2019ലെ ഏറ്റവും വിലപിടിപ്പുള്ള പുതുവത്സരസമ്മാനമായി മാറാന്‍ പോകുന്നത് അള്‍ട്ടിമ തൂലിയുടെ കുറെ ചിത്രങ്ങളാണ്. അമൂല്യമായ കുറെ ചിത്രങ്ങളും വിവരങ്ങളും. ലോകം മുഴുവനുള്ള ശാസ്ത്രജ്ഞരും വിജ്ഞാനകുതുകികളും ആ സമ്മാനത്തെ രണ്ടുകൈയും നീട്ടി സ്വീകരിക്കാനിരിക്കുകയാണ്.
ങേ? അതെന്താണീ അള്‍ട്ടിമ തൂലി എന്നല്ലേ. പറയാം.
അതിനു മുന്‍പ് നമുക്ക് ഏതാനും വര്‍ഷങ്ങള്‍ പിന്നോട്ടുപോകാം. 2015 ജൂലൈ 15ലേക്ക്. അന്ന് മാധ്യമങ്ങളില്‍ മുഴുവന്‍ ഒരു വലിയ വാര്‍ത്തയുണ്ടായിരുന്നു. കൂട്ടത്തില്‍ പ്ലൂട്ടോയുടെ കുറെ ചിത്രങ്ങളും. പ്ലൂട്ടോയെക്കുറിച്ച് പഠിക്കാന്‍ അയച്ച ന്യൂ ഹൊറൈസന്‍സ് എന്ന പേടകം പ്ലൂട്ടോയുടെ തൊട്ടടുത്തുകൂടി കടന്നുപോയ ദിവസമായിരുന്നു ജൂലൈ 15. പ്ലൂട്ടോയുടെ തൊട്ടടുത്ത് എന്നുവച്ചാല്‍ ഏതാണ്ട് 12500കിലോമീറ്ററോളം അടുത്ത്. തന്റെ ക്യാമറയും മറ്റുപകരണങ്ങളും പ്ലൂട്ടോയിലേക്ക് തിരിച്ചുവച്ച് അതിവേഗത്തില്‍ കടന്നുപോവുകയായിരുന്നു ന്യൂ ഹൊറൈസന്‍സ് പേടകം അന്ന്. പ്ലൂട്ടോയുടെ ഏറ്റവും വ്യക്തതയേറിയ ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുള്ളത് ന്യൂ ഹൊറൈസന്‍സ് ആയിരുന്നു.
പ്ലൂട്ടോയ്ക്കു ശേഷം ന്യൂ ഹൊറൈസന്‍സിന് പുതിയ ലക്ഷ്യം നല്‍കണം എന്ന് ശാസ്ത്രജ്ഞര്‍ മുന്നേ തന്നെ തീരുമാനിച്ചിരുന്നു. ന്യൂ ഹൊറൈസന്‍സിന് എത്തിപ്പെടാന്‍ കഴിയുന്ന ഒരു വലിയ വസ്തു. അങ്ങനെയൊന്നിനെ കണ്ടെത്താനായി ശാസ്ത്രജ്ഞര്‍ ഹബിള്‍ സ്പേസ് ടെലിസ്കോപ്പിന്റെ സഹായം തേടി. ഹബിളിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിനൊടുവില്‍ 2014 ജൂണ്‍ 26നാണ് പറ്റിയ ഒരു വസ്തുവിനെ കണ്ടെത്തുന്നത്. 2014 MU69 എന്ന് ഔദ്യോഗികമായി പേരു വീണെങ്കിലും പിന്നീട് പൊതുജനാഭിപ്രായം സ്വീകരിച്ച് അള്‍ട്ടിമ തൂലി എന്ന വിളിപ്പേരും നല്‍കി. ഏതാണ്ട് 30കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള, പ്രത്യേകിച്ച് ആകൃതിയൊന്നും ഇല്ലാത്ത ഒരു വലിയ പാറക്കല്ലാണ് അള്‍ട്ടിമ തൂലി. 2017ല്‍ അള്‍ട്ടിമ തൂലി ഒരു നക്ഷത്രത്തിനു മുന്നിലൂടെ കടന്നുപോയിരുന്നു. നക്ഷത്രത്തില്‍നിന്നുള്ള പ്രകാശത്തെ ആ സമയത്ത് ഈ കുഞ്ഞുഗ്രഹം മറയ്ക്കുകയുണ്ടായി. അതു നിരീക്ഷിച്ച ശാസ്ത്രജ്ഞര്‍ രണ്ടു പാറക്കഷണങ്ങള്‍ ചേര്‍ന്ന ഒരു രൂപമാണ് അള്‍ട്ടിമ തൂലിക്ക് ഉള്ളതെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.
ന്യൂ ഹൊറൈസന്‍സ് പേടകത്തിന്റെ പുതിയ ലക്ഷ്യമാണിപ്പോള്‍ അള്‍ട്ടിമ തൂലി. അതിന്റെ അടുത്തുകൂടി കടന്നുപോവുക. ഫോട്ടോകളും മറ്റും എടുക്കുക. ആ വസ്തുവിനെക്കുറിച്ചു പഠിക്കുക. ഇതാണ് പദ്ധതി. പ്ലൂട്ടോ സന്ദര്‍ശനത്തിനുശേഷം ന്യൂ ഹൊറൈസന്‍സിന്റെ പാതയില്‍ ഒരു ചെറിയ മാറ്റം വരുത്തിയാണ് അള്‍ട്ടിമ തൂലിയിലേക്ക് പേടകത്തെ തിരിച്ചുവിട്ടത്.

സൂര്യനില്‍നിന്നും 650കോടി കിലോമീറ്റര്‍ അകലെയാണ് അള്‍ട്ടിമ തൂലി. ന്യൂ ഹൊറൈസന്‍സ് ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അള്‍ട്ടിമ തൂലിക്ക് അരികിലെത്തും. 2019 ജനുവരി 1ന് ആകും ഏറ്റവും അടുത്തെത്തുക. അള്‍ട്ടിമ തൂലിയില്‍നിന്നും വെറും 3500കിലോമീറ്റര്‍ അകലെക്കൂടി ശരവേഗത്തില്‍ ന്യൂ ഹൊറൈസന്‍സ് കടന്നുപോകും. സെക്കന്‍ഡില്‍ 14.5കിലോമീറ്ററാണ് ന്യൂ ഹൊറൈസന്‍സിന്റെ വേഗത. അങ്ങനെ പോകുന്ന വഴിക്ക് കിട്ടുന്ന ഏതാനും സെക്കന്റുകളിലാവും ഈ കുഞ്ഞുഗ്രഹത്തെക്കുറിച്ചുള്ള പഠനം ന്യൂ ഹൊറൈസന്‍സ് നടത്തുക. കുറെ ഫോട്ടോകളും മറ്റും വിവരങ്ങളും ലഭിക്കും. ഉപഗ്രഹങ്ങളോ വലയങ്ങളോ ഈ വസ്തുവിന് ഉണ്ടോ എന്നും മറ്റും അറിയാന്‍ കഴിഞ്ഞേക്കും. സൗരയൂഥരൂപീകരണം നടക്കുന്ന സമയത്തുതന്നെ രൂപീകരിക്കപ്പെട്ട വസ്തുവാണ് ഇതെന്നാണ് കരുതുന്നത്. അങ്ങനെയങ്കില്‍ സൗരയൂഥ രൂപീകരണത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ അള്‍ട്ടിമ തൂലിക്ക് ആവും. ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവാത്ത ഒരു പുതുവത്സരസമ്മാനം തന്നെ ആയിരിക്കും അത്.
ന്യൂ ഹൊറൈസന്‍സ്
--------------------------

പ്ലൂട്ടോ ഒരിക്കല്‍ നമ്മെ സംബന്ധിച്ചിടത്തോളം ഒന്‍പതാമത്തെ ഗ്രഹമായിരുന്നു. ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് ഒക്കെ എടുത്ത അവ്യക്തമായ ഒരു ചിത്രം മാത്രമേ നമുക്ക് അക്കാലത്തെ പ്ലൂട്ടോയുടേതായി ഉണ്ടായിരുന്നുള്ളൂ. ( 2015 ജൂലൈ വരെ അതായിരുന്നു അവസ്ഥ. ) പ്ലൂട്ടോയെക്കുറിച്ച് പഠിക്കാന്‍ വേണ്ടി പ്രത്യേകം വിക്ഷേപിച്ച ഒരു ബഹിരാകാശദൗത്യമാണ് ന്യൂ ഹൊറൈസന്‍സ്. 2006 ജനുവരിയിലായിരുന്നു ന്യൂ ഹൊറൈസന്‍സിന്റെ വിക്ഷേപണം. ഏതാണ്ട് 500കിലോഗ്രാമാണ് പേടകത്തിന്റെ ആകെ ഭാരം. സൂര്യനില്‍നിന്നും ഏറെ അകലേക്കാണ് സഞ്ചരിക്കേണ്ടത് എന്നതിനാല്‍ സോളാര്‍സെല്ലുകള്‍ ഉപയോഗിച്ചുള്ള വൈദ്യുതനിര്‍മ്മാണം പേടകത്തിന് അനുയോജ്യമായിരുന്നില്ല. അതിനാല്‍ റേഡിയോ ഐസോടോപ്പുകളില്‍നിന്നും വികിരണങ്ങള്‍ പുറത്തുവരുമ്പോള്‍ ഉണ്ടാകുന്ന ചൂടിനെ പ്രയോജനപ്പെടുത്തി വൈദ്യുതിയുണ്ടാക്കുന്ന സംവിധാനമാണ് ന്യൂ ഹൊറൈസന്‍സില്‍ ഉള്ളത്. റേഡിയോ ഐസോടോപ്പ് തെര്‍മോ ഇലക്ട്രിക് ജനറേറ്റര്‍ എന്നാണ് ഈ സംവിധാനത്തിന്റെ പേര്. വോയേജര്‍ പേടകങ്ങളിലും ഇതേ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.
ക്യാമറ അടക്കം ഏഴ് ശാസ്ത്ര ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. ഇവ പ്രവര്‍ത്തിപ്പിക്കാനും ഭൂമിയിലേക്ക് സന്ദേശമയയ്ക്കാനും ഉള്ള ഊര്‍ജ്ജം റേഡിയോ ഐസോടോപ്പ് ജനറേറ്റര്‍ നല്‍കും. ന്യൂ ഹൊറൈസന്‍സ് പേടകത്തിന്റെ ക്യാമറ എടുക്കുന്ന ഫോട്ടോകളും മറ്റ് ഉപകരണങ്ങള്‍ തരുന്ന വിവരങ്ങളും സൂക്ഷിച്ചുവയ്ക്കാന്‍ 8ജിബി കപ്പാസിറ്റി ഉള്ള രണ്ടു സ്റ്റോറേജ് സംവിധാനവും പേടകത്തിലുണ്ട്. ഈ വിവരങ്ങള്‍ അനുയോജ്യമായ സാഹചര്യത്തില്‍ പേടകം ഭൂമിയിലേക്ക് അയച്ചുതരികയും ചെയ്യും. ഇപ്പോഴത്തെ ദൂരം വച്ച് ആറ് മണിക്കൂറില്‍ കൂടുതല്‍ സമയം വേണം ആ സന്ദേശം ഭൂമിയിലെത്താന്‍.