ന് ഐസോണിന്റെ സ്ഥാനം)
 ടെലിസ്കോപ്പോ ബൈനോക്കുലറോ ഉണ്ടാകുന്നതാണ് നല്ലത്. നല്ല വാലൊക്കെ ഉണ്ടായിട്ടുണ്ടാവുമെങ്കിലും നേരിട്ടു കാണാന്‍ കഴിയണമെന്നില്ല. സ്കൂളുകളിലും മറ്റും നിരീക്ഷണക്യാമ്പുകളും മറ്റും സംഘടിപ്പിക്കാന്‍ പറ്റിയ അവസരം കൂടിയാണ് നവംബര്‍ പകുതി. അങ്ങനെയെങ്കില്‍ സ്കൂളുകളിലെ ടെലിസ്കോപ്പുകളും മറ്റും ഇതിനായി ഉപയോഗിക്കാനും കഴിയും.
ഐസോണ്‍ സൂര്യന്റെ ഏറ്റവും അടുത്തെത്തുന്നത് നവംബര്‍ 28 ഓടുകൂടിയാണ്. പക്ഷേ അന്ന് നമുക്കു നേരിട്ടുകാണാന്‍ കഴിയില്ല. പക്ഷേ സൂര്യനെക്കുറിച്ചു പഠിക്കാന്‍ വിക്ഷേപിച്ചിട്ടുള്ള ഒരു ഉപഗ്രഹമുണ്ട്. പേര് സോഹോ(SOHO). മിനിറ്റുകള്‍ തോറും സൂര്യന്റെ ചിത്രങ്ങളെടുക്കുകയാണ് ഈ ഉപഗ്രഹത്തിന്റെ ദൗത്യം. എടുക്കുന്ന ചിത്രങ്ങള്‍ അപ്പപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്. ഈ ചിത്രങ്ങളില്‍ വളരെ വ്യക്തമായി ഐസോണിനെക്കാണാനാകും. സ്കൂളിലെ വീട്ടിലോ ഇന്റര്‍നെറ്റ് ലഭ്യമാണെങ്കില്‍ ഇതുവഴി ഈ ചിത്രങ്ങള്‍ കാണാന്‍ മറക്കരുത്.
(SOHO യുടെ LASCO 2,3 ടെലിസ്കോപ്പ് ചിത്രങ്ങളില്‍ ഐസോണിന്റെ പാത)

ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. സൂര്യന്റെ ഉപരിതലത്തിന് ഏതാണ്ടു പത്തുലക്ഷം കിലോമീറ്റര്‍ മാത്രം അകലെക്കൂടിയാണ് അന്ന് ഐസോണ്‍ കടന്നുപോകുന്നത്. സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിലും താപത്തിലും പെട്ട് അന്നോ ചിലപ്പോള്‍ അതിനു മുന്നെയോ ഐസോണ്‍ പല പല കഷണങ്ങളായി ചിന്നിച്ചിതറിപ്പോയേക്കാം. സൂര്യനിലേക്കു പതിച്ചേക്കാനും മതി. ഈ സാധ്യതയെ അതിജീവിച്ച് ഐസോണ്‍ പുറത്തെത്തിയാല്‍ മനോഹരമായ ആകാശക്കാഴ്ചയൊരുങ്ങുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. എങ്കില്‍ ഡിസംബര്‍ മാസം മുഴുവന്‍ ഒരു ടെലസ്കോപ്പിന്റെയും സഹായമില്ലാതെ വാല്‍നക്ഷത്രം കാഴ്ചയൊരുക്കും. ഡിസംബര്‍ ആദ്യം കിഴക്കുദിക്കിലായി രാവിലെയും ഡിസംബര്‍ അവസാനത്തോടെ ഏതാണ്ട് രാത്രി മുഴുവനും ഐസോണിനെക്കാണാമത്രേ! ജനുവരി ആദ്യവും ഐസോണ്‍ നഗ്നനേത്രങ്ങള്‍ക്ക് കാഴ്ചയൊരുക്കിയേക്കാം. എതായാലും ജനുവരി പകുതിയോടെ നഗ്നേനേത്രങ്ങള്‍ക്ക് ഐസോണ്‍ അപ്രത്യക്ഷമാകും!  ഇതു കഴിഞ്ഞാലോ? മറ്റേതെങ്കിലും ആകാശഗോളങ്ങളുടെ ആകര്‍ഷണപരിധിയില്‍പ്പെടാത്തിടത്തോളം എന്നെന്നേക്കുമായി സൂര്യനെയും നമ്മളെയും പിന്നെ സൗരയൂഥത്തെത്തന്നെയും വിട്ട് അനന്തവിഹായസ്സിലേക്ക് ഐസോണ്‍ യാത്രതുടരും.

No comments: