ഈ ചിത്രം ഉണ്ടാക്കിയെടുത്ത കഥയാണ് ഇനി പറയാന്‍ പോകുന്നത്.
ബഹിരാകാശത്തുകൊണ്ടുപോയി ഹബിള്‍ ദൂരദര്‍ശിനി സ്ഥാപിച്ചിരിക്കുന്നത് നമ്മുടെ സാധാരണ ക്യാമറയിലെ പോലെ കുറെ ചിത്രങ്ങള്‍ എടുക്കുക എന്ന ഉദ്ദേശ്യത്തോടെ അല്ല. ശാസ്ത്രലോകത്തിന് ആവശ്യമായ രീതിയില്‍ ഉള്ള നിരീക്ഷണം നടക്കുന്നതിനാണ്. മനുഷ്യര്‍ക്ക് കാണാന്‍ കഴിയുന്നതിനെക്കാള്‍ അധികം നിറങ്ങള്‍ ഹബിള്‍പോലെയുള്ള ദൂരദര്‍ശനികള്‍ക്കു കാണാന്‍ കഴിയും. നമുക്ക് വൈലറ്റ് മുതല്‍ ചുവപ്പുവരെയുള്ള നിറങ്ങളല്ലേ കാണാന്‍ കഴിയൂ. പക്ഷേ യഥാര്‍ത്ഥത്തില്‍ ഈ നിറങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്ന ഒന്നല്ല. ചുവപ്പിലും തരംഗദൈര്‍ഘ്യംകൂടിയ തരംഗങ്ങളുള്ള ഇന്‍ഫ്രാറെഡ് മേഖല നാം കാണുന്ന ദൃശ്യപ്രകാശമേഖലയെക്കാള്‍ എത്രയോ മടങ്ങ് വ്യാപ്തിയുള്ളതാണെന്നോ. പക്ഷേ ഇന്‍ഫ്രാറെഡ് പ്രകാശം നമ്മുടെ കണ്ണുകള്‍ക്കു കാണാന്‍ കഴിയില്ല. അതേപോലെ വൈലറ്റിനെക്കാള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ അള്‍ട്രാവൈലറ്റ് പ്രകാശവും നമ്മുടെ കണ്ണുകള്‍ക്കു കാണാന്‍ കഴിയില്ല. എന്നാല്‍ ക്യാമറകള്‍ക്ക് ഈ പ്രകാശം കാണാനും അവയെ റെക്കോഡ് ചെയ്യാനും കഴിയും. നക്ഷത്രങ്ങളില്‍നിന്നും നെബുലകളില്‍നിന്നും ഗാലക്സികളില്‍നിന്നും ഒക്കെ വരുന്ന പ്രകാശത്തില്‍ ബഹുഭൂരിപക്ഷവും ഇന്‍ഫ്രാറെഡിലും അള്‍ട്രാവൈലറ്റിലും ഒക്കെയുള്ള പ്രകാശമാണ്. ഇന്‍ഫ്രാറെഡില്‍ ഉള്ള നെബുലയുടെ ചിത്രവും അള്‍ട്രാവൈലറ്റില്‍ ഉള്ള ഗാലക്സിയുടെ ചിത്രവും ഒക്കെ ഹബിളിലെ ക്യാമറ പകര്‍ത്തും. അവയെല്ലാം ഗ്രേസ്കെയില്‍ ( വിവിധതരം കറുപ്പും വെളുപ്പും ) ചിത്രങ്ങളായിട്ടാണ് സൂക്ഷിക്കപ്പെടുക. പിന്നീട് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുന്ന സമയത്ത് പ്രത്യേകം നിറങ്ങള്‍ കൃത്രിമമായി നല്‍കി ഇവയെ വര്‍ണ്ണചിത്രങ്ങളാക്കി മാറ്റും എന്നു മാത്രം.
വെറുതേ കുറെ നിറം വാരിവലിച്ച് നല്‍കലല്ല യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ഒരു നെബുലയെക്കുറിച്ച് പഠിക്കണം എന്നിരിക്കട്ടെ. ഹബിള്‍ ടെലിസ്കോപ്പ് ആ നെബുലയിലേക്കു തിരിച്ചു വയ്ക്കുന്നു. അള്‍ട്രാവൈലറ്റിലും ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡിലും ഒക്കെയുള്ള നെബുലയുടെ ചിത്രങ്ങള്‍ ഹബിള്‍ പകര്‍ത്തും. ഇവ ഗ്രേസ്കെയില്‍ ചിത്രങ്ങളായി ഭൂമിയിലെത്തും. ഈ ചിത്രങ്ങളെ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും പഠനവിധേയമാക്കാം. അള്‍ട്രാവൈലറ്റ് മുതല്‍ ഇന്‍ഫ്രാറെഡ് വരെയുള്ള വിവരത്തെ ഒരുമിച്ച് ഒറ്റ ചിത്രത്തില്‍ ഒതുക്കണം എന്നിരിക്കട്ടെ. അതിനായി ആദ്യം അള്‍ട്രാവൈലറ്റില്‍ ഉള്ള ഗ്രേസ്കെയില്‍ ചിത്രത്തിന് ഒരു നിറം നല്‍കും. മിക്കവാറും നീല നിറമാവും നല്‍കുക. ദൃശ്യപ്രകാശത്തില്‍ എടുത്ത ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിന് പച്ച നിറവും ഇന്‍ഫ്രാറെഡില്‍ എടുത്തതിന് ചുവന്ന നിറവും നല്‍കും. അതിനുശേഷം ഇവയെ ഒന്നിനുമീതെ ഒന്നായി അടുക്കിവയ്ക്കും. അതോടെ നല്ല ഭംഗിയേറിയ നിറങ്ങളുള്ള ചിത്രം റെഡി.
ഹബിള്‍ ടെലിസ്കോപ്പ് എടുത്ത എല്ലാ ചിത്രങ്ങളും പൊതു ആവശ്യങ്ങള്‍ക്കായി ആര്‍ക്കും ലഭ്യമാണ്. വിവിധ ആര്‍ക്കൈവുകളിലായി ലക്ഷക്കണക്കിനു ഫോട്ടോകളാണ് ഇങ്ങനെ സൂക്ഷിച്ചിരിക്കുന്നത്. ആര്‍ക്കും ഈ ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഹബിളിലെ വിവിധ ക്യാമറകളില്‍, വിവിധ പ്രകാശത്തില്‍ ഒക്കെ എടുത്ത ചിത്രങ്ങളാണിവ. ഏത് ക്യാമറ ഉപയോഗിച്ച്, ഏത് പ്രകാശത്തില്‍ എടുത്ത ചിത്രമാണെന്ന് അതില്‍ രേഖപ്പെടുത്തിയിരിക്കും. ഈ ഗ്രേസ്കെയില്‍ ചിത്രങ്ങളെ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ആര്‍ക്കും ഇതിനെ പഠനവിധേയമാക്കാം. നിറങ്ങള്‍ ചേര്‍ത്ത് പുതിയ ചിത്രങ്ങള്‍ നിര്‍മ്മിക്കാം. അവയില്‍നിന്നും കിട്ടുന്ന വിവരത്തെ അപഗ്രഥിച്ച് പ്രബന്ധങ്ങളെഴുതാം.
അമച്വര്‍ ആസ്ട്രണോമിയില്‍ താത്പര്യമുള്ള ഒരു വലിയ വിഭാഗം ആളുകള്‍ ഈ ചിത്രങ്ങളെ നിരന്തരം പഠനവിധേയമാക്കുന്നുണ്ട്. സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവയ്ക്ക് അവരുടെ പ്രൊജക്റ്റുകളെയും മറ്റും ഭാഗമാക്കി ഇത്തരം ഗവേഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതേ ഉള്ളൂ. സാധാരണ നമുക്കറിയാവുന്ന jpg, gif പോലെയുള്ള ചിത്രങ്ങളായല്ല അവ സൂക്ഷിച്ചിരിക്കുന്നത്. നിരവധി വിവരങ്ങള്‍ ഉള്‍ച്ചേര്‍ക്കാവുന്ന fits എന്നറിയപ്പെടുന്ന ഒരു ഫോര്‍മാറ്റിലാണ് ഈ ചിത്രങ്ങള്‍. FITS Liberator എന്നറിയപ്പെടുന്ന ഒരു ഫ്രീ സോഫ്റ്റുവെയര്‍ ഉപയോഗിച്ച് ഇവയെ tiff ഫോര്‍മാറ്റിലേക്ക് മാറ്റാം. ജിംപ്, ഫോട്ടോഷോപ്പ് തുടങ്ങിയ ഇമേജ് എഡിറ്റിങ് സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ച് tiff ഫോര്‍മാറ്റില്‍ ഉള്ള ചിത്രങ്ങളെ കൂട്ടിയോജിപ്പിക്കുകയോ നിറം കൊടുക്കുകയോ ഒക്കെ ചെയ്യാം. അതിനുവേണ്ട നിര്‍ദ്ദേശങ്ങളൊക്കെ ഹബിളിന്റെ സൈറ്റില്‍ ലഭ്യമാണ്. അപ്പോ എങ്ങനെയാ, ഒന്നു പരീക്ഷിക്കുകയല്ലേ?
നവനീത്....
ചിത്രങ്ങള്‍: ഹബിളിന്റെ ആര്‍ക്കൈവില്‍നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത മൂന്ന് ഗ്രേസ്കെയില്‍ ചിത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് വര്‍ണ്ണചിത്രമാക്കിയതിന്റെ വിവിധ ഘട്ടങ്ങളാണ് ചിത്രങ്ങളിലുള്ളത്. ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എന്റെ ലാപ്‍ടോപ്പില്‍ പൂര്‍ണ്ണമായും സ്വന്തന്ത്രസോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചാണ് ഈ അറ്റകൈപ്രയോഗം ഞാന്‍ നടത്തിയത്.
![]() | |
| FITS Liberator എന്ന സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് fits ചിത്രത്തെ പ്രൊസസ് ചെയ്ത് tiff ആക്കി മാറ്റുന്നു. |
![]() |
| FITS Liberator ഉപയോഗിച്ച് പ്രൊസസ് ചെയ്തെടുത്ത മൂന്ന് തരംഗദൈര്‍ഘ്യത്തിലുമുള്ള ചിത്രങ്ങളെ ജിംപില്‍ തുറന്നുവച്ചിരിക്കുന്നു. |
![]() |
| തരംഗദൈര്‍ഘ്യത്തിന് അനുയോജ്യമായ നിറങ്ങള്‍ ഓരോ ചിത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്നു. |
![]() |
| താത്ക്കാലികനിറം കൊടുക്കുന്നു. |
502, 656, 673നാനോ മീറ്റര്‍ തരംഗദൈര്‍ഘ്യത്തില്‍ എടുത്ത ഈഗിള്‍ എന്ന നെബുലയുടെ മൂന്ന് ചിത്രങ്ങളെയാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. അള്‍ട്രാവൈലറ്റ്, ഇന്‍ഫ്രാറെഡ് മേഖലയില്‍ ഉള്ള ചിത്രങ്ങളെ തത്ക്കാലം പരിഗണിച്ചിട്ടില്ല. അതിനാല്‍ ശക്തിയേറിയ ഒരു ടെലിസ്കോപ്പിലൂടെ നോക്കിയാല്‍ നെബുല കാണപ്പെടുന്നതിനോട് ഏതാണ്ട് തുല്യമായ നിറത്തിലാണ് അവസാനചിത്രം ഉള്ളത്. 502നാനോമീറ്ററിലുള്ള ചിത്രത്തിന് നീല നിറവും 656നാനോമീറ്ററിലുള്ളതിന് പച്ച നിറവും 673നാനോമീറ്ററില്‍ ഉള്ളതിന് ചുവന്ന നിറവുമാണ് നല്‍കിയത്. ജിംപ് സോഫ്റ്റുവെയറിന്റെ സഹായത്തോടെയാണ് ചിത്രങ്ങള്‍ക്ക് നിറം കൊടുത്തതും അവയെ സംയോജിപ്പിച്ചതും.








Comments
Post a Comment