ചരിത്രത്തിലേക്ക് ഇന്ത്യയുടെ ബഹിരാകാശയാത്ര...
ഭൂമിയുടെ പരിക്രമണപഥം വിട്ട് മംഗള്‍യാന്‍ എന്നു വിളിപ്പേരുള്ള മോം സൂര്യനു ചുറ്റുമുള്ള പരിക്രമണപഥത്തിലേക്ക്....
ഡിസംബര്‍ 1 ന് 00:49 നാണ് ഈ പഥമാറ്റത്തിന് തുടക്കമായത്. പേടകത്തിലെ 440N ശേഷിയുള്ള (ഭൂമിയിലുള്ള ഒരാള്‍ക്ക് ഏതാണ്ട് 44 കിലോഗ്രാം ഉയര്‍ത്താനാവശ്യമായ ബലം) ദ്രാവകഎന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഈ പഥമാറ്റം നടത്തിയത്. 22 മിനിറ്റോളം ഈ ലഘുറോക്കറ്റ് പ്രവര്‍ത്തിപ്പിച്ചു. ഇതിലൂടെ പേടകത്തിന് ഒരു സെക്കന്റില്‍ ഏതാണ്ട് 648 മീറ്ററാണ് അധികവേഗതയായി ലഭിച്ചത്. സൂര്യനു ചുറ്റുമുള്ള പരിക്രമണപഥത്തിലാണ് ഇപ്പോള്‍ പേടകം.
ചുരുങ്ങിയത് 248 കിലോമീറ്ററും കൂടിയത് 193000 കിലോമീറ്ററും ഉള്ള ഒരു പരിക്രമണപഥത്തില്‍ ഭൂമിക്കു ചുറ്റും സഞ്ചരിക്കുകയായിരുന്നു മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന പേടകം ഇതുവരെ. ഈ സമയത്ത് പേടകത്തിലെ എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. ഏതാണ്ട് പത്തുമാസം നീളുന്ന ഒരു യാത്രയ്ക്കാണ് MOM തുടക്കമിട്ടിരിക്കുന്നത്. ഭൂമിയുടെ ഗുരുത്വാകര്‍ഷണവലയം ഭേദിച്ച് ഇതാദ്യമായാണ് ഒരു ഇന്ത്യാനിര്‍മ്മിതപേടകം സഞ്ചരിക്കുന്നത്. ഓരോ ദിവസം കൂടുംതോറും പേടകവുമായുള്ള ആശയവിനിമയം കൂടുതല്‍ ബുദ്ധിമുട്ടേറിയതായിത്തുടങ്ങും. ഭൂമിയില്‍ നിന്നും ഓരോ മൂന്നുലക്ഷം കിലോമീറ്റര്‍ അകലുംതോറും ഏകദേശം രണ്ടു സെക്കന്റ് വീതം ആശയവിനിമയത്തിന് ഇടവേള വന്നുകൊണ്ടിരിക്കും. ചൊവ്വയിലെത്തുമ്പോള്‍ ഇത് 40 മിനിറ്റ് വരെയാകാം. ബംഗലൂരുവിലുള്ള സ്പേസ്ക്രാഫ്റ്റ് കണ്ട്രോള്‍ സെന്ററാണ് പേടകത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇനി നമുക്കു കാത്തിരിക്കാം, 2014 സെപ്തംബര്‍ 24 വരെ. കാരണം അന്നാണ് സുപ്രധാനാമായ മറ്റൊരു പഥമാറ്റത്തിന് MOM ന് വിധേയമാകേണ്ടിവരിക. സൂര്യനുചുറ്റും ഏതാണ്ട് പകുതിയോളം സഞ്ചരിച്ച് ചൊവ്വയോട് അടുത്തെത്തുന്ന ദിവസം. അന്ന് സൂര്യപരിക്രമണപഥം വിട്ട് ചൊവ്വയ്ക്കു ചുറ്റുമുള്ള പരിക്രമണപഥത്തിലേക്ക് ചൊവ്വദൗത്യം മാറ്റപ്പെടും.

Comments
Post a Comment